Charu Varna

Tragedy Inspirational

4  

Charu Varna

Tragedy Inspirational

ഇന്നലെകളിൽ

ഇന്നലെകളിൽ

7 mins
314


"നമസ്കാരം... പ്രധാനവാർത്തകൾ...

സാമൂഹ്യപ്രവർത്തകയും, കരുണ ട്രസ്റ്റ്‌ ഓണറുമായ, കരുണയുടെ മാതാവ് എന്ന് അറിയപ്പെടുന്ന, സെബ സൂസൻ മേരി അന്തരിച്ചു... ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം... ഏറെ നാളായി ഗർഭപാത്രത്തിൽ അർബുദം ബാധിച്ചു ചികിത്സയിൽ ആയിരുന്നു... അൻപത്തി രണ്ടു വയസായിരുന്നു...


ഏറെ നാളായി ഡോക്ടർ ചെറിയാൻ തോമസിന്റെ ചികിത്സയിൽ ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞ വിവരം...

മികച്ച സാമൂഹ്യപ്രവർത്തനത്തിനുള്ള രാഷ്‌ട്രപതി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളുടെ കൂടി ജേതാവ് ആണ് അന്തരിച്ച ശ്രീമതി സെബ സൂസൻ...


അനാഥയായി ജനനം... പത്താം ക്ലാസ് വരെ പഠിച്ചു... വിവാഹശേഷമുള്ള ക്രൂരമായ പീഡനം സഹിക്കാൻ വയ്യാതെ ആറു മാസം ഗർഭിണി ആയ സെബ വീട്‌ വിട്ടു ഇറങ്ങി... അവിടെ നിന്നും എത്തിപ്പെട്ടത്, സാമൂഹ്യവിരുദ്ധന്മാരുടെ കയ്യിൽ ആയിരുന്നു... അഞ്ചു ദിവസം നീണ്ട ക്രൂരമായി കൂട്ടബലാത്സംഗത്തിൽ കുഞ്ഞിനെ നഷ്ടമായി... പിന്നീട് പള്ളി മുറ്റത്തു ഉപേക്ഷിച്ച അവർക്ക് അഭയം നൽകിയത് അവിടുത്തെ തന്നെ കന്യാസ്ത്രീകൾ ആയിരുന്നു...


പോരാടി വിജയിച്ച സെബ... തന്റെ ജീവിതം, അനാഥർക്കും, തെരുവിൽ കഴിയുന്ന പാവങ്ങൾക്കും വേണ്ടി ഉഴിഞ്ഞു വച്ചു... സ്വന്തമായി കരുണ എന്ന ട്രസ്റ്റ്‌ രൂപികരിച്ചു കൊണ്ട്, തെരുവിൽ അലയുന്ന ജീവനുകൾക്ക് ഷെൽട്ടർ ആയി... തന്റെ ജീവിതം തുറന്ന ഒരു പുസ്തകം ആയിരുന്നു എന്നും, ഒളിപ്പിച്ചു വയ്ക്കാൻ ഒന്നുമില്ലെന്നും ഉള്ള അവരുടെ തുറന്നു പറച്ചിൽ ഈ സമൂഹത്തെ ആകെ പിടിച്ചു കുലുക്കി ഇരുന്നു...


ഇന്ന് മരണപ്പെട്ടത്... കേരളത്തിലെ... അല്ലെങ്കിൽ ഇന്ത്യയിലെ തന്നെ പാവങ്ങളുടെ അമ്മ ആണ്... ഒരുപക്ഷെ ദൈവം ഏറ്റവും ക്രൂരത കാട്ടിയ സ്ത്രീജന്മം... അതും അല്ലെങ്കിൽ ദൈവം, ഏറ്റവും കൂടുതൽ അനുഗ്രഹം ചൊരിഞ്ഞ ജന്മം...


നമ്മുടെ പ്രതിനിധി മിസ്സ്‌... മായ ലൈനിൽ ഉണ്ട്...

ഹലോ... മിസ്സ്‌ മായ... കേൾക്കാമോ...?"

"ഹലോ... പറയു... പ്രകാശ്..."

"മായ... അവിടുത്തെ സിറ്റുവേഷൻ ഒന്ന് വിശദീകരിക്കാമോ...? എപ്പോഴാണ് സംസ്കാരം...? കരുണയിൽ തന്നെ ആണോ അടക്കാൻ തീരുമാനം...?"

ബീപ്... ബീപ്... ബീപ്...

( കണെക്ഷൻ കട്ട്‌ ആകുന്നു )

"ഹലോ... ഹലോ... മായ...

സോറി... ലൈൻ കട്ട് ആയിരിക്കുന്നു... മറ്റു വർത്തകളിലേക്ക് പോകാം..."


~~~


"മായ... റിലാക്‌സ്... പ്ലീസ്...

നമ്മളുടെ ജോലി ആണിത്... തന്റെ അമ്മ ആയിരിക്കാം സെബ... പക്ഷെ... അതുപോലെ ഒരായിരം കുഞ്ഞുങ്ങളുടെ അമ്മ കൂടി ആണ് അവർ... കുറെ ജന്മങ്ങളുടെ പ്രതീക്ഷ...

ഞാനും നീയും അടക്കം അനേകം പേര് അവരുടെ കരുണയിൽ ആണ് ഇന്ന് ഈ നിലയിൽ എത്തിയത്..."

ക്യാമറമാൻ വിശാൽ മായയെ പുറത്തു തട്ടി ആശ്വസിപ്പിച്ചു... അയാളുടെ കണ്ണികളെ അധികരിച്ചു കൊണ്ട് ബാഷ്പങ്ങൾ താഴേക്ക് ഉറ്റി വീണിരുന്നു...


മായ ഒന്നും ചെയ്യാൻ ആകാതെ വിശാലിന്റെ കയ്യിൽ പിടിച്ചു കൊണ്ട് കരുണാലയത്തിന്റെ അകത്തേക്ക് നീങ്ങി...കൂട്ടം ആയി നിൽക്കുന്ന ജനങ്ങൾക്ക് ഇടയിലൂടെ, അവളെ ചേർത്ത് പിടിച്ചു കൊണ്ട് വിശാൽ നടന്നു... തങ്ങളുടെ അമ്മയെ ഒരു നോക്ക് കാണാൻ... അവസാനമായി...

മായയെ പോലെ വിശാലിനെ പോലെ, ഈ സമൂഹത്തിലെ ഒരുപാട് പേരുടെ ഉയർച്ചയ്ക്കും, സംരക്ഷണത്തിനും കാരണമായ സെബ എന്ന കരുണയെ കാണാൻ...


ശീതീകരിച്ച ചില്ല് പെട്ടിക്കു അകത്തു, വെള്ളയിൽ ചെറിയ മഞ്ഞയും നീലയും പൂക്കൾ ഉള്ള നിറം മങ്ങിയ കോട്ടൺ സാരിയും ധരിച്ചു കൊണ്ട് വളരെ മെലിഞ്ഞ്‌... എന്നാൽ മുഖത്തു പ്രസന്നതയോടു കൂടിയ പുഞ്ചിരിയോട് കൂടി തന്റെ അവസാനത്തെ ഉറക്കത്തിൽ ആണ് സെബ സൂസൻ മേരി... റീത്തുകളുടെയും ഹാരങ്ങളുടെയും ഇടയിൽ കൂടി അവരുടെ മുഖം മാത്രം തെളിഞ്ഞു കാണാം... ചുറ്റും കൂടി ഇരിക്കുന്ന സ്ത്രീകൾ എല്ലാം തന്നെ അലമുറ ഇട്ട് കരയുകയായിരുന്നു...

മായ വിതുമ്പൽ അടക്കികൊണ്ട് തന്റെ വളർത്തമ്മയെ ഒരു നോക്ക് കാണാൻ ആയി മുന്നോട്ട് വന്നു... വിശാലിന്റെ കൈകളിൽ ഒരു നിമിഷം അവളുടെ പിടി മുറുകി...


പുഞ്ചിരിയോടെ ഉറങ്ങുകയാണെന്ന് തോന്നും വിധം ആണ് സെബ കിടക്കുന്നത് എന്നവൾക്ക് തോന്നി... കുനിഞ്ഞു കൊണ്ട് ചില്ല്പെട്ടിക്ക് മുകളിൽ നനുത്ത മുത്തം കൊടുത്തു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി... അധികസമയം ആരെയും അവിടെ നിൽക്കാൻ അനുവദിക്കില്ലായിരുന്നു...

വിശാൽ കൈകൾ കൊണ്ട് ആ പെട്ടിക്ക് മുകളിൽ ഒന്നു തഴുകി... സെബയെ ഒന്ന് നോക്കികൊണ്ട് അവൻ മായ പോയ വഴിയേ പോയി...


മായ നേരെ പോയത്, കരുണയുടെ മുന്നിലുള്ള ചെറിയ ചാപ്പലിലേക്ക് ആയിരുന്നു... കർത്താവിന്റെ മുന്നിൽ മുട്ട് കുത്തി നിന്നുകൊണ്ട് അവൾ മനമുരുകി പ്രാർഥിച്ചു... തന്റെ അമ്മയ്ക്ക് വേണ്ടി... കുറച്ചു നേരം കണ്ണടച്ചു ഇരുന്നു, ശേഷം അവൾ വിശുദ്ധ ബൈബിൾ എടുത്തു തുറന്നു...

"എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്ത് വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന് "( ലുക്കാ... 1-43)


ആ വചനം കൈകൾ കൊണ്ട് തഴുകി കൊണ്ടവൾ ചുമരിലേക്ക് ചാരി ഇരുന്നു കണ്ണുകൾ അടച്ചു...

തന്റെ അമ്മ... സെബ സൂസൻ മേരി... ശക്തയായ സ്ത്രീ... ഒരു പോരാളി തന്നെ ആയിരുന്നു അവർ... അതിജീവനത്തിലൂടെ കുറച്ചു പേർക്കു വെളിച്ചമാകാൻ കർത്താവ് തമ്പുരാൻ അനുഗ്രഹിച്ചു അയച്ച മാലാഖ...


~~~


ആരോ പള്ളി മുറ്റത്തു ഉപേക്ഷിച്ചു പോയതായിരുന്നു ആ പിഞ്ചു കുഞ്ഞിനെ... ജനിച്ചു രണ്ടു ദിവസം പോലും ആയിക്കാണില്ല... രാവിലെ മണിയടിക്കാൻ ആയി വന്ന കപ്യാർ, നേർച്ചപെട്ടിക്ക് സമീപം, വെള്ളത്തുണിയിൽ പൊതിഞ്ഞൊരു കുഞ്ഞ്...

വികാരിയച്ചനെ വിളിച്ചു കൊണ്ട് വരുമ്പോൾ ആ കുഞ്ഞു നേരിയ ശബ്‌ദത്തിൽ കരയുകയായിരുന്നു... അവളെ എടുത്തു മാറോട് ചേർക്കുമ്പോൾ... വിശന്നു തളർന്നു കരയുന്ന ആ കുഞ്ഞിന് പാൽ കൊടുത്തു കൊണ്ട് അവരവൾക്ക് നാമധേയം നൽകി...

സെബ സൂസൻ മേരി...


അനാഥാലയത്തിലെ എല്ലാ ബുദ്ധിമുട്ടുകളും അറിഞ്ഞു കൊണ്ടവൾ വളർന്നു... ഇരുനിറത്തിൽ മെലിഞ്ഞു ശോഷിച്ച ഒരു രൂപം... അതായിരുന്നു സെബ... അവൾ വളർന്നു, മറ്റുള്ള കുട്ടികളുടെ ഒപ്പം... കോൺവെന്റ് വകയുള്ള സ്കൂളിൽ പത്താം ക്ലാസ് വരെ വിദ്യാഭ്യാസം... പിന്നീട് പഠിക്കാൻ താല്പര്യം ഉണ്ടെങ്കിലും, മഠത്തിലെ നിയമം അനുസരിച്ചു പെൺകുട്ടികൾക്ക് പത്താം ക്ലാസും, ആൺകുട്ടികൾക്ക് പിഡിസി വിദ്യാഭ്യാസവും ആണ് നൽകി പോന്നിരുന്നത്...


പത്താം ക്ലാസിനു ശേഷം, അവിടെ നിന്നു തന്നെ തയ്യലും, എംബ്രോയിഡറിയും പഠിച്ചു... ബാക്കി സമയങ്ങൾ അടുക്കളയിലും, വൃദ്ധസദനത്തിലും ആയി ചിലവഴിച്ചു കൊണ്ട് സെബ വളർന്നു... ഒടുവിൽ പതിനേഴാം വയസിൽ ഒരു സമൂഹവിവാഹത്തിൽ കൂടി മുപ്പതു വയസ്കാരനായ ഒരു ലോഡിങ് തൊഴിലാളിയുടെ ഭാര്യ ആയി കൂടു മാറ്റം... അവിടെ നിന്നാണ് സെബയുടെ ജീവിതം മാറി മറിയുന്നത്... കുര്യൻ അതായിരുന്നു അയാളുടെ പേര്... അയാളും ഒരു അനാഥൻ ആയിരുന്നു... ടൗണിലെ ചേരിയിൽ, വാടകയ്ക്ക് അയാൾക്കൊരു വീടുണ്ട്... അങ്ങോട്ടേക്ക് ആണ് അയാൾ വിവാഹം കഴിഞ്ഞു അവളെ കൊണ്ട് വന്നത്...


വളരെ പരുഷ സ്വഭാവം ആയിരുന്നു കുര്യന്... സ്നേഹത്തോടെ അവളെ അയാൾ ഒന്ന് നോക്കിയിട്ട് പോലും ഇല്ല... പണി കഴിഞ്ഞു മൂക്കറ്റം കുടിച്ചു വന്നു അവളുടെ മേലേക്ക് കുതിര കയറും... ഒടുവിൽ തളർന്നു അവളിലേക്ക് വീഴുമ്പോളേക്കും, സെബ ആകെ തകർന്നിട്ടുണ്ടാകും...


മാസങ്ങൾ കഴിഞ്ഞു പോയി... ഒരിക്കൽ പോലും അയാൾ അവളെ പേരെടുത്തു ഒന്ന് വിളിക്കുകയോ എവിടെയെങ്കിലും കൊണ്ട് പോവുകയോ ചെയ്തില്ല... പരാതിയും പരിഭവങ്ങളും ഇല്ലാതെ അയാളെ മനസാൽ സ്നേഹിച്ചു കൊണ്ട് അവൾ ആ ചേരിയിലെ കുടുസു മുറിയിൽ ജീവിതം തള്ളി നീക്കി...


ഒരു ദിവസം പതിവില്ലാതെ നല്ല ക്ഷീണം തോന്നിയത് കാരണം സെബ നേരത്തെ കിടന്നു... അന്നും കുര്യൻ മൂക്കറ്റം കുടിച്ചു കൊണ്ടാണ് കയറി വന്നത്... വയ്യാതെ കിടന്നിട്ടും, അയാളുടെ കാമഭ്രാന്തിനു അവൾ വിധേയയായി...


തളർച്ചയോടെ അവളിൽ നിന്നും മാറിയ കുര്യൻ ബോധമില്ലാതെ കിടക്കുന്ന സെബയെ കണ്ടു ഒന്ന് പരിഭ്രമിച്ചു... തട്ടി വിളിച്ചു എങ്കിലും അവൾക്ക് അനക്കം ഉണ്ടായിരുന്നില്ല... ഇടറുന്ന കാലുകളോടെ ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും അയാളും തളർന്നു പോയിരുന്നു...


"നിങ്ങൾ മനുഷ്യൻ തന്നെ ആണോ...? ആ സ്ത്രീ രണ്ടു മാസം ഗർഭിണി ആണ്... നിങ്ങൾക്ക് അറിയില്ലേ...? ഈ സമയങ്ങളിൽ ബന്ധപ്പെടാൻ പാടില്ല എന്ന്..."

ഡോക്ടർ കുര്യനോട് പറയുമ്പോൾ മാത്രം ആണ് അയാളും സെബയും കാര്യങ്ങൾ അറിയുന്നത് തന്നെ... തല കുനിച്ചു കൊണ്ട് കിടക്കാൻ മാത്രമേ അവൾക്ക് ആയുള്ളൂ... എന്തു കൊണ്ടോ കുര്യന് കുഞ്ഞു ഇപ്പോൾ വേണ്ടെന്ന് തോന്നി... അയാൾ അത് അവളോട് പറയുകയും ചെയ്തു... പക്ഷെ, സെബ വഴങ്ങിയില്ല...


ഒടുവിൽ ഡിസ്ചാർജ് വാങ്ങി വീട്ടിൽ എത്തിയ അന്ന് മുതൽ അവൾക്ക് ആ വീട്‌ വീണ്ടും ഒരു നരകം ആയി മാറി... ആറു മാസം വരെ അവൾ എങ്ങനെ ഒക്കെയോ പിടിച്ചു നിന്നു... ഒടുവിൽ ഒരു ദിവസം രാത്രി കുടിച്ചു ബോധം നശിച്ചു പോയ കുര്യന്റെ കൂട്ടുകാർക്ക് അവളോട്‌ കിടക്ക വിരിക്കാൻ അർഥബോധത്തോടെ അയാൾ പറയുമ്പോൾ, അവളിലേ ഭാര്യ മരിച്ചു പോയിരുന്നു...


കടന്നു പിടിക്കാൻ വന്നവരെ തട്ടി മാറ്റി കൊണ്ട് വീർത്ത വയറും കൊണ്ടവൾ ഓടി, പ്രാണരക്ഷാർധം അടുത്ത വീട്ടിലേക്ക് കയറി... ആറാം മാസം ആയിരുന്നു അവൾക്ക്... ആ ചേരിയിൽ ഉള്ളവർക്കെല്ലാം അവളോട് സഹതാപം ആയിരുന്നു...

ഒടുവിൽ പിറ്റേന്ന് രാത്രിയും, അയാൾ ആൾക്കാരുമായി വന്നപ്പോൾ അവൾക്ക് പിടിച്ചു നില്കാൻ ആയില്ല... തന്റെ മാനവും കൂടി അയാൾ വിൽക്കും എന്ന് ഉറപ്പായപ്പോൾ അവൾ ആരും കാണാതെ, ആ രാത്രിയിൽ അവിടെ നിന്നും ഇറങ്ങി... കോൺവെന്റ് ആയിരുന്നു ലക്ഷ്യം... പക്ഷെ, അതിനു മുൻപ് തന്നെ കുറച്ചു സാമൂഹ്യവിരുദ്ധരുടെ കയ്യിൽ അവൾ അകപ്പെട്ട് പോയിരുന്നു... ഗർഭിണി ആണെന്ന് പോലും നോക്കാതെ അവരവളെ പിച്ചി ചീന്തി... ഒടുവിൽ അഞ്ചു ദിവസം ഒരു വീട്ടിൽ അവളെ താമസിപ്പിച്ചു കൊണ്ട്, മൂന്നു പേര് നിരന്തരം അവളെ ചൂഷണം ചെയ്തു... ഒടുവിൽ ബ്ലീഡിങ് കൂടി, ബോധം മറഞ്ഞ സെബയെ അവർ വീണ്ടും ഒരു പള്ളിമുറ്റത്തു ഉപേക്ഷിച്ചു...


അപ്പോഴേക്കും അവൾക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു... നീണ്ട ഹോസ്പിറ്റൽ വാസം... മാനസികാരോഗ്യ കേന്ദ്രത്തിലെ ഇരുണ്ട അറകളിൽ കൂനി കൂടി ഇരിക്കുമ്പോൾ മനസ്സിൽ നിറയെ പിറക്കാൻ ഇരുന്ന കുഞ്ഞ് ആയിരുന്നു... ആർത്തു കരഞ്ഞ രാത്രികൾ... തളർന്നു വീണ പകലുകൾ... ഒടുവിൽ ഒന്നര വർഷത്തിന് ശേഷം വീണ്ടും പഴയ കോൺവെന്റിലേക്ക്...


നിശ്ശബ്ദതയെയും, ഒറ്റപെടലിനെയും കൂട്ടു പിടിച്ചു കൊണ്ട് അവിടുത്തെ അടുക്കളയിൽ ചുരുണ്ടു കൂടി... ഒന്നിനും വയ്യായിരുന്നു... മനസും ശരീരവും ഒരുപോലെ തളർന്നു... മാസങ്ങൾ തടവറയിൽ എന്നപോലെ അവിടെ കഴിഞ്ഞു... ഒടുവിൽ ഒരു പകൽ പള്ളിമുറ്റത്തെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച പിഞ്ചു കുഞ്ഞു അവളുടെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു...


നിരന്തരമായ കൗൺസിലിംഗും, കുട്ടികളുമായുള്ള ഇടപെടലും എല്ലാം അവളെ പഴയ സെബ ആയി മാറുകയായിരുന്നു... തളർന്നു വീണെടുത്തു നിന്നും ഒരു ഫീനിക്‌സ് പക്ഷിയെ പോലെ അവൾ ഉയർത്തെഴുന്നേറ്റു...


ആദ്യം കുട്ടികളെ തയ്യൽ പഠിപ്പിച്ചു കൊണ്ടു അവൾ ചെറിയൊരു ഗാർമെൻറ്സ് കട അവര് തയ്ക്കുന്നതൊക്കെ വച്ചു തുടങ്ങി... വലിയ ലാഭം ഒന്നും ഇല്ലെങ്കിലും, കിട്ടുന്ന കാശെല്ലാം തെരുവിൽ അലയുന്ന പാവങ്ങൾക്ക് ആഹാരത്തിനായി ഉപയോഗിച്ച് പോന്നു... ഒരു നേരത്തെ ആഹാരം അവൾ പാകം ചെയ്ത് സഞ്ചിയിൽ ആക്കി കൊണ്ടു പോകും... പിന്നെ വയ്യാത്ത ആൾക്കാരെ കുളിപ്പിക്കുകയോ, അവർക്ക് മരുന്നു വാങ്ങി കൊടുക്കുകയോ ഒക്കെ ചെയ്ത് തിരിച്ചു കോൺവെന്റിലേക്ക് വരും...


അങ്ങനെ ഒരു വർഷം ഒറ്റയ്ക്ക് അവൾ എല്ലാ കാര്യങ്ങളും ചെയ്ത് വന്നു... പിന്നീട് ഓരോരുത്തർ ആയി അറിഞ്ഞു കൊണ്ടു അവളെ സഹായിക്കാൻ വന്നു... പക്ഷെ, അവളതൊന്നും സ്വീകരിച്ചില്ല... ധനം അല്ലാത്ത സഹായങ്ങൾ മാത്രം സ്വീകരിച്ചു പോന്നു... ചെറിയ രീതിയിൽ ഉള്ള സഹായങ്ങൾ ആൾക്കാർക്ക് ചെയ്തുപോന്നു...


ഒടുവിൽ ഒരു ദിവസം, നോർത്ത് ഇന്ത്യയിൽ നിന്നും, അവരുടെ കോൺവെന്റിലേക്ക് വന്ന കുറച്ചു കന്യാസ്ത്രീകൾ അവളുടെ കഥ അറിഞ്ഞു കൊണ്ടു അവളെ കൂടെ കൊണ്ടുപോകാൻ തയ്യാറായി... എന്നാൽ ഒരിക്കലും, അവൾ ചെയ്തു പോന്നിരുന്ന പ്രവർത്തികൾ വിട്ടു കൊണ്ടു പോകാൻ സെബ ഒരുക്കമല്ലായിരുന്നു...


അവരോട് അത് പറഞ്ഞു കൊണ്ടു അവൾ അവളുടെ കാര്യങ്ങളിൽ മുഴുകി... ആ കന്യാസ്ത്രീ സംഘത്തിന്റെ കൂടെ വന്ന ഫാദർ പോളിന് അവളുടെ ധൈര്യവും ആത്മാർത്ഥതയും നന്നായി ബോധിച്ചു... മലയാളിയായ ഫാദർ, അയാൾക്ക് സ്വന്തമായി കിട്ടിയ കുടുംബവീട്‌ അവൾക്ക് വിട്ടു കൊടുത്തു... അവൾക്ക് ഇഷ്ടമുള്ള പോലെ ഉപയോഗിക്കാൻ പറഞ്ഞു... ഗാർമെൻറ്സ്  സെക്ഷൻ കുറച്ചു കൂടി വിപുലീകരിക്കാൻ ആയിരുന്നു അച്ചൻ അവളോട്‌ പറഞ്ഞത്... എന്നാൽ, അനാഥരായ, തെരുവിൽ അലയുന്ന കുറച്ചു പേർക്കും എങ്കിലും, ആ വീട്‌ ഉപകാരമാവട്ടെ എന്ന് കരുതി, അവളത് അവർക്കായി വിട്ടു നൽകാൻ തീരുമാനമായി...


അതിനായി,തെരുവിൽ അലയുന്നവരെ കണ്ടു പിടിച്ചു, ഷെൽട്ടർ ഹോമിൽ എത്തിക്കലായിരുന്നു ആദ്യ പടി... ഒത്തിരി കഷ്ടപ്പെട്ടു എങ്കിലും, ആദ്യപടിയായി രണ്ടുപേരെ മാത്രമാണ് അവർക്ക് കിട്ടിയത്... അതും പോലീസ് കേസ് ഒക്കെയായി... ഒടുവിൽ പള്ളിയുടെ പേരിൽ രജിസ്റ്റർ ചെയ്തു, അനാഥാലയം എന്ന പേരിൽ ആ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു...

കരുണ എന്ന് പേരിട്ട ആ വീട്ടിൽ ഒരു വർഷം കഴിയുമ്പോഴേക്കും അംഗങ്ങൾ പത്തായി... കുറച്ചു കഷ്ടപ്പെട്ടിട്ട് ആണെങ്കിലും, സെബ അവർക്കൊക്കെ ആഹാരം കൊടുത്തിരുന്നു... വീടുകൾ തോറും കയറിയിറങ്ങി, പഴയ തുണികൾ ശേഖരിച്ചു, അവ തുന്നിയും, അലക്കിയും അവർ ഉപയോഗിച്ച് പോന്നു... ഒരിക്കലും ആരിൽ നിന്നും ധനസഹായം അവൾ സ്വീകരിച്ചിരുന്നില്ല... ഇൻവെലോപ് ഉണ്ടാക്കൽ, മെഴുകുതിരി നിർമാണം തുടങ്ങിയ ചെറിയ ചെറിയ സ്വയം തൊഴിൽ അവരെ പഠിപ്പിച്ചു... അതിന് അവളെ മഠത്തിലെ കുട്ടികളും സഹായിച്ചു... വർഷങ്ങൾ നീണ്ടു നിന്ന പ്രയത്നങ്ങൾക്കൊടുവിൽ കരുണ ഒരു അഗതി മന്ദിരമായി മാറി... അന്തേവാസികൾ കൂടി...


സ്വയം തൊഴിലിലൂടെ അവർക്കൊരു വരുമാനം ഉണ്ടാക്കി കൊടുക്കാൻ സെബയ്ക്ക് കഴിഞ്ഞു... അപ്പോഴേക്കും വർഷങ്ങൾ കടന്നു പോയിരുന്നു... തെരുവിൽ അലയുന്നവരും, വൃദ്ധരും, അനാഥരും ഒക്കെ അവിടെ എത്തിച്ചേർന്നു...

പറഞ്ഞറിഞ്ഞു ചിലർ എത്തിയപ്പോൾ, മറ്റു ചിലർ, സാമൂഹ്യപ്രവർത്തകരുടെ സഹായത്താൽ എത്തി ചേരപ്പെട്ടു... അതോടെ താമസിപ്പിക്കാൻ ഇടം വേറൊന്ന് കൂടി അവൾക്ക് തേടേണ്ടി വന്നു... പറഞ്ഞറിഞ്ഞു വന്ന ചിലരൊക്കെ അവളെ പൈസ നൽകി സഹായിക്കാൻ ഒരുങ്ങി... എന്നാൽ അവർക്കിപ്പോൾ ആവശ്യം, ഒരു കൂര ആണെന്ന് പറഞ്ഞു കൊണ്ട് അവളത് നിരസിച്ചു... ഒടുവിൽ, സ്ഥലത്തെ ആരൊക്കെയോ ചേർന്ന്, കരുണയോട് കൂടി ചേർന്നുള്ള സ്ഥലം അവൾക്കായി വിട്ടു നൽകി...


ഒത്തിരി എതിർപ്പുകളും, തടസങ്ങളും വന്നു എങ്കിലും,അവൾ തളർന്നില്ല... മുന്നോട്ട് പോയി... പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം, കരുണ ഒരു ട്രസ്റ്റ്‌ ആയി വളർന്നു... പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം, സമൂഹ വിവാഹം, തെരുവിൽ അലയുന്നവർക്ക് ആശ്വാസം തുടങ്ങിയ പ്രവർത്തനങ്ങൾ ഒക്കെ ട്രസ്റ്റ്‌ ചെയ്തു പോന്നു... സെബ ആയിരുന്നു എല്ലാത്തിനും ചുക്കാൻ പിടിച്ചു മുന്നിൽ നിന്നത്... അവളൊരിക്കലും തളർന്നു പോയിരുന്നില്ല... വിധവകളായ സ്ത്രീകൾക്ക് സ്വയംതൊഴിലിലൂടെ വരുമാനമാർഗം ഉണ്ടാക്കി കൊടുത്തു... സെബയുടെ പുനർജ്ജന്മം ആയിരുന്നു അത്...


ശരിക്കും, കുഞ്ഞുങ്ങൾക്ക് അവൾ അമ്മ ആയിരുന്നു... വയസായവർക്ക് മകളും... ബാക്കി ഉള്ളവർക്ക് അവൾ അക്കനുമായി... എന്നും നിറം മങ്ങിയ കോട്ടൺ സാരി ആയിരുന്നു അവളുടെ വേഷം... നാല്പത്തി അഞ്ചുകളിൽ എത്തുമ്പോഴേക്കും നിരവധി അവാർഡുകളും, പുരസ്‌കാരങ്ങളും അവളെ തേടി വന്നു... ധനം അല്ലാത്തത് മാത്രം അവളെന്നും സ്വീകരിച്ചിരുന്നു... പ്രായം കൂടുന്നതിന് അനുസരിച്ചു, ക്ഷീണം അവളെ കീഴ്പ്പെടുത്താൻ തുടങ്ങിയിരുന്നു... നിരന്തരമായ ബ്ലീഡിങ് അവളെ തളർത്തിയിരുന്നു... ഒടുവിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ വച്ച് അറിയാനായി... ഗർഭപാത്രത്തിൽ ഞണ്ടുകൾ പിടി മുറുക്കി കഴിഞ്ഞു എന്ന്... ആരോടും പറയാതെ അവിടെ നിന്നും ചികിത്സ സ്വീകരിച്ചു പോന്നു... മൂന്നു വർഷം വരെ... പക്ഷെ, തിരക്കുകളും, മറ്റും ഇടയ്ക്ക് അവരെ രോഗിയാണെന്ന് ഉള്ളത് ഓർമ്മിപ്പിച്ചില്ല... കരുണ ട്രസ്റ്റ്‌ പാവങ്ങളുടെ ആശ്രയം ആയി മാറിയിരുന്നു...


ഒടുവിൽ ഒരു ദിവസം, ബോധം മറഞ്ഞു വീണ സെബ അറിഞ്ഞു, ഒരിക്കലും തിരിച്ചു വരാൻ ആകാത്തവിധം അവ പടർന്നു പിടിച്ചിരിക്കുന്നു എന്ന്.... തന്റെ കുഞ്ഞു കിടന്ന ഗർഭപാത്രം മുറിച്ചു മാറ്റപ്പെട്ടപ്പോൾ നിസഹായത ആയിരുന്നു... അല്ലെങ്കിലും, തനിക്കു വിധിക്കപ്പെട്ടത് അല്ല അത് എന്ന തോന്നൽ അവളെ തളർത്തിയില്ല... പൊരുതാൻ തന്നെ തീരുമാനിച്ചു... പക്ഷെ, വിധി... അതിനെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ...? ഒടുവിൽ റേഡിയേഷനും, കിമോതെറാപ്പിയും തളർത്തിയ ശരീരത്തെ നിയന്ത്രിക്കാൻ ഒരുപാട് ശ്രമിച്ചു... കൊഴിഞ്ഞു പോയ മുടിയിഴകൾ അലോസരം സൃഷ്ടിച്ചു...


അവസാന രണ്ടു വർഷം ഏറെയും കിടപ്പിൽ ആയിരുന്നു... എല്ലാത്തിനും സഹായം വേണം... ആരുടെയെങ്കിലും... ഒടുവിൽ വേദനയുടെ ലോകത്ത് നിന്നും എന്നെന്നേക്കുമായി യാത്ര ആകുമ്പോൾ ഭൂമിയിൽ തന്റെ കർത്തവ്യം പൂർത്തികരിക്കാൻ ആയിരുന്നു എന്ന സംതൃപ്തിയിൽ ആ മാലാഖ കണ്ണുകൾ അടച്ചു...

മായയുടെ കണ്ണുകളിൽ ഉരുണ്ടു കൂടിയ ബാഷ്പങ്ങൾ അവളുടെ കവിളുകൾ നനയിച്ചു കൊണ്ടു ഒഴുകി... തന്നെപോലെയുള്ള ഒരായിരം പേരുടെ അമ്മ... സെബ സൂസൻ...

"മായ..."


വിശാൽ ആയിരുന്നു... അവന്റെ ചുമലിൽ സങ്കടങ്ങൾ ഒഴുക്കി കളയുമ്പോൾ, പള്ളി സെമിത്തേരിയിൽ അന്ത്യ വിശ്രമം കൊള്ളാനായി സെബയുടെ ഭൗതികശരീരം മൂടപ്പെട്ടിരുന്നു... വിതുമ്പലുകളും, ഏങ്ങലടികൾക്കും ഇടയിൽ മുഖത്തു നനുത്ത പുഞ്ചിരിയുമായി അവൾ ഉറങ്ങി... എന്നെന്നേക്കുമായി.... തന്റെ കർത്താവായ ഈശോ മിശിഹായുടെ തിരുസന്നിധിയിൽ ഒരു വെളുത്ത റോസാപ്പൂ ആയി മാറികൊണ്ട്...


Rate this content
Log in

Similar malayalam story from Tragedy