Charu Varna

Drama Romance

4.3  

Charu Varna

Drama Romance

ഉത്തര - 3 (അവസാന ഭാഗം)

ഉത്തര - 3 (അവസാന ഭാഗം)

7 mins
349


ഭാഗം 3( അവസാനഭാഗം - കാത്തിരിപ്പ് )


പിറ്റേന്ന് കൃഷ്ണന്റെ അമ്പലത്തിലേക്ക് പോകണം എന്നൊരു തോന്നൽ... അപ്പുവിനെയും കൂട്ടി ബൈക്കിൽ ആണ് പോയതും... എന്തോ ഉത്തരയെ വീണ്ടും കാണണം എന്നൊരു തോന്നൽ... ഞാൻ കാരണം വേദനിച്ചതിനൊക്കെ ഒരു മാപ്പ് എങ്കിലും പറയണമെന്ന് തോന്നി... എന്തോ മനസ്സിൽ പിന്നെയും നിറയുന്ന ഉത്തരമംഗലത്തെ ഉത്തര....


തൊഴുതിറങ്ങി ആൽത്തറയിൽ ഇത്തിരി നേരം ഇരുന്നു... പാടത്തിന്റെ നടുവിൽ കൂടി ഇപ്പോൾ ഒരു കട്ട്റോഡ് ഉണ്ട്... മംഗലത്ത്കാരുടെ വക ആണെന്ന് തിരുമേനി ആണ് പറഞ്ഞത്... ഒരിടവഴി തിരിഞ്ഞു റോഡിലേക്കും നീങ്ങുന്നുണ്ട്... വൈകുന്നേരം ആയത് കൊണ്ട് തന്നെ ചെറിയൊരു തിരക്കും ഉണ്ട്, അമ്പലത്തിൽ...


വിളിച്ചാൽ വിളി കേൾക്കും കണ്ണനാണത്രെ... എന്നിട്ടെന്തേ നീ അവളെ കേൾക്കാതെ പോയി...

അപ്പു സന്ധ്യവിളക്ക് നോക്കി നിൽക്കുന്നുണ്ട്.... ഇടയ്ക്ക് എന്നെയും... അവനതൊക്കെ വളരെ ഇഷ്ടമാണ്... അമ്മയുടെ കൂടെ അവിടെയും അമ്പലത്തിൽ പോകാറുണ്ട് അപ്പു...

"പോകാം അപ്പു..."


വെറുതെ അവനോട് ഓരോന്ന് സംസാരിച്ചു കൊണ്ട് നടന്നു.. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു നേരെ നോക്കിയതേ അവളെയായിരുന്നു... ഉത്തരയെ... ഉത്തരമെന്തോ തേടുന്നവളെ...


ഒരു നിമിഷം അതേപോലെ നോക്കി നിന്നിരുന്നു... പഴയപോലെ തന്നെ... മഞ്ഞപൈങ്കിളിയായി പെണ്ണ്... പക്ഷെ, ആ മുഖം മാത്രം വേദന നിറഞ്ഞൊരു പുഞ്ചിരിയിൽ... എന്നെ കണ്ട് ഇങ്ങനെ നോക്കി നിൽക്കുന്നുണ്ട്... കണ്ണൊക്കെ നിറഞ്ഞു തൂകി... എന്തോ അത് കാണുമ്പോൾ ആണ് വല്ലായ്മ... അപ്പു നോക്കുന്നത് കണ്ടാണ് ഞാനും ബൈക്കിൽ നിന്നും ഇറങ്ങിയത്‌... അപ്പോഴേക്കും അവളും അടുത്തേക്ക് വന്നിരുന്നു...

 

"മാഷ്... മാഷെന്താ ഇവിടെ...? ഇതാരാ മോനാ...? പ്രിയേച്ചി... പ്രിയേച്ചി വന്നില്ലേ...?"

ചോദ്യങ്ങൾ... ഒത്തിരി ചോദ്യങ്ങൾ... അവളുടെ വെപ്രാളം അറിയാതിരിക്കാൻ വേണ്ടിയാണ്...പാവം....മോനെ തന്നെ നോക്കുന്നുണ്ട്.. അവൻ എന്നെപോലെയാണ്.. ആ മുടിയും, കണ്ണുകളും ഒക്കെയും അവന്റെ അച്ഛനെ പറിച്ചു വച്ചത് പോലെ...

"ആരാ അച്ഛ...?"

"ഉത്തര... ഉത്തര സീതരാമൻ... അച്ഛന്റെ... അച്ഛന്റെ സ്റ്റുഡന്റ് ആയിരുന്നു..." 

അവൻ പെട്ടന്ന് അവളെ തുറിച്ചു നോക്കുന്നത് കണ്ടു... പിന്നെ തിരിഞ്ഞു ബൈക്കിലേക്ക് നോക്കി നിന്നു... ഇഷ്ടം ആയില്ല അവന്... എന്റെ വായിൽ നിന്നും കേട്ടതിന്റെ ദേഷ്യത്തിലാണ് പുള്ളി...

"ഞാനിപ്പോൾ ഇവിടെ ആണ് ഉത്തര... ട്രാൻസ്ഫർ ആയി വന്നതാണ്..."

"മ്മ്... മോനെന്താ എന്നോട് മിണ്ടാത്തെ മാഷേ...?

അവനെ തന്നെ നോക്കുന്നുണ്ട്... ആ കണ്ണുകളിൽ നിറയെ വാത്സല്യമാണ്... അപ്പുവിനോട്... അവളോട് ഞാൻ എന്ത് പറയും... വെറുതെ ഒന്ന് ചിരിച്ചു... അവൾക്കും മനസിലായികാണണം... പിന്നൊന്നും ചോദിച്ചില്ല...


"പ്രിയേച്ചി...?"

ഏറെ നേരത്തേ നിശബ്ദതയ്ക്ക് ശേഷം അവളായിരുന്നു ചോദിച്ചത്... എന്തോ ഉത്തരം പറയാൻ ഒരു വിമ്മിഷ്ടം പോലെ...

"പോയി... എട്ട് വർഷമായി... ആക്സിഡന്റ് ആയിരുന്നു..."

"ഞാൻ... ഞാൻ ശപിച്ചൊന്നും ഇല്ല മാഷേ... എനിക്ക്... എനിക്കതിനു കഴിയോ...? മാഷിന്റെ സന്തോഷം ഞാൻ ഇല്ലാതാക്കുമോ...?"

എന്തോ അത് കേട്ടപ്പോൾ നെഞ്ചിൽ വല്ലാത്തൊരു വേദന പോലെ... ഒന്നും ഉദ്ദേശിച്ചിട്ടില്ല... എന്നാലും അവളുടെ വാക്കുകൾക്ക് അത്രയും വേദനയായിരുന്നു... പെട്ടന്ന് ആയിരുന്നു അപ്പു തിരിഞ്ഞവളെ നോക്കിയത്‌... അമ്മയെ കുറിച്ച് കേട്ടിട്ട് ആകാം...


"ഞാൻ... ഞാൻ പോട്ടെ മാഷേ..."

വെറുതെ ഒന്ന് മൂളി... പോകരുത് എന്ന് പറയാൻ തോന്നിയില്ല... ഒന്നും ചോദിക്കാനും കഴിഞ്ഞില്ല... വിവാഹം... കുട്ടികൾ... ഭർത്താവ്... കാണും... വർഷങ്ങൾ ഇത്രയും ആയില്ലേ...? തിരിഞ്ഞു വെറുതെ നോക്കി... മുഖം താഴ്ത്തി നടയിൽ നിന്നും തൊഴുതു മടങ്ങുന്നുണ്ട്... ഇനിയും കാണണ്ട... പോണം...

അപ്പുനെയും കൂട്ടി പെട്ടന്ന് തന്നെ തിരിച്ചു.... അവൻ ഒന്നും മിണ്ടാതെ എന്നെ ചുറ്റി ഇരിക്കുന്നുണ്ട്... സങ്കടം കാണും... പാവം... അവന്റെ അമ്മയെ ഞാൻ മറന്നു എന്ന് കരുതുന്നുണ്ടാകുമോ...? അറിയില്ല... അവനെ പറഞ്ഞു മനസിലാക്കണം... ഇന്ന് തന്നെ... കൂടെ ഉള്ളപ്പോൾ അവളെ സ്നേഹിച്ചിരുന്നു... ഒരിക്കലും സങ്കടപ്പെടുത്തിയിട്ടില്ല പ്രിയയെ... അവൾക്കെന്നെ മനസിലാകും... ഒരുപക്ഷെ, ഉത്തരയെ പോലെ തന്നെ...


പോയല്ലേ മാഷേ...? ഒന്ന്... ഒന്നെന്നെ വിളിക്കാരുന്നില്ലേ...? കാത്തിരിക്കും എന്ന് പറഞ്ഞതല്ലേ...? എന്നിട്ടും... എന്നിട്ടും എന്തെ മാഷേ...?

ദൂരെ കൽവിളക്കിന്റെ തിരിയിൽ അവളുടെ കണ്ണുകൾ വീണ്ടും നനഞ്ഞു തുടങ്ങിയിരുന്നു... കയ്യിലെ പ്രസാദം നെഞ്ചിലേക്ക് ചേർത്ത് മുഖം താഴ്ത്തി നടന്നു... അവന്റെ പേരിൽ വർഷങ്ങളായി മുടങ്ങാതെ കഴിക്കുന്ന പുഷ്‌പാഞ്‌ജലി....

വിഷ്ണു പ്രസാദ്, തിരുവോണം നക്ഷത്രം... മുക്കുറ്റി പുഷ്പാഞ്ജലി...


വീട്ടിലേക്ക് ചെന്ന് കേറുമ്പോൾ തന്നെ ശകാരമായിരുന്നു... ഭർത്താവ് ഉപേക്ഷിച്ചവൾ പുറത്ത് ഇറങ്ങരുത് എന്നാണ് ഓർഡർ... ഏട്ടൻമാർ... എത്ര വേഗമാണ് അവർക്ക് ഈ പെങ്ങൾ ശത്രുവായത്...? ഞാനായി വരുത്തി വച്ചതാണ്... പെങ്ങളെ ഒരുപാട് സ്നേഹിച്ചു... പക്ഷെ, പെങ്ങളിലും ഒരു ഹൃദയം ഉണ്ടെന്ന് തിരിച്ചറിയാതെ പോയി...

മംഗലത്തെ സ്കൂളിൽ ടീച്ചറാണ് ഇപ്പോൾ, ഉത്തര സീതരാമൻ... തടവറയിൽ നിന്നും രാവിലെ മുതൽ വൈകിട്ട് വരെയുള്ള മോചനം...അതാണ് ടീച്ചർ ഉദ്യോഗം...

അമ്മയെ നോക്കി കണ്ണടച്ച് കൊണ്ട് അകത്തേക്ക് നടന്നു... ഉടുത്തിരുന്ന സാരി അഴിച്ചു മാറ്റി, ഒരു കോട്ടൺ സാരി എടുത്തുടുത്തു... കട്ടിലിലേക്ക് കയറി കിടന്ന് കൊണ്ട് കണ്ണുകൾ അടച്ചു...


മാഷേ... എന്നെകുറിച്ച് ഓർക്കാറുണ്ടോ...? എന്നെ എന്നെങ്കിലും ഓർത്തിരുന്നോ...? ഈ പൊട്ടിപെണ്ണ് പറഞ്ഞതൊക്കെ വെറും വാക്ക് ആണെന്ന് തോന്നിയിരുന്നോ മാഷേ... ഒരു ജന്മം മുഴുവൻ കാത്തിരുന്നു മറുജന്മങ്ങളിൽ ഒന്നാകാൻ വേണ്ടി... അതിനിടയിൽ സംഭവിച്ചു പോയതൊക്കെ അറിഞ്ഞില്ലെന്നു നടിച്ചു...

മനഃപൂർവം മൗനത്തെ കൂട്ടു പിടിച്ചു... എന്നോ ഒരിക്കൽ തോന്നി എനിക്ക് ഭ്രാന്ത് ആകുമോ എന്ന്... വരും ജന്മങ്ങളിലും ഈ ഭ്രാന്ത് എന്നിൽ പിടി മുറുക്കുമോ എന്ന്... അതെനിക്ക് കഴിയില്ലായിരുന്നു... ഈ ജന്മം മുഴുവൻ ഇതേ ഓർമ്മയോടെ കാത്തിരുന്നു കൊണ്ടൊരു മരണം... വരും ജന്മങ്ങളിലും ഇതേ ഓർമ്മകളോടെ ജനനം...

മംഗലത്തെ സ്കൂളിൽ പഠിപ്പിക്കാൻ കയറുമ്പോഴും മനസ്സിൽ ഈ വിഷ്ണു മാഷ് തന്നെയായിരുന്നു...

തെറ്റാണ് മാഷേ... വിവാഹിതൻ ആയൊരു പുരുഷനെ കുറിച്ച് ആലോചിക്കുന്നത്... വലിയ തെറ്റ്... പക്ഷെ, എന്റെ ലോകത്ത് മാഷ് മാത്രമേ ഉണ്ടായിരുന്നുള്ളൂ...

എന്നെങ്കിലും ഒന്ന് വിളിക്കാമോ മാഷേ... അത് മാത്രം മതി ഈ ഉത്തരയ്ക്ക്... കാത്തിരുന്നോളാം ഞാൻ... എത്ര ജന്മം വേണമെങ്കിലും...


~~~


അപ്പു പിണക്കത്തിൽ തന്നെയായിരുന്നു... അവനെ ചേർത്ത് പിടിച്ചപ്പോൾ കരഞ്ഞു കൊണ്ട് നെഞ്ചിലേക്ക് പറ്റിചേർന്ന് നിന്നു... "സങ്കടം ആയോ...?"

"എനിക്ക് എന്റെ അച്ഛൻ മാത്രം മതി... അച്ഛൻ മതി..."

അതിൽ ഉണ്ടായിരുന്നു അവന്റെ ആവലാതി... പിന്നൊന്നും പറയാൻ പോയില്ല... എന്നെങ്കിലും അവനായി തിരിച്ചറിയട്ടെ... അതാണ് നല്ലതെന്ന് തോന്നി...


ഇടയ്ക്കൊക്കെ പിന്നീട് ഉത്തരയെ കാണും... ചെറിയൊരു ചിരി അത്ര മാത്രമായിരുന്നു നൽകിയത്... അമ്മയോട് അവളെ കണ്ടതൊക്കെ പറഞ്ഞിരുന്നു... ഒന്നും തിരിച്ചു പറഞ്ഞില്ല... അല്ലെങ്കിലും പറയേണ്ട കാര്യമെന്താണ്...?


അന്ന് വൈകുന്നേരം വീട്ടിലേക്ക് എത്തിയപ്പോൾ, പരിചയമില്ലാത്ത ഒരു ചെരിപ്പ് കണ്ടു മുറ്റത്ത്... അമ്മയുടെ ആരെങ്കിലും പരിചയക്കാർ ആകും... മുറിയിൽ ചെന്ന് ഡ്രസ്സ്‌ മാറി കുളിച്ചു വന്നപ്പോഴേക്കും അപ്പു ഉണ്ട് മുറിയിൽ...

അവന്റെ മുഖം നന്നായി വീർത്തിട്ടുണ്ട്... എന്ത് പറ്റി ചെക്കന്...? എന്നെ നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്...

"എന്താടാ...?"

ഷർട്ട് എടുത്തു കൊണ്ട് അവനെ നോക്കി...

"അവരെന്തിനാ നമ്മുടെ വീട്ടിൽ വന്നേ...?"

"ആര്...?"

ഇവൻ ഇത് എന്തൊക്കെയാണ് പറയുന്നത്... ആര് വന്നെന്നാണ്...?

"ആരാടാ വന്നേ... ഏഹ്...?"

ഷർട്ട് ഇട്ട് കൊണ്ട് മുടി ചീകി... പക്ഷെ, ചീർപ്പ് വഴുതി പോയിരുന്നു... ആ പേര്... വീണ്ടും...

"ഉത്തര... ഉത്തര സീതരാമൻ..."

"ഉത്തര... അവൾ... അവളിവിടെ...?" അപ്പുവിനെ മാറ്റി കൊണ്ട് പെട്ടന്ന് പുറത്തേക്ക് നടന്നു... കണ്ണുകൾ അവൾക്ക് വേണ്ടി തന്നെ ചുറ്റും പരതി... അടുക്കളയിൽ നിന്നല്ലേ... ശബ്ദം...?


അമ്മയോട് സംസാരിച്ചു കൊണ്ട് സ്ലാബിൽ ചാരി നിൽക്കുന്നുണ്ട്... ഒരു മഞ്ഞയും, നീലയും കോട്ടൺ സാരി... ഇവൾക്കെന്താ ഈ മഞ്ഞയോട് ഇത്ര പ്രിയം...? കണ്ണുകൾ വീണ്ടും അവളിലെ മാറ്റങ്ങളിലേക്ക്... നെറ്റിയിൽ സിന്ദൂരമില്ല... കഴുത്തിൽ ചെറിയൊരു ചെയിൻ ഉണ്ട്... കയ്യിൽ രണ്ട് സ്വർണവളകളും...

"ആ... നീ വന്നോ...? ഇരിക്ക്... ഞാൻ ചായ എടുക്കാം... മോളെ... ദേ, ഇതൊന്നു നോക്കണേ..."

കറി ആണെന്ന് തോന്നുന്നു... അവൾ അമ്മയുടെ കയ്യിൽ നിന്നും തവി വാങ്ങി ഇളക്കുന്നുണ്ട്... ഇടയ്ക്ക് എന്നെ നോക്കി പുഞ്ചിരിച്ചു... അപ്പോഴാണ് അടുത്ത് അപ്പു ഉള്ളത് ഞാൻ കണ്ടത് തന്നെ... അവളെ തന്നെ തുറിച്ചു നോക്കി കൊണ്ട് എന്നെ ചുറ്റി പിടിച്ചു കൊണ്ട് എന്റെ അപ്പു...

അവനെയും കൊണ്ട് ഉമ്മറത്തേക്ക് നടക്കുമ്പോൾ അവൻ പറയുന്നുണ്ട്... അവനവരെ ഇഷ്ടം അല്ലെന്ന്... കേട്ടപ്പോൾ എന്തോ ഉള്ള് നീറിപോയിയിരുന്നു... അമ്മ ചായ കൊണ്ട് തന്നപ്പോൾ രൂക്ഷമായൊന്നു നോക്കി... ഇളിച്ചു കാണിച്ചു കൊണ്ട് അടുക്കളയിലേക്ക് വലിഞ്ഞു... കൂടെ അപ്പുവും... അവളെ ശ്രദ്ധിക്കാൻ ആകും...

 

ചായ എടുത്ത് മുറ്റത്തേക്ക് ഇറങ്ങി... അമ്മയ്ക്ക് എങ്ങനെ ഇവളെ പരിചയം...? എന്തിനാ ഇപ്പോൾ ഈ വരവ്...? ആ... എന്തെങ്കിലും ആകട്ടെ...

"മാഷ് പേടിക്കണ്ട... ഞാൻ അമ്മയെ ഒന്ന് കാണാൻ വന്നതാ... ഇനി വരില്ലട്ടോ..."

"ഏയ്‌... അങ്ങനെ ഒന്നും ഇല്ല ഉത്തര... തനിക്ക് എങ്ങനെ ആണ് അമ്മയെ പരിചയം...?"

ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല... അവളുടെ മൗനം കണ്ടപ്പോൾ വേണ്ടെന്ന് തോന്നിപോയി...

"എന്നെ ഒരിക്കൽ വന്നു കണ്ടിരുന്നു... സാറിന് വേണ്ടി കാത്തിരിക്കരുത് എന്ന് പറയാൻ... കുറച്ചു വർഷങ്ങൾക്ക് മുൻപ്... ഒത്തിരി കരഞ്ഞു... എന്നോട് സത്യം ഒക്കെ ചെയ്യിപ്പിച്ചു..."

അവളും കരയുകയായിരുന്നു... എന്തോ അത് കേട്ടപ്പോൾ അമ്മയോട് ദേഷ്യം തോന്നിപ്പോയി... അമ്മയ്ക്ക് വേറെ പണിയൊന്നും ഇല്ലേ എന്നൊരു തോന്നൽ വന്നിരുന്നു...

ഉത്തര പെട്ടന്ന് തന്നെ കണ്ണീർ തുടച്ചു കൊണ്ട് എന്നെ നോക്കി വീണ്ടും പുഞ്ചിരിച്ചു... അപ്പോഴെന്റെ നോട്ടം സാരിക്ക് പുറമെ കാണുന്ന മാലയിലെ ലോക്കറ്റിൽ ആയിരുന്നു... ഒരു കുഞ്ഞികൃഷ്ണന്റെ ലോക്കറ്റ്...


"അപ്പോൾ വിവാഹം...?"

പെട്ടന്ന് ചോദിച്ചു പോയി... അവൾ മുന്നേ നടന്നിരുന്നു... തൊടിയിലേക്ക്... പിറകിൽ ഒരു നിഴൽപോലെ ഞാനും...

"അമ്മയുടെ സങ്കടം കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല... പിന്നെ വീട്ടിലെ ബഹളവും... ഉറപ്പിച്ചോളാൻ പറഞ്ഞു... ആരെന്നോ എന്തെന്നോ കണ്ടില്ല... താലി കെട്ടി... അപ്പോഴും മാഷ് തന്നെ മനസിൽ... എന്തോ അയാളെയും ചതിച്ചു എന്നൊരു തോന്നൽ...

തൊടാൻ പോലും സമ്മതിച്ചില്ല... ഒടുവിൽ ഒരു വർഷം കഴിഞ്ഞ് ബന്ധം പിരിഞ്ഞു... തൊടാൻ പോലും വിടാത്ത ഭാര്യയെ വേണ്ടെന്ന് പറഞ്ഞു... ഏട്ടന്മാർ ഒത്തിരി അടിച്ചു... അവനോടൊപ്പം പോകാൻ പറഞ്ഞു...

ഞാൻ... ഞാനെങ്ങനാ മാഷേ... മനസ്സിൽ ഒരാളെ വച്ച് കൊണ്ട് ശരീരം വേറൊരാൾക്ക് നൽകുന്നത്... അത് ചതിയല്ലേ...? അയാളെ കൂടെ ചതിക്കാൻ വയ്യായിരുന്നു... ഒടുവിൽ ഡിവോഴ്സ് വാങ്ങി അയാൾ പോയി... കാണാൻ വന്നിരുന്നു, രണ്ടാം വിവാഹം ക്ഷണിക്കാൻ...

അയാൾക്ക് എന്നെ മനസിലായി എന്ന് തോന്നുന്നു... വിഷമിക്കരുത് എന്ന് പറഞ്ഞു... എന്നെങ്കിലും സങ്കടങ്ങൾ മാറുമെന്നും...."

കരഞ്ഞു കരഞ്ഞു തളർന്നു പോയൊരു പെണ്ണ്... പരീക്ഷണങ്ങൾ മാത്രം ബാക്കി... അവളെ ഇനിയും പരീക്ഷിക്കരുത് എന്ന് പറയുന്നുണ്ട്... ഉള്ളിൽ ഇരുന്നു കൊണ്ട് ആരോ... ചേർത്ത് പിടിക്കണം എന്നുണ്ട്... അല്ലെങ്കിൽ തോളിൽ തട്ടി ഒന്നാശ്വസിപ്പിക്കണം എന്നെങ്കിലും...


"ഉത്തര..."

ഒന്നേ വിളിച്ചുള്ളൂ... പെണ്ണ് ചാരിയത് ഹൃദയത്തിലേക്ക് ആയിരുന്നു... അവൾക്കൊപ്പം എന്റെ കണ്ണുകളും നിറഞ്ഞൊഴുകി... തെറ്റായിരുന്നു ഞാൻ... വലിയൊരു തെറ്റ്... ഒക്കെയും... ഒക്കെയും എന്റെ തെറ്റായിരുന്നു... ഒരിക്കൽ അവളെ ചേർത്ത് പിടിച്ചിരുന്നു എങ്കിൽ ഒരിക്കലും ഈ സങ്കടം ഉണ്ടാവില്ലായിരുന്നു...

നെറുകയിൽ അമർത്തി ചുംബിച്ചു... മതി വരാത്ത പോലെ... തെറ്റാണ്... അറിയാം... പക്ഷെ, മനസ് നിയന്ത്രിക്കാൻ കഴിയുന്നില്ല... അവളുടെ കൈകൾ എന്നെ വരിഞ്ഞു മുറുക്കുന്നുണ്ട്... പിരിയാൻ ഇനിയും വയ്യെന്നപോലെ...

ഏറെ നേരം എന്നെ ചാരി അവൾ... ഉത്തര... എന്റെ ഉത്തര...

കണ്ണുനീർ കൊണ്ട് ഹൃദയം പോലും നനഞ്ഞിരിക്കുന്നു...

"എന്തിന് ഉത്തര...വെറുതെ ഈ കാത്തിരിപ്പ്...?"

"അറിയില്ല മാഷേ... എനിക്ക് അറിയില്ല... വെറുതെ... വെറുതെ ആണെന്ന് അറിയാം..."

പെട്ടന്ന് എന്നെ വിട്ടുമാറി കൊണ്ട് മുഖം കുനിച്ചു നിന്നു... പിന്നെ കണ്ണുകൾ എന്റെ പിറകിലേക്ക് നീണ്ടു...ആരോ കയ്യിൽ പിടിക്കുന്നത് അറിഞ്ഞിരുന്നു...


അപ്പു... അതേ... അവൻ തന്നെ...

പിന്നെയും തുറിച്ചു നോട്ടം അവളിലേക്ക് തന്നെ... എന്റെ കാലിലൂടെ ചുറ്റി പിടിച്ചിട്ടുണ്ട്... വിടില്ല എന്നപോലെ... അവന് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല... അവന്റെ അമ്മ എന്നും പ്രിയ മാത്രാണ്... ഞാൻ... ഞാൻ ആഗ്രഹിക്കരുത് ആയിരുന്നു... തെറ്റായിപോയോ...?

മനസ് നിറയെ ഉത്തരയെ നിറച്ചു വച്ചിരുന്നു... ഏതോ ഒരു കോണിൽ... അതൊക്കെയാണ് ഈ ദിവസങ്ങളിലായി എന്നെ തോൽപിച്ചു കൊണ്ട് പുറത്തേക്ക് വന്നതും...

അപ്പു അവളെ തുറിച്ചു നോക്കുന്നത് കണ്ടാകാം, അവൾ കൈനീട്ടി, അവന്റെ മുഖത്തേക്ക് ഒന്ന് തൊടാനായി...പെട്ടന്ന് ആയിരുന്നു അവനത് തട്ടി കൊണ്ട് എന്റെ വയറ്റിലേക്ക് മുഖം പൂഴ്ത്തിയത്‌...

"എനിക്കിഷ്ടല്ല... എനിക്കിഷ്ടല്ല..."

അവളുടെ മുഖം ദയനീയമായിരുന്നു... അവന്റെ അച്ഛനെ തട്ടി എടുക്കാൻ വന്നവളായി കരുതിയോ...? അറിയില്ല... അവന്റെ മുടിയിൽ തലോടി കൊണ്ട് സമാധാനിപ്പിച്ചു... കേട്ടത് അവൾക്കൊരു വേദന തന്നെയാണ്... അവനറിയില്ല ഒന്നും... ആ മനസ് പോലും...

"ഞാൻ... ഞാൻ പോട്ടെ മാഷേ... സമയം വൈകി..."

കുറച്ചു നേരം അവൾ അപ്പുവിനെ തന്നെ നോക്കി നിന്നു... പിന്നെ അവന്റെ തലയിൽ കുനിഞ്ഞു നിന്നുകൊണ്ട് ഒന്ന് മുത്തി... ഒന്നും പറയാതെ അടുക്കള ഭാഗത്തൂടെ അകത്തേക്ക് കയറി...

അവൾ പോകുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുളളു... കരയുന്നുണ്ടാകാം... വരരുത് ആയിരുന്നു... ഒരിക്കലും ഈ നാട്ടിലേക്ക്... ഇതിപ്പോൾ മനഃപൂർവം അവളെ വീണ്ടും നോവിക്കാനായി മാത്രം...


"അച്ഛാ... നമ്മൾ മാത്രം മതീട്ടോ..."

അപ്പുവാണ്... കുനിഞ്ഞു നിന്നുകൊണ്ട് അവന്റെ കവിളിൽ ഒരുമ്മ നൽകി... സമ്മതം പോലെ... പത്തു വയസായില്ലേ...? ഓരോന്നൊക്കെയും അവനും മനസിലാകും...

അകത്തേക്ക് അവൾ പോയ വഴിയേ തന്നെ ചെന്നു... അമ്മയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്... ഒക്കെയും കേട്ടു...

"അവൾ പോയി..."

"മ്മ്..."

അപ്പുവിനെ ചേർത്ത് പിടിച്ചു കൊണ്ട് അകത്തേക്ക് നടക്കുമ്പോൾ മനസ്സ് എന്റെ കൂടെ അല്ലായിരുന്നു... അത് അവളിലേക്ക് വീണ്ടും ചേക്കേറിയിരിക്കുന്നു... വീണ്ടും എന്താണ് തനിക്ക്... അറിയില്ല...പാടില്ല... ഒന്നും പാടില്ല... അപ്പു... അവൻ മാത്രം മതി... എന്റെ മോൻ മാത്രം...

അല്ലെങ്കിലും അവളെ പ്രതീക്ഷിച്ചു വന്നതല്ലല്ലോ...? ഒരിക്കലും... ഇനിയും കണ്ട് മുട്ടരുതേ എന്ന് വെറുതെ പ്രാർഥിക്കാൻ മാത്രമേ ആയുള്ളൂ... അതല്ല സത്യം എന്നറിഞ്ഞിട്ടും....


വീട്ടിലേക്ക് നടക്കുമ്പോൾ ഉത്തര കരയുകയായിരുന്നോ...? അറിയില്ല... കണ്ണുനീർ ഒഴുകിയിറങ്ങുന്നുണ്ട്... എന്തിനെന്നറിയാതെ... ദേഹം മാത്രമായിരുന്നു... ദേഹി എന്നോ അവളെ വിട്ടകന്നത് ആണ്...

കാണുമ്പോൾ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല... പക്ഷെ, പ്രിയേച്ചി പോയെന്ന് അറിഞ്ഞതോടെ, എന്നോ ഒരിക്കൽ കുഴിച്ചു മൂടിയതെല്ലാം വീണ്ടും ഉള്ളറകൾ തുറന്നു കൊണ്ട് പുറത്തേക്ക് വരാൻ തുടങ്ങിയിരുന്നു... കാത്തിരിക്കുന്നു... ഇന്നും... അതായിരുന്നു സത്യവും...

ആ മകനെയും അച്ഛനേയും എനിക്ക് വേണമെന്ന് തോന്നിപ്പോയി... പക്ഷെ... ഇല്ല... ഉത്തര ഇനിയും കാത്തിരുന്നേ പറ്റുള്ളൂ... ഒരുപക്ഷെ, ഒരുപാട് ജന്മങ്ങൾ...

ദൈവത്തിന് എന്നോട് ഇത്രയും ദേഷ്യമോ...?

കൊഴിഞ്ഞു പോയ ദിവസങ്ങൾക്ക് ഒക്കെയും അവളുടെ കണ്ണുനീർ കൂട്ടായിരുന്നു... കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ അവൾ ആ അച്ഛനെയും മകനെയും നോക്കി നിൽക്കും... അവർക്ക് വേണ്ടി അമ്പലത്തിൽ പോകും... പ്രാർഥിക്കും...

ആ വീടിന്റെ ജനലയ്ക്കൽ വന്നു നിൽക്കും... അവരെ കാണാൻ... അവരെ കാണാൻ മാത്രം... ഒരു നോക്ക് കണ്ട് കഴിഞ്ഞാൽ അതിന്റെ ലഹരിയിൽ കിടന്ന് സ്വപ്നങ്ങൾ നെയ്തിടും...

ആ സ്വപ്നങ്ങൾ ഒക്കെയും എന്നെങ്കിലും സ്വന്തമാകും എന്ന് പിന്നെയും പിന്നെയും കിനാവ് കാണും... പാഴ്കിനാവ് ആണെന്ന് പോലും പറയാൻ ആകാതെ...

പിന്നീട് അവൾക്കൊരു കാത്തിരിപ്പ് ആയിരുന്നു... അവരിലേക്ക്... എന്നും മകനെയും കൂട്ടി കൃഷ്ണന്റെ അമ്പലത്തിൽ തൊഴാനെത്തുന്ന വിഷ്ണുവിന് മുന്നിൽ പോലും ഉത്തര വരാതായി... എന്നെങ്കിലും അച്ഛന് മുന്നേ മകന്റെ മിഴികൾ അവൾക്കായി തിരയാൻ വേണ്ടി... അതിനായിരുന്നു, അവൾ പിന്നീട് കാത്തിരുന്നത്...


അതിനവൾ എത്രകാലം കാത്തിരിക്കണം...? അവൾക്ക് പോലുമറിയാത്ത കാത്തിരിപ്പ്... അപ്പുവിലൂടെ അവന്റെ അച്ഛനിലേക്ക് എത്തിചേരാനുള്ള കാത്തിരിപ്പ്... എന്നെങ്കിലും അവൻ കാണാതിരിക്കില്ല, അവളുടെ പ്രണയവും, കാത്തിരിപ്പും...

ഉത്തരമംഗലത്തെ ഉത്തര ഓരോ ചോദ്യങ്ങൾക്ക് ഉത്തരമാകാൻ കൊതിച്ചു കൊണ്ടിരുന്നു... എന്നെങ്കിലും അവളിലേക്ക് എത്തി ചേരുന്ന ചോദ്യങ്ങൾക്ക് വേണ്ടി മാത്രം...

എന്നെങ്കിലും ഉത്തരയെ തേടി ആ വലിയ ഗേറ്റ് കടന്ന് അച്ഛന്റെ കൈ പിടിച്ചു കൊണ്ട് ആ മകൻ കടന്നു വരുമായിരിക്കാം... അവരിലേക്ക് കൈ പിടിച്ചവളെ കയറ്റാൻ വേണ്ടി... അവൾ കണ്ട കിനാക്കളിലേക്ക് ചേക്കേറാൻ വേണ്ടി... പാഴ്കിനാവ് അല്ലെന്ന് പതിയെ അവളുടെ കാതോരം ചൊല്ലാൻ വേണ്ടി...

ശുഭം...

എന്നെങ്കിലും ഉത്തരയിലേക്കുള്ള ദൂരം കുറയും എന്ന് പ്രതീക്ഷിച്ചു കൊണ്ട് അവസാനിപ്പിക്കട്ടെ... അച്ഛനും, മകനും ഒരു മനസോടെ അവളിലേക്ക് എത്തി ചേരുന്നതും കാത്ത് അവൾ കാത്തിരിക്കട്ടെ... അടുത്ത ജന്മങ്ങളിൽ അല്ല... ഈ ജന്മത്ത് തന്നെ അവളിലേക്ക് എത്തിചേരാൻ വേണ്ടി...

നിങ്ങളെ പോലെ എനിക്കും അറിയില്ല... അത് എപ്പോൾ എന്ന്... കാത്തിരിക്കാം... അവൾക്കൊപ്പം... 


Rate this content
Log in

Similar malayalam story from Drama