Hibon Chacko

Drama Romance Tragedy

4  

Hibon Chacko

Drama Romance Tragedy

ശുഷ്രൂഷ (ഭാഗം - 10)

ശുഷ്രൂഷ (ഭാഗം - 10)

6 mins
212


“അതേ... മോളേ... അമ്മായി പറയുന്നത്... മോള് ശ്രദ്ധിച്ചു കേൾക്കണം, ക്ഷമയോടെ...” 

ഒന്നു നിർത്തി അങ്ങേത്തലയ്ക്കൽ നിന്നും അവർ തുടർന്നു; 

“... മോളേ, മഹേഷ്‌... അവൻ നിങ്ങളെ... നമ്മളെയെല്ലാം വിട്ടുപോയി...” 


ഇത്രയും ധൈര്യത്തോടെ പറഞ്ഞു വന്ന ഗൗരിയമ്മായി ആ നിമിഷം പൊട്ടിക്കരയുന്നത് കേട്ട് ലക്ഷ്മിക്ക് തന്റെ ശ്വാസം നിലച്ചതു പോലെ തോന്നി. അവളുടെ തൊണ്ട വറ്റിവരണ്ടു- ദേഹമാകെ വറ്റിവരളുന്ന അവസ്ഥയിലേക്കവൾ ഒരു നിമിഷം കൊണ്ടെത്തി. 


“എ... എന്താ പറഞ്ഞത്...?” 

അവൾ കണ്ണുകൾ മിഴിച്ചു നിൽക്കെ ഫോണിലൂടെ ചോദിച്ചു. 

“മഹേഷ്‌ പോയെടീ... മരിച്ചു പോയെടീ...” 


ഒരുവിധം കരച്ചിലടക്കി അമ്മായി ഇങ്ങനെ പറഞ്ഞൊപ്പിച്ച ശേഷം വീണ്ടും കരഞ്ഞു പോയി. തന്റെ സ്ഥലകാല ബോധം പൂർണമായും നഷ്ടമായ ലക്ഷ്മി തൊണ്ടക്കുഴിയിലൂടെ ഉമിനീരു പോലും ഇറക്കാനാവാതെ നിന്നു. കുറച്ചു നിമിഷങ്ങൾക്കു ശേഷം അമ്മായി കരച്ചിൽ കടിച്ചമർത്തി ധൃതിയിൽ പറഞ്ഞൊപ്പിച്ചു; 


“എന്റെ പൊന്നുമോളേ, എന്നോട് ക്ഷമിക്ക്... നിനക്ക് ധൈര്യം തരാതെ ഞാൻ കരഞ്ഞുകാണിച്ചാൽ... ക്ഷമിക്കെന്നോട്, സഹിക്കാൻ പറ്റിയില്ല. 

എന്റെ മകൻ തന്നെയല്ലേടീ അവനും, ഞാൻ നിന്റെ അമ്മായിയാണെങ്കിലും!” 


അവൾ അറിയാതെ ചോദിച്ചു പോയി; 

“ഞാനിപ്പോൾ എന്നാ ചെയ്യുക അമ്മായീ...?” 


ഗൗരിയമ്മായി കരച്ചിലിനു ശേഷമുള്ള മൂക്കുവലിക്കൽ കഴിച്ചു കൊണ്ട് പറഞ്ഞു; 

“മോളു വേഗം അയാളോട് ചോദിച്ചിട്ട് വാ... പിള്ളേരുടെ കാര്യം പറയുകയേ വേണ്ട, തിരക്കാ- ട്രീറ്റ്മെന്റാ എന്നൊക്കെപ്പറഞ്ഞു നീ വിളിച്ചിട്ടിപ്പോൾ ദിവസം കുറച്ചായില്ലേ...? ഇനി നിൽക്കേണ്ട ഒരു നിമിഷം അവിടെ, വേഗം വാ...” 


ഇത്രയും പറഞ്ഞു തീർത്ത ശേഷം ഒന്നു നിർത്തി അമ്മായി തുടർന്നു; 

“... നീ പോരാനുള്ള വഴി റെഡിയാക്കിയിട്ട് വിളിക്കുവോ എന്നെ...?” 


അവൾ ‘ശരി’ എന്ന് മറുപടി നൽകി, നിശ്ചലയായി നിന്ന്. ഉടനെ അമ്മായി കോൾ കട്ട്‌ ആക്കിയതും ‘മഹേഷ്‌ എ...’ എന്നൊരു വാചകം അവൾ ചോദിക്കുവാൻ മുതിർന്നതും ഒപ്പമായിരുന്നു. 


ഒരു നിമിഷത്തിനു ശേഷം എങ്ങനെയോ കിച്ചനുപേക്ഷിച്ച് അവൾ തന്റെ സ്വന്തം ബെഡ്റൂമിലെത്തി ഡോറടച്ച്, ഇരുകൈകൾ കൊണ്ടും മുഖംപൊത്തി കമിഴ്ന്നിരുന്നു പോയി. എങ്ങനെയൊന്ന് കരയുമെന്നവൾ, അവളിലൂടെ തന്നെ സഞ്ചരിച്ചു കൊണ്ട് തിരഞ്ഞു. പക്ഷെ, എത്ര ശ്രമിച്ചിട്ടും തീകൊളുത്താൻ കഴിയാത്തൊരു വിറകു പോലെയാണ് താനിപ്പോഴെന്ന് അവൾ തിരിച്ചറിഞ്ഞു. അമ്മായിയെ ഒന്നുകൂടിവിളിച്ച് ‘എന്താണ് തന്റെ പ്രിയന്... എങ്ങനെ സംഭവിച്ചുവെന്ന്..?’ എന്നൊക്കെ ചോദിക്കണമെന്ന് അവളുടെ മനസ്സിലെവിടെയോ പൊന്തി വന്നു. എന്നാൽ മറ്റെന്തൊക്കെയോ അവയെയെല്ലാം നശിപ്പിച്ചു കളഞ്ഞു കൊണ്ടിരുന്നു. 


സമയം ലക്ഷ്മിയുടെ മുൻപിൽ പരിഗണിക്കപ്പെടാതെ മുന്നോട്ടു പോയി. അവൾ ചലനമില്ലാതെ അങ്ങനെ തന്നെയിരുന്നു. ഏതോ ഒരു നിമിഷം പതിവിന് വിപരീതമെന്ന പോലെ റൂമിന്റെ ഡോറിലൊരു തട്ടു കേട്ടു. അവൾ പൊടുന്നനെ അവിടേക്ക് നോക്കി, മൂകമായ മുഖത്തോടെ. ഇന്ദ്രജൻ നായർ ആയിരുന്നു അത്. 


“ഇത്ര നേരത്തെ റൂമിൽ കയറി ഇരിപ്പാണോ?” 

അയാൾ എന്തിന്റെയോ മുഖവുരയെന്ന പോലെ ചോദിച്ചു. 

അവൾ എഴുന്നേറ്റ് വേഗമെത്തി അയാളോട് പറഞ്ഞു പോയി; 

“ഇന്ദ്രേട്ടാ.. എന്റെ ഭ്...” 


ഉടനെ അയാൾ ഇടയ്ക്കു കയറി; 

“വർഷം മൂന്നാകാറായില്ലേ നീയെന്നെയിങ്ങനെ സ്നേഹിക്കുവാൻ തുടങ്ങിയിട്ട്...? എനിക്കെന്തോ... നിന്നോടൊരു വല്ലാത്ത സ്നേഹം തോന്നുവാ ഇപ്പോൾ, വന്നിട്ടിതു വരെ നാട്ടിലേക്ക് പോയിട്ടില്ല... സ്വന്തം കാര്യങ്ങളെല്ലാം അവഗണിച്ച് എനിക്ക് കൂട്ട് തന്ന് നീ ഒരുപാട് കഷ്ടപ്പെട്ടു... അല്ല, കഷ്ടപ്പെടുന്നു. ഇനിയെനിക്ക് വയ്യ നിന്നെയിങ്ങനെ നരകിപ്പിക്കാൻ, ലക്ഷ്മി...” 


അയാളിങ്ങനെ പറഞ്ഞതു ശ്രദ്ധിക്കാതെ നിന്ന ലക്ഷ്‌മി പറഞ്ഞു; 

“ഏട്ടാ,... എന്റെ ഭർത്താവ്... മഹേഷ്‌ പോയി...” 

ചലനമറ്റ അവളുടെ ഈ വാചകങ്ങൾ കേട്ട് അയാൾ ഉടനെ മുഖഭാവം മാറ്റി ചോദിച്ചു; 

“അയ്യോ... എന്താ... എന്തുപറ്റി അയാൾക്ക്!?” 

അവൾ വിതുമ്പുവാൻ കൊതിച്ചു കൊണ്ട് പറഞ്ഞു; 

“അറിയില്ല...” 


ഉടനടി അയാൾ അവളെ തന്നോടു ചേർത്തു, നാടകീയമായി തോന്നിക്കും വിധം, അവളറിയാതെ. 

“കൂടുതലൊന്നും പറഞ്ഞു വിഷമം കൂട്ടണ്ട നീ... എനിക്കറിയാമല്ലോ നിന്നെ, നാളെ വൈകിട്ടത്തോടെ തിരിച്ചു ചെല്ലാം നിനക്ക്, പറ്റുമെങ്കിൽ അതിലും നേരത്തേ... എല്ലാം ഞാനിപ്പോൾത്തന്നെ റെഡിയാക്കിത്തുടങ്ങാം.” 

ധൃതിയിൽ ലക്ഷ്‌മിയുടെ മുടിയിഴകളെ തഴുകി അയാൾ പറഞ്ഞു. അവളാകട്ടെ ഇവയൊന്നും ശ്രദ്ധിക്കാതെ മറ്റൊരു ദിശയിലായിരുന്നു. 


അയാളുടനെ അവളെ വിട്ട് റൂമിന്റെ പുറത്തേക്കാഞ്ഞു ഡോറിലെത്തിയ ശേഷം പറഞ്ഞു; 

“നാളെ ഇത്രയും വർഷങ്ങൾക്കു ശേഷം എന്റെ വൈഫും പിള്ളേരും 

ഇവിടേക്ക് വരുവാ... പെട്ടെന്നൊരു തീരുമാനം അവിടെ നിന്നും അറിയിച്ചപ്പോൾ... ഞാൻ, ഞാൻ ആക്ച്വലി സർപ്രൈസ്ഡ് ആയി. ഗോഡ് ഈസ്‌ ഗ്രേറ്റ്‌. ഞാനിവിടെ ട്രീറ്റ്മെന്റിനായി വന്നപ്പോൾ മുതൽ അവർക്കൊരു അര-മനസ്സുണ്ടായതായി ഞാൻ കേട്ടിരുന്നു... പക്ഷെ, അതൊരു സ്വപ്നമായി കലാശിക്കുമെന്നായിരുന്നു ഞാൻ ഇത്രയും നാൾ ചിന്തിച്ചിരുന്നത്... എനിവെയ്, ലക്ഷ്മിയുടെ കാര്യം നടക്കട്ടെ. ഞാൻ ഒരാളെ വിളിച്ചു ഇപ്പോൾത്തന്നെ നാളെ പോകാനുള്ള ടിക്കറ്റും മറ്റു കാര്യങ്ങളും റെഡിയാക്കാം. ഗെറ്റ് റെഡി...” 


മറുപടിക്ക് കാത്തു നിൽക്കാതെ ഡോറടച്ച് അയാൾ പോയി. അവളാകട്ടെ മറുപടി ഗ്രഹിക്കാനാവാതെ കണ്ണുകളടച്ച് മുഖം കൈ കൊണ്ടു പൊത്തി വീണ്ടും തന്റെ ബെഡിലേക്കിരുന്നു പോയി. എല്ലാം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ആ നിമിഷങ്ങളിൽ അവൾക്കു മാത്രം ചലനമില്ലാതെ, ഒരു ചലനമറ്റവളെപ്പോലെ അവളുടെ നിമിഷങ്ങൾ മുന്നോട്ടു പോയി, ചലിക്കാതെ. ഒന്നുറക്കെ കരയുവാൻ അവളുടെ മനസ്സ് കൊതിച്ചു. പക്ഷെ ഒരിക്കലും തനിക്കിനിയതിന് കഴിഞ്ഞെന്നു വരില്ലായെന്നൊരു തോന്നൽ അവളുടെ മനസ്സിലെവിടെ നിന്നോ ഉയർന്നു വന്നു. 


ലക്ഷ്മി 1 


“ഒന്നും പറയുവാനും കേൾക്കുവാനുമാകാതെ പിറ്റേന്നു തന്നെ ഞാൻ അവിടംവിട്ട് പോരുകയായിരുന്നു...” 

ലക്ഷ്‌മി, ഗൗരിയമ്മായിയുടെ മാറിൽ ചായ്ഞ്ഞിരിക്കെ ഇങ്ങനെ പറഞ്ഞു നിർത്തിയ ശേഷം ചെറുതായൊന്നു വിതുമ്പി. 


അമ്മായി അല്പസമയത്തേക്ക് ഒന്നും മിണ്ടിയില്ല, തന്റെ തുറന്ന കണ്ണുകൾ അടക്കുവാൻ മറന്ന്. 

“മരിക്കുവാനായി സയനൈഡ്, കരുതിവെച്ചിരുന്നതു പോലെയായിരുന്നു...” 

അല്പസമയശേഷം അമ്മായി മെല്ലെ മന്ത്രിച്ചു. 


“കുറച്ചുകാലം...” 

ഒന്നു നിർത്തിയ ശേഷം അവൾ തുടർന്നു, വിതുമ്പിയതിന്റെ ബാക്കിപത്രവും പേറി; 

“... കുറച്ചുകാലം, ഒരു കമ്പനിയിൽ കെമിക്കൽ ഡിപ്പാർട്മെന്റിൽ 

ജോലി ചെയ്തിരുന്നു മഹേഷ്‌. അറിയാമല്ലോ അമ്മായിക്ക്...? അവിടെ നിന്നും ഇത്തരം ചില കെമിക്കൽസും മറ്റും ഇവിടെ കൊണ്ടു വരുമായിരുന്നു. അവന് ഇതിനോടൊക്കെ കമ്പമുള്ള കൂട്ടത്തിലായിരുന്നു; 

വല്ലാത്ത ചിലതരം ഹോബികൾ പോലെ... അന്നെങ്ങാനും കൊണ്ടു വന്നു വെച്ചതായിരിക്കണം, ആക്സിഡന്റിനു ശേഷം എല്ലാം മഹേഷിന്റെ അടുത്തു തന്നെ വെക്കാറായിരുന്നു പതിവ് -കുട്ടികൾ ഉള്ളതു കൊണ്ടും അവന് സ്വന്തം സാധനങ്ങൾ കൈകാര്യം ചെയ്യുവാനുള്ള എളുപ്പത്തിനും വേണ്ടി. പോകുന്നതിന് രണ്ടുദിവസം മുൻപ് മുറിയാകെ ഒന്ന് ചികഞ്ഞടുക്കിപ്പെറുക്കുവാൻ മനുവിനെ നിർബന്ധിച്ചിരുന്നു, മഹേഷ്‌...” 


ഒന്നു നിർത്തി, വിതുമ്പിക്കൊണ്ടവൾ തുടർന്നു; 

“... മരിക്കാൻ വേണ്ടി തിരഞ്ഞതായിരുന്നു അമ്മായീ...” 

ലക്ഷ്‌മി ശബ്ദമടക്കിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അമ്മായി അവളെ ഒന്നുകൂടി തന്നോടു ചേർത്ത് ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. 


 സമയം കുറച്ചധികം കടന്നുപോയി, ഇരുവരുടെയും മൗനത്തെ മാനിക്കാതെ. കരച്ചിലവസാനിപ്പിച്ചു, പൊടുന്നനെ അവൾ തലയുയർത്തി അമ്മായിയോട് പറഞ്ഞു; 

“അമ്മായീ... മഹേഷിന്റെ ആത്മഹത്യ, അതൊരു കൊലപാതകമായി 

എന്നെ എപ്പോഴും വേട്ടയാടുകയാ... ഞാനാ, എന്റെ പ്രവർത്തികളാ... അവനെ കൊന്നത്. എന്റെ മഹേഷ്‌...” 

ഇരുട്ടിലും കണ്ണുകൾ മിഴിച്ച് ഒരു ഭ്രാന്തിയെപ്പോലെ ലക്ഷ്മി പറഞ്ഞു. 


മൗനമായിരുന്നു അമ്മായിയുടെ മറുപടി. അല്പസമയം കടന്നു പോയി; 

“എനിക്കീ തെറ്റിൽ നിന്നും രക്ഷപെടുവാൻ ഒരു വഴിയുണ്ട്... ഒരേയൊരു വഴി... എന്റെ വഴി... അമ്മായീ, ഞാൻ മഹേഷിന്റെ പിറകെ പോവുകയാ. അത്... മഹേഷ്‌ സ്വാതന്ത്രനായത് പോലെ എല്ലാത്തിലും നിന്നെന്നെ സ്വാതന്ത്രയാക്കും!” 


 ലക്ഷ്‌മി ദൃഢതപ്രാപിച്ച് ഇങ്ങനെ പറഞ്ഞു നിർത്തിയതും അവളെ അകറ്റി റൂമിലെ ലൈറ്റ്, അമ്മായി ചാടിയെഴുന്നേറ്റ് ഇട്ടു. ശേഷം അവളുടെ മുഖത്തു നോക്കി, തന്റെ വലതുകൈയ്യാൽ ആഞ്ഞൊരടി കൊടുത്തു. അടിയേറ്റ അവളുടെ മുഖം തിരിഞ്ഞതും അമ്മായി അവളെ കെട്ടിപ്പുണർന്ന് തലമുടിയിൽ തഴുകി ദേഷ്യം ഭാവിച്ച് ചോദിച്ചു; 

“എടീ ദ്രോഹീ, കെട്ടിയോൻ മരിച്ചതിന്റെ പിറകെ നീയും പോയി 

രണ്ടു പിഞ്ചുകളെ വഴിയാധാരമാക്കാനാണോ നിന്റെ ഉദ്ദേശം, പറ...?” 


അവൾ അമ്മായിയെ പുണർന്നു ചായ്ഞ്ഞു ഒരിക്കൽക്കൂടി കരഞ്ഞു, ശേഷം കരച്ചിലിനോടൊപ്പം പറഞ്ഞു; 

“ഞാനിനി... ഇനി എന്ത് ചെയ്യും...? എനിക്കിതൊന്നും സഹിക്കാനാവുന്നില്ല അമ്മായീ...” 


ഉടനെ അമ്മായി അവളുടെ മുഖത്തിനിരുവശവും തന്റെ കൈകൾ പിടിച്ചു കൊണ്ടു, അവളുടെ മുഖത്തേക്കു നോക്കി പറഞ്ഞു; 

“മഹേഷ്‌, നിന്റെ ഭർത്താവ് പോയി. നിന്റെ പിള്ളേർക്ക് അച്ഛനില്ല. അമ്മയേലും ഉണ്ടെന്നൊരു വിശ്വാസത്തോടെ വേണം അവർ ഇരുവരും വളരുവാൻ, നീയല്ലാതെ അവർക്കുവേറെ ആരുണ്ടെടീ... ലക്ഷ്മി?!” 


അപ്പോഴേക്കും വിതുമ്പിക്കൊണ്ട് ലക്ഷ്മി പറഞ്ഞു; 

“എനിക്കെന്റെ പിള്ളേരെ ജീവനാ... ഇനിയെനിക്കവരേ ഉള്ളൂ..” 

ഉടൻ അമ്മായി പറഞ്ഞു; 

“ആഹാ... എന്നിട്ടാണ് മഹേഷിന്റെ അടുത്തേക്ക് പോകണം എന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നത്! കൊള്ളാം...!” 


ഒന്ന് നിർത്തി അവർ തുടർന്നു; 

“നീ നിന്റെ മനസ്സിലുള്ളതെല്ലാം എന്നോട് പറഞ്ഞു. ആദ്യമായി, അത് നിന്റെ മനസ്സിന് സമ്മാനിക്കുന്നൊരു ആശ്വാസമുണ്ട്- അത് നിന്റെ മനസ്സ് വൈകാതെ തന്നെ നിനക്ക് നൽകിക്കൊള്ളും. പിന്നെ, നീ പോകണം- മഹേഷിനടുത്തേക്ക്... അത് ജീവൻവെടിഞ്ഞല്ല, നിന്റെ പിള്ളേർക്ക് ഇനി നല്ലൊരമ്മയായി... മഹേഷിന്റെ പഴയ ലക്ഷ്മിയായി... 

നിന്റെ കുടുംബത്തോടൊപ്പം ജീവിച്ചു കൊണ്ട്... നീയിതിന് മുതിരുമ്പോൾത്തന്നെ നിന്റെ മനസ്സ് നിന്നെ ആശ്വസിപ്പിച്ചു തുടങ്ങും; 

ഒരിക്കലും ഇനി വഴുതിപ്പോകാതെ നിന്റെ മനസ്സു തന്നെ നിന്നെ ശട്ടം കെട്ടും. അങ്ങനെ... നല്ലൊരു ലക്ഷ്മിയായി മഹേഷിനോപ്പം ചേരുവാൻ നിനക്ക് സാധിക്കും. പറഞ്ഞത് കേട്ടോ... നീ ലക്ഷ്മി...?!” 


അവളൽപ്പം ദൃഢത പ്രാപിച്ച് മറുപടി നൽകി; 

“എനിക്ക് ജീവിക്കണം അമ്മായീ, സ്വയ്‌ര്യമായിട്ടും സ്വസ്ഥമായിട്ടും. 

തന്റേടത്തോടെ തന്നെ ജീവിക്കണം, എല്ലാവരെയും പോലെ.” 

അമ്മായി മറുപടി തുടർന്നു; 

“നീ നിന്റെ ഭർത്താവിനെ സ്നേഹിക്കുക, നിങ്ങൾക്കു വേണ്ടി നിങ്ങളുടെ കുട്ടികളെ സ്നേഹിക്കുക, വളർത്തുക. അവൻ നിങ്ങളെവിട്ട് പോയിട്ടില്ല, നിന്റെയൊപ്പം തന്നെയുണ്ട്. നിന്നെ ഒരു നിമിഷം പോലും പിരിയുവാനും നിന്നെ അവനു വേണ്ടി കഷ്ടപ്പെടുത്തുവാനും വയ്യെന്ന് എഴുതിവെച്ചല്ലേ അവൻ പോയത്! അപ്പോൾപ്പിന്നെ എങ്ങനെ നിന്നെ വിട്ട് പോകുവാൻ അവന് സാധിക്കുമെടീ...? ഒരു ദിവസം മുകളിലിരുന്ന്, അല്ലെങ്കിൽ നിങ്ങളുടെ കൂടെയിരുന്ന് അവൻ നിങ്ങളെ അനുഗ്രഹിക്കും -നിറഞ്ഞ മനസ്സോടും സ്നേഹത്തോടും കൂടെ. അവൻ ഏറ്റവുമധികം സ്നേഹമുള്ളവനാ... നിന്നെ അവന് മനസ്സിലാകും... നിന്നോടു കൂടെ നിന്ന് സ്നേഹിക്കുവാൻ താൻ ബാധ്യസ്ഥനാണെന്ന് അവനും ഇപ്പോൾ മുകളിലെവിടെയോ ഇരുന്നു ചിന്തിക്കുന്നുണ്ടാവും- എനിക്കുറപ്പാ.” 


തന്റെ വിഷമത്തിന്റെ പരിണിതഫലമായി, തന്റെ മുഖമാകെ പടർന്നിരുന്ന കണ്ണുനീർത്തുള്ളികളെ ഇരുകൈകൾ കൊണ്ടും തുടച്ചുമാറ്റി ലക്ഷ്മി പറഞ്ഞു; 

“എനിക്കും.... ഞങ്ങളുടെ പിള്ളേർക്കും മഹേഷിനെ വേണം അമ്മായീ. 

അമ്മായി പറഞ്ഞതു പോലെ, നല്ലൊരമ്മയായി ഞാനത്... ഞങ്ങൾ മൂവരുമൊരുമിച്ച് നേടുമത്.” 


ഗൗരിയമ്മായി അവളെ നോക്കി മന്ദഹസിച്ച ശേഷം, അവളുടെ നെറ്റിയിലൊരു ചുംബനം നൽകി തോളിൽ തട്ടിയ ശേഷം താൻ ഉൾക്കൊണ്ട പ്രചോദനം മുഖത്ത് പ്രകടമാക്കി. 


>>>>>> 


“അയാൾ നിന്നെ പിന്നീട് കോൺടാക്ട് ചെയ്തിരുന്നോ..!?” 

കുറച്ചു ദിവസങ്ങൾക്കു ശേഷം, മനുവും മീനയും- കോളേജിലും സ്കൂളിലുമായി പോയ ശേഷം, പ്രാതൽ കഴിക്കുന്നതിനിടെ ഗൗരിയമ്മായി ലക്ഷ്മിയോട് ചോദിച്ചു. 

“ആരാ... അയാൾ... ഇന്ദ്രജനാ...?!” 

കഴിക്കുന്നതിനിടെത്തന്നെ അവൾ ചോദ്യമുന്നയിച്ചു, മറുപടിയായി. 


‘അതെ’ എന്ന അർത്ഥത്തിൽ അമ്മായി തലയാട്ടി. 

“ഇല്ല അമ്മായി, ഇതുവരെയില്ല.” 

ഉടനെ അമ്മായി പറഞ്ഞു; 

“താമസിയാതെ അയാളിനിയും വിളിച്ചെന്നുവരും ലക്ഷ്മി... 

നിനക്കറിയാമല്ലോ, ശശിയേട്ടൻ... അവൻ എനിക്ക് വയറ്റിലായിരിക്കുമ്പോൾ പോയതാ ഞങ്ങളെ വിട്ട്. ആദ്യ പ്രസവത്തിനു മുൻപു തന്നെ ഭർത്താവിനെ നഷ്ടമായൊരു സ്ത്രീ. മുന്നോട്ടെങ്ങനെ ഒരു ആൺതുണയില്ലാതെ വളർന്നു ഇന്നത്തെയീ ഗൗരിയമ്മായിയായി എന്ന് നിനക്കറിയാമല്ലോ, കുറച്ചെങ്കിലും!? അതിന്റെ വെളിച്ചത്തിലാ ഞാനീ പറയുന്നതൊക്കെ...” 


കഴിപ്പ് മെല്ലെയാക്കി അവൾ പറഞ്ഞു; 

“എനിക്ക് മനസ്സിലാകുന്നുണ്ട് അമ്മായീ.” 

അവളുടെ മുഖം മങ്ങുന്നതു കണ്ട അമ്മായി മന്ദഹാസത്തോടെ പറഞ്ഞു; 

“ഏയ്യ്... നീ വിഷമിക്കേണ്ട ഞാ...” 

ഉടനെ അവൾ ഇടയ്ക്കു കയറി; 

“ഇനി അയാൾ എന്നെ തേടിയാൽ എന്താ മറുപടി കൊടുക്കേണ്ടതെന്ന്, എങ്ങനെയാ അയാളെ ശുശ്രൂഷിക്കേണ്ടതെന്ന് മഹേഷ്‌ എന്നോട് മന്ത്രിച്ചു തന്നിട്ടുണ്ട് അമ്മായി. ആ ധൈര്യം എനിക്കുണ്ട്...” 


ആശ്വാസം പ്രകടിപ്പിച്ചെന്ന പോലെ അമ്മായി തുടർന്നു; 

“മതിയെടീ... അതുമതി. എനിക്ക് നിന്നെയറിയാമല്ലോ, ഞാൻ പറഞ്ഞത്, നീ പറഞ്ഞതു വെച്ച് അയാളുടെ ഭാര്യ പിണങ്ങി മാറി നിന്നത് ചില്ലറക്കാര്യത്തിനാവില്ല. ഇയാളുടെ സ്വഭാവം എന്തായിരുന്നെന്ന് ആരു കണ്ടു...? മറ്റൊരു കാര്യം, വാർദ്ധക്യത്തിൽ എല്ലാ മനുഷ്യരും തങ്ങളുടെ ഇണകളെ അതിരറ്റ് സ്നേഹിക്കും- എത്ര വേദന നല്കിയവരാണെങ്കിലും. 

വാർദ്ധക്യത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ ഒരു തുണയെ എല്ലാവരും ആഗ്രഹിച്ചു പോകും... അത് ലഭിക്കുമ്പോൾ സ്വന്തം സ്വഭാവത്തിന്റെ അന്തഃസത്തയിലതിനെ ഉപയോഗിക്കും. അയാളുടെ അന്തഃസത്ത കാമമാണെങ്കിൽ തീർച്ചയായും അയാൾ നിന്നെ തേടും. അതാ... അതാ ഞാൻ പറഞ്ഞത്.” 


ലക്ഷ്‌മി അമ്മായിയെ ശ്രദ്ധിച്ചിരുന്നു- അവർ തുടർന്നു; 

“.... നിനക്കറിയാമല്ലോ, എന്റെ കെട്ടിയോൻ പോയതില്പിന്നെ ഞാനൊരു 

തുണയെ ആഗ്രഹിക്കാൻ നിന്നിട്ടില്ല. അതിന് എന്റെ ‘ഭർത്താവ്’, എന്റെ മനസ്സിൽ നിന്നു കൊണ്ട് എന്നെ സഹായിച്ചു. എന്റെ ഭർത്താവ് എന്റെയൊപ്പമുള്ളപ്പോൾ മറ്റൊരു തുണ- അത് ഏത് തരത്തിലായാലും -എനിക്കെന്തിനാ...? പലരും പല തവണ വന്നതാ എന്റെയടുത്ത്- സ്നേഹിക്കാനും ഇഷ്ടപ്പെടാനും സുഹൃത്താകാനും കാമിക്കാനും... ഒക്കെ... ...ഊഹൂം....” 


വളരെ ആത്മവിശ്വാസത്തോടെ, അന്തസ്സു മുഖത്തുവരുത്തി ഗൗരിയമ്മായി പറഞ്ഞു നിർത്തി. ലക്ഷ്മി ആകെ വല്ലാതായി. തന്റെ ഭാവം നിലനിൽക്കെത്തന്നെ അമ്മായി പറഞ്ഞു; 

“മോളേ... മനുഷ്യരെല്ലാവരും ഇങ്ങനെയൊക്കെയാ, ആരും മോശമല്ല ‘ഒന്നിലും’... ഹ... ഹ... നമ്മൾ മര്യാദക്ക് ജീവിക്കുക എന്നതു മാത്രമേ നമുക്കൊരു രക്ഷയായി നമ്മുടെ മുൻപിലുള്ളൂ... എല്ലാം കണ്ടു കൊണ്ടൊരാൾ മുകളിലുണ്ട്, അതോർമ്മ വേണം എല്ലാവർക്കും. വിതച്ചതേ എല്ലാവരും കൊയ്യൂ... നീ വേഗം കഴിക്ക്... ഇങ്ങനെ ഇരിക്കാതെ, 

നിന്റെ പിള്ളേരേം നോക്കി ജീവിക്ക്. പറ്റുന്നിടത്തോളം കാലം ഞാനുമുണ്ടാകും നിന്റെയൊപ്പം.” 


ഗൗരിയമ്മായിയുടെ മുഖത്ത് പ്രകാശം കണ്ടെന്ന പോലെ ലക്ഷ്മി അവരെനോക്കി ആത്മവിശ്വാസത്തോടെ മന്ദഹസിച്ചു. 


അവസാനിച്ചു.


Rate this content
Log in

Similar malayalam story from Drama