Jitha Sharun

Children Stories

3  

Jitha Sharun

Children Stories

കുഞ്ഞികുരുവിയുടെ വീട്

കുഞ്ഞികുരുവിയുടെ വീട്

1 min
159



പൂഞ്ചോലക്കാട്ടിൽ കുന്നിന് മേലെ ചുവന്ന സൂര്യൻ ഉദിച്ചു.

കിളികൾ എല്ലാവരും പുതിയ കാട് തേടി പോകുകയാണെന്ന്

കാട്ടിലെ രാജാവിനോട് പറഞ്ഞിരിന്നു. പൂഞ്ചോലക്കാടിനെക്കാളും

ഭംഗിയുള്ള ആവണിക്കാട്. കുഞ്ഞിക്കുരുവിക്കു മാത്രം എവിടെയും പോകേണ്ട. അവൾക്കു പൂഞ്ചോലക്കാട് മതി.

“അതെന്താ കുഞ്ഞിക്കുരുവി പോകാതെ ഇവിടെത്തന്നെ   നിൽക്കുന്നെ?”


കാട്ടിലെ രാജാവ് ചോദിച്ചു.

“ രാജൻ, എനിക്ക് ഈ പൂഞ്ചോലക്കാട് മതി. എന്റെ ജീവൻ ഇവിടെയാണ്. ഞാൻ ജനിച്ച ഈ കൂടും , പിന്നെ എന്റെ കൂട്ടുകാരായ

ഈ പൂമരങ്ങളും, മണി അണ്ണാൻകുഞ്ഞും , മിന്നുമുയലും അങ്ങനെ എല്ലാരും . ഞാൻ പോകുന്നില്ല സിംഹരാജൻ”

കുഞ്ഞികുരുവി പറഞ്ഞു.

പൂഞ്ചോലക്കാട്ടിലെ കൂട്ടുകാർ കുഞ്ഞികുരുവിയുടെ വാക്കുകൾ കേട്ട് തുള്ളിച്ചാടി.

മഴക്കാലം വന്നു.

കിളികൾ എല്ലാവരും ആവണിക്കാട്ടിൽ


വലിയ കൂട് വച്ചിരുന്നു. വലിയ മരങ്ങൾ ഉള്ള ആവണിക്കാട്ടിൽ കൂട് വയ്ക്കാൻ ഇഷ്ടം പോലെ ചുള്ളി കമ്പുകൾ ഉണ്ടായിരുന്നു.

ഒരു ദിവസം കുഞ്ഞികുരുവിയെ കാണാൻ ആവണിക്കാട്ടിൽ നിന്നും

മഞ്ഞക്കുരുവി വന്നു.


“കുഞ്ഞികുരുവി വരുന്നോ?

അവിടെ ആവണിക്കാട്ടിൽ ധാരാളം മരങ്ങൾ ഉണ്ട്. നമുക്ക് നല്ല കൂട് വയ്ക്കാം. സുഖമായി ജീവിക്കാം”

മഞ്ഞക്കുരുവി പറഞ്ഞു.

“ഇല്ല, കൂട്ടുകാരി ഞാൻ ഇവിടം വിട്ട്


എങ്ങോട്ടും ഇല്ല”

കുഞ്ഞികുരുവി പറഞ്ഞു.

പൂഞ്ചോലക്കാട്ടിൽ മഴ നന്നായി പെയ്തു തുടങ്ങി...

കാറ്റും ....

കുഞ്ഞികുരുവിയുടെ കൂട്ടിൽ വെള്ളം വീണു .

 മഴ വരുന്നതിന് മുൻപ് പുതിയ കൂട്‌ ഉണ്ടാക്കാൻ കുഞ്ഞികുരുവിക്ക്

ചുള്ളിക്കമ്പുകൾ കിട്ടിയിരുന്നില്ല.

മഴ നനയാതെ ഇരിക്കാൻ മരത്തിലേക്ക് ഓടിക്കയറി ഇലകളുടെ ഇടയിൽ ഒളിച്ച മണി അണ്ണാൻ, കുഞ്ഞികുരുവി


വിഷമിച്ചിരിക്കുന്നത് കണ്ടു.

“എന്തു പറ്റി കുഞ്ഞികുരുവി?”

മണി അണ്ണാൻ ചോദിച്ചു.

“എന്റെ കൂട്ടിൽ വെള്ളം കയറുന്നു

എന്താ ചെയ്യാ കൂട്ടുകാരാ”

കുഞ്ഞി കുരുവി കരഞ്ഞു.

“വിഷമിക്കേണ്ട,ഞങ്ങൾ ശരിയാക്കാം”

മണി അണ്ണാൻ, മിന്നു മുയലിനെ വിളിച്ചു.

അവർ പൂമരത്തിനോട് ചുള്ളികമ്പുകൾ ചോദിച്ചു..

പൂമരം ചുള്ളികമ്പുകൾ ധാരാളം കൊടുത്തു.



മണി അണ്ണാനും, മിന്നു മുയലും കുഞ്ഞികുരുവിക്ക് പുതിയ വീടുണ്ടാക്കാൻ സഹായിച്ചു.

 മഴയുണ്ടായിട്ടും ഇത്ര നല്ല വീടുണ്ടാക്കാൻ സഹായിച്ച പൂമരത്തിനോടും, മണി അണ്ണാനോടും , മിന്നു മുയലിനോടും കുഞ്ഞി കുരുവി നന്ദി പറഞ്ഞു.

കൂട്ടുകാരുടെ സ്നേഹം കണ്ട് പൂഞ്ചോലക്കാട് സന്തോഷം കൊണ്ട്നൃത്തം ചെയ്തു...


Rate this content
Log in