നക്ഷത്രകണ്ണുള്ള രാജകുമാരൻ
നക്ഷത്രകണ്ണുള്ള രാജകുമാരൻ


ആകാശത്തു മിന്നിമറയുന്ന നക്ഷത്രങ്ങളെ നോക്കിയവൾ നിറഞ്ഞ മിഴികൾ തുടയ്ക്കുമ്പോൾ ഓർമകൾ അവളെ 23 വർഷങ്ങൾ പുറകോട്ട് കൊണ്ടുപോയി...
°°°°°°°°°°°°°°°°°°°°°°°°°°°°
ഉറക്കത്തിനിടയിൽ ഫോൺ റിങ് ചെയ്തപ്പോൾ രാവിലത്തെ അലാറം വീണ്ടുമടിക്കുവാണെന്നു കരുതി അല്പം ദേഷ്യത്തോടെ തന്നെ ഞാൻ ഫോൺ നിർത്തി... അടുത്ത ബെല്ലോട് കൂടി എന്റെ ദേഷ്യത്തിന്റെ മുല്ലപ്പെരിയാർ ഡാം പൊട്ടി... ഈ ഫോണിലെന്താ കുട്ടിച്ചാത്തൻ കൂടിയോ എന്നും ചോദിച്ചു ഫോൺ എടുത്തു നോക്കിയപ്പോഴാണ് മനസിലായത് അടിച്ചത് അലാറം അല്ലെന്നു, കൂട്ടത്തിൽ മറ്റൊന്ന് കൂടി മനസിലായി സമയം രാവിലെ എട്ടുമണി കഴിഞ്ഞു... പടച്ചോനെ എന്നു നീട്ടിയൊന്നു വിളിച്ചില്ല അതിനു മുൻപ് അടുത്ത കാൾ എത്തി...പടച്ചോന്റെ അല്ലാട്ടോ...
"ഡി പോത്തെ നിനക്കു ഇതുവരെ സൂര്യൻ ഉദിച്ചില്ലേടി..."എന്നു പടച്ചോൻ എന്തായാലും വിളിച്ചു ചോയിക്കില്ലല്ലോ...
ഫോണിൽ കൂടെ നീട്ടിയൊരു ഗുഡ് മോർണിംഗ് പറഞ്ഞതോടെ ആ ദേഷ്യം തീർന്നു... അല്ലെങ്കിലും അവൻ അങ്ങനെയാ എന്നോട് ദേഷ്യപ്പെടാൻ അവനു അറിയില്ല... അവൻ ദേഷ്യപ്പെട്ടാൽ ഞാൻ കണ്ണീരു കൊണ്ടൊരു നയാഗ്ര വെള്ളച്ചാട്ടം തന്നെ തീർക്കുമെന്ന് അവനറിയാം... ഇടയ്ക്കൊക്കെ പറയും ഒന്നിനും വേണ്ടിയും നിന്റെ കണ്ണു നിറയുന്നത് കാണാൻ എനിക്ക് ഇഷ്ടം അല്ലെന്നു, ഇടയ്ക്ക് വെറുതെ എന്നെ കരയിച്ചിട്ടു പറയും നീ കരയുന്നത് കാണാൻ നല്ല ഭംഗിയാണെന്നു... എനിക്ക് ഇതു രണ്ടും അവൻ പറയുന്നത് കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്... അതുകൊണ്ട് ഇടയ്ക്കിടെ കള്ളകണ്ണീരൊഴുക്കുന്നത് എനിക്ക് പതിവായിരുന്നു...
"ഡി പെണ്ണേ,കുളിയും തേവാരവും കഴിഞ്ഞു നീ ഇനി എപ്പോ എഴുന്നള്ളാനാ കോളേജിലേക്ക്..."
ബാക്കി പറയാൻ സമ്മതിക്കാതെ ഇപ്പൊ വരാമെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്ത് ഞാൻ കുളിക്കാൻ പോയി...
ഇത്തിരി കഴിഞ്ഞു ഉപ്പ മുറിയിൽ വന്നപ്പോഴാണ് ഫോൺ സൈലന്റ് ആക്കിയില്ലല്ലോ പടച്ചോനേ എന്നോർത്തത്... സ്മരിച്ച ഉടനെ തന്നെ അവൻ വിളിക്കുകയും ചെയ്തു... ഉപ്പ ഫോൺ അറ്റൻഡ് ചെയ്തപ്പോൾ തന്നെ ഞാൻ എന്റെ ഖബറടക്കം സ്വപനം കണ്ടു... ആ ദുസ്വപ്നത്തെ ഭേദിച്ചു കൊണ്ട് ഉപ്പ ഉറക്കെ ചോദിച്ചു,
"മോളെ അൽഫിയ,ഷാജഹാൻ മുംതാസിനെ എവിടെ വെച്ചാണ് കണ്ടു മുട്ടിയത്?
ഓപ്ഷൻ എ) വീടിനു മുന്നിൽ വെച്ച് ബി)ബസ് സ്റ്റോപ്പിൽ സി)കോളേജിൽ "
ഓപ്ഷൻ ബി എന്നു ഞാൻ ഉറക്കെ പറഞ്ഞു... കള്ളചിരിയുമായി കുളി കഴിഞ്ഞു ഇറങ്ങുമ്പോൾ ഉപ്പ മുറിയിൽ തന്നെ ഉണ്ടായിരുന്നു... ഒന്നും അറിയാത്ത പോലെ ഞാൻ കാര്യം തിരക്കി...ഉപ്പ പറഞ്ഞു:
"മോളെ നിന്റെ കൂട്ടുകാരി നിങ്ങൾക്കും ആകാം കോടിശ്വരനിൽ പങ്കെടുക്കാൻ പോയിരുന്നോ?സുരേഷ് ഗോപി ആയിരുന്നു ഇപ്പൊ വിളിച്ചത്."
ഞാൻ നീട്ടിയൊന്നു മൂളിയിട്ട് ധൃതിയിൽ അടുക്കളയിലേക്ക് ഓടി... ഉമ്മച്ചിയ്ക്കൊരു ചക്കരമുത്തവും നൽകി,എന്തോ കഴിച്ചെന്നും വരുത്തി ഞാൻ കോളേജിലേക്ക് ഓടി... ഓപ്ഷൻ ബി അനുസരിച്ചു അവൻ ബസ് സ്റ്റോപ്പിൽ തന്നെ ഉണ്ടായിരുന്നു...
പതിവുപോലെ ബസ് വരുന്നത് വരെ ഞങ്ങളുടെ കണ്ണുകൾ സംസാരിച്ചു... ഞങ്ങളുടെ സംസാരത്തെ കണ്ണു വെച്ചുകൊണ്ട് ബസ് വന്നു നിന്നു... തിക്കി തിരക്കി അതിൽ കയറി പറ്റുമ്പോൾ എവിടെയോ മുറിഞ്ഞു പോയ ഞങ്ങളുടെ സംസാരത്തെ ഞങ്ങളുടെ കണ്ണുകൾ തിരയുകയായിരുന്നു... ഒടുവിൽ എവിടെയെങ്കിലും വെച്ചു ഞങ്ങളുടെ കണ്ണുകൾ കൂട്ടി മുട്ടും... കോളേജിന് മുന്നിൽ ബസ് നിർത്തുന്നത് വരെ കണ്ണു ചിമ്മാതെ ഞങ്ങൾ സ്വപ്നങ്ങൾ കണ്ടിരുന്നു...
കോളേജ് ഗേറ്റിനു അകത്തു കടന്നാൽ രണ്ടു അപരിചിതരെ പോലെ ഞങ്ങൾ രണ്ടു വഴിക്ക് നടന്നു നീങ്ങുമായിരുന്നു...
അങ്ങനെ പറയുമ്പോൾ ഞങ്ങളുടെ പ്രണയത്തെ ക്യാംപസ് പ്രണയം എന്നു വിളിക്കാൻ കഴിയില്ല... പിന്നെ എങ്ങനെയാണ് ഞങ്ങൾ പരിചയപ്പെട്ടത്? ഈ ചോദ്യം അവനോട് ചോദിച്ചാൽ അവൻ പറയും
"വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല,ഓട്ടോ പിടിച്ചായാലും കൃത്യമായിട്ടു ഇങ്ങു വരും..."
എന്റെ കാര്യത്തിൽ ആണെങ്കിൽ അത് സത്യം ആണ്. അവൻ ആദ്യമായി വീട്ടിലോട്ട് തെള്ളിയിടിച്ചു കേറി വന്നത് ഓട്ടോ പിടിച്ചു തന്നെ ആയിരുന്നു... ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരും...
ഓട്ടോയുടെ ശബ്ദം കേട്ടാണ് ഞാൻ വെളിയിലേക്ക് ഇറങ്ങി നോക്കുന്നത്, നോക്കിയപ്പോൾ കണ്ടത് എന്റെ ഉപ്പായെ കെട്ടിപ്പിടിച്ചു കൊണ്ട് "ഉപ്പാ ഞാൻ എത്തി പോയി"ന്നു ഒരുത്തൻ പറയുന്നു... എന്റെയും ഉമ്മെന്റെയും ചങ്ക് കത്തി പോയി... ഇക്കാന്ന് വിളിച്ച് ഓടി ചെല്ലാതിരുന്നത് എന്റെ ഭാഗ്യം... കാരണം പിന്നീട് മനസിലായി അവൻ വീട് മാറി കയറിയതാണെന്നു... അവൻ വന്നത് അവന്റെ കൂട്ടുകാരൻ സുബൈറിന്റെ വീട്ടിലേക്കു ആയിരുന്നു. സുബൈറിന്റെ ഉപ്പയുമായി ഫോണിൽ സംസാരിച്ചു നല്ല അടുപ്പമുണ്ട് അവന്, പക്ഷെ ആളെ ഇതുവരെ നേരിട്ട് കണ്ടിട്ട് ഇല്ലായിരുന്നു...
എന്റെ ഉപ്പയും ഉമ്മയും പാവങ്ങളായിരുന്നത് കൊണ്ട് അവനെ തല്ലി കൊന്നില്ല... സുബൈറിന്റെ വീട് അവിടെ അടുത്തു തന്നെ ആയിരുന്നു... എന്റെ ഉപ്പ തന്നെ അവനെ അവിടെ കൊണ്ട് വിട്ടു... അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്...
ഞാനും സുബൈറും ചെറുപ്പത്തിലേ ഒന്നിച്ചു കളിച്ചു വളർന്നവരാണ്... അതുകൊണ്ട് പിറ്റേന്ന് സുബൈറിന്റെ വീട്ടിൽ ചെന്നു ആദ്യം തിരക്കിയത് അവനെ പറ്റിയായിരുന്നു. സുബൈറാണ് ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തുന്നത്... അന്യമതക്കരനായത് കൊണ്ട് എന്റെ വീട്ടിൽ അവനു വല്യ വിലയൊന്നും ഇല്ലായിരുന്നു... അങ്ങനെ സുബൈറിന്റെ വീട്ടിലേക്കുള്ള പോക്ക് കുറയ്ക്കേണ്ടി വന്നു...
അതിനു വേറെ ഒരു കാരണം കൂടെ ഉണ്ടായിരുന്നു... പ്ലസ് ടു ന്റെ റിസൾട്ട് വന്ന സമയം ആരുന്നു... മാർക്ക് വളരെ പരിതാപകരം ആയിരുന്നു... പുറത്തിറങ്ങിയാൽ റിസൾട്ട് എനിക്ക് പണി തരുമെന്ന് ഉറപ്പായിരുന്നു... പിന്നെ എന്റെ നാട്ടിൽ സുബൈറുൾപ്പെടെ ലേബർ ഓഫീസർസ് കുറെ ഉണ്ടായിരുന്നു... അതോണ്ട് നാട്ടിൽ നിന്ന് എട്ടിന്റെ പണി കിട്ടുന്നതും പതിവായിരുന്നു...
കൂടിക്കാഴ്ചകൾ കുറഞ്ഞപ്പോഴാണ് ഞങ്ങൾക്കിടയിൽ എപ്പോഴോ ഒരു പ്രണയം മൊട്ടിട്ടത് ഞങ്ങൾ അറിഞ്ഞത്... ഒരു കൂസലും ഇല്ലാതെ ഞാൻ തന്നെ അത് തുറന്നു പറയുകയും ചെയ്തു... പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു...
മൂന്നു മാസത്തെ അവധിക്കാലം പെട്ടെന്ന് തീർന്നു...
ഉപ്പ തന്റെ സ്വാധീനം ഉപയോഗിച്ചു അടുത്തുള്ള കോളേജിൽ തന്നെ അഡ്മിഷനും വാങ്ങി. അപ്പോഴും നിരാശ ബാക്കി... കോളേജ്, ക്ലാസ്സുകൾ, പഠിത്തം... ഇതിനിടയിൽ അവനെ എനിക്ക് നഷ്ടമാകുമോ എന്നു ഞാൻ ഭയന്നു... എന്റെ ഭയത്തിനു ചുക്കാൻ പിടിക്കാൻ സുബൈറും എത്തി... അവൻ പറഞ്ഞാണ് ഞാൻ അറിഞ്ഞത് എന്റെ കാമുകൻ നാട്ടിൽ പോയെന്നു... മോങ്ങാൻ ഇരുന്ന നായുടെ തലയിൽ തേങ്ങാ വീണ കണക്കെ ഞാൻ ഇരുന്നു മോങ്ങാൻ തുടങ്ങി... ഒരു ദിവസം മുഴുവൻ കരഞ്ഞു തീർത്തു...
പിറ്റേന്ന് രാവിലേ ആർക്കോ വേണ്ടി കോളേജിലേക്ക് ഇറങ്ങുമ്പോൾ എന്റെ മനസ് പോലെ തന്നെ മാനവും മൂടിക്കെട്ടി നിന്നിരുന്നു... പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ ഉമ്മച്ചി കാണാതെ കണ്ണുനീർ തുള്ളികൾ എന്റെ കവിളിനെ ഉമ്മ വെച്ചു... മാനം മൗനമായി പെയ്തിറങ്ങി... അതിൽ എന്റെ ഹൃദയവും... ഹൃദയത്തിൽ ഒളിപ്പിച്ച പ്രണയവും അലിഞ്ഞില്ലാതെയാകുന്ന പോലെ എനിക്ക് തോന്നി...
കോളേജ് ഗേറ്റിനു മുന്നിലേക്ക് ആരോ എന്നെ വലിച്ചിഴയ്ക്കുന്നത് പോലെ... പാതി മനസുമായി, ഹൃദയം കീറിമുറിയുന്ന വേദനയുമായി ഞാൻ മുന്നോട്ട് നടന്നു... പകുതി വഴിയിലെവിടെയോ എന്റെ വേഗത കുറഞ്ഞു... തിരിഞ്ഞു നോക്കുവാൻ എന്റെ മനസ്സ് വെമ്പൽ പൂണ്ടു... നിറയുന്ന കണ്ണുകളോടെ മനസു നിറയെ പ്രതീക്ഷയോടെ ഞാൻ തിരിഞ്ഞു നോക്കി... എനിക്ക് തെറ്റിയില്ല! അവൻ തന്നെ... എന്നെത്തേയും പോലെ ഒരു കുസൃതി ചിരിയുമായി അവൻ മാഞ്ഞു പോയി... കണ്ടത് സ്വപ്നമാണോ യാഥാർഥ്യമോ എന്നു ചിന്തിച്ചു നിൽക്കവേ, പുതിയ കൂട്ടുകാർ എന്നെ അവരുടെ ലോകത്തേയ്ക്ക് കൊണ്ടുപോയി... പക്ഷെ ഒന്നെനിക്ക് ഉറപ്പായിരുന്നു... അവൻ എനിക്ക് ചുറ്റും എവിടെയോ മറഞ്ഞു നിൽപ്പുണ്ട്... ക്ലാസ് കഴിഞ്ഞു... മഴ പെയ്തു തോർന്ന പാതയോരത്ത് ഒരു നിമിഷം ഞാൻ വീണ്ടും നിൽക്കവേ, അവൻ എന്റെ കണ്ണിൽ നിറഞ്ഞു... സ്വപ്നം അല്ല അത് യാഥാർഥ്യം ആണെന്നു തിരിച്ചറിയാൻ ഒരു ദിനം മുഴുവൻ ഞാനെടുത്തു...
പിന്നീട് പരിഭവം തീർക്കാൻ വായിതോന്നിയതൊക്കെ ഞാൻ അവനെ പറഞ്ഞു... ഒരു കുസൃതി ചിരിയുമായി അവൻ അപ്പോഴും കണ്ണെടുക്കാതെ എന്നെ തന്നെ നോക്കി നിന്നു...
"എത്ര ദൂരേയ്ക്ക് പോയാലും, നാളെ ആകാശത്തു ഒരു നക്ഷത്രമായി മാറിയാലും നിന്റെ കണ്ണൊന്നു നിറഞ്ഞാൽ, മഴയായി നിന്നിൽ ഞാൻ പെയ്തിറങ്ങും..."
അവൻ പറഞ്ഞു നിർത്തും മുൻപേ എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു...
അങ്ങനെ ഞങ്ങളുടെ പ്രണയം ആരോരുമറിയാതെ മുന്നോട്ട് പോയി... ഇവിടെ വരെ എത്തി... ഇന്ന് ഫെയർവെൽ ... ഓട്ടോഗ്രാഫ്ഉം അവസാന കൂടിക്കാഴ്ചകളും യാത്രപറച്ചിലും ഒക്കെ അതിന്റെ മുറയ്ക്ക് തന്നെ നടന്നു...
അന്നാദ്യമായി ഞങ്ങൾ കൈകൾ കോർത്തുപിടിച്ചു ആ വരാന്തയിലൂടെ നടന്നു... ഒരോ നിമിഷവും വളരെ പെട്ടെന്ന് കടന്നു പോകുന്നത് പോലെ... നടന്നു നടന്നു ഞങ്ങൾ പഞ്ചാരമുക്കിൽ എത്തി... കോളേജിൽ എല്ലാവരും ഇഷ്ടപ്പെടുന്ന സ്ഥലം... ഒരുപാട് പ്രണയങ്ങൾ മൊട്ടിട്ടതും എട്ടുനിലയിൽ പൊട്ടിയതുമെല്ലാം ഈ പഞ്ചാരമുക്കിൽ വെച്ചാണ്... അവന്റെ വലിയൊരു ആഗ്രഹമായിരുന്നു ഇവിടെ ഈ ചെമ്പക ചോട്ടിൽ വന്നു ഒരുമിച്ചിരുന്ന് നാളെ കുറിച്ചു സ്വപ്നങ്ങൾ കാണണം എന്ന്... ഇതുവരെ അതിന് ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല... കാരണം അത്രയും രഹസ്യമായിരുന്നു ഞങ്ങളുടെ പ്രണയം...
എൻറെ വീട്ടിൽ അറിഞ്ഞാൽ അതോടെ എന്റെ പഠിത്തം അവസാനിക്കുമായിരുന്നു... പെൺകുട്ടികൾ പഠിക്കുന്നതിനോട് എന്റെ ഉപ്പയുടെ വീട്ടുകാർക്ക് അത്ര താല്പര്യവുമില്ലായിരുന്നു... ഉപ്പയുടേം ഉമ്മച്ചിയുടേം നിർബന്ധം കൊണ്ടാണ് എനിക്ക് ഈ കോളേജ് ലൈഫ് കിട്ടിയത്...
കിട്ടിയ അവസരം ഞങ്ങൾ പാഴാക്കിയില്ല, വാതോരാതെ ഞങ്ങൾ സംസാരിച്ചു... നാളെയെക്കുറിച്ച് സ്വപ്നങ്ങൾ കണ്ടു; നമുക്ക് ഒരു മകൾ ഉണ്ടായാൽ അവളെ പഠിപ്പിച്ച ഒരു ഡോക്ടർ ആക്കണം എന്ന് അവൻ പറഞ്ഞു.
°°°°°°°°°°°°°°°°°°°°°°°°°°°°°
"അമ്മേ അമ്മയുടെ കുട്ടി ഡോക്ടറെത്തി..."
"അമ്മ, എന്താ എന്നെ വിളിക്കാൻ എയർപോർട്ടിലേക്ക് വരാഞ്ഞത്? ഞാനീ ഉമ്മച്ചികുട്ടിയോട് പിണക്കമാ... എനിക്കുവേണ്ടി പടിവാതിൽക്കൽ ഉമ്മച്ചികുട്ടി കാത്തിരിക്കുമെന്ന് ഞാൻ കരുതി... എന്നിട്ട് ഇവിടെ വന്നിരുന്നു നക്ഷത്രമെണ്ണുന്നോ..."
നിറഞ്ഞ കണ്ണുകൾ കൊണ്ട് തൻറെ മകൾക്ക് നേരെ നോക്കുമ്പോൾ അവളുടെ മനസ്സ് നിറയെ അവൻ പറഞ്ഞ വാക്കുകളായിരുന്നു. "നമുക്ക് ജനിക്കുന്നത് മകളാണെങ്കിൽ അവളെ ഒരു ഡോക്ടർ ആക്കണം." അൽഫിയയുടെ മകൾ ഇന്ന് ഡോക്ടറായി... അൽഫിയ പത്തുമാസം നൊന്ത് പ്രസവിച്ച മകളല്ല, എലീന അലൻ എന്ന എംബിബിഎസ് ഡോക്ടർ... എലിന എന്ന പേരിനൊപ്പം അലൻ എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ അവൾക്ക് ജനിച്ച പെൺകുഞ്ഞു...
3 വയസ്സുള്ളപ്പോഴാണ് എലീനയെ അൽഫിയ കാണുന്നത്... കൊച്ചരിപല്ലു കാട്ടിയുള്ള അവളുടെ കുസൃതി ചിരിയിൽ അൽഫിയയ്ക്ക് കാണാൻ കഴിഞ്ഞത് അലനെ ആയിരുന്നു... അന്യമതത്തിൽ പെട്ട തന്നെ വിവാഹം കഴിച്ചതിന്റെ പേരിൽ, മതഭ്രാന്തിന്റെ പേരിൽ ബലിയാടായ അലനെ ആ കുസൃതി ചിരിയിൽ കണ്ടപ്പോൾ മുതൽ എലിന അൽഫിയയ്ക്ക് സ്വന്തമായി...
വിവാഹം കഴിഞ്ഞ് ആദ്യ രാത്രിയിൽ അവളുടെ മുന്നിൽ വച്ചായിരുന്നു അവളുടെ ഉപ്പയുടെ വീട്ടുകാര് അവനെ വെട്ടിനുറുക്കിയത്... അതിനുശേഷം മാസങ്ങളോളം സമനില തെറ്റി ആശുപത്രി വാസം തുടർച്ചയായ കൗൺസിലിങ്ങും പരിചരണവും അവൾക്കു സാധാരണജീവിതം ദാനം നൽകി... ആശുപത്രി വിട്ട് വീട്ടിലേക്ക് വരും വഴിയാണ് മേരിമാതാ അനാഥാലയത്തിന് മുന്നിൽ അവൾ എലിനയെ കാണുന്നത്... അവളുടെ നീല കണ്ണുകളിൽ അവൾ അലനെ കണ്ടു, അവന്റെ കുസൃതി ചിരി കണ്ടു... മെല്ലെ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി... അവൾ എലിനയുടെ അടുത്തേക്ക് ഓടിച്ചെന്നു...
നിറഞ്ഞൊഴുകുന്ന കണ്ണീരിനെ ഉമ്മ വെച്ചുകൊണ്ട് മേഘങ്ങൾ മഴത്തുള്ളികൾ പൊഴിച്ചു... അപ്പോൾ അവൾ ഓർത്തു, അവൻ പറഞ്ഞ വാക്കുകൾ:
"എത്ര ദൂരേക്ക് പോയാലും,നാളെ ആകാശത്ത് ഒരു നക്ഷത്രമായി മാറിയാലും,നിന്റെ കണ്ണൊന്നു നിറഞ്ഞാൽ മഴയായി ഞാൻ നിന്നിൽ പെയ്തിറങ്ങും..."
എലീന ഡോക്ടർ ആകുന്നതിനു മുമ്പ് തന്നെ അവൾ സൗഖ്യമാക്കിയ ആളായിരുന്നു അവളുടെ ഉമ്മച്ചി, എലീനയുടെ മൂന്നാം വയസിൽ അവൾ ആദ്യമായി സൗഖ്യമാക്കിയത് അവളുടെ ഉമ്മയുടെ മുറിഞ്ഞു ചോരയിറ്റുവീഴുന്ന ഹൃദയമായിരുന്നു...
ഒരുപക്ഷെ ആ മൂന്ന് വയസ്സുകാരിയുടെ കുസൃതിച്ചിരി അൽഫിയ കണ്ടില്ലായിരുന്നുവെങ്കിൽ, ഇന്ന് അൽഫിയ എന്ന ഉമ്മച്ചി ജീവിച്ചിരിപ്പുണ്ടാവില്ലായിരുന്നു..!
ഉമ്മച്ചിക്ക് ഒരു കപ്പ് ചായയുമായി അവൾ ടെറസ്സിൽ എത്തിയപ്പോൾ, നക്ഷത്രങ്ങളെ നോക്കി വാതോരാതെ സംസാരിക്കുന്ന അൽഫിയയെ ആണ് എലീന കാണുന്നത്... അവൾ അടുത്തു ചെന്ന് ഉമ്മച്ചിയെ കെട്ടിപ്പിടിച്ച് ഒരു ചക്കര ഉമ്മ കൊടുത്തിട്ട് പറഞ്ഞു:
"ഉമ്മച്ചി ഞാൻ ഇന്ന് അച്ഛനെ കണ്ടു, രാവിലെ ചടങ്ങിനിടയിൽ ആൾകൂട്ടത്തിൽ ഞാൻ കണ്ടു ഉമ്മച്ചി എൻറെ അച്ഛനെ, കൺനിറയെ എന്നെ നോക്കി നിന്നു... എനിക്ക് ഒരു പുഞ്ചിരി മാത്രം നൽകി അച്ഛൻ മാഞ്ഞുപോയി...
അച്ഛൻ ചിരിച്ചപ്പോൾ എനിക്ക് തോന്നിയത് ഞാനും അച്ഛനെ പോലെയാ ചിരിക്കുന്നതെന്നാ ഉമ്മച്ചി... എനിക്ക് അച്ഛൻറെ ചിരിയാ കിട്ടിയിരിക്കുന്നത് അല്ലേ ഉമ്മച്ചി...?"
അൽഫിയ അൽപനേരം മൗനമായി നിന്നു. എലീനയെ തോളോടുതോൾ ചേർത്തുനിർത്തി കൊണ്ട് ആയിരമായിരം നക്ഷത്രങ്ങളെ സാക്ഷിനിർത്തി അലൻ എന്ന കൊച്ചു നക്ഷത്രത്തോട് അവൾ പറഞ്ഞു,
"നമ്മുടെ മകൾ, എനിക്ക് ജനിച്ച നമ്മുടെ മകൾ... നിൻറെ ആഗ്രഹം പോലെ ഡോക്ടറായി വന്നിരിക്കുന്നു..."
ദൂരെയെങ്ങോ ഒരു താരകം അവരെ നോക്കി കണ്ണുചിമ്മി...
"ഡി പോത്തേ മതി സെന്റിയടിച്ചേ, എൻറെ കൊച്ചു ഡോക്ടർ പോയി കിടന്നുറങ്ങിക്കോട്ടെ..."
അൽഫിയ മാത്രം കേട്ട ആ ശബ്ദത്തിന് മറുപടിയായി അവൾ ഒരു കള്ളച്ചിരി ചിരിച്ചു എലിനയുമായി അകത്തേയ്ക്കു പോയി...
ഇന്ന് ആൽഫിയയ്ക്ക് നന്നായി ഉറങ്ങാം... അവരുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ നിർവൃതിയിൽ,എല്ലാം മറന്ന്... കുട്ടിക്കാലത്തെ പോലെ അവൾ ഉറങ്ങാൻ കിടന്നു, രാവിലെ ഫോൺ റിങ് ചെയ്യില്ല എന്നുള്ള സത്യം ഉൾക്കൊണ്ടുകൊണ്ട്...