Malavika Manishelei

Drama Inspirational

4.5  

Malavika Manishelei

Drama Inspirational

ഒരു ക്വാറന്റൈൻ നെഞ്ചിടിപ്പ്

ഒരു ക്വാറന്റൈൻ നെഞ്ചിടിപ്പ്

5 mins
22.7K


ഇന്ന് വെള്ളിയാഴ്ചയാണ്. എന്റെ ക്വാറന്റൈൻ ദിനം രണ്ട്.


ഒരു ഫോൺ ബെല്ലടിയോടെയാണ് ഞാൻ എഴുന്നേറ്റത്.അമ്മയായിരുന്നു, ഭക്ഷണം കഴിച്ചോ എന്നറിയാനാണ്. കൊറോണ കാരണം സ്വന്തം നാട്ടിൽ പോകാൻ പറ്റാതെ തമിഴ്നാട്ടിൽ തനിച്ചായി പോകുമ്പോൾ മാതാപിതാക്കൾക്ക് വേവലാതി ഉണ്ടാകുമല്ലോ, അതും അതൊരു 22 വയസായ പെൺകുട്ടി ആണെങ്കിൽ. നാല് ചുമരുകൾകുള്ളിൽ കഴിയുമ്പോൾ ഉണ്ടാകുന്ന ഒരു വീർപ്പുമുട്ടൽ അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്…


പച്ചക്കറികൾ കഴിഞ്ഞു, ഇനി വാങ്ങണം. കൂട്ടുകാരില്ലാതെ ആദ്യമായാണ് ഞാൻ കടയ്ക്കു പോകുന്നത്. ഇപ്പോ എല്ലാവരും സന്തോഷത്തോടെ വീട്ടിൽ കഴിയുന്നുണ്ടാവും, ഞാൻ മാത്രം ഇവിടെ ഒറ്റയ്ക്ക്‌. ആരെയും ആശ്രയിക്കാതെ ജീവിക്കണ്ടേ? അങ്ങനെ എല്ലാം വാങ്ങിച്ചു ഹോസ്റ്റലിലെത്തി. രാത്രി ഭക്ഷണം വയ്ക്കാൻ വയ്യ, അമ്മ ചോദിച്ചപ്പോൾ കഴിച്ചെന്നു കള്ളം പറഞ്ഞു. വെറുതെ  എന്തിനാ അവരെ വിഷമിപ്പിക്കുന്നത്. കുറച്ചു നേരം ന്യൂസ്‌ ഫീഡ് വായിച്ച അങ്ങനെ കിടന്നു. ലോക്ക്ഡൗൺ  നീട്ടുക തന്നെ ചെയ്യും. പെട്ടുപോയ അവസ്ഥ. എപ്പോഴോ ഞാൻ ഉറങ്ങിപോയി.


ക്വാറന്റൈൻ ദിനം മൂന്ന്... ശനിയാഴ്ച


ഇന്ന് കുറച്ചു വ്യത്യസ്തമായ എന്തെങ്കിലും ഉണ്ടാക്കണം. യു ട്യൂബ് ഉള്ളപോൾ എന്തിനു ഭയപ്പെടണം? അങ്ങനെ ചിക്കൻ ബിരിയാണി ഉണ്ടാക്കി. ഒറ്റയ്ക്കിരുന്നാ ഈ ഒരു ഗുണം ഉണ്ട്. പാചകം പഠിക്കും. പക്ഷെ സംസാരപ്രിയയായ എനിക്ക് ഒറ്റയ്ക്കിരുപ്പു അസഹിനീയമായിരുന്നു. പക്ഷെ സഹിച്ചല്ലേ പറ്റു! ദിവസം മൂന്ന് നേരം വീട്ടീന്ന് വിളിക്കും. കൂട്ടുകാരൊന്നും എന്നെ വിളിച്ചില്ല. എനിക്ക് നല്ലൊരു സുഹൃത്ബന്ധം സ്ഥാപിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ടയായിരിക്കും ആരും സുഖാന്വേഷണവിവരങ്ങൾ അറിയാൻ വിളിക്കാത്തത്. എനിക്കുകിട്ടിയ ഭാഗ്യം അച്ഛനും അമ്മയുമാണ്. ഒരിക്കലും ഞാൻ അവരെ വാക്കുകൊണ്ടുപോലും വിഷമിപ്പിക്കരുത് എന്ന ദൃഢനിശ്ചയമാണ് ഇന്ന് ഞാൻ എടുത്തത് .എന്റെ കൂട്ടുകാർക്കൊക്കെ മനസ്സിൽ വലിയൊരു സ്ഥാനമാണ് ഞാൻ കൊടുത്തത് ,പക്ഷെ തനിച്ചായപ്പോഴാണ് മനസിലായത് അതെത്രമാത്രം സത്യമാണെന്നു. പഴയ ഓരോ കാര്യങ്ങൾ ഓർത്തു ഞാൻ കിടന്നു.


ക്വാറന്റൈൻ ദിനം നാല്, ഞായറാഴ്ച


രാവിലെ പത്തുമണിക്കാണ് ഞാൻ എഴുന്നേറ്റത്. അമ്മയുടെ മൂന്ന് മിസ്സ് കോൾ ഞാൻ അറിഞ്ഞില്ല. വിളിച്ചപ്പോ പിന്നേയും കള്ളം പറയേണ്ടി വന്നു. ഇതിൽ തെറ്റൊന്നും ഇല്ല. അവരെ സങ്കടപെടുത്തുന്നത് എനിക്കിഷ്ടമല്ല. ഇനി എന്തെങ്കിലും പോയി ഉണ്ടാക്കണം. ഇനി എത്ര ദിനങ്ങൾ ഞാൻ ഇങ്ങനെ കഴിച്ചുകൂട്ടണം! 


പിന്നീട് എന്റെ സഞ്ചിയും തൂക്കി ഞാൻ പച്ചക്കറി വാങ്ങാൻ നടന്നു. തിരിച്ചു വരുമ്പോ ആരോ എന്നെ പിന്തുടർന്നുകൊണ്ടിരിക്കുന്ന പോലെ തോന്നി. കറുത്തിരുണ്ട വല്യ കട്ടി മീശ വച്ച ഒരു മധ്യവയസ്‌കൻ. കുടിച്ചിട്ടുണ്ടെന്നു തോന്നുന്നു. അയാൾ എന്നെ പിന്തുടരുന്നതുപോലെ തോന്നിക്കൊണ്ടേയിരുന്നു. എന്റെ മനസിലൂടെ എന്തൊക്കെയോ ചിന്തകൾ കടന്നുപോയി, അതു കൊണ്ടാണെന്നു തോന്നുന്നു എന്റെ കാലുകളുടെ വേഗത കൂടിക്കൊണ്ടേയിരുന്നു. ഹോസ്റ്റലിൽ എത്തിപ്പെട്ടു. നെഞ്ചിടിപ്പ് കൂടിവന്നു. ദൈവമേ എന്നെ കാത്തോളണേ. ഇപ്പോഴാണ്  ഒന്ന് സമാധാനമായത്.


കഞ്ഞി ഒരു നല്ല ഭക്ഷണം ആണെന്ന് എനിക്കു മനസിലായി. ആദ്യം ഞാൻ അതിനെ നിരസിച്ചിരുന്നു, ഇപ്പൊ എളുപ്പപ്പണി അതാണ്. ഉപ്പും കഞ്ഞിയും തൈരും നല്ല ചേരുവ ആണ്. വയർ നിറഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു പെട്ടന്ന് ഉറക്കം വന്നു.


ക്വാറന്റൈൻ ദിനം അഞ്ചു, തിങ്കളാഴ്ച


അച്ഛൻ വിളിച്ചപ്പോൾ വഴിയിൽ കണ്ട ആളെക്കുറിച്ചു പറയണമെന്നുണ്ടായി. പക്ഷെ 'കുറച്ചു പോലും നീ നിന്റെ അച്ഛനെ വിഷമിപ്പിക്കരുത്, അച്ഛന് ഹാർട്ട്‌ പ്രോബ്ലം ഉണ്ട്. നിന്നെയാണ് അച്ഛൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്. നിന്റെ മനസ്സ് നൊന്താൽ അച്ഛനാണ് വേദനിക്കുക' എന്ന അമ്മയുടെ വാക്കുകൾ ഞാൻ ഓർത്തു. പിന്നെ പറയാൻ തോന്നിയില്ല. ഒരു പെൺകുട്ടി ആയി ജനിച്ചാൽ മരണം വരെ മാതാപിതാക്കൾക്കു ആവലാതി ആണ്. അപ്പോഴാണ് എന്റെ മനസിലൂടെ സ്കൂളിൽ ടൂർ പോകാൻ സമ്മതിക്കാത്തതിന്റെ പിന്നിലുള്ള അച്ഛന്റെ സ്നേഹം ഞാൻ മനസിലാക്കിയത്. അപ്പോഴൊക്കെ ഞാൻ ദേഷ്യപ്പെട്ടു, ഒരുപാട് അവരെ ചീത്തപറയുകയും കരയുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഈ ദിനങ്ങൾ എനിക്കൊരുപാട് പഠിപ്പിച്ചുതന്നപോലെ എനിക്കുതോന്നി. കുട്ടിത്തമൊക്കെ മാറി ഞാനൊരു കാര്യഗൗരവമുള്ള കുട്ടിയെപോലെയായി. ഞാൻ എന്നെ തന്നെ അഭിനന്ദിച്ചു.


ക്വാറന്റൈൻ ദിനം ആറ്, ചൊവ്വാഴ്ച


ഇന്നെന്റെ പിറന്നാളാണ്, ആദ്യമായിട്ടാണ് ഒറ്റയ്ക്ക് ഒരു പിറന്നാൾ. കുറെ പേർ വിളിച്ചു ആശംസിച്ചു. നേരത്തെ കുളിച്ചു വിളക്കുകൊളുത്തി. ഇന്ന് പായസം വയ്ക്കണം. എപ്പോഴും പോലെ സഞ്ചിയും തൂക്കി ഞാൻ കടയ്ക്ക് പോകനൊരുങ്ങി. തിരിച്ചുവരുമ്പോൾ അതാ അയാൾ വീണ്ടും. സകല ദൈവങ്ങളെയും മനസിൽ കണ്ടുകൊണ്ടു ഞാൻ അവിടെ നിന്നും ഓടി. പക്ഷെ അയാൾ ആ വിജനമായ റോഡിൽ എന്റെ മുടിയിൽ പിടിച്ചു വലിക്കാൻ ശ്രമിച്ചു. ഞാൻ കുതറിമാറികൊണ്ട് എന്തൊക്കെയോ അയാളോട് പറഞ്ഞു. ആ സമയത്തും എന്റെ ഓട്ടം ഞാൻ നിർത്തിയില്ല. ദൈവകൃപകൊണ്ട് ഞാൻ രക്ഷപെട്ടു.


അങ്ങനെ പായസം ഉണ്ടാക്കി ഭക്ഷണം കഴിച്ചുകഴിഞ്ഞു ഞാൻ കിടന്നു. രാത്രിമഴ എനിക്കിഷ്ടമാണ്, പക്ഷെ ഇന്നെന്തോ പേടിമഴ പോലെ തോന്നി. എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു. ഉറക്കത്തിലേക്ക് ഞാൻ വഴുതിവീണു. പക്ഷെ എന്തോ ശബ്ദം കേട്ടു ഞാൻ എഴുന്നേറ്റു. മെല്ലെ കതവ് തുറന്നു നോക്കി. ആരും ഇല്ല. കതവടച് ഞാൻ കിടന്നു. മെല്ലെ കണ്ണടച്ചു. പക്ഷെ ഒരു ഭയം മനസ്സിനെ അലട്ടി. അതിന്റെ വെളിച്ചത്തിൽ ഞാൻ കണ്ണുതുറന്നു നോക്കുമ്പോൾ കണ്ടത് ആ മധ്യവയസ്‌കൻ എന്റെ മുന്നിൽ നില്കുന്നു. ഞാൻ കുതറി എഴുന്നേറ്റു. അയാൾ എന്നെ പിടിച്ചു വലിക്കാൻ ശ്രമിക്കുന്നു. ഭയത്തിൽ ഞാൻ നിലവിളിക്കുന്നുണ്ട്, പക്ഷെ അത് നാല് ചുവരുകൾക്കുള്ളിൽ മാത്രം കേൾക്കുന്നു. കൈയിൽ കിട്ടിയതെല്ലാം അയാളുടെ മേലെ ഞാൻ എറിയുന്നുണ്ട് പക്ഷെ അയാളുടെ പിടിയിൽ അകപ്പെട്ടു എനിക്ക് അനങ്ങാൻ പറ്റുന്നില്ല. നിനക്ക് എന്നെപോലെ ഒരു മകൾ ഇല്ലേടാ എന്ന് ചോദിക്കുമ്പോഴും കള്ളിന്റെ ഹരത്തിൽ അയാൾ ഒന്നും ചെവി കൊള്ളുന്നില്ല. അയാൾ എന്നെ അടിച്ചു നിലത്തുകിടത്തി. അപ്പോഴും തളരാതെ എനിക്കാവുന്നവിധം ഞാൻ മാറിക്കൊണ്ടിരുന്നു. അയാളുടെ ആഞ്ഞുള്ളതൊഴിയിൽ എനിക്കൊന്നും ചെയ്യാനാവാതെ ഞാൻ കിടന്നു. മനസ്സുരുകി ഞാൻ പ്രാർത്ഥിച്ചു. എന്റെ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കല്ലേ… ഈശ്വരാ… ഈ നീചന്റെ കയ്യിൽ നിന്നും എന്നെ രക്ഷികണേ...


 ഒരു ഫോൺ ബെല്ലോടെ ഞാൻ എഴുന്നേറ്റു അമ്മയായിരുന്നു... അതൊരു സ്വപ്നം ആയിരുന്നോ? ഇടറുന്ന ശബ്ദത്തോടെ ഞാൻ സംസാരിച്ചു... കുഴപ്പമില്ലലോ എന്ന ചോദ്യത്തിന് ഞാൻ എന്തു മറുപടി പറയണം എന്നറിയാതെ പകച്ചുപോയി. പക്ഷെ അപ്പോഴും 'ഞാൻ ഓക്കെയാണമ്മേ' എന്ന വാക്കുകൾ അവരെ ആശ്വസിപ്പിച്ച പോലെ തോന്നി.

 

പക്ഷെ ഞാൻ ആലോചിച്ചു, പീഡിപ്പിക്കപെടുമ്പോഴുള്ള ഓരോ പെൺകുട്ടികളുടെയും മനസിന്റെ അവസ്ഥ. ഈ കൊറോണ ദിനങ്ങളിൽ എത്ര പേർ എന്നെപോലെ വിഷമിച്ചു കഴിയുന്നുണ്ടാവും. പക്ഷെ ആ സങ്കടം ആരെങ്കിലും കേൾകുന്നുണ്ടാവുമോ? ഈ നീചസമൂഹത്തിന്റെ കൂടെ ഒരു പെൺകുട്ടിക്കു ധൈര്യമായി നടക്കാൻ സാധിക്കുമോ? എന്നെ പോലെ ഒറ്റപെട്ടു പോയ ഓരോ കുട്ടികളുടെ വിഷമവും സങ്കടവും ചുവരുകൾക്കുള്ളിൽ മാത്രം ബാക്കി. ഇതുപോലെ അനുഭവങ്ങൾ കൊറോണ കാരണം ഒറ്റപെട്ടു പോയ ഓരോരുത്തർക്കും പറയാനുണ്ടാവും.


എന്റെ ഈ അനുഭവം തന്റെ വീട്ടിലേക്കു പോകാൻ വേണ്ടി കണ്ണീരോടെ കാത്തിരിക്കുന്ന ഓരോരുത്തർക്കും സമർപ്പിക്കുന്നു... ഇനിയും ഒറ്റപെടലിന്റെയും വിഷമത്തിന്റെയും ദിനങ്ങൾ എത്രനാൾ? നിറകണ്ണുമായി ഞാൻ ഇന്നത്തെ ദിനം തള്ളിനീക്കുന്നു.


ക്വാറന്റൈൻ ദിനം 7, ബുധനാഴ്ച


ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്. കാരണം എനിക്ക് രണ്ടു കൂട്ടുകാരന്മാരെ ലഭിച്ചു. തൊട്ടടുത്ത ഹോസ്റ്റലിൽ തന്നെയാണ് അവരുടെ താമസം. എന്റെ കോളേജിൽ ഫാർമസിയിൽ പഠിക്കുന്ന ചേട്ടന്മാർ ആണ്. കണ്ടിട്ടുണ്ട് എന്നല്ലാതെ ഞാൻ അവരോട് കൂടുതൽ സംസാരിച്ചിട്ടില്ല. പിന്നീട് സംസാരിച്ചതിന്റെ വെളിച്ചതിൽ കുറച്ചു ധൈര്യം എനിക്ക് കിട്ടി. കാരണം മറ്റൊന്നുമല്ല, എന്ത് പ്രശ്നമുണ്ടെങ്കിലും ഞങ്ങളെ വിളിച്ചോളൂ എന്ന വാക്കാണ്. വാക്ക് എന്നത് ഒരു മനുഷ്യ മനസ്സിനെ കൊല്ലാൻ വരെ സാധിക്കുന്നതൊന്നാണ്. അവരുടെ നന്മ നിറഞ്ഞ വാക്കുകളിൽ ഞാൻ ഒറ്റയ്ക്കല്ലെന്ന അനുഭൂതി എന്നിൽ ഉളവാക്കി. ഇന്ന് ഞാൻ മുട്ട ബജ്ജി ഉണ്ടാക്കി. അവർക്കും കൊടുത്തു. അങ്ങനെ ഒറ്റമോളായ എനിക്ക് നല്ലൊരു ചേട്ടന്മാരെ കിട്ടി. നല്ലൊരു സുഹൃത്ബന്ധം ഇല്ലാത്ത എനിക്ക് നല്ല സുഹൃത്ബന്ധം ലഭിച്ചു.


ക്വാറന്റൈൻ ദിനം 10 ശനിയാഴ്ച


ഞാൻ ഭക്ഷണം കഴിച്ചോ എന്നും എന്റെ സുഖ വിവരങ്ങൾ അറിയാനും അച്ഛനുമമ്മയും അല്ലാതെ എനിക്ക് കിട്ടിയ രണ്ടു ചേട്ടന്മാർ കൂടി അന്വേഷികാറുണ്ട്. ഞാൻ വേറെ ഒരാളെ കൂടെ പരിചയ പെടുത്താൻ മറന്നുപോയി, ഇന്നലെയാണ് എനിക്ക് അവനെ കിട്ടിയത്. അജി പൂച്ച കുട്ടിയാണ്. എന്റെ കൂട്ടുകാർ അവരെ തന്നെ രക്ഷപ്പെടുത്തുന്നതിനിടയിൽ അജിയെ മറന്നുപോയി. അവൻ ജനൽ വഴി വെളിയിൽ ചാടി എന്റെ റൂമിന്റെ വാതിൽക്കൽ വന്നു നിൽക്കുകയായിരുന്നു. ഞാൻ സ്നേഹത്തോടെ അവനെ വാരിപ്പുണർന്നു. എന്റെ കയ്യിൽ ഉണ്ടായിരുന്ന ബിസ്ക്കറ്റ് ഞാൻ അവനു കൊടുത്തു. പാവം വിശന്നിട്ട് ആയിരിക്കും മുഴുവൻ കഴിച്ചു. എന്റെ കൂടെ ക്വാറന്റൈൻ ജീവിതം രസകരമാക്കാൻ അജിയുമുണ്ട്. ഇന്ന് എനിക്ക് ഭക്ഷണം കൊണ്ടു തന്നത് ചേട്ടന്മാരാണ്. പറയാതിരിക്കാൻ വയ്യ കിടു ഭക്ഷമായിരുന്നു. കുറേ നേരം ഞാനും അജിയും കളിച്ചു. പൂച്ചകൾക്കും പട്ടികൾക്കും സംസാരിക്കാൻ കഴിയുമെങ്കിൽ എന്ന് ഞാൻ ആശിച്ചു. ഈ മിണ്ടാപ്രാണികൾക്കാണ്  മനുഷ്യരെക്കാളും സ്നേഹം.


ക്വാറന്റൈൻ ദിനം 12 തിങ്കളാഴ്ച


ഇന്ന് ചേട്ടന്മാരുടെ കഥയാണ് ഞാൻ കേട്ടുകൊണ്ടിരുന്നത്, പാവം രണ്ടുപേർക്കും നല്ല തേപ്പ് കിട്ടിയിട്ടുണ്ട്. ഇപ്പോഴും അത് ആലോചിച്ച് വിഷമിക്കാറുണ്ടെന്നു പറഞ്ഞപ്പോൾ കുറേ അവരെ പറഞ്ഞുമനസ്സിലാക്കി. എല്ലാം പെൺകുട്ടികൾക്കും ഒരേ മനസ്സാണെന്ന ധാരണ ഞാൻ എന്റെ വാക്കുകളിലൂടെ മാറ്റിയെടുത്തു. ഇത്രയും നല്ല മനസ്സുള്ള നിനക്ക് എങ്ങനെയാണ് നല്ലൊരു സുഹൃത്ത് ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞില്ല എന്ന അവരുടെ ചോദ്യത്തിന് മൗനയായി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. പക്ഷേ എന്റെ മനസ്സ് മന്ത്രിച്ചു, കൂട്ടുകാരുടെ വിഷമത്തിൽ പങ്കുചേർന്ന് അത് തീർക്കുമ്പോൾ മാത്രമാണവർ ഉണ്ടാവുക. എന്റെ വിഷമം കാലത്ത് ആരുംതന്നെ കൂടെ ഉണ്ടാവുകയില്ല. കുറച്ചു സമയം അജിയോടൊപ്പം കളിച്ചു ഞാൻ ഉറങ്ങി.


ക്വാറന്റൈൻ ദിനം 13 ചൊവ്വാഴ്ച


പച്ചക്കറി കഴിഞ്ഞു. കടയ്ക്ക് പോകുമ്പോൾ ചേട്ടന്മാരെയും ഞാൻ കൂട്ടിനു വിളിച്ചു കാരണം ഒറ്റയ്ക്ക് പോയതിന്റെ ഭയം എനിക്ക് ഇപ്പോഴും മാറിയിട്ടില്ല. അതുകൊണ്ടു തന്നെ അവരോട് പറഞ്ഞപ്പോൾ കടയ്ക്ക് പോകണമെന്ന് തോന്നിയാൽ ഞങ്ങളെ വിളിച്ചോളൂ എന്ന് പറഞ്ഞത്കൊണ്ട് ഒരുമിച്ചു പച്ചക്കറി വാങ്ങിക്കാൻ ഞങ്ങൾ നടന്നു... പക്ഷെ തിരിച്ചുവരുമ്പോൾ കുറച്ചു സ്ത്രീകൾ പറയുന്നത് കേട്ടു. കണ്ടോ ഈ ക്വാറന്റൈൻ കാലത്ത് പോലും ചുറ്റിയടിച്ചു നടക്കുന്നത്. അവളുടെ സ്വഭാവം ശരിയല്ല. ഇപ്പോഴത്തെ പെൺകുട്ടികൾ എന്താ ഇങ്ങനെ?

അവളുടെ അച്ഛനമ്മമാരെ പറഞ്ഞാൽ മതിയല്ലോ. അതുകേട്ടപ്പോൾ മനസ്സ് വല്ലാതങ്ങു നീറി. എന്തോ എല്ലാവരുടെ മുമ്പിലും ചിരിച്ചു ഇരിക്കുന്ന എന്റെ കണ്ണിൽ നിന്നും കണ്ണീർ ധാര ധാര ആയി ഒഴുകിക്കൊണ്ടിരുന്നു.


ചേട്ടന്മാരാണ് എന്നെ ആശ്വസിപ്പിച്ചത്. അവർ പറഞ്ഞു. നമ്മൾക്കറിയാം എന്താണ് സത്യമെന്ന്. ആരെയും നീ ഭയപ്പെടരുത്. മറ്റുള്ളവരെ കണ്ടിട്ടല്ല നീ ജീവിക്കേണ്ടത്. നിന്റെ അച്ഛനും അമ്മയും നല്ലപോലെ ആണ് നിന്നെ വളർത്തിയിരിക്കുന്നത്. നല്ല സ്വഭാവത്തിനുടമയാണ് നീ. മറ്റുള്ളവരെ സഹായിക്കാൻ ഉള്ള ഈ മനസ്സ് വളരെ വലുതാണ്.


ഇപ്പോഴാണ് എനിക്ക് കുറച്ചു സമാധാനം ആയത്. പക്ഷെ ഞാൻ ആലോചിച്ചു. ഒറ്റയ്ക്ക് പോയാൽ ഓരോരുത്തരുടെ കഴുകനോട്ടത്തെ ഭയക്കണം. ആരെങ്കിലും കൂടെ ഉണ്ടെങ്കിൽ അവളുടെ സ്വഭാവം ശരിയല്ല. ഇതെന്ത് സമൂഹമാണ്? പക്ഷെ ഇന്ന് ഞാൻ നിർത്തുന്നത് നിറകണ്ണോടെ അല്ല. പൊരുതണം ഈ സമൂഹത്തു ജീവിക്കണമെങ്കിൽ. ഇനി ഞാൻ ഒറ്റയ്ക്ക് പോകും. ഏതു കഴുകക്കണ്ണുകളെയും ഞാൻ ഭയപ്പെടില്ല. എനിക്ക് ഞാനുണ്ട്. ഒരിക്കലും ഒറ്റയ്ക്കല്ല എന്നൊരു ആത്മ ധൈര്യം എനിക്ക് കിട്ടി. ഇനി ഏതു സന്ദർഭത്തിലും ഏതു പ്രശ്നമായാലും ഒറ്റയ്ക്ക് ഞാൻ അഭിമുഖികരിക്കും. ഞാനെന്റെ അനുഭവ കഥ ഇവിടെ അവസാനിപ്പിക്കുന്നു... പക്ഷെ നിറകണ്ണുകളോട് കൂടിയല്ല. ആത്മ ധൈര്യത്തോടുകൂടി. വിദേശത്തു ഒറ്റപ്പെട്ടിരിക്കുന്ന ഒരോരുത്തരും പ്രശ്നങ്ങളെ നേരിടണം. ആരെയും ഭയപ്പെടരുത്. അവസാനശ്വാസം വരെ. മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കരുത്. നമ്മുടെ സന്തോഷം നമ്മുടെ കയ്യിലാണ്. മറ്റാർക്കും അത് കൊടുക്കരുത്. ആരുടെ കണ്ണുകളെയും ഭയപ്പെടാതെ മനസ്സ് ശക്തമാക്കുക.


നമ്മളെല്ലാവരും സന്തോഷത്തോടെ വീടുകളിൽ എത്തിച്ചേരും. എല്ലാവരുടെയും നന്മയ്ക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഇതെന്റെ ജീവിതമാണ്. ഇനി എന്തുനടക്കുമെന്നറിയാതെ പൊരുതുന്ന ജീവിതം.


Rate this content
Log in

Similar malayalam story from Drama