വിവിധ (Full Part)
വിവിധ (Full Part)


സ്വാതന്ത്ര്യം...
പൂർണ്ണചന്ദ്രൻ ആകാശത്ത് നീലവെളിച്ചം തൂകുംവിധം പ്രഭയാർജ്ജിച്ച് നിലകൊള്ളുകയാണ്, ഏവരുടെയും അതിഗാഡമായ ഉറക്കത്തെ പ്രതിധ്വനിപ്പിച്ചെന്നവിധം. എങ്ങും ശാന്തമായൊരു നിശബ്ദത അലിഞ്ഞുചേർന്നുകിടക്കുകയാണ്. നഗരത്തിന്റെ അല്പം ഉൾപ്രദേശത്തേക്ക് കിടക്കുന്ന ചെറിയൊരു റോഡിന്റെ ഇരുവശങ്ങളിലുമായി അടുക്കിലും ചിട്ടയിലും വീടുകൾ പല ഉയരത്തിലും ഭാവത്തിലും നിൽക്കുന്നതിൽ മുകളിലേക്ക് ഗോവണിപ്പടിയുള്ളൊരു കെട്ടിടത്തിന്റെ രണ്ടാംനിലയിലെ ഒരു മുറിയിൽ നായകൻ മലർന്ന് വളരെ സാവധാനമെന്ന് തോന്നിക്കുംവിധം ഉറങ്ങുകയാണ്. അവന്റെ മസ്‌തിഷ്കത്തിൽനിന്നും കുറച്ചു സന്ദേശങ്ങൾ പുറപ്പെട്ടുതുടങ്ങിയിരുന്നു.
നായകൻ ഒരു ഫ്ലാറ്റ്സമുച്ചയത്തിന്റെ സ്റ്റെപ്പുകൾ കയറിപ്പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇരുകൈകളും സ്വന്തം പാന്റ്സിന്റെ പോക്കറ്റുകളിൽ തിരുകിഭദ്രമാക്കിയുള്ള ആ യാത്ര ഒരു നിലയിലെത്തിയപ്പോഴേക്കും, അവിടെനിന്നും രണ്ടുമൂന്നുപേർ ഒരുങ്ങി സംഘംചേർന്നെന്നവിധം അവനെതിരെ, പരസ്പരം കുശലത്തിലകപ്പെട്ട് സ്റ്റെപ്പുകൾ നടന്നിറങ്ങിപ്പോയി. അവരെ ഒരു പ്രത്യേകവിധം പരിഗണിച്ച് നോക്കിയശേഷം അവൻ അവർ വന്നവഴി, ഇടതുഭാഗത്തേക്ക് നടന്നു. ആ നടത്തം അവസാനിച്ചത്, ആ ഫ്ലോർ അവസാനിക്കുന്നിടത്ത് അധികമാരും ശ്രദ്ധിച്ചുപോകാത്തവിധമുള്ളൊരു റൂമിനു മുന്നിലാണ്.
അവൻ ഒരുനിമിഷം തന്റെ മുന്നിൽ അടഞ്ഞുകിടക്കുന്ന ആ ഡോറിലേക്ക് നോക്കി പഴയപടി നിന്നശേഷം കോളിങ്ബെല്ലിന് ശ്രമിക്കാതെ ഡോറിൽ രണ്ടുതവണ തന്റെ വലതുകൈയുടെ ഇരുവിരലുകളും മടക്കി മുട്ടി.
അടിമത്തം...
സൂര്യൻ തന്റെ ഒരുദിവസത്തെ അധ്വാനത്തിൽ ക്ഷീണിതനായെന്നപോലെ തീർത്തും മങ്ങിക്കൊണ്ടിരിക്കുകയാണ്, ഏവരുടെയും വിശ്രമത്തിന് വഴിതെളിക്കുംവിധം. റോഡരികിൽ, എന്നാൽ അർത്ഥം തോന്നിക്കുന്നൊരിടത്ത് നിലയുറപ്പിച്ചിരുന്ന നായകന്റെ അടുത്തേക്ക്, പലരും നോക്കിയും നോക്കാതെയും -ഒരുമിച്ചും ഒറ്റയ്ക്കായും വന്നുപോയതുപോലെ ഒരു സമപ്രായക്കാരൻ തോളിലൊരു ബാഗുമായി എത്തി -ബാഗിന്റെ ഭാരം മറ്റൊരാൾക്കും തോന്നിപ്പിക്കാത്തവിധം.
“ദേ.. നമ്പർ വേഗം നോട്ട് ചെയ്തോ...”
സമപ്രായക്കാരൻ തന്റെ മൊബൈലിൽ വേഗത്തിൽ തിരഞ്ഞുകൊണ്ട് പറഞ്ഞു.
നായകൻ തന്റെ തോളിലേന്തിയിരിക്കുന്ന ബാഗിനെ അറിഞ്ഞു മൊബൈൽ പോക്കറ്റിൽനിന്നുമെടുത്ത് തയ്യാറായി. പഴയപടി നിൽക്കെത്തന്നെ സമപ്രായക്കാരൻ പറഞ്ഞ അക്കങ്ങൾ നായകൻ ഒത്തവിധം തന്റെ മൊബൈലിൽ രേഖപ്പെടുത്തിയിട്ടു.
അടുത്തനിമിഷം മുഖം മാത്രം ഒന്നുയർത്തി സമപ്രായക്കാരൻ പറഞ്ഞു;
“ഇത് ദേ, അവരുടെ ഒഫീഷ്യൽ നമ്പറാ. ഇതുവച്ച് വല്ല പിപ്പിരിയും കാണിച്ചാൽ ഇവിടുന്ന് എന്റെ ജോലി തെറിക്കും, ബാക്കി പിറകെയും.”
നമ്പർ സേവ് ചെയ്തുകഴിഞ്ഞിരുന്ന നായകൻ വാചകങ്ങൾ ഉൾക്കൊണ്ടെന്നവിധം മെല്ലെ തലയാട്ടി. മൊബൈൽ പോക്കറ്റിൽ ഭദ്രമാക്കിയശേഷം സമപ്രായക്കാരൻ പറഞ്ഞു;
“എനിക്കൊരു നല്ല ജോലി ഇവിടെയുണ്ട്. നീയായിട്ട് പുതിയ ജോലിയൊന്നും തരരുത്.. പ്ലീസ്,”
ചെറുതായൊന്നു കൈകൾ കൂപ്പിയാണ് സമപ്രായക്കാരൻ തന്റെ വാചകം അവസാനിപ്പിച്ചത്. മൊബൈൽ അപ്പോഴേക്കും ഭദ്രമാക്കിയിരുന്ന നായകൻ മറുപടിയായി പറഞ്ഞു;
“ഒരു ഫ്രണ്ടായതുവെച്ചല്ലേ നീയെനിക്കിത് ചെയ്തുതന്നത്.
നീ പേടിക്കേണ്ട, നിനക്ക് കുഴപ്പമൊന്നും വരില്ല.”
സമപ്രായക്കാരന്റെ തോളിൽ മെല്ലെയൊന്ന് തട്ടി നായകൻ ഇങ്ങനെ അവസാനിപ്പിച്ചപ്പോഴേക്കും, ഒന്നൂർജ്ജിതനായി സമപ്രായക്കാരൻ ഇരുകൈകളും അരക്കുകൊടുത്ത് ചോദിച്ചു;
“നീ.. ബൈക്കിനാണോ വന്നത്, എങ്ങനെ തിരിച്ചുപോകും?”
അല്പം മാറി ഒരിടത്തേക്ക് നോക്കിയശേഷം നായകൻ പറഞ്ഞു;
“ബൈക്ക് അവിടെ ഒരിടത്ത് വെച്ചേക്കുവാ.
ഇങ്ങോട്ട് എടുക്കേണ്ടെന്ന് വെച്ചു.”
ഒന്ന് വന്നവഴിയിലേക്ക് തിരിഞ്ഞുനോക്കിയശേഷം സമപ്രായക്കാരൻ അല്പം ധൃതിയിൽ പറഞ്ഞു;
“എന്നാ നീ വിട്ടോ...
ഓഫീസിൽ ഇനിയും ആൾക്കാരൊക്കെയുണ്ട്.
വണ്ടിയുമായിട്ട് നിന്നെ കണ്ടാൽ, അവർക്ക് വല്ല സംശയവും തോന്നും.
അതാ ഞാൻ നടന്നിറങ്ങിവന്നത്.”
നായകന്റെ ‘താങ്ക്സ്’ മനഃപൂർവം ധൃതിയിൽ അവഗണിച്ച് സമപ്രായക്കാരൻ, വന്നവഴി ധൃതിയിൽ തിരികെ പോയി. വിജനത തോന്നിക്കുന്ന അവിടെനിന്നും നായകൻ പിൻവാങ്ങി.
സ്വാതന്ത്ര്യം...
രാത്രിയിലെ വിശപ്പിനെ മറന്ന് തന്റെ മുറിയിൽ ചെറിയൊരു ചെയറിൽ, ടേബിളിൽ ഇരുകൈത്തണ്ടകളുമൂന്നി -കൈപ്പത്തികളിൽ ഭദ്രമാക്കിയ മൊബൈലിൽ താനയച്ച മെസ്സേജുകൾ മാറിമാറി നോക്കുകയായിരുന്നു നായകൻ. ബുക്ക് പബ്ലിഷ് ചെയ്യുന്നിടത്തുനിന്നും ഫ്രണ്ട്‌വഴി നമ്പർ, പ്രണയത്തേക്കുറിച്ചുള്ള പുസ്തകം വായിച്ചതോടെ സംസാരിക്കാനിഷ്ടമായി, പലയിടങ്ങളിൽവെച്ചും കണ്ടിട്ടുണ്ടെങ്കിലും സംസാരിക്കാൻ പറ്റിയ അന്തരീക്ഷമായിരുന്നില്ല,... ഇങ്ങനെ താനയച്ച ഓരോ മെസ്സേജുകളും സ്ക്രോൾ ചെയ്യുന്നതോടൊപ്പം പക്ഷെ നായകന്റെ മനസ്സിലൂടെ ഇതിനൊത്ത ആശയങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. ഒരുവേള സ്ക്രോൾ ചെയ്യുന്നത് അവസാനിപ്പിച്ചപ്പോഴേക്കും മധുരമായൊരു ശബ്ദത്തിൽ ചില വാചകങ്ങൾ നായകന്റെ ചെവിയിലൂടെയെന്നവിധം മനസ്സിലേക്കെത്തി;
‘പുസ്തകം വായിക്കുന്ന ജെനുവിനായിട്ടുള്ള ഒരാളായി തോന്നിയാണ്
ഞാൻ മെസ്സേജുകൾക്ക് റിപ്ലെ തന്നത്.
തന്റെ ജെനുവിനിറ്റിയിൽ എനിക്ക് സംശയമുണ്ട്.
വെറുതെ എന്തിനാ എന്നെ കോൾ ചെയ്തു അതും ഇതുമൊക്കെ ഇങ്ങനെ
സംസാരിക്കുന്നത്...
എനിക്കിവിടെ ഹസ്ബന്റും ചെറിയ മോനുമുണ്ട്.
തന്റെ പോക്ക് എങ്ങോട്ടേക്കാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്.
എനിക്ക് സമയവുമില്ല, താല്പര്യവുമില്ല.
ഇനി എന്നെ കോൺടാക്ട് ചെയ്തു വെറുതെ കാര്യങ്ങൾ
പ്രശ്നമാക്കരുത്, ഇതൊരു വാണിങ് ആയി എടുത്തോ.’
പൊടുന്നനെതന്നെ വിശപ്പിന്റെ വിളി നായകനെ തേടിയെത്തി. വളരെ നേർത്തൊരു നിശ്വാസത്തോടെ മൊബൈൽ ടേബിളിൽവെച്ചശേഷം നായകൻ എഴുന്നേറ്റ് കെട്ടിടത്തിലെ പൊതുവായ, ഭക്ഷണം കഴിക്കുന്ന ഏരിയയിലേക്ക് മെല്ലെ തിരിച്ചു, ഒരുപക്ഷെ അവിടവും വിജനമായേക്കാമെന്ന് ചിന്തിക്കാതെ -പ്രഭയോടെ നിന്നിരുന്ന മുറിയിലെ ലൈറ്റിനെ സാക്ഷിനിർത്തി.
അടിമത്തം...
രണ്ടുനിമിഷം അവൻ കാത്തുനിന്നില്ല അതിനകം ഡോർ നായിക തുറന്നു, അവനെ സ്വാഗതം ചെയ്‌തെന്നവിധം. അവൻ അകത്തേക്കുകയറിയില്ല, തന്റെ തോളിൽ ഭാഗികമായും അലസമായും ഇട്ടിരിക്കുന്ന സ്കൂൾ ബാഗിനെ അറിഞ്ഞു നായിക തന്റെ ചൂണ്ടുവിരൽ ചുണ്ടിൽ വെച്ച് ‘ശബ്ദിക്കരുത്’ എന്നാവശ്യപ്പെടുംവിധം വളരെ നേർത്തൊരു ശബ്ദം പുറപ്പെടുവിച്ചു. അവൻ നായികയെ നോക്കിയതും, നായിക ആ ഡോറിനും ഭിത്തിക്കും ഇടയിലേക്ക് അവനെ പിടിച്ചുനിർത്തി, ഡോർ പരമാവധി തുറന്നുപിടിച്ചെന്നവിധം-ഡോറിനു മുന്നിൽ നിലകൊണ്ടു. അപ്പോഴേക്കും ഹസ്ബന്റ് ഓഫീസിലേക്കെന്നവിധം ഒരുങ്ങി തുറന്നുവെച്ച ഡോറിനെ മറികടന്ന് പുറത്തേക്ക് പോയി. നായിക ഉടനെ അവിടെ നിൽക്കത്തന്നെ തന്റെ വലതുഭാഗത്തേക്ക് നോക്കി -നിമിഷങ്ങൾക്കുള്ളിൽ സ്കൂൾ യൂണിഫോമിൽ ചെറിയ മോൻ എത്തി. മോന് പുഞ്ചിരിയോടെ കവിളിൽ ചെറിയൊരു മുത്തം സമ്മാനിച്ചശേഷം തന്റെ തോളിലെ ബാഗ്, മോന്റെ തോളിൽ പൂർണ്ണമായും ഭദ്രതയോടെ ഇട്ടുകൊടുത്തശേഷം നായിക, മോനെ പുറത്തേക്ക് നയിച്ചു. മോൻ താത്കാലികമായതും പതിവുള്ളതുമായൊരു ‘ബൈ’ പറഞ്ഞശേഷം അല്പം വേഗത്തിൽ അകന്നുപോയി. കുറച്ചു നിമിഷങ്ങൾ ആ കാഴ്ച അർത്ഥമില്ലാത്തവിധം നോക്കിനിന്നശേഷം നായിക അകത്തേക്കുകയറി ഡോർ അടച്ച് ഭദ്രമാക്കിയപ്പോഴേക്കും അവൻ, നായികയെ തിരിച്ചുനിർത്തി ഡോറിൽ ചേർത്തശേഷം പരമാവധി തന്റെ ശരീരവും ചേർത്തുവെച്ചു നായികയിലേക്ക്. മറ്റെല്ലാം മറന്നെന്നവിധം, ഇരുവരുടെയും കണ്ണുകൾ ഭ്രാന്തമായെന്നവിധം ഉടക്കി നിന്നു. അടുത്തനിമിഷങ്ങളിൽ ഇരുവരുടെയും ചുണ്ടുകൾ തമ്മിൽ ഗാഡമായി പിണഞ്ഞുതുടങ്ങി. അല്പസമയം അങ്ങനെ നീണ്ട ആ പ്രവർത്തനത്തിനൊടുവിൽ കുറച്ചുനിമിഷത്തേക്കെന്നപോലെ വീണ്ടും ഇരുവരുടെയും കണ്ണുകൾ തമ്മിലായി യുദ്ധപ്രഖ്യാപനം!
“എനിക്ക് പ്രണയിക്കുവാൻ ഒരുപാടിഷ്ടമാണ്...! പക്ഷെ ആ പ്രണയം എന്റെമാത്രം സ്വന്തവും എന്നിൽ മാത്രമൊതുങ്ങുന്ന രഹസ്യവുമായിരിക്കണം...”
തന്നെ കെട്ടിപ്പിടിക്കുംവിധം മെല്ലെ തലോടിയുള്ള നായികയുടെ ഈ വാചകങ്ങൾ കേട്ടയുടൻ അവൻ, നായികയെ താങ്ങിക്കോരിയെടുത്ത് ബെഡ്‌റൂം ലക്ഷ്യമാക്കി തിരയുംവിധം നടന്നു. അവന്റെ കൈകളിൽ ഭദ്രതപൂണ്ട് നായിക ചലനമറ്റതുപോലെ കിടന്നു.
ആദ്യം ശ്രദ്ധയിൽപ്പെട്ട റൂമിലെ വലിയ ബെഡ്ഡിലേക്ക് നായികയെ അവൻ കിടത്തിയശേഷം അതിൽ തന്റെ ഒരുവശം മാത്രമുപയോഗിച്ചിരുന്ന്, നായികയുടെ ഒരുപാദം കൈകളിലെടുത്ത് അതിൽ അമർത്തി ചുംബിച്ചു.
“എന്നെപ്പോലൊരാൾ വിവാഹം കഴിക്കുന്നത് സേഫ് ആകുവാനാണ്... ജീവിച്ചുതീർക്കുവാൻ മാത്രം ഒരിടം കിട്ടുന്ന ഇവിടെ
ഒരു അടിമ മാത്രമാണ് ഞാൻ...”
നായിക ഇത്രയും പറഞ്ഞുനിർത്തിയപ്പോഴേക്കും അവൻ മെല്ലെ, നായികയിലേക്ക് ഇഴഞ്ഞുകയറി. ഇരുവരുടെയും മൂക്കുകൾ തമ്മിൽ കൂട്ടിയുരസിയപ്പോഴേക്കും നായിക തുടർന്നു;
“ഇവിടെയായിരിക്കെ ഒരിക്കലും എനിക്ക് എന്റെ പ്രണയത്തെ തൃപ്തിപ്പെടുത്തുവാൻ സാധിക്കില്ല... എന്നു ഞാൻ തിരിച്ചറിയുന്നു.”
ഇരുവരുടെയും കണ്ണുകൾ ഒരുനിമിഷത്തേക്കുമാത്രം ഉടക്കി, പിന്നീട് താനേ അടഞ്ഞുകൊണ്ട് തന്റെ ആഗ്രഹങ്ങൾ വിഴുങ്ങിതുടങ്ങി.
സ്വാതന്ത്ര്യം...
എല്ലാവരെയും എല്ലാത്തിനെയും മനസ്സിലാക്കി ജീവിതം വളരെ സാവധാനം, നിരാശയിൽകലർന്ന് മുന്നോട്ടുപോകവേ ജോലിയുടെ ഭാഗമായി നായകൻ പുതിയൊരു വാടകമുറിയിൽ താമസം തുടങ്ങിയ സമയമായിരുന്നു. ഒരുപാടുപേർ താമസിച്ചുപോയ ആ മുറിയിൽ ഒരു പഴകിയ ഷെൽഫിലായി കുറച്ചു പുസ്തകങ്ങൾ ഇരിക്കുന്നുണ്ടായിരുന്നു. വളരെ യാദൃശ്ചികമായൊരു നോട്ടത്തിൽ, അതിനിടയിലുള്ളൊരു പുസ്തകത്തെ എന്നുപറയാം -നായകൻ കണ്ടെത്തി.
കൗതുകത്തോടെ നായകൻ ആ പുസ്തകം കയ്യിലെടുത്തു. പെട്ടെന്നുതോന്നിയ ഒരിഷ്ടത്തിൻപുറത്ത് അതുമായി പരിസരം മറന്ന് സ്വന്തം കട്ടിലിൽ മലർന്നുകിടന്നു. പുസ്തകം ഒന്നുതുറന്നശേഷം നായകൻ ഒരിക്കൽക്കൂടി അതിന്റെ കവർപേജ് നോക്കി. പിന്നെ മെല്ലെ ഓരോ വരിയും വായിച്ചുതുടങ്ങി. തനിക്ക് നിശ്ചയിച്ചിരിക്കുന്ന ചതുരത്തിനുള്ളിൽ നിന്നുകൊണ്ടുതന്നെ നായകന് വായിക്കുവാൻ ഉതകുംവിധം ആശകലർന്ന് ഓരോ പുതിയ വരികളും നിലകൊണ്ടു.
നായകന്റെ കണ്ണുകളും പുസ്തകത്തിലെ വരികളും പരസ്പരം പുണർന്നുപിടഞ്ഞ് എന്നപോലെ മുന്നോട്ടുനീങ്ങി. വരികൾ അവസാനിച്ചമുറയിൽ നായകന്റെ കണ്ണുകളെ പിന്തള്ളി മനസ്സ് മുന്നോട്ടെത്തി പുസ്തകത്തെ നോക്കി. നഷ്ടങ്ങൾപേറി ആഗ്രഹത്തോടെ നോക്കിനിൽക്കുന്ന മനസ്സിന് നിരാശയിൽനിന്നുള്ള താത്പര്യത്തോടെ നിലകൊള്ളുന്ന പുസ്തകത്തോട് പ്രണയമായി.
പുസ്തകത്തിന്റെ മുഖത്തെ നായകൻ തന്റെ കൈപ്പത്തികൊണ്ട് മെല്ലെ തലോടി, വരികളിലൂടെ മെല്ലെ തന്റെ വിരലുകൾ ഓരോന്നായി പലപ്പോഴും ഓടിച്ചു, ഇടയ്ക്കെപ്പോഴോ പുസ്തകം തുറന്ന് അതിനു നടുവിൽ ചുംബിച്ചു, ഒടുവിലെന്നപോലെ ഇരുകൈകളുംകൊണ്ട് കണ്ണുകളിറുക്കി സ്വന്തം നെഞ്ചോടുചേർത്തു. ഒരുപാടുതവണ പുസ്തകം വായിക്കപ്പെട്ടിരുന്നെങ്കിലും ആദ്യമായി ഒരു തികഞ്ഞ നിർവൃതി പ്രകടമാക്കുംപോലെ നായകന് അനുഭവപ്പെട്ടു. തനിക്ക് ലഭ്യമായ ആ സ്വകാര്യ ആനന്ദത്തിൽ, രഹസ്യമായിത്തന്നെ നായകൻ മതിമറന്നപ്പോൾ -പുസ്തകം താൻ രഹസ്യമായി അനുഭവിച്ച ആനന്ദത്താൽ പുഞ്ചിരിയോടെ സംതൃപ്തിനേടി.
എല്ലാത്തിനുമൊടുവിൽ വിശ്രമവേളയിൽ നായിക അവനോട് ചോദിച്ചു, മെല്ലെ;
“എന്താ ഇത്രയും മൂർച്ഛ...”
ഒരുനിമിഷം നിശബ്ദനായശേഷം അവൻ മറുപടിയായി പറഞ്ഞു;
“സ്വന്തമാക്കാൻ പറ്റില്ലാത്തതിന്റെ നിരാശ...”
അടിമത്തം...
കോളിങ്ബെൽ മുഴങ്ങുന്നതുംകാത്ത് ഹാളിലെ സോഫയിൽ ഇരുകണ്ണുകളുമടച്ച്, ഇരുകൈകളും മടക്കി തലയ്ക്കുപിറകിൽ കൊടുത്ത് മലർന്നിരിക്കുകയായിരുന്നു അവൻ. അതു സംഭവിച്ചതോടെ കിച്ചണിൽനിന്നും ധൃതിയിൽ നായിക വേഗമെത്തി അവനെയൊന്ന് നോക്കി ഡോറിനടുത്തേക്ക് ചെന്നു, തൊട്ടുപിറകിലായി അവനും. ഡോർ തുറന്നതിനൊപ്പം അത് അവനെ ഭിത്തിയോട് ചേർത്തുനിർത്തി, ഒരു പുഞ്ചിരിയോടെ നായിക ഓഫീസിൽനിന്നും തിരികെയെത്തിയ ഹസ്ബന്റിനെ സ്വീകരിച്ചു -അയാൾ അകത്തേക്ക് കയറിപ്പോയി. ഉടനെതന്നെ പുറത്തേക്ക് പൊയ്‌ക്കൊള്ളുവാൻ, നായികയുടെ കൈയ്യാലുള്ള സിഗ്നൽ അവന് ലഭിച്ചു. അവൻ, തുറന്നുപിടിച്ച ഡോറിലൂടെ പുറത്തേക്ക് നടന്നു.
ഇരുകൈകളും പാന്റ്സിന്റെ പോക്കറ്റുകളിൽ തിരുകിഭദ്രമാക്കിയുള്ള ആ നടത്തം, ആ നിലയിൽനിന്നും താഴേക്കുള്ള സ്റ്റെപ്പുകളിലേക്കെത്തിയപ്പോൾ, മെല്ലെ സ്റ്റെപ്പുകൾ നടന്നുകയറി സ്കൂൾ യൂണിഫോമിൽ നായികയുടെ ചെറിയ മോൻ വരുന്നുണ്ടായിരുന്നു. സ്കൂൾബാഗുമേന്തിയുള്ള ആ നടത്തത്തിനെതിരെ അവൻ നടന്നിറങ്ങിപ്പോയി.
തന്റെ അനുവാദമില്ലാതെ എന്തോ, തന്റെ ശരീരം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്ന തോന്നലോടുകൂടി നായകന്റെ കണ്ണുകൾ തുറക്കപ്പെട്ടു. വളരെ സാവധാനത്തിൽ അപ്പോഴേക്കും നായകന്റെ കീഴ്‌വസ്ത്രത്തിലൊരിടം നനഞ്ഞുതുടങ്ങിയിരുന്നു. നായികയുടെ പുസ്തകം, മുറിയിലെ ടേബിളിൽ പുറത്തുനിന്നും ജനാലവഴിയെത്തുന്ന ചെറുനീലവെളിച്ചത്തിൽ ഇരിക്കുന്നുണ്ടായിരുന്നു. മുറിയിലെ ഫാനിന്റെ കാറ്റേറ്റെന്നവിധം അതിന്റെ താളുകൾ മെല്ലെ അനങ്ങിക്കൊണ്ടിരുന്നു.