Sneha Susan

Romance Tragedy

3  

Sneha Susan

Romance Tragedy

വാലന്റൈൻ

വാലന്റൈൻ

6 mins
375


ഇന്ന് വാലന്റൈൻസ് ഡേ... സ്നേഹിക്കുന്നവരുടെയും സ്നേഹിക്കാൻ ആഗ്രഹിക്കുന്നവരുടെയും സ്നേഹം പറയാതെ ബാക്കി വെച്ചവരുടെയും ആദ്യമായി പ്രണയം പറയാൻ പോകുന്നവരുടെയും ദിവസം...


ഇന്നലെ വൈകുന്നേരം കോളേജിൽ നിന്ന് നേരത്തെ ഇറങ്ങി വീട്ടിലേക്ക് തിരിക്കുമ്പോൾ മനസ്സിൽ വീടെന്ന ലക്ഷ്യം മാത്രം... ഹോസ്റ്റലിൽ നിന്നു വീട്ടിലേക്ക് വരാനുള്ള നീണ്ട കാത്തിരിപ്പിന്റെ അന്ത്യം... എപ്പോഴത്തെയും പോലെ നേരത്തെ ഇറങ്ങി ഓടിയിട്ടും പ്രതീക്ഷിച്ച ബസ് കിട്ടിയില്ല... കിട്ടിയ ബസിൽ ചാടി കയറി സൈഡ് സീറ്റ് നോക്കി ഇരുന്നപ്പോ ലോകം കീഴടക്കിയ ഒരു ആശ്വാസം...


ബസ് മുന്നോട്ട് നീങ്ങി... ബസിൽ അലയടിച്ചുയരുന്ന തട്ടുപൊളിപ്പൻ പാട്ടിനു വിരാമമിട്ടുകൊണ്ട് ഞാൻ എന്റെ ഹെഡ്സെറ്റ് ചെവിയിൽ തിരുകി... എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നു കാതിൽ മുഴങ്ങി...

  

  "വരുവാനില്ലാരുമീ  വിചനമാം എൻ

  വഴിക്കറിയാം അതെന്നാലും ഇന്നും

  പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാൻ 

  വെറുതെ മോഹിക്കാറുണ്ടിന്നും...  "


പാട്ട് കേട്ട് സമയം പോയതറിഞ്ഞില്ല... വഴികളിൽ തിരക്ക് കുറഞ്ഞു വരുന്നു... കടകൾ പലതും അടച്ചു കഴിഞ്ഞു...


ഇരുൾ വീണു കഴിഞ്ഞാൽ പിന്നെ ഭയം ആണ്... ബസ് ഇറങ്ങി കഴിഞ്ഞാൽ പിന്നെ കുറച്ചു ദൂരം നടക്കാൻ ഉണ്ട് വീട്ടിലേക്ക്... പോരെങ്കിൽ പോകുന്ന വഴി ഒരു സെമിത്തേരിയും കൂടെ ഉണ്ട്... ആ വഴി പകല് നടക്കുമ്പോൾ പോലും പുറകെ ആരോ പിന്തുടരുന്ന പോലെ എനിക്ക് തോന്നാറുണ്ട്... സത്യം പറഞ്ഞാൽ പണ്ട് മുതലേ മനുഷ്യരെക്കാൾ പേടി എനിക്ക് പ്രേതത്തെ ആണ്... ചെറുപ്പത്തിലേ കൂടെ കൂടിയ ഒരു ഭയമാണത്... അന്നൊക്കെ കൊതിയോടെ കേട്ടിരുന്ന പ്രേതകഥകളെ ഓർത്തു ഞാൻ ഇന്ന് ഖേദിക്കുന്നു...


ആ വഴിയേയുള്ള പോക്കോർത്തു ബസ്സിൽ ഇരുന്നു എന്റെ നെഞ്ചു പിടഞ്ഞു... ഫോണിൽ ആണേൽ കാൾ വിളിക്കാൻ ഉള്ള ബാലൻസും ഇല്ല ... ആകെ ഉള്ളത് നെറ്റ് ഓഫർ മാത്രമാണ്... ഞങ്ങൾ ഹോസ്റ്റൽ ജീവികൾക്ക് പൊതുവെ കാൾ വിളിക്കാൻ ആരുടെയേലും ഒരാളുടെ ഫോണിൽ ബാലൻസ് മതിയല്ലോ... നെറ്റ് ഓഫറും അതു പോലെ തന്നെ... എല്ലാം ചിലവ് ചുരുക്കലിന്റെ ഭാഗമായുള്ള അവസ്ഥാന്തരങ്ങൾ ആണ്... ചിലർ ഇതിനെ ഗതികേട് എന്നും പറയാറുണ്ട്....


എന്തായാലും നേരം ഇരുട്ടി... ഓട്ടോ ഒന്നും ഇനി കിട്ടുമെന്നു തോന്നുന്നില്ല... ഇറങ്ങേണ്ട സ്റ്റോപ് അടുക്കാറായി ... നേരെ ഫോൺ എടുത്തു വാട്സാപ്പ് തുറന്നു മെസ്സേജ് ടൈപ്പ് ചെയ്തു... "ക്രിസ്റ്റി നീ എവിടെയാ,വീട്ടിൽ ഉണ്ടോ,ഞാൻ ലേറ്റായി, ഇപ്പൊ അങ്ങെത്തും..."


ബാക്കി ഞാൻ ടൈപ്പ് ചെയ്തില്ല.... കാരണം അപ്പോഴേക്കും ഞാൻ യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നിരുന്നു... വാട്സാപ്പിൽ അവന്റെ ലാസ്റ്റ് സീൻ കാണിക്കുന്നുണ്ട്... 23 ഡിസംബർ 2019... എന്റെ ജന്മദിനം... അന്നാണ് ഞാൻ ഇതിനു മുൻപ് വീട്ടിലേക്ക് വന്നത്... അന്നാണ് എന്റെ സന്തോഷങ്ങൾ എന്നന്നേക്കുമായി അവസാനിച്ചത്...


അന്നും പ്രതീക്ഷിച്ച ബസ് കിട്ടാതെ നേരം വൈകിയാണ് എത്തുന്നത്... പക്ഷെ പേടിക്കാൻ ഒന്നുമില്ലാരുന്നു അന്നെനിക്ക്... ഞാൻ ബസ് ഇറങ്ങുന്നതും കാത്തു അവൻ അവിടെ നിൽപ്പുണ്ടായിരിക്കും... എന്റെ ക്രിസ്റ്റി...


......................……………………………………………………


ചെറുപ്പം മുതലേ ഞങ്ങൾ ഒരുമിച്ചാണ്... പഠിച്ചതും വളർന്നതും എല്ലാം ഒരുമിച്ചു ഒരു സ്കൂളിൽ, ഒരു ക്ലാസ്സിൽ... എനിക്ക് തോന്നുന്നു നീണ്ട 17 വർഷത്തോളം ഞങ്ങളെ ഒരുമിച്ചു അല്ലാതെ ആരും കണ്ടിട്ടുണ്ടാവില്ല...


കോളേജിൽ ചേർന്നപ്പോൾ ആണ് ഞങ്ങൾ ചെറുതായെങ്കിലും ഒന്നു പിരിഞ്ഞതെന്നു പറയാം... ഒരു കോളേജിൽ തന്നെ പഠിക്കാൻ പരമാവധി ശ്രമിച്ചതാണ്... ഒരുമിച്ചു അഡ്മിഷൻ കിട്ടാഞ്ഞത് കൊണ്ട് വിഷമത്തോടെ എങ്കിലും ഞങ്ങൾ രണ്ടു വഴിക്കായി... എങ്കിലും ബസ് ഇറങ്ങുമ്പോൾ അവൻ അവിടെ ഉണ്ടാകും എന്നും... പിന്നെ വീട്ടിലോട്ടുള്ള പോക്ക് ഒരു ഉത്സവമാണ്... അന്നത്തെ മുഴുവൻ കഥകളും പറഞ്ഞു ... കളിച്ചു ചിരിച്ചു... അങ്ങനെ നിരങ്ങി നിരങ്ങി വീടെത്തുമ്പോൾ ഒരു സമയം ആകും... എന്റെ വീടിനു തൊട്ടടുത്തു തന്നെയാണ് അവന്റെയും വീട്... ഇങ്ങനെയൊക്കെ ആയതു കൊണ്ടാവാം 3 വർഷങ്ങൾ പെട്ടെന്ന് കടന്നു പോയി...


രണ്ടു മാസം പിന്നെയും ഞങ്ങൾ ആഘോഷിച്ചു ജീവിച്ചു... അതിനുള്ളിൽ അവനു ജോലിയും ആയി... സന്തോഷം ഉള്ള കാര്യം ആണെങ്കിലും അതെനിക്ക് എവിടെയോ ചില വിങ്ങലുകൾ സമ്മാനിച്ചു... എറണാകുളത്തു ആണ് ജോലി... എന്നും വരാൻ കഴിയില്ല... എങ്കിലും വീട്ടുകാരുടെ സന്തോഷം കൂടെ നമ്മൾ നോക്കണ്ടേ... പരസ്പരം ഞങ്ങൾ ഇങ്ങനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അതെല്ലാം വിഫലമായി...


വീടിനു പുറത്തേക്ക് എനിക്ക് ഇറങ്ങാൻ വയ്യാതെ ആയി,എവിടെ നോക്കിയാലും അവനെ ഓർമ വരും... ഒരുപാട് പേരുടെ ഇടയിൽ ഞാൻ ഒറ്റയ്ക്കായ പോലെ... ആ സമയങ്ങളിൽ ഞാൻ എന്നെ തന്നെ കൂടുതൽ വിലയിരുത്തുകയായിരുന്നു... അവൻ എനിക്ക് ആരായിരുന്നു എന്നു ഞാൻ സ്വയം ചോദിച്ചു തുടങ്ങിയ നിമിഷങ്ങൾ ...അവന്റെ ഫോൺ വിളികൾക്ക് വേണ്ടി കാത്തിരുന്ന ദിവസങ്ങൾ... അവൻ എനിക്ക് ഒരു സുഹൃത്തിനും അപ്പുറം നിർവചിക്കാൻ ആവാത്ത വിധം ആരൊക്കെയോ ആയി മാറിയിരിക്കുന്നു... അവനെ കുറിച്ചുള്ള ഓർമകൾ എന്നെ അവിടെ വേട്ടയാടിക്കൊണ്ടേ ഇരുന്നു...


അപ്പോഴാണ് പിജിയ്ക്ക് അഡ്മിഷൻ എടുക്കാൻ സമയം ആയത്... പിന്നെ ഒന്നും ചിന്തിച്ചില്ല... എറണാകുളത്തുള്ള മുഴുവൻ കോളേജുകളും നിരത്തി പിടിച്ചു വെച്ചു... നല്ല മാർക്ക് ഉള്ളത് കൊണ്ടാവും പ്രതീക്ഷിച്ച ഒരു കോളേജിലും അഡ്മിഷൻ കിട്ടിയില്ല... കിട്ടിയതോ അങ്ങു കോട്ടയത്തും... എങ്കിലും സാരമില്ല... അവനില്ലാതെ വീട്ടിൽ നിൽക്കണ്ടല്ലോ... അങ്ങനെ ഞാനും വീട്ടിൽ നിന്ന് ഹോസ്റ്റലിലേക്ക് യാത്രയായി... ഹോസ്റ്റലിൽ എത്തിയപ്പോൾ മുതൽ എന്റെ നഷ്ടങ്ങൾ ഒന്നിൽ നിന്നും ഒറ്റയടിയ്ക്ക് മൂന്നായി മാറി. അവനേം മിസ് ചെയ്യാൻ തുടങ്ങി, അവന്റെ വീടും മിസ് ചെയ്യാൻ തുടങ്ങി... എന്റെ വീടും ആ നഷ്ടങ്ങളിൽ ഇടം പിടിച്ചു...


എല്ലാ നഷ്ടങ്ങളും ഒന്നിച്ചു വന്നത് കൊണ്ടാവാം... ആ നഷ്ടങ്ങളിൽ പോലും ഏറ്റവും പ്രിയപ്പെട്ടത് അവൻ ആണെന്ന് തോന്നി തുടങ്ങിയത്... പിന്നീട് അങ്ങോട്ട് മനസ്സ് നിറയെ അവനോടുള്ള പ്രണയം ആയിരുന്നു... എല്ലാ മാസവും അവൻ വരുന്ന ശനിയും ഞായറും ഞാൻ നോക്കി വയ്ക്കും... അന്ന് വീട്ടിലേക്ക് പോകുന്നത് ഒരു ആഘോഷമാണ്... പഴയപോലെ അവൻ അവിടെ കാത്തു നിൽപ്പുണ്ടാകും എന്റെ വരവും കാത്തു...


പതിയെ പതിയെ ആ പോക്കുവരവിലെ സംസാരം കുറഞ്ഞു കുറഞ്ഞു വന്നു... പരസ്പരം പറയാത്ത ഒരു കാര്യം പോലും ഞങ്ങൾക്കിടയിൽ ഇല്ലെങ്കിലും പരസ്പരം പറയാൻ മടിക്കുന്ന എന്തോ ഒന്ന് ഞങ്ങൾക്കിടയിൽ ഉടലെടുത്തു തുടങ്ങിയിരുന്നു... ഒരു പക്ഷെ അത് പ്രണയം ആവാം... ആവാം എന്നല്ല ആണ്... സൗഹൃദത്തിനുമപ്പുറം നിന്നോട് എനിക്ക് ഒരു പ്രണയം ഉണ്ട് എന്ന് പറയാൻ കഴിയാതെ ഞങ്ങളുടെ ഹൃദയങ്ങൾ വെറുതെ പിടഞ്ഞിരുന്നു...


2019 ഡിസംബർ 23 

എന്റെ പിറന്നാൾ ദിനം... പതിവുപോലെ വെളുപ്പിനെ 12 മണി ക്ലോക്കിൽ അടിച്ചപ്പോൾ എന്റെ ഫോണിൽ അവന്റെ കാൾ വന്നു...


അവന്റെ സ്ഥിരം ഹാപ്പി ബർത്ത് ഡേ കേൾക്കാൻ തിടുക്കപ്പെട്ട് ഞാൻ ഫോൺ എടുത്തു... പതിവ് തെറ്റിയില്ല എന്റെ കാതടപ്പിക്കുന്ന ശബ്‌ദത്തിൽ അവിടെ നിന്നു കാറി കൂവിയാണ് ഹാപ്പി ബർത്ത് ഡേ പറയുന്നേ... അത് അവന്റെ സ്ഥിരം പരിപാടി ആണ്... എന്റെ കാത് ആ നിലവിളി ശബ്ദവുമായി പൊരുത്തപെട്ടു പോയതു കൊണ്ടാവും ഇതുവരെ പരാതി ഒന്നും പറഞ്ഞിട്ടില്ല...


അന്ന് കോളേജിൽ ക്രിസ്തുമസ് ആഘോഷമാണ്... കൂട്ടത്തിൽ കൂട്ടുകാരുടെ വക എന്റെ ബർത്ത് ഡേ ആഘോഷവും പ്രതീക്ഷിക്കാം... എന്തായാലും എല്ലാം പ്രതീക്ഷിച്ചു കൊണ്ട് ആണ് ഇറങ്ങുന്നത്... പിന്നെ അന്ന് വൈകിട്ട് വീട്ടിലേക്ക് പോകുന്നതിന്റെ സന്തോഷം വേറെ...


പരിപാടികൾ എല്ലാം ഗംഭീരമായി കഴിഞ്ഞു... കൂട്ടുകാരുടെ വക ബർത്ഡേ ആഘോഷം കൂടെ കഴിഞ്ഞപ്പോൾ എന്നത്തേയും പോലെ ഇത്തവണയും താമസിച്ചു... അവൻ വീട്ടിലുണ്ടാവും എന്നു ഉറപ്പാണ്... എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല, പക്ഷെ ബസ് ഇറങ്ങുമ്പോൾ അവൻ അവിടെ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പാണ്...


 പതിവൊന്നും തെറ്റിയിട്ടില്ല... പതിവ് പോലെ പോസ്റ്റിൽ ചാരി പോസ്റ്റ് ആയിട്ട് നിപ്പുണ്ട്... താമസിച്ചതിന്റെ പേരിൽ സ്ഥിരം കേൾക്കുന്ന വഴക്കൊന്നും അന്ന് കേട്ടില്ല...


എന്തോ എന്നോട് കാര്യമായിട്ട് പറയാൻ ഉണ്ടെന്നു മുഖത്തു നിന്നു വായിച്ചെടുക്കാം... അതു ഞാൻ അത്ര നാളും കേൾക്കാൻ ആഗ്രഹിച്ചത് തന്നെ ആവണെ എന്നു ഞാൻ മനസ്സിൽ ഒരു നൂറുവട്ടം പ്രാർത്ഥിച്ചിട്ടുണ്ടാവും... അവൻ മൗനം അവസാനിപ്പിച്ചു പറഞ്ഞു തുടങ്ങി..


അവന്റെ സംസാരം ഒരു അശ്വസിപ്പിക്കൽ പോലെ എനിക്ക് തോന്നി... പക്ഷെ എന്തിന്.... അതു മാത്രം എനിക്ക് മനസ്സിലായില്ല... വീടെത്തും വരെ അവൻ എന്തൊക്കെയോ പറയുന്നുണ്ട്... എനിക്ക് ആണെങ്കിൽ ഒന്നും മനസിലാകുന്നുമില്ല... ഒരു യാത്ര പറയൽ പോലെ എനിക്ക് തോന്നി... അതു വെറും തോന്നൽ ആണെന്ന് എനിക്ക് തന്നെ അറിയാം... എന്നെ കൂട്ടാതെ അവൻ എവിടെ പോകാൻ... വീടെത്തി... എന്തോ പറയാൻ ബാക്കി വെച്ചു അവൻ അവന്റെ വീട്ടിലേയ്ക്ക് നടന്നു... ഞാൻ എന്റെ വീട്ടിലേക്കും...


അകത്തു കയറും മുൻപ് ഞാൻ അവന്റെ വീട്ടിലേക്ക് വീണ്ടും നോക്കി, ലൈറ്റ് എല്ലാം നിർത്തിയിരിക്കുന്നു... അവരെല്ലാം നേരത്തെ കിടന്നോ... ഞാൻ ഫോണിൽ അവനെ വിളിച്ചു നോക്കി ഫോൺ സ്വിച്ച് ഓഫ് ആണ്... പതിവില്ലാത്ത ഒരു ക്ഷീണം അന്ന് തോന്നി... കുളിച്ചിട്ട് നേരത്തെ കിടന്നു... പക്ഷേ ഉറക്കം വരുന്നില്ല... അവൻ പറഞ്ഞ ഓരോ വാക്കും വീണ്ടും വീണ്ടും മനസിൽ കയറി വന്നു കൊണ്ടിരുന്നു... ചെവിൽ ആരുടെയൊക്കെയോ കരച്ചിൽ കേൾക്കാം... ഞാൻ ചെവി പൊത്തി പിടിച്ചു തലയിണയിൽ മുഖമമർത്തി കിടന്നു... എപ്പോഴോ ഉറങ്ങി പോയി...


പിറ്റേന്ന് രാവിലെ എഴുന്നേറ്റ് പുറത്തേക്ക് നോക്കുമ്പോൾ അവന്റെ വീട്ടിൽ വണ്ടികൾ വരുന്നും പോകുന്നുമുണ്ട്... ഞാൻ വെളിയിലേക്ക് ഇറങ്ങിയപ്പോൾ അമ്മമ്മച്ചി എന്നെ വിളിച്ചു മുറിയിലേക്ക് കൊണ്ടുപോവാൻ ശ്രമിച്ചു... എനിക്ക് ഒന്നും മനസ്സിലായില്ല... ഇന്നലെ രാത്രിയിൽ കാതിൽ കേട്ട അതേ കരച്ചിലും നിലവിളിയും വീണ്ടും എന്റെ കാതിൽ മുഴങ്ങി...


ഞാൻ അവന്റെ വീട്ടിലേക്ക് ഇറങ്ങി ഓടി... ആളുകൾ കൂടി നിൽപ്പുണ്ട്... അവരുടെ ഇടയിലേക്ക് ഞാൻ മുന്നോട്ടു പാഞ്ഞു... എന്റെ കണ്ണുകൾ അവനെ തിരയുകയായിരുന്നു... ഞാൻ ആ വീടിന്റെ പടികൾ കയറും മുൻപേ മുറ്റത്തു ഒരു ആംബുലൻസ് വന്നു നിന്നു... അതിൽ നിന്നും പുറത്തേക്ക് ഇറക്കിവെച്ച ചേതനയറ്റ ശരീരം അവന്റെ ആണെന്ന് എല്ലാരും പറയുന്നു... അവന്റെ അമ്മയും അനിയത്തിയും ആ ശരീരത്തിൽ കെട്ടിപിടിച്ചു കരയുന്നു... അച്ഛൻ ഒന്നും മിണ്ടാതെ അരികിൽ തന്നെ തളർന്നു ഇരുപ്പുണ്ട്....

………………………………………………………...................


"സ്റ്റോപ്പ് എത്തി,ഇറങ്ങുന്നില്ലേ..."കണ്ടക്ടർ തട്ടി വിളിച്ചു... ഞാൻ ഞെട്ടി സീറ്റിൽ നിന്നു എഴുന്നേറ്റു...

"ഒറ്റയ്ക്കെ ഉള്ളോ... ആരേലും കൂട്ടിക്കൊണ്ട് പോവാൻ വരുമോ?" കണ്ടക്ടർ പഴയ പരിചയം വെച്ചു ചോയിച്ചു... ഞാൻ പുറത്തേയ്ക്ക് ചൂണ്ടിക്കാട്ടി... അവൻ പോസ്റ്റിൽ ചാരി കട്ട പോസ്റ്റ് ആയി നിൽപ്പുണ്ട്... എന്റെ കണ്ണുകൾക്ക് മാത്രം കാണുവാൻ വേണ്ടി... ഞാൻ അവന്റെ അടുത്തേക്ക് നടന്നു നീങ്ങി... ഇന്നെങ്കിലും എന്റെ പ്രണയം തുറന്ന് പറയണം... ഒരു പക്ഷെ എന്നെ പോലെ അവനും അതു കേൾക്കാൻ ആഗ്രഹിച്ചു നിൽക്കുവാണെങ്കിലോ... വീട് എത്തും വരെ ഞങ്ങൾക്ക് ഇടയിൽ മൗനമായിരുന്നു... ആ മൗനത്തിൽ ഒരായിരം തവണ എനിക്ക് നിന്നെ ഇഷ്ടം ആണെന്നുള്ള വാക്കു അലിഞ്ഞു ചേർന്നിട്ടുണ്ടാവണം... വീടടുത്തു ... ഒരു രാത്രിയ്ക്ക് വേണ്ടി വീണ്ടും കണ്ണുകൾ തമ്മിൽ യാത്ര പറയാൻ ഒരുങ്ങി... ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോൾ എന്റെ കയ്യിൽ ഒരു തണുത്ത സ്പർശ്ശം ... അവൻ എന്നെയും കൊണ്ട് വീട്ടിലേക്ക് ആണ്... അമ്മ പുറത്തു കാത്തു നിൽപ്പുണ്ട്... എന്നെ കണ്ടതും കെട്ടിപിടിച്ചു കവിളിൽ ഒരു മുത്തം നൽകി... ഞാൻ നേരെ ചെന്നത് അവന്റെ മുറിയിലേക്ക് ആണ്... അവിടെ നിറയെ ഞങ്ങൾ ചെറുപ്പം മുതൽ കളിച്ച കളിപ്പാട്ടങ്ങൾ ആണ്... ഞാൻ അവനു കൊടുത്ത ഗിഫ്റ്റ് എല്ലാം മനോഹരമായി ഷെൽഫിൽ അടുക്കി വെച്ചിരിക്കുന്നു... ഇതിനു മുൻമ്പെങ്ങും അവന്റെ മുറിയ്ക്ക് ഇത്ര ഭംഗി ഞാൻ കണ്ടിട്ടില്ല...


പകുതി എഴുതി വെച്ച അവന്റെ ഡയറി അപ്പോഴാണ് എന്റെ കണ്ണിൽപെട്ടത്... അതിൽ മുഴുവൻ ഞാൻ ആയിരുന്നു... ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ ആയിരുന്നു... അതിന്റെ അവസാന താളിൽ ഞാനും എന്തൊക്കെയോ കുത്തി കുറിച്ചു... എപ്പോഴോ അവനോടൊപ്പം ഉറങ്ങി പോയി... ഞാൻ പോലും അറിയാതെ... എന്നന്നേക്കുമായി...


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°


ചേട്ടന്റെ ഡയറി താളുകൾ ഓരോന്നും എന്റെ ഹൃദയത്തെ കീറി മുറിച്ചു... ഇതു വായിക്കേണ്ടിയിരുന്നില്ല എന്നു ഇപ്പോൾ തോന്നുന്നു... ഒടുവിലെ താളുകളിൽ സ്നേഹ ചേച്ചി കുറിച്ചിട്ട വാക്കുകൾ വീണ്ടും വീണ്ടും മനസിനെ കുത്തി നോവിക്കുന്നു... ചേട്ടൻ ഡിസംബർ 23 നു വീട്ടിലേക്ക് വരും വഴി ആയിരുന്നു ആക്‌സിഡന്റ് ഉണ്ടാവുന്നത്... ആംബുലൻസുമായി ചേട്ടന്റെ ബൈക്ക് ഇടിക്കുകയായിരുന്നു... അപ്പോൾ തന്നെ മരിച്ചിരുന്നു എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്... അതായത് ഡിസംബർ 23 രാവിലെ 12:45നു ചേട്ടൻ മരിച്ചിരുന്നു... ചേച്ചിയെ വിളിച്ചു നിമിഷങ്ങൾക്കുള്ളിൽ ചേട്ടൻ ഈ ലോകത്തോട് യാത്ര പറഞ്ഞിരുന്നു... പിന്നെ എങ്ങനെയാണ് രാത്രി ചേച്ചി വരുന്നതും കാത്തു ചേട്ടന് അവിടെ നിൽക്കാൻ കഴിയുക... ഹോസ്റ്റൽ ജീവിതത്തിന് വിരാമമിട്ടുകൊണ്ട് ചേച്ചി വന്നത് ചേട്ടനോടൊപ്പം എന്നെന്നേക്കുമായി അവരുടെ ലോകത്തേയ്ക്ക് യാത്രയാകുവാൻ ആയിരുന്നുവോ...14 ഫെബ്രുവരി... വാലന്റൈൻസ് ഡേ... ചേട്ടനും ചേച്ചിയും അവരുടെ ലോകത്ത് ഇപ്പോൾ ആഘോഷിക്കുന്നുണ്ടാവും അവർ ഒന്നിച്ചുള്ള ഈ വാലന്റൈൻസ് ഡേ...


Rate this content
Log in

Similar malayalam story from Romance