ആ ജീവിതങ്ങൾ
ആ ജീവിതങ്ങൾ
ഏരിപ്പറമ്പിലെ റംല, പീടികപ്പറമ്പിലെ റസിയ, കുപ്പച്ചൻകുണ്ടിലെ സുബൈദ, കണ്ണങ്കണ്ടി യിലെ മറ്റൊരു റംല, മറ്റൊരു കണ്ണങ്കണ്ടിയിലെ റഹ്‌മത് തുടങ്ങിയ അഞ്ചാറു മസറകളിലെ ആടു ജീവിതങ്ങൾ ഇപ്പോൾ ഒന്നോർത്തുപോയി. ദുനിയാവിലെ ഒരു വസന്തകാലത്തിലേക്കു പെരിയോനെ എന്നും പാടി ഒളിഞ്ഞു നോക്കുന്നത് ഒരു സുഖമായിരിക്കും.
തിത്തീച്ച, ഉമ്മാമ, പാത്തുമ്മായി, തുടങ്ങിയ അർബാബുമാർ എല്ലാം ഒരേ സ്വഭാവം ഉള്ളവരാണെങ്കിലും, ഉപ്പാപ്പയായിരിക്കും ബഡെ അർബാബ്. ഒരടിയെങ്ങാനും ഏതെങ്കിലും ഒരാടു തെറ്റിനടന്നാൽ... വഴിവിട്ടു ഒരു ഓലക്കണ്ണിയെങ്ങാനും ഒന്ന് നീട്ടിക്കടിച്ചാൽ.. യാ ആടെ.. ആടുടമകളെ ....
നീ തീർന്നു!
രാവിലെ ബെഡ് കോഫിക്ക് പകരം കിട്ടുന്ന കുറച്ചു ഉണങ്ങിയ പ്ലാവിലകളിൽ തുടങ്ങുന്നു അതുങ്ങളുടെ നാസ്ത അഥവാ ബ്രേക്ഫാസ്റ്റ്. മൊയ്തുക്കാന്റെ പീടികയിൽ എസ്‌ക്ലസ്സിവ് ഡീലർഷിപിൽ റേഷൻ കാർഡ് അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന ചപ്പ്, കെട്ടിന് 50 പൈസയാണ് (1982 അറബിമാസം റബീഉൽ അവ്വൽ മുതൽക്ക്). വൈകുന്നേരം സ്റ്റോക്ക് മാർക്കറ്റ് ക്ലോസ് ചെയ്യുമ്പോളേക്കും പൈസ കൂട്ടിയില്ലെങ്കിലും ചപ്പു നല്ലോണം കുറഞ്ഞിരിക്കും മൊയ്തുക്കന്റെ കെട്ടിൽ നിന്നും. ആടുകളുടെ വർദ്ധനവിനനുസരിച്ചു, ഉത്പാദനക്ഷമത കൈവരിക്കാത്ത പ്ലാവുകൾക്കാണ് അന്നും കുറ്റവും പഴിയും മൊത്തം. കുടുക്കയുടെ ആകൃതിയിൽ പ്രത്യേകം പാക്ക് ചെയ്ത കെട്ടു ചപ്പും തലയിൽ വെച്ചാണ്, ഞാനും അൻവർക്കയും ഷംസുക്കയും ഷോപ്പിംഗ് ക്ലോസ് ചെയ്തു, റയിൽവേ പ്ലാറ്റുഫോമിലൂടെ കടലയും കൊറിച്ചു വീടുകളിൽ അണഞ്ഞിരുന്നത്.
ചപ്പു നുണഞ്ഞു ആസ്വദിക്കുന്ന ആടിനെ കണ്ടിട്ട്, എത്രയോ പ്രാവശ്യം ഞാനടക്കമുള്ള ഫ്രീക്കൻസ് ആ ബെടക്ക് പ്ലാവില കടിച്ചു ചവച്ചു തിന്നാൻ നോക്കിയിട്ടുണ്ട്. അത്ര മനോഹരമായിട്ടാണ് ആടുകൾ പ്ലാവില തിന്നാറുള്ളത്. "ഇറ്റാലിയൻ ഫുസ്സിലി" തിന്നുന്ന പോലെയാണ് അന്നത്തെ ആടുകൾ പൊന്നാങ്കണ്ണിയൊക്കെ വെട്ടി വിഴുങ്ങാറുള്ളത്. ചുവന്ന ചെറിയ ഇലകളും, വെളുത്ത വേരുകളും ഉള്ള എന്റെ പൊന്നാങ്കണ്ണീ ..... എവിടെയാണ് നീയൊക്കെ ഇപ്പോൾ.. കൂടാതെ കവുക്ക, വള്ളി, കറുക, ആര്യാംവാൾ, ആടിന്റെ "മെനു" ഗംഭീരമായിരുന്നു.
ആടുകൾക്ക്ക്കിഷ്ടം കായിത്തോടാണെങ്കിലും, അതും നേന്ത്രന്റെ, നമ്മളെ വീട്ടിലെ ഒരു വിധം തോടും തൊലിയും ഒന്നും ആടുകൾ തിന്നാറില്ല. കാരണം പഴത്തോടൊപ്പം തന്നെ ഉള്ളതാണെന്ന ഒറ്റ കാരണത്താൽ തൊലിയും കാർന്ന്, കാർന്ന് കാർന്ന് അവസാനം ആടിനുപോലും വേണ്ടാത്ത കോലത്തിലാണ് കായിത്തോടൊക്കെയും പണ്ടെല്ലാരും കളയാറുള്ളത്. അതൊക്കെ ഒരു കാലം.
ആടുകൾക്ക് വിരയുടെ മരുന്ന് കൊടുക്കുന്ന, മെഡിക്കൽ എക്സ്പെർടൈസ് ഒന്നേയുള്ളു, അത് തിത്തീച്ചയാണ്. ആടുകളുടെ ഭാഷ, അവയെക്കാളും മികച്ചു സംസാരിക്കാറുണ്ട് തിത്തിച്ച. ഇടയ്ക്കൊക്കെ ആടുകൾക്ക് വ്യാകരണവും ഉച്ചാരണവും അടക്കം ക്‌ളാസ്സുകളും എടുക്കാറുണ്ട് തിത്തീച്ച. പേറടുത്ത ആടുകളുടെ കവിയൂർ പൊന്നമ്മയാണ് ഇപ്പറഞ്ഞ എല്ലാ അർബാബുമാരും. പെറ്റിട്ട ആട്ടിൻ കുട്ടിക്ക് കിട്ടുന്ന സ്നേഹം അതിന്റെ പാതിയെങ്കിലും എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് സങ്കടപ്പെടാറുണ്ടായിരുന്നു എന്റെ ചെറു ബാല്യം !!!
ഓർമകളിൽ നിന്നും അടർത്തിയെടുത്ത ചില്ലറ ആട് ദൃശ്യങ്ങൾ മാത്രമാണിവ.
കുഞ്ഞാട്ടിൻ കുട്ടികളെ... അമ്മച്ചി ആടുകളെ,
പിണ്ണാക്കിൻ പൊടി കലക്കീ.. അണ്ണാക്കിലാക്കാം..
നല്ല കവിതയും വരുന്നുണ്ടെനിക്ക് ഉറക്കിനോടൊപ്പം .!!!
