വിരുതൻ പി

Drama Tragedy Fantasy

4.5  

വിരുതൻ പി

Drama Tragedy Fantasy

ദേവുവിന്റെ രഹസ്യം

ദേവുവിന്റെ രഹസ്യം

11 mins
20


ഒരിടത്ത്.... ഒരിടത്ത്... ഒരു കിണർ..., അല്ല, രാജാവ് അല്ലെ ഉണ്ടായിരുന്നത് ?..., ശ്ശേ!.. ദേവു എഴുതിയ പേപ്പർ ചുരുട്ടിക്കൂട്ടി മേശക്ക് അരികെ വെച്ചിരുന്ന കുപ്പയിലേക്ക് എറിഞ്ഞു. സമയം രാവിലെ 5 മണി ആയി, ടേബിൾ ലാമ്പിന്റെ ചൂടിൽ അവളുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിരുന്നു. ഇതിപ്പോ എങ്ങനാ എഴുതുക?.. അവൾ മേശയുടെ മീതെ താടിക്ക് കയ്യും കൊടുത്ത് റൈറ്റിംഗ് പാഡിലേക്ക് അലക്ഷ്യമായി നോക്കിയിരുന്നു. ഇന്നലെ വൈകുന്നേരം മുതൽ തുടങ്ങിയതാണ് ഒരു കഥ, അല്ല അനുഭവം എഴുതാനുള്ള ശ്രമം. എഴുതിയൊന്നും ശീലം ഇല്ലാത്തത് കൊണ്ട് ദേവുവിന് അതൊരു ശ്രമകരമായ ജോലി ആയി തോന്നി തുടങ്ങി. ഒരു കോഫി കുടിക്കാം, കോഫിക്ക് എഴുത്തിനെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ടെന്ന് കേട്ടിട്ടുണ്ട്, കസേര പുറകിലേക്ക് നിരക്കി ദേവു പതുക്കെ എഴുന്നേറ്റു. അപ്പുവേട്ടൻ ഉറങ്ങുകയാണ് ഒരു മുയൽ കുഞ്ഞിനെ പോലെ. ഇന്നലെ വരെ എന്തായിരുന്നു... ദേവുവിന് അതോർക്കാനേ തോന്നുന്നില്ല. ഫാനിന്റെ വേഗത കൂട്ടി അവൾ ശബ്ദം ഉണ്ടാക്കാതെ അടുക്കളയിലേക്ക് നടന്നു.

അടുക്കളയിലെ ലൈറ്റിന്റെ സ്വിച്ച് ഏങ്ങി നിന്ന് ഇടുമ്പോൾ ഒരാഴ്ച്ച മുൻപ് തുടങ്ങിയ സംഭവങ്ങൾ ദേവു ഓർത്തെടുക്കുകയായിരുന്നു, ഒരാഴ്ച്ച മുൻപ് അല്ലല്ലോ, പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട്.

അടുക്കളയിലെ വെളിച്ചത്തിൽ ഗ്യാസ് സ്റ്റോവിന് അടുത്ത് കിടന്നുറങ്ങിയിരുന്ന കണ്ടൻ പൂച്ച ഉണർന്നു. അവൻ കിടന്ന കിടപ്പിൽ കണ്ണ് പാതി തുറന്ന് നടുവ് വളച്ച് ദേവുവിന് നേരെ നാവ് നീട്ടി.കുറച്ച് നേരം പൂച്ചയെ നോക്കി നിന്ന ദേവു ചായ തകല എടുത്ത് രണ്ട് ഗ്ലാസ്സ് വെള്ളം ഒഴിച്ച്, ഗ്യാസ് സ്റ്റോവിൽ വെച്ചു. അവൾ സ്റ്റോവ് കത്തിക്കുമ്പോഴേക്കും കണ്ടൻ പൂച്ച വാലും നീട്ടി എഴുന്നേറ്റിരുന്ന് കൈ നക്കാൻ തുടങ്ങി . എന്താടാ ഒറക്കം പോയോ നിന്റെ?? ദേവു ചോദിച്ചു. പൂച്ച ദേവുവിനെ നോക്കി കരഞ്ഞു മ്യാവൂ.. മ്യാ.... .

തിരുവനന്തപുരത്തെ ഒരു നായർ കുടുംബത്തിൽ ജനിച്ച ദേവു, 28 വയസ്സ്, ജോലി ലൈബ്രേറിയൻ. അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയി.സുമനസ്സുകളായ അയൽപക്കം ഉള്ളത് കൊണ്ട്, സമൂഹത്തിൽ അന്തസ്സോടെ ജോലി ചെയ്ത് ഒറ്റക്ക് താമസിക്കാൻ അവൾക്ക് കഴിയുന്നു.കൂടപ്പിറപ്പുകൾ ഒന്നും ഇല്ലാത്ത അവൾക്ക് ആകെ ഉള്ള കൂട്ട് ഒരു കണ്ടൻ പൂച്ച, പിന്നെ കിണർ, അതെ ഒരു കിണർ, ഏത് നേരവും ഓളങ്ങൾ ഉണ്ടാക്കി അലയടി ശബ്ദം ഉണ്ടാക്കുന്ന ദേവുവിന്റെ കിണർ. പലരും ജീവിതത്തിൽ നിന്ന് നഷ്ടമാകുമ്പോഴാണ് നമ്മൾ ചുറ്റിനുമുള്ള പലതും ശ്രദ്ധിക്കാൻ തുടങ്ങുന്നത് എന്ന് ദേവുവിന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് പോലെ തന്നെ അച്ഛന്റെയും അമ്മയുടെയും മരണ ശേഷമാണ് അവൾ പാരിജാതവും തുളസിചെടികളും ചുറ്റും നട്ടു വളർത്തിയിരുന്ന, വീടിന്റെ മുന്നിൽ ഇടത് വശത്തായി ഇരിക്കുന്ന കിണറിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്.അമ്മയാണ് അവസാനം മരിച്ചത്, പുലകുളി കഴിഞ്ഞ് ലൈബ്രറിയിൽ വീണ്ടും ജോലിക്ക് പോയി തുടങ്ങിയ സമയം, ഒരു ദിവസം ജോലി കഴിഞ്ഞ് തിരിച്ച് വീട്ടുമുറ്റത്ത് എത്തുമ്പോൾ അവളുടെ കർണപുടങ്ങളിൽ കിണർ ആദ്യമായി ഓളങ്ങൾ സൃഷ്ടിച്ചു . തന്റെ പൂച്ചയെങ്ങാനും കിണറ്റിൽ വീണോയെന്ന് ഉത്കണ്ഠപ്പെട്ട് ദേവു കിണറിന് അടുത്തേക്ക് ഓടിച്ചെന്ന് അകത്തേക്ക് എത്തി നോക്കി. തിരമാല പോലെ ഓളങ്ങൾ കിണറിന് ചുറ്റുമുള്ള റിങ്ങിലേക്ക് അടിക്കുന്നു. കടുത്ത ഉഷ്ണത്തിൽ രണ്ട് റിങ് വെള്ളം കിണറിന് താഴേക്ക് ഇറങ്ങിയിട്ടുണ്ട്. കിണറിന് ജീവനുണ്ടായിരുന്നെങ്കിൽ റിങ്ങുകൾ അതിന്റെ ആയുസ്സിനെ സൂചിപ്പിക്കുമായിരുന്നില്ലേ?, ഓരോ മഴക്കാലത്തും തിരികെയെത്തുന്ന അതിന്റെ യവ്വനവും..., കിണറിലെ ഓളങ്ങളെ നോക്കി അവൾ ആലോചിച്ചു. ഏഹ്!! കണ്ടൻ പൂച്ച കാലിൽ മുട്ടി ഉരുമ്മുന്നു. അമ്മയുടെ മരണത്തിന്റെ അന്ന് വീട്ടിലേക്ക് കയറി വന്ന പൂച്ചയാണ്. കറുത്ത രോമമുള്ള തലയും പച്ച കണ്ണുകളും ശരീരം മുഴുവൻ തിങ്ങി നിറഞ്ഞ് വെളുത്ത രോമവും .ഹാവൂ... കിണറ്റിൽ വീണില്ല അല്ലെ?! ആശ്വാസത്തോടെ പൂച്ചയെ എടുക്കാൻ പോയ അവൾക്ക് നേരെ അവൻ പല്ല് കാട്ടി ചീറ്റി. പോ അവിടുന്ന്, ദേവു ദേഷ്യപ്പെട്ട് പൂമുഖ വാതിലിന് അടുത്തേക്ക് നടന്നു. അവന് ഒരു മൂശേട്ട സ്വഭാവമാണ്.എന്താ ദേവൂട്ടി ഒറ്റക്ക് ഒരു സംസാരം?, അയൽപക്കത്തെ നാരായണിതള്ളയാണ്. വീടിന്റെ മതിലിന് അപ്പുറത്ത് നിൽക്കുന്ന നാരായണിതള്ളയുടെ കണ്ണ് മാത്രമേ ദേവുവിന് കാണാൻ പറ്റുന്നുണ്ടായിരുന്നുള്ളു. ഒന്നൂല്ല്യ അമ്മച്ചി പൂച്ചയോട് പറഞ്ഞതാ, വിരലിൽ നിന്ന് എത്തി നോക്കി ദേവു ചമ്മലോടെ ഉറക്കെ പറഞ്ഞു, വരുന്നോ അമ്മേ ഒരു ചായ കുടിക്കാം... പതിവുള്ളത് ആയത് കൊണ്ട് മറുപടിക്ക് കാക്കാതെ ദേവു വീടിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി. കഴുത്തിലെ ഷാളും തോളിലെ ബാഗും ഡ്രോയിങ് റൂമിലെ സോഫയിലേക്ക് ഇട്ട് അവൾ അടുക്കളയിലേക്ക് നടന്നു.

ഒരു ഗ്ലാസ്സ് ചായയും പ്ലേറ്റിൽ കുറച്ച് ബിസ്കറ്റുമായി ദേവു ഉമ്മറത്തേക്ക് ചെന്നു . ഉമ്മറ പടിയിൽ നാരായണി തള്ളയുണ്ട്. അമ്മച്ചിക്ക് ദേവൂനെ വലിയ കാര്യമാണ്, പണ്ട് മുതൽക്കേ ദേവുവിന്റെ കുടുംബവുമായി അവർക്ക്‌ നല്ല ബന്ധമാണുള്ളത്. ദാ അമ്മേ ചായ, നാരായണിതള്ളയുടെ ചെവി പതുക്കെയായത് കൊണ്ട്, ഉമ്മറപ്പടിയിലേക്ക് ഇരുന്നു കൊണ്ട് ദേവു പറഞ്ഞു.

ദേവൂ നിനക്ക് ഒരു തുണയൊക്കെ വേണ്ടേ മോളെ?..., ചായ കുടിച്ചു കൊണ്ട് തള്ള ചോദിച്ചു. എനിക്കിപ്പോ... അതൊന്നും വേണ്ടമ്മേ, ദേവു തല ചൊറിഞ്ഞു കൊണ്ട് കിണറ്റിൻ കരയിലേക്ക് നോക്കി. കണ്ടൻ പൂച്ച കിണറിന് മുകളിൽ കയറിയിരിക്കുന്നുണ്ട്, ഇവൻ ഇതെന്ത് ഭാവിച്ചാണ്?, എന്ന് ദേവു ചിന്തിക്കലും അവൻ കിണറിന് അകത്തേക്ക് ചാടി. അവൾ സ്തബ്ധയായി നോക്കിയിരുന്നു. അതെന്താ മോളെ...., സന്യസിക്കാൻ പോവാണോ നീയ്യ്?, നാരായണിതള്ള ചോദിച്ചതൊന്നും ദേവു കേൾക്കുന്നുണ്ടായിരുന്നില്ല. അല്ല അമ്മച്ചി പൂച്ച... ദേവു കിണറിന് നേരെ ആകെയൊരു ആശയകുഴപ്പത്തോടെ വിരൽ ചൂണ്ടിയപ്പോഴേക്കും കണ്ടൻ പൂച്ച കിണറിന്റെ വക്കിൽ ഇരുന്ന് ശരീരത്തിലെ വെള്ളം നക്കിതുടക്കുന്നതാണ് കണ്ടത്. പിന്നെ... പൂച്ച... ഇപ്പോഴത്തെ കുട്ടികളുടെ കാര്യം ഞാൻ ഒന്നും പറയണില്ല, നാരായണി തള്ള പരിഭവത്തോടെ പറഞ്ഞു.

ദേവു പാതി കടിച്ച ബിസ്കറ്റ് എടുത്ത് മുറ്റത്തേക്ക് എറിഞ്ഞു . കണ്ടൻ പൂച്ച കിണറ്റിൻ കരയിൽ നിന്ന് ഓടി വന്നു. അല്ല ദേവു ഇതേതാ പൂച്ച? നാരായണിതള്ള ചോദിച്ചു. ഇത് ഇവിടുത്തെ പൂച്ചയല്ലേ? അമ്മച്ചി. ഇതിന്റെ തല വെളുത്തിട്ടാണല്ലോ ദേവു. അത് ശരിയാണല്ലോ? കണ്ടൻ പൂച്ചയുടെ തല കറുപ്പായിരുന്നല്ലോ?.... ഇതെങ്ങിനെ ദേവു അശ്ചര്യപ്പെട്ടു. താൻ കണ്ടതാണ്, കിണറ്റിലേക്ക് ചാടിയ പൂച്ചയല്ല തിരിച്ചു വന്നത്.ഇവിടെ വാടാ.. അവൾ കണ്ടൻ പൂച്ചയെ വിളിച്ചു. അവൻ ഓടി വന്ന് ദേവുവിന്റെ മടിയിലേക്ക് കയറിയപ്പോൾ അവൾ ശരിക്കും അത്ഭുതപ്പെട്ടു . ഇതെന്ത് മറിമായം. ദേവു പൂച്ചയുടെ തല പിടിച്ച് കണ്ണിലേക്ക് നോക്കി,അവൻ നല്ല അനുസരണയോടെ അവൾക്കു പിടിക്കാൻ പാകത്തിൽ ഇരുന്നു കൊടുത്തു.പച്ച നിറമുള്ള കണ്ണുകൾ... പൂച്ച അതു തന്നെ പക്ഷെ നിറവും സ്വഭാവവും മാറിയിരിക്കുന്നു, തീരെ ഇണക്കം ഇല്ലാതെയാണ് ഇത് വരെ എന്നോട് പെരുമാറിയിരുന്നത്. കൈകളിൽ നനവ് തട്ടിയപ്പോൾ അവൾ പൂച്ചയെ എടുത്ത് താഴെ വെച്ചു.ഞാൻ പോണ് ദേവൂട്ടി, ക്ഷേത്രത്തിൽ പോയി ഭഗവാനെ ഒന്ന് വണങ്ങണം, നാരായണിതള്ള കൂനി നടക്കുന്നതിന് ഇടയിൽ പറഞ്ഞു.


നീ കിണറ്റിലേക്ക് ചാടിയത് വരെ ഓക്കെ , എങ്ങിനെ തിരിച്ചു കയറി, 7 റിങ് മുകളിലേക്ക് ഒരു പൂച്ചക്ക് ചാടി കയറാൻ പറ്റുമോ?!, ദേവു കണ്ടനെ തുറിച്ചു നോക്കി. കിണറിലെ അലയടികൾ ഉച്ചത്തിൽ ആയത് പോലെ ദേവുവിന് തോന്നി. അവൾ കിണറ്റിൻ കരയിലേക്ക് നടന്നു.കണ്ടൻ പൂച്ചയും ഒരകലത്തിൽ അവളെ അനുഗമിച്ചു. ദേവു നിലത്തു നിന്ന് ഒരു വെള്ളാരം കല്ല് പെറുക്കിയെടുത്ത് കിണറ്റിലേക്ക് എത്തി നോക്കി, കിണറ്റിലെ വെള്ളം ഇപ്പൊ ഒരു ചുഴി പോലെ കറങ്ങുകയാണ്. കണ്ടൻ പൂച്ച കിണറിന് മുകളിൽ ചാടി കയറി കിണറിന് അകത്തോട്ടു നോക്കി.അവന്റെ വാലറ്റം ഇടത്തോട്ടും വലത്തോട്ടും അനങ്ങി കൊണ്ടിരുന്നു. ഇനിയും ചാടുവോ നീ? ദേവു ചോദിച്ചു. അവൻ യാതൊരു മാറ്റവും ഇല്ലാതെ കിണറ്റിലേക്ക് നോക്കി നിന്നു. ദേവു തന്റെ കയ്യിലിരുന്ന വെള്ളാരം കല്ല് കിണറ്റിലെ വെള്ളത്തിലേക്ക് ശക്തിയായെറിഞ്ഞു.ചെറിയൊരു ഓളം ഉണ്ടാക്കിക്കൊണ്ട് വെള്ളാരം കല്ല് വെള്ളത്തിനടിയിലേക്ക് മുങ്ങി താഴ്ന്നു . പതിനഞ്ചു സെക്കന്റോളം അവൾ കിണറ്റിലെ ചുഴിയിലേക്ക് തന്നെ നോക്കി നിന്നു. മ്മ്മ്... അവൾ തല തിരിച്ചപ്പോഴേക്കും ഒരു വെടിയുണ്ട പോലെ അവൾ എറിഞ്ഞ വെള്ളാരം കല്ല് കിണറ്റിലേക്ക് നോക്കിയിരുന്ന കണ്ടൻ പൂച്ചയുടെ തലക്കരികിലൂടെ പാഞ്ഞു വന്ന്... കിണറിന് അരികിൽ വീണ് മണ്ണിൽ കിടന്ന് ഉരുണ്ടു. പൊടുന്നനെ ഉണ്ടായ സംഭവങ്ങൾ അപഗ്രഥിക്കാൻ ആകാതെ അല്പം ഭയത്തോടെ ദേവു പുറകോട്ടു മാറിയപ്പോഴേക്കും, കണ്ടൻ പൂച്ച നീട്ടത്തിൽ കരഞ്ഞു കൊണ്ട്, കിണറിനു മുകളിൽ നിന്ന് ചാടിയിറങ്ങി ഓടി. ദേവു കിണറിലേക്കും മണ്ണിൽ കിടക്കുന്ന കല്ലിലേക്കും മാറി മാറി നോക്കി.അവൾ ജാഗ്രതയോടെ കല്ലിന് അടുത്തേക്ക് നടന്നു , കുനിഞ്ഞ് കല്ല് കയ്യിൽ എടുത്തു.വെള്ളാരം കല്ല്, കറുത്ത കല്ലായി മാറിയിരുന്നു!!. കിണറ്റിൽ വീഴുന്നത് നിറം മാറി തിരിച്ചു വരുന്നു!, അകൃതിയിൽ വ്യത്യാസം ഒന്നും ഇല്ല , അവൾ കല്ല് ആകാശത്തിന് നേരെ പിടിച്ച് ഒരു കണ്ണടച്ചു പരിശോധിച്ചു. അടുക്കളയിൽ പാത്രം മറിഞ്ഞു വീഴുന്നത് കേട്ട് ദേവു ഞെട്ടിത്തരിച്ച് അടുക്കള ലക്ഷ്യമാക്കി വീടിനകത്തേക്ക് ഓടി.

അടുക്കള വാതിലിന് മുൻപിൽ ഓടി നിന്ന ദേവുവിനെ വരവേറ്റത് തറയിൽ പൊട്ടി കിടക്കുന്ന ഗ്ലാസ്സുകൾ ആയിരുന്നു.ഈ പൂച്ച!! ദേവു ദേഷ്യത്തിൽ കുപ്പിച്ചില്ലിൽ ചവിട്ടാതെ ഗ്യാസ് സ്റ്റോവിന് അടുത്തേക്ക് നടന്നു. കണ്ടൻ പൂച്ച അലൂമിനിയം കുടങ്ങൾക്കിടയിൽ പതുങ്ങിയിരിക്കുന്നു.

എന്താടാ നീ പേടിച്ചോ?, നേരത്തെ ഇങ്ങിനെ അല്ലായിരുന്നല്ലോ?... , ദേവു ചിരിച്ചു കൊണ്ട് ചോദിച്ചു. അവൾ കുടം നീക്കി പൂച്ചയെ കയ്യിൽ എടുത്തു.ഇത് നമ്മുടെ രഹസ്യം തന്റെ കയ്യിലിരുന്ന കറുത്ത കല്ല് പൂച്ചയെ കാണിച്ച്, കണ്ണിറുക്കി കൊണ്ട് ദേവു പറഞ്ഞു.കണ്ടൻ പൂച്ച ദേവുവിന്റെ കയ്യിൽ നിന്നും കുതറി ഇറങ്ങിയോടി.

പിറ്റേന്ന് രാവിലെ പതിവ് പോലെ ദേവു ലൈബ്രറിയിലേക്ക് ഇറങ്ങി. വീട്ടിൽ നിന്ന് 15 മിനിറ്റ് നടന്നാൽ അവൾ ജോലി ചെയ്യുന്ന എൻ എസ് എസ് ലൈബ്രറിയിൽ എത്താം.

മോശം പറയാൻ പറ്റാത്ത വിധം സാമാന്യം എല്ലാ വിഭാഗത്തിൽ പെട്ട പുസ്തകങ്ങളും മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിൽ അവിടെ ലഭ്യമാണ്.

ഒരു ബുക്ക്‌ വേണമായിരുന്നു, ശബ്ദം കേട്ട് ദേവു എഴുതിക്കൊണ്ടിരുന്ന രജിസ്റ്ററിൽ നിന്ന് തല ഉയർത്തി നോക്കി. അവൾ പുതിയ ബുക്കുകൾ കാറ്റലോഗ് ചെയ്യുന്ന തിരക്കിലായിരുന്നു.വെളുത്ത് സുമുഖനായ ഒരു ചെറുപ്പക്കാരൻ നേരത്തെ ലൈബ്രറിയിൽ കണ്ടിട്ടില്ല.മെമ്പർഷിപ് ഉണ്ടോ? ദേവു ചോദിച്ചു. കുറച്ച് പഴയ കാർഡാണ്, അവൻ തന്റെ മെമ്പർഷിപ് കാർഡ് ദേവുവിന് നേരെ നീട്ടി. അപ്പു വേലിക്കകത്ത്, വീട്ടുപേര് നല്ല പരിചയമുണ്ട് ദേവു ഓർത്തു. ഇവിടെ അടുത്ത് തന്നെയാണോ വീട്? ഏത് ബുക്കാണ് വേണ്ടത് അവൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു. വീട് ഇവിടെ അടുത്ത് തന്നെയാണ്... എനിക്ക് സമാന്തര ലോകങ്ങളെ കുറിച്ചുള്ള കഥകളാണ് വേണ്ടത്,അപ്പു പറഞ്ഞു.സയൻസ് ഫിക്ഷൻ അല്ലെ... ദേവു മേശക്ക് അരികിൽ വെച്ചിരിക്കുന്ന ഫയലിംഗ് സിസ്റ്റത്തിലെ എസ് ഡ്രോയർ തുറന്ന് എം ടി വാസുദേവൻ നായരുടെ സമാന്തര ലോകം എന്ന പുസ്തകത്തിന്റെ കാർഡ് കാറ്റലോഗ് തിരഞ്ഞെടുത്തു , സമാന്തര ലോകം ഏറ്റവും അറ്റത്തെ റാക്ക്, കോൾ നമ്പർ എസ്-69, ലൈബ്രറിക്ക് അകത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് ദേവു പറഞ്ഞു.അതാണ് എനിക്ക് വേണ്ടത് വളരെ ഉപകാരം, അപ്പു ലൈബ്രറിക്ക് അകത്തേക്ക് നടന്നു.

സമാന്തര ലോകം ഞാൻ വായിച്ചിട്ടുണ്ട്, ഒരു സ്ത്രീ ട്രെയിൻ അപകടത്തിൽ പെടുന്നതും, അവൾ വേറൊരു ലോകത്തേക്ക് പോകുന്നതും, അവിടെ വെച്ച് അവളുടെ വേറൊരു ജീവിതത്തിലെ ഭർത്താവിനെയും കുട്ടിയേയും കണ്ട് മുട്ടുന്നതുമാണ് കഥ കാർഡ് കാറ്റലോഗ് പരിശോധിക്കുന്നതിന് ഇടയിൽ ദേവു ഓർത്തെടുത്തു.നമ്മളുടെ ലോകത്തിനോട് സാമ്യമുള്ള ഒരുപാട് ലോകങ്ങൾ ഉണ്ടെന്നും, അവിടെ നമുക്ക് മറ്റൊരു ജീവിതം ഉണ്ടാകാം, എന്നുള്ള സാധ്യതയാണ് കഥ പറഞ്ഞു വെക്കുന്നത്. കഥക്കും തന്റെ ഇപ്പോഴത്തെ ജീവിതത്തിലെ സംഭവങ്ങൾക്കും ചില സാമ്യങ്ങൾ ഇല്ലേ.അമ്മയുടെ മരണത്തിന് ശേഷമാണ് കിണറിൽ ഓളങ്ങൾ ഉണ്ടാകുന്നതും, അതിലേക്ക് വീഴുന്നത് എല്ലാം മറ്റൊരു ഭാവത്തിൽ തിരിച്ചു വരാൻ തുടങ്ങിയതും. വേറൊരു ലോകത്തേക്ക് തുറന്ന വാതിൽ പോലെ ആയിരിക്കില്ലേ?, കിണർ. സമാന്തര ലോകങ്ങൾ മരിച്ചു പോയവരുടെ ആത്മാക്കൾ വസിക്കുന്ന ഇടമാണെന്നും പറയപ്പെടുന്നു, ഒരു പക്ഷെ മരണപ്പെട്ട തന്റെ അമ്മയുടെ ആത്മാവ് , ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ഒരു ഭവിഷ്യത്തിനെ കുറിച്ച് തനിക്ക് തന്ന ഒരു സൂചന ആയിരിക്കുമോ? അതിനുള്ള പരിഹാരവും ആകുമോ? കിണറുമായി ബന്ധപ്പെട്ട്, തന്റെ ജീവിതത്തിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങൾ??.

ബുക്കിന്റെ റിട്ടേൺ ഡേറ്റ് സീൽ ചെയ്യാൻ കൊടുക്കുമ്പോൾ അപ്പുവിന്റെ കണ്ണ് ദേവുവിന്റേതുമായി ഉടക്കി. അവൾ ലജ്ജയോടെ തല താഴ്ത്തി.5 ദിവസത്തിനുള്ളിൽ തിരിച്ചു തരണം ബുക്ക്‌ സീൽ ചെയ്ത് അപ്പുവിന് കൈമാറുമ്പോൾ ദേവു പറഞ്ഞു. ശരി തരാം, അപ്പു ചിരിച്ചു.

ജോലി കഴിഞ്ഞ് വൈകുന്നേരം 5 മണിക്ക് വീട്ടിലേക്ക് നടക്കുമ്പോൾ...., ദേവുവിന്റെ മനസ്സിൽ മുഴുവൻ അപ്പുവും സമാന്തര ലോകവുമായിരുന്നു.നടന്നു.... നടന്ന്... നാരായണിതള്ളയുടെ വീടിന് മുന്നിൽ എത്തിയത് അവൾ അറിഞ്ഞതേയില്ല . ദേവൂട്ടി... നാരായണിതള്ള അവരുടെ വീടിന്റെ മുറ്റത്ത് നിന്ന് നീട്ടി വിളിച്ചു.ആ... അമ്മേ കൂനി നടന്നു വരുന്ന തള്ളക്ക് ദേവു വീടിന്റെ ഗേറ്റ് തുറന്നു കൊടുത്തു. നാരായണിതള്ളയുടെ കൊച്ചു മകൻ വിദേശത്താണ് അമ്മയെ നോക്കാൻ ആയയെ ഏൽപ്പിച്ചിട്ടാണ് പോയത്. എന്താ അമ്മേ, ഉച്ച ഉറക്കം കഴിഞ്ഞോ?... ദേവു ഉപചാര വാക്ക് ചോദിച്ചു. മോളു വന്നേ, നമുക്ക് നിന്റെ വീട്ടിൽ ഇരുന്നു സംസാരിക്കാം. ദേവു നാരായണി തള്ളയുടെ കൈ പിടിച്ചു നടന്നു, പൊക്കം കുറവായതു കൊണ്ട് അവൾക്ക് അതൊരു ബുദ്ധിമുട്ട് ആയി തോന്നിയില്ല.വയസ്സ് 58 ആയെങ്കിലും അമ്മക്ക് യാതൊരു വിധ അസുഖങ്ങളും ഇല്ല.

ഒരാൾ ഇന്നലെ അമ്പലത്തിൽ വെച്ച് ദേവൂട്ടിയെ കുറിച്ച് അന്വേഷിച്ചു.., പതിവ് പോലെ ഉമ്മറപ്പടിയിൽ ഇരുന്ന് ചായ കുടിക്കുമ്പോൾ നാരായണിതള്ള പറഞ്ഞു. ആരാ അമ്മേ? ദേവു കണ്ണ് മിഴിച്ച് ചോദിച്ചു. അപ്പു വേലിക്കകത്തെ രാഘവൻ മാഷിന്റെ മോൻ, ദേവൂന് ഓർമയില്ലേ?... നിങ്ങൾ രണ്ടാളും ഒരേ സ്കൂളിലാണ് പഠിച്ചത്.... , അവന് ഇപ്പൊ വില്ലേജ്  ഓഫീസിലാ ജോലി, മിടുക്കൻ. ഇന്ന് രാവിലെ ലൈബ്രറിയിൽ വന്ന അപ്പു, രാഘവൻ മാഷിന്റെ മകൻ... തന്റെ പഴയ കളിക്കൂട്ടുകാരൻ!!, എന്നേക്കാൾ രണ്ടു വയസ്സ് കൂടുതലുണ്ട് അപ്പുവിന്, ദേവു നാണിച്ചു തല താഴ്ത്തി. ഓർമ വന്നൂല്ലോ ദേവൂട്ടിക്ക്, കവിൾ ചെന്താമര പോലെ ചുവന്നൂല്ലോ, നാരായണിതള്ള ചിരിച്ചു . ഒന്ന് പോ അമ്മേ. അവന് ഇഷ്ടമാ മോളെ, എന്നാ നമുക്ക് അതങ്ങ് നടത്താം, അവനും നിന്നെ പോലെ തന്നെ... ഒരു കൂട്ട് വേണം, ദേവൂട്ടി എന്ത് പറയുന്നു? . എനിക്ക് ഇഷ്ടാ,ഞാൻ കണ്ടിട്ടുണ്ട്, ദേവു കണ്ണ് പൊത്തി. കാലിന് നല്ല വേദന ഇന്നലത്തെ നടത്തത്തിന്റെയാ... വീട്ടിൽ പോയി കാല് നന്നായി കുഴമ്പ് ഇട്ട് തടവണം തള്ള പറഞ്ഞു .നാരായണിതള്ള കൂനി കൂനി നടന്നു പോകുന്നത് ദേവു നോക്കി നിന്നു. ഇഷ്ടപ്പെട്ടവർ തേടി വരുന്നത് ഒരു സുഖമുള്ള ഏർപ്പാട് തന്നെ, കള്ളൻ അപ്പുവേട്ടൻ... ദേവുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

ദേവുവിന്റെയും അപ്പുവിന്റെയും വിവാഹം വലിയ ആർഭാടം ഒന്നുമില്ലാതെ അടുത്തുള്ള എൻ എസ് എസ് ഹാളിൽ വെച്ച് നടന്നു. എല്ലാത്തിനും മുന്നിൽ നാരായണിതള്ള ഉണ്ടായിരുന്നു. സന്തോഷായി ദേവൂട്ടി, നന്നായി വരും വിവാഹത്തിന് ശേഷം അനുഗ്രഹം തേടി വന്ന വധു വരനെ അനുഗ്രഹിച്ചു കൊണ്ടു അവർ പറഞ്ഞു.

പ്രണയത്തിന്റെ ദിനങ്ങൾ കഴിഞ്ഞ് ഞങ്ങൾ മൂന്നാറിൽ നിന്ന് വീട്ടിലെത്തി. അതോടെയാണ് അപ്പുവേട്ടനിൽ ചില പ്രകടമായ മാറ്റങ്ങൾ ദേവു കണ്ടു തുടങ്ങിയത്. പലപ്പോഴും അവൾ അപ്പുവേട്ടൻ വില്ലേജ് ഓഫീസിൽ നിന്നും ജോലി കഴിഞ്ഞ് വരുന്നതും നോക്കി... രാത്രി വൈകുവോളം.... വീടിന്റെ പൂമുഖത്ത് ഇരിപ്പായി. പിന്നെ പിന്നെ അതൊരു പതിവായി. അപ്പുവേട്ടൻ ഏതൊക്കെയോ....., ചീത്ത കൂട്ട് കെട്ടിൽ പെട്ടിരിക്കാമെന്ന് ദേവു അനുമാനിച്ചു. ഒരു ദിവസം അവൾ അത് നേരിട്ട് തന്നെ അവനോട് ചോദിച്ചു. അന്നാദ്യമായി അപ്പു അവളോട് കയർത്തു എനിക്ക് ഇഷ്ടമുള്ളവരുടെ ഒപ്പം പോകും, ഇഷ്ടമുള്ളപ്പോൾ വരും, നീയാരാടി... ചോദിക്കാൻ?? അവൻ ബഹളം വെച്ചു .വീട്ടിൽ നടക്കുന്നതെല്ലാം ദേവു നാരായണിതള്ളയോട് പറയാറുണ്ടായിരുന്നു. എല്ലാം ശരിയാകും ദേവൂട്ടി... ദാമ്പത്യത്തിൽ ആദ്യം ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും, അതായിരുന്നു അവരുടെ മറുപടി.

എല്ലാം സഹിച്ച് ദേവു ദിവസങ്ങൾ തള്ളി നീക്കി ഒരു തരം മടുപ്പ് അവളുടെ മനസ്സിനെ പിടികൂടിയിരുന്നു. അപ്പുവേട്ടനിപ്പോൾ പഴയ ആളേ അല്ല, ദേവുവിനോട് സംസാരിക്കുവാനോ, അവളെ ഒന്ന് നോക്കുവാനോ, അയാൾക്ക് നേരം ഇല്ലായിരുന്നു. വില്ലേജ് ഓഫീസിലെ ജോലി കഴിഞ്ഞ് അർദ്ധരാത്രി വീട്ടിലേക്ക് കയറി വരും, ചിലപ്പോൾ എന്തെങ്കിലും കഴിക്കും അല്ലെങ്കിൽ കേറി കിടന്നുറങ്ങും.

പിന്നീട് ലൈബ്രറിയിൽ വന്ന ചിലർ അവളോട് പറഞ്ഞു അപ്പു റോഡിന് അരികിൽ മദ്യപിച്ച് ബോധം ഇല്ലാതെ കിടക്കുന്നത് കണ്ടെന്ന്. ഒടുവിൽ അവൻ നന്നായി മദ്യപിച്ച് വീട്ടിലേക്കും വരുവാൻ തുടങ്ങി, വന്നാൽ തന്നെ വീട്ടിലേക്ക് കയറില്ല, കിണറ്റിൻ കരയിൽ പോയി വസന്ത പിടിച്ച കോഴിയെ പോലെ തൂങ്ങി ഇരിക്കും.പലപ്പോഴും ദേവു തനിച്ച് അപ്പുവിനെ തൂക്കിയെടുത്ത് വീടിന് അകത്തേക്ക് കയറ്റുമായിരുന്നു.മദ്യത്തിന്റെ നാറ്റം അവനോടുള്ള വെറുപ്പായി ദേവുവിന്റെ മനസ്സിൽ കുമിഞ്ഞു കൂടി.

ആ ദിവസം ദേവുവിന് നല്ല ഓർമ്മയുണ്ട്.ലൈബ്രറിയിലെ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ ദേവു, നാരായണിതള്ളയോടൊപ്പം ഉമ്മറത്ത് ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. പതിവ് തെറ്റിച്ച് അപ്പു വന്നു.അയാളുടെ കാല് നിലത്ത് ഉറക്കുന്നുണ്ടായിരുന്നില്ല, മദ്യത്തിൽ മുങ്ങിയ അവൻ ആടിയാടി അവരുടെ മുന്നിൽ വന്നു നിന്നു. എടി, ഈ കെളവി... എന്തിനാടി എല്ലാ ദിവസോം ഇങ്ങോട്ട് വരുന്നത്?? നാവു കുഴഞ്ഞ് അയാൾ ദേവുവിനോട് ചോദിച്ചു. ഞാൻ പോണ് ദേവൂട്ടി, നാരായണിതള്ള പോകാനായി എഴുന്നേറ്റു നിന്നു. ദേവു പേടിച്ച് ഒന്നും മിണ്ടാനാകാതെ വീടിനകത്തേക്ക് കയറി . മോനെ അപ്പു എന്റെ മോളെ, വിഷമിപ്പിക്കല്ലെടാ... തള്ള അപ്പുവേട്ടനോട് പറഞ്ഞു. ഛീ, പോ കെളവി... അയാൾ നാരായണിതള്ളയോട് ആക്രോശിച്ചു. പോട്ടെ മോളെ.. കണ്ണ് തുടച്ച് നാരായണിതള്ള വീട്ടിലേക്ക് നടന്നു.ദേവുവിന് ദേഷ്യം വന്നു അമ്മയെ പോലെ പെരുമാറുന്ന അവരോട്, അപ്പുവേട്ടന് എങ്ങിനെ ഇത്തരത്തിൽ പറയാൻ തോന്നി. അപ്പു വളരെ പണിപ്പെട്ട് വീടിന് അകത്തേക്ക് കയറി. അപ്പുവേട്ടൻ എന്തിനാ അമ്മയോട് അങ്ങിനെ സംസാരിച്ചത്?, ദേവു ദേഷ്യത്തിൽ ഉറക്കെ ചോദിച്ചു. ഛീ, വായടക്കടി!! അപ്പുവിന്റെ കൈ ദേവുവിന്റെ കവിളത്ത് ആഞ്ഞു പതിച്ചു. അവൾ കരഞ്ഞു കൊണ്ട് തറയിലേക്ക് വീണു. ചെറിയ ഏങ്ങലോടെ ദേവു തറയിൽ ഇരുന്നു, അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി കൊണ്ടിരുന്നു. താൻ ജീവിതത്തിൽ എടുത്ത ഏറ്റവും മോശം തീരുമാനമായിരുന്നു അപ്പുവുമായുള്ള വിവാഹം എന്ന് അവൾ തിരിച്ചറിയുകയായിരുന്നു. ദേവുവിന്റെ കരച്ചിൽ കണ്ട് മനസ്താപം തോന്നിയ അപ്പു കാല് നിലത്തുറക്കാതെ കിണറ്റിൻ കരയിലേക്ക് നടന്നു.

സമയം സന്ധ്യയായിരുന്നു. ദേവു കണ്ണ് തുടച്ച് എഴുന്നേറ്റു. അവൾ വീടിന് അകത്തു നിന്ന് കിണറ്റിൻ കരയിലേക്ക് പാളി നോക്കി. അവൻ അവിടെ കിണറിന്റെ തൂണിൽ ചാരി ഇരുന്ന് മയങ്ങുന്നുണ്ട്. പതിഞ്ഞ കാലടികളോടെ അവൾ കിണറ്റിൻ കരയിലേക്ക് നടന്നു.

വാ അപ്പുവേട്ടാ....നമുക്ക് അകത്തേക്ക് പോകാം അവന്റെ കൈ തന്റെ തോളിലേക്ക് ഇട്ട് ഇടറിയ സ്വരത്തിൽ ദേവു പറഞ്ഞു. നീ വിട്, എനിക്ക് മതിയായി, അവളുടെ കൈ തട്ടി മാറ്റി മയക്കത്തിൽ അയാൾ പിറുപിറുത്തു. എന്നാൽ പോ!! പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്തിൽ ദേവു അപ്പുവിനെ കിണറ്റിലേക്ക് തള്ളിയിട്ടു . വലിയൊരു ശബ്ദത്തോടെ അപ്പു വെള്ളത്തിലേക്ക് വീണു.അവൻ കിണറ്റിലേക്ക് വീണു കഴിഞ്ഞാണ് താൻ ചെയ്തത് എന്താണെന്ന ബോധ്യം ദേവുവിന് ഉണ്ടായത്. അവൾ ആകാംഷയോടെ കിണറ്റിലേക്ക് എത്തി നോക്കിയപ്പോഴേക്കും അപ്പു കിണറിന്റെ ആഴങ്ങളിൽ മുങ്ങി താഴ്ന്നിരുന്നു. അപ്പുവേട്ട.. അവളുടെ ഹൃദയം പെരുമ്പറ കൊട്ടുന്നത് പോലെ ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു.

ദേവു ദീർഘമായി ശ്വസിച്ചു കൊണ്ട് കലങ്ങിയ കണ്ണുകളോടെ തളർന്ന് കിണറിനോട് ചാരി നിലത്തിരുന്നു. അപ്പുവേട്ടൻ... അപ്പുവേട്ടൻ...അപ്പുവേട്ടൻ അവൾ ഒരു ഭ്രാന്തിയെപ്പോലെ പുലമ്പി കൊണ്ടിരുന്നു.

എത്ര നേരം അങ്ങിനെ ഇരുന്നുവെന്ന് ദേവുവിന് ഓർമയില്ല. ബ്ളും.. ബ്ളും.. ബ്ളും.. വെള്ളത്തിൽ നിന്ന് എന്തോ പൊങ്ങി വരുന്ന ശബ്ദം കേട്ട് ദേവു ഇരുന്ന ഇരുപ്പിൽ കിണറിന് മുകളിലേക്ക് ശ്രദ്ധയോടെ കാതോർത്തു .

ഒരു ബും കാരത്തോടെ അപ്പു കിണറ്റിൽ നിന്നും തെറിച്ചു വീണത് ദേവുവിന്റെ മുൻപിലേക്കായിരുന്നു . പിൻ ഭാഗം കുത്തി വീണ അവൻ കൈ കുത്തി എഴുന്നേറ്റിരുന്നു.ഞാൻ എവിടെയാ?... കയ്യിലെ മണ്ണ് തൂത്തു കളഞ്ഞ് അപ്പു ചുറ്റിനും നോക്കി ചോദിച്ചു .ദേവു ആവേശത്തോടെ അപ്പുവിന്റെ അടുത്തേക്ക് നിരങ്ങി ചെന്നു. അപ്പുവേട്ടാ... അരണ്ട വെളിച്ചത്തിൽ ദേവു അൽപനേരം അത്ഭുതസ്ഥബ്ധയായി അയാളെ നോക്കിയിരുന്നു.നടന്നതെല്ലാം ഒരു സ്വപ്നം പോലെ അവൾക്ക് തോന്നി.

എണീക്ക് അപ്പുവേട്ടാ....നമുക്ക് അകത്തേക്ക് പോകാം.അവന്റെ ഷർട്ടും പാന്റും വെള്ളത്തിൽ കുതിർന്നിരുന്നു. ദേവു അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു. നല്ല തലവേദന, ശരീരം മുഴുവൻ വേദനിക്കുന്നു, ദേവുവിന്റെ കൈ പിടിച്ച് നടക്കുമ്പോൾ അപ്പു പരാതി പറഞ്ഞു.കിടന്നുറങ്ങി എഴുന്നേറ്റാൽ എല്ലാം ശരിയാകും അപ്പുവേട്ടാ, വീടിന് അകത്തേക്ക് കയറുമ്പോൾ അവൾ പറഞ്ഞു . കിണറ്റിലെ ഓളങ്ങൾക്ക് ശക്തി കൂടി അതൊരു വലിയ ചുഴിയായി മാറിയിരുന്നു.

അപ്പുവേട്ടൻ നന്നായി കിടന്നുറങ്ങ്, കിടക്കയിൽ ഇരുത്തി അപ്പുവിന്റെ തല തോർത്തി കൊടുക്കുമ്പോൾ ദേവു പറഞ്ഞു. ദേവു കിടക്കുന്നില്ലേ? കിടക്കയിലേക്ക് കിടന്നു കൊണ്ട് അപ്പു ചോദിച്ചു. എനിക്ക് ചിലതൊക്കെ എഴുതാനുണ്ട്, അവൾ ബാം തോണ്ടിയെടുത്ത് അപ്പുവിന്റെ നെറ്റിയിൽ തടവി കൊടുത്തു .ശാന്തമായി കണ്ണടച്ചു കിടക്കുന്ന പുതിയ അപ്പുവേട്ടനെ, ദേവു കുറച്ച് നേരം നോക്കി നിന്നു. നിറം കുറഞ്ഞു, തടി കൂടുതൽ ഉണ്ട്! അവൾക്ക് ചിരി വന്നു. മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് ദേവു മേശയുടെ അടുത്തേക്ക് നടന്നു ഒരു അനുഭവ കഥ എഴുതാൻ.

ദേവു ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നു. ഗ്യാസ് സ്റ്റോവിൽ വെച്ചിരുന്ന വെള്ളം തിളക്കാൻ തുടങ്ങിയിരുന്നു . അവൾ കാപ്പിപ്പൊടി കുപ്പിയെടുത്ത് മൂടി തുറന്ന് ഒരു സ്പൂൺ കാപ്പിപ്പൊടി തിളയ്ക്കുന്ന വെള്ളത്തിലേക്കിട്ടു. കാപ്പിപ്പൊടി തിളച്ച് വെള്ളത്തിൽ അലിഞ്ഞതിന് ശേഷം ദേവു ഗ്യാസ് ഓഫ്‌ ചെയ്തു.

അടുക്കളയിലെ ലൈറ്റ് അണച്ച് ഒരു ഗ്ലാസ്സ് കടുപ്പത്തിലുള്ള കോഫിയുമായി ദേവു കിടപ്പു മുറിയിലേക്ക് നടക്കുമ്പോൾ കണ്ടൻ പൂച്ച നേരത്തെ കിടന്നിരുന്നിടത്തു തന്നെ ചുരുണ്ടു കൂടിയിരുന്നു.

അപ്പുവേട്ടൻ എഴുന്നേറ്റോ? ദേവു കിടപ്പു മുറിയിൽ എത്തുമ്പോൾ അപ്പു കണ്ണാടിയിൽ നോക്കി മുടി ചീകുന്ന തിരക്കിലായിരുന്നു. ദാ കോഫി കുടിക്ക്..., അവൾ അപ്പുവിന്റെ അടുത്തേക്ക് ചെന്നു. ദേവു കുടിച്ചില്ലേ?, അവൻ ചോദിച്ചു. അപ്പുവേട്ടൻ ഒരുപാട് മാറി, കുസൃതി ചിരിയോടെ ദേവു പറഞ്ഞു. അപ്പു കോഫി കുടിക്കുമ്പോൾ... ദേവു അവനെ ആശ്ചര്യത്തോടെ നോക്കുകയായിരുന്നു.

ഞാൻ കുളിക്കട്ടെ, ഇന്ന് ഓഫീസിലേക്ക് നേരത്തെ പോകണം, അപ്പു തോർത്തുമെടുത്ത് കുളിമുറിയിലേക്ക് നടന്നു. സമയം 6 മണി അല്ലെ ആയുള്ളൂ, ഇത്ര നേരത്തെ വില്ലജ് ഓഫീസിൽ പോകുന്നത് എന്തിന്?, അപ്പു കഴിഞ്ഞ ദിവസം ഇട്ടിരുന്ന നനഞ്ഞ ഷർട്ട്‌ എടുത്ത് കുടയുമ്പോൾ അവൾ ആലോചിച്ചു. ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു ഐ ഡി കാർഡ് പുറത്തേക്ക്‌ തെറിച്ച് തറയിലേക്ക് വീണു. അപ്പു വി ആർ , ഫുഡ്‌ സേഫ്റ്റി ഓഫീസർ, ബാഡ്ജ് നമ്പർ : F-136, ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്മെന്റ് ട്രിവാൻഡ്രം, തറയിൽ വീണ ബാഡ്ജ് കുനിഞ്ഞ് എടുക്കുമ്പോൾ ദേവു വായിച്ചെടുത്തു.അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി, ദേവു ആയാസപ്പെട്ട് കട്ടിലിലേക്ക് ഇരുന്നു.

എവിടെയാണ് തനിക്ക് തെറ്റിയത്?. അക്രമകാരിയായ പൂച്ച കിണറ്റിൽ നിന്ന് തിരിച്ചു വന്നപ്പോൾ ശാന്തസ്വഭാവക്കാരനായി, പൂച്ചയെ പോലെയല്ലല്ലോ... മനുഷ്യർ!, അതോ ഇനി ഞാൻ അപ്പുവേട്ടനെ കിണറ്റിലേക്ക് തള്ളിയിട്ടതു കൊണ്ടാകുമോ... വിധി മറ്റൊരു വിധത്തിലായത്?!. ദേവു തലയിൽ കൈ വെച്ച് കിടക്കയിലേക്ക് കിടന്നു.

അപ്പു കുളി കഴിഞ്ഞ് തല തോർത്തി മുറിയിലേക്ക് വന്നു. ദേവു കട്ടിലിൽ അപ്പുവിന്റെ ബാഡ്ജ് കയ്യിൽ മുറുക്കെ പിടിച്ച് ഗൗരവമായി ചിന്തിച്ചിരിക്കുകയായിരുന്നു. ദേവു എന്റെ ചുവന്ന ഷർട്ട്‌ എവിടെ?, ഇന്ന് രണ്ട് മൂന്നിടത്ത് ഇൻസ്‌പെക്ഷൻ ഉള്ളതാ... അക്ഷമനായി അലമാരയിൽ ഷർട്ട് തിരയുന്നതിനിടയിൽ അപ്പു പറഞ്ഞു.അവന്റെ കൈ വസ്ത്രങ്ങൾക്ക് ഇടയിൽ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു കുപ്പി വിസ്കിയിൽ തട്ടി. ഇതെന്താ ദേവു?! എനിക്കിതൊന്നും ഇഷ്ടമല്ലെന്ന് നിനക്ക് അറിഞ്ഞു കൂടെ?... വിസ്കിയുള്ള പ്ലാസ്റ്റിക് കുപ്പി താഴേക്ക് എറിഞ്ഞു കൊണ്ട് ക്ഷുഭിതനായി അവൻ ചോദിച്ചു. ദേവു ഒന്നും മിണ്ടിയില്ല. നിനക്ക് എന്താ പറ്റിയെ? നീയാകെ മാറിയല്ലോ..... . നമ്രശിരസ്കയായി കിടക്കയിൽ ഇരിക്കുന്ന ദേവുവിന്റെ അടുത്തിരുന്ന് അവളുടെ തോളിൽ കൈ വെച്ച് സാന്ത്വനിപ്പിച്ച് അപ്പു ചോദിച്ചു. അത്... അപ്പുവേട്ടാ.. എനിക്ക്..എനിക്ക്...ഒരു അബദ്ധം പറ്റി... ഇടറിയ സ്വരത്തിൽ ദേവു പറഞ്ഞൊപ്പിച്ചു.


           < അവസാനിച്ചു >

            


              


     



Rate this content
Log in

Similar malayalam story from Drama