Selestine Christopher

Tragedy Inspirational

4  

Selestine Christopher

Tragedy Inspirational

താഴ്‌വരയിലെ സ്മാരകങ്ങൾ

താഴ്‌വരയിലെ സ്മാരകങ്ങൾ

11 mins
32


താഴ്‌വരയിലെ സ്മാരകങ്ങൾ

(ഭ്രമത്തിന്റെ അന്വേഷണാത്മകത)

കാല്പനികത മിനുക്കിയെടുത്ത സൗന്ദര്യം പോലെ പറങ്കിക്കുന്നു പച്ച നിറത്തിൽ വസന്തം ചാർത്തിനിന്നു. ആളനക്കമില്ലാത്ത ബസ് സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ തന്നെ ആ കുന്നു കണ്ണിൽപെട്ടിരുന്നു. നിഗൂഢതകൾക്കു മറഞ്ഞിരുന്നു ഭയപെടുത്താൻ പോന്ന പച്ചപ്പയർന്നു ഒരു ഭീമാകാരരൂപം. കാണുന്ന കണ്ണിന്റെ ഇഷ്ടമനുസരിച്ച് ഭാവം മാറുന്ന പോലൊരു കുന്നു. ഈ കുന്നിനെകുറിച്ചറിയാനാണ് ഞാൻ വന്നത്.

മരത്തലപ്പുകൾ സ്വാഗതം പറയുന്നതറിയുന്നു

അവിടെയൊരു വയസ്സനുണ്ട്. കുന്നിന്റെ നിഗൂഢതകൾ ആത്മാവിലുറഞ്ഞ അതിനിഗൂഢജീവിതമായി മാറിയ ഒരു മനുഷ്യൻ. അയാളെക്കുറിച്ച് അറിയണം, എഴുതണം. ഞായറാഴ്ചപ്പതിപ്പിന്റെ പ്രത്യേക ലേഖനത്തിനു വിഷയമിട്ടു തന്ന ഇന്നാട്ടുകാരൻ സുഹൃത്തിനു നന്ദി. ഞാൻ നിന്നെയറിയിക്കാതെ നിന്റെ നാട്ടിൽ എത്തിയതിനു ക്ഷമ ചോദിക്കുന്നു. മുൻവിധികളില്ലാതെ നേരറിയുന്നതിന്റെ സുഖം അറിയാൻ ഞാൻ നിന്നെ ഒഴുവാക്കിയതായിരുന്നു.

നിന്റെ അസാന്നിദ്ധ്യമൊരു ആവേശമായി കണ്ട് ഞാൻ കുന്നു കയറട്ടെ. 

റോഡിൽ നിന്നും കുറച്ച് ദൂരം പൂഴിമണലിലൂടെ നടക്കണം. പാല് വീണു  പടർന്ന പോലെ പൂഴിമണ്ണ് വെള്ളപൂശി പരന്നു കിടന്നു. പാദരക്ഷകളില്ലാതെ നഗ്നപാദനായി നടക്കാൻ തോന്നും സരസമാനസർക്കു.

തൽക്കാലം പാദരക്ഷകൾ ഉപേക്ഷിക്കാനാവില്ലല്ലോ.

കാലുകളെടുത്ത് മണ്ണിലേക്ക് വച്ചപ്പോൾ തന്നെ ചൂട് കാരണം പിൻവലിച്ചു പോയി. ഉച്ചവെയിലിൽ തിളച്ചു പതഞ്ഞ പാൽപാടയായി പൂഴിമണ്ണിനെ പാദമറിഞ്ഞു.  പുതമണ്ണിൽ ആണ്ടുപോയ കാൽപാദങ്ങളിൽ പാദരക്ഷകൾ കവച്ചുവച്ച് ചൂടു മണ്ണുരഞ്ഞു.

നിഗൂഢതകളുടെ നടയടി ഉഗ്രനായി.

കാഴ്ചയുടെ സുഖം പകരാതെ താപം വമിപ്പിച്ച മണ്ണിനെ മനസാപ്രാകി കുന്നിനരികിലേക്കു നീങ്ങി. 

രാത്രികാലങ്ങളിൽ പ്രേതത്തെ കണ്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന പറങ്കിക്കുന്നു. പകൽപോലും ആരും പോകാൻ ധൈര്യപ്പെടാത്ത നിഗൂഢതയുടെ ഇരിപ്പിടം. പക്ഷെ അവിടെയൊരു വയസ്സൻ പാർക്കുന്നുണ്ട്.

കേൾവിയിൽ പോലും ആശ്ചര്യം വിളമ്പുന്ന നിഗൂഢസത്യം ദഹിക്കാനറച്ചു നിന്നു.

വല്ലപ്പോഴും കുന്നിറങ്ങി വരുമ്പോൾ കുട്ടികൾക്ക് പേടിസ്വപ്നമായി മാറുന്ന ഒരു  വയസ്സൻ. മുതിർന്നവർക്ക് ആക്ഷേപത്തോടെ ആട്ടിപായിക്കാൻ പാകത്തിൽ ഒരു  എല്ലിച്ച രൂപം. പ്രേതങ്ങൾക്കു പേടിപ്പിക്കാനാകാത്ത നിഗൂഡതകൾക്ക് നിഗ്രഹിക്കാനാകാത്ത ആ രൂപത്തെ കാണണം, സത്യമറിയണം. 

ഗൂഢമായതെന്തോ ഉള്ളിലൊതുക്കി ജീവിക്കുന്ന വൃദ്ധന്റെ ജീവിതരീതികൾ കൂട്ടുകാരന് തള്ളാനും കൊള്ളാനും വയ്യാത്ത ഒന്നായിരുന്നു. അയാളെക്കുറിച്ചുള്ള കഥകൾക്ക് അടിക്കുറുപ്പായി ഒരു വയസ്സൻ ഭ്രാന്തന്റെ ജല്പനങ്ങൾ എന്ന് ചുരുക്കാറുണ്ട് എല്ലാവരും. ആ കുന്നിലൊരു പ്രതിമയുണ്ടത്രേ. തലയില്ലാത്ത ഒരു പ്രതിമ. ആ പ്രതിമയുടെ ഉടഞ്ഞുപോയ തല അന്വേഷിച്ചിറങ്ങിയതായിരിന്നു അയാളുടെ മകൻ ആ കുന്നിൽ മുകളിൽ. പിന്നെ മറ്റു ലോകവുമായി ബന്ധങ്ങൾ ഇല്ലാതെ മകനവിടെ കിടന്നു മരിച്ചപ്പോൾ ഒറ്റ മകന്റെ വിയോഗമേൽപ്പിച്ച പ്രതിസന്ധി തരണം ചെയ്യാനാവാതെ അയാൾ ഒരു മാനസിക രോഗിയായി മാറി. മകന് പൂർത്തീകരിക്കാനാകാത്ത അന്വേഷണം അച്ഛനേറ്റെടുത്തു. തന്റെ ആയുഷ്കാലം നിരര്തഥകമായ ലക്ഷ്യത്തിനായി ഇപ്പോഴും തുടർന്നു കൊണ്ടേയിരിക്കുന്നു. 'വെറും നട്ടഭ്രാന്തെന്നല്ലാതെ മറ്റെന്താണിതു' എന്ന സുഹൃത്തിന്റെ വാക്കുകൾക്കപ്പുറം മറ്റെന്തെങ്കിലുമുണ്ടോ എന്ന് കണ്ടുപിടിക്കാൻ മനസ്സ് വെമ്പൽ പൂണ്ടപ്പോൾ ഇറങ്ങി പുറപ്പെട്ടതാണ് താൻ. 

ആ കുന്നിന്റെ താഴ്‌വരയിൽ കുറച്ച് നേരം  തന്റെ ലക്‌ഷ്യം  ഓർത്തു അയാൾ നിന്നു.

മരക്കൂട്ടങ്ങൾക്കിടയിൽ പെട്ടുപോയ കാറ്റ് വെപ്രാളപ്പെട്ട് പുറത്ത് ചാടുന്നത് ഹുങ്കാരത്തോടെയാണ്. രാത്രിയിൽ മാത്രമല്ല, പകൽ പോലും ആളൊഴിഞ്ഞ ഈ സ്ഥലത്ത് ഒറ്റയ്ക്ക് പെട്ടുപോകുന്നവരെ ഈ ശബ്ദങ്ങൾ ഭയപ്പെടുത്തും. ആ അനുഭവങ്ങൾ നേരിട്ടവരാകണം പ്രേതത്തെ കണ്ടുവെന്ന് പറഞ്ഞു പരത്തുന്നത്. 

നേരറിയാൻ മെനക്കെടുന്നതെന്തിന്? നിഗൂഢതയിൽ അഭിരമിക്കാൻ മനസ്സ് ജന്മനാ പാകമാണല്ലോ, പൊതുവെ.  

ആ വൃദ്ധൻ അവിടെയുണ്ടോ? വിളിച്ച് നോക്കിയാലോ?

എന്റെ തന്നെ ശബ്ദം ഉറങ്ങിക്കിടക്കുന്ന നിഗൂഢതകളെ ഉണർത്തുമോ എന്ന് ഒരു നിമിഷം ശങ്കിച്ചുപോയി. ദൂരെ റോഡിൽ നിന്നും നോക്കുമ്പോഴുള്ള സൗന്ദര്യമൊന്നും അരികിലെത്തുമ്പോൾ കാണാനില്ല.

മന്ദസ്മിതത്തിൽ മുല്ലമൊട്ടായിരുന്ന ദന്ദങ്ങൾ അരികിലെത്തുമ്പോൾ ദ്രംഷ്ടകളാണെന്നു തിരിച്ചറിയുന്നതാണോ?

പതിഞ്ഞ കാൽപാദങ്ങളുടെ സ്വരം പോലും മൃഗഗർജ്ജനം പോലെ കാതിലലക്കുന്നു. കുതിച്ചുചാടാനായി ഭയം അവിടെയെവിടെയോ പതുങ്ങി നിൽപ്പുണ്ട്. മരച്ചില്ലകളുടെ കൂട്ടം അഹങ്കാരത്തോടെ നിഗൂഢതയെ സംരക്ഷിച്ചു നിന്നു. 

വേറിട്ടൊരു ലോകമായി ഒറ്റക്കുനിൽക്കുന്ന കുന്നിന്റെ താഴ്‌വര. കുന്നിനെ പൊതിഞ്ഞ് നിന്ന പച്ചപ്പിനു ചുവട്ടിലെ കരിയിലവിരിപ്പിൽ ആരോ പതിവായി നടന്നു രൂപംവച്ച് വളഞ്ഞുപുളഞ്ഞു പോകുന്ന ഒറ്റയടി പാതകൾ. കരിയിലപുതപ്പിനുള്ളിലെ പാല്മണ്ണിന്റെ വീർപ്പുമുട്ടൽ  ഒറ്റയടിപാതകളിൽ വിതുമ്പി നിന്നു. 

ആ മനുഷ്യന്റെ സഞ്ചാരവഴിയിൽ അത് കൂട്ടായി നിന്നിരിക്കണം.

ആ വഴിയിലൂടെ കുന്നിൻ മുകളിലേക്ക് കയറി.

തലയില്ലാത്ത പ്രതിമയുടെ കഥയിലെ രാജകുമാരനെപോലെ വീരോചിതമായ ഒരു കാൽവെപ്പായി താൻ കുന്നു കയറുകയാണ്. ആദ്യയുദ്ധത്തിൽ തന്നെ മരണമടഞ്ഞ മകന്റെ ഓർമ്മക്കായി പണ്ട് ഒരു രാജാവ് പണികഴിപ്പിച്ചതായിരിന്നു ആ പ്രതിമ. എല്ലാരും എന്നും കാണുവാനായി കുന്നിൽ മുകളിൽ തന്നെ സ്ഥാപിച്ചു. ശത്രുസൈന്യത്താൽ രാജാവ് കൊല്ലപ്പെട്ടപ്പോൾ പുതിയതായി വന്ന ഭരണാധികാരി ആ തല ഉടച്ച് കളഞ്ഞു. ഒരു വൈകൃത രൂപമാക്കി പഴയ രാജാവിന്റെ പരിഹാസമായ സ്മരണികയായി അത് നാട്ടുകാർക്ക് സമ്മാനിച്ചു പുതിയ രാജാവ് പ്രതികാരം ചെയ്തു. കാലങ്ങൾ താണ്ടി, രാജഭരണങ്ങൾ മാറ്റപ്പെട്ടു നാട് പുതിയകാലത്തെ പുണർന്നപ്പോൾ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട കുന്നു മരങ്ങളാൽ മൂടപ്പെട്ടു. എല്ലാരും കാണാൻ സ്ഥാപിച്ച പ്രതിമ ആർക്കും കാണാനാകാതെ മരങ്ങളാൽ മറക്കപ്പെട്ടു.

ഒരു വീരന്റെ സ്മാരകം സ്മരണകളിൽ നിന്നും കാലം തേയ്ച്ചുമാച്ച് കളഞ്ഞു കൊണ്ടിരിന്നു, ആരാലും ശ്രദ്ധിക്കപ്പെടാതെ. എന്നാൽ ഒരാൾ മാത്രമതു കണ്ടു, അറിഞ്ഞു. പൂർണ്ണതക്കായി നഷ്ടപ്പെട്ട ശിരസ്സു തേടി കുന്നു മുഴുവനും അലഞ്ഞു ജീവിതം അവസാനിപ്പിച്ചു. അവൻ നിർത്തിയിടത്ത് നിന്നും അവന്റെ പിതാവ് തുടങ്ങിയ യാത്ര ഇപ്പോഴും തുടരുന്നു.

ആ സത്യം അന്വേഷിച്ച് ദൂരങ്ങൾ താണ്ടിയെത്തി ഞാനിപ്പോൾ ഈ കുന്നു കയറുന്നു. 

സ്മാരകങ്ങൾ മരിക്കുന്നില്ല, സ്മരണകൾ അന്ത്യശ്വാസം വലിക്കാതെ അവയിൽ ജീവൻ തുടിപ്പിക്കുന്നു.

പടവെട്ടി വീരമരണം പൂകിയ പുത്രനും അവന്റെ പിതാവും പിന്നെ സ്മാരകത്തിന് ജീവൻ തേടിയ പുത്രനും അവന്റെ പിതാവും ഒരു കെട്ടുകഥക്കും ദഹിക്കാനാവാതെ കുഴഞ്ഞു മറിയുന്നു. സുഹൃത്തിലൂടെ താൻ കേട്ടതൊക്കെ സത്യമാണോ?

അറിയപ്പെടാത്ത എന്ത് സത്യങ്ങൾ ഇനിയും ഈ കുന്നിൽ മറഞ്ഞിരിക്കുന്നുണ്ട്?

വയസ്സന്റെ പതിവ് നടപ്പുകളിൽ തേഞ്ഞുരഞ്ഞ്‌ പോറിയ കുന്നിൻ മാറിലെ വരകൾ പിന്തുടർന്ന് ഞാൻ നടന്നു. അങ്ങിങ്ങ് മാത്രം കടന്നു വരുന്ന പ്രകാശം കുന്നിന്റെ നിഗൂഢതയിൽ പേടിച്ച് വിറങ്ങലിച്ചു. അറച്ചു നിന്ന പ്രകാശം ഇരുളിൽ ലയിച്ച് വരണ്ടു പോകുന്നു.

സിരകളിൽ ഇടക്ക് നാട്ടുവർത്തമാനം കലര്ന്നുവോ? കണ്ണുകൾക്ക് മുന്നിൽ അദൃശ്യ രൂപങ്ങൾക്ക് ജീവൻ വക്കുംവിധം മനസ്സിൽ ഒരു നടുക്കം അനുഭവപ്പെടുന്നുവോ? ഭയം തോന്നുന്നുവോ? ആക്രമിക്കാനായി ആരോ പതുങ്ങി നിൽക്കുന്നുണ്ടോ?

പാടില്ല, അബദ്ധചിന്തകളെ ആട്ടിപ്പായിക്കണം. ഇത് പരാശ്രയമില്ലാതെ ഒരു വയസ്സൻ പാർക്കുന്നിടമാണ്. ഭയമരുത്.

താനെത്ര നടന്നിട്ടുണ്ടാവും? സങ്കല്പങ്ങൾക്കപ്പുറം വലുതായി ആ കുന്നു മാറിയിരിക്കുന്നു. ഓർമ്മകൾക്ക് ദൃഢമായി പാർക്കിനിടം നൽകും വിധം വിശാലമായ ലോകം. പ്രകാശം കടക്കാൻ മടിക്കുന്ന ഇരുളിടങ്ങളും അരിച്ചിറങ്ങുന്ന വെളിച്ചം വഴികാട്ടുന്ന ഒറ്റയടിപാതകളുമുള്ള ഒരു വലിയ കുന്നു തന്നെയിതു.

എനിക്ക് യാത്ര തുടരണം.

വഴിചെന്ന് നിന്നതു കാലപ്പഴക്കം കരഞ്ഞു തീർക്കുന്ന കരിപുരണ്ട പായലുകൾ പറ്റിയ ഒരു ശിലാഫലകത്തിനരികിലാണ്. മറന്നു തുടങ്ങിയ ഓർമ്മകൾ പോലെ മാഞ്ഞു തുടങ്ങിയ അക്ഷരങ്ങൾ വായിക്കാനാവാത്തവിധം ഫലകത്തിൽ പറ്റിനിന്നു.

പത്തടിയോളം വീതിയും ഉയരവുമുള്ള ഫലകം അതിനേക്കാൾ അൽപ്പം വലിപ്പമുള്ള ചതുരാകൃതിയിലുള്ള ഒരു നിർമിതിയിൽ ഘടിപ്പിച്ചിരിക്കുന്നു. അതിനു മുകളിൽ ഉയർന്നു നിൽക്കുന്ന രണ്ടാൾപൊക്കം വലുപ്പമുള്ള മനുഷ്യാകൃതിയിലുള്ള ഒരു ശിലാരൂപം. ഇടംകൈയിൽ പരിചയും വലംകൈയിൽ വാളുമായി കുതിക്കാൻ തയ്യാറായി നിൽക്കുന്ന ജീവനുള്ളപോലെ തോന്നുന്ന ഒരു ശിലാരൂപം. ശിഖരങ്ങളാൽ മൂടപ്പെട്ടു അരക്കുമുകളിൽ അവ്യക്തമായി മാത്രം ദൃശ്യമായ ഒരു കൽപ്രതിമ. അങ്ങിങ്ങ് കാലമാക്രമിച്ച്‌ പരിക്കേൽപ്പിച്ചപോലെ മുറിപ്പാടുകൾ.

കരിപുരണ്ടതും അടർന്നു പോയതുമാണെങ്കിലും ശേഷിപ്പുകളിൽ പൂർണ്ണതയുടെ വശ്യതയുണ്ട്.

പലകാലങ്ങളിൽ പലർക്കും പ്രചോദിതമായ ഒരു വീരന്റെ ഓർമ്മശേഷിപ്പിനരികിലാണ് ഞാൻ.

തലയറ്റു പോയ പ്രതിമയുടെ ചുവട്ടിൽ എന്റെ സാമിപ്യം അവർണ്ണനീയമായ ഒരു അനുഭവമായോ?

പിന്നിലേക്കുമാറി പ്രതിമയുടെ ശിരോഭാഗത്ത് നോക്കി. പൂർവ്വചരിത്രം അറിയാത്തവർ അപഹസിക്കുന്ന കാലത്തിന്റെ കരിപറ്റിയ ശിരസ്സില്ലാരൂപത്തെ മരച്ചില്ലകൾ മറച്ചു പിടിച്ചിരിക്കുന്നു. പറങ്കിയിലകൾ വന്യതയോടെ ശിരസ്സിനെ മൂടിയതായി തോന്നും. 

അതോ, വൈകൃതം മറക്കാൻ പറങ്കിമരങ്ങൾ വക കൈസഹായമോ?

പ്രകൃതിയുടെ കനിവിൽ നശിക്കാതെ നിലനിന്ന കാലത്തിന്റെ തിരുശേഷിപ്പ്.

ആർക്കും വേണ്ടാത്തതല്ല ആ ശിലാരൂപം. മരച്ചില്ലകൾ മാറോട് ചേർത്ത ആ കൽപ്രതിമയെ പുണരുന്ന ഒരു മനുഷ്യൻ കൂടി ഇവിടെയെവിടെയോ ഉണ്ട്. കണ്ണുകൾ പരതി.

വൃദ്ധൻ എവിടെ പോയതാവും, വിളിച്ച് നോക്കിയാലോ? എന്ത് പേര് വിളിക്കും. സുഹൃത്ത് അത് പറഞ്ഞില്ലല്ലോ. ജീവിതം ഒരു പ്രഹസനമാകുമ്പോൾ അതിനെന്തിനൊരു പേര്? പരിഹാസങ്ങൾക്കെല്ലാം കൂടി ഒരൊറ്റ പേരുമാത്രം. 'ഭ്രാന്തൻ'.

'ഭ്രാന്താ നിങ്ങളെവിടെ?' എന്ന് വിളിക്കാൻ നാവുയുരുന്നില്ല. ചുറ്റിനോക്കാം.

അപരാഹ്നം വയസാകുന്നപോലെ സായാഹ്നത്തിന്നരികിലേക്കു വേച്ചുവേച്ച് നീങ്ങുന്നു. ഇരുളിനെ പുണരാൻ വെമ്പൽപൂണ്ടു മരച്ചില്ലകൾ തുറിച്ചു നോക്കിയെന്നെ ഭയപ്പെടുത്തുന്നുവോ? 

ചതുരനിർമ്മിതിയുടെ മറുവശത്ത് ഒരു വാതിൽ. അതിലൂടെ ഒരു മുതിർന്നയാൾക്കു കടന്നുപോകാനാവും. ഒരുപക്ഷെ അതിനകത്തോരു മുറിയായിരിക്കുമോ? അവിടെയാകുമോ അയാൾ പാർക്കുന്നത്? വാതിൽ ചാരിയിട്ടേയുള്ളുവെന്നു തോന്നുന്നു. 

അകം ശൂന്യം, നിലത്തുവിരിച്ച പുൽപ്പായ. അയാളുടെ കിടപ്പറ ദൈന്യതയോടെ നിവർന്നു കിടക്കുന്നു.

നഗരത്തിൽ ഉയർന്നൊരു ഉദ്ദ്യോഗത്തിലിരുന്ന വ്യക്തി കുന്നിന്റെ മാറിൽ പിച്ചവച്ചു ശൈശവത്തിലേക്കു മടങ്ങി. അവിടെ സാഹിത്യസദസ്സുകളിൽ പലതവണ പങ്കെടുത്തിരുന്നയാൾ ഇവിടെ പരിഹാസങ്ങൾക്കിരയായി ഒളിച്ചുകഴിയുന്നു. പണ്ടെന്നോ ജോലിയുമായി ബന്ധപ്പെട്ടു ഇന്നാട്ടിലേക്കു വന്നു, നാട്ടുകാരാൽ ആദരിക്കപ്പെട്ട് ജീവിച്ച ആ ഭൂതകാലം മറന്നു ഇന്ന് എല്ലാവരാലും അകറ്റപ്പെട്ടു ഒറ്റയ്ക്ക് ജീവിക്കുന്നു.

ഒറ്റമകൻ മരിച്ചപ്പോൾ വീണുപോയ അയാളുടെ ഭാര്യ പിന്നെ ആ കിടപ്പിൽത്തന്നെ ജീവിതം അവസാനിപ്പിച്ചു. ബന്ധങ്ങളെല്ലാം നഗരത്തിൽ തന്നെ ഉപേക്ഷിച്ച് മുമ്പ് ജോലിചെയ്തിരുന്ന ഈ നാട്ടിലേക്ക് വീണ്ടും വണ്ടി കയറി. മകൻ ജീവിച്ചു തീർത്ത അല്ലെങ്കിൽ ജീവിതം തുടരുന്ന ഈ കുന്നിലേക്കു. 

ജോലി കാലയളവിൽ സ്വന്തമാക്കിയിരിന്ന വീടും നൂറുകണക്കിന് പുസ്തകങ്ങളും ഒരു സാംസ്കാരിക സംഘടനക്ക് സംഭാവന നൽകി ഈ കുന്നിലൊറ്റക്കായി ജീവിതം തുടങ്ങി. വായനശാലയാക്കിയ മാറ്റിയ ആ വീട് പിന്നൊരിക്കലും ഈ വയസ്സൻ കണ്ടിട്ടില്ല.

വായിക്കുന്ന പുസ്തകങ്ങൾ പണ്ട് ഒരു വൃദ്ധന്റെ കരസ്പർശം പതിഞ്ഞതാണെന്നു വായനശാലയിലെത്തുന്ന ആരും അറിയുന്നുണ്ടാവില്ല. അവരിൽ ചിലരെങ്കിലും ഇയാളെ കാണുമ്പോൾ ആട്ടിയകറ്റുന്നുണ്ടാവുമോ?

വാതിലടച്ചാൽ മുകളിൽ നിന്നും അരിച്ചിറങ്ങുന്ന നിഴൽ വെളിച്ചം മാത്രം. തലയറ്റ ശിലാമകുടത്തിന്റെ പിച്ചപോലെ പ്രകാശം ദരിദ്രമായിരിന്നു. പകലും രാവും പ്രകാശഗോളങ്ങൾ ദാനം ചെയ്യുന്ന അരണ്ട പ്രകാശമല്ലാതൊന്നും ആ മുറിയിലില്ലെന്നു തോന്നുന്നു.

അധികനേരം ആ കുടുസ്സു മുറിയിൽ നിൽക്കാൻ തോന്നിയില്ല. ഉഛ്വാസ വായുവിൽ മണ്ടിനിന്ന വീർപ്പുമുട്ടൽ തന്നെ പുറത്തേക്കു തള്ളുന്നു.

അനുവാദമില്ലാതെ കടന്നുകയറിയവനുള്ള ശിക്ഷ! 

പുറത്തേക്കുള്ള ഒറ്റയടിപ്പാതകൾ പലദിശകളിലായി വേര് പടർന്നുപിടിച്ചപോലെ കുന്നാകെ പരന്നുകിടക്കുന്നു. അന്വേഷണത്വരയുടെ ആക്രാന്തം ആ വരവഴിയിൽ തുളുമ്പി കിടന്നു.

ഭ്രമാത്മകമായ സത്യാന്വേഷണത്തിന്റെ പടർന്നുപിടിച്ച നേർവഴികൾ.

ഇതിലൊരുവഴിയിലൂടെ അയാൾ വന്നേക്കാം.

വരുന്ന വഴിയിൽ ഒപ്പിയെടുത്ത ഫോട്ടോകൾ അച്ചടിച്ച് കാണാൻ കൊതിക്കുന്നു. പക്ഷെ ഫിലിം റീൽ ചുറ്റുന്നതിന്റെ ശബ്ദം പോലും ഈ നിശബ്ദതയിൽ ഭീദിതമായി തോന്നി. ഫിലിമില്ലാത്ത പുതിയ ഡിജിറ്റൽ ക്യാമെറകൾ ഇറങ്ങിയിട്ടുണ്ട്. അതുപോലൊന്നു ഈ നിഗൂഢ ചുറ്റുപാടിൽ അത്യാവശ്യമാണ്.

സാഹചര്യങ്ങളാണ് ആവശ്യകതയെ ഓർമ്മിപ്പിക്കുന്നത്

ഒരു മനുഷ്യനെങ്ങനെ ഇതുപോലൊരിടം കിടപ്പാടമാകും? ലോകമൊരുപാട് കണ്ട, ഒരുപാട് വായിച്ചറിഞ്ഞ ഒരു മുൻ ഉദ്യോഗസ്ഥൻ ഈ കാടുപിടിച്ച കുന്നു തന്റെ വാസസ്ഥലമാക്കാൻ തക്കവണ്ണം അയാളുടെ മനസ്സ് പാളിപോയോ?

അയാൾക്ക് ഭ്രാന്തു തന്നെയാണോ?

ആരോ നടക്കുന്നതിന്റെ ശബ്ദം. അയാളായിരിക്കും.

കേട്ടറിഞ്ഞ മുൻ ജീവിതത്തിന്റെ ആഢ്യങ്ങളൊന്നുമില്ലാതെ ദൈന്യതയുടെ ഒരു മെല്ലിച്ച രൂപം മുന്നിൽ വന്നു.

"പത്രം? ചാനൽ?"

ആ ശോഷിച്ച രൂപത്തെ ആകയെന്നു ഉഴിയും മുമ്പ് തന്നെ അയാൾ ചോദ്യമെറിഞ്ഞു. സ്വയം പരിചയപ്പെടുത്തുന്നതിന്റെ ജാള്യത ആ ചോദ്യത്തിലൂടെ ഒഴുവായികിട്ടിയെങ്കിലും അയാൾ എങ്ങനെയാണെന്നെ തിരിച്ചറിഞ്ഞതെന്ന ആകാംക്ഷ എന്നിൽ നിറഞ്ഞു. അത് മുഖത്ത് കണ്ടിട്ടാകണം അയാൾ എന്റെ കൈയിലിരിക്കുന്ന ക്യാമറയിലേക്ക് നോക്കി. അനൗദ്യോഗിക വേശമാണെങ്കിലും കൈവശമിരിക്കുന്ന ക്യാമറ ഒരു ഐഡന്റിറ്റിയാണ്.

"പത്രമാണ്. എങ്കിലും ഒരു സൗഹൃദ കൂടികാഴ്ച്ചയാക്കാം." പ്രതിരോധത്തിന്റെ ഏതെങ്കിലും സൂചന അയാളിലുണ്ടാകും മുമ്പ് അയാളെക്കൊണ്ട് സംസാരിക്കണമെന്ന് ഞാനോർത്തു.

"അറിയേണ്ട കഥ എന്റെയോ, ഈ പ്രതിമയുടെയോ?"

"രണ്ടും"

"എന്റെ കഥ ഒരുപക്ഷെ ഒരു ആവർത്തനവിരസമായ ഒരു മുഷിപ്പനായിരിക്കും ഈ പ്രതിമയുടേതാകുമ്പോൾ രണ്ടുകാലഘട്ടങ്ങളുടെ കഥയുണ്ടാകും."

അത്രയും പറഞ്ഞ് അയാൾ ആ പ്രതിമയിലേക്കു നോക്കിക്കൊണ്ട് അതിനരികിലേക്കു നടന്നു. ചതുരനിർമ്മിതിയിൽ ചാരി നിന്ന് കൊണ്ട് ഇരിക്കാൻ ആംഗ്യം കാണിച്ചു.

"മണ്ണിലിരുന്നു മണ്ണിന്റെ കഥ കേൾക്കാം, എന്താ?"

ഗുരുമുഖത്ത് നിന്നുള്ള ആജ്ഞ പോലെ ഉൾക്കൊണ്ട് അതെയെന്ന് ഞാൻ തലയാട്ടി നിലത്തിരുന്നു. 

ഉണങ്ങിക്കരിഞ്ഞ പറങ്കിയിലകൾ കലപില പറഞ്ഞടങ്ങി. 

കേൾക്കേണ്ടത് രണ്ട് കാലഘട്ടത്തിന്റെതല്ല, മൂന്നല്ലേ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും, ആരംഭത്തിലെ കല്ലുകടി ഒഴുവാക്കുന്നതാണ് നല്ലതെന്നു തോന്നി.

"ഇതൊരു മനുഷ്യനിർമിതമായ കുന്നാണ്‌. ശത്രുവിന്റെ വരവ് മുൻപേ അറിയുന്നതിന്‌ പറങ്കികൾ ഉണ്ടാക്കിയെടുത്തത്. പറങ്കികപ്പലുകൾക്ക് വഴികാട്ടിയായി ഒരു വിളക്കുമാടവും ഇതിനു മുകളിൽ അവർ സ്ഥാപിച്ചിരിന്നു. കുന്നാകെ പറങ്കിമരങ്ങളും നട്ടു. പറങ്കിക്കുന്നെന്ന പേരും വീണു. പിന്നെപ്പോഴോ നാട്ടുരാജാവിന്റെ ആക്രമണത്തിൽ തോറ്റുപോയ അവർ വിളക്കുമാടം ഉപേക്ഷിച്ച് പോയി. പക്ഷെ യുദ്ധത്തിൽ രാജകുമാരൻ മരിച്ചുപോയിരുന്നു. മരിച്ച മകന്റെ ഓർമ്മയ്ക്ക് രാജാവ് ഒരു മനുഷ്യപ്രതിമ ഇതിനു മുകളിൽ സ്ഥാപിച്ചു യുദ്ധവിജയം ആഘോഷിച്ചു. വിദേശികൾ പിന്നെയും വന്നു രാജ്യാധികാരം കൈക്കലാക്കി, പ്രതിമയുടെ തലമാത്രമുടച്ച് പ്രതികാരം ചെയ്തു. പ്രജകൾക്ക് മുമ്പിൽ സ്വന്തം രാജകുമാരനെ അപഹാസ്യനാക്കി നിലനിർത്തി. പിന്നെപ്പോഴോ അവർ പ്രതിമക്ക് മുകളിൽ വിളക്കുസ്ഥാപിച്ചെങ്കിലും കാലക്രമേണ അത് നശിച്ചു പോയി. അപ്പോഴും പ്രതിമയുടെ ഉടൽഭാഗം നിലനിന്നു. അങ്ങനെ രണ്ട് കാലങ്ങളിലെ രണ്ട് സംസ്കാരങ്ങളുടെ അവശിഷ്ടമാണ് ഈ കുന്നും ഈ ശിലാരൂപവും."

പറഞ്ഞുതീർക്കാനുള്ള വെമ്പൽ അയാളുടെ വാക്കുകളിലുണ്ടെങ്കിലും, ഇത് രണ്ട് കാലഘട്ടത്തിന്റെയല്ല മൂന്നു കാലഘട്ടത്തിന്റെയല്ലേ, അത് പറയൂവെന്നു എന്റെ മനസ്സിൽ മാത്രം ഞാൻ പറഞ്ഞു. 

"സത്യത്തിൽ മറ്റൊരു കാലഘട്ടത്തിന്റെ കഥകൂടിയുണ്ട് ഈ പറങ്കിക്കുന്നിന്." അയാളെന്തോ ഗൂഢമായി ഓർത്തുകൊണ്ട്‌ പറഞ്ഞു.

തേടിയ കരയിലേക്കടുക്കുന്നു എന്നറിഞ്ഞു ഞാൻ അതുകേട്ടു ആശ്വസിച്ചു.

"പൂർവികരായ കുറേ ജീവനുകൾ വിലകൊടുത്താണ് ഇതുണ്ടാക്കിയത്. ഒരുകൂട്ടം ജനങ്ങളെ കുടിയൊഴുപ്പിച്ച് അവരെകൊണ്ടുതന്നെ മണ്ണുവെട്ടികൂട്ടി ഉണ്ടാക്കിയെടുത്തോരു കുന്നിൻമുകളിലാണ് നമ്മളിരിക്കുന്നതു. മണ്ണുവാരിയെടുത്ത് കുഴിയായിടത്തും ആ മണ്ണിട്ട് കുന്നാക്കിയിടത്തും കുറേ തദ്ദേശീയരായ പാവങ്ങൾ ജീവിച്ചിരുന്നു. അവരുടെ പ്രതിക്ഷേധങ്ങളും വിലാപങ്ങളും ഒന്നും പറങ്കികളുടെ മുന്നിൽ വിലപ്പോയില്ല. പകരം അവരെ തല്ലിയും കൊന്നും കൂടുതൽ അദ്ധ്വനിപ്പിച്ചും അവർ ഈ കുന്നുണ്ടാക്കി. കൂടുതൽ പ്രതിക്ഷേധിച്ചവർ കൊല്ലപ്പെട്ടു. കൂടുതൽ അദ്ധ്വാനിച്ചവർ ക്ഷീണിച്ച് മരിച്ചു, രണ്ടുകൂട്ടരും ഈ മൺകൂനക്കട്ടക്കടിയിൽ കിടപ്പുണ്ട്."

അവരുടെമേലിരിന്നു അവരുടെ കഥപറയുമ്പോഴുള്ള വല്ലായ്ക ആ എല്ലിച്ചരൂപത്തിൽ പ്രതിഫലിക്കുന്നത് ഞാനറിഞ്ഞു.

താനറിയാൻ ആഗ്രഹിക്കുന്ന മൂന്നാം ഭാഗം അതല്ലായിരുന്നെങ്കിലും ആദ്യഭാഗമാകേണ്ട ആ ഭാഗം എനിക്ക് അജ്ഞാതമായിരുന്നു. തന്റെ സുഹൃത്തിനും ഇതറിയില്ലായിക്കാം, ഒരു പക്ഷെ ഈ നാട്ടുകാർക്കാർക്കുംതന്നെ അറിയില്ലായിരിക്കാം. ആ അറിവായിരിക്കുമോ ഈ വയസ്സന്റെ മകനെ ഇവിടെ പിടിച്ച് നിർത്തിയിരുന്നതു?

നിശബ്ദത നിഴൽപോലെ ഇരുണ്ടുതുടങ്ങി. എനിക്കറിയേണ്ട മൂന്നാം ഭാഗം വിവരിക്കാൻ ഇയാൾക്ക് താൽപ്പര്യമില്ലെന്ന് തോന്നുന്നു.

"ചേട്ടൻ എന്ത് കൊണ്ട് ഒറ്റക്കിവിടെ?" പ്രതിമയും കുന്നും മാത്രമല്ല താങ്കളും മകനും കഥാപാത്രമാകുന്ന കഥയാണെനിക്കുവേണ്ടതെന്ന ഗൂഢലക്ഷ്യത്തോടെ ഞാൻ ചോദിച്ചു. 

"ഒറ്റക്കല്ലായിരുന്നു, പുസ്തകങ്ങൾ കൂടെ ഉണ്ടായിരിന്നു. ഇവിടെ വന്നു വായിച്ചിരിക്കുന്നതായിരിന്നു ആദ്യമൊക്കെ ഒരു ഭ്രാന്തായി മറ്റുള്ളവർ കണ്ടിരുന്നത്. പിന്നെപിന്നെ ഇവിടെത്തന്നെ കൂടി. ആദ്യമൊക്കെ ബന്ധുക്കൾ പലരും വന്നു കാണുമായിരുന്നു. ഞാൻ ഒഴുവാക്കുകയായിരിന്നു അവരെ. ഒറ്റക്കിരിക്കാൻ, വായിക്കാൻ. തേടിവന്ന പലരും പിന്നെ വരാതായി. ഇപ്പോൾ കുറേകാലമായി ആരും വരാറില്ല." 

"ഈ കുന്നിൽ താമസമായതു കൊണ്ടാണോ ഒറ്റപ്പെട്ടതു?" 'ഭ്രാന്തൻ' എന്നാക്ഷേപിച്ച് എല്ലാരും അകറ്റുന്ന കാര്യാമിയാൾക്കറിവില്ലേ എന്ന നിഗൂഢചോദ്യം എന്റെ വാക്കുകളിലുണ്ടായിരുന്നു. അതയാൾ, മനസ്സിലാക്കിയോ?

"ഇവിടെ ഇപ്പോഴും ഞാൻ ജീവനോടുണ്ടെന്നു അവരെല്ലാം മറന്നെന്നു തോന്നുന്നു. എല്ലാം വിറ്റു തുലച്ച് നാടു വിട്ടൊരു വട്ടൻ മാത്രമായിരിക്കും ഞാനവർക്ക്"

"നാട്ടുകാരോട് അന്വേഷിച്ചാൽ അവർക്കു സത്യം അറിയാൻ പറ്റില്ലേ?"

"പണ്ടേ അൽപ്പം വട്ടുള്ളയാൾ ഇപ്പോൾ മുഴുവട്ടനായികാണുമെന്നു പഴി പറഞ്ഞു തിരികെ പോയിക്കാണും"

"വട്ടുണ്ടോ? ക്ഷമിക്കണം അങ്ങനെ ചോദിക്കേണ്ടി വന്നതിൽ?"

"ഞാൻ പറയുന്നത് നിങ്ങൾക്ക് ഉൾക്കൊള്ളാനായില്ലെങ്കിൽ നിങ്ങളെന്നെ ഭ്രാന്തൻ എന്നല്ലേ വിളിക്കു?"

"എന്ത്, എന്ത് ഉൾക്കൊള്ളാനായില്ലെങ്കിൽ?"

"കല്ലിനും മരത്തിനും നാവുണ്ടായിരുന്നെങ്കിൽ അവ സത്യം പറഞ്ഞേനെ, പക്ഷെ മനുഷ്യർ പറയാൻ മടിക്കും പലപ്പോഴും."

നിഗൂഢതയുടെ ആവരണം അണിഞ്ഞ് കൊണ്ട് അയാൾ ഒന്ന് പറഞ്ഞു നിർത്തി, വീണ്ടും തുടർന്നു.

"ഈ പ്രതിമ ഒരു ചരിത്രമാണ്. കെട്ടുകഥകളും അർദ്ധസത്യങ്ങളും കൂട്ടികലർന്നൊരു ചരിത്രം. ഒറ്റനോട്ടത്തിൽ ഒരു കൽപ്രതിമ എന്ന് തോന്നുമെങ്കിലും, പലതും വിളിച്ച് പറയുന്നുണ്ട്. എല്ലാ കാതിലും അതെത്തുന്നില്ലെന്നു മാത്രം. പക്ഷെ അവന്റെ കാതിലെത്തിയിരിന്നു, എന്റെ മകന്റെ. അതുമാത്രമായിരുന്നു പിന്നെയവന്റെ ശ്രദ്ധ. ഇവിടെ ഈ കുന്നിൽ അതിനുവേണ്ടി കുറേ സമയം അവൻ കളഞ്ഞിട്ടുണ്ട്. ഒരുപാട് ശ്രമിച്ചു അവനെ പിന്തിരിപ്പിക്കാൻ, എല്ലാ പിതാവിനെയും പോലെ ഞാനും. പക്ഷെ അവൻ പിന്മാറിയില്ല. ഇവിടെകിടന്നു തന്നെ മരണപെട്ടു. എങ്ങനെയെന്ന് ഇപ്പോഴുമറിയില്ല. ഉള്ളിൽ വിഷമുണ്ടായിരുന്നു. പാമ്പുകടിയേറ്റതിന്റെ പാടുകളുമില്ല. അത്മഹത്യ എന്നാണ് പോലീസ് പറയുന്നത്. പക്ഷെ എനിക്ക് വിശ്വാസമില്ല. നാട്ടുകാർ പറയുന്ന പോലെ പ്രേതം പിടിച്ചതെന്നതും ഞാൻ വിശ്വസിക്കുന്നില്ല."

ഒരു ജേതാവിന്റെ ആത്മവീര്യം ആ വാക്കുകളിൽ ഉണ്ടായിരുന്നോയെന്നു തോന്നിപ്പോയി അത്രയും പറഞ്ഞുകഴിഞ്ഞപ്പോൾ.

മകന്റെ മരണത്തെ പരമാര്ശിക്കുമ്പോഴും ആ മുഖത്ത് ഭാവങ്ങൾ സ്തംഭിച്ചു നിന്നു.

"എങ്ങനെയെന്നാണ് ചേട്ടൻ കരുതുന്നത്?"

"അറിയില്ല"

വികാരത്തിന് വിമുഖത കാണിച്ചു വാക്കുകൾക്കു വിരാമമിട്ടു അയാൾ നിശബ്ദനായി ആകാശത്തേക്ക് നോക്കി.

മരച്ചില്ലകൾക്കിടയിലൂടെ തെളിഞ്ഞു കണ്ട നീലമേഘത്തുണ്ടു ഈ പ്രപഞ്ചത്തിന്റെ അപാരതയെ ഓർമ്മിപ്പിച്ചു. 

"ശത്രുക്കളാൽ?"

"അങ്ങനെയൊരാൾ ഉണ്ടെന്നു തോന്നുന്നില്ല. ആ സമയത്ത് ചിലർ പറഞ്ഞത്, ഭയം ജീവനെടുക്കാൻ തക്കവണം ഭീകരമായതെന്തോ അവൻ കണ്ടിരിക്കണം എന്നാണു. അതെന്തുന്നുള്ള അന്വേഷണത്തിലാണ് ഞാൻ. ഇതുവരെ ഉത്തരം കിട്ടിയില്ല."

"എന്തിനിവിടെ സ്ഥിരമായി നിന്നുവെന്നെങ്കിലും മകൻ പറഞ്ഞില്ലേ?"

"അവൻ പറഞ്ഞില്ല. പക്ഷെ ഈ പ്രതിമയുടെ ചുവട്ടിലെ ഈ മുറിക്കുള്ളിൽ നിന്നും കുറെ കടലാസു തുണ്ടുകൾ കിട്ടി. പൊട്ടിപ്പോയ ശിലാശിരസ്സു അന്വേഷിക്കുക മാത്രമല്ല, അവൻ ഈ പ്രതിമയുടെ ചരിത്രവും കൂടി എഴുതുകയായിരിന്നു. ഈ പ്രതിമയുടെ മാത്രമല്ല ഈ കുന്നിന്റെ ചരിത്രവും അതിലൂടെയാണ് ഞാൻ അറിഞ്ഞത്. ഈ നാട്ടുകാർക്കാർക്കും അറിഞ്ഞുകൂടാത്ത ചരിത്രം ഒരു പരദേശി ഈ കുന്നിലിരുന്നു എഴുതി. ഏതാണ്ട് മുഴുവൻ തന്നെയും പക്ഷെ, എഴുതാൻ വിട്ടുപോയ ഒരു അദ്ധ്യായത്തിലെ ചില വരികൾ ഒഴികെ"

ആകാംക്ഷ കൂട്ടികൊണ്ട് അയാൾ പറഞ്ഞു നിർത്തി.

"വാളും പരിചയുമേന്തി യുദ്ധത്തിനായി പുറപ്പെടുന്ന രാജകുമാരന്റെ വേഷവിധാനങ്ങൾ വർണ്ണിക്കുന്ന ഭാഗം. യോദ്ധാവിന്റെ മുഖഭാവങ്ങൾ വിവരിക്കുന്നയിടം ചോദ്യ ചിഹ്നമിട്ടു വച്ചിരുന്നു. ആ ഭാഗത്ത്, അതിനുള്ള ഉത്തരം...?"

അയാൾ ഒരു നിമിഷം നിശബ്ദനായി അതിനുള്ള ഉത്തരം നിങ്ങൾക്കറിയില്ലെ എന്ന ഭാവത്തോടെ എന്നെ നോക്കി. 

എന്താണ് ഉത്തരം എന്ന് എന്റെ മുഖഭാവം അയാളോട് തിരിച്ചു ചോദിച്ചു.

"അതിനുള്ള ഉത്തരമാണ് അവന്റെ ഈ താഴ്‌വരയിലെ അവസാനമില്ലാത്ത അന്വേഷണം."

ആയിരിക്കണമെന്ന് തലകുലുക്കി സമ്മതിക്കാൻ എനിക്ക് മനസ്സ് വന്നെങ്കിലും അവിശ്വസനീയത മുഖത്ത് കാണിച്ചു ഞാനിരുന്നു.

"ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസിലാകുന്നില്ല, എനിക്ക് ഭ്രാന്തു തന്നെ"

സത്യത്തിന്റെയും സങ്കല്പത്തിന്റെയും അതിർവരമ്പിൽ ഞാൻ പതുങ്ങി നിന്നു. നഷ്ടപ്പെട്ടുപോയ ഒരു ശിലാശിരസ്സു തേടി നടന്ന ഒരു യുവാവിന്റെ ജീവിതവും, അതെ ജീവിതം വീണ്ടുമാടുന്ന ഒരച്ഛന്റെ പ്രഹസനനാടകം എന്ന് മാത്രം പരിഹാസപൂർവ്വം കേട്ടിരുന്ന വയസ്സന്റെ ജീവിതവും അകന്നു മാറുന്നു. മകന് പൂർത്തിയാക്കാൻ കഴിയാതിരുന്നത് സ്വയമേറ്റെടുത്ത് വിട്ടുപോയ ആ ഭാഗം പൂരിപ്പിക്കാൻ ശിലാശകലം തേടുന്ന ഒരു ഗവേഷകനാണ് അയാളെന്നു അപ്പോൾ തോന്നിപ്പോയി.

"അവന്റെ അന്വേഷണം എനിക്ക് മനസിലാകാതിരുന്നപ്പോൾ ഞാനും അവനു ഭ്രാന്താണെന്ന് കരുതിയിരുന്നു. ഈ പ്രതിമക്ക് ചുവട്ടിൽ ഏറെ നേരമിരിക്കുമ്പോൾ ചരിത്രം മനക്കണ്ണിൽ തെളിയുന്ന വിധം ഒരു അതീന്ദ്രിയ ദര്ശനം ലഭിക്കും. പഴംചരിത്രം പ്രതിമ തന്നെ അവനോട് പറയാറുണ്ടത്രെ. തന്റെ ചരിത്രമൊക്കെയും അറിയിച്ച പ്രതിമക്കുപക്ഷെ സ്വന്തം മുഖഭാവം വിവരിക്കാനായില്ല. പകരം അറ്റുപോയ ശിരസ്സു കണ്ടെത്താനായി താൻ പരിശ്രമിക്കുന്നുണ്ടെന്നു അവൻ പറഞ്ഞപ്പോൾ ഞാനതു ഉൾക്കൊണ്ടില്ല. അവനു ഭ്രാന്താണ് എന്ന് ഞാനന്നു പറഞ്ഞു എതിർത്തു. ഇന്ന് ഞാൻ പറയുമ്പോൾ നിങ്ങൾക്കും അതു മനസിലാകില്ല, കാരണം എനിക്ക് ഭ്രാന്തു."

"പ്രതിമക്കൊരു അതീന്ദ്രിയ ശക്തിയുണ്ടെന്നാണോ ചേട്ടൻ പറയുന്നത്?"

"പ്രതിമക്കല്ല, പ്രതിമയെ ഇഷ്ടപെടുന്നവർക്കു അതുണ്ടാവുമല്ലോ"

"എങ്കിൽ ആ ശക്തി ഉപയോഗിച്ച് അറ്റുപോയ ശിരസു കണ്ടെത്തിക്കൂടെ?"

യുക്തിയുടെ തള്ളിച്ചയിൽ ചാടിപ്പോയ വാക്കുകൾ അവിവേകമായോ എന്നൊന്ന് ശങ്കിച്ചു. പക്ഷെ ആ വയസ്സന്റെ മുഖത്ത് വിജയീഭാവമായിരിന്നു അപ്പോൾ.

"കണ്ടെത്താൻ അല്ലാതെയും മാർഗങ്ങൾ ഉണ്ടല്ലോ. കണ്ടെത്തി. അതീന്ദ്രീയ ശക്തി കൊണ്ടല്ല, അന്വേഷണം കൊണ്ട്. ആ കൂട്ടിയിട്ടിരിക്കുന്നതു പൊട്ടിത്തകർന്ന ശിലാശിരസിന്റെ ചിതറിയ കഷണങ്ങളാണ്"

ഒരു കുട്ടയോളം വരുന്ന കരിങ്കൽച്ചീളുകളിൽ എന്റെ നോട്ടം ചെന്നുനിന്നു. സൗന്ദര്യരൂപം ഉപേക്ഷിച്ച് മൂലരൂപം പ്രാപിച്ച ക്രമരഹിതമായ കല്ലിൻ കഷണങ്ങൾ. സൃഷ്ടാവിന്റെ കരസ്പര്ശനത്തിനായി മൂകതപസിലാണ്.

"ആ കൂട്ടിയിട്ടിരിക്കുന്നതിൽ കുറച്ച് മാത്രമാണ് ഞാൻ കണ്ടെത്തിയത്. ബാക്കിയെല്ലാം അവനും. ഇനിയുമുണ്ട് ഏതാനും കഷണങ്ങൾ"

"ചേർത്തുവച്ച് ശില്പമുണ്ടാക്കാൻ ഒരു ശില്പി വേണ്ടേ?"

"കേവലമൊരു ശിരസ്സല്ല എന്റെ ലക്‌ഷ്യം. മുഖഭാവമറിയണം, അവന്റെ ലക്‌ഷ്യം പൂർത്തീകരിക്കണം"

ലക്ഷ്യബോധം തുളുമ്പുന്ന മുഖഭാവത്തോടെ അയാൾ ആ കൽക്കൂനയിൽ നോക്കിയിരുന്നു.

"ആർക്കുമറിയാത്ത ഈ കുന്നിന്റെ നിർമാണരഹസ്യം കണ്ടെത്തിയപോലെ, അവൻ മറ്റൊന്നുകൂടി കണ്ടെത്തിയിരിന്നു, രാജകുമാരന്റെ പേരും അവന്റെ പേരും ഒന്ന് തന്നെയെന്ന സത്യം."

"ആ സാമ്യമാണോ ഈ പ്രതിമയുമായി മകനെ അടുപ്പിച്ചത്?" 

"ആ സത്യം അവൻ അവസാനം കണ്ടെത്തിയതാണ്."

"അന്വേഷണമാർഗങ്ങൾ എന്തായിരുന്നു?"

അറിയില്ലെന്ന് തലകുലിക്കികാണിച്ചുകൊണ്ട് അയാൾ ഒരു നീണ്ട നിശ്ശബ്ദതക്കു തയ്യാറെടുത്തു.

കുന്നുകയറുമ്പോൾ മനസിലുരുണ്ടുകൂടിയിരുന്ന ചോദ്യങ്ങൾ ഉള്ളിലുറഞ്ഞുപോയപോലെ വാക്കുകൾക്കായി ഞാൻ പരാതി. ഇനിയെന്ത് ചോദിക്കണം?

   "ഇവിടെ പ്രേതമുണ്ടെന്നു പറയുന്നത് നേരാണോ?" 

"ഉണ്ടെന്നു വിശ്വസിക്കുന്നവരുടെ മുന്നിൽമാത്രം പ്രത്യക്ഷപ്പെടുന്ന ജീവിയല്ലെ? ഞാനിതുവരെ കണ്ടിട്ടില്ല. ഉണ്ടെങ്കിൽ തന്നെ പേടിക്കേണ്ട ആവശ്യവുമില്ല. ജീവിച്ചിരിക്കുമ്പോൾ ഇല്ലാത്ത ശക്തിയൊന്നും പ്രേതമാവുമ്പോൾ ഉണ്ടാവില്ല. ഒരാളുടെ മരണം നിങ്ങൾക്കൊരു ഭയമായിമാറാതിരിക്കാൻ ജീവിച്ചിരിക്കുമ്പോൾ അയാളെ നിങ്ങൾ ഭയപ്പെടുത്താതിരുന്നാൽമതി."

"നമ്മുടെ ശത്രു പ്രേതമായി വരുമെന്നാണോ?"

"പ്രേതത്തെ കണ്ടിട്ടുണ്ടെന്ന് പറയുന്നവർ കണ്ണുകൊണ്ടായിരിക്കില്ല, മനസുകൊണ്ടായിരിക്കും കണ്ടിട്ടുണ്ടാകുക. മനസ്സിൽ ആരോടും ഭയമില്ലെങ്കിൽ അയാളെ കാണുകയുമില്ല."

“സ്നേഹമുള്ള പ്രേതത്തെ പേടിക്കേണ്ടതുമില്ലല്ലോ.”

മറ്റൊരു ഭ്രാന്തൻ ആശയമാണോ ഇത്? ശത്രു മരണപ്പെട്ടാൽ പേടിക്കണം എന്നാണോ? അല്ല, ജീവിക്കുമ്പോൾ ശത്രുവിനെ ഉണ്ടാക്കാതിരിക്കുകയെന്ന ശാസന മാത്രമാണോ? ഉൾകൊള്ളാൻ ബുദ്ധിമുട്ടാണെങ്കിലും ഉള്ളടക്കം ആശാസ്യമാണ്. 

"അപ്പോൾ അതീന്ദ്രിയ ശക്തിയുണ്ട് പക്ഷെ പ്രേതമില്ല എന്നാണോ ചേട്ടൻ പറയുന്നത്?"

"അനുഭവിക്കുമ്പോൾ മാത്രമാണ് ഇന്ദ്രീയങ്ങൾ കൊണ്ടുള്ള ഉപയോഗങ്ങൾ. ഉറങ്ങുന്നയാൾ കണ്ണുകൾ കൊണ്ടെന്നും കാണുന്നില്ല, പക്ഷെ കണ്ണുകൾ അപ്പോഴുമുണ്ടല്ലോ, എന്നാൽ സ്വപ്നം കാണുന്നുണ്ട്, പക്ഷെ ഇന്ദ്രീയം കൊണ്ടല്ല, മറിച്ച് ജ്ഞാനം കൊണ്ട്. നേടിയ അറിവുകളിൽ നിന്നും."

വായിച്ച നൂറുകണക്കിന് പുസ്തകങ്ങളിൽ നിന്നും പകർന്ന ജ്ഞാനം ആ വയസൻ തനിക്കു മനസിലായ വിധത്തിൽ അവതരിപ്പിക്കുന്നു. അതു ഗ്രഹിക്കാനാകാത്തവർ അയാളെ ഒരു ഭ്രാന്തൻ എന്ന് വിളിക്കുന്നു.

"ഒന്നുകൂടി വ്യക്തമാക്കാമോ?"

"ഭ്രാന്തൻ എന്ന് വിളിക്കപ്പെടുന്നൊരാൾ, എങ്ങനെ നിങ്ങളെ മനസിലാക്കിക്കും?"

കുഴക്കുന്ന ഉത്തരത്തിന്റെ കുഴമറിയലിൽ ഭ്രാന്തൻ ജല്പനങ്ങൾ കലങ്ങിമറിയുന്നു. ഇദ്ദേഹം എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്?

"അതീന്ദ്രിയ ശക്തിയുടെ സാന്നിധ്യമുണ്ടോ ചേട്ടന്?"

"ചിതറി തെറിച്ചു മണ്ണിലാണ്ടുപോയ ഇത്രയും കൽച്ചീളുകൾ ഞങ്ങൾ കണ്ടെത്തിയില്ല? ബാക്കിയുള്ള ഏതാനും കഷണങ്ങളിൽ ഒന്നെങ്കിലും നിങ്ങൾക്ക് കണ്ടെത്താനാകുമോ?"

"അതു കണ്ടെത്താൻ പ്രത്യേക ശക്തി എന്തെങ്കിലും വേണമെന്നാണോ?"

"പ്രത്യേകമായൊരു ശക്തി, അതു ഉള്ളിലെങ്കിലുമുണ്ടാകണം. കണ്ടെത്തണം എന്ന് തോന്നാത്തവരല്ലേ കൂടുതലും. പക്ഷെ നിങ്ങൾക്കത് ചെയ്യണം എന്ന് തോന്നിയാൽ നിങ്ങൾക്കും ഭ്രാന്താണെന്ന് പറയുമോ, അതോ മറ്റെന്തെങ്കിലും പ്രേരണയാലാണെന്നു പറയുമോ?"

ഉത്തരം മുട്ടിയിരുന്നുപോയി ഞാൻ.

"ഇന്ദ്രീയങ്ങൾക്കതീതമായ ചില അറിവുകൾ മറ്റുചിലർക്ക് അഭൗതീകമായതോ മാനസികവിഭ്രാന്തിയായോ ഒക്കെ തോന്നുമായിരിക്കും എന്നിട്ടു ഭ്രാന്തൻ എന്നുവിളിച്ചു പരിഹസിക്കുകയുമാകാം. പക്ഷെ ഉൾപ്രേരണകളാൽ നയിക്കപ്പെടുന്ന മാനസികാവസ്ഥ എല്ലായ്പ്പോഴും ഭ്രാന്തല്ല."

"പരിസരം, ജീവിതചുറ്റുപാടുകൾ എന്നിവ മനസിനെ സ്വാധീനിച്ചാലും ഉൾപ്രേരണ എന്ന് വ്യാഖ്യാനിക്കില്ലേ?"

"ഈ കുന്നല്ലല്ലോ എന്റെയും അവന്റെയും ജീവിതചുറ്റുപാടുകൾ, ഇങ്ങോട്ടു നയിക്കപ്പെട്ടതാണ്, അതായിരുന്നു ഉൾപ്രേരണ. അല്ലാതെ കുടുംബത്തിലാർക്കും മാനസികപ്രശ്നങ്ങളില്ല."

"ക്ഷമിക്കണം. ഞാനുദ്ദേശിച്ചതു ഈ ചുറ്റുപാടുകൾ എന്നാണു" വലയം ചെയ്തുനിൽക്കുന്ന നിഗൂഢ പരിസരത്തിൽ കണ്ണോടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

"എനിക്ക് ഭ്രാന്താണെന്ന് പറയാൻ തോന്നുന്നില്ലേ ഇപ്പോൾ?" 

"ഒരിക്കലുമില്ല."

ആ ഉത്തരം അയാളെ ഒരു അട്ടഹാസത്തിലേക്കു നയിച്ചു. എവിടെന്നൊക്കെയോ കുറേ പക്ഷികൾ ചിറകടിച്ചതേറ്റു ചിരിച്ചു. ഇരുട്ടിന്റെ വരവിനായി പ്രകൃതി ഒരുങ്ങി. മുരടിച്ച അന്തരീക്ഷത്തിൽ രാവിന്റെ ദിനചര്യകൾ ആരംഭിക്കുകയാണ്. 

പോകേണ്ട സമയമെടുക്കുന്നു. ചോദ്യങ്ങളുടെ ആവനാഴി ശൂന്യമാവുകയാണോ?

"കുന്നിറങ്ങി പോകാറില്ല?"

"നാട്ടുകാർക്ക് കൂകി ആഘോഷിക്കാനുള്ളതാണ് എന്റെ ഓരോ ഇറക്കവും. ആവശ്യങ്ങൾ ചുരുക്കി ആഘോഷങ്ങൾ കുറക്കാൻ ശ്രമിക്കുന്നു."

തന്നിലേക്കുതന്നെ ചുരുങ്ങി അയാൾ ഈ കുന്നിന്റെ തന്നെ ഒരു ഭാഗമായി മാറിയിരിക്കുന്നു. പകലും രാത്രിയും ഒരറ്റത്ത് നിന്നു മറ്റൊരറ്റത്തേക്കും തിരിച്ചും എത്രതവണ അയാൾ ഈ കുന്നിൽ അലഞ്ഞിട്ടുണ്ടാകും. വയസ്സന്റെ കണ്ണെത്താത്ത കാല് പതിയാത്ത ഒരു മണൽത്തരിപോലും എന്നിലില്ലെന്ന് വിളിച്ചുപറയുനുണ്ടോ ഈ കുന്ന്?

തന്റെ ഭാഗമാക്കിമാറ്റിയ ഈ വൃദ്ധനെ മാറോടുചേർത്തു ഗർവോടെ ഈ കുന്നു തന്നെ വെല്ലുവിളിക്കുന്നുണ്ടോ?

പഴയകാലചരിത്രം, ശിരസറ്റശില്പം, കെട്ടുകഥകൾ, അതീന്ദ്രിയ ഭാവങ്ങൾ എല്ലാംകൂടിചേർന്നു ഒരു എതിരാളിയുടെ രൂപമെടുത്തു നിന്നു. രാവിൽ കൂടുതൽ രൗദ്രഭാവം പൂകാൻ തയ്യാറെടുക്കുന്നു.

"കുട കൈയ്യിലുണ്ടോ, മഴപെയ്യും" ആകാശം നോക്കിയിരുന്ന വയസ്സൻ ആരോടെന്നില്ലാതെ പറഞ്ഞു.

തെളിഞ്ഞ ആകാശം നോക്കി ആ വയസൻ വാക്കുകളെ നിസാരമായി തള്ളാൻ തോന്നി. അപരാഹ്നത്തിന്റെ ആലസ്യത്തിലാണെങ്കിലും ആകാശം തെളിഞ്ഞു ചിരിക്കുന്നു. നീല മേഘവിരിപ്പിനുള്ളിൽ എവിടെയെങ്കിലും മഴക്കാറിന്റെ നേരിയ ചീളുകളെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോയെന്നു നോക്കി. എങ്ങും ഒരു സൂചനയും കണ്ടില്ലെന്നു പുച്ഛത്തോടെ തിരിച്ചറിഞ്ഞു.

ആകാശച്ചെരുവിൽ മടങ്ങാൻ മടിച്ച് സൂര്യഗോളം കത്തിജ്വലിച്ചു ഈ വയസ്സനെ മരക്കൂട്ടങ്ങൾക്കപ്പുറം നിന്ന് പരിഹസിക്കുന്നുണ്ടാവും.

"എങ്ങനെ പറയാൻ പറ്റും മഴ പെയ്യുമെന്നു? ആകാശം തെളിഞ്ഞു കിടക്കുകയാണല്ലോ?"

"അന്ധന്മാർ കാണുന്നില്ല, കണ്ടില്ലെങ്കിലും. അവർ മറ്റൊരു അവയവത്തിലൂടെ കാഴ്ച അറിയുകയാണ്. അതുകൊണ്ട് അവർക്കു നിങ്ങൾ കാണാത്തതും കാണാൻ കഴിയും. കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഒരു കാറ്റിന്റെ തണുപ്പിൽ മഴയുടെ വരവറിയാം. നിങ്ങളുടെ ചർമ്മത്തിന് ആ തണുത്ത കാറ്ററിയാൻ കഴിഞ്ഞിട്ടുണ്ടാവില്ല."

കാതുകൂർപ്പിച്ച് നിശബ്ദം കേട്ടുനിൽക്കുന്നപോലെ പറങ്കിമരങ്ങൾ അനങ്ങാതെ നിൽക്കുന്നു. കാറ്റെവിടെയും വീശുന്നില്ല. തണുപ്പറിയാനായി കൈകൾ നെഞ്ചോട് ചേർത്ത് ശ്വാസം പിടിച്ച് നിന്നു നോക്കി ഞാൻ. പക്ഷെ ആ തോന്നൽ അന്യം നിന്നു.

"വൈകി പോയാൽ മതിയെങ്കിൽ എന്നോടൊപ്പം അകത്തേക്കുവരു, മഴകൊള്ളാതെ ഇരിക്കാനുള്ള സൗകര്യമൊക്കെ ഇവിടുണ്ട്. മഴ അൽപ്പം കൂടുതൽ നേരം ഉണ്ടാവും."

പെയ്യാൻ സാധ്യത ഇല്ലാത്ത മഴയുടെ ദൈർഘ്യവും പ്രവചിക്കപ്പെട്ടിരിക്കുന്നു. ഇയാൾ ഭ്രാന്തു പറയുകയാണോ? സമൂഹം വിലയിരുത്തിയ കാഴ്ചപാടുകൾ മാറ്റാൻ നിങ്ങൾക്കായി എന്തെങ്കിലും ചെയ്യാൻ നിങ്ങളെന്നെ അനുവദിക്കില്ല?

അയാൾ അകത്തേക്ക് നടക്കുകയാണ്. പിന്തുടർന്നു പെയ്യാൻ സാധ്യതയില്ലാത്ത മഴയെ കാത്തിരിക്കണോ? അതോ ഭ്രാന്തന്റെ ജല്പനങ്ങൾ കാറ്റിൽപറത്തി കുന്നിറങ്ങണമോ?

നാട്ടുകാർ പറയുന്നപോലെ അയാൾക്ക് ഭ്രാന്തുണ്ടോ? സുവ്യക്തമായ വാക്യഘടനയിൽ സംസാരിക്കാൻ ഒരു ഭ്രാന്തനാവുമോ? അതോ നിർവചിക്കാനാകാത്ത അതിഭൗതികതിയിൽ രമിക്കുന്ന അതിബുദ്ധിമാനാണോ അയാൾ? ഒരു പ്രവചനം പോലെ അവസാനം പറഞ്ഞ ഭ്രാന്തൊഴുകി മറ്റെല്ലാംതന്നെ ബുദ്ധിയുടെ പ്രതിഫലനങ്ങളായിരുന്നു. നാട്ടറിയുന്നതല്ലല്ലോ എല്ലായ്പ്പോഴും സത്യം.

അപരനെ ഇകഴ്ത്തി സ്വയം ഉയരംവക്കുന്ന സാധാമനുഷ്യന്റെ അപരചിന്തക്കാണ് ഭ്രാന്ത്.

എന്റെ സുഹൃത്തെ നിന്നോട് ഞാൻ പറയുന്നു, നീ നിന്റെ നാട്ടുകാരോട് പറയുക, ഈ കുന്നിൽ പ്രേതമില്ല, നിഗൂഢതകളുമില്ല. ഇവിടെയൊരു ഭ്രാന്തനുമില്ല. മകന്റെ ഓർമ്മകളിൽ ഊർജ്ജം കണ്ട ഒരു സാധുജീവി മാത്രം, പുത്രവിയോഗത്തിന്റെ തീരാത്ത വേദനയുടെ പ്രതീകമായ ഒരു പ്രതിമ മാത്രം. പടവെട്ടിപിടിച്ച രാജ്യാധികാരത്തിന്റെ അസൂയക്ക് ബലിനൽകപ്പെട്ട ഒരു നഷ്ടശിരസിന്റെ ഓർമ്മകൾ മാത്രം. ആ ഓർമ്മകൾ ആവാഹിച്ച് തനിയെ നടന്ന ഒരു മകന്റെ ജീവിതലക്ഷ്യത്തിന്റെ ബാക്കിപത്രമായി ഒരച്ഛന്റെ സ്നേഹബലിയുടെ തീരാദുരിതം മാത്രം. കാലത്തിന്റെ കുരുതിത്തറയിൽ ഹനിക്കപ്പെടാത്ത ഓർമ്മകൾ മാത്രം. ജീവനുള്ളതും അല്ലാത്തതുമായ താഴ്‌വരയിലെ സ്മാരകങ്ങൾ മാത്രം. നിങ്ങളിൽ നിന്നകന്നു ബന്ധങ്ങളുടെ ഊർജ്ജം തേടിയ സത്യജീവിതം നിങ്ങറിയുന്നില്ല. പകരം ഒറ്റവാക്കിൽ നിങ്ങൾ പറയുന്നു 'അയാൾക്ക് ഭ്രാന്ത്'.

പ്രവാഹത്തിൽ നിന്നുതിർന്നു വഴിമാറിയ കൈവഴിയുടെ ശൈശവത്തിന്റെ ബാലാരിഷ്ടതകളും നിങ്ങളറിയുന്നില്ല.

അറ്റുപോയ കണ്ണികൾക്കുപകരമായി ഏച്ചുകെട്ടിയ പരദൂഷണങ്ങളിൽ നിങ്ങൾ കഥകളുണ്ടാക്കി. ആ കഥയിൽ നിങ്ങളയാളെ ഭ്രാന്തനാക്കി. അറ്റുപോയ കണ്ണി ഒരു നഷ്ടത്തിന്റെ പ്രതീകമായ ശിലാബിംബമാണെന്നു നിങ്ങളറിയുന്നില്ല. അറ്റുപോയ ആ കണ്ണി ഒരു നഷ്ടദുഖത്തിന്റെ തീവ്രമായ വേദനയാണെന്നും നിങ്ങളറിയുന്നില്ല. ആ ശിലയിലെ ഒരു കഷണം നഷ്ടമായ നല്ല ഓർമ്മകളുടെ സ്മാരകവുമായി ജീവിക്കുന്നതും നിങ്ങളറിയുന്നില്ല.

പകരം, ഒരു നാടിന്റെ നിഗൂഢകഥകൾക്കു ജന്മഗേഹമായി അതു നിങ്ങളറിയുന്നു.

മൺകൂനയുടെ അടിത്തട്ടിലെ അവശേഷിച്ച അസ്ഥികളിൽ ഊറുന്ന ഗതകാല സ്മരണയുടെ ഊർജ്ജം തേടിയ രണ്ട് ജീവനുകളുടെ വില നിങ്ങൾ അറിയുന്നില്ല. ഓർമ്മകളുടെ നിലവിളി നിങ്ങൾ കേൾക്കുന്നില്ല. 

പകരം, ഗൂഢകഥകൾ ജന്മം നൽകിയ കാല്പനിക ഭയത്തെ നിങ്ങൾ വാരിപുണരുന്നു.

തന്റെ ചിന്തകൾക്ക് കൂട്ടായി പ്രകൃതി ഇരുട്ടിൽ തപ്പുന്നത് അയാളറിഞ്ഞു.

ചിന്തകൾ പടവെട്ടി ദേശങ്ങൾ കീഴടക്കി തന്റെ മനസ് എങ്ങോ പാഞ്ഞിരിക്കുന്നു. തനിക്കു ചുറ്റും ലോകം മറ്റൊന്നായി ചുരുങ്ങിയിരിക്കുന്നതും ഞാനറിഞ്ഞു. തനിക്കു ചുറ്റും എവിടെയോ ആ പൂഴിയിലാണ്ടു കിടക്കുന്ന ഒരു ശിലാശിരസ്സുണ്ടെന്നും ഞാനറിയിന്നു.

പലകാലങ്ങളിൽ പലനേത്രങ്ങൾ, തിരഞ്ഞ ഭൂതകാലത്തിന്റെ ഒരു കഷണം സത്യം. 

പഴയകാലസ്മരണകളാൽ ആലേഖനം ചെയ്യപ്പെട്ട ശിലാരൂപം മരിക്കാത്ത ഓർമ്മകളായി ചിരഞ്ജീവിയാകുന്നു. സ്മാരകങ്ങൾ മരിക്കുന്നില്ല. ആധുനിക സാങ്കേതികത്വങ്ങൾക്കു വേഗമെത്തിപിടിക്കാനാവുംവിധം ഒരു പക്ഷെ അതരികിലുണ്ടാവാം, ആർക്കറിയാം.

മഴയുടെ പാട്ടിനു കരിയിലകൾ താളം പിടിക്കുന്നു.

കരിയിലയിൽ ജലകണം വീണുതകരുന്നത് കർണ്ണങ്ങളറിഞ്ഞു, ജലസാന്നിധ്യം ദേഹമറിയാത്തവിധം ഓർമ്മകളിൽ നിറഞ്ഞുപോയിരുന്നെങ്കിലും. 

അപ്പോഴേക്കും കണ്ണിൽ നിന്നകന്നു ആ വൃദ്ധമനുഷ്യൻ മറഞ്ഞിരുന്നു. വരുന്ന ഞായറാഴ്ചപ്പതിപ്പിൽ മടങ്ങി വരുവാനായി. 

താനൊരുപാട് നനഞ്ഞിരിക്കുന്നു. എങ്കിലും മഴയുടെ അപ്രതീക്ഷിത വരവിനെ ശപിക്കാൻ തോന്നിയില്ല. പകരം ഒരു വയസ്സന്റെ പ്രവചനസത്യം ഒരു കുട്ടിയുടെ അന്താളിപ്പോടെ ആസ്വദിച്ചു.

ഈ കുന്നിലെ വയസ്സന്റെ പ്രവചനം പ്രകൃതി അനുസരിച്ചിരിക്കുന്നു. പ്രകൃതിയുടെ വികൃതി കടം പറഞ്ഞു, ആ വൃദ്ധൻ. 

കാലുകൾ ചലിക്കും മുമ്പ് ചുണ്ടിലൊരു ചോദ്യം തികട്ടി വന്നു. ഉൾപ്രേരണയുടെ നിർബന്ധം പോലെ അതു പുറത്തേക്കു ചാടി.

"ഒന്ന് ചോദിക്കാൻ മറന്നു പോയി, എന്തായിരുന്നു മകന്റെ പേര്?" ഉള്ളിലേക്ക് നോക്കി ഞാൻ തിരക്കി.

"സുന്ദരം, ബാലസുന്ദരം എന്റെ മകൻ. വീരസുന്ദരവർമ്മൻ രാജകുമാരൻ." മഴപ്പാട്ടിന്റെ താളക്രമത്തിലും ദൃഢനിശ്ചയത്തിൽ അയാളുടെ വാക്കുകൾ മുഴങ്ങി.

എന്റെയും പേര് അതുതന്നെയല്ലേ എന്ന് തരിച്ചുപോയ നിമിഷം. സുന്ദർ മോഹൻ എന്ന ഞാനുമായി രണ്ട് പരേതാത്മാക്കൾ കണ്ടുമുട്ടുകയാണോ ഈ കുന്നിൻ മുകളിൽ? കാലം വഴിയിലുപേക്ഷിച്ച രണ്ട് ദേഹങ്ങൾക്കു പുനർജന്മമേകാൻ തിരഞ്ഞെടുക്കപ്പെട്ട മൂന്നാമനാണോ ഞാൻ?

"ബാലസുന്ദരം എഴുതിയത് വായിക്കാൻ പറ്റുമോ?" വാതിക്കൽ ചെന്ന് നിന്നു ചോദിച്ചു. 

ആരോ എന്നെ നിര്ബന്ധിച്ചിരിക്കുന്നു അതു ചോദിക്കാനായി.

"ഇപ്പോഴില്ല, മുഴുവാനാക്കിയതിനു ശേഷമാവട്ടെ. അതു പൂർത്തിയാകുമ്പോൾ നിങ്ങൾ സ്വയം ഇവിടെയെത്തുമെന്നു എനിക്കുറപ്പുണ്ട്."

അയാളൊന്നു നിർത്തി ഗൗരവം പൂണ്ടപോലെ തുടർന്നു. 

"താങ്കൾ അകത്തേക്ക് വരൂ. അസൗകര്യങ്ങൾ ആസ്വദിക്കാൻ തയ്യാറാണെങ്കിൽ മാത്രം. അല്ലെങ്കിൽ പോകാം, മഴ ഇനിയും കടുക്കും"  

ശരിയാണ്, മഴ കനത്തു തുടങ്ങി. അതീന്ദ്രിയദർശനത്തിന്റെ നേർസാക്ഷ്യമായി മഴത്തുള്ളികൾ അലറി വിളിക്കുന്നതാണോ? അല്ലെങ്കിൽ പ്രകൃതിയിലലിഞ്ഞ ഒരു വയസ്സന്റെ അനുഭവ പാടവം പൂത്തുതളിർക്കുന്നുവോ?

കാലം കാത്തുവച്ച നിയോഗങ്ങളെന്തെങ്കിലും പൂർത്തീകരിക്കാൻ തന്നെയും ആരെങ്കിലും പിന്നിലേക്ക് പിടിച്ച് നിർത്തുന്നുവോ?

അദൃശ്യമായ രണ്ട് ഉടൽ ഇരുവശം നിന്നെന്നെ തടഞ്ഞു നിർത്തുന്നുവോ?

രക്തബന്ധത്തിന്റെ ശക്തിയിൽ ജീവിതസുഖങ്ങൾ ബലിനൽകി പുത്രസ്മരണകളെ ജ്വലിപ്പിക്കുന്ന ഒരു വയസ്സന്റെ വാക്കുകൾ എന്റെ കാലുകളെ കെട്ടിയിടുന്നുവോ?

കാലം തകർക്കാത്ത ആ ശിലാരൂപം മാത്രമല്ല, ശേഷിച്ച ജീവിതം ശോഷിപ്പിച്ച് തീർക്കുന്ന ഈ വൃദ്ധനും, കുറേക്കടലാസു കഷണങ്ങിളിൽ ചരിത്രം വരച്ചുവച്ച അയാളുടെ മകനും സ്മാരകങ്ങളായി ജീവിക്കട്ടെ ഇനിയുമേറെക്കാലം എന്ന് ഞാനാശിക്കുന്നു. അവയുടെ നിയോഗം എന്റെ അക്ഷരങ്ങളിലൂടെ സഫലീകരിക്കട്ടെ. 

മറ്റെന്തെങ്കിലും ചെയ്യാൻ എനിക്കിനിയും ബാക്കിയുണ്ടോയെന്നു ആരോട് ചോദിക്കും ഞാൻ?

വീരസുന്ദരവർമ്മനും ബാലസുന്ദരവും സുന്ദർ മോഹന്റെ ഇരുവശവും നിന്നു കണ്ണിറുക്കി ഗൂഢമായി ചിരിക്കുന്നുണ്ടോ? 

ചിന്തകൾ വിരിയാനായി വിരൽത്തുമ്പിൽ തുളുമ്പി നിന്നു.

ഞാൻ കുന്നിറങ്ങണം. 

കൂടതൽ നനയും മുമ്പ് ബസ്റ്റോപ്പിലേക്കോടി. കടന്നുപോയ വഴികളിലാകമാനം മഴത്തുള്ളികൾ തീർത്ത അവ്യക്തകളിലും എന്തിനെയോ തിരഞ്ഞുകൊണ്ട് എന്റെ കണ്ണുകൾ പിൻവഴിയിൽ നിലച്ചു നിന്നിരുന്നു.


Rate this content
Log in

More malayalam story from Selestine Christopher

Similar malayalam story from Tragedy