Albinus Joy

Drama

4.0  

Albinus Joy

Drama

ചിറകുകള്‍

ചിറകുകള്‍

1 min
432


ആ രാത്രി, പതിവില്ലാതെ ഉറക്കം അവളോടു പിണങ്ങി. മൂടിപ്പുതയ്‌ക്കുന്ന ബ്ലാങ്കറ്റിനോടും ഇറുകെ പുണരുന്ന തലയിണയോടും ഒരു സാമൂഹിക അകലം പാലിക്കാന്‍ അവള്‍ നിർബന്ധിതയായിരുന്നു. കണ്ണടച്ചാല്‍ മനസ്സില്‍ പണ്ടു കടകളില്‍ കണ്ടുശീലിച്ച ഒരു തുലാസിന്റെ ദൃശ്യമാണു തെളിയുന്നത്‌.  സ്വപ്‌നം, ലക്ഷ്യം... ഇതൊക്കെ ബോളിവുഡ്‌ സിനിമയിലെ നടിമാർക്കു മാത്രം പറഞ്ഞിട്ടുള്ളതാവുമോ? രാജീവ്‌ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരനാണ്‌. എന്നാലും അയാളുടെ മനസ്സിലും അടുക്കളയും കിടപ്പറയും മാത്രമാവുമോ ഉണ്ടാവുക? ചിന്തകളോട്‌ ഇണങ്ങിയും പിണങ്ങിയും രാത്രിയുടെ യാമങ്ങള്‍ കടന്നുപോയത്‌ അവളറിഞ്ഞില്ല. 


ഒരുക്കവും ചടങ്ങുകളുമെല്ലാം അവയുടെ യാന്ത്രികത തുടർന്നു. ആ പതിവു ഡയലോഗിനുവേണ്ടി ഓട്ടം തുടങ്ങും മുമ്പു കേള്‍ക്കുന്ന വിസിലിനെന്ന പോലെ അവള്‍ കാത്തിരിക്കുകയായിരുന്നു. 

"എന്നാല്‍പ്പിന്നെ അവർക്കെന്തെങ്കിലും...'

പിന്നാമ്പുറത്തെ തെങ്ങിന്‍തോപ്പിലേയ്‌ക്ക്‌ അവർ നടന്നു. അതും "ചെറുക്കനുള്ള സമ്മാന' ത്തില്‍ പെടുന്നതാണല്ലോ. 

എങ്ങനെ പറഞ്ഞു തുടങ്ങുമെന്നു തെല്ലു പരിഭ്രമിച്ച്‌ അവള്‍ അകലങ്ങളിലേയ്‌ക്കു നോക്കിനിന്നു. പതിവുകളും മുറകളുമൊക്കെ കാണുമ്പോള്‍ തന്റെ കനവുകളുടെ ആകാശം മേഘാവൃതമാകാനുള്ള സാധ്യതയാണുള്ളത്‌. അയാളാകും സംസാരിച്ചു തുടങ്ങുക. ഒന്നുകില്‍ കോട്ടയം കുഞ്ഞച്ചന്‍ സിനിമയിലെപ്പോലെ, ഒരു ക്ലീഷേ ചോദ്യം: ഇഷ്ടപ്പെട്ടോ! അല്ലെങ്കില്‍ കാണാപ്പാഠം പഠിച്ച ഏതെങ്കിലും ലൗ ഡയലോഗ്‌.


"ശ്രീദേവി പറഞ്ഞോളൂ. എന്താണു മനസ്സിലുള്ളത്‌..?'

അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. അയാള്‍ ഔട്ട്‌ ഓഫ്‌ സിലബസ്‌ ആണല്ലോ ദൈവമേ ചോദിക്കുന്നത്‌!

ധൈര്യം സംഭരിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു.

"എനിക്കു സ്വപ്‌നങ്ങളുണ്ട്‌.'

അയാള്‍ ഒരുചുവട്‌ മുന്നിലേയ്‌ക്കു നീങ്ങിക്കൊണ്ടു പറഞ്ഞു:

"ആയിക്കോട്ടേ.'

"എനിക്ക്‌ ചെറുപ്പം മുതലേ പൈലറ്റാകാനാണ്‌ ആഗ്രഹം. ഞാന്‍ പഠിച്ചത്‌ എയറോനോട്ടിക്കല്‍ എഞ്ചിനിയറിങ്ങ്‌ ആണ്‌. പറക്കണമെന്നാണ്‌ എന്റെ സ്വപ്‌നം.'


അയാള്‍ ഒന്നു നെടുവീർപ്പിട്ടു. അവളുടെ മനസ്സില്‍ അനിശ്‌ചിതത്വത്തിന്റെ വേലിയേറ്റങ്ങള്‍... പരിഭ്രമത്തിന്റെ മൂടുപടമണിഞ്ഞു നിന്ന അവളെ നോക്കി അയാള്‍ ഒന്നു പുഞ്ചിരിച്ചു. 


അപ്പോള്‍ അവളുടെ കനവുകളില്‍ ഒരാകാശം തെളിഞ്ഞു. അതു നിറയെ ചിറകുകളായിരുന്നു. 

പറന്നുയരാനുള്ള ഒരായിരം ചിറകുകള്‍..!


Rate this content
Log in

Similar malayalam story from Drama