Albinus Joy

Drama Crime

4.7  

Albinus Joy

Drama Crime

മാപ്പ്‌

മാപ്പ്‌

4 mins
23.3K


നേരം സന്ധ്യയായി. കുളിച്ചു കറുപ്പുവേഷവുമണിഞ്ഞ്‌ പകല്‍ നിശയുടെ വശ്യതയെ പ്രാപിക്കുവാനൊരുങ്ങി.  ബസ്സ്‌ പാലക്കാടെത്തിയിരിക്കുന്നു. തൃശ്ശൂരെത്താന്‍ ഇനി അധികം സമയം വേണ്ട. 


"അധികം വൈകിയിട്ടില്ല, ശക്‌തന്‍ സ്‌റ്റാന്‍ഡില്‍ ചെന്നിറങ്ങിയാ ഒരോട്ടോ പിടിക്കാം വീട്ടിലേയ്‌ക്ക്‌.' അവന്‍ ചിന്തിച്ചു.


ആർത്തലയ്‌ക്കുന്ന അലയാഴി പോലെയായിരുന്നു അവന്റെ മനസ്സ്‌. ബംഗളുരുവില്‍ നിന്നൊരു മടക്കയാത്ര, അതും ഇങ്ങനെയൊന്ന്‌ അവന്റെ മനസ്സിലുണ്ടായിരുന്നില്ല. പെട്ടിയും കിടക്കയുമൊന്നുമില്ല. പോക്കറ്റിലുള്ള പേഴ്‌സില്‍ രണ്ട്‌ നൂറിന്റെ നോട്ടുകളുണ്ട്‌. ബസ്സുകൂലിക്കു ചെലവായതിന്റെ ബാക്കി.


ബാഗില്‍ ഒന്നു മാറാന്‍ വേണ്ടിയുള്ള ഒരു ജോഡി വേഷവും കുടിക്കാന്‍ വാങ്ങിയ ഒരു കുപ്പി വെള്ളവും മാത്രം. അപ്പഌമായി വഴക്കുണ്ടാക്കി വർഷങ്ങള്‍ക്കു മുമ്പ്‌ വീടുവിട്ടിറങ്ങിയ കഥ അയാളോർത്തു. അപ്പഌമമ്മയ്‌ക്കും താന്‍ സ്വന്തമായി ചെയ്യാനൊരുങ്ങുന്ന ബിസിനസ്സിനെപ്പറ്റി എന്തറിയാം എന്നു ചിന്തിച്ചാണ്‌, കാലേക്കൂട്ടി ഭാഗവും വാങ്ങി നാടുവിട്ടത്‌. കാശുണ്ടാക്കിയിട്ടേ തിരിച്ചുള്ളൂ എന്ന്‌ അപ്പന്‍ പലതവണ വിളിച്ചപ്പോഴെല്ലാം വീമ്പിളക്കിയ ഓരോ സന്ദർഭങ്ങളും അയാളുടെ ഓർമ്മയില്‍ തെളിഞ്ഞു. ചില്ലുപാത്രം പോലെ തകർന്നുടഞ്ഞ തന്റെ സ്വപ്‌നങ്ങളുടെയും ബിസിനസ്സിന്റെയും കാര്യം ഓർക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചതി! അതും താന്‍ ഏറ്റവും വിശ്വസിച്ച തന്റെ ഉറ്റചങ്ങാതിയില്‍ നിന്ന്‌! 


എല്ലാം പൂർത്തിയായിരിക്കുന്നു... എല്ലാറ്റിന്റെയും അവസാനം ഇന്നു രാവിലെ പതിനൊന്നുമണിക്കായിരുന്നു. ഇനി തന്റെ ഗതിയെന്തെന്ന്‌ തനിക്കുതന്നെ അറിഞ്ഞുകൂടാ. കഴുമരമോ അതോ ജീവപര്യന്തമോ..? നഗരപ്രാന്തത്തിലുള്ള വിജനമായ ആ പണിതീരാത്ത കെട്ടിടത്തിന്റെ ദൃശ്യങ്ങള്‍ അയാളുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു.


*************


നന്ദുവിനോട്‌ ഇവിടെ വരാനാണു പറഞ്ഞത്‌. ആളൊഴിഞ്ഞ ഇടങ്ങളില്‍ വച്ചാണ്‌ പലപ്പോഴും തങ്ങള്‍ മനസ്സു തുറന്നിരുന്നതല്ലോ. ചിലപ്പോള്‍ തിരതല്ലുന്ന കടലും ചിലപ്പോള്‍ കെട്ടിടങ്ങളുടെ മട്ടുപ്പാവില്‍ നിന്ന്‌ നഗരത്തിലെ തിരക്കേറിയ നിശകളുടെ ദൃശ്യങ്ങളുമൊക്കെ കണ്ടാണ്‌ തങ്ങള്‍ സംസാരിക്കാറ്‌. അവന്‍ തനിക്ക്‌ ഉറ്റസുഹൃത്തു മാത്രമല്ല, ഒരു കൂടപ്പിറപ്പിനോളം താനവനെ സ്‌നേഹിച്ചിരുന്നു. തന്റെ സമ്പാദ്യത്തിന്റെ സിംഹഭാഗം നിക്ഷേപിച്ചിരുന്ന ബിസിനസ്സില്‍ നിന്ന്‌ ഇത്ര വലിയൊരു തുക നഷ്‌ടപ്പെട്ടു പോയപ്പോഴും എതിരാളികളിലാരെങ്കിലും ചെയ്‌തതാകുമെന്നു തന്നെയാണ്‌ താന്‍ കരുതിയിരുന്നത്‌. 


നന്ദു വരുന്നുണ്ട്‌. അവന്റെ മുഖത്ത്‌ തന്നെ അഭിമുഖീകരിക്കാഌള്ള ജാള്യതയുണ്ടോ? ഇല്ല, അവന്‍ അതും മറച്ചു വച്ചിരിക്കുകയാണ്‌. 

അവന്റെ കോട്ടും സ്യൂട്ടും പാദരക്ഷകളും പൂശിയ പെർഫ്യൂമിന്റെ വശ്യസുഗന്ധവും തന്നെ ഭ്രാന്തുപിടിപ്പിക്കുന്നില്ലേ? എല്ലാറ്റിഌം തന്റെ വിയർപ്പിന്റെ ഗന്ധമുള്ളതുപോലെ... താന്‍ തന്റെ തലമുടിയിഴകള്‍ അലസമായി പിച്ചിപ്പറിച്ചുകൊണ്ടിരുന്നു.

"കൊള്ളാം, ഇതെന്തു കോലമാണളിയാ...'

നന്ദു പുഞ്ചിരിച്ചുകൊണ്ട്‌ സംസാരമാരംഭിച്ചു. 

"ഈഫ്‌ യു ഡോണ്ട്‌ മൈന്റ്‌, ഞാനൊരു കാര്യം പറയാം. നിന്നെക്കണ്ടാ ഇപ്പോ ഒരു ഭ്രാന്തന്റെ ലുക്കുണ്ട്‌. എന്താ അളിയാ വല്ല കുരുക്കിലും ചെന്നു വീണോ? ഐ മീന്‍, വല്ല ചുറ്റിക്കളിയും...'

പറഞ്ഞു തീർക്കുന്നതിഌമുന്‍പ്‌ തന്റെ കരുത്തുള്ള കരങ്ങള്‍ ആ ചെകിടടച്ച്‌ പൊന്നീച്ച പറപ്പിച്ചു. 

"അതേടാ...എനിക്കു ഭ്രാന്താണ്‌...ഉറ്റവനായ എന്നെത്തന്നെ ഒറ്റുകൊടുക്കണം നിനക്ക്‌ അല്ലേ...?എന്തു തെറ്റാടാ നാറീ ഞാന്‍ നിന്നോടു ചെയ്‌തത്‌...'

നിലത്തു തെറിച്ചുവീണുകിടന്ന അവന്‍ മെല്ലെ എഴുന്നേറ്റ്‌ സമാധാനത്തിഌ ശ്രമിച്ചു:

"അളിയാ നീ ചൂടാവല്ലേ, നമുക്ക്‌ പരിഹാരമുണ്ടാക്കാം...'


ഇല്ല..ക്ഷമിക്കുന്നതെങ്ങനെ? ഒരായുസ്സിന്റെ സമ്പാദ്യമാണ്‌ നഷ്‌ടപ്പെട്ടിരിക്കുന്നത്‌. അപ്പനെ വെല്ലുവിളിച്ചുണ്ടാക്കിയ പണം... തനിക്കു നട്ടെല്ലുണ്ടെന്നു തെളിയിക്കാന്‍ കഷ്‌ടപ്പെട്ടുണ്ടാക്കിയ പണം... അവനെ കോളറില്‍ പിടിച്ച്‌ വലിച്ചെഴുന്നേല്‍പ്പിച്ചു. പിന്നില്‍ നിന്ന്‌ കരുതിയിരുന്ന കത്തി പുറത്തെടുത്തു.  കണ്ണടയ്‌ക്കുന്നതിഌ മുന്‍പേ തന്റെ കണ്ണുകളില്‍ ഇരുട്ടു കയറിയിരുന്നു... തന്റെ നെറ്റി ചുളിഞ്ഞിരുന്നു... തന്റെ ഞരമ്പുകള്‍ വലിഞ്ഞുമുറുകിയിരുന്നു... കൈകള്‍ക്ക്‌ അമാഌഷികമായ ഒരു ദൃഢത കൈവന്നിരുന്നതുപോലെ..

കാലുകള്‍ മണ്ണില്‍ വേരുറച്ചതുപോലെ... തന്റെ ദേഹമാകെ വിയർപ്പുതുള്ളികള്‍ പൊടിഞ്ഞിരുന്നു.  ദിവസങ്ങളായി ഉറക്കമൊഴിഞ്ഞ കണ്ണുകള്‍ പ്രതികാരദാഹത്താല്‍ ചുവന്നു കലങ്ങിയിരുന്നു... മുന്‍പില്‍ നില്‍ക്കുന്നത്‌ തന്റെ ഉറ്റ മിത്രമല്ല, തന്റെ ശത്രുവാണ്‌... തന്റെ ജീവിതമെന്ന പളുങ്കുപാത്രത്തെ തകർത്തുടച്ച ദ്രോഹി..!  ഇല്ലാതാകേണ്ടവന്‍...ഒടുക്കിക്കളയേണ്ടവന്‍....! തന്റെ ക്രോധാഗ്‌നി ആളിക്കത്തുകയായിരുന്നു. അരിശം തിളച്ചുമറിയുകയായിരുന്നു...അവന്റെ ഒടുവിലത്തെ തുടിപ്പും ഒടുങ്ങുന്നതു കാണാഌള്ള അടങ്ങാത്ത ആവേശം സിരകളിലെ രക്‌തം തിളപ്പിക്കുന്നു...


ഒരൊറ്റക്കുത്ത്‌!!!! അവന്റെ നെഞ്ചുപിളർന്ന്‌ കൂർത്ത പച്ചിരുമ്പു തുളച്ചുകയറി... തന്റെ മുഖത്തേയ്‌ക്കു ചോരത്തുള്ളികള്‍ തെറിച്ചുവീണു...

അവന്റെ നിലവിളികളെ അടക്കാന്‍ വായ്‌ പൊത്തിപ്പിടിച്ചു... ഒരു രക്‌തദാഹിയെപ്പോലെ അവന്റെ ഉദരത്തില്‍ കത്തി വീണ്ടും വീണ്ടും തുളഞ്ഞുകയറുന്നത്‌ ആവേശത്തോടെ കണ്ടു... അവന്റെ കണ്ണുകളിലെ ദൈന്യത തനിക്കു ഹരമേകുന്നത്‌ അപ്പോള്‍ താനറിഞ്ഞു. അവന്റെ ശരീരത്തെ നിലത്തിട്ട്‌, കത്തിയും വലിച്ചെറിഞ്ഞ്‌ ഭ്രാന്തനെപ്പോലെ താന്‍ അങ്ങിങ്ങ്‌ ഉലാത്തിക്കൊണ്ടിരുന്നു. 


അപ്പുറത്ത്‌ ആരുടെയോ സംസാരം കേട്ടപ്പോഴാണ്‌, താന്‍ ചെയ്‌തത്‌ ഒരു കൊലപാതകമാണെന്നു തിരിച്ചറിയുന്നത്‌.  അതെ! താന്‍ ഒരു മഌഷ്യന്റെ ജീവനെടുത്തിരിക്കുന്നു! ഒരാളെ കൊന്നിരിക്കുന്നു!!!


പിന്നെ ഓട്ടമായിരുന്നു... പ്രാണഌവേണ്ടിയുള്ള ഓട്ടം... പ്രാണനെടുക്കുമ്പോള്‍ തന്റെ പ്രാണനെക്കുറിച്ച്‌ തെല്ലും ചിന്തയില്ലായിരുന്നു. താമസിച്ചിരുന്ന മുറിയിലേയ്‌ക്ക്‌ അധികമാരും കാണാതെ ഓടിക്കയറി. തൊട്ടടുത്തു താമസിക്കുന്ന റിട്ടയേഡ്‌ കേണലിനെക്കണ്ട്‌ ഒന്നു ചിരിച്ചെന്നു വരുത്തി.  വേഷം മാറി പെട്ടെന്നൊന്നു കുളിച്ചു. ഒരുജോഡി ഡ്രസ്സെടുത്ത്‌ ബാഗിലിട്ട്‌ നേരേ ബസ്‌ സ്‌റ്റേഷനിലേക്കു തിരിച്ചു. നാട്ടിലേയ്‌ക്കുള്ള വണ്ടിയില്‍ കയറണം. പേഴ്‌സില്‍ ആയിരം രൂപയുണ്ട്‌. അതുമതി. 


മനസ്സ്‌ അപ്പോള്‍ മരിച്ചതുപോലെയായിരുന്നു. വരുംവരായ്‌കകളെക്കുറിച്ചൊന്നും ചിന്തിക്കുവാന്‍ നേരമില്ല. ഏതുനിമിഷവും പോലീസ്‌ ജീപ്പിന്റെ സൈറണ്‍ കാതുകളില്‍ മുഴങ്ങാം. ഓടിയൊളിക്കാന്‍ ഇനി ഒരിടമേ മനസ്സില്‍ വരുന്നുള്ളൂ.  ഇറങ്ങിപ്പോന്ന വീട്‌... അവിടെ തനിക്കു വേണ്ടപ്പെട്ടവരായി രണ്ടെണ്ണമുണ്ട്‌: ഇക്കഴിഞ്ഞ ഈസ്‌റ്ററിഌകൂടി "ഒന്നിങ്ങു വാ മോനേ' എന്നു പറഞ്ഞപ്പോള്‍ താന്‍ ഫോണിലൂടെ പച്ചത്തെറിവിളിച്ചു നെഞ്ചില്‍ കഠാര കുത്തിയിറക്കിയ രണ്ടാത്‌മാക്കള്‍: തന്റെ അപ്പഌം അമ്മയും...!


*******************


ഇടയ്‌ക്കൊരു പോലീസ്‌ ചെക്കിങ്ങ്‌. ശ്വാസമടക്കിപ്പിടിച്ച്‌ ബസ്സിലിരുന്നു. ഒരുറക്കച്ചടവോടെ ടിക്കറ്റ്‌ കാണിച്ചു. ഭാഗ്യം! പിടിക്കപ്പെട്ടില്ല. ഓട്ടോ കിട്ടി വീട്ടിലെത്താന്‍ ഒരുപാടു നേരം വൈകി. നേരം പതിനൊന്നുമണിയാകുന്നു. വീട്ടിലെ പണികളും എണ്ണിപ്പെറുക്കിയുള്ള പ്രാർത്ഥനയും ഉമ്മറത്തിരുന്നുള്ള വർത്തമാനവും കഴിഞ്ഞ്‌ അപ്പഌമമ്മയും കിടക്കുന്ന നേരമേ ആയിട്ടുള്ളൂ. വീടിനടുത്തെത്തിയപ്പോള്‍ ചുറ്റുമുള്ള വീടുകളിലെല്ലാം വിളക്കു കെട്ടിരിക്കുന്നു. പ്രതീക്ഷകള്‍ക്കൊന്നും വകയില്ലാത്തതു പോലെ... അവന്‍ വല്ലാതെ നഷ്‌ടധൈര്യനായി.  ആട്ടിപ്പുറത്താക്കുമോ ഇനി അപ്പന്‍?


നേടി വന്നിരിക്കുന്നത്‌ നോബല്‍ സമ്മാനമല്ല...തൂക്കുകയറോ ജീവപര്യന്തമോ എന്നുറപ്പില്ലാത്ത കുറ്റമാണ്‌.  തന്തയ്‌ക്കും തള്ളയ്‌ക്കും മനസ്സമാധാനം പോലും കൊടുക്കാത്ത വെറും പാഴായല്ലോ താനെന്നോർക്കുമ്പോള്‍... അവന്‍ ഒന്നു നെടുവീർപ്പിട്ടു.  അകത്ത്‌ മങ്ങിയ ഒരു മെഴുതിരിവെട്ടം കാണാം.  അപ്പന്‍ കിടന്നിട്ടില്ല. അമ്മ ഉറങ്ങിയാലും പണ്ടുമുതലേയുള്ള ഒരു ശീലമാണത്‌. കുരിശുരൂപത്തിഌ മുമ്പില്‍ മുട്ടുകുത്തിനിന്ന്‌ വേദപുസ്‌തകം തുറന്ന്‌ അപ്പന്‍ ഉറക്കെ വായിക്കും: "കർത്താവാകുന്നു എന്റെ ഇടയന്‍. എനിക്കൊന്നിഌം മുട്ടുണ്ടാവുകയില്ല..!'


സങ്കീർത്തനം തീരുന്നതുവരെ അവന്‍ പുറത്തു കാത്തുനിന്നു. വായന കഴിഞ്ഞെന്നുറപ്പായതും അവന്‍ വാതിലില്‍ മുട്ടി. 

"ആരാ അത്‌?' എന്നു ചോദിച്ചുകൊണ്ട്‌ അപ്പന്‍ വന്ന്‌ വാതില്‍ തുറന്നു. കൈയിലിരുന്ന മെഴുകുതിരി അവന്റെ നേരെ നീട്ടി. 

"നീയോ...' അയാളുടെ കണ്‌ഠമിടറി. 

"അകത്തേയ്‌ക്കു വാ.' അയാള്‍ അകത്തേയ്‌ക്കു നടക്കുന്നതിനിടെ പറഞ്ഞു. "ഈ കരണ്ടുബില്ലടയ്‌ക്കാത്തതുകൊണ്ട്‌ കരണ്ട്‌ കട്ട്‌ ചെയ്‌തേക്കാണേയ്‌...'

"അ...അപ്പാ....' അവന്റെ ശബ്‌ദം വല്ലാതായത്‌ ആ പിന്‍വിളിയില്‍ അയാളറിഞ്ഞു. അയാള്‍ തിരിഞ്ഞ്‌, പുറത്തെ ഇരുട്ടില്‍ നിന്നിരുന്ന അവന്റെ അരികിലേയ്‌ക്കു ചെന്നു.  അയാളുടെ കണ്ണുകളില്‍ പ്രകടിപ്പിക്കുന്നതിഌമതീതമായ വാത്‌സല്യമുണ്ടായിരുന്നു എന്ന്‌ അവന്‍ കണ്ടു. വിറച്ചു വിയർത്തൊലിച്ചു വാക്കുകള്‍ മുട്ടി നില്‍ക്കുന്ന അവനോട്‌ അയാള്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു:

"എന്താടാ?'

"അത്‌....' അവന്‍ വല്ലാതെ വിവശനായി.

"പറ...' അയാള്‍ ശബ്‌ദം കടുപ്പിച്ചു.

താഴ്‌ന്നുപോയ കണ്ണുകളെ നിയന്ത്രിക്കാനായില്ലെങ്കിലും, ഒരു വിധത്തില്‍ അവന്‍ പറഞ്ഞൊപ്പിച്ചു:

"ഞാന്‍...ഞാനൊരാളെ കൊന്നിട്ടാ വരുന്നേ...!'

അവന്‍ വല്ലാതെ കിതയ്‌ക്കുന്നുണ്ടായിരുന്നു. പിന്‍കഴുത്തില്‍ നിന്നു വിയർപ്പ്‌ ഒരു പുഴപോലെ ഒഴുകിക്കൊണ്ടിരുന്നു. അവന്‍ ബലഹീനനായി അപ്പന്റെ മുമ്പില്‍ നിന്നു. അപ്പന്റെ മുഖത്ത്‌ ഒരുനിമിഷം ഒരു ഞെട്ടലുണ്ടായി. പിന്നെ ഒരു നിമിഷം, അയാള്‍ വർഷങ്ങളോളം കാണാതിരുന്ന തന്റെ മകനെ ഒന്നു നോക്കി, നിശ്‌ചലനായി ഒന്നു നിന്നു. ഒരു മരം കണക്കേ..! പിന്നെ, തൊണ്ട നേരെയാക്കിക്കൊണ്ട്‌ അവനോടു പറഞ്ഞു:

"നീ യാത്രയൊക്കെ കഴിഞ്ഞ്‌ വന്നതല്ലേ. ക്ഷീണമുണ്ടാവും. നല്ല വിശപ്പും. അല്ലേ? പോയി ഒന്നു കുളിച്ചിട്ടു വാ. അത്താഴത്തിന്റെ കുറച്ച്‌ ചോറ്‌ ഇനീം ബാക്കിയുണ്ട്‌. വിളമ്പിത്തരാം...'

അപ്പന്‍ മെഴുകുതിരിയുമായി അകത്തേയ്‌ക്കു പോയി. 


തനിക്കായി തുറന്നിട്ട ആ വാതില്‍പ്പടിക്കു മുമ്പില്‍ ഒന്നും പറയാനാകാതെ നിശ്‌ചലനായി അവന്‍ നിന്നു. കരഞ്ഞുകലങ്ങിയ അവന്റെ കണ്ണുകളില്‍ നിന്ന്‌ രണ്ടു കണ്ണുനീർച്ചാലുകള്‍ അവന്റെ കവിളുകളിലൂടെ ഒഴുകുന്നുണ്ടായിരുന്നു; അവന്‍ പോലുമറിയാതെ....!


Rate this content
Log in

Similar malayalam story from Drama