Jency Shibu

Drama Inspirational

4  

Jency Shibu

Drama Inspirational

റാഷിയുടെ ഐഷ

റാഷിയുടെ ഐഷ

5 mins
236


രാവിലത്തെ നിസ്കാരം കഴിഞ്ഞപ്പോഴാണ് റഷീദ് ഓർത്തത് ഇന്ന് വെള്ളിയാഴ്ച ആണല്ലോ തനിക്ക് ഇന്ന് അവധി ആണല്ലോ എന്ന്. ആ തണുത്ത പ്രഭാതത്തിൽ പുതപ്പിനുള്ളിലേക്ക് വീണ്ടും ചുരുണ്ടുകൂടിയെങ്കിലും എന്തോ റഷീദിന് ഉറക്കം വന്നില്ല. വെറുതെ ഇയർഫോൺ ചെവിയിൽ വെച്ചു കൊണ്ട് പുറത്തേക്ക് കണ്ണോടിച്ച റഷീദിന്റെ നോട്ടം ചെന്നെത്തിയത് അപ്പുറത്തെ ഫ്ലാറ്റിലെ കിച്ചനിൽ, അവിടെ ഒരു സ്ത്രീ ഒരുപാട് കാര്യങ്ങൾ ഒരേസമയം ചെയ്തുതീർക്കുന്ന തിരക്കിലും.


"അതെ അവിടെ നോക്കിയിട്ട് കാര്യമില്ല. അത് ഓൾഡ് പീസാ മാത്രല്ല അതിനു മൂന്നാലു ട്രോഫിയും സ്വന്തമായിട്ടുണ്ട്. ഈ സൈഡിൽ നോക്കിയാൽ റോഡിലൂടെ നല്ല പീലി കുട്ടികൾ പോകുന്നത് കാണാം. മുട്ടിറക്കമുള്ള പാവാടയും ഇറുകിയ ഉടുപ്പും ഇട്ടു ജോലിസ്ഥലത്തേക്ക് ഓടുന്നത് കാണാം." അലിയുടെ വെളിവില്ലാത്ത വർത്തമാനം കേട്ടതും ഒരു ചെറിയ ചമ്മലോടെ റഷീദ് സ്വന്തം ബെഡിൽ പോയിരുന്നു.


 ചൂടുള്ള കടുംകാപ്പി റഷീദിനു നേർക്ക് നീട്ടി കൊണ്ട് ശശിയേട്ടൻ പറഞ്ഞു "ആ പഹയൻ പറയുന്നതൊന്നും കേൾക്കണ്ട. പിന്നെ ആ ഫ്ളാറ്റിലേക്ക് ഒത്തിരി നേരം നോക്കി നിൽക്കേണ്ട. നമ്മുടെ മുതലാളിയെ അറിയുന്ന കൊച്ചാണ്. അവരുടെ വീട്ടിലേക്ക് സ്ഥിരമായി സാധനങ്ങൾ കൊണ്ടു കൊടുക്കുന്നത് ഞാനാണ്. ഇനി അവർ എന്തേലും പറഞ്ഞ് ഓർഡർ ക്യാൻസൽ ആയാൽ അറിയാലോ മുതലാളി ഒരു ചൂഡനാ. പിന്നെ അലി പറഞ്ഞത് പോലെ ഒന്നും അല്ല അവർ ഒരു പാവം സ്ത്രീയാണ്. ആറുവർഷം മുമ്പാണ് അവര് ഫ്ലാറ്റിൽ താമസത്തിന് വരുന്നത്, കൃത്യമായി പറഞ്ഞാൽ എന്റെ ഇളയ മകളുടെ കല്യാണത്തിന് അച്ഛൻ മരിച്ചത് കാരണം ലീവെടുത്ത് നാട്ടിൽ ചെന്ന സമയത്താണ്. ഇളയ മകളുടെ കല്യാണം ഉറപ്പിച്ചത് പയ്യൻറെ വീട്ടുകാർക്ക് വെച്ച് താമസിപ്പിക്കാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ തന്നെ ആണ് തീയതി നിശ്ചയിച്ചോളാൻ പറഞ്ഞത്. പക്ഷേ ജാതക പ്രകാരം ഏറ്റവും അടുത്ത മുഹൂർത്തം പോലും എൻറെ ലീവ് കഴിഞ്ഞായിരുന്നു. കല്യാണത്തിന് പോകാൻ പറ്റാത്ത വിഷമത്തിൽ ദാ ആ ഫ്ളാറ്റിലേക്ക് നോക്കി നിന്ന എൻറെ സമയം പോയതറിഞ്ഞില്ല. ഫ്ലാറ്റിൽ പുതിയതായി താമസത്തിന് എത്തിയതായിരുന്നു അവർ. അവരുടെ അടക്കി പറക്കൽ കണ്ട് ഞാനും നിന്നുപോയി. അന്ന് അവർക്ക് ഒരു കുട്ടിയെ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ മൂന്നു കുട്ടികൾ ആയി. സമയം എത്ര പെട്ടെന്നാ കടന്നു പോകുന്നത്! ആരുടെ മുമ്പിലും തലകുനിക്കാതെ ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ ഒന്നേ ഈ ലോകത്തുള്ളു അതാണ് സമയം. ഹാ ഞാനൊന്നു കിടക്കട്ടെ ഇന്ന് വെള്ളിയാഴ്ച ആണല്ലോ!"


തൊട്ടടുത്ത സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റ് ആണ് റഷീദ്. നാലുവർഷമായി അബുദാബിയിൽ വന്നിട്ട്. വന്ന അന്നു മുതൽ ഈ സൂപ്പർമാർക്കറ്റിൽ തന്നെയാണ് ജോലി. മുതലാളിയുടെ പ്രിയപ്പെട്ടവനാണ് റഷീദ്. കണുക്കിൽ കിറുകൃത്യം ഇന്നുവരെ ഒരു ലൊട്ടുലൊടുക്കു പരിപാടിയും കാണിച്ചിട്ടില്ല, അതുകൊണ്ടുതന്നെ താമസസൗകര്യം ഫ്രീ ആയി കൊടുത്തു കൊണ്ടുള്ള സ്ഥാനക്കയറ്റം ആണ് റഷീദിന് കിട്ടിയ ഈ പുതിയ ഫ്ലാറ്റ്.


ഏകദേശം അതുപോലെ തന്നെയാണ് ശശിയേട്ടനും ഇവിടേക്ക് കുടിയേറിയത്. പതിനാലു വർഷത്തോളമായി മുതലാളിക്ക് വേണ്ടി പണിയെടുക്കുന്നു. കിട്ടുന്ന ഓർഡറുകൾ യഥാസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. മാന്യമായ സ്വഭാവം. ശരിക്കും പറഞ്ഞാൽ "പ്രവാസി " എന്ന വാക്ക് ശശിയേട്ടന് വേണ്ടി മാത്രം ഉള്ളതാണോ എന്ന് തോന്നിപ്പോകും. ഇരുപതാം വയസ്സിൽ തുടങ്ങിയതാണ് നാടും വീടും വിട്ട് ഉള്ള ജീവിതം പെങ്ങന്മാരെ എല്ലാം കെട്ടിച്ചു വിട്ടു. സ്വന്തം മക്കളുടെയും പ്രാരാബ്ദങ്ങൾ കഴിഞ്ഞു. ഇനിയെങ്കിലും സ്വസ്ഥമായി നല്ല പാതിയുടെ കൂടെ ജീവിക്കാൻ ഇരുന്നപ്പോഴാണ് കൊറോണ തൻറെ നല്ല പാതിയുടെ ജീവിതം കവർന്നെടുത്തത്. ഇനി ആർക്കു വേണ്ടി പോകണം? ഇനിയുള്ള ജീവിതം തീരുന്നതുവരെ ഇവിടെ തന്നെ. ശശിയേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ തന്നെയും തന്റെ പ്രിയപ്പെട്ടവരെയും അന്നം തന്ന് ഊട്ടിയ ഈ നാട്ടിൽ തന്നെ.


മുതലാളി എപ്പോഴും പറയും തനിക്ക് പറ്റിയ ഒരു തെറ്റാണ് അലിയെ ഗൾഫിൽ എത്തിച്ചത്. നാട്ടിൽ തേരാപാര നടന്ന അലിയെ ഒരു കൈത്തൊഴിൽ കുടുംബത്തിന് ആശ്വാസം ആകട്ടെ എന്ന് കരുതി മുതലാളി തന്നെയാണ് ഗൾഫിൽ എത്തിച്ചത്. മാത്രമല്ല ഒരു ചെറിയ ബന്ധവും അവർ തമ്മിലുണ്ട്. കൊടുക്കുന്ന ജോലി ഭംഗിയായി ചെയ്യാൻ മിടുക്കനാണ് അലി. പക്ഷേ ഒരൊറ്റ കുഴപ്പമേ ഉള്ളൂ, ജോലി ചെയ്യാൻ അലിയെ കിട്ടില്ല. മുഴുവൻ സമയവും മൊബൈലിൽ കുത്തി ഏതേലും സിനിമ കാണൽ ആണ് അലിയുടെ വിനോദം. പിന്നെ നല്ല ഫിലിപ്പീനികളെ കണ്ടാൽ വായ്നോട്ടം. വേറെ വട്ടകേസിനൊന്നും പോവില്ല കാരണം മുതലാളിയെ നല്ല പേടിയുണ്ട്. മുതലാളിയാരാ മോൻ, അലിയുടെ ഷിഫ്റ്റിൽ ഒപ്പം രണ്ട് ഫിലിപ്പീനിനെയെങ്കിലും ജോലിക്ക് വെക്കും. അങ്ങനെ ഒരു ദിവസം പോലും മുടങ്ങാതെ അലി ജോലിക്ക് എത്തും. നാട്ടിൽ ഉമ്മ മാത്രമേ ഉള്ളൂ. അടുത്ത അവധിക്ക് വരുമ്പോൾ പിടിച്ചു കെട്ടിക്കും എന്ന് പറഞ്ഞ കാരണം രണ്ടു വർഷമായി നാട്ടിൽ പോയിട്ട്.


എന്തോ കിടന്നിട്ട് ഉറക്കം വരാത്ത കാരണം റഷീദ് പിന്നെയും ആ ഫ്ളാറ്റിലെ കിച്ചനിലേക്ക് കണ്ണോടിച്ചു. ആ സ്ത്രീ അപ്പോഴും അവിടെ പാചക കസർത്തിൽ ആയിരുന്നു. പെട്ടെന്നാണ് റഷീദിന്റെ ഉള്ളിലേക്ക് ഐഷ ഓടിയെത്തിയത്. പടച്ചോനെ ഇന്നലെ ഉച്ചയ്ക്ക് വഴക്കുണ്ടാക്കി മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു വെച്ചതാണ്. ചുമ്മാ ഒരു കാര്യവുമില്ലാതെ തുടങ്ങിയ വഴക്കാണ്. എല്ലാത്തിനും തുടക്കമിട്ടതും ഈ ഞാൻ തന്നെ. പാവം ന്റെ പെണ്ണ്, എത്ര വഴക്കിട്ടാലും റാഷിക്കാ എന്നും പറഞ്ഞ് വിളിച്ചോണ്ടിരിക്കും. കെട്ടിയവൻറ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി മുടങ്ങാതെ അഞ്ചു നേരവും നമസ്കരിക്കുന്ന എന്റെ പെണ്ണ്.


"റാഷിക്കാ, മോനെ ഇക്കൊല്ലം സ്കൂളിൽ ചേർക്കണം. അഡ്മിഷൻ എടുക്കാൻ ചെല്ലുമ്പോൾ ഒരു മാസത്തെ ഫീസ് മുൻകൂറായി അടയ്ക്കണം." കുറച്ചു പൈസ കൂടുതൽ അയക്കണേ എന്ന് പറഞ്ഞപ്പോൾ ഞാൻ തന്നെയാ പറഞ്ഞത് "നിന്റെ ബാങ്ക് അഡ്രസ്സ് ഉള്ള പാസ്ബുക്കിന്റെ ഫോട്ടോ എനിക്ക് വാട്സാപ്പിൽ അയച്ചു താ. ഇനിമുതൽ മക്കളുടെ ആവശ്യത്തിനുള്ളത് ഞാൻ നിൻറെ അക്കൗണ്ടിൽ അയക്കാം. ഉപ്പാക്ക് സ്ഥിരമായി അയക്കുന്നതിൽ നിന്ന് എടുക്കേണ്ട." ഫോണിൽ സംസാരിച്ചു നിൽക്കുമ്പോൾ മുതലാളി വന്നു പറഞ്ഞു, തലേദിവസത്തെ ക്ലോസിങ്ങ് ബാലൻസിൽ എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. മുതലാളിയുടെ വായിൽ ഉള്ളതെല്ലാം കേട്ടു കഴിഞ്ഞപ്പോളാണ് അറിയുന്നത് അത് തന്റെ കുഴപ്പമല്ല പുതിയതായി ജോലിക്ക് കയറിയ ഒരു മാഗ്ലൂരിയൻ പയ്യന് പറ്റിയ അബദ്ധം ആണെന്ന്. ആ സമയത്താണ് വാട്സാപ്പിൽ ഐഷ അയച്ച ഫോട്ടോ എത്തുന്നത്. തലതിരിച്ച് അയച്ച ഫോട്ടോ കണ്ടതും റഷീദിന്റെ എല്ലാ കലിപ്പും ഐഷയോട് തീർത്തു. ആദ്യത്തെ രണ്ടു റിങ്ങിൽ ഫോൺ എടുക്കാത്തതിൽ നിന്നു തുടങ്ങി. "നീയൊക്കെ എവിടെ പോയി കിടക്കാ? ആകെ രണ്ട് പിള്ളാരല്ലേ ഉള്ളൂ? എപ്പോ വിളിച്ചാലും നിനക്കെന്താ ഇത്രേം പണി? ആ വീട്ടിലെ പണിയല്ലാതെ മല മറിക്കുന്ന ജോലിയൊന്നും ഇല്ലല്ലോ ?ഇവിടെ ജോലിക്ക് പോയി പിള്ളേരെ നോക്കുന്ന പെണ്ണുങ്ങളെ എനിക്കറിയാം. നേരാംവണ്ണം ഒരു ഫോട്ടോ അയക്കാൻ പോലും അറിയില്ല, ഇതൊക്കെ എന്ന് പഠിക്കാനാണ് ? മനുഷ്യനായാൽ കുറച്ചെങ്കിലും ഉത്തരവാദിത്വവും ആത്മാർത്ഥതയൊക്കെ വേണം. നീയൊക്കെ എന്തിനാ ഇങ്ങനെ ജീവിക്കണെ, എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിക്ക." ശ്വാസം വിടാതെ അത്രയും പറഞ്ഞിട്ടും ഒരു തേങ്ങൽ അല്ലാതെ വേറെ മറുപടിയൊന്നും വന്നില്ല, മറുപടിക്കൊന്നും കാത്തുനിന്നില്ല എന്നുപറയുന്നതാവും ശരി. അന്നേരം സ്വിച്ച് ഓഫാക്കിയ ഫോൺ ആണ് ഒരു ചെറിയ പിടച്ചിലോടെ ഫോൺ ഓൺ ചെയ്തതും ഇരുപത് മിസ്ഡ് കോള് വാട്സാപ്പിൽ ഐഷയുടെ വോയിസ് മെസ്സേജ്. തിടുക്കപ്പെട്ട് വീട്ടിലോട്ടു വിളിച്ചു ഒരു ബെൽ തികയാൻ സമ്മതിക്കാതെ ഐഷയുടെ ആർത്തനാദം, "റാഷിക്കാ ങ്ങൾ എവിടാ ?എന്തിനാ ഫോൺ ഓഫ് ചെയ്ത് വെച്ചത്? ഞാൻ അത്രയും ഭാരമായി തുടങ്ങിയോ ?"


"ഉപ്പ, എന്താ ഇത്രയും നേരം വിളിക്കാതിരുന്നത് ?" "ഉമ്മച്ചി രാത്രി മൊത്തം കരച്ചിലായിരുന്നു." ഹാഫീസും പരാതിപെട്ടി അഴിച്ചുവിട്ടു. പാത്തു അപ്പോഴേക്കും ഫോൺ തട്ടിപ്പറിച്ചു. നാലുവയസ്സുകാരി പാത്തൂന് ഉപ്പ വരുമ്പോൾ എന്തു കൊണ്ടുവരും എന്ന് അറിയണം. മേക്കപ്പ് സെറ്റ് ,ചോക്ലേറ്റ് അങ്ങനെ നീണ്ട ലിസ്റ്റ് നിരത്തി രണ്ടു ചക്കര ഉമ്മയും കൊടുത്തു. പിന്നെ ഉപ്പയുടെയും ഉമ്മയുടെയും വർത്തമാനത്തിന് ശേഷം ഐഷയുടെ സ്വരമൊന്നു കാതിലെത്താൻ ഇരുപത് മിനിറ്റെങ്കിലും എടുത്തു.


"റാഷിക്ക, ഇങ്ങനെ ഫോൺ ഓഫ് ചെയ്തു വയ്ക്കരുത് കേട്ടോ, നിങ്ങള് തിരക്കിലാണേൽ എടുത്തിട്ട് കട്ടാകിക്കോളൂ. അങ്ങേ തലയ്ക്കൽ നിങ്ങൾ ഉണ്ടല്ലോ എന്നൊരു സമാധാനം ഉണ്ട്. റാഷിക്കാ എന്താ ഒന്നും മിണ്ടാത്തത് ?ആ പിന്നെ ഉമ്മ രാത്രി ചോദിച്ചു റഷീദ് വിളിച്ചോ എന്ന്, ഞാൻ ഉവ്വാന്നു പറഞ്ഞു. എന്തിനാ വെറുതെ ഉമ്മാനെ വിഷമിപ്പിക്കുന്നെ? അങ്ങനെ പറഞ്ഞാലും എനിക്ക് പേടിയായിരുന്നു. ഇക്ക വിളിക്കാതായപ്പോൾ ഞാൻ രാത്രി മുഴുവൻ കരഞ്ഞ് ദുആ ചെയ്തു. എൻറെ റാഷിക്ക അല്ലാതെ വേറെ ആരാ എനിക്കുള്ളത് ? ഇക്കായും മക്കളും അല്ലേ എന്റെ ലോകം. പിന്നെ ഫോട്ടോ എടുക്കുന്ന സമയത്ത് പാത്തു അടുക്കളപടിയിൽ കാൽ തെറ്റി വീണു നെറ്റി പൊട്ടി ചെറുതായി ചോര വന്നു. കരച്ചിലിനിടയിൽ എങ്ങനാ ഫോട്ടോ അയച്ചതെന്നുകൂടെ എനിക്കറിയില്ല അല്ലാതെ ഇക്ക വിചാരിക്കും പോലെ ആത്മാർത്ഥത ഇല്ലാഞ്ഞിട്ടല്ല." അപ്പോഴേക്കും അവളുടെ തൊണ്ടയിടറി തുടങ്ങിയിരുന്നു. റഷീദിന് മനസ്സിലായി തന്റെ പെണ്ണ് നെഞ്ചിനുള്ളിൽ അലമുറയിട്ടു കൊണ്ടിരിക്കുകയാണെന്ന്. "മോളെ സോറി. മോളെ ഇങ്ങനെ കരയാതെ. ഞാൻ ഒന്നും അറിയാതെ എന്തൊക്കയാ വിളിച്ചു പറഞ്ഞത് മോള് അതൊന്നും കാര്യമാക്കണ്ട. എന്റെ ഇവിടുത്തെ ടെൻഷൻ ... പിന്നെ നിന്റെയും മക്കളുടെയും കൂടെ നിൽക്കാൻ പറ്റാത്ത ആകുമ്പോൾ എനിക്ക് ദേഷ്യം വരും അതിൻറെ കൂടെ ജോലി സ്ഥലത്തെ പ്രഷർ അതങ്ങനെ. ഐഷ, എനിക്ക് നീയല്ലാതെ വേറെ ആരാ ഉള്ളത് ? ഇങ്ങനെ കരയാതെ ഞാൻ ഇല്ലെ കൂടെ?" റഷീദ് പോലും അറിയാതെ അവന്റെ മിഴികൾ പെയ്ത് ഒഴുകി .


"ആ ഉപ്പ ഈ ഹാഫി പാത്തുനെ തട്ടിയിട്ട് നെറ്റി പൊട്ടിച്ചു. പാത്തുന് നന്നായി വേദനിച്ചു. പിന്നെ ഐഷുമ്മ മരുന്ന് വച്ച് ഒട്ടിച്ചു." ഐഷയുടെ കയ്യിൽ നിന്ന് പാത്തു ഫോൺ തട്ടിപ്പറിച്ചു ഉപ്പാൻറെ കൂടെ കലപിലകൂട്ടി.


ഫോൺ കട്ട് ചെയ്തു ഒന്നു നെടുവീർപ്പെട്ട റഷീദിനെ നോക്കി ശശിയേട്ടൻ ഒരു ചെറുചിരിയോടെ പറഞ്ഞു, "നന്നായി മോനെ. തെറ്റ് ആരുടെ ഭാഗത്താണെങ്കിലും ആദ്യം ആരു ക്ഷമ ചോദിക്കുന്നുവോ അവർക്കാണ് മൂല്യം. നീ ഇവിടെ ഒരു മുതലാളിയുടെ കീഴിൽ ജോലി ചെയ്യുമ്പോൾ നിൻറെ ഭാര്യ നീ എന്ന മുതലാളിയുടെ കീഴിൽ ജോലി ചെയ്യുകയാണ് നിനക്ക് വേണ്ടി, നിന്റെ മക്കൾക്ക് വേണ്ടി, നിൻറെ മാതാപിതാക്കൾക്ക് വേണ്ടി. ഒറ്റ വ്യത്യാസമേ ഉള്ളൂ, നീ ശമ്പളത്തോടെ ജോലി ചെയ്യുമ്പോൾ അവരുടെ ജോലി കടമ എന്ന് പറഞ്ഞു എഴുതിത്തള്ളും. എത്ര ജോലിത്തിരക്ക് ആണേലും ജീവിത പ്രാരാബ്ദം ആയാലും ബന്ധങ്ങളിൽ വിള്ളൽ വരാതിരിക്കാൻ ശ്രമിക്കണം. നമ്മുടെ ജീവിതാവസാനം വരെ അവരുടെ പുഞ്ചിരി എന്നും മായാതിരിക്കാൻ ശ്രമിക്കണം. നമ്മുടെ മക്കളും സഹോദരങ്ങളും എല്ലാം ഒരു ദിവസം നമ്മളെ വിട്ട് പോകും പക്ഷേ അന്നും ഒരു ശകാരം കൊണ്ടുപോലും ചേർത്തുനിർത്താൻ ജീവിതപങ്കാളിയെ കാണൂ. ഒരു സ്നേഹവും നാളത്തേക്ക് മാറ്റി വയ്ക്കരുത്, സ്നേഹിച്ചു കൊണ്ടിരിക്കണം ഓരോ നിമിഷവും. ചേർത്തു നിർത്തണം കരുതലോടെ. അവർ നമ്മെ വിട്ടകന്നു കഴിയുമ്പോൾ ജീവിതം ശൂന്യമാണ്. വെറും വട്ടപ്പൂജ്യം. ദാ എന്നെപ്പോലെ." ഇത്രയും പറഞ്ഞപ്പോഴേക്കും ശശിയേട്ടൻ വാവിട്ടു കരയുകയായിരുന്നു.


"എടോ കിളവാ, കരയാതെടോ. തനിക്ക് ഞാനും എൻറെ ഉമ്മയും ഉണ്ട്." അലിയുടെ വാക്കുകളിലും ആലിംഗനത്തിലും ഒരു മകൻറെ കരുതലും സ്നേഹവും ശശിയേട്ടൻ അനുഭവിച്ചു .

"ചേർത്തുനിർത്താം കരുതലോടെ." 


Rate this content
Log in

More malayalam story from Jency Shibu

Similar malayalam story from Drama