തിരിച്ചു വന്നവര്‍
തിരിച്ചു വന്നവര്‍


ആദ്യം വന്നത് എന്‍റെ വീട്ടിന് തൊട്ടടുത്ത് താമസിക്കുന്ന രാധച്ചേച്ചിയുടെ മകനായിരുന്നു: മുരളി. പതിനേഴ് വയസ്സ് കഴിഞ്ഞ് പത്തുദിവസത്തിനു ശേഷമാണ് മുരളി ആരോടും പറയാതെ നാട് വിട്ടതെന്ന് രാധച്ചേച്ചി കരച്ചിലടക്കി, അമ്മയോട് പലവട്ടം പറയുന്നത് കേട്ടിട്ടുണ്ട്. പന്ത്രണ്ടിലെ, പരീക്ഷ എഴുതി, ഫലം കാത്തിരുന്ന മുരളി എന്തിനാണ് നാടുവിട്ട് പോയതെന്ന് രാധച്ചേച്ചിക്ക് മനസ്സിലായിരുന്നില്ല. പരീക്ഷ കഴിഞ്ഞുള്ള അവധികാലത്താണ് ഒരു വൈകുന്നേരം പുറത്തുപോയ മുരളി തിരിച്ചുവരാതിരുന്നത്.
ആ മുരളിയാണ് ഒമ്പത്കൊല്ലത്തിന് ശേഷം ഒരു ദിവസം രാവിലെ പെട്ടെന്ന് തിരിച്ചുവരുന്നത്.
രാധച്ചേച്ചിയുടെ വീട്ടിലെ കോലാഹലങ്ങള്‍ കേട്ടാണ്, അമ്മയും, ഞാനും അന്നുരാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ. ആ ദിവസം തന്നെ വൈകുന്നേരം വന്ന് അവർ അമ്മയോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. പുലര്‍ച്ചെ വീട്ടിന്‍റെ മുന്‍വശത്തുള്ള വാതിലിലെ മുട്ട് കേട്ടാണ് അവർ ഉണർന്നതത്രേ. വാതിൽ തുറന്നപ്പോൾ പെട്ടിയും പ്രമാണങ്ങളുമായി ഒരു ചെറുപ്പക്കാരൻ മുന്നിൽ.
കുറച്ചുനേരം അവർ ഒന്നും പറയാതെ അങ്ങോട്ടും, ഇങ്ങോട്ടും നോക്കിനിന്നു. വന്ന ചെറുപ്പക്കാരന്‍റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞുകവിഞ്ഞൊഴുകി. അവൻ “അമ്മേ” എന്ന് വിളിച്ച് രാധചേച്ചിയെ കെട്ടിപ്പിടിച്ചു. രാധചേച്ചിയും കരച്ചില്‍ തുടങ്ങി. ശബ്ദം കേട്ട് മുരളിയുടെ അച്ഛന്‍ വിജയനും, അനിയത്തി രാധികയും പുറത്തേക്കു വന്നു. അതോടെ ആ സമാഗമം കൂടുതല്‍ വികാരനിർഭരമായി. കരഞ്ഞും, കെട്ടിപ്പിടിച്ചും അവർ അയല്‍ക്കാരെ മുഴുവൻ ഉണര്‍ത്തി.
മുരളിയുടെ തിരിച്ചുവരവ് ചുറ്റുവട്ടത്തുള്ള എല്ലാവരും ഒരാഘോഷമാക്കി മാറ്റി. പക്ഷെ എന്തുകൊണ്ടോ എന്‍റെ മനസ്സ് അതിനുശേഷം വളരെ അസ്വസ്ഥമാവുകയാണ് ചെയ്തത്. പഠിക്കുന്നതിലൊന്നും ശ്രദ്ധ നില്‍ക്കുന്നില്ല. എന്തോ ചില ദൂസ്സൂചനകൾ കാണുന്നപോലെ എപ്പോഴും എനിക്ക് അനുഭവപ്പെട്ടു.
മുരളി അതിനുശേഷം പറളി വിട്ട് തിരിച്ചുപോയില്ല. പക്ഷെ വീട്ടിനു പുറത്തു വളരെ ദുർലഭമായെ കണ്ടിരുന്നുള്ളൂ. എന്നെ കാണുമ്പോഴെല്ലാം പരിചയം ഒരു ചിരിയിൽ ഒതുക്കി, ഒന്നും പറയാതെ നടന്നുപോവും.
വരുമ്പോൾ മുരളിയുടെ കയ്യിൽ ഒരുപാട് പൈസ ഉണ്ടായിരുന്നിരിക്കണം. രാധചേച്ചി അതിനെപറ്റി ഒന്നും പറഞ്ഞിരുന്നില്ല. ആരെങ്കിലും അതിനെപറ്റി ചോദിച്ചിരുന്നെങ്കിലോ സൂചിപ്പിരുന്നെങ്കിലോ, നേരിട്ടൊരു ഉത്തരം തരാതെ തന്ത്രപൂർവ്വം അവർ വിഷയം മാറ്റുകയായിരുന്നു പതിവ്. പക്ഷെ അവർ വീട് പുതുക്കിപണിതു. ജോലിക്ക് ഒരാളെ വെച്ചു. രാധിക പുതുപുത്തൻ കുപ്പായങ്ങൾ അണിഞ്ഞ് കോളേജിൽ പോവാൻ തുടങ്ങി. മുരളി വന്നതിനുശേഷം അവരുടെ ജീവിതശൈലി മാറുകയായിരുന്നു.
പക്ഷെ എന്താണെന്നറിയില്ല, എന്‍റെ മനസ്സിൽ എന്തോ അപായമണികൾ എപ്പോഴും മുഴങ്ങിക്കൊണ്ടേയിരുന്നു. മുരളിയുടെ വരവ് ഒരു തുടക്കം മാത്രമായിരുന്നു എന്ന് എനിക്ക് ബോദ്ധ്യമായത് പിന്നീടാണ്.
മുരളിക്കുശേഷം തിരിച്ചുവന്നത് രാമകൃഷ്ണനായിരുന്നു. പറളിയില്‍നിന്ന് ഓടനൂര്‍ക്ക് തിരിയുന്ന വഴിക്കരികത്തായിരുന്നു രാമകൃഷ്ണന്‍റെ അച്ഛനും അമ്മയും താമസിച്ചിരുന്നത്. രാമകൃഷ്ണൻ പാലക്കാട് വിക്ടോറിയ കോളേജിൽ ഡിഗ്രി കോഴ്സിന്‍റെ അവസാനവര്‍ഷത്തിൽ ആയിരിക്കുമ്പോഴാണ് പറളിയില്‍നിന്ന് പെട്ടെന്നൊരു നാൾ അപ്രത്യക്ഷനാവുന്നത്. അതിന്‍റെ കാരണവും ആര്‍ക്കും അറിയില്ലായിരുന്നു. അല്ലെങ്കിൽ അറിയുന്നവർ പറഞ്ഞിരുന്നതുമില്ല.
അതിനുശേഷം കഴിഞ്ഞ ഡിസംബർ വരെ എന്‍റെ കണക്കുകൂട്ടലുകൾ പ്രകാരം കൊല്ലങ്ങള്‍ക്ക് മുമ്പ് നാടുവിട്ടുപോയ അഞ്ചു പേരാണ് പറളിയിലേക്ക് പല ആഴ്ചകളായി തിരിച്ചുവന്നിരിക്കുന്നത്. ഖത്തറിൽ ജോലിക്കുപോയി ഒന്‍പതു മാസത്തിനു ശേഷം യാതൊരു വിവരവുമില്ലാതിരുന്ന മന്‍സൂറിന്റെ തിരിച്ചുവരവ് വലിയൊരു സംസാരവിഷയമായി മാറി പറളിയിൽ.
പ്രസാദ്, മനു, രഘു, സതീശൻ എന്നിവരാണ് തിരിച്ചുവന്ന മറ്റു നാലുപേർ, പല കുടുംബങ്ങളിലായി. ഈ ഏഴുപേരും 16നും 20നും വയസ്സിനിടയിൽ പറളിയില്‍നിന്ന് പല സമയങ്ങളിലായി അപ്രത്യക്ഷരായവരാണ്.
എല്ലാം ഞാൻ നിരീക്ഷിച്ചുകൊണ്ടിരിക്കയും, എന്‍റെ അനുമാനങ്ങൾ അതാത് സമയം ഒരു നോട്ട്ബുക്കിൽ എഴുതിവെക്കയും ചെയ്തുകൊണ്ടിരുന്നു. അത് എന്‍റെ അന്വേഷണത്തെ സഹായിക്കും എന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. എന്‍റെ സംശയങ്ങളെല്ലാം സ്ഥിരീകരിച്ചത് കുറച്ച് ദിവസങ്ങള്‍ക്കു മുൻപായിരുന്നു. ഈ കുറിപ്പുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് അവ നിങ്ങൾ നാട്ടുകാരുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ്. പക്ഷെ ഞാന്‍ വിചാരിച്ചതിലും വേഗമാണ് കാര്യങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം പറളി ഹൈസ്കൂളിനു പിന്നിലുള്ള പറങ്കിമാവ് തോട്ടത്തിന്‍റെ വശത്തുള്ള ഇടവഴിയിലൂടെ എന്തൊക്കെയോ ആലോചിച്ച് നടന്നുവരുമ്പോഴായിരുന്നു അടക്കിയ ശബ്ദത്തിൽ ഒന്ന്, രണ്ടു പേർ സംസാരിക്കുന്നത് ഞാൻ കേട്ടത്. ആള്‍പാര്‍പ്പില്ലാത്ത സ്ഥലമായതുകൊണ്ട് ഇരുട്ടായികഴിഞ്ഞാൽ ആ വഴി സാധാരണ ഒഴിവാക്കാറായിരുന്നു എന്‍റെ പതിവ്. അന്ന് എന്തോ ആ വഴി പോകുമ്പോള്‍ സമയം പോയതറിഞ്ഞില്ല. മനസ്സ് ആകെ താളം തെറ്റിയിരുന്നു. മണലെടുത്ത്, മണലെടുത്ത് ചളിക്കുണ്ടായ പറളിപ്പുഴയും, ചുട്ടുപഴുത്ത കാലാവസ്ഥയും, സ്വന്തം ഭാവിയെപ്പറ്റിയുള്ള എന്‍റെ ആശങ്കകളും എല്ലാം ഒരേസമയത്ത് എന്നെ തീ തീറ്റിക്കുകയായിരുന്നു. ഈ അസ്വസ്ഥത കാരണമായിരിക്കണം സമയം പോയത് ഞാനറിഞ്ഞില്ല. ആ നേരത്താണ് പതിഞ്ഞ സ്വരത്തിലുള്ള ശബ്ദങ്ങൾ ഞാൻ കേള്‍ക്കുന്നത്.
വഴിക്കരികിലുള്ള മതിലിന്‍റെ മുകളിലൂടെ ഏന്തി ഞാൻ പറങ്കിമാവിൻ തോട്ടത്തിലേക്ക് നോക്കി, എവിടെനിന്നാണ് ശബ്ദം വരുന്നതെന്നറിയാന്‍. അപ്പോഴാണ് കുറച്ചുദൂരത്തുള്ളൊരു പറങ്കിമാവിന്‍റെ ചുവട്ടിൽ നില്‍ക്കുന്ന ആറേഴുപേരെ കാണുന്നത്. ആരാണവർ? എന്താണവർ ചെയ്യുന്നത്? എന്‍റെ ജിജ്ഞാസ ഉണര്‍ന്നു.
ഞാന്‍ മതിലിൽ പൊത്തിപിടിച്ച് മറ്റേ ഭാഗത്തേക്ക് ശബ്ദമുണ്ടാക്കാതെ ഇറങ്ങിനടന്നു. എന്നിട്ട് അവര്‍ നില്‍ക്കുന്നതിനടുത്തുള്ളൊരു മരത്തിന്‍റെ ഓരം പറ്റിനിന്ന് നോക്കി. ഏഴുപേരുണ്ട് മൊത്തം. അതിൽ മുരളിയെ മാത്രമേ എനിക്ക് തിരച്ചറിയാൻ കഴിഞ്ഞുള്ളൂ. അയാളാണ് അധികം സംസാരിച്ചിരുന്നതും. ഞാന്‍ ചെവി കൂര്‍പ്പിച്ചുനിന്നു, അവര്‍ പറയുന്നത് മുഴുവൻ കേൾക്കാൻ വേണ്ടി.
“അതാണ് ഞാൻ പറയുന്നത്,” മുരളി എന്തോ പറഞ്ഞുകൊണ്ടിരിക്കുന്നത് മുഴുവനാക്കി. “നമ്മള്‍ ശ്രദ്ധിച്ച് നീങ്ങണം. സംശയത്തിന് ഇടം കൊടുക്കരുത്.” ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം അയാൾ തുടര്‍ന്നു. “നമ്മുടെ ഉദ്ദേശം വലുതായതൊന്നാണ്. പറളി ഒരു തുടക്കം മാത്രമാണ്. ഒരു പിഴവും വരാന്‍ പാടില്ല.”
“പക്ഷെ എപ്പോഴാണ് നമ്മൾ തുടങ്ങുക?" മറ്റു ആറുപേരിലൊരാൾ ചോദിച്ചു.
“തിടുക്കം കൂട്ടി ഒന്നും ചെയ്യരുത്,” മുരളി പിന്നെയും ഉപദേശിച്ചു. “നിര്‍ദ്ദേശങ്ങൾ കിട്ടും പ്രകാരം നിങ്ങളെ ഞാൻ അറിയിക്കും. അതനുസരിച്ച് നീങ്ങണം നമ്മൾ.”
കുറച്ചുനേരത്തേക്ക് പിന്നെ ആരും സംസാരിക്കുന്നത് കേട്ടില്ല. ഒന്ന്, രണ്ടു മിനിറ്റ് കഴിഞ്ഞ് മെല്ലെ ഒരു വശത്തൂടെ നോക്കുമ്പോൾ എല്ലാവരും അത്ഭുതകരമാവണ്ണം അവിടെ നിന്ന് അപ്രത്യക്ഷരായിരിക്കുന്നു.
എന്‍റെ കയ്യും, കാലും ആ ചൂടിലും തണുത്തു വിറങ്ങലിച്ചതു പോലെ ആയി. ഹ്രദയം അതിശക്തിയായി മിടിച്ചുകൊണ്ടിരുന്നു.
എന്താണു ഞാന്‍ കണ്ടതും, കേട്ടതും എന്ന് എനിക്കുതന്നെ അറിയാൻ പാടില്ലായിരുന്നു. ഒരുപക്ഷെ ഇതെല്ലാം എന്‍റെ വിഭ്രാന്തികളായിരുന്നോ എന്നും എനിക്ക് പെട്ടെന്ന് സംശയം തോന്നി.
പറളിയിലേക്ക് തിരിച്ചുവന്നവർ എന്നപേരിൽ നടക്കുന്ന ഈ ഏഴുപേരും യഥാര്‍ത്ഥത്തിൽ ആരാണ്? എന്താണ് അവരുടെ ശരിക്കുള്ള ഉദ്ദേശം? ഞാന്‍ ആന്വേഷിച്ചുകൊണ്ടിരിക്കയാണ്. പക്ഷെ ഇത് എന്‍റെ മാത്രം ദൌത്യമല്ല. എല്ലാ പറളിക്കാരും ഒന്നിച്ചുനിന്ന് ശ്രമിക്കണമതിന്. എന്ത് സംഗതിയായാലും, അത് പറളിയിൽ നിന്നാണ് തുടങ്ങാൻ പോവുന്നതെന്ന് നമ്മള്‍ക്ക് ക്രത്യമായി അറിയാൻ കഴിഞ്ഞിരിക്കുന്നു. അതറിഞ്ഞിട്ടും നമ്മള്‍ ഒന്നും ചെയ്യാതിരുന്നാൽ, വരാനിരിക്കുന്ന എന്തോ വലിയൊരു വിപത്തിന്‍റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും പറളിക്കാരായ നമ്മൾക്കായിരിക്കും.