അറിയാതെ പോയ പ്രണയം
അറിയാതെ പോയ പ്രണയം
വിജയപുരം ബസ് സ്റ്റോപ്പിൽ നിന്ന് റോഡ് ക്രോസ്സ് ചെയ്താൽ ചെറിയ ഇടവഴിയാണ്. പച്ചപുല്ലു നിറഞ്ഞ വഴി ചെന്നവസാനിക്കുന്നത്തിന്റെ ഇടത്തെ അറ്റത്താണ് സായാഹ്‌ന മന്ദിരം. വഴിയുടെ രണ്ടറ്റത്തും നിറയെ പൂച്ചെടികൾ നിരത്തി, ഗേറ്റിന്റെ ഇരുവശങ്ങളും അലങ്കരിച്ചിട്ടുണ്ട്. മതിൽകെട്ടിനുളിൽ വലിയൊരു മഞ്ഞ ബോർഡ് , ഒരൽപം നിറം മങ്ങിയിട്ടുണ്ട് എന്നാലും കറുത്ത വലിയ അക്ഷരങ്ങൾ തെളിഞ്ഞു കാണാം .
“സായാഹ്ന മന്ദിരം” എന്ന് മലയാളത്തിലും
“എൽഡേഴ്സ് ഹോം” എന്ന് ഇംഗ്ലീഷിലും എഴുതിയിരിക്കുന്നു . ഇടതു ഭാഗത്തു ഒറ്റമുറിയിൽ വാച്ച്മാൻ യൂണിഫോം ഇട്ടിരിക്കുന്നുണ്ട്. ഇതൊരു അഗതി മന്ദിരം ഒന്നുമല്ല . ധനികരും, എന്നാൽ അനാഥർ എന്ന് വിളിക്കാൻ ഇഷ്ട് പെടാത്തവർക്കും , പ്രായമാകുമ്പോൾ സ്വയം ചെക്കേറാനൊരിടം , എന്ന് വേണമെങ്കിൽ പറയാം.
വലിയ മുറ്റം, നിറയെ മൂവാണ്ടൻ മാവുകൾ പൂത്തും , ചിലതു പഴുത്ത മാമ്പഴം കാണിച്ചും, വിരുന്നുകാരെ മോഹിപ്പിക്കും .
മഴ പെയ്തൊഴിഞ്ഞ ആകാശത്തു സൂര്യൻ മഞ്ഞപ്പട്ടു വിരിച്ചിരിക്കുന്നു.
മഴ നോക്കി ഇരിയ്ക്കാൻ നല്ല രസമാണ്.
“അങ്കിൾ, ലഞ്ച് എടുത്തു വച്ചിട്ടുണ്ട്, താഴേക്ക് വരുമല്ലോ അല്ലെ”
“ആഹ്, അനൂപോ , ദാ ഞാൻ എത്തി”
പ്രായം തൊണ്ണൂറ് കഴിഞ്ഞാലും സുധാകരൻ ആരേയും ആശ്രയിയ്ക്കാറില്ല . ആത്മാഭിമാനത്തോടെ ജീവിക്കുന്നു . മക്കളും മരുമക്കളും “സ്വന്തം വഴികൾ” തെരെഞ്ഞെടുത്തപ്പോൾ അയാൾ ഈ “സായാഹ്‌ന മന്ദിര”ത്തിലേക്കു മാറി. ഉയർന്ന ജോലി ഉള്ള മക്കൾക്കു ഒരു ബാധ്യത ആവാൻ അയാൾ തയ്യാറല്ലായിരുന്നു . ലക്ഷങ്ങൾ കൊടുത്തു ഇവിടെ ഒരു മുറിക്ക് , എന്നാലും “സമാധാനം “ എന്ന നാലക്ഷരം ഉണ്ട് . എന്നാണ് സുധാകരന്റെ അഭിപ്രായം .
അതെ , അതാണല്ലോ എല്ലാർവര്ക്കും വേണ്ടത് . അച്ഛൻ താന്തോന്നി ആണെന്ന് എന്ന് മക്കൾ പറയുന്നുണ്ടെങ്കിലും മാസാവസാനം പെന്ഷന്റെ പങ്കു വാങ്ങാൻ വരും .
“ഓ , (പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു ), മഞ്ജു ആന്റിയോ , ബാന്നേ മ്മ്ക് ഒരുമിച്ചു ഇറങ്ങാം ”
“ദേ , സുധി അങ്കിളേ , എന്നെ പേര് വിളിച്ചാമതി എന്ന് നൂറു വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് , നാളെ തൊണ്ണൂറ്റി ഒന്നാം പിറന്നാളല്ലേ , പിള്ളേര് വരോ ” മഞ്ജുറാണി സ്റ്റെപ് ഇറങ്ങാൻ സുധിയെ സഹായിച്ചു .
പത്തു സ്റ്റെപ് കഴിയുന്നെടേത്തു നിൽക്കാൻ ഒരൽപ്പം ഇടം ഉണ്ട്.
അവിടെ എല്ലാം പ്ലാസ്റ്റിക് പൂക്കൾ വച്ച് അലങ്കരിച്ചിട്ടുണ്ട് . ഭിത്തി നിറയെ ഹാരപ്പൻ സംസ്കാരത്തെ ഓർ പ്പിക്കുമാറ് നിറയെ പുരാതന ചിത്രങ്ങൾ, ഓയിൽ പെയിന്റിംഗ് …
എല്ലാം മഞ്ജുറാണിയുടേതാണ് . അവർ പതിനെട്ടു വയസ്സിലെ കല്യാണം കഴിഞ്ഞു ഭർത്താവിനൊപ്പം സിംഗപ്പൂർ പോയി .ബിസിനസ് കെട്ടി പടുക്കുന്നതിനിടയിൽ കുടുംബം ഉണ്ടാക്കാൻ മറന്നു പോയി . പിന്നീട് മക്കൾ ഉണ്ടായില്ല എന്ന കാരണം പറഞ്ഞു ഭർത്താവു അവരെ നാട്ടിൽ ഉപേക്ഷിച്ചു , അയാൾ വേറെ കല്യാണം കഴിച്ചു . ഇവർ ജീവനാംശത്തിനായി കേസ് കൊടുത്തു ,വർഷങ്ങൾ എടുത്തു വിജയിക്കാൻ .അനുഭവിച്ച പീഡനങ്ങൾക്കും, കുത്തു വാക്കുകൾക്കും , ഒന്നും കിട്ടിയ പൈസ പകരമാകില്ല എങ്കിലും , അവർ ഈ എൺപതു കളിൽ “ടെൻഷൻ ഫ്രീ “ആയി ജീവിക്കുന്നു .
അനൂപും, ഗീതയും ടേബിൾ തയാറാക്കുണ്ട് .
രണ്ടു നിലയുള്ള നാലുകെട്ട് അതിൽ ഇരുപത്തഞ്ചു പേർക്ക് സുഖമായി താമസിക്കാം . സന്തോഷത്തോടെ …..
“ഇന്ന് സദ്യ ആണേ “ അനൂപ് ഉറക്കെ പറഞ്ഞു .
“വൃദ്ധസദനം” എന്നോ “സായാഹ്‌ന മന്ദിരം” എന്നോ നിങ്ങൾ എന്ത് വിളിച്ചാലും ആരും നോക്കാൻ താത്പര്യം ഇല്ലാത്തഅത്യാവശ്യം സ്വയം ബോധം ഉള്ള വയസായവർക്കു “സമാധാനം തരുന്ന ഒരിടം”. മുറ്റത്തു നിറയെ മരങ്ങൾ, പരിചരിക്കാൻ നഴ്‌സ് , ഒരു കുക്ക് , വാച്ച് മാൻ എന്ന് വേണ്ട എല്ലാ സംവിധാനങ്ങളും ഉണ്ട് . നമ്മളെ കേൾക്കാനും , നമുക്ക് കേൾക്കാനും ഒരുപാടു പേർ . സ്വന്തം റൂമിൽ എത്രെ സൗകര്യം വേണമെങ്കിൽ ഒരുക്കാം . സുധിക്ക് ടീവി , റേഡിയോ , എല്ലാം റൂമിൽ തന്നെ ഉണ്ട്. മഞ്ജു വിനു എസി മുറിയാണ് .എല്ലാ ആഴ്ചയിലും ഡോക്ടർ വരും ബ്ലഡ് പ്രഷർ , ഷുഗർ പരിശോധിക്കും . പിന്നെ ആണ്ടു പിറന്നാളിന് സദ്യ അങ്ങനെ എന്ത് വേണമെങ്കിലും നമ്മുടെ ഇഷ്ടത്തിന് നടത്താം . ഇടയ്ക്കു സുഖവിവരം അന്വേഷിക്കാൻ എത്തുന്ന മക്കൾക്ക് പുറത്തെ ഗസ്റ്റ് റെജിസ്റ്ററിൽ ഒപ്പിടുമ്പോൾ ഉള്ള മുഖഭാവം ഇവിടുത്തെ ഓരോരുത്തരുടേം മധുരപ്രതികാരം ആണ്.
അനൂപും, ഗീതയും കെയർ ടേക്കർസ് ആണ് . രണ്ടു പേരും യുവത്വം തുളുമ്പുന്ന ചുറുചുറുക്കുള്ളവർ . അനാഥമന്ദിരത്തിൽ നിന്നും ഇറങ്ങുബോൾ ഒരു ഡിഗ്രി ഉണ്ടായിരുന്നു . പിന്നെ ജോലി അന്വേഷിച്ചു അധികം അലയേണ്ടി വന്നില്ല . ഇവിടെ എത്ത പെട്ടത് ഒരു നിമിത്തമായി അവർ കരുതുന്നു . എല്ലാരേം അവർ “അങ്കിൾ “, “ആന്റി “ എന്നാണ് വിളിക്കുന്നത് .
ഇരുപത്തഞ്ചു റൂമുകൾ ഉള്ളതിൽ ഇരുപതു അന്തേവാസികൾ ആണുള്ളത് .
“പാറുക്കുട്ട്യേ , സന്ധ്യ ആയല്ലോ , പ്രാർത്ഥനക്കു എല്ലാരേം വിളിക്ക് …” കാവി മുണ്ടിന്റെ അറ്റം പിടിച്ചു തറവാട്ട് കാരണവരെ പോലെ സുധി പറഞ്ഞു .
“ദേ , പോണു ” പാര്‍വ്വതി അമ്മാൾ ഗണിത ശാസ്ത്ര അദ്ധ്യാപിക ആയിരുന്നു . രണ്ടു ആൺ മക്കൾ ബി.ടെക് കഴിഞ്ഞു , വിദേശത്ത് ജോലിതേടി പോയപ്പോൾ ഇനി ഇവിടേയ്ക്ക് മടങ്ങി വരില്ല എന്ന് അവർ കരുതിയില്ല . ഭർത്താവിന്റെ അസാന്നിധ്യം വീട് മൂകമാക്കിയപ്പോൾ അവരും ഇവിടെത്തെ അംഗമായി .
കണക്കു കൂട്ടലുകൾ പല്ലപ്പോഴും ശരിയാവണം എന്നില്ലാലോ.
പാർവതി അമ്മാൾക്കു എഴുപതുകളുടെ യൗവനം ആണ് . പ്രാർത്ഥന , പൂജ എല്ലാം മുഖ്യമായി ഏറ്റേടുത്തു ചെയ്യും .പിന്നെ വെറുതെ ഇരിക്കാൻ ഒട്ടും ഇഷ്ടമല്ല . കുട്ടികൾക്ക് ഓൺലൈൻ ട്യൂഷൻ എടുക്കുന്നുണ്ട് . അതും ഫീസ് ഒന്നും വാങ്ങാതെ . ടെക്നോളജി , ഗണിതം എല്ലാം ആ കെയിൽ ഭദ്രം.
അങ്ങനെ ഓരോരുത്തർക്കും ഓരോ കഥകൾ . ഇടമുറിയാതെ പരസ്പരം തണലേകുന്നവർ ………..
“ സുധി , വാടോ , നമുക്ക് ലുഡോ കളിക്കാം ” വില്യം ലുഡോ മാറ്റും കൊണ്ടെത്തി .
മജ്‌ഞുവും, പാർവതി അമ്മാളും ഉണ്ട് , കുറെ പേര് ടീവി കാണുന്നു …. മറ്റു ചിലർ കാലത്തേ വായിച്ച പത്രം പിന്നേം വായിക്കുന്നു …… ഒൻപതു മണി വരെ ഇങ്ങനെ പോകും .
പത്തുമണിക്ക് എല്ലാരും ഉറങ്ങാൻ അവരവരുടെ റൂമിലേക്ക് …..
ആരേം ശല്യപ്പെടുത്താതെ … ആരുടേം ബാധ്യത ആകാതെ ...ഒരുക്കൂട്ടമാൾക്കാർ ...
ഓരോസൂര്യോദയത്തെയും ഒരു യുഗപിറവിപോലെ അവർ എതിരേറ്റു. കാരണം എല്ലാവർക്കും ഒന്ന്തന്നെ. ഇനി എത്രെ നാൾ ഈ ഭൂമിയിൽ എന്നറിയില്ല. മുൻപ് ഇരുപത്തഞ്ചു മുറികളിലും നിറവായിരുന്നു. പിന്നീട് ഓരോന്നായി ഒഴിയപ്പെട്ടു. കൂടു വിട്ടുകൂടുമാറുന്ന പോലെ ഒട്ടും എളുപ്പമായിരുന്നില്ല, ഓരോ വിയോഗവും. ഇപ്പോ നാലുമുറികൾ. ഇനിയും ആളുകൾ വരും. എന്നാലും പോയവർ പ്രിയപെട്ടവർ തന്നെ.
കിഴക്കു ഭാഗത്തെ മൂന്ന്മുറികളിൽ നടുവിലത്തെ മുറിആയിരുന്നു. വാസു മാഷ്ടെ.
വാസുദേവപണിക്കർ അധ്യാപകൻ ഒന്നുമല്ലായിരുന്നു. എന്നിട്ടും എല്ലാരും “വാസുമാഷെ” എന്നാണ് വിളിച്ചിരുന്നെ. വല്യ തത്വജ്ഞാനി ആയിപ്പോയി. പ്രോവിഡന്റ് ഫണ്ട് വകുപ്പിന്റെ മേധാവി. കല്യാണം കഴിച്ചില്ല , വീട്ടിലെ മൂത്ത മകൻ ആയതുകൊണ്ട് , ചെറു പ്രായത്തിലെ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്നു . മൂന്ന് അനിയത്തിമാർ , ഒരു അനിയൻ എല്ലാവരുടെയും ഭാവി സുരക്ഷിതമാക്കിയപ്പോൾ , സ്വ ജീവിതം മറക്കേണ്ടി വന്നു. പിന്നീട് ഇവിടെ എത്ത പ്പെട്ടു . വാസുമാഷ്ക് എല്ലാർവരുടേം മനസ്സ് അറിയാമായിരുന്നു . അല്ലെങ്കിൽ മനസ് വായിയ്കാൻ അറിയാമായിരുന്നു . അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം ആർക്കും താങ്ങാൻ ആയില്ല. ആരോഗ്യ കാര്യത്തിൽ വളരെ അധികം ശ്രദ്ധ ചെലുത്തുന്ന വാസു മാഷ്ടെ ഹൃദയതാളം തെറ്റിയത് അദ്ദേഹം പോലും അറിഞ്ഞില്ല.
സുധിയും, മഞ്ജുവും ഹൃദയത്തിൽ അറിയാതെ സൂക്ഷിച്ച പ്രണയം വാസുമാഷ് മാത്രെ അറിഞ്ഞിരുന്നുള്ളു. ഒരു പക്ഷെ അവരെ ഒന്നിപ്പിക്കാൻ അദ്ദേഹത്തിന് മാത്രേ ആകുമായിരുന്നുള്ളു. അത്കൊണ്ട് മാഷ്ടെ വിയോഗം മഞ്ജുവിനും സുധിക്കും നികത്താൻ ആകുന്നതായിരുന്നില്ല.
“മഞ്ജു, എത്രെ നേരായി… ഈ ഇരിപ്പു തുടങ്ങിട്ടു”
“ആഹ്, എന്തോ മനസ്സ് മരവിച്ച പോലെ”
മഞ്ജുവിന്റെ കയ്യിൽ കുഞ്ഞു ഗപ്പി മീനുകൾ നീന്തി കളിക്കാണ് . എന്തെങ്കിലും ടെൻഷൻ വരുമ്പോൾ ഈ താമരക്കുളത്തിനടുത്തു വന്നിരുന്ന് ഗപ്പികുഞ്ഞുങ്ങളുമായിസമയം കളയും.കെട്ടിടത്തിന്റെ ഒത്ത നടുക്കാണ് താമരകുളം . ഇവിടെത്തെ താമസക്കാർ സായാഹ്നങ്ങൾ ചെലവിടുന്നത്, താമരക്കുളത്തിനടുത്താണ് .
“ നമ്മുടെ മനസ്സ് അറിയുന്ന ഏക വ്യ ക്തി ,
വാസു മാഷ് …….
നമ്മളും പോകും ലെ സുധിയേട്ടാ ….” മഞ്ജു പറഞ്ഞത് കേൾക്കാത്ത മട്ടിൽ സുധി തിരിഞ്ഞിരുന്നു . “”കേൾക്കുന്നുണ്ടോ ആവൊ ……………………..എന്റെ നല്ല പ്രായം , ഒന്നും ആഗ്രഹിച്ചത് കിട്ടാതെ ആർക്കോ വേണ്ടി ജീവിച്ചു. ഇവിടെ വന്നു നിങ്ങളോടു (സുധി യെ നോക്കി ) അടുത്തപ്പോൾ ഈ അവസാന ഘട്ടത്തിലെങ്കിലും സന്തോഷത്തോടെ ജീവിക്കാം എന്ന് വിചാരിച്ചു ….. മാഷ് പോയല്ലോ , ഒന്നും പറയാതെ , ഇനി നമുക്ക് വേണ്ടി പറയാൻ ആരുമില്ല…..”” മഞ്ജു ആത്മഗതം പോലെ പറഞ്ഞു നിർത്തി .
“മഞ്ജു , ഓരോരുത്തർക്ക് ഓരോ നിയോഗം ഉണ്ട് അത് പോലെയേ നടക്കു , പിന്നെ തൊണ്ണൂറു വയസ്സിൽ തന്തക്കു മോഹങ്ങൾ എന്ന് പുച്ഛിക്കാൻ എന്റെ മക്കളും മരുമക്കളൂം എത്തും . ഇനി നിൻെറയോ , എവിടുന്നെങ്കിലും ഒരു ബന്ധു വരും നമ്മെ പരിഹാസ കഥാപാത്ര മാക്കാൻ , വിഭാര്യനായ എനിക്കോ , ഭർത്താവുപേക്ഷിച്ച നിനക്കോ അനുഭവിച്ച ത്യാഗങ്ങളുടെ കണക്കു പുസ്തകം ആരും നോക്കില്ല . അറിയാഞ്ഞിട്ടല്ലടോ , വാസുമാഷ് പറഞ്ഞത്പോലെ ഒന്നുംനടക്കില്ല എന്ന് എനിക്കും അറിയാമായിരുന്നു……….
നമുക്കിങ്ങനെ ഇവിടെ ഉപാധികൾ ഇല്ലാതെ സ്നേഹിച്ചു മരിക്കാം …..” സുധി മഞ്ജുവിന്റെ കൈകൾ മുറുകെ പിടിച്ചു…..
ആകാശത്തെ മേഘങ്ങൾ പരസ്പരം തൊടാതെ വേഗത്തിൽ മാഞ്ഞുപോയി………..
ഇന്ന് നല്ല വെയിൽ ഉണ്ട്.
ഇന്നലെത്തെ മഴ കണ്ടപ്പോൾ വിചാരിച്ചു ഇന്ന് അത്രെ മഴപെയ്യില്ല എന്ന്. മഴ പെയ്തൊഴിഞ്ഞുള്ള സ്കൂൾ ഗ്രൗണ്ട് നല്ല രസമാണ്.
സുധി നെറ്റിട്ട ജനലിലൂടെ പുറത്തേക്കു നോക്കി . ഇന്ന് കുട്ടികൾ ആരും കളിക്കാനില്ല . സാധാരണ നാലു മണിക്കു ഒരു ക്രിക്കറ്റ് മാച്ച് പതിവുണ്ട് .
“ഭാനു ഇഥർ ആവൊ ,ജൽദി സെ വിന്ഡോ നീഛെ കരോ ,
ബാരിഷ് , ബാരിഷ് “ സുധി ഭാനുപ്രസാദിനോട് പറഞ്ഞു .
സുധിയുടെ ഇപ്പോഴത്തെ കെയർടേക്കർ രണ്ടാനമ്മയുടെ മകൻ ദിവാകരൻ ആണ്. ദിവാകരൻ വരുന്നത് തന്നെ സുധിയുടെ മിലിറ്ററി കാന്റീൻ ഷോപ്പിംഗിനാണ്. നടക്കാൻ കൂടുതൽ പ്രയാസം അനുഭവപ്പെട്ടപ്പോൾ ദിവാകരൻ കൊടുത്തതാണ് “ഭാനുപ്രസാദ് യാദവ്” എന്ന ബംഗാളി പയ്യനെ.
അല്പം ഹിന്ദി ഓർത്തെടുക്കണം എന്നെ ഉള്ളൂ. പറയുന്നതെല്ലാം വേഗംചെയ്തോളും
“ഹാങ്ജി ... ” ഭാനു വേഗം ജനൽ അടച്ചു. ആടുന്ന കസേരയിൽ ഇരുന്നു മനസ്സ് പഴയ സ്കൂൾ ഗ്രൗണ്ടിലേക്ക്…………………
സ്കൂളിന്റെ നടു മുറ്റത്തുള്ള ഈ മഞ്ഞപ്പൂക്കൾ ആണ് പലപ്പ്പോഴും ഞങ്ങൾക്ക് കവിത എഴുതാൻ പ്രചോദനമായത്. വലിയൊരു നടുമുറ്റം നിറയെ മഞ്ഞ
പൂക്കൾ ഉള്ള മരം, മരത്തിനെ ചുറ്റി നടക്കുന്ന തേരട്ടകൾ .
“സുധി , നീ ലഞ്ച് കഴിച്ചോ?”
“ഇല്ല, ആരതി , നിന്നെ കാത്തു നില്ക്കാ , ഈ പൂക്കളെ നോക്കി നിന്നാൽ സമയം പോകുന്നത് അറിയില്ല ലെ “
“ ആ, ടോ ഈ പൂക്കൾക്കും തനിക്കും ഒരേ ചേലാണെടോ ... ”
“മതി, സുധി , ഈ രണ്ടു മാസേ ഉള്ളു ഒരുമിച്ചു പിന്നെ പത്താംക്ലാസ്സു കഴിയും , എന്നെ കോൺവെന്റിൽ ആക്കും എന്നാ അമ്മ പറഞ്ഞേക്കണേ ...എന്തോ ബാക്കി ഉള്ള ഫ്രന്‍സ് പോലെ അല്ല , നിന്റെ കവിതയും കഥയും ഇല്ലാണ്ട് , ഹോ ആലോചിക്കാൻ വയ്യ ”
എല്ലാര്ക്കും അല്ലെങ്കിൽ ഒട്ടുമിക്ക പേർക്കും ഒരു കാലത്തു ഒരു കൂട്ട് ഉണ്ടാകും ഒരേ ഒരുകൂട്ട്………
സുധിയും, ആരതിയും അതുപോലെ ഉറ്റ ചങ്ങാതിമാരാണ്, ചിലപ്പോൾ സൗഹൃദങ്ങളും പ്രണയവും ഇഴപിരിഞ്ഞുകിടക്കും. അതിലൂടെ
കടന്നുപോകുന്നവർക്ക് പോലും ഒരുപക്ഷെ അറിയില്ല. ക്ലാസ്സിലെ മിടുക്കർ… കഥ, കവിത ഇവയാണ് ഇവരുടെ ലോകം.
സുധിക്ക് അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു. അവന്റെ ലോകം പുസ്തകങ്ങളുടേതാണ് . അമ്മ ജോലി കഴിഞ്ഞു വരുമ്പോൾ അമ്മയെ സഹായിക്കും . അത്യാവശ്യം സൈക്ലിങ് …. പിന്നെ കവിത എഴുത്ത് ….. ആസ്വാദകയായും, വിമർശകയായും ഒരേ ഒരു കൂട്ടുകാരി ആരതി …… സുധിക്കു മിക്കപ്പോഴും ഉച്ചഭക്ഷണം ഉണ്ടാകാറില്ല. രണ്ടു നേരെമേ ഭക്ഷണം കഴിക്കു .ആദ്യമൊക്കെ ആരതി നിർ ബന്ധിച്ചാൽ കഴിക്കുമായിരുന്നു .
ഇപ്പോ അതും ഇല്ല . പിന്നെ പിന്നെ ആരതിയും കവിതയ്ക്ക് കൂട്ടായി കൂടി .
“ഇത് പോരാ , സുധി ...നീ കുറച്ചു കൂടി കവിതയെ സ്നേഹിക്കണം . വാക്കുകളിൽ ലാളിത്യമാകാം . പക്ഷെ വളരെ സൗമ്യമാകരുത് .”
ആരതി സുധിയുടെ “ആത്മ പരിശോധന ”എന്ന കവിത വായിച്ചു അഭിപ്രായം പറയുകയാണ് .
“ആരതി ,എനിക്ക് ശൂരത പോരെ ”സുധി അർത്ഥവത്തായ ചിരിച്ചു .
“വാ , ക്ലാസ്സിൽ പോകാം, ബെൽ ഇപ്പോ അടിക്കും “” സുധി ക്ലാസ്സിലേക്ക് പതുക്കെ നടന്നു. ഒപ്പം അവളും ….
അച്ഛൻ എന്തുകൊണ്ടോ വേറൊരു ജീവിതം തേടി പോയപ്പോളും അമ്മ ധൈര്യം കൈ വിടാതെ ആണ് വളർത്തിയത് . വല്ലപ്പോഴും സുധിയേയും , അമ്മയെയും കാണാൻ വരും അപ്പോഴൊക്കെ നല്ല വഴക്കാണ്.
ഇടക്കെപ്പോഴോ കൂടെ കൂടിയതാണ് കവിത എഴുത്തു . സ്കൂൾ മാഗസിനിൽ വന്ന കവിതയെ കുറിച്ച് പാറയാൻ കുറെ പേര് എത്തിയെങ്കിലും ആരതിയുടെ വാക്കുകളാണ് സുധിയുടെ ഹൃദയത്തിൽ കൊള്ളുന്നത് . പത്താം ക്ലാസ്സു കഴിയുന്നതോടെ ഈ സൗഹൃദം നിന്ന് പോകുമോ എന്ന ഭയം രണ്ടാളും ഉണ്ടായിരുന്നു .
“ഉച്ചക്ക് നമുക് ഇങ്ങനെ പൂക്കൾ നോക്കി നിക്കാൻ പറ്റണത് തന്നെ ഭാഗ്യം …..എടാ നമ്മൾ നല്ല ഫ്രണ്ട്സ് ആണോ ”
“അതേ ലോ” സുധി കയ്യിലുള്ള നീല നിറമുള്ള സ്കൂൾ മാഗസിനിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു .
“ അപ്പൊ , അത്രേ ഒള്ളോ ”
“ അതെന്നേ , നിനക്കെന്താ , ആരതി റൂട്ട് മാറ്റം ”
“ഏയ് , ചുമ്മാ ”
മാർച്ച് മാസത്തെ വേനൽ കാറ്റിന് ചിലപ്പോൾ കുളിർമ തോന്നും . മഞ്ഞ പൂക്കളും കൊണ്ട് കാറ്റു നിശബ്ദം അവരെ ചുറ്റി പോയി .
“ മാർച്ച് 15 ആണ് ഇന്ന് , രണ്ടീസം കഴിഞ്ഞാ ഇനി സ്കൂളിൽ വരേണ്ട , പിന്നെ നീ ഏതു സ്കൂളിലാ അല്ലെങ്കിൽ കോളേജിലാ ചേരുന്നെ നോക്കി ഞാനും ചേരും ”
ആരതി പറഞ്ഞു നിർത്തി .
“നിന്നെ പോലെ നല്ലൊരു കുടുംബം അല്ല എന്റേത് അറിയാല്ലോ, അമ്മ മാത്രേ ഉള്ളു എല്ലാത്തിനും …. നിന്നെ എനിക്കും ഒരുപാടിഷ്ടാണ് എടൊ , പറയുന്നെ കേൾക്കു , നല്ല കോളേജിൽ പോയി പടിക്കു , എന്റെ ചുറ്റും ഉപഗ്രഹം പോലെ തിരിയേണ്ട ” സുധി പറഞ്ഞു നിർത്തിയതും ആരതിയുടെ കണ്ണിൽ ഏതു ഭാവമാണോ ഉണ്ടായതു എന്ന് അറിയില്ലായിരുന്നു .ഒരേ ക്ലാസ്സിൽ , ഒരേ ബെഞ്ചിൽ പത്തു വർഷം ഋതുക്കൾ മാറിയപ്പോൾ ബന്ധങ്ങൾക്കു ദൃഢത കൈ വന്നേ ഉള്ളു .
ആരതിയുടെ വീട്ടിലെ ഒരു അംഗം തന്നെ ആയിരുന്നു സുധി. പക്ഷെ ഉള്ളിൽ സ്നേഹം നിറയുമ്പോളും പ്രായത്തിൽ കൂടുതൽ ഉള്ള പക്വത കൊണ്ടോ , അതോ സ്വന്തം കുടുംബ പശ്ചാത്തലം ആരതിയുടെ ഭാവി കൂടി കളയേണ്ട എന്നത് കൊണ്ടോ സുധി ഒരിക്കൽ പോലും അവളെ സ്നേഹിക്കുന്നു എന്ന് പറഞ്ഞിട്ടില്ല.
ക്ലാസ്സിൽ ഒരാൾക്കു പോലും അറിയില്ലായിരുന്നു .ഒന്നും തന്നെ ….പലപ്പോഴും കവിതകൾ ആയിരുന്നു , അവരുടെ പ്രണയം പറഞ്ഞത് ……..
“നിന്നോട് ഉള്ള ഇഷ്ടം കൊണ്ടാണ് നിന്നെ ഞാൻ പ്രണയിക്കാത്തത് ” സുധി ആരതിയോട് പറയാതെ പറഞ്ഞു … “”കൊള്ളാനും , തള്ളാനും ആവില്ലോടോ…. നിന്നെ പോലൊരു ഫ്രണ്ട് എനിക്കിനി കിട്ടില്ല ഉറപ്പാ … പിന്നെ സൗഹൃദമോ പ്രണയമോ എന്തായാലും നീ എന്നെ വെറുത്താലും എടുത്തു കളഞ്ഞാലും ഞാൻ നിന്നെ വിട്ടു പോകില്ല ടോ . പറയാതെ പറഞ്ഞ വാക്കുകൾ അവർ ഹൃദയത്തെ കൊണ്ട് കൈമാറി …… മാർച്ചു ഓർമ്മ പുസ്തകങ്ങളിൽ ഏടുകൾ നിറച്ചു ,.
ആരതിയും , സുധിയും ……..
ചില ബന്ധങ്ങൾ അങ്ങനെ ആണ് ഉപാധികൾ ഇല്ലാതെ
ഓർമ്മ മാത്രമായി അവശേഷിക്കുന്നവ . മനസ്സ് പതറുമ്പോൾ തനിക്കായി ഒരാൾ ഉണ്ടെന്നു സ്വയം സമാധാനിക്കാൻ ഒരിടം.
സ്കൂൾ ഗ്രൗണ്ടിൽ മഞ്ഞ പൂക്കൾ ഞെട്ടറ്റു വീണു കൊണ്ടേ ഇരുന്നു . സമയം ആരെയും , ഒന്നിനേം പിടിച്ചു വെക്കാറില്ലലോ .
സുധാകരൻ തന്റെ മഞ്ഞ ചാര് കസേരയിൽ ഇരുന്നു ഉറങ്ങി പോയി. ഭാനു ടീവി യിൽ ഹിന്ദി കോമഡി കണ്ടിരിക്കുന്നു . ഉറക്കത്തിൽ പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുമ്പോൾ , കൂർക്കം വലിക്കുമ്പോൾ ഭാനു ഞെട്ടാറുണ്ട് , എന്നാലും സുധിയെ അയാൾ ഉണർത്താറില്ല ..
“അങ്കിൾ, ആജ് വോഹ് ആ രഹെ ഹെ ന , അജിത് ജി ” സുധാകരന്റെ ഒപ്പം നടക്കാൻ ഗാർഡനിലേക്കു പോകുന്ന വഴിയിൽ ഭാനു അയാളെ ഓർമിപ്പിച്ചു .
അജിത് , വരുമ്പോൾ മുൻപേ വിളിച്ചു പറയും . മകൻ വരുന്ന ദിവസം ചുമന്ന മഷി കൊണ്ടും , മകൾ വരുന്ന ദിവസം പച്ച മഷി കൊണ്ടും അയാൾ കലെൻഡറിൽ നക്ഷത്ര ചിഹ്‌നം ഇടുമായിരുന്നു . ഒരു മാസത്തിൽ എത്രെ തവണ മക്കൾ വന്നെന്നു അറിയാൻ ഒരു ചെറിയ ഓർമ്മപ്പെടുത്തൽ .
നാളെ പിറന്നാൾ ആയതുകൊണ്ട് അജിത് വരും , അജിതയുടെ കാര്യം അറിയില്ല. അവൾ അമ്മയെപ്പോലെ ആണ് പലതും സർപ്രൈസ് ആണ് . ഇപ്പോൾ എല്ലാം മെസ്സേജ് , വീഡിയോ കോൾ യുഗം ആണല്ലോ . കുറെ കാര്യങ്ങൾ സുധാകരനും പഠിച്ചെടുത്തിട്ടുണ്ട് . കഴിഞ്ഞ പിറന്നാളിന് അജിതയുടെ മകൾ റിനു ആണ് ഒരു സ്മാർട്ട് ഫോൺ സമ്മാനം കൊടുത്തത് . ഇപ്പോൾ എല്ലാം ഒരു ഞൊടിയിടയിൽ ചെയ്യാൻ പഠിച്ചു കഴിഞ്ഞു .
“സുധാകരേട്ടാ ”
“ആഹ്ഹ് , ദിവാകരാ , നീ നാളെ വരൂന്നല്ലേ പറഞ്ഞെ ”
സുധാകരനും, ഭാനുവും ഏതാണ്ട് ഒരു മണിക്കൂറായി ഗാർഡനിൽ നടത്തം തുടങ്ങിയിട്ട് . മൂന്നാം റൌണ്ട് ഗേറ്റിന്റെ അടുത്ത് എത്തിയപ്പോൾ ആണ് , ദിവാകരൻ എതിരെ വരുന്നത് . നന്നേ ചെറുപ്പത്തിൽ അയാളെ സുധിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു . രണ്ടാനമ്മയുടെ മകൻ എന്ന സ്ഥാനമേ ഉണ്ടായിരുന്നുള്ളു . പിന്നീട് പ്രായാധിക്കം തളർത്തിയപ്പോൾ , മക്കൾക്കു ഭരമേറ്റുകയാണ് താനെന്നു തോന്നിയപ്പോൾ , ഈ ദിവാകരൻ മാത്രമേ ഉണ്ടായുള്ളൂ .
“ഇല്ലേട്ടാ , ഇന്നേ പോന്നു , നാളെ ഇനി അജിത്തു വന്നു എന്തുട്ടാ ഇണ്ടാക്കണേന്നു ആർക്കറിയ ”
കയ്യിലുള്ള പൊതി എടുത്തു , സുധിക്ക് നീട്ടി ദിവാകരൻ
“ഇത് , തറവാട്ടമ്പലത്തീ നേദിച്ച പായസാ , ലേശം ചക്ക പുഴുക്കും ”
“എന്തിനാടാ , നീ ഇതൊക്കെ കൊണ്ടോന്നെ , ചെറുപ്പത്തീ നെന്നെ ഞാൻ നോക്കിട്ടില്ല , ഇപ്പോ നീ മാത്രേ ഒള്ളോ നിക്ക് . നീട്ടിയാലും കൊറച്ചാലും നീയേ ഉള്ളു ബന്ധു ”
കഷണ്ടി തല ചൊറിഞ്ഞു അയാൾ, കണ്ണീരു തുടച്ചു കൊണ്ട് പറഞ്ഞു .
“ ബാ , മ്മ്ക് റൂമീ പോകാം ”
“ ഭാനു ആവൊ ” സുധാകരൻ ഭാനുനേം വിളിച്ചു .
നാട്ടുകാര്യങ്ങളും, വീട്ടുകാര്യങ്ങളും പറഞ്ഞു അവർ പരസ്പരം സമയം പോയതറിയാതെ നിമിഷങ്ങളെല്ലാം ഓർമയുടെ ചേറു മണമുള്ളതാക്കി .
മഞ്ജു , സായാഹ്‌ന സവാരിക്ക് ഇറങ്ങിട്ടുണ്ട് . വരാന്തയിൽ ഉറക്കെ സംസാരം കേൾക്കാം . ദിവാകരൻ ഇറങ്ങിയതും , സുധി ഭാനുവിനോട് ടീവി വക്കാൻ പറഞ്ഞു .
ടീവി ഉറക്കെ വച്ച് അയാൾ മയങ്ങി പോയി .പാതി മയക്കത്തിലും മഞ്ജുവിന്റെ ശബ്‍ദം അയാളുടെ ഹൃദയത്തിലേക്കു ……..
സുധി സന്ധ്യ സമയത്തു സാധാരണ ഉറങ്ങാറില്ല .
അന്ന് അയാൾക്കു നല്ല ക്ഷീണം തോന്നി . മഞ്ജുവിന്റെ ശബ്ദമാണോ അതോ തങ്കത്തിന്റെയോ എന്ന് തിരിച്ചറിയുന്നില്ല .
“തങ്കം ….. എന്റെ തങ്കമണി .. എവിടെയാ ”
അയാൾ ഉറക്കത്തിനും ഉണർവിനും ഇടയിൽ ഉറക്കെ വിളിച്ചു ..
ഭാര്യ മരിച്ചെന്നു അയാൾക്ക് വിശ്വസിക്കാൻ ആയില്ല . മഞ്ജുവിന്റെ ശബ്ദം അയാളിൽ തങ്കത്തിന്റെ സാന്നിധ്യം ആണ് തേടിയത് .
പ്രണയം മനസ്സിന്റെ പ്രയാണമാണ് . വികാരം ഒന്നേ ഉള്ളൂ … പ്രണയം അതു മാത്രം ….. ഒരു പക്ഷെ
വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്കു വ്യത്യാസമുണ്ടായേക്കാം …… …
മഴ , വെയിൽ , കാറ്റ് , പുഴ , പൂവ് എല്ലാം പ്രചോദനം തരുന്ന ഉപോല്ഫലക ഘടകങ്ങളും …. പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അനുഭവിക്കണമെന്നില്ല . ഓരോ പ്രണയവും ആത്മാവിൽ അധിഷ്ടിതമാണ്.
അതുപോലെ തന്നെ സുധിക്കും ... ആദ്യ പ്രണയിനി , ആരതി മുതൽ മഞ്ജു റാണി വരെ ….. ഒരേ വികാരമാണ്. കടന്നു പോയവഴികൾ വ്യത്യാസപ്പെട്ടിരിക്കാം ….. എന്നാലും പ്രണയിച്ചവരോട് അയാൾക്കു ഒരേ വികാരം.
എന്നാൽ അയാളെ മാത്രം പ്രണയിച്ച തങ്കം. ഭാര്യ എന്ന സ്ഥാനം ഒഴിച്ച് പലപ്പോഴും അയാൾ തങ്കമണിക്കു വേറൊന്നും കൊടുത്തിരുന്നില്ല .
“ചേട്ടാ , ദേ ഒന്ന് വരൂ , ഒരു സർപ്രൈസ് ഉണ്ട് ” തങ്കം പതിയെ പറഞ്ഞു .
“പറയൂ , മൈ സ്വീറ് ഹാർട്ട് ”
സുധിക്ക് ഭാര്യയോട് ഒരിക്കലും പ്രണയം തോന്നിയിട്ടില്ല .
പട്ടാളത്തിൽ നിന്നും ലീവിന് വന്നപ്പോൾ അമ്മ പറഞ്ഞിട്ടാണ് , തങ്കമണിയെ പോയ്ക്കാണുന്നത് . നല്ല തടിച്ചവൾ ആയിരുന്നു . വലിയ കണ്ണുകൾ മുട്ടറ്റം മുടി ഒന്നും തന്നെ സുധിയെ ആകർഷിച്ചില്ല . തങ്കത്തെ കാണുമ്പോൾ എല്ലാം ആരതിയെ ആണ് അയാൾ ഓർത്തത് .
അയാളുടെ ആദ്യ പ്രണയം ആരതി ആയിരുന്നല്ലോ . കാലത്തിന് ഒരു പക്ഷെ ഇഷ്ടമുണ്ടായി കാണില്ല .അവരെ ഒന്നിപ്പിക്കാൻ. അല്ലെങ്കിലും എല്ലാ പ്രണയവും വിവാഹത്തിൽ കലാശിക്കണം എന്നില്ലലോ . വിവാഹിതരായി തീർന്നാലും വർഷങ്ങൾ കഴിഞ്ഞു വേർപിരിഞ്ഞു , വേറെ ബന്ധങ്ങൾ തേടി പോകുന്നവരുണ്ട്.
കുറെ സംസാരിക്കുന്ന ചായ കടക്കാരന്റെ മകൾ . പിന്നെ പഠിപ്പും , വിവരവും ഉണ്ടെന്ന യോഗ്യത തള്ളി കളയാനും പറ്റില്ല . സുധിയുടെ ഇപ്പോഴത്തെ അവസ്ഥ വച്ച് ഏറ്റവും നല്ല ബന്ധം. അവൾ ഒരിക്കലും ആരതിയ്ക് പകരമാകില്ല . എന്നു മനസ്സ് പറഞ്ഞു . നീലാകാശത്തു വെയിൽ തരാതെ മേഘങ്ങൾ പറ്റിച്ചേർന്നു നിന്നു .
തങ്കത്തിന്റെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മുറ്റത്തു നിന്നിരുന്ന വലിയ കാറ്റാടി മരം മാത്രമാണ് അയാളെ ആകർഷിച്ചത് . മുറ്റം നിറയെ കായ്കൾ , മുള്ളുള്ള കായ്കൾ പരന്നു കിടന്നു…. സുധിയുടെ വെള്ള കസവു മുണ്ടിൽ ഒരു കാറ്റാടി യുടെ നീളൻ ഇല പറ്റിച്ചേർന്നു കിടന്നു. അയാൾ കാറ്റാടി മരം ഇത്രേ അടുത്ത് ആദ്യ മായിട്ടാണ് കാണുന്നത് .
“എനിക്ക് എല്ലാം ഓ. ക്കെ ആണ് അമ്മ “
“ആങ് , എനിക്കറിയാം , നിനക്കവളെ ഇഷ്ടകൂന്ന് .
അല്ലെങ്കിലും എന്തൂ ട്രാ അവക്കു കുറവ് “
ചുവന്ന മാരുതി കാറിന്റെ കണ്ണട നേരെയാക്കി അമ്മ പറഞ്ഞു .
അന്നൊരു ചെറിയ ചിരി മുഖത്തു വരുത്തി സുധി സമ്മതം അറിയിച്ചു .
വലിയ ആർഭാടങ്ങൾ ഇല്ലാതെ വിവാഹം കഴിഞ്ഞു . കുറെ സന്മനസ്സുകൾ, കുറച്ചു ജാഡക്കാർ , അതിലും കുറച്ചു അസൂയാലുക്കൾ എല്ലാരും കൂടി കല്യാണത്തിനു വട്ടം കൂടി ഇരുന്നു , സൊറ പറഞ്ഞു .
രാത്രി മുന്തിയ ഹോട്ടലിൽ നിന്നും വെജിറ്റബിൾ ബിരിയാണി വരുത്തിച്ചു, പുതുപെണ്ണിനും, ചെക്കനും …
സുധി തങ്കത്തോട് തന്റെ പൂർവ കാല ചരിത്രം പറഞ്ഞു, നേരം വെളുപ്പിച്ചു . ഇടയിൽ അയാൾ ആരതിയെ കുറിച്ചും പറഞ്ഞു .
“ നിക് ഒരു പ്രണയം ഉണ്ടായിരുന്നു, വീട്ടിലെ പ്രശ്നങ്ങൾ അറിയാവുന്നതു കൊണ്ട് ഞാൻ തന്നെ വേണ്ട എന്ന് വച്ചു , ഇപ്പോ എന്റെ മനസ്സ് നല്ല ക്ലീൻ ആണ് . പഴയതെല്ലാം കുഴി വെട്ടി മൂടി . ചാരമായ ഓർമ്മകൾ ആണ് , എന്നാലും തങ്കം നിന്നെ പ്രണയിക്കാൻ പറ്റുമോ എന്ന് ഉറപ്പില്ല ”
“ചേട്ടാ , എല്ലാം തുറന്നു പറഞ്ഞല്ലോ എന്നോട് അത് മതി …..പതുക്കെ എല്ലാം ശരിയാകും . ഞാൻ ഇത് വരെ ആരേം പ്രണയിച്ചിട്ടില്ല ….. സുധി ചേട്ടൻ ആണ് എന്റെ എല്ലാം...”
തങ്കം നീല കർട്ടൻ ഇട്ട ജനവാതിക്കൽ പോയി നിന്നു കണ്ണ് തുടച്ചു . അന്ന് പൗർണമി ആയിട്ടും ചന്ദ്രൻ നനുത്ത പ്രകാശം പൊഴിക്കാതെ മേഘങ്ങൾക്കിടയിൽ പോയി മറഞ്ഞു .
തങ്കം നിഷ്കളങ്ക ആയ പെൺകുട്ടി ആണ് . അവൾ കുറെ സംസാരിക്കും . അത് സുധിക്ക് ഇഷ്ടവുമായിരുന്നില്ല .
”നമുക്ക് ഒരു കുഞ്ഞുണ്ടാകാൻ പോകുന്നു ചേട്ടാ “
“ഓഹ് , ഇതാണോ വലിയ സർപ്രൈസ് ഞാൻ വിചാരിച്ചു വല്ല ജോലിയും കിട്ടി നിനക്ക് എന്ന് ”
തങ്കത്തിന് ഈ ജീവിതം ഒരു ആഘോഷമായിരുന്നു . സുധിക്ക് ഒരു തരം ജീവിച്ചു തീർക്കൽ .
അച്ഛൻ പോയതിനു ശേഷം അമ്മ കുറെ കഷ്ടപ്പെട്ടിട്ടാണ് സുധിയെ വളർത്തിയത് . ഏറെ കാലം അമ്മയുടെ വീട്ടിൽ നിൽക്കേണ്ടി വന്നിട്ടുണ്ട് . അമ്മ ജോലിക്കു പോകുമ്പോൾ ചെറിയമ്മമാരായിരുന്നു സുധിടെ മാർഗദർശികൾ . എന്നാൽ ചില്ലറ മാറ്റങ്ങൾ ആയിരുന്നില്ല അവർ അയാളുടെ ജീവിതത്തിൽ വരുത്തിയത് . സുധാകരൻ എന്ന വ്യക്തിയുടെ ധാർഷ്ട്യത്തിനും , കർക്കശ്യത്തിനും ഇവരായിരുന്നു പിന്നിൽ . ഒരിക്കൽ അമ്മ അയാളെ ഉപദേശിക്കുന്നു മുണ്ട് .
“കാര്യം എന്റെ അനിയത്തിമാർ ഓക്കേ തന്നെ ആണ്. എന്നാലും നിന്റെ മനസ്സാക്ഷി ക്കു തോന്നുന്നത് നീ ചെയ്ക ... ” സുധിയുടെ അമ്മ അയാളെ ഓർമ്മപ്പെടുത്തി .
കല്യാണം കഴിഞ്ഞു സുധിയുടെ വീട്ടിലെത്തിയ രാത്രി അമ്മ മരുമകളേം ഉപദേശിച്ചു .
“സുധി അച്ഛനില്ലാതെ വളർന്ന കുട്ടിയാണ് . നീ ആണ് അവനെല്ലാം. ചെറിയമ്മമാരെ സൂക്ഷിക്കണേ. നിങ്ങളുടെ ജീവിതത്തിൽ വിള്ളൽ വീഴ്ത്താൻ അവർ മതി , എന്റേം സുധിടെ അച്ഛന്റേം പോലെ….”അമ്മയുടെ കണ്ണുന്നീർ തങ്കം തുടച്ചു കൊടുത്തു .
തങ്കത്തിന് എല്ലാം സുധിയായിരുന്നു . നിഷ്കളങ്കയായ അവൾ അയാളോട് അന്ന് രാത്രി തന്നെ അമ്മ പറഞ്ഞ കാര്യം പറഞ്ഞു .
“എന്റെ ചെറ്യേമ്മ മാരെ പറ്റി അനാവശ്യം പറഞ്ഞാൽ ഞാൻ കൊന്നു കളയും ”സുധി തങ്കത്തിന്റെ കഴുത്തു ഞെരിച്ചുകൊണ്ട് പറഞ്ഞു….
അവൾ ശ്വാസം കിട്ടാതെ പിടഞ്ഞു. മുടിയിൽനിന്നും കല്യാണത്തിന് ചൂടിയ മുല്ലപ്പൂ ഗന്ധം മാറുന്നതിനു മുൻപേ ഇങ്ങനെ ഒരു അനുഭവം അവൾ ഒട്ടും പ്രതീക്ഷിച്ചില്ല.
“ എന്റെ കഴുത്തു , ചേട്ടാ, കെയ്യെടുക്കു , ഞാനല്ല നിങ്ങളുടെ അമ്മയെ പറഞ്ഞത്”തങ്കം പെട്ടെന്ന് ചുമച്ചു ശ്വാസം കിട്ടാതെ ആയി.
സുധി കയ്യെടുത്തു.
അവൾ ഓടി ചെന്ന് കട്ടിലിനടിയിൽ തലവച്ച് വായ പൊത്തി കരഞ്ഞു.
വേണ്ട ആരും കേൾക്കേണ്ട , എന്റെ അച്ഛനും അമ്മയും എത്രെ കഷ്ടപെട്ടാണ് എന്നെ പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു വിട്ടതു ചേട്ടൻ അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തതാകും . അവൾ ഇങ്ങനെ ചിന്തിച്ചു നേരം വെളുപ്പിച്ചു . അയാൾ കട്ടിലിൽ കിടന്നു കൂര്‍ക്കം വലിച്ചു സുഖമായി ഉറങ്ങി.
ഒരിക്കൽ പോലും തങ്കത്തെ അയാൾ സ്നേഹത്തോടെ നോക്കുകയോ വർത്തമാനം പറയുകയോ ചെയ്‌തില്ല . കാലം കടന്നു പോയി .
അയാൾ തിരിച്ചു പട്ടാളത്തിൽ പോയി. ഇടയിൽ അവർക്കു രണ്ടു കുട്ടികൾ ഉണ്ടായി . ഓരോ പ്രസവസമയത്തും സുധിയെ അരികിൽ നിർത്താൻ തങ്കം കൊതിച്ചു . അയാൾക്കു എല്ലാ ദിവസവും കത്തുകൾ അയച്ചു .
“ഈ ലോകത്തു എല്ലാ സ്ത്രീകളും പ്രസവിക്കും , അതുപോലെ നീയും ” അവളുടെ സ്നേഹത്തിനുള്ള അയാളുടെ മറുപടി .
തങ്കത്തിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു . എന്ത് കൊണ്ടോ സുധി അവളെ ഇഷ്ടപ്പെട്ടില്ല . വർഷങ്ങൾ പലതും കഴിഞ്ഞു .
മക്കൾ വളർന്നു ജോലിക്കാരായി . അയാൾ വിരമിച്ചു നാട്ടിൽ ജീവിക്കാനായ് തയ്യാറെടുത്തു . ഇരുപത്തഞ്ചു വർഷത്തെ ജോലി ഇപ്പോൾ ഇല്ല .
അൽപ്പം കൃഷി തലപര്യം ഉള്ളത്കൊണ്ട് സമയം വിരസമാവാതെ കളഞ്ഞു . എപ്പോഴോ അയാൾ തങ്കത്തെ ശ്രദ്ധിച്ചു തുടങ്ങി . എന്നാൽ തങ്കം യാന്ത്രികമായി ജീവിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു .
“ തങ്കമ്മ , നീയും കശുമാവും തോപ്പിലേക്കു പോര് ”
അവൾ ഒരുമിച്ചുള്ള യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു . ഇരുപത്തിയേഴു വർഷമായി വിവാഹം കഴിഞ്ഞിട്ടു , എന്നിട്ടും അയാൾ അവളിലെ സ്ത്രീയെന്തെന്നു അറിഞ്ഞില്ല .
എന്നോ നഷ്ടപെട്ട ബന്ധങ്ങളെ ഓർത്തു, സ്വന്തം ആത്മാവിൽ ഉയിർ ചേർത്ത് സ്നേഹിച്ച ഭാര്യയെ അയാൾനികൃഷ്ടജീവിയായി കണ്ടതിൽ ഇപ്പോൾ വിഷമിക്കുണ്ട് .
“വാ തങ്കം ”
“ദാ , വരുന്നു ചേട്ടാ ” നരച്ച മുടി പിന്നിലേക്ക് ഒതുക്കി നവ വധുവിന്റെ നാണത്തോടെ അവൾ മുഷിഞ്ഞ സാരി തുമ്പ് പിടിച്ചു സുധിയുടെ പിന്നാലെ പോയി .
ഒരു പൂരത്തിനും തങ്കത്തെ കൊണ്ട് പോയിരുന്നില്ല . അവൾ പഠിച്ച പെൺകുട്ടി ആയിരിന്നുകിട്ടു കൂടി ജോലിക്കു വിട്ടില്ല . മക്കളേം നോക്കി മുഷിഞ്ഞ വേഷവും ഇട്ടു നടക്കുന്നത് സുധി അന്നൊന്നും ഗൗനിക്കാതെ ഇല്ല .
മഴ പുറത്തു തകൃതിയായി പെയ്യുന്നു . സുധി നല്ല ഉറക്കത്തിലാണ് . പെട്ടന്നു ഫോൺ ബെല്ലടിച്ചു .
അയാൾ പതുക്കെ എണീറ്റിരുന്നു . വലതു ഭാഗത്തു കയ്യെത്തും ദൂരത്തു ഫോണെടുത്തു വച്ചിട്ടാണ് ഭാനു ചൂട് വെള്ളം എടുക്കാൻ താഴേക്ക് പോയത് . അയാൾ എങ്ങി വലിഞ്ഞു ഫോൺ എടുത്തു .
“ആങ്, ആരാ ”
“ അജിതയാ , അച്ഛാ , ഉറങ്ങാർന്നോ , എന്തെ ഇത്രേം വേഗം കിടന്നേ മാണി 7 .30 അല്ലെ ആയുള്ളൂ ”
“കിടന്നതല്ല , മോളെ അറിയാണ്ട് ഉറങ്ങിപോയതാ ”
“നാളെ പിറന്നാളല്ലേ , ഞാൻ റിനുനേം കൂടി വരണുണ്ട് , ഏട്ടൻ വന്നോ ”
“ അജിത്ത് വരുമായിരിക്കും , നീ ഇങ്ങു പോരു ”
“ ഇപ്രാവശ്യം അച്ഛൻ ….(ഒരൽപം നിർത്തി ) ഞങ്ങളുടെ കൂടെ നിക്കാൻ വരോ “
“ഇല്ല , വരണില്ല ഞാൻ .നിന്റെ ജോലിക്കു ബുദ്ധിമുട്ടാകെ ഉള്ളു “
“ അച്ഛന് വേണ്ടതൊക്കെ എന്താച്ച ഞങ്ങൾ ചെയ്തു തരാം .ആങ് , ആ ഭാനുനെ കൊണ്ട് വരേണ്ട പ്രകാശേട്ടന് പിടിക്കൂല “
“ നോക്കട്ടെ ,
(ഫോൺ ഒരു കെയിൽ നിന്നും മറ്റേതിലേക്കു മാറ്റി )
മോളെ ( നിവർന്നു ഇരുന്നു )
ഞാൻ ഇവിടെന്നു എവിടേക്കും ഇല്ല , പിന്നെ ആകെ സഹായം ആ ചെക്കനാ , ഭാനു, അവനും കൂടെ ഇല്ലന്നു വച്ചാൽ പറ്റില്ല . ”
സുധി ഫോൺ വച്ച് പുറത്തേക്കിറങ്ങി .
എല്ലാവരും അവിടെ വർത്തമാനം പറഞ്ഞിരിക്കുന്നു . പഴയ കഥകൾ ആരും പറയാറും ഇല്ല . ഓർക്കാറും ഇല്ല. എന്തിനാണ് ആളുകൾ ഒറ്റപ്പെടലിന്റെ കഥകൾ ഓർക്കുന്നത്.
പാർവതി അമ്മാൾ മാത്രമാണ് ഈ കൂട്ടത്തിൽ ഇല്ലാത്തത്. അവർ ക്ലാസ് എടുത്തു കൊണ്ടിരിക്കുന്നു . ഇന്റർനെറ്റ്, ഓൺലൈൻ ക്ലാസ് എല്ലാം അവർ എളുപ്പത്തിൽ പഠിച്ചെടുത്തു.. ജീവിതകാലം മുഴുവൻ പഠിപ്പിക്കണം എന്നാണ് അവർ പറയുന്നത്. അല്ലെങ്കിൽ ഈ വയസസു കാലത്തു ആരാണ് ഇങ്ങനെ മടിക്കൂടാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്…
വില്യംസ് ഒരു ലുഡോ പ്രിയനാണ്….രഘു കാരംസ്…...സായാഹ്നങ്ങൾ , രാത്രികൾ എല്ലാം തിരക്കേറിയതാക്കി സ്വയംമാറിക്കൊണ്ടിരിക്കുന്നു……..
“മഞ്ജു , എവിടെ ” സുധി രഘുവിനോട് ചോദിച്ചു ..
“മഞ്ജു , വാസു മാഷ്ടെ മുറീടെ മുന്പിലെ താമരകുളത്തിനടുത്തേക്ക് പോകുന്ന കണ്ടു ” രഘു പറഞ്ഞു നിർത്തിയതും സുധി നീളൻ കുർത്ത വലിച്ചിറക്കി വാസു മാഷ്ടെ റൂമിനടുത്തേക്കു നടന്നു . സുധിക്കു ഇപ്പോ നീളൻ കൂർത്തകളാണ് ഇഷ്ടം . ഭാനു പല നിറത്തിൽ കൂർത്ത തയ്ക്കും.
അതിൽ ചെങ്കല്ല് നിറത്തിലുള്ളതാണ് മഞ്ജുവിന്നിഷ്ടം ..
മഞ്ജു സിമെന്റിട്ട കുളത്തിന്റെ അടുത്തുള്ള സീറ്റിൽ ഇരുന്നു ഗപ്പി മീനുകൾ കയ്യിലെടുത്തു തലോലിക്കുന്നു . . ഇടക്ക് മാഷ്ടെ റൂമിലേക്കും നോക്കുന്നു .
സുധി പതുക്കെ നടന്നു, നടന്നു , അവരുടെ അടുത്തിരിക്കാൻ ഭാവിച്ചു .
“ മിസ്റ്റർ . സുധാകർ, നിങ്ങൾക്കു അല്പ്പം ധീരനായിക്കൂടെ എൺപതു വയസ്സിന്റെ യൗവനം എന്നെ പ്രണയിനി ആക്കുന്നത് കാണുന്നില്ലേ, മനുഷ്യാ , ലോകത്തോട് വിളിച്ചു പറയൂ , നിങ്ങൾക്ക് ഒരു കൂട്ട് വേണമെന്ന്, ഇനിയും അമാന്തിച്ചു കൂടാ , നിങ്ങൾ ഒരു നൂറു വയസ്സ് വരെ ജീവിക്കും , ചിലപ്പോൾ അതിലേറെ , ഉള്ള കാലം മിസ്സിസ് മഞ്ജു റാണി സുധാകർ ആകണം എനിക്ക് ”
മഞ്ജു ഉറക്കെ പറഞ്ഞത് കേട്ട് സുധി അല്പം ജാള്യതയോടെ ചുറ്റുപാടും നോക്കി .
“എടോ , തന്നോടൊപ്പം ജീവിക്കാൻ കൊതിയുണ്ട്. എന്നാൽ ഈ വൃദ്ധ സദനത്തിൽ ജീവിക്കുന്ന നമ്മൾ എന്തൊക്കെ സ്വപ്നം കാണും ” സുധി പതുക്കെ പറഞ്ഞു.
“ എഡോ, മനുഷ്യാ, താൻ ആരെയാണ് പേടിക്കുന്നെ, മിലിട്ടറി പെൻഷൻ കൊണ്ടാണ് താൻ ജീവിക്കുനെ എനിക്കും പെൻഷൻ ഉണ്ട്, പണ്ട് കുറച്ചു നാൾ ഞാനും ജോലിക്കാരി ആയിരുന്നല്ലോ. നമ്മളെ നോക്കാൻ ഇവിടെ നമ്മൾ മാത്രേ ഉള്ളു , പിന്നെ ആണ്ടിനും സംക്രാന്തിക്കും വരുന്ന തന്റെ മക്കൾ , എനിക്ക് മക്കളും ഇല്ല, പിന്നെ ആരെ ആഡോ ബോധിപ്പിക്കേണ്ടേ ”
മഞ്ജുവിന്റെ ഭാവം മാറുന്നത് പ്രകടമായിരുന്നു. അവർ എന്തോ നിശ്ചയിച്ച പോലെ ….
“ റാണി മോളെ , ഒന്നടങ്ങു ”സുധി വളരെ വിരളമായെ അങ്ങനെ വിളിക്കാറുള്ളു …
“ നാളെ , പിള്ളേരു , വരും, പിറന്നാളല്ലേ ”
“ അതിന് , അങ്ങ് പറഞ്ഞേക്കണം , നിങ്ങള്ക്ക് ആർക്കും ഞാൻ ഒരു ഭാരമാകില്ല. എനിക്ക് ഇപ്പോ റാണിനെ കെട്ടണം . അത്രേ തന്നെ ”
മഞ്ജു സുധിയുടെ മുഖത്തെ നിസ്സഹായഭാവം വായിച്ചെടുത്തു.
നെടു നീളൻ ഫ്ലാറ്റ് സമുച്ചയങ്ങൾക്കിടയിൽ ചുവപ്പും വെള്ളയും പെയിന്റടിച്ച പതിനെട്ട് നിലയുള്ള ഫ്ലാറ്റ് ആണ് അജിത്തിന്റെയും ഭാര്യ നിമ്മിയുടെയും. നിമ്മി ദുബായിൽ നഴ്സ് ആണ് . അജിത്തിന് പറയത്തക്ക ജോലി ഒന്നുമില്ല . അയാള് കുട്ടികളെ നോക്കുകയും അത്യാവശ്യം വീട്ടു ജോലികളിലും സഹായിക്കും .പിന്നെ അച്ഛനെ നോക്കണം, എന്ന ബോധം സ്വയം ഉണ്ടാകയും ചെയ്തില്ല . നല്ലൊരു ജോലി വിദേശത്ത് ശരിയായി എന്നു പറഞ്ഞു അയാള് നാട് വിടുന്നത് . പറഞ്ഞത് ശരിയായിരുന്നു ജോലി നല്ലതായിരുന്നു . പക്ഷേ അയാൾ കുടിലതകൾ അറിയാത്തത് കൊണ്ട് ഒരു ജോലിയിലും നിലനിലപ്പുണ്ടായില്ല .
വിശപ്പെന്തെന്ന് മരുഭൂമി അയാളെ പടിപ്പിച്ചു. എവിടെയോ കാല് ഇടറിയപ്പോൾ , പിടിച്ചെഴുന്നേൽപ്പിച്ചത് നിമ്മിയാണ് . പിന്നെ പ്രണയമോ, കടപ്പാടോ അറിയില്ല . അവളെ വിട്ടു അയാള് എങ്ങും പോയില്ല.
“യെസ് , നിമ്മി ഞാൻ മാർച്ച് 31 ന്നു ഇവിടെന്ന് തിരിക്കും . ഉറപ്പ് , അച്ഛന്റെ പിറന്നാൾ, നാളെ മാർച്ച് 15 ആണല്ലോ.നാളെ നീ വിളിക്കാന് മറക്കേണ്ടെ. ജനു,ഉറങ്ങിയോ ?
സ്കൂൾ തുറക്കുമ്പോളെക്കും ഞാൻ എത്തും”
അജിത്ത് നിമ്മിയെ ആവുംവിധം പറഞ്ഞു മനസിലാക്കി .
“നാട്ടില് എത്തിയാൽ നിങ്ങൾടെ സ്വഭാവം മാറും . അതാ വിളിച്ചൊണ്ടിരിക്കുന്നേ , പോരാതെന്ന് പെങ്ങള് കൂടി എത്തി കാണുമല്ലോ , അമ്മ ഇണ്ടാരണേല് കൊഴപ്പോം ഇല്ലായിരുന്നു . ഇതിപ്പോ അങ്ങനെയല്ലലോ, ”
നിമ്മി അല്പം ശബ്ദം ഉയർത്തി .
“ജനു ഉറങ്ങി, അച്ഛനെ ചോദിച്ചു , ശരി നിങ്ങള് വേഗം പോയി വാ ....
ഞാന് ഇനി നാളെ വിളിക്കാം ”
അമ്മ പറയുന്ന ജോലിക്കാരി പെണ്ണുങ്ങളുടെ ധാർഷ്ട്യം അവളിലും പ്രകടമായതായി അജിത്തിന് തോന്നി. തന്റെ വിധിയെ അയാള് വീണ്ടും പഴിച്ചു . ഇടയ്ക്കിടയ്ക്ക് ഈ നാട്ടിലേക്കുള്ള വരവ് തന്നെ അനുവദിച്ചു തരുന്നത് തന്നെ ഭാഗ്യം .
അജിത്ത് എൽഡേഴ്സ് ഹോമിന്റെ ഗസ്റ്റ് റെജിസ്റ്റെരിൽ ഒപ്പിട്ടു .
“അജിത്തേട്ടൻ എപ്പഴാ എത്തിയെ, ഒരാഴ്ച നാട്ടില് കാണോ”
റജിസ്റ്റർ വക്കുന്നേടേത്തു ഗീത ആണ് ഇരിക്കുന്നേ എല്ലാവരോടും അവര് കുശാലന്വേഷണം നടത്തും .
അയാൾ പതുക്കെ കോണിപ്പടികള് കയറി . അച്ഛനെ കാണാൻ പോകുന്നതിന്റെ സന്തോഷമോ, അച്ഛന് വൃദ്ധസദനത്തിലാണെന്ന സങ്കടമോ ഉണ്ടായില്ല അയാൾക്കു .
സ്റ്റെപ്സ് കയറി ഇടത്തെ ഭാഗത്ത് മൂന്നാമത്തെ മുറി, എതിര് വശത്തെ മുറിയിലാണ് മഞ്ജുറാണി . അജിത്തിന് മഞ്ജുറാണിയെയും അറിയാം.
“ ആങ് , റാണിയമ്മ , സുഖല്ലെ ”
സുധിയുടെ റൂമില് ആര് വന്നാലും റാണി പുറത്തിറങ്ങും , വർത്തമാനവും പറയും .
“ ഇങ്ങനെപ്പോണൂ , അച്ഛൻ ഉറങ്ങാ, അജിത , മോളേം കൂട്ടി എത്തീട്ടുണ്ട് , റൂമിലുണ്ട് ”
മഞ്ജുറാണി അതും പറഞ്ഞു അവരുടെ റൂമിൽ കയറി .
അജിത്ത് പതുക്കെ പതി ചാരിയ വാതിൽ തുറന്നു . മുറിയിലുള്ള അമ്മേടെ ഫോട്ടോ തന്നെ നോക്കി ചിരിക്കുന്നതായി തോന്നി അയാൾക്കു . കലെൻഡറിൽ മാർച്ച് 15 നക്ഷത്ര ചിഹ്നം ഇട്ടു വച്ചിട്ടുണ്ട് . രണ്ടു നിറത്തിൽ, ചുമപ്പും , പച്ചയും .
ഇടത്തെ അറ്റത്തായി ഇട്ടിരിക്കുന്ന മേശമേല് നാലു ഡയറികൾ. കലണ്ടറിൽ എല്ലാ ആയില്യം നാളിലും ചെയ്യേണ്ട പൂജ അടയാളപ്പെടുത്തിയിട്ടുണ്ട് . ചുമര് നിറയെ പലതരം പാമ്പിന്റെ ചിത്രങ്ങൾ .
“ഏട്ടാ, ഞാനും റിനുവും വന്നിട്ട് അരമണിക്കൂറായി ,
പതിനൊന്നാരക്ക് എത്തിതാ , അച്ഛന് കാലത്ത് കുളി കഴയിന്നുള്ള ഉറക്കം ഇത്തിരി കൂടുതലാ ന്നു ഭാനു പറഞ്ഞു , അവൻ ഇവിടെ ഇണ്ടാർന്നു. ചായ എടുക്കാന് താഴെ പോയി.”
അജിത സുധിയുടെ അടുത്ത് ഇരുന്ന് കൊണ്ട് പതുക്കെ പറഞ്ഞു .
“ഹ്ആ , അച്ഛന്റെ ഈ ചിത്രം വര ഇപ്പോഴും ഉണ്ടല്ലേ,
ഇപ്പോ ഒരു വർഷായി ഞാൻ വന്നിട്ട് , പുതിയ ബിസ്സിനസ് സ്റ്റാർട്ട് ചെയ്തേ പിന്നെ തിരക്കാ , നിമ്മിക്കും.. അറിയാലോ,നഴ്സിങ് ജോലിടെ ബുദ്ധിമുട്ട് ” അജിത്ത് നെടുവീർപ്പിട്ട് പറഞ്ഞു നിർത്തി .
“അങ്കിൾ , ഞങ്ങള് കേക്ക് വാങ്ങയിട്ടുണ്ട് , ഇവിടെ അച്ചചെ സദ്യ പറഞ്ഞിട്ടുണ്ട് ന്നാ പറഞ്ഞേ, ഞാനൊന്ന് താഴെ പോട്ടെ ” റീനു താഴേയ്ക്ക് ഇറങ്ങി .
“അചഛാ , എണീക്ക് , പിറന്നാൾ ആശംസകൾ , ഞാനും എട്ടാനും വന്നൂ , നോക്കൂ ”
“അഹ്, അഹ് ”
സുധി ഉറക്കത്തിൽ ഞരങ്ങി .
“എണീക്കഛ” അജിത്ത് സുധിയെ കുലുക്കി വിളിച്ചു.
കൺപോളകൾ അടഞ്ഞത് തുറക്കാൻ സുധി പാടുപെട്ടു .
ഓറഞ്ച് നിറമുള്ള കൂർത്ത ആണ്, ഇട്ടിരുക്കുന്നേ .
“ഇതെന്തെ , കൂർത്ത ”
അജിത്ത് സുധിയോട് ചോദിച്ചു .
“ ഭാനു തയ്ക്കും , നന്നായി , ചേരിണില്ലെ ന്നിക്ക് ”
“ നന്നായിട്ടുണ്ട് , അച്ഛച്ഛ , താഴെ സദ്യ ആയെക്കുന്നു , ഭാ മ്മക്ക് പോകാം ”
“റീനു , നനക്കു , ഞാന് ഒരു പുസ്തകം തരാം , ഞാന് വരച്ച യോഗ മുദ്രകള് ടെ ” സുധി പേരക്കുട്ടിക് അയാള് വരച്ചുണ്ടാക്കിയ പുസ്തകം കൊടുത്തു .
“അച്ഛന് , ഞാനൊരു ഷർട്ട് കൊണ്ട് വന്നിടുണ്ട് , ഹാഫ് സ്ലീവ് ”
“വേണ്ട ഡാ , ഞാനിപ്പോ , കൂർത്ത ആണ് ഇടുന്നെ ,എവ്ടെന്നു വച്ച വാച്ചോളൂ, വിഷൂ ന്നു ഇടാം .
സുധി ചിരിച്ചു ....
ജനലഴിയിലൂടെ വന്ന കാറ്റ് മുറ്റത്തെ ലാൻകീ ലൻകി പൂവിന്റെ മണം കൊണ്ട് വന്നു .
“മക്കള് എല്ലാരും വന്നു ലെ പിറന്നാളിന് , പറയാർന്നില്ലേ മ്മടെ കാര്യം” സന്ധ്യക്ക് മഞ്ജു റാണി പതിവ് തെറ്റിക്കാതെ കുഞ്ഞ് ഗപ്പയികളുമായി സല്ലപിക്കുകയാണ്.
സുധി പുറകിലുള്ളത് അവർ അറിഞ്ഞില്ല .
“അറിയില്ലടോ, എനിക്കു സാധിക്കില്ലടോ..”
സുധി മഞ്ജുവിന്റെ അടുത്തിരുന്നു .
“നമുക്കിങ്ങനെ കൈകൾ ചേർത്തു പിടിച്ചു , ചേർന്നിരിക്കാം,
ഉപാധികൾ ഇല്ലാതെ ..യൌവനത്തിൽ ഞാൻ പ്രണയിക്കാൻ കൊതിച്ച എന്നെ പ്രണയിച്ച ആരതിക്കോ എന്നെ ഉയിരിൽ ഏറ്റി സ്നേഹിച്ച തങ്കത്തിനോ, നല്കാൻ ആകാത്ത ആകാശത്തോളം സ്നേഹം എന്റെ റാണിക്ക് മാത്രം ഞാന് തരുന്നു .. ആരേം ബോധിപ്പിക്കാത്ത , ഒന്നിനേം ആഗ്രഹിക്കാത്ത നിർമ്മല പ്രണയം ”
സുധിയുടെ തോളത്തു തലചായ്ച്ചു കുറച്ചു നേരം മഞ്ജു ഇരുന്നു . പിന്നെ ഒന്നും പറയാതെ എണീറ്റ് നടന്നു .
“ റാണീ, നിലക് റാണീ”
മഞ്ജു പോകുന്നതും നോക്കി അയാൾ അങ്ങനെ ഇരുന്നു .
പിന്നീട് ഭാനു വന്നു വിളിച്ചപ്പോൾ ആണ് സുധി റൂമിലേക്ക് പോകുന്നത് .
“എല്ലാരും എങ്ങോട്ടാ ധൃതി പടിച്ച്”
എതിരെ വേഗത്തിൽ വന്ന വില്ല്യംസിനോട് സുധാകരൻ ചോദിച്ചു .
രാത്രി പത്തുമണിക്കു ശേഷം ഇത്രേ ശബ്ദം പതിവില്ലാത്തതുകൊണ്ടാണു അയാൾ പുറത്തിറങ്ങിയത് .
“അത്താഴത്തിനു വിളിച്ചിട്ടു മഞ്ജു റാണി കതക് തുറന്നില്ല , ഞങ്ങള് കൊറേ തട്ടി നോക്കി , വാതില് ലോക്ക് ആയിരുന്നില്ല , അനൂപും , ഗീതയും അവരെ ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടുണ്ട് ”
വില്യം പറഞ്ഞു നിറുത്തിയതും സുധാകരന് ബോധം പോയതും ഒരുമിച്ചായിരുന്നു .
“എടോ, തനിക്കെന്താ പറ്റിയെ ,
ഭാനു, പാനീ ”
ഭാനു അകത്തു നിന്നും വെള്ളമെടുത്ത് സുധാകരന്റെ മുഖ ത്ത് തെളിച്ചു.
അനൂപ് ആശുപത്രിയിൽ നിന്നും ആംബുലൻസ് അയച്ചു.
“ അജിത്തേട്ടാ , അച്ഛനെ ആശൂത്രിയിലാക്കിന്നു, അപ്പുറത്തെ റൂമിലെ റാണി അമ്മയ്ക്ക് വയ്യാണ്ട് ആയിത്രെ , അത് കേട്ടു അച്ഛന് ബോധം പോയിന്നു . അല്ലെങ്കിലും ആർകേങ്കിലും വയ്യാന് കേട്ടാല് അച്ഛന് ടെൻഷനാ , രണ്ടാളേം ഒരേ ഐസിയു വിലാ കെടുത്തയെന്ന് , റാണി അമ്മ പോയെന്ന് ..
അച്ഛന് കൊഴപ്പോന്നും ഉണ്ടാവില്ല ലെ , ഈ രാത്രി ഞാൻ എങ്ങനാ പോകാ , മണി പന്ത്രണ്ടായി , ഏട്ടന് ഒന്നു പോകാന് പറ്റുമോ അവിടെ അനൂപും ഗീതേം ഉണ്ട് ”
അജിത ഫോണിലൂടെ പറഞ്ഞത് കേട്ടു അജിത്ത് ആകെ ഒരൽപ്പ നേരം തരിച്ചിരുന്നു .
“പോകാം ടീ ”
അയാള് ഫോണ് കട്ടു ചെയ്തു .
ആകാശം ആകെ കറുത്തിരിക്കുന്നു , നല്ല കാറ്റുണ്ട് . തണുത്ത കാറ്റ് ..
“ഏട്ടാ , സുധി അങ്കിള് നല്ല ടെൻഷൻ ആണ്, എന്നാലും വർത്താനം ഒക്കെ പറയുന്നുണ്ട് , റാണി അമ്മ അപ്പുറത്തെ ബെഡില് കിടന്നാ പോയേ .....”
അനൂപ്നോട് അയാള് തല കുലുക്കി കേട്ടു എന്നു വരുത്തി .
“പോയി ട്ടോ .. ”
അകത്തു നിന്നു ആരോ പറഞ്ഞു ..
നല്ല ഇടിയോട് കൂടി മീന മാസത്തിലാദ്യമായി മഴ പെയ്തു . രാത്രി ആ മഴയെ കൂരിരുട്ട് കൊണ്ട് വിഴുങ്ങി കളഞ്ഞു .
“സായാഹ്ന മന്ദിരത്തിലെ ” മൂവാണ്ടൻ മാവു തളിരിലകൾ വിരിച്ചു ആകാശം മറച്ചു .
ഒഴിഞ്ഞ മുറിയിലെ സാധനങ്ങൾ താഴത്തെ അടഞ്ഞ മുറിയിൽ അവകാശികളെ കാത്തിരുന്നു . ഭാനു വന്നു അവന് മാത്രം അവകാശപ്പെട്ട ടിവി എടുത്തു കൊണ്ട് പോയി .
അജിത്ത് രണ്ടാഴ്ച കഴിഞ്ഞാണ് അവിടേക്കു വന്നത്.... കുറെ ഡയറികൾ.. അതില് ഒരെണ്ണം മാത്രം മഞ്ഞപട്ട് വച്ച് പൊതിഞ്ഞിരിക്കുന്നു .
അയാള് അതെടുത്ത് സുധാകരന്റെ മുകളിലെ റൂമിലേക്ക് പോയി .
ആകാശം തെളിഞ്ഞു മഞ്ഞ പ്രകാശം റൂമിലാകേ വ്യാപിച്ചു ..
“ഉത്തരാധുനിക പ്രണയ ചരിത്രം
മൂന്നാം പർവം
സുധാകരൻ വിജയപുരം ”
അച്ഛന് ഒരു പ്രണയം ഉണ്ടായിരുന്നോ .. അമ്മയല്ലാതെ ..
അജിത്ത് ഓരോ താളുകൾ മറക്കുമ്പോൾ,
പ്രണയത്തിനു പുതു നിർവചനങ്ങൾ ..... ..
പ്രണയം ഒരു പ്രയാണമായിക്കാണുന്ന ..
പരിഭവങ്ങളും , പരിവേദനങ്ങളും ഇല്ലാത്ത ലോകം ..
ഉപരിപ്ലവങ്ങളായ ബന്ധനനങ്ങളിൽപ്പെടാതെ..

