പ്രണയകുടീരം
പ്രണയകുടീരം
ഡിസംബർ 29, 2018
കൊടിയിറങ്ങിയ പകലിനു വിടചൊല്ലിയ മറ്റൊരു സായാഹ്‌നം. ശിശിരകാലവാനില്‍ അലസമായി അങ്ങിങ്ങു പാറിനടന്ന ശുഭ്രമേഘങ്ങളോടു പരിഭവം പറഞ്ഞുനിന്ന പകലോന്‍, പകലന്തിയായതറിഞ്ഞില്ല. അവനിയിലെങ്ങും ഇലപൊഴിക്കുന്ന തണല്‍മരച്ചില്ലകള്‍ തഴുകി ഒഴുകിനടന്ന കുളിർതെന്നല്‍ ഒരു ചെറുചിരിയോടെ ചോദിച്ചു: "അമ്പിളി വരാറായി...പോകുന്നില്ലേ?"
മുഖത്തു ചെമന്ന ചായം പൂശി, പടിഞ്ഞാറേയ്‌ക്കുപോകാനൊരുങ്ങിയ ആദിത്യന്‍, തെല്ലു നൊമ്പരത്തോടെ, മാരുതനോടു ചോദിച്ചു: "ഓർമ്മയില്ലേ...? ഇന്ന് ഒരു വർഷം തികയുന്നു...!"
താഴെ ഭൂമിയില്‍, ആ കല്ലറയ്‌ക്കു മുമ്പില്‍ കത്തിച്ചുവച്ച ഏതാനും മെഴുകുതിരികള്‍ക്കു മുമ്പില്‍ മുട്ടുകുത്തി നിന്ന ആല്‍ബർട്ടിന്റെ കണ്ണുകളില്‍ നിന്ന്, രണ്ടുതുള്ളി കണ്ണുനീർ അടർന്നുവീണു.
കൈയിലിരുന്ന രണ്ടു ചുവന്ന റോസാപ്പൂക്കള്‍, ആ കല്ലറയ്‌ക്കുമേല്‍ വച്ചിട്ട്, അവന്‍ മെല്ലെ തിരിഞ്ഞുനടന്നു. ഏതാനും ചുവടുകള്‍ മുന്നോട്ടുവച്ച ശേഷം, തിരിഞ്ഞ് വീണ്ടും ആ കല്ലറയിലേയ്‌ക്കു നോക്കി, അവന്‍ പറഞ്ഞു: "സ്റ്റേ ടുഗെതെർ ഇൻ ഹെവൻ, ഫോറെവർ..."
അപ്പോഴും കുളിർകാറ്റു വീശുന്നുണ്ടായിരുന്നു... ഇതൊന്നും കണ്ടില്ലെന്നു നടിച്ചുകൊണ്ട്, ഒരുപറ്റം ഓർമ്മകളുടെ നൊമ്പരവും പേറി, അതങ്ങനെ ഒഴുകിക്കൊണ്ടിരുന്നു... എവിടേയ്‌ക്കെന്നില്ലാതെ...!
ഡിസംബർ 29, 2017
സായാഹ്‌നം. പോക്കുവെയിലുമായി അന്നും തന്റെ പടിഞ്ഞാറോട്ടുള്ള പോക്കിനൊരുങ്ങുകയായിരുന്നു സൂര്യന്‍. വീടിന്റെ ഒരുവശത്തുള്ള പറമ്പില്‍ വളർന്നുനിന്ന ഒരുകൂട്ടം മരങ്ങളുടെ ഇലകള്‍ കൂട്ടത്തോടെ അടർത്തിയിട്ടുകൊണ്ട്, അലക്ഷ്യമായി വീശിയടിക്കുന്ന ശിശിരക്കാറ്റിനെ നോക്കിയിരിക്കുകയായിരുന്നു ആല്‍ബർട്ട്. വീടിന്റെ ഇറയത്തിട്ട കസേരയില്‍ നിശ്‌ചലനായി മരവിച്ചിരുന്ന അയാളെ, ആരൊക്കെയോ കയറിവന്ന് ആശ്വസിപ്പിക്കുകയും തോളില്‍ തട്ടുകയും ചെയ്‌തു. അയാള്‍ ഒന്നും അറിഞ്ഞില്ല. ആരോടും ഒന്നും പറഞ്ഞില്ല. അയാളുടെ കൈകാലുകള്‍ ചലനമറ്റവയായിരുന്നു. മനസ്സ് മരവിച്ചുപോയിരുന്നു. നാവ് അറുത്തുമാറ്റിയതുപോലെയും.
ഒരുപാട് ശബ്‌ദങ്ങള്‍ അവന്റെ കർണ്ണപുടങ്ങളില്‍ അലയടിച്ചു. മരണഗീതങ്ങള്‍, അമ്മച്ചിയുടെ അലമുറകള്‍, ആള്‍ക്കൂട്ടത്തിന്റെ അടക്കംപറച്ചിലുകള്‍, കാറ്റു വഹിച്ചുകൊണ്ടുവരുന്ന പ്രകൃതിയുടെ വിലാപഗീതങ്ങള്‍...
"ആല്‍ബർട്ടേ..." അയല്‍വക്കത്തെ ജോണിച്ചേട്ടന്‍ തട്ടിവിളിച്ചപ്പോള്‍, അവന്‍ ചിന്തയില്‍ നിന്നുണർന്നു.
"എടാ, എന്തെങ്കിലും ഒന്ന് തീരുമാനിക്കണ്ടേ. അച്ചനോട് പോയി വിവരം പറഞ്ഞിട്ടുണ്ട്. നാളെ രാവിലെ നടത്താമെന്നാ പറയുന്നത്."
അവന് ഒന്നും മിണ്ടാനായില്ല. അവന്‍ മെല്ലെ അകത്തേയ്‌ക്കു ചെന്നു. നെഞ്ചത്തടിച്ചു കരയുന്ന അമ്മച്ചിയുടെ അരികില്‍ പോയി ഇരുന്നു. അമ്മച്ചി അവന്റെ തോളത്തു ചാഞ്ഞുപോയി.
ചുവരിലിരുന്ന അപ്പച്ചന്റെ ഫോട്ടോയിലേയ്‌ക്ക് അവനൊന്നു നോക്കി. പിന്നെ, വെള്ളപുതപ്പിച്ചു കിടത്തിയ അനിയത്തിയുടെ മുഖത്തേയ്‌ക്കും.
അമ്മച്ചിയെ മെല്ലെ താങ്ങി നേരെ ഇരുത്തിയിട്ട്, അവന്‍ മെല്ലെ അവളുടെ മൃതദേഹത്തെ സമീപിച്ചു.
പിന്നെ അവളുടെ ഓമനത്തം തുളുമ്പുന്ന മുഖം കൈയിലെടുത്ത്, തന്റെ മുഖത്തോടു ചേർത്തു.
കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. ചുണ്ടുകള്‍ വിറച്ചു. ചങ്കുപൊട്ടുന്ന വേദന താങ്ങാനാകുന്നില്ല...
വിറയ്‌ക്കുന്ന ചുണ്ടുകളോടെ, അവളുടെ ചലനമറ്റ ശരീരത്തെ നോക്കി അവന്‍ വിതുമ്പി:
"ന്റെ കുഞ്ഞോളേ...!"
കുറച്ചുനേരം അവിടെ ഇരുന്നിട്ട്, ആല്‍ബർട്ട് വീണ്ടും, പുറത്ത് ആ കസേരയില്‍ വന്നിരുന്നു. അപ്പോഴും പുറത്ത് കുളിർകാറ്റു വീശുന്നുണ്ടായിരുന്നു. ക്രമരഹിതമായ ഇടവേളകളില്‍ ഒന്നോരണ്ടോ ആയി സന്ദർശകരുടെ എണ്ണം ചുരുങ്ങിക്കൊണ്ടിരുന്നു. സന്ധ്യയാവുകയാണല്ലോ. വാനില്‍ പറന്നകലുന്ന പക്ഷിക്കൂട്ടങ്ങളെ നോക്കി അവന്‍ ഇരുന്നു. തന്റെ കുഞ്ഞോളും അവരേപ്പോലെ പറന്നകലുകയാണല്ലോ...
വാശിക്കാരിയായിരുന്നു, പണ്ടേ, തന്റെ കുഞ്ഞനിയത്തി. അപ്പച്ചഌം അമ്മച്ചിയുമുണ്ടായിരുന്ന കാലത്തു നടന്ന അവളുടെ ആദ്യ ബർത്ത്‌ഡേ, ആല്‍ബർട്ടിന്റെ ഓർമ്മയില്‍ വന്നു. അന്നു കിട്ടിയ ഒരു കളിപ്പാട്ടം ഒന്നു കീ കൊടുക്കാന്‍ അടുത്തു ചെന്നതാണ് താന്‍. തന്നെ അതില്‍ തൊടാന്‍ പോലും സമ്മതിക്കാതെ അവള്‍ വാശിപിടിച്ചു കരഞ്ഞു. അതില്‍പ്പിന്നെ എപ്പോഴും താനല്‍പം താണു കൊടുക്കും, എല്ലാ കാര്യത്തിലും. കാരണം, ചേട്ടായിക്കു വലുത് കുഞ്ഞോളുടെ സന്തോഷമായിരുന്നു...
പൂമ്പാറ്റകളെ തുന്നിയ ഒരു കുഞ്ഞുടുപ്പുണ്ടായിരുന്നു അവള്‍ക്ക്. എവിടെ പോകണമെങ്കിലും ആ ഉടുപ്പുതന്നെ ഇടണമെന്നായിരുന്നു പിന്നെ അവളുടെ വാശി. സ്‌കൂളില്‍ പോകുമ്പോ ചേട്ടായി എന്നും ക്ലാസ്സില്‍ കൊണ്ടാക്കണം. ഒരു മിട്ടായി കിട്ടിയാല്‍ ചേട്ടായി കഴിക്കാതെ അവള്‍ക്കു കൊടുക്കണം...!
അങ്ങനെയങ്ങനെ എത്രയെത്ര വാശികളായിരുന്നു തന്റെ കുഞ്ഞോള്‍ക്ക്...!
മുറ്റത്തു വാടിനിന്ന ഒരു റോസാച്ചെടിയിലേയ്‌ക്ക് അവന്റെ കണ്ണുകള്‍ ചലിച്ചു.
"ഒരിക്കല്‍ ഇതിലൊരു പൂവുണ്ടാവും. അപ്പോ ഞാനിതെന്റെ മറ്റവനു പറിച്ചുകൊണ്ടു കൊടുക്കും. കേട്ടോ..ഹ!ഹ!"
അവളുടെ കൊഞ്ചലുകള്‍ ആ പനിനീർച്ചെടിയുടെ മുള്ളുകള്‍ പോലെ നെഞ്ചില്‍ തറയ്‌ക്കുന്നതായി ആല്‍ബർട്ടിനു തോന്നി..
"ആല്‍ബർട്ടേ..."
ഇടർച്ചയുള്ള ആ സ്വരം കേട്ട്, അവന്‍ പെട്ടെന്ന് ആ റോസാച്ചെടിയിലുടക്കിയ തന്റെ കണ്ണുകള്‍ മേലേയ്‌ക്കുയർത്തി.
സേവ്യർ സാറ്... കൂടെ ഭാര്യ റോസി ടീച്ചറും ഉണ്ട്. തന്നെ സ്‌കൂളില്‍ സയന്‍സ് പഠിപ്പിച്ചിരുന്നത് സേവ്യർസാറാണെന്ന് അവനോർത്തു.
സേവ്യർസാറിന്റെ മകന്‍ പോള്‍സണ്‍, തന്റെ അടുത്ത കൂട്ടുകാരനും സഹപാഠിയുമാണ്.
"സാറേ...കുഞ്ഞോള്..."
ആല്‍ബർട്ടിന്റെ കണ്‌ഠമിടറി.
"അറിഞ്ഞു.." സാറിന്റെ കരങ്ങള്‍ അവന്റെ ചുമലിലമർന്നു. അതു വിറകൊള്ളുന്നതായി അവനനുഭവപ്പെട്ടു. റോസി ടീച്ചർ മുഖം പൊത്തി കരയുകയായിരുന്നു.
സേവ്യർസാർ അവന്റെ കൈകളില്‍ പിടിച്ചു. അവനെ പുറത്തേയ്‌ക്കു വിളിച്ചുകൊണ്ട് സാർ പറഞ്ഞു:
"വന്നേ, പറയട്ടെ."
ആല്‍ബർട്ടിന്റെ കണ്ണുകളില്‍ സംശയത്തിന്റെ കരിനിഴലുകളുയർന്നു.
റോസി ടീച്ചറും അകത്തേയ്‌ക്കു കയറാതെ, അവരോടൊപ്പം പുറത്തേയ്‌ക്കിറങ്ങി. സാർ അവനെ കൂട്ടിക്കൊണ്ടുപോയത് അവരുടെ കാറിനു സമീപത്തേയ്‌ക്കായിരുന്നു. കാറിനു സമീപമെത്തിയതും, കാർ തുറന്ന് സാർ അതിഌള്ളില്‍ നിന്നും ഒരു കവർ പുറത്തെടുത്തു. അതിനുള്ളില്‍ നിന്നും ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു ലോക്കറ്റും ഒരു ആശംസാകാർഡും രണ്ടു ചുവന്ന റോസാപ്പൂക്കളും...സേവ്യർസാർ അത് ആല്‍ബർട്ടിന്റെ കൈകളില്‍ വച്ചുകൊടുത്തു.
ആല്‍ബർട്ട് അതിലേയ്‌ക്ക് ഉറ്റുനോക്കി: ആ ആശംസാകാർഡില്‍ തന്റെ കുഞ്ഞുപെങ്ങളുടെ കൈപ്പടയില്‍ "എന്റെ പഞ്ചാരക്കുട്ടന്...' എന്നെഴുതിയിരുന്നു. അവന്‍ ആ ലോക്കറ്റ് തുറന്നുനോക്കി. സാറിന്റെ മകന്‍ പോള്‍സണിന്റെയും തന്റെ കുഞ്ഞോളുടെയും ചിത്രങ്ങള്‍... പരിഭ്രമം നിഴലിക്കുന്ന മുഖത്തോടെ, ആല്‍ബർട്ട് സാറിന്റെ മുഖത്തേയ്‌ക്കു നോക്കി:
"സാറേ.....പോള്‍സണെവിടെ...ആശുപത്രീന്നു പോയിട്ട് പിന്നെ കണ്ടില്ലല്ലോ..!"
സേവ്യർസാർ ആല്‍ബർട്ടിനെ സമീപിച്ചു. അവന്റെ കൈകള്‍ മുറുക്കിപ്പിടിച്ചു. അദ്ദേഹത്തിന്റെ ചുണ്ടുകള്‍ വിറച്ചിരുന്നു. ആ കണ്ണുകളില്‍ നിന്ന് നിലയ്‌ക്കാതെ കണ്ണീർ ഒഴുകിക്കൊണ്ടിരുന്നു. ആല്‍ബർട്ടിന്റെ ഹൃദയം കുത്തിത്തുളയ്‌ക്കുന്നതുപോലെ, അദ്ദേഹത്തിന്റെ ചുണ്ടുകള്‍ ചലിച്ചു:
"അറ്റാക്കായിരുന്നു..."
ഇടിവെട്ടേറ്റതു പോലെ ആല്‍ബർട്ട് അവിടെ നിന്നു. അവന്റെ കൈകളെ തന്റെ നെറുകയില്‍ വച്ചിട്ട്, സേവ്യർസാർ വിതുമ്പിക്കരഞ്ഞു:
"പോളൂട്ടന്‍ പോയെടാ മോനേ...!"
പോള്‍സണ്‍ സേവ്യർ തിരുമലയില്‍, ആഗ്‌നസ് ജോണ്‍ വിതയത്തില്‍... ഇവരിരുവരും രണ്ടു ജീവബിന്ദുക്കളായിരുന്നു. വെറുതേ കടന്നുപോയ സമകാലികരോ ഒരേ പാതയില്‍ ചലിക്കുന്ന രണ്ടു വഴിപോക്കരോ അല്ല, മറിച്ച്, പരസ്‌പരം ജീവനുതുല്യം സ്‌നേഹിച്ചിരുന്ന രണ്ടു ജീവാത്‌മാക്കള്‍ കൂടിയായിരുന്നു...
ദേവാലയത്തിലെ ഗായകർക്കിടയില്‍ നിന്നും ഉയർന്നുകേട്ട ആഗ്‌നസിന്റെ സ്‌തുതികീർത്തനങ്ങളാണ്, പോള്‍സണിന്റെ ഹൃദയത്തില്‍, അവളോടുള്ള പ്രണയം ആദ്യമായി വിരിയിച്ചത്... തന്റെ ഇഷ്‌ടം സധൈര്യം തുറന്നു പറഞ്ഞ പോള്‍സണെ, ആഗ്‌നസിനും ഇഷ്‌ടമായിരുന്നു. പിന്നീടു ക്ഷണനേരം കൊണ്ടു പടർന്നു പന്തലിക്കുകയായിരുന്നു അവരുടെ പ്രണയം. തന്റെ ഹൃദയത്തിന്റെ ചില്ലയില്‍, പോളൂട്ടന്‍ കുഞ്ഞോള്‍ക്കായി ഒരു കൂടൊരുക്കി. പ്രണയതരുവിന്റെ ശിഖരത്തിലിരുന്ന്, സ്വപ്‌നത്തിന്റെ ചിറകുകള്‍ വിരിച്ച് അവള്‍ അവനുവേണ്ടി സ്‌നേഹഗീതങ്ങള്‍ പാടി. ജന്‍മാന്തരങ്ങളായി കാത്തിരുന്നതു പോലെ, അവർ ഇരുവരും തങ്ങളിലേയ്‌ക്കു സഞ്ചരിക്കുകയായിരുന്നു.. പരസ്‌പരം അറിയുകയായിരുന്നു...
അവർക്കിടയില്‍ പ്രണയപുഷ്‌പങ്ങള്‍ക്കൊപ്പം ഹൃദയങ്ങളും കൈമാറ്റം ചെയ്യപ്പെട്ടു... അവർ അത്യഗാധമായ പ്രണയത്തിലേയ്‌ക്ക് ഒഴുകിയിറങ്ങുകയായിരുന്നു... എന്തെങ്കിലും വന്നുവീഴുമ്പോള്‍ കുഞ്ഞോളങ്ങളുയർത്തുന്ന പുഴ പോലെ, അവരുടെ അനുരാഗനദി ഒഴുകിക്കൊണ്ടിരുന്നു...
പ്രണയം വിരിയിച്ചുകൊണ്ടിരിക്കവേ, തികച്ചും നാടകീയമായിട്ടാണ്, അതെല്ലാം സംഭവിച്ചത്....
എല്ലാ പ്രണയങ്ങളിലുമുള്ളതുപോലെ, ചില അപ്രതീക്ഷിത സംഭവങ്ങള്‍...
ആഗ്‌നസും പോള്‍സണും രാത്രി മുഴുവനും ഫോണിലൂടെ പരസ്‌പരം സംവദിക്കാറുണ്ടായിരുന്നു. എല്ലാം പങ്കുവച്ചിരുന്നു അവർ; സന്തോഷങ്ങളും സന്താപങ്ങങ്ങളുമെല്ലാം..! അവർ സംസാരിക്കുമ്പോള്‍ അവർക്കിടയില്‍ ദു:ഖങ്ങള്‍ ഇല്ലാതായിരുന്നു. ലോകത്തില്‍ എല്ലാം തങ്ങള്‍ക്കനുകൂലമായിരുന്നുവെന്ന് അവർക്കു തോന്നിയിരുന്ന നിമിഷങ്ങളായിരുന്നു അത്...എന്നും എപ്പോഴും അവർ പരസ്‌പരം മെസ്സേജുകള്‍ അയച്ചിരുന്നു. അവള്‍ അയച്ചാലുടനെ അവന്‍ മറുപടി അയച്ചിരുന്നു. കാരണം, അവന്‍ ആകാംക്ഷയോടെ കാത്തിരുന്നത്, അവളുടെ പ്രണയസന്ദേശങ്ങള്‍ക്കു വേണ്ടി മാത്രമായിരുന്നു...
ഒരുനാള്‍ പതിവുപോലെ അവള്‍ അവനു മെസ്സേജയച്ചു. പക്ഷേ, അവന്‍ ഉടനെ മറുപടിയയച്ചില്ല. അവന്‍ തിരക്കിലാകുമെന്ന് അവള്‍ കരുതി. അഞ്ചു മിനിറ്റ് കഴിഞ്ഞ് അവള്‍ വീണ്ടും ഫോണില്‍ നോക്കി. ഇല്ല! മെസ്സേജ് കണ്ടതിന്റെ ലക്ഷണം പോലും കാണുന്നില്ല. അവള്‍
ക്കു നിരാശയായി. എങ്കിലും അവള്‍ പിന്നെയും കാത്തിരുന്നു. ഒരു മണിക്കൂർ... രണ്ടു മണിക്കൂർ... വൈകുന്നേരമായി... രാത്രിയായി....! എന്നിട്ടും തന്റെ മെസ്സേജ് അവന്‍ കണ്ടിട്ടില്ല! അവള്‍ ആകെ പരിഭ്രാന്തയായി. അവള്‍ ഒടുവില്‍ അവനെ വിളിച്ചു. ഒരു പ്രയോജനവുമില്ല..! അവന്‍ ഫോണെടുക്കുന്നില്ല!
ആ രാത്രി മുഴുവന്‍ അവള്‍ അവനെ വിളിച്ചു. മെസ്സേജുകളയച്ചു. പക്ഷേ അവന്‍ പ്രതികരിച്ചില്ല... എന്തോ പന്തികേടുണ്ടെന്ന്, അവള്‍ മനസ്സുകൊണ്ടുറപ്പിച്ചു. രണ്ടാം ദിവസവും കഴിഞ്ഞുപോയി. ആല്‍ബർട്ടിന് തന്റെ കുഞ്ഞോളുടെ മ്ലാനമായ മുഖം കണ്ട് പലവിധ സംശയങ്ങളുണ്ടായി. ചേട്ടായിയും അമ്മച്ചിയും ഒരുപാടു തവണ ചോദിച്ചിട്ടും, അവള്‍ ഒന്നും പറഞ്ഞില്ല. രാത്രി മുഴുവന്‍ ഉറക്കമിളച്ചു കരഞ്ഞ് അവള്‍ ഫോണില്‍ത്തന്നെ നോക്കിക്കൊണ്ടിരുന്നു. അവന്‍ തന്നെ വിളിക്കുകതന്നെ ചെയ്യുമെന്ന് അവള്‍ കനവുകണ്ടിരുന്നു.
ക്ഷീണം കൊണ്ട് ആ രാത്രിയില്‍ അവള്‍ തളർന്നുറങ്ങി. അടുത്ത ദിവസം പ്രഭാതത്തില്‍, തന്റെ ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടാണ് അവള്‍ ഞെട്ടിയുണർന്നത്... മങ്ങിയ കണ്ണുകള്‍ക്കുമുമ്പില്‍ മൊബൈല്‍ സ്‌ക്രീനില്‍, പോള്‍സണിന്റെ ചിത്രം തെളിഞ്ഞു. അവള്‍ കിടക്കയില്‍ നിന്നു ചാടിയെഴുന്നേറ്റ്, ഫോണെടുത്തു..!
"ഹലോ..."
"ഹലോ..."
അവള്‍ അവനോടു ചോദിച്ചു:
"എന്തു പറ്റി?"
അവന്റെ ശബ്‌ദം ഇടറിയിരുന്നു:
"ഏയ്...കുറച്ച്...തിരക്കായിരുന്നു..!"
ഏതാഌം നിമിഷങ്ങളിലെ നിശബ്‌ദതയ്‌ക്കു ശേഷം അവന്‍ അവളോടു പറഞ്ഞു:
"ആഗ്‌നസ്. നമുക്കിത് അവസാനിപ്പിക്കാം. ഇനി നാം തമ്മില്‍ ഒരു സംസാരമില്ല..."
അവളുടെ നെഞ്ചില്‍ ഒരു വെള്ളിടി വെട്ടി. ഞെട്ടലോടെ, അവള്‍ ചോദിച്ചു:
"എന്ത്?"
അവന്റെ സ്വരം കനത്തു:
"സോറി... ബൈ..!"
ഫോണ്‍ കട്ടുചെയ്യപ്പെടവേ, എല്ലാം നഷ്‌ടപ്പെട്ടതു പോലെ, അവള്‍ തകർന്നിരുന്നു പോയി!!!
തങ്ങളുടെ എല്ലാ പ്രണയനിമിഷങ്ങളും, തങ്ങളുടെ എല്ലാ സംഭാഷണങ്ങളും അവളുടെ കണ്‍മുന്നില്‍ തെളിഞ്ഞു. ഒരു ജലധാരപോലെ, അവളുടെ കണ്ണുകളില്‍ നിന്ന് അശ്രുകണങ്ങളൊഴുകി... എല്ലാം തകർന്ന്, പര്യാകുലചിത്തയായി, അവള്‍ തന്റെ കിടക്കയില്‍ മരവിച്ചിരുന്നു... വിഷം കഴിച്ചോ, വീടിന്റെ മുകളില്‍ നിന്നു താഴേയ്‌ക്കു ചാടിയോ ഞരമ്പുകള്‍ മുറിച്ചോ ജീവിതം അവസാനിപ്പിക്കണമെന്നു പോലും അവള്‍ ചിന്തിച്ചു. എന്റെ എല്ലാമായ എന്റെ മുത്ത് എന്താണ് എന്നോടിങ്ങനെ ചെയ്‌തത്? അവളുടെ മനസ്സിനെ നിയന്ത്രിക്കാന്‍ അവള്‍ പാടുപെട്ടു. പക്ഷേ, അവള്‍ തളർന്നില്ല. തന്റെ പ്രിയതമനെ വീണ്ടെടുക്കാന്‍ ഒരു ശ്രമം കൂടി നടത്തിനോക്കാമെന്ന് അവള്‍ തീരുമാനിച്ചു. അവള്‍ ഫോണെടുത്തു. അവന്റെ നമ്പർ ഡയല്‍ ചെയ്‌തു. തന്നെ മാറോടണച്ചിരിക്കുന്ന അവന്റെ ചിത്രം ആ സ്‌ക്രീനില്‍ അവള്‍ തെളിഞ്ഞു കണ്ടു.
"ഹലോ..." അവന്‍ ഫോണെടുത്തു.
"ഹലോ..." അവളുടെ കണ്‌ഠമിടറി.
"എന്തിനാ വിളിച്ചേ?" അവന്‍ ഗൗരവത്തിലായിരുന്നു.
"എനിക്കൊരു കാര്യം പറയാനുണ്ട്..."
"പറഞ്ഞോ."
"എനിക്ക്... എനിക്ക് ഒരേയൊരു കാര്യമേ ചോദിക്കാനുള്ളൂ..."
തന്നെക്കുറിച്ച് അവന്‍ ചിന്തിക്കുന്നതു പോലുമില്ല എന്ന അർത്ഥത്തിലായിരുന്നു അവന്റെ പ്രതികരണമെന്ന് അവള്‍ ശ്രദ്ധിച്ചു.
"പറ! മനുഷ്യനെ മെനക്കെടുത്താതെ!"
"ആർ യു ഓക്കെ?"
അവന്‍ നിശബ്‌ദനായിരുന്നു... അവളുടെ കവിളിലൂടെ കണ്ണുനീർച്ചാലുകള്‍ ഒഴുകിയിറങ്ങി. അവള്‍ ഫോണ്‍ കട്ടു ചെയ്‌തു. എന്തെങ്കിലുമൊരു കുറിപ്പെഴുതി വച്ചിട്ട്, വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ അവള്‍ തീരുമാനിച്ചു.
വൈകുന്നേരം അലസനായി ടിവിയുടെ മുമ്പിലിരിക്കുകയായിരുന്നു പോള്‍സണ്‍. അവളെക്കുറിച്ചുള്ള ചിന്തകള്‍, അവനെ ഏറെ അസ്വസ്‌ഥനാക്കിയിരുന്നു. അതുകൊണ്ടുതന്നെ എന്താണു താന്‍ കാണുന്നതെന്നു പോലും അയാള്‍ക്കു ബോധ്യമില്ലായിരുന്നു. പെട്ടെന്ന് അവന്റെ ഫോണ്‍ ശബ്‌ദിച്ചു.
പരിചയമില്ലാത്ത ഒരു നമ്പറാണ്. അവന്‍ രണ്ടും കല്‍പിച്ച് ഫോണ്‍ എടുത്തു. മറുതലയ്‌ക്കല്‍ നിന്നും ആധികലർന്ന ഒരു സ്‌ത്രീശബ്‌ദം അവന്‍ കേട്ടു.
"ഹലോ..."
"ഹലോ, പോള്‍സനാണോ..."
"അതെ. ആരാ?"
മറുതലയ്‌ക്കലെ ശബ്‌ദം ഇടറിയിരുന്നു.
"മോനേ, ഞാന്‍ ആഗ്‌നസിന്റെ അമ്മച്ചിയാ.."
പെട്ടെന്നുണ്ടായ ഒരു പരിഭ്രമത്താല്‍ അവന്‍ നിശബ്‌ദനായി.
"ഹലോ..." അവർ വീണ്ടും വിളിച്ചു.
ഞെട്ടലില്‍ നിന്നുണർന്ന്, പോള്‍സണ്‍ ചോദിച്ചു: "എന്താ ആന്റീ?"
അവർ കിതച്ചുകൊണ്ടു പറഞ്ഞു:
"മോനേ..നിന്നെക്കാണാന്‍ വേണ്ടി കാറുമെടുത്തോണ്ട് ഇറങ്ങിയതാടാ അവള്...വഴീലുവെച്ച് വണ്ടി ഇടിച്ചു..ആശുപത്രീലാടാ...മോനേ, നീ ഒന്നു ചെന്ന് കാണടാ..."
ഇടിവെട്ടേറ്റതു പോലെ അവന്‍ നിന്നു. അവന്റെ കൈകള്‍ കുഴയുന്നതു പോലെ അവനു തോന്നി. അവന്റെ കൈയില്‍ നിന്നും റിസീവർ താഴെ വീണു. പോള്‍സണ്‍ ഉടനെതന്നെ ആശുപത്രിയിലേയ്‌ക്കു പാഞ്ഞു...
അവന്റെ പാദങ്ങള്‍ അതിവേഗം ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെത്തി. ആല്‍ബർട്ട് വാതിലിനരികെ നിന്നിരുന്നു. അവന്റെ മുഖം കുനിഞ്ഞ് മ്ലാനമായിരുന്നു. പോള്‍സണ്‍ അവന്റെ അരികിലെത്തി. അവന്റെ അരികിലെത്തി "എന്തുപറ്റി' യെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു. ആല്‍ബർട്ട് ഒന്നും മിണ്ടിയില്ല. പോള്‍സണ്‍ നിർനിമേഷനായി നിന്നു. ആല്‍ബർട്ട് തന്റെ ചൂണ്ടുവിരല്‍ അത്യാഹിത വിഭാഗത്തിനുനേരെ ചൂണ്ടി.
പോള്‍സണ്‍ രണ്ടും കല്‍പിച്ച് വാതില്‍ തുറന്ന് അകത്തേയ്‌ക്കു കയറി. അവന്‍ അവളെ കണ്ടു. അവള്‍ ഉണർന്നിരുന്നു. അവന്റെ ആഗമനം പ്രതീക്ഷിച്ചിരുന്നതു പോലെ... അവളുടെ ശിരസ്സില്‍ ആഴമേറിയ മുറിവുണ്ടെന്ന് അവന്‍ മനസ്സിലാക്കി. ശരീരത്തിലങ്ങിങ്ങ് കനത്ത മുറിവുകളേറ്റ് അത്യന്തം വേദനയനുഭവിക്കുന്ന അവളെക്കണ്ട് അവന്റെ ഹൃദയം പിടഞ്ഞു. അവന്റെ വരവ് ദൂരെ നിന്നുതന്നെ കണ്ട അവള്‍, ഏറെ ക്ലേശിച്ച് തന്റെ കരങ്ങളുയർത്തി. തന്റെ വിരലുകള്‍ കൊണ്ട് അവനെ വിളിച്ചു.
അവന്‍ അവളുടെ പക്കലേയ്‌ക്കോടി. അവളുടെ കരങ്ങളില്‍ അവന്‍ മുറുകെ പിടിച്ചു. ഇരുവരും പരസ്‌പരം കണ്ണുകളിലേയ്‌ക്കു നോക്കി... നിശബ്‌ദമായി സംവദിച്ചു, അവരുടെ മിഴികള്‍, അല്‌പനേരം...
"എന്നോടു ക്ഷമിക്കെടീ..." അവന്‍ കണ്‌ഠമിടറിക്കൊണ്ടു പറഞ്ഞു.
അവന്റെ കണ്ണുകളില്‍ തന്നെത്തന്നെ കണ്ടുകൊണ്ട്, അവള്‍ തന്റെ അവശമായ സ്വരത്തില്‍, അവനോടു ചോദിച്ചു:
"എന്തിനാ ഇതു ചെയ്‌തത്...?"
അവളുടെ കൈകള്‍ തന്റെ മുഖത്തോടു ചേർത്തു വിതുമ്പിക്കൊണ്ട്, അവന്‍ അവളോടു പറഞ്ഞു:
"മുത്തേ..എനിക്കു ഹൃദ്‌രോഗമുണ്ട്. ഞാനിനി അധികകാലം ജീവിക്കില്ലെന്ന് ഡോക്‌ടർ പറഞ്ഞിരിക്കുന്നു. നിന്നെ വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ലെടീ... പൊറുക്കടീ...'
നിറഞ്ഞുതുളുമ്പിയ കണ്ണുകളോടെ അവന്‍ തന്റെ മുഖം അവളുടെ കൈകളില്‍ ചേർത്തു. അവളും കരഞ്ഞു... അവന്റെ സ്‌നേഹത്തില്‍, അവന്റെ പരിലാളനയില്‍, അവന്റെ കരങ്ങളില്‍, അവള്‍ ഒന്നു കണ്ണടച്ചു.. പിന്നീടൊരിക്കലും തുറക്കാതെ...!!!
അവന്‍ അവളെ വിളിച്ചു. അവള്‍ ഇനിയൊരിക്കലും ഉണരില്ലെന്ന് അവന്‍ മനസ്സിലാക്കി... ഒരു പ്രതിമകണക്കേ അവന്‍ അവളുടെ മുമ്പില്‍ നിന്നു. താന്‍ മൂലമാണ് അവളുടെ ജീവന്‍ നഷ്‌ടപ്പെട്ടതെന്ന വേദന, അവനെ വേട്ടയാടി... നിശബ്‌ദനായിത്തന്നെ, അവന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി. ആല്‍ബർട്ടിന്റെയോ അമ്മച്ചിയുടെയോ ചോദ്യങ്ങള്‍ക്ക് അവന്‍ മറുപടി പറഞ്ഞില്ല. ആശുപത്രിയില്‍ നിന്നും അവന്‍ എവിടേയ്‌ക്കോ ഇറങ്ങിപ്പോയി... വഴിയിലെവിടെയോ വച്ച്, അവന്റെയും ഹൃദയം നിലച്ചു. തന്റെ പ്രിയതമയില്ലാത്ത ലോകത്തില്‍, ഇനിയൊരു ജീവിതം വേണ്ടെന്ന് അവന്‍ നിശ്‌ചയിച്ചതുപോലെ...
അങ്ങനെ അവളോടൊപ്പം, അവന്റെ ജീവിതവും, മൃത്യുവിനു കാഴ്‌ചവയ്‌ക്കപ്പെട്ടു..
"ആല്‍ബർട്ടേ...'"
സേവ്യർസാറിന്റെ വിളികേട്ട് അവന്‍ തിരിഞ്ഞു നോക്കി. അവന്റെ തോളത്തു കൈവച്ചിട്ട്, സാർ അവനോടു പറഞ്ഞു:
"ഒരുപാട് സ്‌നേഹിച്ചുപോയതല്ലേടാ, നമ്മുടെ പിള്ളേര്...നമുക്കവരെ, ഒരേകല്ലറയില്‍ത്തന്നെ അടക്കിക്കൂടേടാ ആല്‍ബർട്ടേ....?"
ആല്‍ബർട്ട് ഒരു നിമിഷം നിശബ്‌ദനായി നിന്നു. അവന്റെ മനസ്സില്‍ അവളുടെ ബാല്യകാലദൃശ്യങ്ങള്‍ ഒന്നൊഴിയാതെ കടന്നുപോയ്‌ക്കൊണ്ടിരുന്നു.
"എന്തേ..നീയൊന്നും....?" സാർ കണ്‌ഠമിടറിക്കൊണ്ട് പതിഞ്ഞസ്വരത്തില്‍ ചോദിച്ചു.
ആല്‍ബർട്ട് തന്റെ കണ്ണുകള്‍ ഇറുക്കിയടച്ചു. ഒരു നിമിഷം അവന്‍ ധ്യാനനിരതനായി...
അവന്റെ കണ്ണുകള്‍ തുറക്കപ്പെട്ടു. അവന്‍ പറഞ്ഞു:
"ആയിക്കോട്ടെ, മാഷേ...ഒന്നായിത്തന്നെ പൊയ്‌ക്കോട്ടേ..ര...രണ്ടാളും..."
കണ്ണീരുകൊണ്ടു കലങ്ങിയ കണ്ണും തുടച്ച്, ആല്‍ബർട്ട് അകത്തേയ്‌ക്കു കയറിപ്പോയി.
അങ്ങനെ, ഒന്നാകാതെ അവർ ഒന്നായി... ആ ശവകുടീരത്തിനുള്ളില്‍, ഒന്നായി ജീർണ്ണിക്കുവാന്‍, ഒന്നായി അവർ സംസ്‌കരിക്കപ്പെട്ടു... ആ ശവകുടീരം, അന്നുമുതല്‍ അവരുടെ പ്രണയകുടീരമായിത്തീർന്നിരിക്കുന്നു.
കാലചക്രം പിന്നെയും ഏറെ തിരിഞ്ഞു. ദിനങ്ങളുടെ താളുകള്‍ അതിവേഗം മറഞ്ഞു. ഭൂമി പിന്നെയും ഏറെ ഭ്രമണങ്ങള്‍ പൂർത്തിയാക്കി. കർമ്മസാക്ഷി പിന്നെയും പ്രണയങ്ങളേറെ കണ്ടു. ഭൂമിയില്‍ ഋതുഭേദങ്ങളുണ്ടായി... വേനലില്‍ ആദ്യം എല്ലാം വരണ്ടുണങ്ങി. പിന്നെ വർഷം പെയ്‌തൊഴിഞ്ഞു. മണ്ണില്‍ പ്രതീക്ഷകളുടെ പുല്‍നാമ്പുകള്‍ കിളിർത്തു. ആശകള്‍ക്കു പുതിയ മുകുളങ്ങളുണ്ടായി... തരുലതാദികള്‍ തളിർചില്ലകള്‍ ചൂടി... പ്രണയപുഷ്‌പങ്ങളുടെ സൗരഭ്യവുമായി വസന്തകാലം വരവായി...
ഓർമ്മകളുടെ സുഗന്ധവും, ഒരിറ്റു നൊമ്പരവും പേറി, ആല്‍ബർട്ട് ഒരിക്കല്‍ക്കൂടി, അവരുടെ പ്രണയകുടീരത്തിലെത്തി. അപ്പോള്‍ ഇലപൊഴിയുന്ന ശിശിരമായിരുന്നു. കൊഴിഞ്ഞുപോയ രണ്ടു തളിരിലകളുടെ കഥപറയുന്ന പ്രണയഗീതങ്ങള്‍ പാടി, സെമിത്തേരിക്കരികിലെ തണല്‍മരത്തിലിരിരുന്ന ഒരു വാനമ്പാടിയോടു വിട പറഞ്ഞ്, ആല്‍ബർട്ട് അവിടെനിന്നും യാത്രയായി...
അലസമായൊഴുകിയ ശിശിരക്കാറ്റില്‍ അയാള്‍ കല്ലറയില്‍ വച്ച പനിനീർപ്പൂക്കളുടെ ദലങ്ങളുതിരവേ, അതിവേഗം മുഖത്തു രക്‌തവർണ്ണം വാരിപ്പൂശി, പകലോന്‍ പടിഞ്ഞാറേയ്‌ക്കു യാത്രയായി... പകലിന്റെ വെളിച്ചം മങ്ങിയെങ്കിലും മങ്ങാത്ത മൂന്നുവരികള്‍, ആ പ്രണയകുടീരത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നു..
"വി വെർ വൺ...
വി ആർ വൺ...
ആൻഡ് വി വിൽ ബി..."
("നാം ഒന്നായിരുന്നു..
നാം ഒന്നാണ്...
ഒന്നായിരിക്കുകയും ചെയ്യും...!!!")