നീല ചിത്രത്തിലെ നായിക
നീല ചിത്രത്തിലെ നായിക


കോളേജിൽ പഠിക്കുന്ന കാലം, ക്ലാസിലെ പുറകിലത്തെ ബഞ്ചിൽ ഞങ്ങൾ ആറു സുഹൃത്തുക്കൾ അക്ഷമരായി ഇരിക്കുന്നു. കാരണം, ജീവിതത്തിൽ ആദ്യമായി പോണോഗ്രാഫി ഫിലിം (നീലചിത്രം) കാണാൻ പോകുന്നു. അന്ന് നാട്ടിൽ VCRഉം ടിവിയും എത്തിയിട്ടില്ല. ഞങ്ങൾ ആറ് സുഹൃത്തുക്കളിൽ ഒരു സുഹൃത്തിൻറെ വീട്ടിൽ മാത്രമാണ് ഇതു രണ്ടും ഉള്ളത്.
സുഹൃത്തിൻറെ വീട്ടിലെ എല്ലാവരും ഒരു കല്യാണത്തിന് പോയിരിക്കുന്നത് കൊണ്ട് വൈകുന്നേരം ആ വീട്ടിൽ കാണാൻ ഞങ്ങൾ തീരുമാനിക്കുന്നു. വളരെ കഷ്ടപ്പെട്ട് സാധനം (കാസറ്റ്) സംഘടിപ്പിച്ചു. അമേരിക്കയിലെ അന്നത്തെ പ്രശസ്തയായ നടിയുടെ ആയിരുന്നു നീല ചിത്രം. ഇനി കാണുകയേ വേണ്ടൂ.
അപ്പോഴാണ് ഇടിമിന്നൽ പോലെ സാറിൻറെ, വിജ്ഞാപനം, “ഈ ക്ലാസ്സ് കഴിഞ്ഞ്, ഒരു മണിക്കൂർ സ്പെഷ്യൽ ക്ലാസ്സ് ഉണ്ടാവും.”എല്ലാം കുഴഞ്ഞല്ലോ ഈശ്വരാ? ഞങ്ങൾ ഒരുമിച്ച് കൈ തലയിൽ വച്ചു. ഇതിലും നല്ല അവസരം ഇനി കിട്ടില്ല. ആദ്യം ഇരിക്കുന്ന സുഹൃത്ത് സാറിനോട് പറഞ്ഞു, “സാർ എനിക്ക് തലവേദനയാണ്, പൊയ്ക്കോട്ടെ?” സാർ ഒക്കെ പറഞ്ഞു... രണ്ടാമത്തെ സുഹൃത്തിന് വയറുവേദന.സാർ ഒക്കെ പറയുന്നു... മൂന്നാമത്തെ സുഹൃത്ത് കാല് വേദന,സാർ ഒക്കെ പറയുന്നു.. അങ്ങനെ ഓരോ സുഹൃത്തുക്കൾ പല വേദനകൾ പറഞ്ഞു ഇറങ്ങി ഓടുന്നു... സാർ ഒക്കെ പറയുന്നു...
അവസാനം എഴുന്നേറ്റ എന്നോട് സാറിൻറെ നെടുമുടി വേണു മുഖഭാവത്തോടെ ഉള്ള ചോദ്യം, “ഇനി തനിക്ക് എന്താണാവോ.....വേദന?”ക്ലാസ് മുഴുവൻ എന്നെ നോക്കി ചിരിക്കുന്നു. പല വേദനകൾ പറഞ്ഞു ഗ്രൗണ്ടിൽ കൂടി ഓടി പോകുന്ന സുഹൃത്തുക്കളെ നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു,"Sir എനിക്ക് വേദന ഒന്നുമില്ല. പക്ഷേ പോയേ പറ്റൂ,"എന്നിട്ട് ബുക്കും എടുത്ത് ഒറ്റയോട്ടം.
ഓടിക്കിതച്ച് സുഹൃത്തിൻറെ വീട്ടിൽ എത്തിശ്വാസമടക്കിപ്പിടിച്ച് , നാലഞ്ചു തവണ കണ്ടു. ഞങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ നീല ചിത്രത്തിൻറെ അനുഭവം. കണ്ടു കഴിഞ്ഞ് വീട്ടുകാർ എത്തി, സ്ഥിരം ചോദ്യം, “എന്താ എല്ലാവരും?” സ്ഥിരം ഉത്തരം, “ഗ്രൂപ്പ് സ്റ്റഡി.” "എന്നിട്ട് വല്ലോം പഠിച്ചോ?" സുഹൃത്തുക്കൾ അങ്ങോട്ടുമിങ്ങോട്ടും നോക്കി ഒരു കള്ളച്ചിരിയോടു കൂടി, “പലതും പുതുതായി പഠിച്ചു.” വീട്ടുകാർക്കും സന്തോഷം, നമ്മക്കും സന്തോഷം.
വർഷങ്ങൾ കടന്നുപോയി, എനിക്ക് അഡ്വർടൈസിങ്ങിൽ ജോലിയായി. അങ്ങനെ ഒരു പരസ്യചിത്രം അമേരിക്കയിൽ ഷൂട്ട് ചെയ്യാൻ തീരുമാനിക്കുന്നു. അത് അമേരിക്കയിൽ നിർമ്മിക്കുന്ന കമ്പനി എന്നെ കാണാൻ ഓഫീസിലെത്തി ഒരു ഭാര്യയും ഭർത്താവും, അവരുടെയാണ് കമ്പനി. ഞാൻ ആ സ്ത്രീയെ ശ്രദ്ധിച്ചു. മധ്യവയസ് ആയിരിക്കുന്നു, എന്നാലും നല്ല സുന്ദരിയാണ്, നന്നായി സംസാരിക്കുന്നു, വളരെ പ്രൊഫഷണൽ.
ഇടയ്ക്ക് മുറിയുടെ പുറത്തെത്തിയ എന്നോട് പുറകിൽനിന്നും പിടിച്ചു വലിച്ചിട്ട് സുഹൃത്ത് ചോദിച്ചു, "ആ സ്ത്രീ ആരാണെന്ന് നിനക്കറിയാമോ?" "അറിയില്ല," ഞാൻ പറഞ്ഞു. എന്നെ ഒന്ന് ഇക്കിളികൂട്ടിക്കൊണ്ട് സുഹൃത്ത് പറഞ്ഞു, "അറിയില്ല, കൊച്ചുകള്ളൻ." എന്നിട്ട് കമ്പ്യൂട്ടർ തുറന്ന് ആ സ്ത്രീയുടെ പേര് ടൈപ്പ് ചെയ്തു, എനിക്ക് വിശ്വസിക്കാനായില്ല, ഒരു സമയത്ത് ലോകത്തെ പുളകം കൊള്ളിച്ച പോണോഗ്രാഫിക് നടി, ഞാൻ പ്രീഡിഗ്രി സമയത്ത് സുഹൃത്തുക്കളുമൊത്ത് കണ്ട ആദ്യ നീല ചിത്രത്തിലെ നായിക.
എന്നിട്ട് സുഹൃത്ത് ചോദിച്ചു, "കൂടെയുള്ളത് ആരാ?" ഞാൻ പറഞ്ഞു, "ഭർത്താവ്." "ഭർത്താവ് പോലും, അവർ കള്ളം പറയുകയാണ് ഇവളുമാർക്കു എത്ര ഭർത്താക്കന്മാർ ഉണ്ടാവും,കച്ചറ സ്വഭാവമല്ലേ? ഇത് ഭർത്താവ് ഒന്നും ആയിരിക്കില്ല, അല്ലേതന്നെ ഇവർക്കൊക്കെ എങ്ങനെ കുടുംബം ഉണ്ടാവും. എത്ര പേരുടെ കൂടെ കിടന്നതാ?"എന്നിങ്ങനെ വാതോരാതെ കുറെ കാര്യങ്ങൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
ഞാൻ സുഹൃത്തിൻറെ മുഖത്തേക്ക് നോക്കി, ഹിമാലയം കീഴടക്കിയ മുഖഭാവം. പിന്നെ ഞാൻ ഷൂട്ടിംഗിനായി ഏകദേശം 25 ദിവസം അമേരിക്കയിലേക്ക് പോയി. ആ സ്ത്രീയെ കാണുമ്പോൾ ഒക്കെ, സുഹൃത്ത് പറഞ്ഞ കാര്യങ്ങൾ ഓരോന്ന് ഓർമ്മവരും. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ അവരെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. കൂടെ പ്രവർത്തിക്കുന്ന എല്ലാവരോടും നന്നായി പെരുമാറുന്നു, അവർക്ക് തിരിച്ചും നല്ല ബഹുമാനം, ഭർത്താവിനോട് അതീവ സ്നേഹം, തിരക്കായാലും അവർ ഭർത്താവിൻറെ കാര്യങ്ങൾ സ്നേഹത്തോടെ നോക്കുന്നു. ഷൂട്ടിങ്ങിന് ഇടയ്ക്ക് അവരുടെ കുട്ടികൾ വന്നിരുന്നു, അവരോടുള്ള സ്നേഹവും ലാളനയും കൗതുകം ജനിപ്പിക്കുന്നതായിരുന്നു. എന്തുകൊണ്ടും ഒരു ഉത്തമ സ്ത്രീ. ഞാൻ ചിന്തിച്ചു സുഹൃത്തു പറഞ്ഞ പോലെ അല്ലല്ലോ ഇവർ, ഇവരെ പറ്റി കൂടുതൽ അറിയണം എന്ന് തോന്നി.
തിരിച്ചുവരുന്നതിന് രണ്ടുദിവസം മുമ്പ് അവരും ഞാനും കൂടി ഒരു റെസ്റ്റോറന്റിൽ പോയി. എൻറെ മുഖത്ത് എപ്പോഴും ഒരു ചോദ്യചിഹ്നം ഉള്ളത് അവർക്ക് മനസ്സിലായത് കൊണ്ടാവാം അവർ എന്നോട് തുറന്ന ചിരിയോടെ ചോദിച്ചു, "എൻറെ സിനിമകൾ കണ്ടിട്ടുണ്ടാവും അല്ലേ?(ഞാൻ ജഗദീഷ് ചിരിക്കുന്ന പോലെ ഒന്നു ചിരിച്ചു)ആദ്യം കണ്ടിട്ടില്ല എന്ന് മനസ്സ് പറയാൻ ശ്രമിച്ചെങ്കിലും, അവരുടെ നിഷ്കളങ്കമായ ചോദ്യത്തിൽ ഞാൻ വീണു പോയി. ചിരിച്ചുകൊണ്ട് എൻറെ കോളേജിലെ കഥകൾ ഞാൻ അവരോട് പറഞ്ഞു. അവര് ചിരിയോട് ചിരി.
കുറച്ച് അടുത്തു എന്ന് തോന്നിയപ്പോൾ, അറിയാനുള്ള ഒരു ജിജ്ഞാസ കൊണ്ട് ചോദിച്ചു എങ്ങനെയാണ് നീല ചിത്രത്തിൽ അഭിനയിക്കാൻ ഇടയായത് എന്ന്. ഒരു ഗ്ലാസിൽ വൈൻ നുരഞ്ഞു കൊണ്ട് അവർ എന്നോട് സംസാരിച്ചു തുടങ്ങി. അച്ഛൻ ട്രക്ക് ഡ്രൈവർ ആയിരുന്നു, അമ്മ മയക്കുമരുന്നിന് അടിമയും. അച്ഛൻ മറ്റൊരു വിവാഹം കഴിച്ച് എങ്ങോട്ടോ പോയി, അതോടെ ജീവിതം താറുമാറായി. ഞാനാണ് ഏറ്റവും മൂത്തത് എൻറെ താഴെ രണ്ട് പെൺകുട്ടികൾ. അതുകൊണ്ടു തന്നെ എനിക്ക് വീടിൻറെ ചുമതല ഏറ്റെടുക്കേണ്ടി വന്നു.
പല ജോലിക്കും ശ്രമിച്ചു, എഡ്യൂക്കേഷൻ ഇല്ലാത്തതുകൊണ്ട് എനിക്ക് നല്ല ജോലികൾ ഒന്നും തന്നെ കിട്ടിയിരുന്നില്ല. എൻറെ വീടിൻറെ അടുത്തുള്ള ഒരു ഫിലിം നിർമ്മാതാവാണ് ഇതിലേക്ക് ക്ഷണിച്ചത്. കുറച്ചു സമയം കൊണ്ട് കൂടുതൽ പണം ഉണ്ടാക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ എൻറെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ. അതിലൂടെ പണമുണ്ടാക്കി, പ്രശസ്തി നേടി.
തുടങ്ങുമ്പോൾ തന്നെ രണ്ടു കാര്യങ്ങൾ തീരുമാനിച്ചിരുന്നു. അമ്മയെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരുക. അനിയത്തിമാർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക. കുറച്ചു വർഷങ്ങൾക്കു ശേഷം നീല ചിത്രങ്ങൾ നിർമ്മിക്കുന്ന ഒരാളെ വിവാഹം കഴിച്ചു, അതോടുകൂടി ഞാൻ അഭിനയം നിർത്തി.
അതുകഴിഞ്ഞ് ഞാനും ഭർത്താവും കൂടി നല്ല നല്ല സിനിമകൾ മാത്രം നിർമ്മിക്കുന്ന ഒരു സ്ഥാപനം തുടങ്ങി. ഇപ്പോൾ എനിക്ക് മൂന്നു കുട്ടികൾ ഉണ്ട്, അവർ നല്ല സ്കൂളുകളിൽ പഠിക്കുന്നു. അമ്മ ജീവിതത്തിലേക്ക് തിരിച്ചുവന്നു. മൂന്ന് അനിയത്തിമാർ കല്യാണം കഴിഞ്ഞ് നല്ല സ്ഥിതിയിൽ ജീവിക്കുന്നു. എന്നിട്ട് അവർ പറഞ്ഞു, "Past is past. But I'm living in the present. And I'm enjoying it."
പിറ്റേദിവസം ജോലി കഴിഞ്ഞ് എന്നെ അവർ എയർപോർട്ടിൽ കൊണ്ട് യാത്രയാക്കുമ്പോൾ എൻറെ കയ്യിൽ ഒരു ചെറിയ ഗിഫ്റ്റ് ബോക്സ് നൽകി. എൻറെ കുട്ടിക്ക് വേണ്ടിയായിരുന്നു അത് ( ഷൂട്ടിങ്ങിന് ഇടയ്ക്ക് എപ്പോഴോ എനിക്കൊരു മാസം മുമ്പ് ആൺകുട്ടി ഉണ്ടായത് പറഞ്ഞിരുന്നു). എന്നിട്ട് എന്നോട് പറഞ്ഞു, "കുട്ടികളെ മനസ്സറിഞ്ഞ് സ്നേഹിക്കുക. അതിൽ വലുത് ലോകത്ത് ഒന്നുമില്ല. എനിക്ക് എൻറെ ചെറുപ്പത്തിൽ അത് കിട്ടിയിട്ടില്ല, അതാണ് എൻറെ ഏറ്റവും വലിയ വിഷമം."
ഫ്ലൈറ്റിൽ ഇരുന്ന് ഞാനൊരു കാര്യം ആലോചിച്ചു. ഒരു പ്രാവശ്യം പോലും അടുത്ത കാണാത്ത, ഒന്ന് സംസാരിക്കുക പോലും ചെയ്യാത്ത, അവരുടെ നീലചിത്രം മാത്രം കണ്ടു പരിചയമുള്ള എൻറെ സുഹൃത്ത് ആ സ്ത്രീയെ പറ്റി എന്തൊക്കെയാണ് എന്നോട് പറഞ്ഞത്. സുഹൃത്തിൻറെ മുൻവിധിയിൽ ഉണ്ടായിരുന്ന സ്ത്രീയും, ഞാൻ അടുത്തുകണ്ട സ്ത്രീയും തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. നാമെല്ലാവരും ഇങ്ങനെ പലരെയും മുൻവിധിയോടെ വിലയിരുത്തുന്നു. ശരിക്കുള്ള കഥയോ ശരിക്കുള്ള സ്വഭാവവും മനസ്സിലാക്കാതെ പുറമേ കാണുന്നവ വച്ചു മാത്രം.
പലരും പറയുന്നത് കാണാം, “ഞാൻ വിചാരിച്ച പോലെ ആളെ അല്ല അയാൾ, അയാൾ നല്ല മനുഷ്യനായിരുന്നു.”എന്തിനാണ് നമ്മൾ മറ്റൊരാളെ പറ്റി മുൻവിധിക്ക് തയ്യാറാവുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു നടി ഇറക്കം കുറഞ്ഞ പാവാട ഇട്ടാൽ, അതിനെപ്പറ്റി കുത്തി കമൻറ് എഴുതാനും, തെറിവിളിക്കാനും അവരുടെ സ്വഭാവം വളരെ മോശമാണെന്ന് വിശകലനം ചെയ്യാനും , കൂടാതെ വീട്ടിൽ ഇരിക്കുന്ന അവരുടെ അച്ഛൻറെയും അമ്മയുടെയും വരെ സ്വഭാവത്തെപ്പറ്റി എഴുതാനും എല്ലാവർക്കും കഴിവുണ്ട് , പക്ഷേ ആ നടിഎത്ര നന്നായി അഭിനയിച്ചു എന്ന് പറയാൻ ആരും ഉണ്ടാവില്ല.
ഒന്നാലോചിച്ചുനോക്കൂ... രാഷ്ട്രീയം, മതം, നിറം, സ്വഭാവം, വസ്ത്രധാരണം, വീട്, ജോലി, പ്രായം, പെരുമാറ്റം എന്ന് വേണ്ട ഓടിക്കുന്ന കാർ, താമസിക്കുന്ന സ്ഥലം, എന്തൊക്കെ നോക്കിയാണ് ഓരോരുത്തരെ നാം വിലയിരുത്തുന്നത്. ഒരു വ്യക്തിയെ, നിങ്ങൾ, അവരുടെ കഥകൾ (background) ഒന്നുമറിയാതെ ചീത്ത അഭിപ്രായം നൽകാൻ ശ്രമിക്കുന്നുവെങ്കിൽ അത്, അവർ ആരാണെന്ന് അല്ല നിർവചിക്കുന്നത്. മറിച്ച് നിങ്ങൾ ആരാണെന്ന് നിർവചിക്കുന്നു. ആരെപ്പറ്റി എങ്കിലും മുൻധാരണ ഉണ്ടാക്കുകയാണെങ്കിൽ, “ആ വ്യക്തിയുടെ ജീവിതത്തെക്കുറിച്ചും അവർ എന്താണ് ചെയ്യുന്നതെന്നും എനിക്ക് എന്തിനാണ് ആശങ്ക?” എന്ന് ചിന്തിച്ചാൽ തീരുന്ന കാര്യമേ ഉള്ളൂ. അത്രയേ ഉള്ളൂ...