Binu R

Fantasy Thriller

4.4  

Binu R

Fantasy Thriller

മംഗലശ്ശേരി. 5.രചന -ബിനു

മംഗലശ്ശേരി. 5.രചന -ബിനു

4 mins
431   അദ്ധ്യായം. 5.


 '  ഉണ്ണീ, മംഗലശ്ശേരി വീട് രാധ കാണിച്ചു തരും'. 


വിനയൻ, അയാൾ ഒപ്പം പഠിക്കുന്ന കൂട്ടുകാർക്കൊപ്പം പുറത്തേക്കിറങ്ങാനുള്ള തിരക്കിൽ ആയിരുന്നു. 


ഇന്നലെ വിനയനും കൂട്ടുകാരോടുമൊപ്പം ഇഞ്ചക്കര പുഴയിൽ പോയി നീരാടി. പുഴ എന്നും ഒരു പുനർജീവനമായിരുന്നു. ആ പുഴയിൽ ഉരുളൻ പാറകളും കല്ലുവഞ്ചിയും നിറഞ്ഞിരുന്നു. അതുകൊണ്ടാണ് പുഴക്ക് തണുപ്പേറുന്നതെന്ന് മുത്തച്ഛൻ പറഞ്ഞത് ശരിയെന്നു തോന്നി. 


  രാവിലെ മംഗലശ്ശേരിയിലേക്ക് പോകാൻ ഇറങ്ങുമ്പോൾ മുത്തച്ഛൻ, പഴയ ഒരു താക്കോൽകൂട്ടം കൊണ്ടുതന്നു. അത് ക്ലാവ് പിടിച്ചു കറുത്തിരുന്നു. അതിൽ വലുപ്പം കൂടിയ ഒരു താക്കോൽ ചൂണ്ടിക്കൊണ്ടുപറഞ്ഞു.. 


"-- പഴയ വാതിലിൽ പിടിപ്പിച്ച താഴാണ്. കനച്ചുപോയിട്ടുണ്ടാകും. കുറച്ച് എണ്ണയും കരുതിക്കൊള്ളൂ.... "


ഉണ്ണി വലിയ താക്കോൽ തിരിച്ചും മറിച്ചും നോക്കി. ഒരു കൈപ്പിടിയിൽ നിറഞ്ഞിരിക്കും അതിന്റെ തിരിക. വാലിന്റെ അറ്റത്ത് താഴിലെ അണിയിലേക്കിറങ്ങേണ്ട തുള, വെട്ടാവളിയാൻ മണ്ണിട്ടടച്ചിരിക്കുന്നു. ഉണ്ണി മുറ്റത്തിറങ്ങി ഒരു ഈർക്കിൽ കണ്ടെത്തി അത് കുത്തിക്കളഞ്ഞു. 


പുറകേ ഇറങ്ങി വന്ന മുത്തശ്ശൻ പറഞ്ഞു... 


"-- കാവിന്റെ അവിടുന്ന് കാടാവും. അത് വെട്ടിയൊരുക്കാൻ വാകത്തിയെടുത്തോളൂ. അങ്ങോട്ടേക്ക് എത്തിപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല, എങ്കിലും സൂക്ഷിക്കണം. കടന്നുപോകാൻ കഴിഞ്ഞാൽ ഇരുപുറവും ശ്രദ്ധിക്കണം."


 അവിടുള്ളത് ജീവനുള്ളവരല്ല. ആത്മാക്കൾക്ക് ശത്രുക്കളും മിത്രങ്ങളുമില്ല. ഏവരും തങ്ങളെ തോൽപ്പിക്കാൻ വരുന്നവർ എന്ന ചിന്തയാവും. അങ്ങിനെ താൻ വായിച്ചിട്ടുണ്ട്. ജീവനുള്ള ശരീരത്തിലേക്ക് അടുക്കാൻ പൊതുവെ ആത്മാക്കൾക്ക് വിമുഖതയായിരിക്കും. മാത്രമല്ല ഇവിടെയുള്ള ആത്മാക്കൾ തന്നെ സംശയത്തോടെയാവും വീക്ഷിക്കുക. 


   വല്യച്ഛൻ മരിച്ചു കഴിഞ്ഞ് എപ്പോഴോ ഒരിക്കൽ അച്ഛൻ ഇവിടെ വന്നു. ആ വസ്തു വിൽക്കുകയായിരുന്നു ലക്ഷ്യം. ഈ കഥ താനറിഞ്ഞതല്ല. വിനയന്റെ അമ്മ പറഞ്ഞതാണ്. 


ഒരാൾ വന്നു കണ്ടു. കരാറുമായി. പക്ഷേ, പിന്നീടയാൾ വന്നില്ല. പിന്നീടെപ്പോഴോ ഇയ്യാൾ ഇവിടെ വന്നു പറഞ്ഞുവത്രേ, അയാൾക്ക് ആ സ്ഥലം വേണ്ടെന്ന്. 


    ഉണ്ണി മുറ്റത്തേക്കിറങ്ങി. മുറ്റത്തു മൂലയിൽ അശോകചെത്തിമരം നിറയെ പൂത്തുനിൽക്കുന്നു. മുറ്റത്തിന്റെ അരികുകളിൽ കാര്യമായി തന്നെ പൂന്തോട്ടവുമുണ്ട്. തുളസിത്തറയിൽ നിറഞ്ഞുനിൽക്കുന്ന തുളസി. 


ഗ്രാമം തുളസ്സിത്തറയാണ്. തുളസിത്തറ ഗ്രാമവും. എല്ലാ വീടുകളിലും ഇവയുണ്ടാവും. നഗരത്തിൽ അവയില്ലാത്തത് ഒരുപക്ഷെ, സ്ഥലമില്ലായ്മ തന്നെയാവും. അത് പരിപാലിക്കാനുള്ള സമയക്കുറവും.പലരും അടുത്തടുത്തു ചെറിയവീടുകളിലും, അടുത്തടുത്ത ഫ്ളാറ്റുകളിലുമാണ് താമസിക്കുന്നതെങ്കിൽ പോലും ആർക്കും മറ്റാരെയും അറിഞ്ഞുകൂടാ. 


എന്നാൽ ഗ്രാമത്തിലോ, എത്രയകലത്തായാലും പുതിയ ആൾക്കാരെ അവർ വന്നുകാണും സൗകര്യങ്ങൾ ആരായും, സുഖസൗകര്യങ്ങൾ അന്വേഷിക്കും, സഹായങ്ങൾ വാഗ്ദാനവും ചെയ്യും. അമ്മ പറഞ്ഞതാണ്. എന്നിട്ടും അമ്മ അച്ഛന്റെ കൂടെ ബോംബയിൽ താമസം. ഗ്രാമീണത എന്തെന്നറിയാത്ത നാട്ടിൽ. 


    രാധ മുന്നിൽ നടന്നു വഴികാട്ടിയായി. ഒന്നു തിരിഞ്ഞുപോലും നോക്കുന്നില്ല. അവൾ പത്തിൽ നിന്ന് പ്രീഡിഗ്രിയിലേക്ക് കടക്കുന്നേയുള്ളു. 


തന്റെ അനുജത്തി മിനി, അവൾ ഈക്കൊല്ലം ഡിഗ്രിക്ക് ചേരും. രാധയെ ഒന്നു വിളിച്ചാലോ എന്നുവിചാരിച്ചു. പിന്നെ വേണ്ടെന്നുവച്ചു. അവളുടെ ഒപ്പം നടന്നെത്തി.


' രാധേ, എന്തെങ്കിലും പറയൂ. '


ഒരു ശബ്ദം പോലുമില്ല. ഒരു മൂളൽ പോലും. പക്ഷേ, ഒരു ചിരി വിരിയുവാനായി വരുന്നുണ്ട്. കാവിലെത്തി. കാവിൽ നിന്ന് വയലിലേക്കിറങ്ങുന്ന ഭാഗത്തു വന്നുനിന്നു രാധ ചൂണ്ടിക്കാണിച്ചു തന്നു. അകലെ കാടുകൾക്കിടയിൽ മംഗലശ്ശേരിയുടെ മുഖപ്പ്. പിന്നെ ഒന്നുംപറയാതെ തിരിഞ്ഞു നടന്നു. പോവുകയാണെന്ന് പോലും പറയാതെ. കുറച്ചുദൂരം നടന്നിട്ട്, ഒന്നു തിരിഞ്ഞു നോക്കി, പിന്നെ നടന്നു പോയി. 


    കാവിൽനിന്നു നോക്കുമ്പോൾ കാണുന്ന പാടവരമ്പ്‌ കാടുപിടിച്ചും വള്ളികൾ പടർന്നും അടഞ്ഞുകിടക്കുന്നു. വേനലായതുകൊണ്ട് അവയെല്ലാം ഉണങ്ങിയിട്ടുമുണ്ട്. ഒരുവിധം, കത്തികൊണ്ട് ഒരുകവരമുള്ള കമ്പു വെട്ടിയെടുത്തു. അതുകൊണ്ട് വകഞ്ഞും വെട്ടിമാറ്റിയും ഉണ്ണി മുമ്പോട്ടുനടന്നു.


 ഒരിക്കലും ആരും അതിനടുത്തുപോലും വന്നിട്ടില്ലെന്ന് പരിസരം വ്യക്തമാക്കിയിരുന്നു. പെട്ടെന്ന് കടോന്നനങ്ങി. ഒരു ജന്തു, വട്ടം മുറിഞ്ഞു ചാടി. അതൊരു ഉടുമ്പായിരുന്നു. ഭയം വന്നൊളിഞ്ഞുനോക്കി പോയി. പെട്ടെന്ന് മനസ്സിൽ ധൈര്യം വന്നു നിറഞ്ഞു. അകത്തുള്ളത് തന്റെ വല്യച്ചനും വല്യമ്മയുമാണ്. താൻ അവരോടൊപ്പം താമസിക്കാനാണ് വന്നിരിക്കുന്നത്!. അവർ തന്നെ കാത്തിരിക്കുന്നതുപോലെ. !!


   ഇരുവശവുമുള്ള പാടങ്ങൾ കൃഷിചെയ്യാതെ കാടും പടലും പിടിച്ചു തരിശായി കിടക്കുന്നു. ചുറ്റുവട്ടത്തെങ്ങും ഒരാൾത്താമസം പോലുമില്ല. ചുറ്റുവട്ടം ആർക്കും വേണ്ടതായിരിക്കുന്നു എന്നതാണ് സത്യം. ആ വീടിന്റെ ഇടിഞ്ഞുപൊളിഞ്ഞ മതിലും അതിലൊരു നോക്കുകുത്തിപോലെ തുരുമ്പെടുത്ത ഗേറ്റും കണ്ടപ്പോൾ തീർച്ചയായി, ഈ പ്രദേശത്തേക്കുതന്നെ ആരെങ്കിലും തിരിഞ്ഞുനോക്കിയിട്ടേയില്ല.


 പിറകിൽ നിന്നും ആരോ പിടിച്ചു വലിക്കുന്നതുപോലെ. ഒന്നു പരിഭ്രമിച്ചെങ്കിലും, തിരിഞ്ഞുനോക്കിയപ്പോൾ, ഒരു പനിച്ചം ചെടി കൈ നീട്ടി ഉടുമുണ്ടിൽ പിടിച്ചിരിക്കുന്നു. അത് വിടുവിച്ച് ഒതുക്കിവച്ചു തിരിഞ്ഞു. വല്യമ്മയുടെ കൂടെ പനിച്ചം പറിക്കാനിറങ്ങിയത് ഒരോർമപോലെ. 


പനിച്ചത്തിന്റെ ഇലയും കാന്താരിയും കൂട്ടിയരച്ചു പാടത്തെ ചെറിയമീനുകൾ കൂട്ടിക്കുഴച്ചെടുത്ത് വാഴയിലയിൽ അടപോലെ പരത്തി ദോശച്ചട്ടിയിൽ ചുട്ടെടുക്കുന്നത് സ്വാദിഷ്ടമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. 


    ഗേറ്റിൽ ഏതോ കമ്പി വളച്ചിട്ടതിന്റെ അംശം മാത്രം. പെയിന്റിന്റെ ഒരു ലാഞ്ചന പോലുമില്ല. തുരുമ്പിന്റെ തടിപ്പ് മാത്രം. ഉണ്ണി ഗേറ്റിൽ പിടിച്ച് ഇളക്കാൻ ഒരുശ്രമം നടത്തി. കമ്പികൾ കഷണങ്ങളായി നിലത്തുവീണു.


 ഉണ്ണി വിഹഗമായി ഒന്നുവീക്ഷിച്ചു. വീടിന്റെ മട്ടുപ്പാവിൽ ഒരു ജനൽ പാളി ഒന്നു തുറന്നു...!! അയാൾ ആദ്യം ഒന്നു പകച്ചു. പിന്നെ, ശബ്ദം താഴ്ത്തി ധൈര്യം സംഭരിച്ചു വിളിച്ചു പറഞ്ഞു... 


'വല്യച്ചാ ഞാനെത്തി. '


ഉണ്ണി ഗേറ്റ് ഒന്നു തള്ളി . നല്ല ബലം. വിജാഗിരി തുരുമ്പെടുത്തു ചീർത്തിരിക്കുന്നു. ഒന്നുകൂടി ശക്തമായി തള്ളി. ഒരു കീറ്റലോടെ ഒന്നു തുറന്നു. ഒരാൾക്ക് കടക്കാമെന്നായി. പറമ്പ് കാടാണെങ്കിലും വേനലിന്റെ തെളിച്ചമുണ്ട്. അയാൾ കാടു വകഞ്ഞുമാറ്റി വീടിന്റെ ഉമ്മറത്തുചെന്നു. 


ചുറ്റുമൊന്നു കണ്ണോടിച്ചു. പറമ്പ് നിറയെ തെങ്ങുകളാണ്. തേങ്ങകളും ഓലമടലുകളും വളരെക്കാലമായുള്ളവ വീണുപൊടിഞ്ഞും പടുമുളയോടെയും ഉണങ്ങിയും നാമാവിശേഷമായി കിടക്കുന്നു. കുറ്റിക്കാടുകൾ അവർക്കാവുന്നതുപോലൊക്കെയും വളർന്നും ചെരിഞ്ഞും ചാഞ്ഞുമൊക്കെ നിൽക്കുന്നു. 


    ഉണ്ണി പോക്കറ്റിൽ നിന്നും താക്കോൽക്കൂട്ടമെടുത്തു. താക്കോലിന് മാത്രം തുരുമ്പില്ല. അതിന്റെ ചെറിയ തിളക്കം കണ്ടപ്പോൾ ഈ വീടിനുവീണ്ടും ഉണർവ്വുണ്ടാകുമെന്ന് തോന്നി. താക്കോൽ ദ്വാരത്തിൽ കുളവി കൂടുവച്ചിരിക്കുന്നു. ചുണ്ണാമ്പുപോലൊരു വസ്തുവും മണലും. അതു കുത്തിക്കളഞ്ഞു. താക്കോലിട്ട്, വളരെ ബലമായി തിരിച്ചതിനു ശേഷം, വാതിൽ തുറന്നു. വിജാഗിരിയുടെ ബലവും വാതിലിന്റെ കരച്ചിലും കേട്ടാവും അകത്തുനിന്നും കടവാതിലുകളും നരിച്ചീറുകളും പുറത്തേക്ക് പാറി. ഉണ്ണി ഒതുങ്ങി നിന്നു. അവ പറന്നു തീരുന്നതുവരെ.. അവ പുറപ്പെടുവിക്കുന്ന ശബ്ദം കേട്ട് ഉണ്ണിയൊന്നു ചെറുതായി പുഞ്ചിരിച്ചു.മുംബൈയിലെ സൗണ്ട് ഇഫക്റ്റുള്ള ഒരു തീയറ്ററിൽ ബ്രോംസ്റ്റോക്കറുടെ ഡ്രാക്കുള കണ്ടതോർത്തു.. 


 ഉണ്ണി താഴെയുള്ള മുറികളെല്ലാം തുറന്നു നോക്കി. മാറാലകളും അടഞ്ഞുകിടന്നതിന്റെ വാടയും ആകെ അസ്വസ്ഥമാക്കിയിരുന്നു. ചത്ത ചിലന്തികളുടെയും മറ്റുജീവികളുടെ അവശിഷ്ടങ്ങൾ വേറെ. ജനാലപടികളെല്ലാം പൊടികൊണ്ട് നിറഞ്ഞ് !.എല്ലാ മുറികളുടെയും ജനലുകളുടെ പാളികളെല്ലാം തുറന്നിട്ടു. വെട്ടവും കാറ്റും അകത്തളങ്ങളിലൂടെ കേറിമറിയട്ടെ !. എല്ലാ പഴമയുടെ ഗന്ധവും ഇറങ്ങി പോകട്ടെ...! ഒടുവിൽ ഉണ്ണി മുകളിലേക്കുള്ള ഗോവണിയുടെ ചുവട്ടിലെത്തി. 


    കുറച്ചുനേരം മുകളിലേക്ക് നോക്കി നിന്നു. പിന്നെ സാവധാനം പടികൾ കയറി. പഴയ തടികൾ കൊണ്ടുണ്ടാക്കിയ പടവുകൾ ഞരങ്ങുന്നുണ്ടായിരുന്നു. ചിലത് അടർന്നുപോവുമോ എന്നപോലുള്ള പൊട്ടലിന്റെ ഒച്ചയും.പടികളുടെ പഴക്കത്തിന്റെ തനിമയറിഞ്ഞു. 


മുകളിലും ആരും പെരുമാറിയത്തിന്റ യാതൊരു ലക്ഷണങ്ങളുമില്ല. പിന്നെ ഓരോ മുറിയും 

തുറക്കുമ്പോഴുള്ള ഞരക്കം തന്നിൽ പതിഞ്ഞിരിക്കുന്നതു പോലെ തോന്നി. ഒരുമുറി തുറന്നപ്പോൾ ഉണ്ണിയുടെ മനസ്സിലെവിടെയോ ഓർമകളുടെ ഒരു മിന്നലാട്ടം. 


അച്ഛനോടും അമ്മയോടുമൊപ്പം താൻ കിടന്നിരുന്ന മുറിയാണിത്. വീതിയുള്ള ആ പഴയ സപ്രമഞ്ചൽ കട്ടിലിൽ നിറയെ എലിക്കാട്ടം കിടക്കുന്നു. മച്ച് അവിടവിടെ ചിതലെടുത്തു പൊട്ടി തുളവീണു കിടക്കുന്നു. അവിടവിടെ മരപ്പട്ടിയുടെ കാട്ടവുമുണ്ട്. പിന്നെ ചത്ത പാറ്റകളുടെയും ചിലന്തികളുടെയും ഉണങ്ങിയ ശരീരങ്ങളും. ഉയർന്ന ഗോപുരംപോലെയുള്ള കട്ടിലിന്റെ വരിപ്പുകളിൽ അയാൾ കൈയോടിച്ചു. കറങ്ങുന്ന അഴികളിൽ കൈകൾ ഓടിനടന്നു. 


    ആ മുറിയുടെ വലിയ ജനലിന്റെ ചെറിയപാളികൾ ഉണ്ണി ഓരോന്നായി തുറന്നിട്ടു. കാറ്റും വെളിച്ചവും മുറിക്കകത്തേയ്ക്ക് അടിച്ചുകയറി. ആ കാറ്റിന് എവിടെനിന്നോ വന്ന പാലപ്പൂവിന്റെ ഗന്ധം. തന്റെ മനസ്സിന്റെ തുടിപ്പുകളിൽ വന്നു ചുറ്റിയിട്ട് അവ എങ്ങോട്ടോ പറന്നുപോയി.


 എല്ലാ മുറികളും വിശാലമായത്. പഴയ തറവാടുകളുടെ ഭംഗി തന്നെ ഇങ്ങനെയുള്ള വിശാലമായ മുറികളല്ലേ.. !എല്ലാ മുറികളുടെയും വാതിൽ ഗോവണി മുറിയിലേക്ക് തന്നെ. ഇതാവാം 

വാസ്തുവിന്റെ മാഹാത്മ്യം. കാറ്റ് എവിടെനിന്നുവന്നാലും തിരിഞ്ഞു കറങ്ങി മറിഞ്ഞും തിരിഞ്ഞും പോകണം.


      ഇനി രണ്ടു മുറികൾ കൂടി തുറക്കാനുണ്ട്. ഒന്ന് വല്യച്ചന്റെയും വല്യമ്മയുടെയും മുറി. മറ്റേത് സംഗീത ഉപകരണങ്ങൾ സൂക്ഷിക്കുന്ന മുറി. 


    ആദ്യം വല്ല്യച്ചന്റെ മുറിയാണ് തുറന്നത്. ചെറിയതായി തള്ളിയപ്പോഴേ അത് തുറന്നു. !

ഞാൻ പകച്ചുപോയി... ! ഇതിനകത്താരോ താമസിക്കുന്നുണ്ടോ.. !! വളരേ നേരം വായും പൊളിച്ചു നിന്നുപോയി !!അത്ഭുതങ്ങളുടെ മായാലോകമായിരുന്നു അത്.. !!!!


തുടരും.....


Rate this content
Log in

Similar malayalam story from Fantasy