Ravindran C P

Drama Fantasy Thriller

4.4  

Ravindran C P

Drama Fantasy Thriller

പച്ചമുറിയിലെ തടവുകാരന്‍

പച്ചമുറിയിലെ തടവുകാരന്‍

6 mins
414


പച്ചമുറിയിലേക്കുള്ള പാതി തുറന്ന വാതിലന്നരികിൽ ഒരു നിമിഷം സഹദേവൻ സംശയിച്ചു നിന്നപ്പോൾ, ലീല ചിരിച്ചുകൊണ്ട് ചോദിച്ചു: "എന്താ, ഏട്ടന് ഉളളില്‍ പോവാൻ പേടിയാണോ?" അതുകേട്ട്, കൊല്ലങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് വരുന്ന മകനെ വാത്സല്ല്യപൂര്‍വ്വം നോക്കുന്ന അമ്മയും ചിരിച്ചു.


"പേടിയോ? അതും ഈ പച്ചമുറിയോടൊ? എന്താടൊ, സുഖമാണോ നിനക്ക്?" സഹദേവൻ വാതിലുകൾ മുഴുവൻ തള്ളിത്തുറന്ന്, ഉള്ളിലേക്ക് കാലെടുത്തുവെച്ചപ്പോള്‍, നാടകീയമായി ചോദിച്ചു.


"എനിക്ക് സുഖമാണ്‌. നിനക്കോ?" ലീല സ്വരം കനപ്പിച്ച്‌, ചുണ്ടുകള്‍കൂട്ടി പറഞ്ഞു. വീണ്ടും ചിരി. അമ്മയും, ലീലയും, സഹദേവനും ഒന്നിച്ചുള്ള ചിരി.


"എന്താ ഇത്ര ചിരി?" സഹദേവനെ കൊണ്ടുവന്ന ടാക്സിക്കാരനെ പറഞ്ഞയച്ചശേഷം, ഉളളില്‍വന്ന അച്ഛനാണ് അത് ചോദിച്ചത്.


"ഏട്ടന് പേടി, ഏട്ടന്‍റെ പഴയ മുറിയോട്," ലീല ചിരിക്കിടയില്‍ഒരു വിധം പറഞ്ഞു.


"അധികം ചിരിച്ചു ആ വയര്‍ ഇങ്ങിനെ കുലുക്കണ്ട," പ്രസവത്തിന് വേണ്ടി കുറച്ചാഴ്ച്ചള്‍ക്ക് മുമ്പ് നാട്ടില്‍വന്ന ലീലയെ അമ്മ ശാസിച്ചു. ചിരിച്ചുകൊണ്ടുതന്നെ നില്‍ക്കുന്ന സഹദേവന്‍റെയും, അച്ഛന്‍റെയും കണ്ണുകൾ ഇടഞ്ഞു. മനസ്സിലുള്ള സന്തോഷം അച്ഛന്‍റെ മുഖത്ത് കാണാമായിരിന്നു.


"ഏട്ടൻ യാത്രചെയ്തു ക്ഷീണിച്ചിട്ടുണ്ടാവും. ഇനി ഇപ്പൊ ഉറക്കത്തിന്‍റെ പരിപാടിയായിരിക്കും, അല്ലേ? പക്ഷെ നേരം രാവിലെയായി." ലീല പച്ചമുറിയുടെ അടച്ചിട്ടിരുന്ന ഒരു ജനാല തുറന്ന് പുറത്തു നോക്കി പറഞ്ഞു.


"ഉറക്കമൊന്നുമില്ല ഇനി. ആദ്യം ഒരു കാപ്പി. അതുകഴിഞ്ഞ് മറ്റുപരിപാടികൾ." സഹദേവന്‍ ചുമരിനോട്  ചേര്‍ത്തിട്ടിരിക്കുന്ന കട്ടിലിൽ ഇരുന്ന്‍ മുറിക്ക് ചുറ്റും അലസമായി കണ്ണോടിച്ചു. ഒരു കാലത്ത്, ഈ മുറിയുടെ നിലം പച്ച നിറത്തിലുള്ളതായിരിന്നു. അന്ന് കിട്ടിയ പേരാണ് പച്ചമുറി എന്നത്. പിന്നെ എപ്പോഴോ, വീട്ടിന്‍റെ രൂപവും, ഭാവവും മാറിയപ്പോൾ പച്ചമുറിയും മാറി. നിലം പച്ചയില്‍നിന്ന്, നീലയായി. പക്ഷെ അപ്പോഴും, ഇത് എല്ലാവര്‍ക്കും പച്ചമുറിയായിത്തന്നെ നിന്നു.


"അപ്പൊ മുരളി വരുന്നില്ല, അല്ലെ?" സഹദേവന്‍റെ സ്വരത്തിൽ നിരാശ ഉണ്ടായിരിന്നു. മുരളിയെ കണ്ടിട്ട് എത്ര കാലമായി!


"നിന്നെ അറിയിച്ചിരുന്നില്ലേ? അമ്മ ചോദിച്ചു. "എപ്പോഴും അങ്ങിനെയാണ്. ഒന്നിച്ചു എല്ലാവര്‍ക്കും കൂടാന്‍പറ്റില്ല. അവന് എന്തോ പ്രമോഷന്‍റെ ചാന്‍സുണ്ട്. അപ്പോൾ ലീവ് എടുക്കാൻ പറ്റില്ല എന്ന്."


"അറിയാം. ഇടക്ക് വിളിക്കാറുണ്ട്. ഇമെയിലുകളും. പോട്ടെ. ഒന്നിക്കല് പിന്നെ ഒരിക്കലാവാം, അപ്പോള്‍."


"നിനക്കെങ്കിലും വരാൻ തോന്നിയല്ലോ." അച്ഛനാണ് പറഞ്ഞത്. "എത്ര കൊല്ലമായി! ഓരോ ഒഴിവുകഴിവുകൾ. എന്തായിരുന്നു പ്രശ്നം?"


"എന്തു പ്രശ്നം? സമയം ഒത്തുവന്നില്ല, അതന്നെ. പുതിയ സ്ഥലം, പുതിയ ജോലി, പുതിയ പരിചയക്കാര്‍. നാടും, വീടും അപ്പോഴും സദാ മനസ്സില്‍. സ്ഥിരമായി വിളിക്കാറുണ്ടായിരിന്നുല്ലോ?"


"പക്ഷെ വരാൻ മാത്രം സമയമില്ല! പേടിച്ചു ചില സമയത്ത്. ഇപ്പോഴാണ് സമാധാനമായത്. നേരില്‍ കണ്ടപ്പോൾ. ഒരു മാറ്റവുമില്ല. തടിച്ചിട്ടുമില്ല, മെലിഞ്ഞുട്ടുമില്ല."


"ഞാനെപ്പോഴും ഇങ്ങിനെത്തന്നെ. തടിക്കൂല്ല്യ, മെലിയൂല്ല്യ. എന്നും ഒരുപോലെ." മകൻ എന്തോ തമാശ പൊട്ടിച്ചപോലെ, അച്ഛന്‍ ചിരിച്ചു.


"തണുക്കുന്നു. നല്ല കാറ്റ്‌. ആ ജനലൊന്ന് അടച്ചാലോ?" സഹദേവന്‍ ലീലയെ നോക്കി ചോദിച്ചു.


"ഞങ്ങള്‍ക്കൊന്നുല്ല്യ തണുപ്പ്. ഏട്ടന് പനി ഉണ്ടാവും. യാത്ര ക്ഷീണവും." ലീല ജനാലയുടെ വാതിലുകള്‍ അടച്ചു.

വീട്ടിനുപുറത്ത് ഒരു സൈക്കളിന്‍റെ ബെൽ അടിച്ചു.


"പാൽ വന്നു, മോളെ. ഇവന് കാപ്പി കുടിക്കാന്‍ ധ്രതിയായിട്ടുണ്ടാവും. മുണ്ട് അവിടെ വെച്ചിട്ടുണ്ട്." അമ്മ കിടക്കയുടെ ഒരു അരികിലേക്ക് കൈ ചൂണ്ടി, ലീലയുമായി അടുക്കളയിലേക്ക് നടന്നു.


"എത്ര ദിവസത്തെ ലീവ് ഉണ്ട്?" അച്ചന്‍ ഒരു മിനിറ്റ് നേരത്തെ നിശബ്ദതക്ക് ശേഷം ചോദിച്ചു.


"ഇരുപത് ദിവസം എന്തായാലും ഉണ്ട്. നീട്ടാം വേണമെങ്കില്‍. ഇനി ഇടയ്ക്കിടയ്ക്ക്  വരണം. ഇപ്പോള്‍, 25, 30 കൊല്ലങ്ങൾ കഴിഞ്ഞുവരുന്നപോലെ തോന്നുന്നു."


"അതിന് നിനക്ക് ലീവ് കിട്ടാഞ്ഞിട്ടല്ലല്ലോ." അച്ഛന്‍റെ വാക്കുകളിൽ പരിഭവമുണ്ടായിരിന്നു. "എല്ലാ ലീവിലും അവിടെയും, ഇവിടെയും തെണ്ടിയിട്ടല്ലേ?"


"എന്നിട്ടും അവസാനം ഇവിടെത്തന്നെ എത്തിയില്ലേ?" സഹദേവന്‍റെ മറുചോദ്യം.


"നിങ്ങള്‍ മൂന്നുപേരുടെയും കഥ അതുതന്നെ ആയിരിക്കും. നിനക്കും, മുരളിക്കും, ലീലക്കും ഒക്കെ എവിടെപ്പോയാലും പറളിതന്നെ ആയിരിക്കും മനസ്സില്‍. ഇവിടെ നടക്കുന്ന കാര്യങ്ങള്‍ അപ്പോളപ്പോൾ നിങ്ങൾക്ക് കിട്ടും, അമ്മയില്‍നിന്ന്. നിനക്കായിരിക്കും ഇപ്പോള്‍ ഇവിടത്തെ കാര്യങ്ങളെപറ്റി എന്നെക്കാള്‍ അറിവ്."


"അതിനാണ് അച്ഛാ വേരുകള്‍ എന്ന് പറയുന്നത്."


"അച്ഛന്‍റെ അടുത്താണോ വേരുകളെ പറ്റി പറയുന്നത്?" അതും ചോദിച്ചുകൊണ്ട് ലീല വീണ്ടും പച്ചമുറിയിലേക്ക് വന്നു; വലിയ ആ വയറും വെച്ചു എങ്ങി എങ്ങി നടന്നു കൊണ്ട്. "എന്തിന്‍റെ വേരാ? ഒരു നോവലില്ലേ? വായിച്ചിട്ടുണ്ടോ?" അവള്‍ ആരോടന്നില്ലാതെ ചോദിച്ചു. അതിന്നൊരു ഉത്തരം അവള്‍ പ്രതീക്ഷിച്ചതുമില്ല എന്ന് തോന്നി.


"ങ്ഹാ! ഇപ്പൊ ഞാന്‍ വന്നതെന്തിനാ?" ലീല ചൂണ്ടുവിരൽ, ചുണ്ടിലമര്‍ത്തി, സ്വയം ചോദിക്കുന്നത് കേട്ടപ്പോൾ, സഹദേവന്‍റെ ഉള്ളില്‍നിന്ന് ഒരു വിതുമ്പലാണ് വന്നത്. ഒന്ന് കരയാന്‍, അച്ഛന്‍റെ വെളുത്ത നീണ്ട വിരലുകൾ ഒന്ന് തൊടാൻ, ലീലയുടെ നെറ്റിത്തടത്തിൽ ഒന്ന് ഉമ്മ വെക്കാൻ, പച്ചമുറിയിലെ ഈ നിലത്തൊന്നു വെറുതെ സ്വപ്നം കണ്ട് കിടക്കാൻ അവന്‍റെ മനസ്സ് തുടിച്ചു.


"എന്തിനാ വന്നത്?" ലീല പിന്നെയും ചോദിച്ചു. "പിടി കിട്ടി. അച്ഛനെ അമ്മ വിളിക്കുന്നു. പിന്നേ, ഏട്ടന് കാപ്പി ഇങ്ങോട്ട് കൊണ്ടുവരണോ?"


"വേണ്ട. ഞാന്‍ അടുക്കളയിലേക്ക് വരാം."


അച്ഛനും, ലീലയും പോയപ്പോള്‍ സഹദേവൻ പച്ചമുറിയുടെ വാതിലുകൾ ചാരി, യാത്ര ചെയ്യുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റി, കിടക്കയില്‍ മലര്‍ന്നു കിടന്നു. ക്ഷീണമുണ്ടായിരിന്നു. പുറത്ത്, കാറ്റ് പച്ചമുറിയുടെ അടച്ചിട്ടിരുന്ന ജനാലവാതിലുകളിൽ പോറി, വായിച്ചു കേട്ട ഒരു തരം കടവാതിലുകളെപോലെ...


ചുറ്റും കട്ടിയുള്ള ഇരുട്ടായിരിന്നു. ആ ഇരുട്ടിൽ അസുഖകരമായ ഞരക്കങ്ങൾ, ശബ്ദങ്ങള്‍. "തുറക്ക്, തുറക്ക്, ജനലുകള്‍ തുറക്ക്." അത് പറഞ്ഞുകൊണ്ട്, പുറത്തുനിന്ന് ആരോ, എന്തോ, അടച്ച ജനാലപാളികൾ തുടരെ തള്ളി നോക്കുന്നു. ഒരു സെക്കന്റ്‌ നേരത്തെ നിശബ്ദത. പെട്ടെന്ന് ഒരു പാളിയുടെ ഗ്ലാസ്സുകൾ  പൊട്ടിച്ചിതറി. ആ വിടവിലൂടെ ചുക്കി ചുളിഞ്ഞ ഒരു കൈ നീണ്ടുവന്ന്‌ സഹദേവനെ തൊട്ടുവിളിച്ചു.


"ഉറങ്ങി അപ്പോഴേക്കും! ഉറക്കം വരുന്നില്ല എന്ന് പറഞ്ഞിട്ട്." ലീല കാപ്പിയുമായി മുന്നില്‍. പേടികൊണ്ട്‌ സഹദേവന്‍റെ ഉള്ളംകൈകൾ തണുത്ത് വിറങ്ങലിച്ചിരുന്നു. നേരെ എതിര്‍വശത്തുള്ള ജനാലയുടെ നാല് പാളികളിൽ താഴത്തൊന്ന്‍ പകുതി തുറന്ന് കിടക്കുന്നു. അത് അടച്ചിരുന്നോ?


"അത് അടച്ചിരുന്നോ?" സഹദേവന്‍ ലീലയോട് ചോദിച്ചു.


"ഏത്? എന്താ ഉറക്കഭ്രാന്താണോ? ഇതാ കാപ്പി." സഹദേവന്‍ കൈവിരലുകൾ  കൊണ്ട്‌ കണ്ണുകൾ തിരുമ്മി. കാറ്റത്ത്‌ തുറന്നതായിരിക്കും. ശരിക്ക് അടച്ചിട്ടുണ്ടാവില്ല. ദുസ്വപ്നം കാണാനുള്ള സമയം!


സഹദേവന്‍ ലീലയെ നോക്കി ചിരിച്ച് കാപ്പി വാങ്ങി. എന്നിട്ട് പറഞ്ഞു; "ഉറക്കഭ്രാന്തല്ല, ശരിക്കും ഭ്രാന്ത്."


"കുളിയും, തേവാരവും ഒക്കെ വേണ്ടേ?" ലീല അടുക്കളയിലേക്ക് പ്രയാസപ്പെട്ട് നടന്നു പോവുമ്പോൾ  ചോദിച്ചു.


"വേണം. കുളിക്കണം. കളിക്കണം. ഒളിക്കണം. പിന്നെ ഓടനൂര്‍ക്കും പോവണം. തോര്‍ത്ത്‌, പെണ്ണേ!"


"ഭ്രാന്ത്, ശുദ്ധ, മുഴുത്ത ഭ്രാന്ത്. തോര്‍ത്ത്‌ മേശപ്പുറത്തുണ്ട്," ലീല പോവുന്നതിന്നടയില്‍പറഞ്ഞു. "കളിക്കണ്ട, ഒളിക്കണ്ട, ഓടന്നൂര്‍ക്കും പോവണ്ട. വേഗം കുളിച്ചു ഓടി വാ, സഹദേവാ. പുഴയൊക്കെ പഴയ കഥ. കുളിമുറിതന്നെ ശരണം."


മേശപ്പുറത്ത് മടക്കിവെച്ചിരുന്ന തോര്‍ത്ത്‌ സഹദേവന്‍ കണ്ടു. അതെടുക്കുമ്പോള്‍അതിന് താഴെ - വി കെ സഹദേവൻ, 8 എ; കോമ്പസ്സിന്‍റെ മുനകൊണ്ട്‌ മെനഞ്ഞെടുത്തൊരു കലാസ്രഷ്ടി! 8 എ. തമ്പാന്‍മാഷുടെ ക്ലാസുകള്‍. 8 എയിലെ വിജയൻ, കരുണൻ, ശാന്ത...


തോര്‍ത്ത്‌ മേശപ്പുറത്ത് തിരികെ വെച്ച് പച്ചമുറിയില്‍ത്തന്നെ പരുങ്ങി, പരുങ്ങി അയാള്‍നിന്നു, അവിടെ നിന്ന് പോവാൻ ഇഷ്ടമില്ലാത്തത് പോലെ. ഒരു മിനിട്ട് സഹദേവൻ ജനാലക്കരികിൽ നില്‍ക്കും. പുറത്തേക്കു നോക്കും. പിന്നെ വാതിലന്നരികിലെത്തും. പച്ചമുറിക്ക് അപ്പുറത്തുള്ള ഹാളിലേക്ക് കണ്ണോടിക്കും ഹാളിന്നപ്പുറം ഉമ്മറം. അതിനുമപ്പുറം മുറ്റം. മുറ്റം കടന്നാല്‍റോഡിലേക്കുള്ള വഴി. പല പല സ്ഥലങ്ങളിലേക്കുമുള്ള വഴികള്‍.


സമയം കളയണ്ട. കുളിക്കാന്‍പോവാം. അത് കഴിഞ്ഞിട്ടാവാം ആലോചനകളും, ദിവാസ്വപനങ്ങളും. സഹദേവന്‍ തോര്‍ത്ത്‌ എടുത്ത് തോളിലിട്ടു, പച്ചമുറിയില്‍നിന്ന് ഹാളിലേക്ക് കടക്കുന്ന വാതിലിന്നരികിലേക്ക് തിരിഞ്ഞു. എന്നിട്ട് വീണ്ടും അവിടെത്തന്നെ നിന്നു.


"എന്തിനാ നീ ഇപ്പോത്തന്നെ പോണത്? ഇത്തിരി സമയം മുമ്പ് വന്നതല്ലേ ഉള്ളു നീ?"


ആരാണ് അപ്പറഞ്ഞത്‌? "ലീലേ, ലീലേ, എവിടെയാണ് നീ? നിയ്യന്നെ." സഹദേവന്‍ വാതിലന്നരികിൽ നിന്ന് ഉറക്കെ വിളിച്ചു. വിളികേട്ട് ഓടിവന്നത് അമ്മയാണ്.


"എന്തിനാ ലീല? അവള്‍കാപ്പി കുടിക്കാണ്."


"അപ്പൊ ആരാ അത് പറഞ്ഞത്? ലീല അല്ലെ?" അമ്മക്കൊന്നും മനസ്സിലായില്ല.


"ആര് പറഞ്ഞു? എന്ത് പറഞ്ഞു? എന്താ നീ ഇവിടെത്തന്നെ ഇങ്ങിനെ നില്‍ക്കുന്നത്? പോയി കുളിക്ക്." സഹദേവന്‍ ഒരു കാലെടുത്തു ഹാളിലേക്ക് വെച്ചു. പിന്നെ പെട്ടെന്ന് പച്ചമുറിയിയിലേക്കുതന്നെ തിരിഞ്ഞു.


"ഉം, എന്താ?" അമ്മ ചോദിച്ചു.


"സോപ്പ്?"


"സോപ്പ് ഞാന്‍ തരാം." അമ്മ സഹദേവന്‍റെ അടുത്തേക്ക് വന്ന്‌ അവന്‍റെ കൈ പിടിച്ച് ഹാളിലേക്ക് കൊണ്ടുവന്നു. "മടിയന്‍. പോടാ, പോയി, കുളിച്ചു വാ."


സഹദേവൻ ചിരിച്ചു. എന്നിട്ട് പച്ചമുറിയിലേക്ക് ഒന്ന് തിരിഞ്ഞുനോക്കി, അമ്മയുടെ പിന്നാലെ കുളിമുറിയിലേക്ക് നടന്നു.

ചിലപ്പോൾ  തോന്നും, ഒന്നും മാറിയിട്ടില്ല ഈ വീട്ടിലെന്ന്. എല്ലാം അതേപടി. കുട്ടിക്കാലത്തെപോലെത്തന്നെ. അതേ പച്ചമുറി, അതേ ഹാള്‍, അതേ അമ്മ, അതേ ഞാന്‍. എന്നാൽ അതേ സമയം എല്ലാം മാറിയിരിക്കുന്നു. പച്ചമുറിയടക്കം. പണ്ടൊന്നും പച്ചമുറി സംസാരിക്കാറുണ്ടായിരുന്നില്ല!


ആ നിമിഷം തന്നെ അയാള്‍ക്ക് പച്ചമുറിയിലേക്ക് തിരിച്ചെത്താൻ തിടുക്കം കൂടി. അവിടെ വളരെ വേണ്ടപ്പെട്ടരാരോ കാത്തിരിക്കുന്നപോലെ. എന്താണ് സംഭവിക്കുന്നത്, സഹദേവൻ സ്വയം ചോദിച്ചു. ഈ ലീവിലും വരണ്ടായിരിന്നു. വേറെ എത്ര സ്ഥലങ്ങളുണ്ട്‌ പോവാനും, കാണാനും. പക്ഷെ ഞാന്‍വന്നതല്ലല്ലോ, എന്നെ വരുത്തിച്ചതല്ലെ?


കുളി വേഗത്തില്‍കഴിച്ച്, അയാള്‍ പച്ചമുറിയിലേക്ക്‌ കുതിച്ചു. മുറിയിലെത്തിയപ്പോഴെ അയാള്‍ക്ക് ശ്വാസം നേരെ വീണുള്ളൂ. ഇനി ഈ മുറിയില്‍തന്നെ. നനഞ്ഞ തോര്‍ത്ത്‌ റാക്കില്‍ ഉണക്കാനിട്ട്‌, കട്ടിലില്‍, അമ്മയായിരിക്കണം വെച്ചിരുന്ന പുതിയ മുണ്ടുടുത്ത്, അയാള്‍ മേശക്കടുത്തുള്ള ജനാലയിലുടെ പുറത്തേക്ക് നോക്കിനിന്നു, ഒരു തടവുകാരനെ പോലെ. ജനാലക്കുപ്പുറമുള്ളൊരു കുട്ടിമതിലും കടന്നുള്ള ഊടുവഴിയിലുടെ ഉറക്കെ സംസാരിച്ചുകൊണ്ട് ഒരുകൂട്ടം കുട്ടികൾ  നടുന്നുപോയി. പറളി ഹൈസ്കൂളിലേക്കുള്ളൊരു എളുപ്പവഴിയാണത്. ജനലഴികള്‍പിടിച്ചു നിക്കുന്ന അയാളെ, അവര്‍ ശ്രദ്ധിച്ചതേയില്ല.


പുറത്തെ കാഴ്ചകള്‍ കണ്ടുമടുത്തപ്പോൾ, സഹദേവൻ കട്ടിലിൽ കണ്ണടച്ച് കിടന്നു. രാവിലെ ഒന്നും കഴിച്ചിട്ടില്ല, ഒരു കപ്പ്‌ കാപ്പി കുടിച്ചതല്ലാതെ. പക്ഷെ ഒട്ടും വിശപ്പ് തോന്നുന്നണ്ടായിരുന്നില്ല.


അമ്മയും, ലീലയും അടുക്കളയില്‍നിന്നാവണം സംസാരിക്കുന്നതിന്‍റെ നേര്‍ത്ത ശബ്ദങ്ങള്‍ സഹദേവന് കേള്‍ക്കാമായിരുന്നു. കുറച്ച് നേരത്തേക്ക് അത് തുടര്‍ന്നു. പിന്നെ പെട്ടെന്ന് അവ നിലച്ചു. പച്ചമുറി പുറത്തുനിന്നുള്ള എല്ലാം ശബ്ദങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയപോലെ അയാള്‍ക്ക്‌ തോന്നി. അതില്‍ അസ്വഭാവികമായി ഒന്നും അയാള്‍ക്ക്‌ തോന്നിയതുമില്ല. ഇതൊക്കെ ഏറെക്കുറെ സഹദേവന്‍ പ്രതീക്ഷച്ചതുമായിരുന്നു.


"നീ ഇനി എനിക്ക് സ്വന്തം," പച്ചമുറി അയാളുടെ ചെവിയില്‍ മന്ത്രിച്ചു.


"അത് ഞാന്‍ വന്നത് കൊണ്ടല്ലേ?" സഹദേവന്‍ മനസ്സിൽ പറഞ്ഞു.


"വന്നതല്ല, വരുത്തിച്ചതാണ്," ഉള്ളിലാരോ തിരുത്തി.


ഒരു അര്‍ദ്ധമയക്കത്തിന്‍റെ സുഖത്തിൽ കിടന്നിരുന്ന സഹദേവന്, തന്നെ ആരോ തൊട്ടുതലോടുന്നത് പോലെ തോന്നി. ഒരു പക്ഷെ, എല്ലാം തോന്നുലകള്‍ ആയിരിക്കും. കണ്ണൊന്നു തുറന്നാൽ ഒക്കെ മാറിമറയും. പക്ഷെ കണ്ണ് തുറക്കാന്‍ എത്ര ശ്രമിച്ചിട്ടും, പറ്റുന്നില്ല. ഇപ്പോള്‍ സഹദേവൻ രണ്ടുപേരുടെ നടുവിലാണ് കിടക്കുന്നത്. അവരുടെ കൈകൾ അയാളുടെ ദേഹമാസ്സകലം എന്തോ അന്വേഷിക്കുന്നതുപോലെ പരതി നടന്നു. സഹദേവന്‍റെ മനസ്സും, ശരീരവും, നിയന്ത്രിക്കുന്നത് അവരുടെ കൈകളാണ്. കാണാതെത്തന്നെ അയാളവരെ തിരിച്ചറിഞ്ഞു: എട്ടു എ യിലെ കരുണനും, ശാന്തയും. കോമ്പസ്സിന്‍റെ മുനകൊണ്ട്‍ മേശപ്പുറത്തും, അതിനു മുമ്പുതന്നെ മനസ്സിലും കോറിയിട്ട പേരുകൾ. ആവരുടെ തലോടലുകൾ  സഹദേവനെ മറ്റൊരു ലോകത്തിലേക്ക്‌ കൊണ്ടുപോയപ്പോൾ, അയാൾ  എല്ലാം മറന്ന് അവരിൽ ലയിച്ചു. ഒരു നിമിഷത്തേക്ക് മാത്രം.


വന്നപോലെത്തന്നെ ആ രണ്ടുപേരും പെട്ടെന്ന് മറഞ്ഞപ്പോള്‍, സഹദേവന് സ്ഥലകാലബോധം തിരിച്ചുകിട്ടി. അപ്പോളാണ് തനിക്ക് ആ കൂടിച്ചേരലിൽ നഷ്ടപ്പെട്ടത് എന്താണെന്ന് അയാൾ അറിഞ്ഞത്. ഒരിക്കലും തിരിച്ചുകിട്ടാത്ത ഒന്നാണത്‌ എന്ന ബോധം, സഹദേവന്‍റെ മനസ്സിനെ കലുഷമാക്കി. അടക്കാന്‍വയ്യാത്ത സങ്കടവും, ദേഷ്യവും ഒരേ സമയത്ത് അയാളെ പിടികൂടി. ഒരു നിമിഷത്തിനു വേണ്ടി, ഒരു ജീവിതം മൊത്തം കുരുതി കൊടുത്തത്പോലെ സഹദേവന് അനുഭവപ്പെട്ടു.


"വിഷമിക്കരുത്. ഞാനുണ്ട് നിന്‍റെയൊപ്പം," പച്ചമുറി അയാളെ ആശ്വസിപ്പിച്ചു. "എപ്പോഴും." നെറ്റിത്തടത്തിൽ വാത്സല്യത്തിന്‍റെ വിരല്‍പ്പാടുകൾ.


വാതിലില്‍ നിര്‍ത്താതെയുള്ള മുട്ടലുകൾ കേട്ട് സഹദേവൻ ഞെട്ടി ഉണര്‍ന്നു. ശബ്ദങ്ങളുടെ ലോകം ഇപ്പോൾ തിരിച്ചുവന്നിരിക്കുന്നു.


"രാവിലെ, കുളി കഴിഞ്ഞ്‌ ഉറങ്ങാണോ? വാതില്‍ തുറക്ക്." വാതിൽ ഉള്ളിൽ നിന്ന് അടച്ചിരുന്നോ? സഹദേവന് ഓര്‍മ്മ ഉണ്ടായിരുന്നില്ല. ചാടിപ്പിടിച്ച്‌ എണീറ്റു വാതില്‍തുറന്നപ്പോൾ, അമ്മ മുമ്പില്‍.


"ഉള്ളുന്ന്‍ പൂട്ടി, എന്ത് ചെയ്യാണ് നീ ഇവിടെ? സ്കൂളില്‍ പോവണ്ടേ? ലീലയും, മുരളിയും എപ്പഴേ പോയി?" സഹദേവന്‍ ഒരു നിമിഷം തരിച്ചുനിന്നു, എന്ത് പറയണം എന്നറിയാതെ. എത്രയോ കൊല്ലങ്ങള്‍ക്ക് ശേഷം, ആദ്യമായി വരുകയാണല്ലോ ഇവിടെ ഞാന്‍! ആരുടെ സ്വപ്നത്തിലാണ് ഞാനിപ്പോള്‍ അഭിനയിക്കുന്നത്!


"വല്ലാത്ത തലവേദന. ക്ഷീണവും. ഇന്ന് വയ്യ." സ്വപ്നം ആരുടേതാണെങ്കിലും, തന്‍റെ ഭാഗം ഭംഗിയാക്കാന്‍ സഹദേവൻ തീരുമാനിച്ചു.


"പനി ഉണ്ടാവും, നോക്കട്ടെ." അമ്മ സഹദേവന്‍റെ കഴുത്തിൽ കൈ വെച്ചു നോക്കി. "ചൂടൊന്നുമില്ല ഇപ്പോള്‍. പക്ഷെ വയ്യായ്ക  ഉണ്ടെങ്കിൽ, പോവണ്ട. കിടന്നൊ. വാതില്‍ ഉളളിൽ നിന്ന് അടക്കരുത്." സഹദേവന്‍ കട്ടിലിൽ കിടന്ന ശേഷമേ, അമ്മ പച്ചമുറിയില്‍നിന്ന് പോയുള്ളൂ.


സഹദേവന്‍ കട്ടിലിൽ കണ്ണ് പൂട്ടി കിടന്നു, തുറക്കുമ്പോൾ എല്ലാം പഴയ പടിയാവും എന്ന് ഉറപ്പിച്ച്. പക്ഷെ വീണ്ടും കണ്ണുകൾ   തുറന്നപ്പോൾ, കാണുന്നത്, പരിഭ്രമിച്ചു നില്‍ക്കുന്ന അച്ഛനെയാണ്. "അമ്മ പറഞ്ഞു, സുഖമില്ലെന്ന്‍. എന്ത് പറ്റി, മോനേ?"


"സാരമില്ല. ചെറിയൊരു ക്ഷീണം. അച്ഛന്‍ പേടിക്കണ്ട."


സഹദേവൻ അഭിനയിക്കുകയല്ലായിരുന്നു, ജീവിക്കുകയായിരിന്നു സ്വന്തം വേഷത്തിൽ. അച്ഛന്‍ മകന്‍റെ തോളത്ത്, വളരെ മൃദുവായൊന്നു തട്ടി, മുറിയില്‍നിന്ന് പുറത്തേക്കു കടന്നു.


അപ്പോഴാണ്, സഹദേവന്‍ ശ്രദ്ധിക്കുന്നത്, മുറിയുടെ നിലത്തിന് ഇപ്പോൾ പച്ചനിറമാണ്. മുറിയുടെ വാതില്‍, അച്ഛനായിരിക്കണം അടച്ചിരിക്കുന്നു...


"എന്നെ വരുത്തിയത് ഇതിനായിരുന്നു, അല്ലെ?" അയാള്‍ ആരൊടെന്നില്ലാതെ മനസ്സിൽ ചോദിച്ചു.


"പക്ഷെ, നിനക്ക് വരാതിരിക്കാൻ  പറ്റുമായിരുന്നോ?" ഉത്തരം, ഒരു മറുചോദ്യമായിരുന്നു. 


പച്ചമുറിയുടെ, തുറന്നിട്ട ജനാലകളെല്ലാം, ഒന്നൊന്നായി അടഞ്ഞു. പുറത്ത്‌ കാറ്റ് ഉണ്ടാവണം.  


Rate this content
Log in

Similar malayalam story from Drama