വിരുതൻ പി

Drama Tragedy Fantasy

5  

വിരുതൻ പി

Drama Tragedy Fantasy

കാലൻ കോഴി

കാലൻ കോഴി

6 mins
19


നേരം സന്ധ്യയായിരുന്നു. കിഴക്ക് നിന്ന് പറന്നു വന്ന കാലൻ കോഴി ശ്രീധരൻ ചേട്ടന്റെ വീടിന് മുന്നിലെ കാലൻ മാവിന്റെ തടിച്ച ചില്ലയിൽ ഇരിപ്പുറപ്പിച്ചു. മാവിന് താഴെ മരണ ശയ്യയിൽ കിടക്കുന്ന ശ്രീധരൻ ചേട്ടന്റെ മക്കളായ വിനോദും സുമേഷും അഞ്ചാറ് നാട്ടുകാരും കസേരകളിൽ വട്ടം കൂടിയിരിക്കുന്നുണ്ട്. സ്ഥലത്തെ വീടുകളിലെ എല്ലാ പരിപാടികൾക്കും ലൈറ്റ് ആൻഡ് സൗണ്ട് ചെയ്തു കൊടുക്കുന്ന തമ്പി ചേട്ടൻ വീടിന് മുറ്റത്ത് ഓടി നടന്ന് ട്യൂബ് ലൈറ്റുകൾ തെളിയിക്കുന്ന തിരക്കിലായിരുന്നു. വീടിന് മുന്നിലെ വഴിയിൽ ശ്രീധരൻ ചേട്ടനെ ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിച്ച ആംബുലൻസ് കിടക്കുന്നുണ്ട്.


അധികം കിടന്ന്‌ ബുദ്ധിമുട്ടിക്കാതെ സമാധാനമായി പോയാൽ മതിയായിരുന്നു, ഒരുപാട് വേദന തിന്നു പാവം, നാട്ടുകാരിലാരോ അടക്കം പറഞ്ഞു. സമയമാകുമ്പോൾ എല്ലാവരും പോകും, എന്ന് വേറൊരാൾ . മോനെ വിനോദെ ഡോക്ടർ എന്താടാ പറഞ്ഞത്?, എന്തെങ്കിലും പ്രതീക്ഷയുണ്ടോ?. വിഷമിച്ച് കസേരയിൽ തലയിൽ കയ്യും വെച്ച് കുനിഞ്ഞിരിക്കുന്ന വിനോദിനോട് രാഘവൻ മാമൻ ചോദിച്ചു. ഡോക്ടർ അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചോളാൻ പറഞ്ഞു , അച്ഛന് വീട്ടിൽ കിടന്ന് മരിക്കണമെന്നാണ് ആഗ്രഹം അമ്മാവാ, അതു കൊണ്ടാണ് വീട്ടിലേക്ക് കൊണ്ടു വന്നത് ബാങ്കിൽ ജോലി ചെയ്യുന്ന വിനോദിന്റെ ശബ്ദം ഇടറിയിരുന്നു. വിനോദിന്റെ അനിയൻ സുമേഷ് ചേട്ടന്റെ തോളിൽ കൈ വെച്ച് അശ്വസിപ്പിച്ചു.രാഘവൻ മാമൻ ദീർഘമായി നിശ്വസിച്ചു.സുമേഷേ രണ്ട് ട്യൂബ് ലൈറ്റ് വീടിന് മുൻപിൽ ഇട്ടിട്ടുണ്ട് അത് മതിയോ?, തമ്പി ചേട്ടൻ ചോദിച്ചു. അത് മതിയെടോ തമ്പി, താൻ അതൊന്ന് ഓൺ ആക്ക്,  വീട്ടിൽ ഇത്തിരി വെട്ടം വെളിച്ചം ഒക്കെ വരട്ടെ,  രാഘവൻ മാമൻ പറഞ്ഞു.ശരി രാഘവേട്ടാ, ഞാൻ ഇപ്പോൾ ഓണാക്കാം, തമ്പി സ്വിച്ചിന് അടുത്തേക്ക് നടന്നു.


അൽപ്പ നിമിഷം കൊണ്ട് വീടിന് മുൻവശം ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ കുളിച്ചു.മാവിന്റെ കൊമ്പിലിരുന്നിരുന്ന കാലൻകോഴി ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിലേക്കു പറക്കുകയായിരുന്ന ചീവീടിനെ പറന്നു ചെന്ന് കൊക്കിലൊതുക്കി, തന്റെ പഴയ ഇരിപ്പടത്തിലേക്ക് തിരിച്ച് പറന്ന്, ഇരിപ്പുറപ്പിച്ച്, പ്രാണ വേദന കൊണ്ട് തന്റെ കൂർത്ത കൊക്കിനിടയിൽ കിടന്ന് പുളയുകയായിരുന്ന തടിച്ച ചീവീടിനെ തല വെട്ടിച്ച് കണ്ണടച്ച് ഒറ്റ വിഴുങ്ങൽ .രാഘവേട്ടാ എന്നാൽ ഞാൻ അങ്ങോട്ട്.....,  ഒന്നു രണ്ടിടത്തു കൂടെ പോകാനുണ്ട് തമ്പി ചേട്ടൻ തന്റെ സൈക്കിൾ ഉരുട്ടി വന്ന് പോകാൻ തയ്യാറായി. നീ പൊക്കോ, ഞാൻ ഇവിടെയുണ്ടാകും,  രാഘവൻ മാമൻ പറഞ്ഞു. ശരി എന്ന് പറഞ്ഞു സൈക്ലിന്റെ പെടലിൽ കയറി നിന്ന് വേഗത്തിൽ സൈക്കിൾ മുന്നോട്ട് ചലിപ്പിച്ച് തമ്പി യാത്രയായി.ശ്രീധരൻ ചേട്ടന് കടുത്ത പ്രമേഹമാണ് , ഒരുപാട് നാളത്തെ ആശുപത്രി വാസത്തിന് ശേഷം 55 വയസുള്ള അയാളുടെ ശരീരം മരുന്നിനോട് പ്രതികരിക്കാതായി.ഇപ്പോളയാൾ വീടിനകത്ത് മരണാസന്നനായി കിടക്കുകയാണ്.


മോനെ സുമേഷേ ഞാൻ ഇറങ്ങുവാ നിന്റെ അച്ചൻ മരുന്നിന്റെ മയക്കത്തിലാ, അമ്മ അടുത്തുണ്ട് , വീടിന് പുറത്തേക്ക്‌ വന്ന ലക്ഷ്മി അമ്മായി കയ്യിലിരുന്ന കർച്ചീഫ് കൊണ്ട് കണ്ണ് തുടച്ച് പറഞ്ഞു.എന്നാൽ നീ വീട്ടിലോട്ട് പൊക്കോ.... മോൾ അവിടെ ഒറ്റക്കല്ലേ...,  രാഘവൻ മാമൻ ഭാര്യയോട് പറഞ്ഞു. ഞാൻ കൊണ്ടു വിടാം അമ്മായി, ഡിഗ്രിക്ക് പഠിക്കുന്ന സുമേഷ് കസേരയിൽ നിന്ന് എഴുന്നേറ്റ് തന്റെ അമ്മയുടെ ഇളയ സഹോദരിയായ ലക്ഷ്മി അമ്മായിയേയും കൂട്ടി ഗേറ്റിന് അടുത്തേക്ക് നടന്നു. സൂക്ഷിച്ച് പോടാ മോനെ സുമേഷേ,  രാഘവൻ മാമൻ കസേരയിലേക്ക് ചാഞ്ഞിരുന്ന് പറഞ്ഞു. അമ്മാവന് ഒരു ചായ പറയട്ടെ,   വിനോദ് ചോദിച്ചു. വേണ്ട മോനെ അമ്മാവന് വേണ്ടപ്പോൾ അകത്തു ചെന്ന് വാങ്ങി കുടിച്ചോളാം,  രാഘവൻ മാമൻ പറഞ്ഞു.രാത്രിക്ക് ഒരവസാനം ഉണ്ടാകില്ലെന്ന് വിനോദിന് തോന്നി.

കാലൻ കോഴി മാവിന്റെ മുകളിൽ ഇരുന്ന് കരയുവാൻ തുടങ്ങി.


സമയം 7:30 ആയിരുന്നു. രാമ രാമ രാമ രാമ രാമ രാമ പാഹിമ... ശ്രീധരൻ ചേട്ടന്റെ അയൽപക്കത്ത് താമസിക്കുന്ന ഭഗവതിയമ്മ വീടിന്റെ വരാന്തയിൽ കത്തിച്ചു വെച്ചിരുന്ന നിലവിളക്കിന് മുന്നിൽ ഇരുന്ന് നാമം ജപിക്കുന്ന തിരക്കിലായിരുന്നു. അമ്മേ... ശ്രീധരൻ ചേട്ടന് സീരിയസ് ആണെന്നാ കേട്ടത്. ആണോ മോളെ, ഭഗവതിയമ്മ നാമജപം നിർത്തി സുമതി എന്ന് പേരുള്ള തന്റെ മരുമകളെ ഇമവെട്ടാതെ നോക്കി. എല്ലാം ദൈവ നിശ്ചയം പോലെ നടക്കും,  അത് പറയുമ്പോൾ അവരുടെ കണ്ണ് നിറഞ്ഞിരുന്നു. ഭഗവതിയമ്മയും ശ്രീധരൻ ചേട്ടനും ഒരുമിച്ചാണ് സ്കൂളിൽ പഠിച്ചത്.അമ്മക്ക് കഞ്ഞി എടുക്കട്ടെ,  സുമതി ചോദിച്ചു. കുറച്ച് നേരം കൂടെ നാമം ജപിക്കട്ടെ മോളെ,   മനസ്സിൽ നാമം ഉരുവിട്ട് കൊണ്ട് അവർ പറഞ്ഞു.ഗ്രാൻഡ്മാ ഏത് പക്ഷിയുടെ കരച്ചിലാണത്?, കയ്യിൽ ബയോളജി ബുക്കുമായി വരാന്തയിലേക്ക് വന്ന എട്ടാം ക്‌ളാസുകാരി മീനു അമ്മൂമ്മയോട് ചോദിച്ചു. "മീനു യു ഡോണ്ട് ഹാവ് നതിങ് എൽസ് ടു ഡു ദാൻ ടോർചർ യുവർ ഗ്രാൻഡ്മാ?!", സുമതി ഇംഗ്ലീഷിൽ മീനുവിനോട് ഗർജിച്ചു. അമ്മ ചേച്ചിയെ വഴക്ക് പറയുന്നത് കേട്ട്, മീനുവിന്റെ 10 വയസ്സുള്ള അനിയൻ ഉണ്ണിക്കുട്ടൻ, കൈയിലെ മെഷീൻ ഗണ്ണിൽ ശബ്ദം ഉണ്ടാക്കി കൊണ്ട് ഓടി വന്ന്, മീനുവിനെ വെടി വെക്കാൻ തുടങ്ങി. തുടങ്ങീല്ലോ മേളം!,  തന്റെ മുൻപിലിരുന്ന നാമജപത്തിന്റെ പുസ്തകം അടച്ചു വെച്ച് ഭഗവതിയമ്മ പറഞ്ഞു. വേനൽ അവധിക്ക് വന്നതാണ് ഭഗവതിയമ്മയുടെ പരിഷ്ക്കാരിയായ മരുമകളും പേരക്കിടാങ്ങളും. ഉണ്ണി ഒന്നു ചെവി കേൾപ്പിക്കുവോ.....  ഭഗവതിയമ്മ ദേഷ്യത്തിൽ ഉണ്ണിക്കുട്ടനോട് പറഞ്ഞു. "മം യു ആർ ആൾവേസ് ലൈക്‌ ദിസ്‌",  മീനു സുമതിയോട് കെറുവിച്ച് വേഗത്തിൽ വീടിന് അകത്തേക്ക് നടന്നു. രണ്ട് വർഷം കഴിഞ്ഞാൽ ബോർഡ്‌ എക്സാം എഴുതേണ്ട കൊച്ചാ, അവക്ക് അതിന്റെ വല്ല വിചാരോം ഉണ്ടോന്ന് നോക്കിയേ അമ്മേ...., സുമതി പരിഭവപ്പെട്ടു .നീ അവളെ ഒന്ന് വെറുതെ വിട്,  അമ്മൂമ്മയുടെ ചുറ്റിനും ഓടിക്കളിച്ചിരുന്ന ഉണ്ണിക്കുട്ടനെ പിടിച്ച് മടിയിലിരുത്തി ഭഗവതിയമ്മ പറഞ്ഞു. ഉണ്ണി രാത്രി ഓടിക്കളിക്കരുതെന്ന് അമ്മ പറഞ്ഞിട്ടില്ലേ? വടി എടുക്കണോ ഞാൻ....,  വടിക്കായി ചുറ്റിനും നോക്കി സുമതി തന്റെ പുത്രനോട് ചോദിച്ചു. അവൻ ഇവിടെ ഇരുന്നോളും,  അല്ലെ ഉണ്ണി?, പേടിച്ചരണ്ട ഉണ്ണിക്കുട്ടനെ മടിയിരുത്തി ലാളിച്ചു കൊണ്ട് ഭഗവതിയമ്മ പറഞ്ഞു. " യെസ് ഗ്രാൻഡ്മാ",  ഉണ്ണി അമ്മൂമ്മയെ നോക്കി ചിരിച്ചു. അല്ലെങ്കിലും എല്ലാത്തിനും എനിക്കാ കുറ്റം, അച്ചൻ ഇങ്ങോട്ടൊന്നു വന്നോട്ടെ..., സുമതി ഉണ്ണിക്കുട്ടനോട് പറഞ്ഞു. പ്രകാശൻ എപ്പോ വരും മോളെ?, ഭഗവതിയമ്മ ഉണ്ണിക്കുട്ടന്റെ മുടി കോതി വെച്ച് കൊണ്ട് മരുമകളോട് ചോദിച്ചു. പ്രകാശേട്ടൻ വരാറാകുന്നതെ ഉള്ളു അമ്മെ..., അടുക്കളയിലേക്ക് നടന്ന് സുമതി പറഞ്ഞു.ഗ്രാൻഡ്മാ എന്തോ കരയുന്നു?, ഉണ്ണിക്കുട്ടൻ പുറത്തെ ഇരുട്ടിലേക്ക് വിരൽ ചൂണ്ടി അമ്മൂമ്മയെ നോക്കി പറഞ്ഞു . ഭഗവതിയമ്മ കാതോർത്തു. അത് കാലൻ കോഴിയാ ഉണ്ണി. പോത്തിന്റെ പുറത്ത് കേറി വരുന്ന അങ്കിൾ അല്ലെ കാലൻ!, അങ്കിളിന്റെ കോഴിയാണോ കാലൻ കോഴി!?, ഉണ്ണിക്കുട്ടൻ സംശയത്തോടെ ചോദിച്ചു.അമ്പട മിടുക്കാ!, ഭഗവതിയമ്മ ചിരിച്ചു കൊണ്ട് ഉണ്ണിയെ നോക്കി. കാലൻ കോഴി എങ്ങിനാ കരയുന്നത് ഉണ്ണിക്കുട്ടാ?, ഭഗവതിയമ്മ ചോദിച്ചു. പോവാം.. പോവാം..., പക്ഷെ എങ്ങോട്ട് പോകാൻ?!, ഉണ്ണിക്കുട്ടൻ അമ്പരപ്പോടെ കണ്ണുരുട്ടി അമ്മൂമ്മയെ നോക്കി ചോദിച്ചു .ആരെങ്കിലും മരിക്കാൻ കിടക്കുമ്പോൾ അവരെ വിളിച്ച് കൊണ്ടു പോകാൻ വരുന്നതാണ് കാലൻ കോഴി,  ഭഗവതിയമ്മ പറഞ്ഞു. അമ്മ ഓരോന്ന് പറഞ്ഞ് അവനെ പേടിപ്പിക്ക്‌, രാത്രി അവൻ കിടന്ന് നിലവിളിച്ച് എന്റെയും പ്രകാശേട്ടന്റെയും ഉറക്കമാ പോകുന്നത്, അടുക്കളയിൽ നിന്ന് വന്ന സുമതി സോഫയിൽ കിടന്നിരുന്ന പത്രവുമെടുത്ത് വീടിന് അകത്തേക്ക് പോകുമ്പോൾ പറഞ്ഞു .നല്ല ബുദ്ധിയും ധൈര്യവും ഉള്ളവനാ... എന്റെ ഉണ്ണിക്കുട്ടൻ! അല്ലെ ഉണ്ണി?, ഭഗവതിയമ്മ ഉണ്ണിക്കുട്ടന്റെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു. "യെസ് ഗ്രാൻഡ്മാ",  ഉണ്ണിക്കുട്ടൻ കവിൾ കൈ കൊണ്ട് തുടച്ചു.


അമ്മൂമ്മേ ദേ അച്ച, പ്രകാശിന്റെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ട് ഉണ്ണിക്കുട്ടൻ അമ്മയെ വിളിക്കാൻ വീടിനകത്തേക്ക് ഓടി. കാർ,  കാർ പോർച്ചിൽ പാർക്ക്‌ ചെയ്‌ത്‌ ഷൂ പുറത്ത് അഴിച്ചിട്ട് പ്രകാശ് വരാന്തയിലേക്ക് കയറിയപ്പോഴേക്കും ഉണ്ണിക്കുട്ടൻ അമ്മയുടെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് ഉമ്മറത്തേക്ക് വന്നു. വിട് ഉണ്ണി അമ്മക്ക് നടക്കാനറിയാം,  സുമതി പറഞ്ഞു. എന്താ ഉണ്ണിക്കുട്ടാ, അമ്മേടെ അടുത്ത് വികൃതി കാണിക്കുകയാണോ നീ?...,  പ്രകാശ് ചിരിച്ചു കൊണ്ട് ചോദിച്ചു. ഏയ്‌ ഇല്ല അച്ഛാ.

...,  ഉണ്ണിക്കുട്ടൻ ഓടിച്ചെന്ന് അച്ഛന്റെ കയ്യിൽ തൂങ്ങി. അവൻ കാലൻ കോഴിയെ പറ്റി ചോദിക്കുവായിരുന്നു മോനെ...., ഭഗവതിയമ്മ പറഞ്ഞു. എന്താ ഇപ്പൊ കാലൻ കോഴിയെ പറ്റി ചോദിക്കാൻ?...,  പ്രകാശ് സോഫയിലേക്ക് ഇരുന്നു കൊണ്ട് ചോദിച്ചു. അതേ..., അപ്പുറത്തെ ശ്രീധരൻ ചേട്ടൻ സീരിയസ് ആയി കിടക്കുകയാ, നിങ്ങൾ ഒന്ന് പോയേച്ച് വാ...., സുമതി ഭർത്താവിന്റെ ചെവിയിൽ രഹസ്യമായി പറഞ്ഞു. ഞാൻ ഒന്നു കുളിച്ചിട്ടു പോയാൽ പോരെ?, പ്രകാശ് ചോദിച്ചു. നിങ്ങൾ പോയി വന്നിട്ട് കുളിച്ചാൽ മതി, സുമതി പറഞ്ഞു. എന്താ മോളെ?,  ഭഗവതിയമ്മ ചോദിച്ചു. സുമതി ശ്രീധരൻ ചേട്ടന്റെ വീട്ടിലേക്ക് നോക്കി കണ്ണ് കൊണ്ട് ചൂണ്ടി. നീ പോയേച്ചും വാ മോനെ,  ഭഗവതിയമ്മ പ്രകാശിനോട് പറഞ്ഞു.അച്ചേ ഞാനും വരാം...,  ഉണ്ണിക്കുട്ടൻ തുള്ളിക്കൊണ്ട് പറഞ്ഞു. ഉണ്ണി നീ പോയി മേല് കഴുകിയെ, ഏത് നേരവും ഓടി നടന്നോളും, ഇവിടെ വാ... അമ്മ കഴുകിച്ചു തരാം, സുമതി മോനെയും എടുത്ത് കൊണ്ട് അകത്തേക്ക് പോയി.


പ്രകാശ്, ശ്രീധരൻ ചേട്ടന്റെ വീടിന്റെ മുറ്റത്തേക്ക് നടന്ന് ചെന്നു .ആ പ്രകാശനോ, രാഘവൻ മാമൻ കസേരയിൽ നിന്നെഴുന്നേറ്റ് പ്രകാശന്റെ അടുത്തേക്ക് .  എങ്ങിനെയുണ്ട് ചേട്ടന്?,  പ്രകാശ് പതുക്കെ ചോദിച്ചു. അവസാനത്തെ സ്റ്റേജിലാ ഇന്നത്തെ ദിവസം തികക്കുമെന്ന് തോന്നുന്നില്ല,  രാഘവൻ പറഞ്ഞു.ഭാര്യയാ പറഞ്ഞത്, എന്നാൽ ഒന്നു വന്ന് വിവരങ്ങൾ അന്വേഷിക്കാമെന്ന് വിചാരിച്ചു..., എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മടിക്കേണ്ട,  പ്രകാശ് പറഞ്ഞു. ഇവിടിപ്പോ ഞങ്ങൾ ഒക്കെ ഉണ്ടാകും, പിള്ളേർക്ക് ഇതിനെപ്പറ്റിയൊക്കെ എന്തറിയാം രാഘവൻ മാമൻ പറഞ്ഞു. ശരി... എന്നാൽ ഞാൻ വീട്ടിലോട്ട് ചെല്ലട്ടെ, ജോലി കഴിഞ്ഞ് വന്നേയുള്ളു,  പ്രകാശ് പറഞ്ഞു. ശരി പ്രകാശ്,  രാഘവൻ മാമൻ പ്രകാശ് തിരിച്ചു വീട്ടിലേക്ക് നടന്ന് പോകുന്നത് നോക്കി നിന്നു. ശ്രീധരൻ ചേട്ടൻ കിടക്കയിൽ കിടന്ന് ശ്വാസം ഏങ്ങി വലിക്കുവാൻ തുടങ്ങി പെരുമ്പറ കൊട്ടുന്നത് പോലെ.പോവാം... പോവാം... പോവാം...മാവിന്റെ കൊമ്പിലിരുന്ന് കാലൻ കോഴി മൂന്ന് തവണ നീട്ടി കൂവി.


സമയം 8:30 ആയിരുന്നു.ശ്രീധരൻ ചേട്ടന്റെ ഊർദ്ധൻ വലിയുടെ ശബ്ദം പ്രകാശിന്റെ വീട് വരെ എത്തി. എന്തൊരു ശബ്ദമാണ് അമ്മെ!,  എനിക്ക് പേടിയാകുന്നു...., സുമതി വരാന്തയിൽ ഇരുന്ന് ഭഗവതിയമ്മയോട് പറഞ്ഞു. മോളെ.... പിള്ളേർക്ക് ആഹാരം കൊടുത്ത് അവരെ ഉറക്കാൻ നോക്ക്,  വീടിന്റെ വരാന്തയിലെ തൂണിൽ ചാരിയിരുന്ന് ഭഗവതിയമ്മ പറഞ്ഞു.എന്താ അമ്മേ ശബ്ദം?.... ഉണ്ണിക്കുട്ടൻ മേല് കഴുകി പുതിയ ഉടുപ്പൊക്കെ ഇട്ട് വരാന്തയിലേക്ക് ഓടി വന്നു. അതോ... അത്....റോഡിൽ കൂടെ ട്രാക്ടർ പോകുന്നതാ!, മോൻ വാ, അമ്മ ഉണ്ണിക്ക് ചെമ്മീൻ വറുത്തതും മോര് കാച്ചിയതും പപ്പടവും ഒക്കെ കൂട്ടി ചോറ് തരാം , സുമതി ഉണ്ണിക്കുട്ടനെയും എടുത്ത് വീടിനകത്തേക്ക് നടന്നു.പ്രകാശ് ചെരുപ്പ് ഊരിയിട്ട് തന്റെ വീടിന്റെ പടികൾ കയറി. എന്തായി മോനെ?.... ഭഗവതിയമ്മ ചോദിച്ചു.ഞാൻ കുളിക്കട്ടെ അമ്മെ,  പ്രകാശ് ദീർഘ നിശ്വാസമിട്ട് വീടിനകത്തേക്ക് നടന്നു. എന്തൊക്കെ രോഗങ്ങളാണ് എന്റെ ദേവ്യേ , ഭഗവതിയമ്മ ആത്മഗതം ചെയ്തു, അവർ സാരിതലപ്പ് കൊണ്ട് തന്റെ കണ്ണിൽ നിന്ന് ഒഴുകി വന്ന കണ്ണുനീർ തുടച്ചു.


രാത്രി ഏറെ വൈകി ശ്രീധരൻ ചേട്ടന്റെ വീട്ടിൽ എല്ലാം നിശബ്ദമായി.എല്ലാവരും ഉറങ്ങുമ്പോൾ കാലൻ കോഴി പറമ്പിലും തൊടിയിലും പറന്നു നടന്ന് ഇര തേടുന്ന തിരക്കിലായിരുന്നു.


നേരം പുലർന്നപ്പോൾ ശ്രീധരൻ ചേട്ടൻ കട്ടിലിൽ എഴുന്നേറ്റിരുന്ന്, കിടക്കക്ക് അടുത്തിരുന്ന് ഉറങ്ങുകയായിരുന്ന ഭാര്യ വനജയെ തോണ്ടി വിളിച്ച് കുടിക്കാനായി വെള്ളം ആവശ്യപ്പെട്ടു .മക്കളെ അച്ഛൻ എഴുന്നേറ്റട,  അവർ സന്തോഷത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു . വിനോദും സുമേഷും ഉറക്കത്തിൽ നിന്ന് ചാടിയെഴുന്നേറ്റ് കിടപ്പുമുറിയിൽ എത്തുമ്പോൾ ശ്രീധരൻ ചേട്ടൻ വെള്ളം കുടിക്കുകയായിരുന്നു. വേഗം പോയി ഡോക്ടറെ വിളിച്ച് കൊണ്ട് വാടാ,  വിനോദിന്റെ അമ്മ പറഞ്ഞു.സുമേഷ്,  ബൈക്കിൽ അടുത്തുള്ള ആശുപത്രിയിൽ നിന്ന് ഡോക്ടറെ വിളിക്കാൻ പുറപ്പെടുമ്പോൾ രാഘവൻ മാമൻ ഉണർന്നിട്ടുണ്ടായിരുന്നില്ല.


ഇപ്പോൾ കുഴപ്പം ഒന്നുമില്ല, മരുന്നുകൾ തുടർന്നാൽ മതി, ശ്രീധരൻ ചേട്ടനെ പരിശോധിച്ചിട്ട് ഡോക്ടർ വിനോദിനോട് പറഞ്ഞു. ഡോക്ടറെ തിരികെ ആശുപത്രിയിലേക്ക് കൊണ്ടാക്കാൻ വിനോദ് ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുമ്പോഴാണ്,  പ്രകാശിന്റെ വീട്ടിൽ നിന്നും നിലവിളി ഉയരുന്നത്. വിനോദ് ബൈക്കിന്റെ ഇഗ്നിഷൻ ഓഫ്‌ ചെയ്തു. രാഘവൻ മാമൻ പ്രകാശന്റെ വീട്ടിൽ നിന്ന് തിടുക്കത്തിൽ നടന്നു വരുന്നുണ്ട്. എന്താ....! എന്താ...! എന്ത് പറ്റി?!,  വിനോദ് അങ്കലാപ്പോടെ ബൈക്കിൽ നിന്നിറങ്ങി ചോദിച്ചു. ഭഗവതിയമ്മ മരിച്ചു, ഉറക്കത്തിലായിരുന്നു മരണം രാഘവൻ മാമൻ പറഞ്ഞു.


പറമ്പിലെ തേക്കിൻ മരത്തിൽ കണ്ണുമടച്ച് , കൂനിക്കൂടി ഇരിക്കുകയായിരുന്നു, കാലൻ കോഴി. പേരു ദോഷം വരുത്തിയ കാലൻ കോഴിയെ കാക്കകളും, കാക്ക തമ്പുരാട്ടിയും ചേർന്ന് പറമ്പിൽ നിന്ന് ആട്ടിപ്പായിച്ചു.


         *** അവസാനിച്ചു ***


Rate this content
Log in

Similar malayalam story from Drama