അർജുൻ റെഡ്‌ഡി

Romance Tragedy

4.3  

അർജുൻ റെഡ്‌ഡി

Romance Tragedy

മരണത്തിന്റെ ഒറ്റുചുംബനം

മരണത്തിന്റെ ഒറ്റുചുംബനം

10 mins
906


'ഞാൻ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാൻ പോകുകയാ.'

അച്ചുവേട്ടന്റെ മെസേജ് കണ്ട് അവളല്പം പതറി. 


'എന്തുപറ്റി അച്ചുവേട്ടാ...?' 

ഞെട്ടിക്കൊണ്ടുള്ള ചോദ്യവും പിന്നെ കുറേ ഇമോജികളും. 


'ഒന്നുമില്ലെടോ, എന്തോ സോഷ്യൽ മീഡിയയിൽ നിന്നും ചെറിയൊരു ബ്രേക്ക്‌ എടുക്കുന്നു. ദാറ്റ്സ് ഓൾ.' 


'ഇൻസ്റ്റഗ്രാമോ?' 


'അതുമില്ല, ഒന്നുമില്ല... എല്ലാം ഡിലീറ്റ് ചെയ്യുകയാണ്.' 


'അപ്പൊ എന്നെ വേണ്ടേ?' 

മടിച്ചുകൊണ്ടായിരുന്നു അവളത് ചോദിച്ചത്. 


'അങ്ങനെ തനിക്ക് തോന്നുന്നുണ്ടോ? SMS അയക്കാടോ ഞാൻ...' 


'എന്നാലും പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം?' 


'ചുമ്മാ... നീയൊക്കെ എന്നെ മിസ്സ്‌ ചെയ്ത് പണ്ടാരം അടങ്ങണം. അത്രേ ഉള്ളൂ.' 

ചിരിച്ചുകൊണ്ടുള്ള മറുപടിയിൽ മറ്റെന്തൊക്കെയോ ദുരൂഹതകൾ. എങ്കിലും അവന്റെ ഈയൊരു തീരുമാനം അവളെ തീർത്തും ഞെട്ടിപ്പിച്ചിരിക്കുന്നു. 


'വാട്സാപ്പിൽ അല്ലാതെ അച്ചുവേട്ടന് മെസേജ് അയക്കില്ലാന്ന് ഞാനും തീരുമാനിച്ചാലോ?' 


'അതിന് എന്റെ അനുവിന് കഴിയില്ല എന്ന് വിചാരിക്കുന്നു, ഇനി അറിയില്ല.' 


എപ്പോഴും ഇങ്ങനെയാണ്, അച്ചുവേട്ടൻ ഇമോഷണലായി സംസാരിക്കും. പിന്നെയും മുന്നോട്ട് കൊണ്ടുപോകുവാൻ അനുവിന് കഴിയില്ല. പക്ഷെ ഇന്ന് അതാവർത്തിച്ചില്ല. 


'തോന്നലാണ്... ഞാൻ അയക്കില്ല, തീർച്ചയാണ്?' 


'തീരുമാനിച്ചോ?' 


'അച്ചുവേട്ടന് അച്ചുവേട്ടന്റെ തീരുമാനങ്ങൾ അല്ലേ വലുത്, അതുപോലെയാണ് എനിക്കിതും.' 


'ഞാൻ പോകുന്നു.' 

അച്ചുവേട്ടന്റെ അവസാനത്തെ മെസേജ്. 


'ഞാൻ അച്ചുവേട്ടനെ മിസ്സ്‌ ചെയ്യില്ല.' 

അവസാനമായി അവളയച്ച മെസേജ് അവന്റെ മൊബൈലിലേക്ക് എത്തുന്നതിനു തൊട്ട് മുൻപേ അവൻ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്തുകഴിഞ്ഞിരുന്നു. 


എന്തുകൊണ്ടോ അവൾക്കത് വിശ്വസിക്കുവാനായില്ല. അവളവന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കയറി നോക്കി. അതും കളഞ്ഞിരിക്കുന്നു. എങ്കിൽ എന്തോ പറ്റിയിരിക്കുന്നു. അപ്പോഴാണ് മെസെഞ്ചർ വഴിയുള്ള അവന്റെ മെസേജ്. 


"അനു... ഞാൻ പോകുന്നു, നീയെന്നെ മിസ്സ്‌ ചെയ്യുമെന്ന് എനിക്കറിയാം. വിളിക്കണം, ഞാൻ വിളിച്ചാൽ ഫോൺ എടുക്കണം. SMS അയക്കണം... ഗുഡ് നൈറ്റ്‌, ലവ് യൂ...' 


മെസേജ് കണ്ടപാടെ റിപ്ലൈ കൊടുക്കുവാനൊരു ശ്രമം നടത്തി. പക്ഷെ അതിന് മുൻപേ ആ അക്കൗണ്ടും ബഹിഷ്കരിക്കപെട്ടിരുന്നു. കണ്ണുകൾ എന്തുകൊണ്ടോ നിറഞ്ഞു, കണ്ണീര് അവന്റെ അക്കൗണ്ടിന്റെ പ്രൊഫൈൽ പിക്ച്ചറിൽ ഇറ്റിവീണ് അവന്റെ മുഖചിത്രം തിളങ്ങി. 


"ഇത്രക്ക് സങ്കടം വരാൻ അവൻ നിന്റെ ലവർ ഒന്നുമല്ലല്ലോ? ആണോ?" 

റൂം മേറ്റും ഫ്രണ്ടുമായ നിരഞ്ജന ചോദിച്ചു. 

ഹോസ്റ്റൽ റൂമിൽ മൊബൈൽ ടേബിളിൽ വച്ച് ബെഡിലേക്ക് വീണ് മുഖം പൊത്തി കരഞ്ഞു. 


"അറിയില്ല... എനിക്ക് ഒന്നുമറിയില്ല..."

അതായിരുന്നു അവളുടെ ഉത്തരം. 


"നീയിത്ര വിഷമിക്കേണ്ട കാര്യം ഒന്നൂല്ലേടീ, അവൻ ചിലപ്പോ നിന്നെ പറ്റിച്ചതാവും. കുറേ കണ്ടിട്ടുണ്ട്, എന്നാലും ഇതുപോലത്തെ രണ്ടെണ്ണത്തിനെ ഞാൻ കണ്ടിട്ടില്ല. അവന്റെ ഫ്രണ്ടാണോ? അല്ല... അവന്റെ പെണ്ണാണോ? അല്ല... എന്നാലോ രണ്ടിനും രണ്ടാളും ആരൊക്കെയോ ആണ്." 

നിരഞ്ജന അനുവിന്റെ അടുത്തായി വന്നിരുന്നു. 


"അച്ചുവേട്ടന് എന്തോ പറ്റിയിട്ടുണ്ട്. അല്ലാതെ ഇങ്ങനൊന്നും ചെയ്യില്ല." 


"എടീ അത് പേർസണലി എന്തേലും പ്രശ്നം കാണും. എല്ലാം നിന്നോട് പറയണമെന്നുണ്ടോ, അതിനുമാത്രം നീ അവന്റെ ഭാര്യയൊന്നും അല്ലല്ലോ." 


"വേറൊരാളോടും പറയാത്ത കുറേ കാര്യങ്ങൾ എന്നോട് മാത്രം പറഞ്ഞിട്ടുണ്ട്. പിന്നെയാണോ ഇത്? ഞാൻ അച്ചുവേട്ടന്റെ ആരൊക്കെയോ ആണ്, അത് അച്ചുവേട്ടനും അറിയാം എനിക്കും അറിയാം." 


അവളെ സമാധാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടുകൊണ്ട് നിരഞ്ജന കിടക്കയിൽ കയറി ഉറങ്ങാനായി കിടന്നു. തലയണ കെട്ടിപ്പിടിച്ച് അതുകൊണ്ടവൾ കണ്ണുനീര് തുടച്ചു. അന്ന് രാത്രി എന്തുകൊണ്ടോ ഉറങ്ങാനായില്ല. 


'എന്റെ മാത്രം അനു.'

അച്ചുവേട്ടൻ ഒരിക്കൽ അയച്ച മെസേജിലേക്ക് അവൾ വീണ്ടും വീണ്ടും നോക്കിയിരുന്നു. 


'അച്ചുവേട്ടാ, കുറേ കോഴികൾ എന്റെ മെസഞ്ചറിൽ വരുന്നുണ്ട്. ഉമ്മയും ചോദിച്ചോണ്ട്... ഞാനൊരുമ്മ കൊടുത്തോട്ടെ?' 

ചിരിച്ചുകൊണ്ട് ചോദിച്ചു. 


'എനിക്ക് hurt ആവുന്നെടീ നീ ഇങ്ങനെയൊക്കെ പറയുമ്പോ... നീ എന്റെയാ... എനിക്ക് മാത്രം നീ ഉമ്മ തന്നാൽ മതി.' 


'അവറ്റകൾ പാവങ്ങൾ അല്ലേ അച്ചുവേട്ടാ...' 

പിന്നെയും കുറേ ദേഷ്യം പിടിപ്പിച്ചു നോക്കി അവനെ. 


'ഞാനിനി നിനക്ക് മെസേജ് അയക്കില്ല നോക്കിക്കോ... നീ അവർക്ക് ഉമ്മയോ തേങ്ങയോ എന്തേലും കൊടുക്ക് പോ...' 

പിന്നെ കുറേ സോറി അയച്ചിരുന്നെങ്കിലും അച്ചുവേട്ടന്റെ മറുപടി വന്നില്ല. 


'എന്റെ അച്ചുവേട്ടനല്ലാതെ ഞാൻ വേറെ ആർക്ക് ഉമ്മ കൊടുക്കാനാ അച്ചുവേട്ടാ? ഞാൻ അവരെ ഒക്കെ ബ്ലോക്ക്‌ ചെയ്തതാ എപ്പോഴേ, വെറുതെ അച്ചുവേട്ടനെ ദേഷ്യം പിടിപ്പിക്കാനാ.' 


'എങ്കിൽ എനിക്കൊരു ഉമ്മ താ... ഇപ്പൊ, ടൈപ്പിംഗ്‌ ഉമ്മ വേണ്ട, വോയിസ്‌ തന്നെ വേണം...' 


'ദൈവമേ, അച്ചുവേട്ടാ ഞാനിപ്പോ ക്യാന്റീനിലാ, ഇവിടെ വച്ച് ഉമ്മ തന്നാൽ എനിക്ക് ഇല്ലാത്ത കാമുകൻ ഉണ്ടെന്ന് ഇവരൊക്കെ പറയും...' 


'ഹഹഹാ... എങ്കിൽ എനിക്ക് വോയിസ്‌ ഉമ്മ തന്നെ വേണം... ഇല്ലെങ്കിൽ ഞാനിനി മെസേജ് അയക്കില്ല.' 


'തരാം.'

ചുറ്റിനും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വോയിസായി ഒരുമ്മ കൊടുത്തു. 


'ഉം... തത്കാലം ഇതുമതി.' 

അച്ചുവേട്ടൻ ഉറക്കെ ചിരിച്ചു. 


'നീയേ നിന്റെ ഇമെയിലും പാസ്സ്‌വേഡും എനിക്ക് തന്നെ, ഇനി ആരാ എന്റെ അനൂനെ മെസേജ് അയച്ച് ശല്യം ചെയ്യുന്നേ നോക്കട്ടെ, അവന് ഞാൻ ഉമ്മേം ബാപ്പേം ഒക്കെ കൊടുത്തോളാം.' 


'ഞാനവരെ ബ്ലോക്ക്‌ ചെയ്തില്ലേ, ഇനിയെന്തിനാ?' 


'നീ ഞാൻ പറയുന്നതങ്ങു അനുസരിച്ചാൽ മതി.' 

അങ്ങനെ അവളുടെ അക്കൗണ്ട് അച്ചുവേട്ടന്റേതും കൂടിയായി. 


മൊബൈലിൽ ഓരോ നോട്ടിഫിക്കേഷൻ വരുംതോറും അത് അച്ചുവേട്ടന്റേത് ആകുമെന്ന് കരുതി അവൾ ആ രാത്രി കഴിച്ചുകൂട്ടി. പക്ഷെ അവന്റെ മെസേജ് വന്നില്ല. 


രാവിലെയെഴുന്നേറ്റ് പതിവുപോലെ അവന്റെ വാട്സാപ്പിൽ ഒരു ഗുഡ് മോർണിംഗ് അയക്കാൻ തുടങ്ങിയപ്പോഴാണ് ഇന്നലെ അവനയച്ച മെസേജ് ഇപ്പോഴും അവിടെ തന്നെ കിടക്കുന്നത് കണ്ടത്. അതോടെ അച്ചുവേട്ടൻ പോയെന്ന് അവൾക്ക് ബോധ്യമായി. 


"നിങ്ങൾ തമ്മിൽ എന്താണ് ബന്ധം?" 

പലരും ചോദിച്ച ആ ചോദ്യം. അതിന്റെ ഉത്തരം ഇത്രയായിട്ടും അവൾക്കും അറിയില്ലായിരുന്നു. 


രാവിലെ എഴുന്നേറ്റ് മൊബൈലിൽ നോക്കി ഇരുന്നു, ഓരോ നിമിഷവും പ്രതീക്ഷയോടെ. അവന്റെ SMS ഓ ഫോൺ കാളോ പോലും വന്നില്ല. അതവളെ മറ്റെന്തിനേക്കാളും തളർത്തിയിരുന്നു. 


ഒടുവിൽ അവന്റെ അക്കൗണ്ടിൽ കയറി അവന്റെ അനിയൻ അശ്വിന്റെ അക്കൗണ്ട് കണ്ടെടുത്തു. എന്നിട്ട് അവന് മെസേജ് അയച്ചു നോക്കി. 


'ഹായ്.. ഞാൻ അനുവാ, നിന്റെ ചേട്ടന്റെ... ' 


ആ ഒരു വാക്യം പൂർണമാക്കുവാൻ അവളെക്കൊണ്ട് പറ്റിയില്ല. അവന്റെ ആരാ? ആരാ? ആരാ? ആത്മാവിന്റെ ഏതോ ഒരു കോണിൽ നിന്നും ആ ചോദ്യമവളെ കുത്തി നോവിച്ചു. 


ആ മെസേജ് ഡിലീറ്റ് ചെയ്ത് വീണ്ടുമൊരു മെസേജ് അയച്ചു : 'ഹായ് ഞാൻ അനുവാണ്. നിന്റെ ചേട്ടനെവിടെ?' 


അന്ന് ഉച്ചക്കാണ് അശ്വിൻ ഓൺലൈനിൽ വന്നത്, മെസേജ് കണ്ടപാടെ റിപ്ലയും കൊടുത്തു. 


'ആരാ മനസ്സിലായില്ല?' 

അത് കള്ളം. അച്ചുവേട്ടൻ പറഞ്ഞിട്ടുള്ളതാണ് തന്നെക്കുറിച്ച് അവനോട്, ഒരിക്കൽ അച്ചുവേട്ടനെ വിളിച്ചപ്പോൾ അവർ സംസാരിച്ചിട്ടുള്ളതാണ്. എന്നിട്ടും ഈയൊരു ചോദ്യം, അത് കള്ളം... 


'അശ്വിൻ... നിനക്കെന്നെ അറിയാമെന്നു എനിക്കറിയാം. അച്ചുവേട്ടനെവിടെ?' 


'നിങ്ങളിനി ഏട്ടനെ തിരക്കരുത്... ഏട്ടന്റെ കല്യാണം നിശ്ചയിച്ചു. അതിന് ദയവായി തടസ്സം നിൽക്കരുത്...' 

ആ മെസേജ് നോക്കി അവൾ കുറേ നേരം നിന്നു. സമനില വീണ്ടെടുക്കുവാൻ ഒരുപാട് സമയം വേണ്ടിവന്നു. കരഞ്ഞു തീർത്ത കണ്ണീര് വറ്റിപ്പോയി. എന്തോ വിശ്വാസം വരാഞ്ഞിട്ടല്ല. തമ്മിലുള്ള ബന്ധത്തിന്റെ പേരെന്തായിരുന്നുവെന്ന് അച്ചുവേട്ടൻ തന്നെ പറയണമെന്നൊരു തോന്നൽ. 


'എന്റെ അച്ചുവേട്ടന് അതിന് പറ്റില്ല... സത്യം പറ അശ്വിൻ, എന്താ സംഭവിച്ചത് പ്ലീസ്. എനിക്കറിയണം...' 

വോയിസ്‌ ആയിട്ട് തന്നെ അയച്ചു നോക്കി. സ്നേഹം കൊണ്ട് മുറിവേറ്റതിന്റെ കണ്ണീരും യാതനയും അപേക്ഷയുമെല്ലാം ആ ശബ്ദത്തിനുണ്ടെന്ന് കേട്ടു കഴിഞ്ഞപ്പോൾ അശ്വിനും തോന്നി. 


'ഏട്ടന് കാൻസർ ആണ്... അറിയാൻ കുറച്ച് ലേറ്റ് ആയിപ്പോയെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ചേച്ചിയെ ഒന്നും അറിയിക്കാണ്ടിരിക്കാനാ ഇന്നലെ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കാൻ പോണെന്നൊക്കെ കള്ളം പറഞ്ഞത്. എങ്ങനെയായാലും ചേച്ചി മെസേജ് അയക്കുമെന്ന് കരുതിയിട്ടാ എല്ലാ അക്കൗണ്ടും കളഞ്ഞത്... ചേച്ചിയെ മനപ്പൂർവ്വം അവോയ്ഡ് ചെയ്തതാ. ഒന്നും ചേച്ചി അറിയരുതെന്ന് കരുതിയിട്ട്, ചേച്ചി വേദനിച്ചാൽ അതിലേറെ ഏട്ടൻ വേദനിക്കുമെന്ന് പറഞ്ഞിട്ടാ ഇന്നലെ കുത്തിയിരുന്ന് അക്കൗണ്ടുകൾ ഒക്കെ കളഞ്ഞത്... ഞാനിത് പറഞ്ഞുവെന്ന് ആരും അറിയരുത്, ഞാൻ ബ്ലോക്ക്‌ ചെയ്യുന്നു. പറ്റുമെങ്കിൽ എന്റെ ഏട്ടനുവേണ്ടി പ്രാർത്ഥിക്കണം. ബൈ...' 


അശ്വിന്റെ നീണ്ട മെസേജ് മാറി മാറി വായിച്ചിട്ടും അവൾക്കൊന്നും ഉൾക്കൊള്ളാനായില്ല. കരച്ചിൽ ഇറ്റി വീണിട്ടും എന്തുകൊണ്ടോ ശബ്‌ദം പുറപ്പെട്ടില്ല. ഇതുവരെ കണ്ടിട്ടില്ലാത്ത, മെസേജിലൂടെയും ഫോൺ കാളിലൂടെയും മാത്രം അറിഞ്ഞ അച്ചുവേട്ടനെ ഒരിക്കലെങ്കിലും കാണണമെന്നൊരു ആഗ്രഹം ഉള്ളിലുദിച്ചു. തന്നെ ഒന്നും അറിയിക്കാതിരിക്കുവാൻ മാത്രം അച്ചുവേട്ടന് താൻ ആരാണ്..?? ഇതാണോ യഥാർത്ഥ പ്രണയത്തിന്റെ വശ്യത...?? 


അപ്പോൾ തന്നെ തീരുമാനിച്ചു, അച്ചുവേട്ടനെ കാണണം. ഒടുവിൽ ചാലക്കുടിയിലെ അച്ചുവേട്ടന്റെ വീട്ടിലേക്ക് പോകാൻ തന്നെ അവൾ തീർച്ചയാക്കി. ബാഗൊക്കെ പാക്ക് ചെയ്ത് വച്ചു. 


"നീയിതെങ്ങോട്ടാ ഇതൊക്കെ പെറുക്കിക്കെട്ടി?" 

നിരഞ്ജന ചോദിച്ചു. 


"ഞാൻ നാളെ അച്ചുവേട്ടനെ കാണാൻ പോകുവാ." 

അത്രയേ പറഞ്ഞുള്ളു. 


"നിനക്ക് മുഴുത്ത വട്ടാ... ഇതുവരെ കാണാത്ത ഒരാൾ, അവൻ നിന്റെ ആരാണെന്ന് നിനക്ക് പോലും അറിയില്ല. നാളെ എക്സാം തുടങ്ങുവാ... എല്ലാറ്റിനും ഒരു പരിധി ഉണ്ട്. പറഞ്ഞില്ലെന്നു വേണ്ട." 

നിരഞ്ജന ചൂടായിക്കൊണ്ട് പറഞ്ഞപ്പോഴും അവളത് വകവച്ചില്ല. 


"അച്ചുവേട്ടൻ എന്റെ ആരൊക്കെയോ ആണ്."


"എന്താന്ന് വച്ചാൽ ചെയ്യ്." 

നിരഞ്ജന ദേഷ്യത്തോടെ എഴുന്നേറ്റ് പോയി. 


ആ രാത്രിയും അവൾക്ക് ഉറങ്ങാനായില്ല. കണ്ണീര് പൂർണ്ണമായും വറ്റിവരണ്ടു. കണ്ണിൽ നിന്നും ഇപ്പോൾ ഒളിച്ചിറങ്ങുന്നത് ചോരയാണെന്ന് അവൾക്ക് തോന്നി. അത് ഒലിച്ചിറങ്ങി കിടക്കയാകമാനം ചെന്നിറമാക്കി. ചുവന്ന പട്ടുപോലെ കിടക്ക വിരി കാറ്റിൽ ഇളകിയുലഞ്ഞു. 


അടുത്ത ദിവസം പുലർച്ചെ തന്നെ അവൾ റെയിൽവേ സ്റ്റേഷനിൽ എത്തി. ചാലക്കുടിക്കുള്ള ട്രെയിൻ കയറി ഉച്ചയോടെ അവിടെയെത്തി. ആ യാത്രയിലുടനീളം കണ്ടത് അവന്റെ മുഖമാണ്. കേട്ടത് അവന്റെ ശബ്‌ദവും.


"ചേട്ടാ, ഈ അഡ്രെസ്സ് എവിടെയാണ്?" 

സ്റ്റേഷന് പുറത്തെ ഓട്ടോ സ്റ്റാൻഡിൽ ചെന്ന് മൊബൈലിൽ ഒരിക്കൽ അവൻ പറഞ്ഞ അഡ്രെസ്സ് ഒരു ഡ്രൈവറെ കാണിച്ചു. 


"ഇവിടെ അടുത്താ... കയറിക്കോളൂ." 

ഡ്രൈവർ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് അവളുമായി മുന്നോട്ട് നീങ്ങി. 


ഇരുപത് മിനിറ്റോളം നീണ്ട യാത്ര കഴിഞ്ഞ് ഓട്ടോ ചെന്നു നിന്നത് ഒരു തറവാട്ടു വീടിന്റെ മുന്നിലാണ്. ഓട്ടോക്കാരനെ പറഞ്ഞയച്ച് അവൾ ആ വീടിന്റെ ഉമ്മറത്തേക്ക് നടന്നെത്തി. 


ഉമ്മറമുറ്റത്ത് തെങ്ങിൽ കെട്ടിയിട്ട പശുവിന് വൈക്കോൽ ഇട്ടുകൊടുത്തുകൊണ്ടിരുന്ന ഒരു സ്ത്രീയെ അവൾ കണ്ടു, ഒറ്റ നോട്ടത്തിൽ തന്നെ അത് അച്ചുവേട്ടന്റെ അമ്മയാണെന്ന് അവൾക്ക് മനസിലായി. ഒരിക്കൽ അച്ചുവേട്ടൻ ഫോട്ടോ കാണിച്ചു കൊടുത്തിരുന്നു, അച്ഛന്റെയും അമ്മയുടെയും അമ്മമ്മയുടെയും അനിയന്റേയുമൊക്കെ... 


"ഞാൻ അനു, അച്ചുവേട്ടന്റെ... ഞാനുദ്ദേശിച്ചത് അനീഷേട്ടന്റെ..." 

അമ്മയൊന്ന് നോക്കി, പിന്നീട് പുഞ്ചിരിച്ചു. 


"അച്ചുവേട്ടൻ എന്ന് തന്നെ വിളിച്ചോളൂ, അനുവിനെ എനിക്കറിയാം. അവൻ പറഞ്ഞിട്ടുണ്ട്. കയറി ഇരിക്കൂ." 

അമ്മ വൈക്കോൽ കെട്ട് താഴെയിട്ട് അരയിലെ മടക്കിൽ നിന്നും സാരിത്തുമ്പ് അഴിച്ചിട്ട് അവളെ അകത്തേക്കിരുത്തി. 


"ആരാ സുഭദ്രേ ഇത്... എനിക്ക് അങ്ങോട്ട് മനസ്സിലായില്ല." 

അത് അമ്മമ്മയായിരുന്നു. അടുക്കളയിൽ നിന്നുമുള്ള വരവാണ്. 


"ഇതാണ് അനു, അനീഷ് പറയാറില്ലേ? അവനെ കാണാൻ വേണ്ടി വന്നതാ." 

അമ്മ പറഞ്ഞുകൊടുത്തു. 


"ആ കുട്ടിയാണോ ഇത്? അനീഷ് എന്നും പറയാറുണ്ട് മോളെ കുറിച്ച്... സത്യത്തിൽ നിങ്ങൾ തമ്മിൽ എന്താന്ന് ഞങ്ങൾക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല്യാട്ടോ." 

അമ്മമ്മയുടെ വാക്കുകളിൽ ചെറിയൊരു സങ്കടവും കലർന്നിരുന്നു. 


"അവൻ ഒന്ന് മിണ്ടാതായാൽ സ്വന്തം വഴിക്ക് പോകുമെന്നാ കരുതിയത്, ഇനിയും അവനെ ഓർത്ത് തല പുണ്ണാക്കണ്ടാന്ന് കരുതീട്ടാ എന്റെ ചെറിയ മോനെക്കൊണ്ട് സത്യങ്ങൾ ഒക്കേം പറയിപ്പിച്ചത്. എന്നാൽ അവന് വേണ്ടി അവിടെനിന്നും ഇത്രേം ദൂരം വരണമെങ്കിൽ... നിങ്ങൾ തമ്മിലുള്ള ബന്ധത്തിന് എന്താണ് പേരെന്ന് എനിക്കിപ്പോ മനസ്സിലാവുന്നു..." 

അമ്മ പറഞ്ഞുകൊണ്ടിരുന്നു, പക്ഷെ അവളുടെ ശ്രദ്ധ അതിലൊന്നും അല്ലായിരുന്നു. അച്ചുവേട്ടനെ കാണണം കെട്ടിപ്പിടിച്ച് കരയണം... ഉമ്മ കൊടുക്കണം... 


"പക്ഷെ, ന്റെ കുട്ടിക്ക് അതിനുള്ള ഭാഗ്യം ഇല്ലാണ്ടായിപ്പോയി. അവന് അസുഖം ആണെന്ന് അറിഞ്ഞോണ്ട് മോളിനി അവന്റെയടുത്ത് മിണ്ടാനൊന്നും പോവത്തില്ലല്ലോ."

അമ്മമ്മ പറഞ്ഞത് ചെന്നുകൊണ്ടത് അവളുടെ ഹൃദയത്തിലാണ്, മൂർച്ചകൂടിയ സൂചിമുനപോലെ അത് ഉള്ളിലേക്ക് കയറിക്കൊണ്ടിരുന്നു. 


"അച്ചുവേട്ടന് അസുഖമാണെന്ന് അറിഞ്ഞിട്ടും ഏട്ടനെ അന്വേഷിച്ച് ഇവിടെ വരെ വരണമെങ്കിൽ അത് ഇട്ടിട്ട് പോകാനായിരിക്കുമോ അമ്മമ്മേ?"

തിരിച്ചു ചോദിച്ചു. അവരിരുവരും പരസ്പരം നോക്കി. 


"എനിക്ക് അച്ചുവേട്ടനെ കാണണം." 


"അവൻ ചിലപ്പോൾ നിന്നോട് ദേഷ്യപ്പെട്ടെന്നിരിക്കും. മോൾക്ക് അവനോട് വിരോധമൊന്നും തോന്നരുത്." 

മറുപടി പറഞ്ഞില്ല, അച്ചുവേട്ടന്റെ ദേഷ്യം മാറ്റാൻ ഒരുമ്മ മാത്രം മതിയെന്ന് അവൾക്കറിയാം. 


"ആ മുറിയിലുണ്ട് ഇപ്പോ മുറീടെ പുറത്തേക്കെ ഇറങ്ങാറില്ല. ഭക്ഷണം അവിടെ കൊണ്ടുപോയി കൊടുക്കണം, ന്റെ കുട്ടി ഒരു പാവം ആയിരുന്നു." 

അമ്മമ്മ കരയുവാൻ തുടങ്ങി, അവർക്കൊപ്പം അമ്മയും. 


അമ്മ ചൂണ്ടിക്കാണിച്ച മുറിയിലേക്ക് അടിവച്ച് നടന്നടുക്കുമ്പോഴും ഹൃദയം ശക്തിയിൽ മിടിച്ചു തുടങ്ങിയിരുന്നു. കാലുകൾ വിറച്ചു, നടക്കാൻ വയ്യെന്നായി. താങ്ങിനായി മതിലിൽ കൈകളമർത്തി. വാതിൽ മെല്ലെ തുറന്നപ്പോൾ ഇരുട്ടിന്റെ അരണ്ട വെളിച്ചത്തിൽ കണ്ടത് ഒരു കട്ടിലാണ്. അതിൽ കുട്ടിയെ പോലെ കിടന്നുറങ്ങുന്ന അവളുടെ അച്ചുവേട്ടനെയും. ആദ്യമായി ആ മുഖം കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. വേച്ചു വേച്ച് അവന്റെയടുത്തേക്ക് നടന്നടുക്കുവാൻ തുടങ്ങുന്നതിനു മുൻപ് അവൾ വാതിൽ അകത്ത്നിന്നും അടച്ചു. 


അച്ചുവേട്ടന്റെ അടുത്ത് മുട്ടുകുത്തിയിരുന്നു. ഫോട്ടോയിൽ കണ്ടതിനേക്കാൾ സുന്ദരനാണ് അച്ചുവേട്ടനെന്ന് ഒറ്റനോട്ടത്തിൽ അവൾക്ക് മനസ്സിലായി. എന്തോ സ്വാതന്ത്ര്യത്തോടെ അവൾ അച്ചുവേട്ടന്റെ കവിളിൽ കൈവച്ച് മറുകവിളിൽ ഉമ്മ വച്ചു. അച്ചുവേട്ടന്റെ കണ്ണുകൾ മെല്ലെ തുറന്നു. 


"അനു..." 


അച്ചുവേട്ടന്റെ ശബ്‌ദം, അവളുടെ മനസിന് എന്തോ ഒരു കുളിർമ നൽകി. അവളെങ്ങനെ നിന്നു കുറേ നേരം. അച്ചുവേട്ടൻ മെല്ലെയെഴുന്നേറ്റ് കണ്ണുകൾ തുടച്ചു. 


"നീയെന്താ ഇവിടെ? എനിക്ക് നിന്നെ കാണണ്ട." 


"എന്തുകൊണ്ട്?" 

അവളും എഴുന്നേറ്റ് നിന്നു.


"എനിക്ക് നിന്നെ ഇഷ്ടമല്ല അത്രതന്നെ." 


"ഇഷ്ടമല്ലല്ലേ..." 

അവൾ പിന്നിലേക്ക് നടന്നുനീങ്ങി. ചുവരിൽ തൂക്കിയിട്ട കണ്ണാടിയിൽ ചെന്ന് കൈകൾ ആഞ്ഞടിച്ചു. കണ്ണാടിച്ചില്ലുകൾ പൊളിഞ്ഞുവീണു. അവളുടെ കൈകളിൽ തറച്ച് ചോരയൊലിച്ചു. മുണ്ടിന്റെ കര കീറിയെടുത്ത് അവൻ വേഗം തന്നെ അവളുടെ കൈകളിൽ കെട്ടി. 


"നിനക്കെന്താ ഭ്രാന്തുണ്ടോ?" 

ദേഷ്യത്തോടെയുള്ള അവന്റെ ശാസന, അവളത് നോക്കി നിന്നു. ദേഷ്യപ്പെടുമ്പോൾ അവന്റെ കവിളുകൾ ചുവന്നു. 


"ഇഷ്ടമല്ലല്ലോ..." 

അവൾ വീണ്ടും ചോദിച്ചു. മൂന്നാമതൊന്നാലോചിക്കാതെ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞത് അവനായിരുന്നു. 


'നോക്ക്... നീയെന്റെ നെഞ്ചിന്റെ അത്രയേ കാണൂ. അപ്പൊ എനിക്ക് നിന്നെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിക്കാം.' 

ഒരിക്കലവൻ പറഞ്ഞു ചിരിച്ചത് അവൾക്കോർമ്മ വന്നു. പക്ഷെ ഇന്നവൻ നിന്നു കരയുന്നത് അവളുടെ നെഞ്ചിൽ കിടന്നാണ്. 


"നിന്നോട് ഞാൻ ഒരായിരം തവണ പറഞ്ഞിട്ടില്ലെടീ ഈ ചോദ്യമെന്നോട് ചോദിക്കരുതെന്ന്... എന്തിനാ നീയിങ്ങോട്ട് വന്നത്?" 


"ഒരിക്കൽ ചാലക്കുടിക്ക് വരണംന്ന് അച്ചുവേട്ടൻ പറഞ്ഞത് ഓർക്കുന്നില്ലേ? എന്നിട്ടിപ്പോ വന്നിട്ട് എന്തിനാണെന്നോ?" 

അവൾ പുഞ്ചിരിച്ചു കാണിച്ചു. കണ്ണുകൾക്ക് അസ്വസ്തതയനുഭവപ്പെട്ടിരുന്നു. 


"കൈ വേദനിക്കുന്നുണ്ടോ?" 

അവനവളുടെ കൈകളിൽ മുത്തിയിട്ട് ചോദിച്ചു. ഇല്ലെന്നവൾ മെല്ലെ തലയാട്ടി. അവൻ കിടക്കയിൽ ചെന്നിരുന്നപ്പോൾ അടുത്തായി അവളും പോയിരുന്നു. 


'നീയെനിക്ക് എവിടെയൊക്കെ ഉമ്മ തരും?' 


'അച്ചുവേട്ടന്റെ കണ്ണിൽ... മൂക്കിൽ... ചെവിയിൽ... കവിളിൽ... കഴുത്തിൽ... നെറ്റിയിൽ...' 


'പിന്നെ?' 

ആ മെസേജ് വായിച്ച് അവൾ കുറേ നേരം ചിരിച്ചിരുന്നു. 


'അച്ചുവേട്ടാ, ഏട്ടന്റെ ഇളക്കം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാവണുണ്ട് ട്ടോ...' 

അവൾ റിപ്ലൈ കൊടുത്തു, ചിരിച്ചുകൊണ്ട്. 


"അച്ചുവേട്ടാ?" 


"മ്മ്??" 


"അച്ചുവേട്ടൻ എന്താ ഇങ്ങനെ ഇരിക്കുന്നെ?" 


"ഒന്നുമില്ല... നീ എപ്പോഴാ പോകുന്നെ?" 


"പോണോ?" 

അവൾ ചോദിച്ചു, വേണ്ടെന്നവൻ തലയാട്ടി. 


'എനിക്ക് നിന്നെ കെട്ടിപ്പിടിച്ച് കിടക്കണം, കുറേ നേരം... നിന്നെ എന്റെ നെഞ്ചിൽ ചേർത്ത് വച്ച് കിടക്കണം... പിന്നെ, നിന്റെ മടിയിൽ പൂച്ചക്കുഞ്ഞിനെ പോലെ കിടന്നുറങ്ങണം,'

അവന്റെ മെസേജ് അവളുടെ മനസിലേക്ക് ഓടിയെത്തി. 


അവൻ കിടക്കയിലേക്ക് മെല്ലെ കിടന്നു, അവന്റെ നെഞ്ചിൽ അവളും തല ചായ്ച്ചു. അവളുടെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണീര് അവന്റെ മാറിൽ ഇറ്റിവീണ് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. സൂചിയിറങ്ങുന്ന വേദനയിൽ അവൻ പിടഞ്ഞു. 


"എന്തിനെ ന്നെ സ്നേഹിച്ചത്..??" 

അവന്റെ ആ ചോദ്യം, അവൾക്കുത്തരമില്ലായിരുന്നു. അവൾ നിശബ്ദയായി. 


"നീ എപ്പോഴാ പോണേ... സമയം വൈകിക്കൊണ്ടിരിക്കുവാ." 


"ഞാൻ പോണില്ലെങ്കിലോ?" 

ആ മറുചോദ്യത്തിന് ഇരുമ്പിനേക്കാൾ കരുത്തുണ്ടെന്ന് അവന് തോന്നി. 


"അച്ചേട്ടനെ വിട്ട് ഞാനിനി എങ്ങോട്ടും പോണില്ല." 


"അതിന് നീയെന്റെ ആരാ?" 


"ഞാൻ ആരുമല്ലേ?" 

അവന്റെ മുഖത്തേക്ക് മെല്ലെ നോക്കിയിട്ട് ചോദിച്ചു. ഇത്തവണ നിശബ്‌ദനായത് അവനാണ്. 


"ഞാൻ മരിച്ചോണ്ടിരിക്കുവാ." 


"അറിയാം." 


"എന്നെ ഇട്ടിട്ട് പൊയ്ക്കോ..." 


"ഒരിക്കലും ഇട്ടിട്ട് പോവല്ലെയെന്ന് പറഞ്ഞതും അച്ചുവേട്ടൻ തന്നെയാണ്, ഓർക്കുന്നില്ലേ?" 

അവൾ ചൊരിയുന്ന ചോദ്യങ്ങളുടെ നടുവിൽ അവൻ വഴിയറിയാതെ മുട്ടുകുത്തി നിന്നു. 


"അനു... എനിക്ക് ഉറങ്ങണം, അന്ന് ഞാൻ പറഞ്ഞ പോലെ, നിന്നെ കെട്ടിപ്പിടിച്ചിട്ട്... നെറ്റിയിൽ ഉമ്മ വച്ചോണ്ട് ഉറങ്ങണം..." 

അവളവനോട് ചേർന്ന് കിടന്നു. അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമർന്നു. കൈകൾ അവളെ വരിഞ്ഞു. അവളുടെ ചുണ്ടുകൾ അവന്റെ നെഞ്ചിൽ തട്ടി നിന്നു.


"ഞാനൊരിക്കലും അച്ചുവേട്ടനെ വിട്ടിട്ട് പോവില്ല..." 

അവൾ പറഞ്ഞു. അവനൊന്നും മിണ്ടിയില്ല. ഉറങ്ങിക്കാണണം. ഉറങ്ങിക്കോട്ടെ... അവന്റെ വലയത്തിനുള്ളിൽ അവന്റെ ചുണ്ടുകൾ നെറ്റിയിലമർന്നുകൊണ്ട് ഏറെ നേരമവൾ കിടന്നു. 


ഇടക്കെപ്പോഴോ വച്ച് അവളുടെ മൊബൈൽ റിങ് ചെയ്തു. അച്ചുവേട്ടനിൽ നിന്നുമെഴുന്നേറ്റ് അവൾ മൊബൈലെടുത്ത് നോക്കി. അമ്മയാണ്, എല്ലാം അറിഞ്ഞുകാണും. മടിച്ചുകൊണ്ടാണ് കാൾ അറ്റൻഡ് ചെയ്തത്. 


"ഹലോ അമ്മാ?" 


"നീയെവിടെ പോയതാണെന്നും ആരെ കാണാൻ പോയതാണെന്നും നിരഞ്ജന പറഞ്ഞു." 


"അത്... അമ്മേ, എനിക്കറിയില്ല. എനിക്ക് അച്ചുവേട്ടനെ വേണം... അച്ചുവേട്ടനില്ലാതെ പറ്റില്ല." 


"മ്മ്... നിനക്ക് ശരിയെന്നു തോന്നുന്നത് നീ ചെയ്യ്. അമ്മ കൂടെയുണ്ട്. അവനെ കൂട്ടി ഇങ്ങോട്ട് വരണം... അച്ഛനില്ലാതെ വളർന്ന കുട്ടിയാ നീ, അമ്മമാർ വളർത്തുന്ന കുട്ടികളൊക്കെ ഇങ്ങനെയാണെന്ന സ്ഥിരം പഴമൊഴി നാട്ടുകാരെക്കൊണ്ട് തിരുത്തി പറയിപ്പിക്കണം..." 


"ഐ ലവ് യൂ അമ്മാ." 

ചെറുപ്പത്തിൽ അച്ഛൻ മരിച്ചതിൽ പിന്നെ അമ്മയാണ് എല്ലാം. അവൾക്ക് വേണ്ടി കഷ്ടപ്പെട്ടതും, താങ്ങായതും തണലായതുമെല്ലാം. എല്ലാറ്റിനും അമ്മ കൂടെയുണ്ടാവും. ഇന്നും അമ്മയുണ്ട് കൂടെ. 


അച്ചുവേട്ടനെ ശല്യപ്പെടുത്തണ്ട, ഉറങ്ങിക്കോട്ടെ. അവൾ മുറിയുടെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. അടുക്കളയിലേക്ക് ചെന്നു. അമ്മയും അമ്മമ്മയും തിരക്കിട്ട പണിയിലാണ്. അപ്പോഴാണ് സമയം വൈകുന്നേരമായത് പോലും അവളറിഞ്ഞത്. 


"എന്താ കുട്ടീ കയ്യിൽ മുറിവ്?" 

അമ്മയാണ് കണ്ടത്. ഓടിവന്ന് കയ്യെടുത്ത് തിരിച്ചും മറിച്ചും നോക്കി. എല്ലാ അമ്മമാർ അങ്ങനെയാണ്. 


"അമ്മേടെ മോന്റെ പിണക്കം മാറ്റാൻ ഇങ്ങനെ ചെയ്യേണ്ടി വന്നു." 

അവൾ പറഞ്ഞു. ആ അമ്മയുടെ കണ്ണ് നനയുന്നത് അവൾക്ക് കാണാം. 


"ചെറുപ്പത്തിൽ ഞാനവന് ഒരു കഥ പറഞ്ഞു കൊടുക്കാറുണ്ട്. അവനുവേണ്ടി കടൽ കടന്നൊരു മാലാഖ വരുമെന്ന്... അവനെ സ്നേഹിക്കാനായിട്ട്, അവന് സ്നേഹിക്കാനായിട്ട്. ആ മാലാഖ മോളാണെന്ന് തോന്നിപ്പോകുവാ." 

അമ്മമ്മയാണ് അടുത്ത് വന്ന് പറഞ്ഞത്. അതിന് മുൻപേ അമ്മ അവരുടെ വായടക്കുവാൻ ആംഗ്യം കാണിച്ചുവെങ്കിലും ആ ശ്രമം വിഫലമായി. 


"മോളതൊന്നും കാര്യമാക്കണ്ട. അമ്മ ഇങ്ങനെയാണ്." 

അമ്മ ജാള്യതയോടെ പറഞ്ഞു. 


"ആ മാലാഖ തന്നെയാ ഞാൻ... അമ്മക്ക് വിരോധമുണ്ടോ?" 

ചോദിച്ചു നോക്കി. അമ്മ ഒന്നും മിണ്ടിയില്ല, അവർ കൈകൾ മെല്ലെ കൂപ്പി കരയാൻ തുടങ്ങി. അവരെ കെട്ടിപ്പിടിച്ച് അവളും കരഞ്ഞു. 


"മോള് കരയണ്ട. മോള് കരയണത് അവന് പിടിക്കില്യ." 

അമ്മമ്മയും പറഞ്ഞത് കരഞ്ഞുകൊണ്ടാണ്. 


"അനു... അനു..." 

അച്ചുവേട്ടൻ മുറിയിൽ നിന്നും വിളിക്കുന്നത് അവൾക്ക് കേൾക്കാം. ആദ്യം പതുക്കെ, പിന്നെ വിളിയുടെ ശബ്‌ദം കുറച്ചുകൂടെ ഉറക്കെ... 


"കണ്ടോ... രണ്ട് ദിവസമായി അവന്റെ ശബ്‌ദം പോലും നേരെ കേൾക്കാൻ പറ്റിയിട്ടില്ല. മോള് വന്നതോണ്ടുള്ള മാറ്റമാ. എനിക്ക് ഉറപ്പാ, അവനെ തിരിച്ച് കൊണ്ടൊരാൻ മോൾക്ക് കഴിയും." 

അമ്മമ്മ പറഞ്ഞുകൊണ്ടിരുന്നു. ആ വാക്കുകൾ അവൾക്കും വിശ്വാസമേകി. ഇനിയുമൊരു വിളിക്ക് കാക്കാതെ അവൾ മുറിയിലേക്ക് ചെന്നു. 


"അനു... എനിക്ക് വിശക്കുന്നു." 

അച്ചുവേട്ടൻ എഴുന്നേറ്റിരുന്നു പറഞ്ഞു. അവളവന്റെ കൈ പിടിച്ച് മുറിക്ക് പുറത്തേക്ക് കൊണ്ടുവന്നു. രണ്ട് ദിവസത്തിനു ശേഷമായിരുന്നു അവൻ ആ മുറിവിട്ട് ഇറങ്ങിയത്. അത് കണ്ട അമ്മയുടെയും അമ്മാമ്മയുടെയും കണ്ണുകൾ നിറഞ്ഞു. അച്ചുവേട്ടനെ ടേബിളിൽ ഇരുത്തിയിട്ട് ഭക്ഷണം വിളമ്പി. 


'അച്ചുവേട്ടൻ ഫുഡ്‌ കഴിച്ചോ???' 


'ഇല്ല... കഴിച്ചില്ല, വാരിത്താ നീ...' 


'തരാം. വായ തുറക്ക്... ആം...' 


'എനിക്കിനി നീ വാരിത്തന്നാൽ മതി.' 

അച്ചുവേട്ടൻ കുറേ ചിരിച്ചുകൊണ്ടുള്ള ഇമോജികളോടൊപ്പം പറഞ്ഞു. അതൊക്കെയോർത്ത് അവളുടെ തല കനത്തു. അവന്റെ സമ്മതത്തിന് കാക്കാതെ അവളവന് ഭക്ഷണം വാരിക്കൊടുക്കുന്നത് അമ്മയും അമ്മാമ്മയും നോക്കി നിന്നു. 


അവന്റെയുള്ളിൽ പക്ഷെ കലാപമായിരുന്നു. ഒരുവശത്ത് അവളോടുള്ള ഒടുങ്ങാത്ത സ്നേഹവും മറുവശത്ത് മരണവും. ഇത്രമേൽ തന്നെ സ്നേഹിക്കുവാൻ അവൾക്കല്ലാതെ മറ്റാർക്കും കഴിയില്ലെന്ന് അവനുറപ്പാണ്. പക്ഷെ, വെറുക്കുംതോറും മരണവും താനും തമ്മിലുള്ള ദൂരം കുറഞ്ഞ് കുറഞ്ഞ് വരുന്നുവെന്ന് അവൻ ഭയന്നു.  


രാത്രി കിടക്കാനായി അവൾ ചെന്നത് അവന്റെ മുറിയിലേക്കാണ്. ചോദ്യഭാവത്തോടെ അമ്മ അടുത്ത് ചെന്നപ്പോൾ അച്ചുവേട്ടന്റെ മുറിയിൽ കിടക്കുന്നുവെന്നായിരുന്നു അവളുടെ മറുപടി. 


അവൾ കുളിച്ച് ഈറനണിഞ്ഞ് മുറിയിലെത്തി. അച്ചുവേട്ടനായി ചുറ്റിനും നോക്കി. പിന്നിൽ നിന്നും അവനവളെ വലയം ചെയ്തു. അവന്റെ ചുണ്ടുകൾ അവളുടെ പിൻകഴുത്തിലമർന്നു. തിരിഞ്ഞു നിന്ന് അവളവന്റെ നെഞ്ചിൽ തല വച്ച് കെട്ടിപ്പിടിച്ചു. അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലും, കണ്ണുകളിലും, മൂക്കിലും, കവിളിലും, താടിതുമ്പത്തും, കഴുത്തിലും പതിഞ്ഞു. പിന്നെ അതവളുടെ ചുണ്ടുകളെ സ്വന്തമാക്കി. 


'പറ... നീയെനിക്ക് എവിടെയൊക്കെ ഉമ്മ തരും??' 

ആ മെസേജ് അവളിലെ പെണ്ണിനെ പിടിച്ച് കുലുക്കിയിരുന്നു. 


'പിന്നെ എവിടെയാ? നെറ്റിയിൽ, കണ്ണിൽ, മൂക്കിൽ, കവിളിൽ, നെഞ്ചിൽ, പിന്നെ എവിടെ??' 

അറിഞ്ഞിട്ടും അറിയാത്തപോലെ അവൾ നടിച്ചു. 


'എന്റെ ചുണ്ടിൽ തരുമോ?' 


'ഹഹഹാ... പൂച്ച വാല് പൊക്കുന്നത് കണ്ടപ്പോഴേ എനിക്ക് തോന്നി.' 


'അപ്പൊ നീ തരില്ലേ...' 


'തരാം...'


'എന്റെ മാത്രം അനു... എന്റെ മാത്രം...' 


അച്ചുവേട്ടൻ അവളെയെടുത്ത് കിടക്കയിൽ കിടത്തി. അവളെ കെട്ടിപ്പിടിച്ച് കിടന്നു. അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി. അവളവന്റെ മുടിയിഴകളിലൂടെ വിരലുകളോടിച്ചു. അവളുടെ കഴുത്തിൽ ചുംബിച്ചുകൊണ്ട് അവനാ രാത്രി സസുഖം മയങ്ങി. 


രാവിലെയവൾ കണ്ണ് തുറന്നു നോക്കിയപ്പോഴും അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ തന്നെ തങ്ങി നിന്നിരുന്നു. ആ നിമിഷം അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. കുറെയായി താൻ തേടി നടന്ന ചോദ്യത്തിന്റെ ഉത്തരം അവൾക്ക് കിട്ടിയെന്ന് അവൾ ഉറപ്പിച്ചു. 


അച്ചുവേട്ടന്റെ ആരാ? 

അച്ചുവേട്ടന്റെ ഫ്രണ്ടാണ്... അച്ചുവേട്ടന്റെ പെണ്ണാണ്... അച്ചുവേട്ടന്റെ മാത്രമാണ്... 


"അച്ചുവേട്ടാ... ഐ ലവ് യൂ, എനിക്കിനി അച്ചുവേട്ടനില്ലാതെ പറ്റുമെന്ന് തോന്നുന്നില്ല." 

അവൾ പറഞ്ഞു. 


"അച്ചുവേട്ടാ..." 

അവനെ വീണ്ടും വിളിച്ചു. 


"അച്ചുവേട്ടാ..." 

എഴുന്നേറ്റിരുന്ന് അവനെ കുലുക്കി. അവൻ നിശ്ചലനായി തന്നെ കിടന്നു. ആ ചുണ്ടുകളിൽ ഇപ്പോഴും പുഞ്ചിരിയുണ്ട്. ആ കണ്ണുകളിൽ ഇപ്പോഴും തിളങ്ങുന്നത് അവളോടുള്ള സ്നേഹമാണ്. എല്ലാം അവിടെ തന്നെയുണ്ട്... അച്ചുവേട്ടനൊഴികെ... അവളുറക്കെ ആർത്തു വിളിച്ചു. അച്ചുവേട്ടന്റെ കോളറിൽ കുത്തിപ്പിടിച്ച് അലറി. 


"എഴുന്നേൽക്ക് അച്ചുവേട്ടാ... ന്നെ ഇനിയും പറ്റിക്കരുത്. എനിക്ക് ഇങ്ങനത്തെ പറ്റിക്കലുകള് ഇഷ്ടല്ലാന്ന് അറിഞ്ഞൂടെ... അച്ചുവേട്ടാ." 

അവന്റെ കോളർ വലിച്ചു കുടഞ്ഞു. അവന്റെ താടിരോമങ്ങളിൽ പിടിച്ചു വലിച്ചു. ഒടുവിൽ തളർന്നുകൊണ്ട് അവന്റെ മുഖം കയ്യിലൊതുക്കി അവൾ അലമുറയിട്ട് കരയുവാൻ തുടങ്ങി. ഒരു ഗതിയും പരഗതിയുമില്ലാത്ത അവളുടെ ജീവിതത്തിലേക്ക് അവൻ കടന്നു വന്നു. ഇന്നിതാ അപൂർണ്ണമായ ഒരു ചോദ്യചിഹ്നം പോലെ അവളെ തനിച്ചാക്കി അവൻ പോയ്മറഞ്ഞിരിക്കുന്നു... 


'അച്ചുവേട്ടാ... ഒരിക്കൽ അച്ചുവേട്ടൻ കോഴിക്കോട്ക്ക് വരണം...' 


'ആാാ... വരും... എനിക്ക് അവിടെ കാണണം ന്ന് ഇണ്ട്... നിന്നേം കാണണം. കണ്ടപാടെ, കെട്ടിപിടിക്കണം... ഉമ്മ വെക്കണം...' 


'അപ്പൊ ആൾക്കാർ ശ്രദ്ധിക്കില്ലേ?' 


'ശ്രദ്ധിച്ചോട്ടെ ഐ ഡോണ്ട് കെയർ... എനിക്ക് ഞാൻ ചോദിക്കുമ്പോ ഒക്കെ നീ ഉമ്മ തരണം. നീ ചോദിക്കാതെ തന്നെ ഞാൻ അങ്ങോട്ടും തരും.' 


'പിന്നെ?' 


'പിന്നെ എനിക്ക് കോഴിക്കോട് ഹൽവ കഴിക്കണം... ബീച്ച് കാണണം... അങ്ങനെ അങ്ങനെ അങ്ങനെ... ഒന്നും വേണമെന്ന് നിർബന്ധമില്ല, നീ കൂടെ ഉണ്ടായാൽ മാത്രം മതി...' 


ആ രാത്രിയിൽ മഴയത്ത് ഒറ്റക്ക് ഒരു കുട ചൂടി അവന്റെ ശവകുടീരത്തിന് മുൻപിൽ ടോർച്ച് അടിച്ചു നിൽക്കുമ്പോൾ എല്ലാം ഒരു മായാജാലക്കഥ പോലെ അവളുടെ മുന്നിൽ തെളിഞ്ഞു. കണ്ണുകൾ കുഴിഞ്ഞിരുന്നു, കരഞ്ഞ് തളർന്നതുകൊണ്ടാവണം. ഇപ്പോഴും ആ കുടയിൽ തനിക്കൊപ്പം അച്ചുവേട്ടനും ഉണ്ടെന്നവൾക്ക് തോന്നി. 


'ഞാനെന്നും നിന്റെ കൂടെ തന്നെ ഇണ്ടാവും. ഒരിക്കലും വിട്ടിട്ട് പോവില്ല... ഉമ്മാ.' 

അച്ചുവേട്ടൻ പറഞ്ഞത് ഇന്നും കാതുകളിൽ. അവന്റെ ചുംബനമാണ് അവനെ മരണത്തിന് ഒറ്റിക്കൊടുത്തതെന്ന് അവൾക്ക് തോന്നി. അവളുടെ സങ്കടത്തിന്റെ കനം കാരണം തല താന്നു പോയി. അവന്റെ ചുണ്ടുകൾ ഇപ്പോഴും കഴുത്തിൽ തങ്ങി നിൽക്കുന്നത് പോലെ... അവന്റെ ചുംബനം ഇപ്പോഴും അവളെ അവനിൽ അനുരക്തയാക്കുന്നത് പോലെ... 


കണ്ണുകളിൽ നിന്നും അവസാന തുള്ളി കണ്ണീരുമിറ്റി വീഴുന്നതിന് തൊട്ടുമുൻപ് അവന്റെ ശവകുടീരത്തിൽ നിന്നുമൊരു ഞരക്കം കേട്ടു. ടോർച്ചടിച്ച് അവളത് അവ്യക്തമായി കണ്ടു... അവന്റെ ശവകുടീരത്തിൽ മണ്ണിടിയുന്നത്... അത് രണ്ടായി പിളരുന്നത്... അതിൽ നിന്നുമൊരു പ്രകാശം പൊട്ടിമുളച്ചു, അത് അവളുടെ കണ്ണുകളിലേക്കും പടർന്നു. 


ശുഭം


(Based on a True Story)


Rate this content
Log in

More malayalam story from അർജുൻ റെഡ്‌ഡി

Similar malayalam story from Romance