ഉമ്മറപടിയോളമുള്ള പ്രണയം
ഉമ്മറപടിയോളമുള്ള പ്രണയം
മഴ ആർത്തു പെയ്യാൻ തുടങ്ങി. രാവിലെ വന്ന പത്രമാണ്. നേരത്തെ പോകേണ്ടതുകൊണ്ട് രാവിലെ വായിക്കാൻ സമയമില്ല. ഓഫീസിൽ നിന്ന് വൈകിട്ട് എത്തിയപ്പാടെ മാധവൻ പത്രം വായിക്കാനിരുന്നു. ജോലി കഴിഞ്ഞു ഇറങ്ങിയപ്പോൾ മഴ ചാറുന്നതെ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ മഴയ്ക്കു ശക്തിയേറി. കനത്ത മഴയ്ക്കു സാധ്യതയെന്നും, യെല്ലോ അലേർട്ടും റെഡ് അലേർട്ടും പ്രഖ്യപിച്ച ജില്ലകളെപറ്റിയും പത്രത്തിന്റെ മുൻപേജിൽ തന്നെയുണ്ട്.
“അമ്മു, അകത്തു കേറി വാ, ഈ മഴയെങ്ങാനും നനഞ്ഞാൽ പനി പിടിയ്ക്കും, പിന്നെ രണ്ട് ദിവസം സ്കൂളിൽ പോവണ്ടല്ലോ.” മുറ്റത്തെ അഴയിൽ ഉണങ്ങാൻ ഇട്ടിരുന്ന തുണി എടുത്തുകൊണ്ടു അകത്തു കയറിയപ്പോൾ ഗീത വിളിച്ചു പറഞ്ഞു. അത് കേട്ട് മാധവൻ ഒന്നു നെടുവീർപ്പിട്ടു. വായിച്ചുകൊണ്ടിരുന്ന പത്രം മടിയിൽ മടക്കിവെച്ച് ആ ചാരുകസേരയിൽ അയാൾ മുറ്റത്തു ആർത്തിരമ്പി പെയ്യുന്ന മഴ നോക്കി കിടന്നു.
കോളേജിൽ പഠിക്കുന്ന കാലത്ത്, കലോത്സവത്തിന് ഒരു ലളിത ഗാനമത്സരത്തിന്റെ ഇടയിലാണ് മാധവൻ ആദ്യമായ് ഗീതയെ കാണുന്നത്. അവളുടെ ശ്രുതിലാവണ്യവും ആകാരഭംഗിയും അവനെ വളരെയധികം ആകർഷിച്ചെങ്കിലും അത് അത്ര കാര്യമായി മാധവൻ എടുത്തില്ല. തന്റെ ജൂനിയറായി പഠിക്കുന്ന ആ പെൺകുട്ടിയെ മാധവൻ വീണ്ടും തന്റെ കോളേജിൽ പല തവണ പല സ്ഥലത്തു വെച്ചും കണ്ടു. അതുപതുക്കെ ഒരു പ്രണയമായി മാറി. കോളേജ് വിട്ടിറങ്ങുമ്പോഴേക്കും തമ്മിൽ വേർപിരിയാനാവാത്ത കമിതാക്കളായി അവർ മാറിയിരുന്നു.
“മാധവേട്ടാ, ഇനി എനിക്ക് പിടിച്ചു നിൽക്കാനാവില്ല. ഒരുപാട് കല്യാണ ആലോചനകൾ വരുന്നുണ്ട്.അച്ഛൻ ഏതാണ്ട് ഉറപ്പിച്ച മട്ടാ. എന്റെ പഠിപ്പ് കഴിയാൻ നോക്കിയിരിക്കുവാ എല്ലാവരും”.ഒരു ദിവസം വൈകിട്ട് അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു വിളിച്ചു വരുത്തിയതായിരുന്നു ഗീത. “നീ എങ്ങനെയെങ്കിലും ഈ ഒരു മാസം കൂടി പിടിച്ചുനിൽക്ക്. ഒരു ജോലി തരപ്പെട്ടിട്ടുണ്ട്. അത് കിട്ടിയാൽ ഞാൻ നിന്റെ അച്ഛനോട് സംസാരിക്കാം. എന്റെ വീട്ടിലും പറയാം.
ഇരുവരും കൈപിടിച്ചു റോഡരികിലൂടെ നടന്നു .
മാധവന് ജോലി കിട്ടിയതും, ഗീതയുടെ വീട്ടിൽ ചെന്ന് ആലോചിച്ചതും, എല്ലാം വളരെ പെട്ടെന്നായിരുന്നു. രണ്ട് പേരുടെയും മതമൊന്നായിരുന്നതുകൊണ്ടും, മാധവന് ഒരു വരുമാനമാർഗമുണ്ടായിരുന്നതുകൊണ്ടും ഗീതയുടെ അച്ഛൻ എതിർത്തൊന്നും പറഞ്ഞതുമില്ല. പിന്നീട് അവരുടേതായ നാളുകളായിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാവാതെ ഇരിക്കുന്നതിൽ ഗീതയോടുള്ള അനിഷ്ടം മാധവന്റെ അമ്മ മറച്ചുവെച്ചിരുന്നില്ല. ഓരോ വാക്കുകളിലും ഗീതയെ കുറ്റപ്പെടുത്തുമ്പോൾ കൂടെ നിന്ന് ആശ്വസിപ്പിക്കാൻ മാധവൻ ഉണ്ടായിരുന്നതായിരുന്നു അവളുടെ ആശ്വാസം.
ഒരു ദിവസം തലകറങ്ങി വീണ ഗീതയെ ആശുപത്രിയിൽ എത്തിയിച്ചപ്പോഴാണ് അവൾ ഗർഭിണിയാണെന്നറിയുന്നത്. മാധവന്റെ അമ്മയുടെ സന്തോഷം അതിരു കടന്നതായിരുന്നു. പരിചരണവും കരുതലും, തന്റെ പേരക്കുട്ടിയ്ക്ക് വേണ്ടതെല്ലാം അവർ ചെയ്തു. അങ്ങനെ അവർക്കൊരു മകളുണ്ടായി. അവർ അവൾക് ഭാഗ്യലക്ഷ്മി എന്ന് പേരിട്ടു. അവൾക് പല്ലു വന്നതും, മുട്ടിൽ നീന്തിയതും, എണീറ്റു നടന്നതും മാധവനും ഗീതയും വാത്സല്യത്തോടെയും കൗതുകത്തോടെയുമാണ് നോക്കിയിരുന്നത്.
“മാധവേട്ടാ ചായ” അടുക്കളയിൽ നിന്ന് ഗീത വിളിച്ചുപറഞ്ഞുകൊണ്ട് ഉമ്മറത്തേയ്ക് വന്നു മാധവന് ചായ കൊടുത്തു. “ഈ കുട്ടി ഇതുവരെ കേറി വന്നില്ലേ, ഇന്നു ഞാൻ അവളെ ശരിയാക്കാം”. ചായ കുടിച്ചുകൊണ്ട് ശക്തി കുറയുന്ന മഴ നോക്കി മാധവൻ ഇരുന്നു. ഗീതയുടെ നര വന്നു തുടങ്ങിയ മുടിയിലും അവളുടെ സൗന്ദര്യം മാധവനെ കൂടുതൽ സ്മരണകളിലേയ്ക് വഴുതി വീഴ്ത്തി.
മഴ ഏറ്റവും കൂടുതൽ കൗതുകപ്പെടുത്തിയത് അമ്മു എന്നെല്ലാരും വാത്സല്യത്തോടെ വിളിക്കുന്ന ഭാഗ്യലക്ഷ്മിയെ ആയിരുന്നു. ചെറിയ ചെറിയ വാക്കുകളിലും ആ രണ്ടു വയസ്സുകാരി വീട്ടിലെ എല്ലാവരെയും മഴയെ ആസ്വദിപ്പിക്കാൻ പഠിപ്പിച്ചു. അത് മഴയോടുള്ള പ്രണയമായി മാറി. അന്ന് വളരെ ശക്തിയേറിയ മഴയായിരുന്നു. ഗീത അടുക്കളയിൽ എന്തോ ജോലിയിലായിരുന്നു. മാധവന്, വരുന്ന വഴിയിൽ മരങ്ങൾ വീണു തടസങ്ങൾ ഉള്ളതുകൊണ്ട് സമയത്ത് വീട്ടിലെത്താനും സാധിച്ചില്ല. വലിയൊരു ശബ്ദം കേട്ടാണ് ഗീത അടുക്കളയിൽ നിന്ന് പുറത്തേയ്ക്കു വന്നത്. പകുതി വീട് മണ്ണിടിച്ചിലിൽ തകർന്നു വീണിരുന്നു. അമ്മുവിനെ വിളിച്ചിട്ടു മറുപടി ഉണ്ടായിരുന്നില്ല.
അന്ന് വളരെ വൈകിയിയതിനാൽ പിറ്റേ ദിവസമാണ് അമ്മുവിനായുള്ള തിരച്ചിൽ അഗ്നിശമന സേനക്കാർ പുനരാരംഭിച്ചത്. ഗീതയുടെ നെഞ്ച് പിടച്ചുകൊണ്ടിരിക്കുകയായിരുന്നു. ഓരോ കല്ലുകൾ എടുത്ത് മാറ്റുമ്പോഴും അവളുടെ മനസ്സിന്റെ ഭാരം ഇരട്ടിക്കുന്നതായി അവൾക് തോന്നി. അവസാനം അമ്മുവിന്റെ കളിപ്പാട്ടത്തിന്റെയൊക്കെ അടിയിൽ നിന്ന് അവളുടെ ശരീരം പുറത്തെടുത്തപ്പോൾ ഗീത കരയുന്നത് മാധവൻ കണ്ടില്ല. ഒന്നും മനസിലാകാത്ത രീതിയിലായിരുന്നു അവളുടെ പെരുമാറ്റം. മാനസികമായി അവൾ തളർന്നു കഴിഞ്ഞിരുന്നു. അന്ന് ഒന്നു കരഞ്ഞിരുന്നെങ്കിൽ അവൾ ഇങ്ങനെ ആകില്ലായിരുന്നു.
ഓരോ ചെറിയ മഴയിലും അമ്മുവിനെയാണ് അവൾ ഓർക്കുന്നത്. രണ്ട് വയസായ തന്റെ മകളെ സ്നേഹിച്ചു തീരാത്തതിനാലുള്ള ചേഷ്ടകളെല്ലാം മഴക്കാലത്തു ഗീതയിൽ കാണാനാകും. മഴയോടുള്ള പ്രണയം ഒരു ഭീതിയായി മാറിക്കഴിഞ്ഞിരുന്നു. മാധവന് മഴ ആസ്വദിക്കാനുള്ള കഴിവെല്ലാം നഷ്ടപ്പെട്ടു. അമ്മുവിനെ ഓർമിപ്പിക്കുന്ന ഓരോന്നും ഗീത ചെയ്തുകൊണ്ടിരിക്കും. മാധവനും ഗീതയ്ക്കും ദുഃഖസ്മരണകൾ മാത്രം നൽകുന്ന ഒന്നായി മഴ മാറി. ആർത്തിരമ്പുന്ന മഴ കണ്ടാസ്വദിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ആ പ്രണയം മഴ ഒരു പ്രളയമായി തന്റെ വീടിന്റെ പടി കടന്നു വരുന്നതുവരെ മാത്രം…

