Read a tale of endurance, will & a daring fight against Covid. Click here for "The Stalwarts" by Soni Shalini.
Read a tale of endurance, will & a daring fight against Covid. Click here for "The Stalwarts" by Soni Shalini.

Charu Varna

Drama Romance

4.0  

Charu Varna

Drama Romance

ഉത്തര - ഭാഗം 2

ഉത്തര - ഭാഗം 2

8 mins
377


പിറ്റേന്ന് അവളെ കണ്ടപ്പോൾ മനഃപൂർവം ആയിരുന്നു മാറി നടന്നത്... ആ മുഖം കാണുമ്പോൾ തന്നെയും ഓർമ വരുന്നത് അവളുടെ ആ വാക്കുകൾ ആണ്...

"എനിക്ക് ഇഷ്ടാണ് മാഷേ, ഒത്തിരി ഒത്തിരി ഇഷ്ടാണ്... എന്റെ പ്രാണനേക്കാൾ "...


അതൊന്നും ശരിയാകില്ല എന്നത് നേരത്തേ അറിയാവുന്നത് കൊണ്ട് തന്നെ ആ പ്രണയം കാണാതെ പോവുകയായിരുന്നു ഓരോ ദിവസവും... ക്ലാസിൽ അവളെന്നും എന്നിലേക്ക് തന്നെയായിരുന്നു... ക്ലാസ്സ്‌ കഴിയുമ്പോൾ എനിക്ക് പുറകെ ഓടി വരും... വിശേഷങ്ങൾ പറയാൻ... ഞാനൊന്ന് മൂളി കേൾക്കുകപോലും ഇല്ലെങ്കിലും, അവളുടെ സങ്കടവും, സന്തോഷവും ഒക്കെ എന്നോട് പറയുമ്പോൾ ആ കണ്ണുകൾ വിടരുന്നത് കാണാറുണ്ട്...


ഓഫിസ് മുറിയിലേക്ക് ഞാൻ കയറുമ്പോൾ വീണ്ടും ആ വാക്കുകൾ ആവർത്തിച്ച് കൊണ്ട് തിരിച്ചു നടക്കും... അതും ഒരായിരം തിരിഞ്ഞു നോട്ടങ്ങൾ എനിക്കായി സമ്മാനിച്ചു കൊണ്ട്...ഇങ്ങനെയും ഒരു പ്രണയമോ...? അറിയില്ല.... എനിക്ക് ഭയമായിരുന്നു... ആരെങ്കിലും അറിഞ്ഞാൽ...? എന്നെ ഓർത്തല്ല... അവളെ... ഉത്തരയെ ഓർത്ത് മാത്രം...


"മാഷിക്ക് എന്നോട് പൊടി സ്നേഹം പോലും ഇല്ലേ ...?"

അപ്രതീക്ഷിതമായി വിശേഷങ്ങൾക്ക് പകരം അവൾ അന്നതാണ് ചോദിച്ചത്... ഒരു നിമിഷം കാലുകൾ നിലത്തുറഞ്ഞു പോയി... പിന്നെ കേൾക്കാതെ മുന്നോട്ട് നടന്നു... അന്നവൾ എന്റെ കൂടെ ഓഫിസ് മുറി വരെ വന്നില്ല... തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു... പിറ്റേന്ന് submit ചെയ്ത assignment മുഴുവൻ അവൾ എന്റെ പേരുകൾ എഴുതി വച്ചിരിക്കുന്നത് കണ്ട് ദേഷ്യമാണോ, സങ്കടമാണോ വന്നത് എന്നറിയില്ല...


ക്ലാസിലേക്ക് ചെല്ലുമ്പോൾ, ഡെസ്കിൽ തല ചേർത്ത് വച്ച് കിടപ്പുണ്ട്... കൈ പിടിച്ചു വലിച്ചു കൊണ്ട് കവിളിലേക്ക് ആഞ്ഞടിച്ചപ്പോൾ അവൾക്ക് നൊന്തോ എന്നോർത്തില്ല...

ഇതേപോലെ ഒരായിരം വട്ടം എന്റെ ഹൃദയത്തിൽ നിങ്ങളുടെ പേര് മാത്രമേ ഉള്ളൂ... മരണം വരെ... എന്റെ മരണം വരെ...

എല്ലാം കൈവിട്ടു പോകാൻ തുടങ്ങിയ നിമിഷങ്ങൾ... കുട്ടികൾ ഒക്കെ എന്തോ കണ്ടപോലെ നോക്കുന്നുണ്ട്... കോളേജ് മൊത്തം സംസാരിക്കാൻ ഒരു വിഷയം... ഓഫിസ് മുറിയിൽ അർഥം വച്ച വാക്കുകൾ...

പുളിങ്കൊമ്പ് ആണത്രേ... കേട്ടു നില്കാൻ തോന്നിയില്ല... ഹാഫ് ഡേ ലീവെടുത്തു ഇറങ്ങി... പിറ്റേന്ന് ക്ലാസിൽ ആദ്യം പരതിയത്‌ അവളെ ആയിരുന്നു... ഇല്ല... വന്നിട്ടില്ല... ആവർത്തിച്ച നാലു ദിവസങ്ങൾ...


ഒരു സമാധാനവും ഇല്ല... അടിക്കണ്ടായിരുന്നു... ആരോടും ചോദിക്കാനും വയ്യ... ഉച്ചക്ക് ടേബിളിൽ തല വച്ച് കിടക്കുമ്പോൾ ആണ് പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് ആരോ വന്നു പറഞ്ഞത്... മുഖം കഴുകി അവിടേക്ക് ചെന്നപ്പോൾ പരിചയമില്ലാത്ത  മൂന്നു പേരുണ്ട് അദ്ദേഹത്തിന്റെ കൂടെ...

"ആഹ്... വിഷ്ണു സാർ ഇരിക്കു... ഇത് മംഗലത്തെ കുട്ടികൾ ആണ്... ഉത്തരമംഗലത്തെ... വിഷ്ണുവിനോട് സംസാരിക്കണം എന്ന്..."

അവരെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു... കഴിഞ്ഞില്ല... കുറ്റബോധം ആയിരുന്നോ...? അറിയില്ല... അവളെ ചോദിക്കണം എന്നുണ്ട്... പക്ഷെ, വയ്യ...

"വിഷ്ണുവിന് വിരോധം ഇല്ലെങ്കിൽ നമുക്ക് പുറത്തേക്ക് നിൽക്കാം...

അവർക്ക് മുന്നേ, പുറത്തേക്ക് നടന്നത് താൻ ആയിരുന്നു... എന്തിനായിരിക്കും വന്നത്...?

കുറച്ചു മാറി ഒരു മരതണലിലേക്ക് നിന്നു...

"വിഷ്ണുവിന് ഉത്തരയോട് വിരോധം ഒന്നും വേണ്ട... അവളൊരു തമാശ കാണിച്ചത് ആണെന്ന് കരുതിയാൽ മതി... കുട്ടികൾ അല്ലേ? ക്ഷമിക്കണം..."

അവളുടെ വല്യേട്ടൻമാർ ആണ്... എന്നോട് ക്ഷമ ചോദിക്കാൻ വന്നത് ആയിരുന്നു... പക്ഷെ, അതിലും ഒരു ഭീഷണി പോലെ...

"അവൾ നാളെ മുതൽ കോളേജിൽ വരും... സാധാരണ പോലെ പെരുമാറിയാൽ മതി... പാവം ആണ്.. കുറച്ചു വാശി ഉണ്ടെന്നേയുള്ളു..."

"അതൊന്നും സാരമില്ല... പെട്ടന്ന് കണ്ടപ്പോൾ ദേഷ്യം തോന്നി... ഞാൻ... ഞാൻ അടിച്ചു പോയതാണ്... ക്ഷമിക്കണം..."

പിരിയുമ്പോൾ മനസൊന്നു ശാന്തമായിരുന്നു... പ്രിൻസിപ്പൽ ആണ് പറഞ്ഞത് പ്രമാണിമാർ ആണ്, കൂടുതൽ കുഴപ്പത്തിലൊന്നും ചെന്ന് ചാടരുത് എന്ന്... ആ നാട്ടിൽ തന്നെ എല്ലാവർക്കും അവരെ പേടി ആണെന്നും... കുടുംബം പോലും ഇല്ലാതാക്കും എന്നും...

കേട്ടപ്പോൾ എന്തോപോലെ... ഇന്നത്തെ കാലത്തും അങ്ങനെ ഒക്കെ ഉണ്ടോ എന്നൊരു തോന്നൽ...


പക്ഷെ, പിറ്റേന്ന് അവളെ ക്ലാസിൽ കണ്ടപ്പോൾ പിന്നെയും ഹൃദയം ഒരുപാട് നീറി... ഇറ്റിരുന്ന ഇളം മഞ്ഞ ചുരിദാറിന്റെ ഷാളിനിടയിലൂടെ കാണാം, ദേഹത്തെ പാടുകൾ...മുഖത്തും ഉണ്ട്... കണ്ണുകൾ ഒക്കെ മരിച്ചു പോയ പോലെ...

എന്നെ നോക്കി വീണ്ടും പുഞ്ചിരിച്ചു... പക്ഷെ, നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ എന്തോ വിഷമം... ക്ലാസ്സ്‌ എടുക്കാതെ പുറത്തേക്ക് പോയപ്പോൾ വീണ്ടും അവളെ തിരിഞ്ഞു നോക്കി... കണ്ണടച്ച് കൊണ്ട് ഒന്നുമില്ല എന്ന് ആശ്വസിപ്പിച്ചു...

അവളെ ഒത്തിരി അടിച്ചു... ഇനി കോളേജിൽ പോകേണ്ട എന്നൊക്കെ പറഞ്ഞു എന്നാ പറഞ്ഞേ... പാവം... സാറിനോട് സൂക്ഷിക്കാൻ പറഞ്ഞു... അവളായി സാറിന് ഒന്നും വരുത്തില്ല എന്നും... അന്നെന്തോ പൊട്ടത്തരം ആയിപ്പോയതാണത്രേ...

കൂട്ടുകാരി വക്കാലത്തുമായി പുറകെ തന്നെയുണ്ട്... കേട്ടപ്പോൾ ഒരു വിഷമം... പക്ഷെ, കഴിഞ്ഞ ദിവസം വന്ന ഏട്ടന്മാർക്ക് അവളോട് നല്ല സ്നേഹവും ആയിരുന്നല്ലോ...?

അവരങ്ങനെ ആണ്... ആദ്യമായിട്ടാ അവളെ അടിക്കുന്നത്... കുറ്റബോധം കൊണ്ടാണ് സാറിനെ കാണാൻ വന്നതും... സാറിന് അവളോട് ഒന്നും ഇല്ലെന്നുള്ള ഉറപ്പിൽ ആണ് വീണ്ടും കോളേജിലേക്ക് വിട്ടത് പോലും...


അവളെ തറപ്പിച്ചൊന്ന് നോക്കിയപ്പോൾ ഓടി പോകുന്നത് കണ്ടു... മനസ് ഇപ്പോഴും പറയുന്നുണ്ട്, അടിക്കരുതായിരുന്നു...

ഒക്കെയും ഓരോ തോന്നലുകൾ ആണ്... ആ മനസ്സിൽ നിന്നും ഒക്കെയും മായ്ച്ചു കളയണെ എന്ന് പ്രാർത്ഥിച്ചു... താൻ കാരണം ആരും വിഷമിക്കരുത് എന്നും... അമ്മയോട് പറഞ്ഞപ്പോൾ, മറുവശത്തു നിന്നും ഏറെ നേരം നിശബ്ദതയായിരുന്നു...

"അവള് നിന്നെ വിടില്ല വിച്ചു..."

അമ്മ എന്തിനാണ് അങ്ങനെ പറഞ്ഞേ... ദേഷ്യം വന്നപ്പോൾ എന്തൊക്കെയോ പറഞ്ഞു ഫോൺ കട്ട് ചെയ്തു... ഉത്തര... ഉത്തര എന്ന് തന്നെ ഹൃദയം മന്ത്രിക്കുന്നുണ്ട്... പക്ഷെ ഞാനത് കേൾക്കാൻ തയ്യാറായില്ല എന്ന് മാത്രം...


ഒരു വർഷം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോൾ, വീണ്ടും ആ അമ്പലത്തിൽ പോയി തൊഴാൻ തോന്നി... തൊഴുത്തിറങ്ങിയതും, കണ്ടു, അവളുടെ ഏട്ടൻ വരുന്നത്.. വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ ക്ഷണം നിരസിക്കാനും കഴിഞ്ഞില്ല...

ആ വലിയ ഗേറ്റ് കടന്ന് അകത്തേക്ക് ചെല്ലുമ്പോൾ തന്നെ കണ്ടു ഒത്തിരി ആൾക്കാർ ഉണ്ട് ഉമ്മറത്ത്... ഉത്തരയുടെ മാഷ് ആണെന്ന് പരിചയപ്പെടുത്തി... നിറഞ്ഞ സ്വീകരണമായിരുന്നു... അവളെ പോലെ പാവമായ ഒരമ്മയും... ഉമ്മറത്ത് ചായ കുടിച്ചിരിക്കുമ്പോൾ ആണ് ഒരു മഞ്ഞ പാവാടയും ബ്ലൗസും ഇട്ട് ആരുടെയോ കൂടെ ഉമ്മറത്തേക്ക് ഓടി വന്നത്...

എന്നെ കണ്ടതും, സ്വിച്ചിട്ട പോലെ നിന്നുപോയി... ആകെ ചമ്മൽ ഉണ്ട് മുഖത്ത്... എനിക്ക് പോലും ചിരി വന്നിരുന്നു...

"നെന്റെ മാഷല്ലേ താര മോളെ... എന്നിട്ട് എന്താ ഒന്നും ചോദിക്കാതെ...?"

മുത്തശ്ശനെ ചിരിച്ചു കാട്ടി കൊണ്ട് പെട്ടന്ന് അകത്തേക്ക് വലിഞ്ഞു കളഞ്ഞു...

അവൾ അങ്ങനെ ആണ്... പാവം...


ഏതോ ഒരു വല്യേട്ടൻ മന മൊത്തം ചുറ്റി കാണിച്ചു തന്നു... ചിലപ്പോൾ അന്തരം കാണിച്ചു തരാൻ ആകാം... ഒന്നും സംസാരിച്ചില്ല... ചിരിച്ചു കൊണ്ട് കേട്ടു നിന്നു...

പിന്നെയും ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു... ഇറങ്ങാൻ നേരവും കണ്ണുകൾ അവളെ പ്രതീക്ഷിച്ചു എന്നപോലെ അകത്തേക്ക് നീണ്ടു... പടിപ്പുര കടന്നപ്പോൾ വെറുതെ തിരിഞ്ഞു നോക്കി... മുകളിൽ മട്ടുപ്പാവിൽ നിന്നും കയ്യും കാലുമൊക്കെ കാണിക്കുന്നുണ്ട്... കണ്ടതും പെട്ടന്ന് കാണാത്തപോലെ നടന്നു...

പാവം... ആശ കൊടുത്താലും കൂടെ കൂട്ടാൻ കഴിയില്ല ഉത്തര നിന്നെ... ഈ ജന്മം വിഷ്ണു നിനക്ക് ചേരില്ല... നിനക്കായ്‌ മുളച്ച പ്രണയത്തെ പോലും നിനക്ക് വേണ്ടി തന്നെ ഞാൻ അറുത്തുമാറ്റിയിരിക്കുന്നു... അതൊരിക്കലും എന്നെ ഓർത്തല്ല... നിന്നെ ഓർത്ത് മാത്രം...


വീട്ടിൽ അമ്മയോടും, അച്ഛനോടും അവളെ കുറിച്ച് പറഞ്ഞു... അവർക്ക് അവളെ വളരെ ഇഷ്ടമായി എന്നറിഞ്ഞപ്പോൾ തന്നെ മനസ് വീണ്ടും അവളിലേക്ക് ചായുന്നുവോ എന്നൊരു സംശയം...

അവധി കഴിഞ്ഞു വീണ്ടും കോളേജിൽ ചെല്ലുമ്പോൾ ഗേറ്റിൽ തന്നെയുണ്ട്... വിശേഷങ്ങൾ ഓരോന്ന് ചോദിച്ചു കൊണ്ട് പുറകെ തന്നെ...ഒന്നും പറഞ്ഞില്ല... കാണാത്തതും, കേൾക്കാത്തതും പോലെ നടന്നു...

രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവളുടെ ഏട്ടന്മാർ കാണാൻ വന്നിരുന്നു... ഉപദേശം അല്ലായിരുന്നു... ഭീഷണി...ആദ്യം എനിക്കും ഒന്നും മനസിലായില്ല... അവളെ കാണാൻ വന്ന ആരോടോ പറഞ്ഞത്രേ, കല്യാണം ഉണ്ടെങ്കിൽ വിഷ്ണു മാഷിനെ മാത്രമേ കേട്ടുള്ളൂ എന്ന്...

കേട്ടപ്പോൾ ഞാനും ഞെട്ടിയിരുന്നു... സമാധാനിപ്പിച്ചു കൊണ്ട് ഏട്ടൻമാരെ തിരിച്ചയക്കുമ്പോൾ അവൾക്ക് ഇത്ര ധൈര്യമോ എന്ന് ചിന്തിച്ചു പോയിരുന്നു... പോയി... പോയി... ഉള്ള സമാധാനവും പോയി...


പിറ്റേന്ന് അവളോട് ചോദിച്ചപ്പോൾ കണ്ണിറുക്കി കാണിച്ചിട്ട് പോയ്‌കളഞ്ഞു...കൂടെ കയ്യിലൊരു അസൽ നുള്ളും... ദേഷ്യം വന്നപ്പോൾ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ട് കോളേജ് ഗേറ്റ് കടന്നു പോയി...

പിന്നെ എപ്പോഴോ കൂടെ താമസിക്കുന്ന സാർ ആണ് പറഞ്ഞത്, പെണ്ണ് ഭയങ്കര വാശി ആണെന്ന്... വീട്ടിൽ വരുന്ന ആലോചനകൾ ഓരോന്നും എന്റെ പേര് പറഞ്ഞു മുടക്കുകയാണെന്നും... മുത്തശ്ശൻ ഏട്ടന്മാരെ പറഞ്ഞു അടക്കി നിർത്തിയിരിക്കുക ആണെന്നും... രണ്ടാമതും മുടക്കിയപ്പോൾ അവളെ ഒത്തിരി അടിച്ചു എന്ന്... കേട്ടപ്പോൾ എന്തോ സങ്കടം പോലെ...


അന്ന് വൈകുന്നേരം അമ്മയെ വിളിച്ചു പറഞ്ഞപ്പോൾ, നിനക്ക് ഇഷ്ടം ഉണ്ടേൽ അവർ വന്നു സംസാരിക്കാം എന്ന് പറഞ്ഞു... വെറുതെ ആ കൊച്ചിനെ അടി കൊള്ളിപ്പിക്കേണ്ട എന്നും...

ജാതിയിൽ തന്നെ അന്തരം... സാമ്പത്തികമായും... ഒന്നും ആലോചിക്കാൻ ഉണ്ടായില്ല... അരുത് എന്ന് തന്നെ പറഞ്ഞു... ഒക്കെയും ആലോചിച്ചപ്പോൾ അവളുടെ സ്നേഹം മാത്രം മനസ്സിൽ വന്നില്ല എന്നതായിരുന്നു സത്യം...

അവളുടെ കുസൃതികൾ ഓരോ ദിവസവും കൂടി വന്നിരുന്നു... ഒന്നും കണ്ടില്ലെന്ന് നടിച്ചു... പാവം... എന്നെങ്കിലും ഒരിക്കൽ ഞാനും അവളെ പ്രണയിക്കും എന്ന് കരുതിക്കാണാം...

നിന്നെ ഞാനും പ്രണയിക്കുന്നുണ്ട് ഉത്തര... നീ മാത്രമാണ് എന്റെ ശ്വാസം പോലും... പക്ഷെ, എന്നിലേക്ക് നിന്നെ ഞാൻ വലിച്ചു ചേർക്കില്ല... എന്റെ സ്വാർഥതയാകാം... ആ വീട്ടിലെ സന്തോഷം ഞാനായിട്ട് നശിപ്പിക്കില്ല...

എന്റെ മനസ്സിന്റെ ചില്ലയിൽ നീയുണ്ടാകും... അത് മതി... ഞാനും നീയും... അതൊരിക്കലും നാം ആകേണ്ട ഉത്തര...


എത്ര വേഗമാണ് രണ്ട് വർഷങ്ങൾ പിന്നെയും കടന്നു പോയത്... എന്റെ ഉത്തര മാത്രം മാറിയില്ല...എന്നും എനിക്കായി പുഞ്ചിരിയും, കുസൃതിയും നിറച്ചു കൊണ്ട് ദിവസവും എനിക്കായ് അവളാ ഗേറ്റിൽ തന്നെ കാണും...

പറഞ്ഞു തിരുത്താൻ നോക്കിയപ്പോൾ മാറില്ല എന്ന് തോന്നി... ഇടയ്ക്ക് അവളുടെ ഏട്ടന്മാർ വന്നു കണ്ടിരുന്നു... അവളെ പറഞ്ഞു തിരുത്താനുള്ള അപേക്ഷയുമായി... ഞാൻ അവളെ സ്വീകരിച്ചാൽ തന്നെ ആ കുടുംബം ഒരിക്കലും അത് അംഗീകരിച്ചു തരില്ല എന്നും...

എനിക്ക് വേദനിച്ചാൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് അവളായിരിക്കും എന്നൊരു ഭീഷണിയും... കേട്ടപ്പോൾ സഹിച്ചില്ല... കഴുത്തിനു കുത്തി പിടിച്ചു കൊണ്ട് ഒറ്റ തള്ള് ആയിരുന്നു...

എന്നേക്കാൾ അവളെ ഞാൻ സ്നേഹിക്കുന്നുണ്ട് എന്ന് പറയുമ്പോൾ അറിഞ്ഞില്ല അവൾക്കായി ഞാൻ തടവറ തീർക്കുകയായിരുന്നു എന്നത്... പറയാൻ തോന്നിയ നിമിഷത്തെ ശപിച്ചു പോയത് പിറ്റേ ദിവസം, ക്ലാസിലേക്ക് കയറി അവളെ കണ്ടപ്പോൾ ആണ്...


മുഖത്തിന്റെ ഒരു വശം നീര് വന്ന് വീർത്തിരുന്നു... ഒന്നുമില്ലെന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചത് എന്റെ കണ്ണ് നിറയുന്നത് കണ്ടിട്ട് ആകാം... ഒന്നാശ്വസിപ്പിക്കണം എന്ന് തോന്നി... അന്നാദ്യമായി.... കഴിഞ്ഞില്ല... നിസ്സഹായനായിപ്പോയി...

"മാഷിക്ക് എന്നെ ഒട്ടും ഇഷ്ടം അല്ല അല്ലേ...? ഇന്നലെ ഏട്ടൻ ഒത്തിരി അടിക്കുമ്പോൾ അതാ പറഞ്ഞേ... നിന്നെ വേണ്ടാത്ത ഒരുത്തന്റെ പുറകെ പട്ടിയെ പോലെ ചെല്ലരുത് എന്ന്...

മാഷ് കണ്ടൊ..."

ഇട്ടിരുന്ന പാവാട തെല്ലുയർത്തി കാണിച്ചു... ചോര കട്ട പിടിച്ച ചൂരൽ പാടുകൾ... അവളുടെ കണ്ണുകൾ തുളുമ്പി നിറഞ്ഞിരുന്നു... ചേർത്ത് പിടിക്കാൻ പോലും കൈകൾ ഉയർന്നില്ല... എന്റെ കണ്ണുനീർ തുടച്ചു കൊണ്ട് അവളെന്റെ കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് നെഞ്ചിലേക്ക് ചേർത്തു...

"ഒത്തിരി ഇഷ്ടാ മാഷേ... ഒത്തിരി ഒത്തിരി... ഈ നെഞ്ചിൽ മാഷ് മാത്രേ ഉള്ളൂ... എന്നെ കൂടെ കൊണ്ടൊവോ...? ഇനി മറക്കാൻ കഴിയാഞ്ഞിട്ട... ഒത്തിരി ശ്രമിച്ചതാ മാഷേ... പറ്റണില്ല..."

ഞാൻ ഒന്നും തന്നെ പറഞ്ഞില്ല... അത് കണ്ടിട്ട് ആകണം... വേദനയോടെ അവളൊന്ന് ചിരിച്ചു... പിന്നെ തിരിഞ്ഞു നടന്നു... കുറച്ചു ദൂരം ചെന്ന് എന്നെ നോക്കി, മിഴികൾ അമർത്തി തുടച്ചു...

"എനിക്ക് ഇഷ്ടാണ് മാഷേ, ഒത്തിരി ഒത്തിരി ഇഷ്ടാണ്.. എന്റെ പ്രാണനേക്കാൾ "...


അന്നത്തെ ആ ദിവസത്തിനു ശേഷം അവളെ കണ്ടിട്ടില്ല... ഒരു മാസം കഴിഞ്ഞാൽ പരീക്ഷയാണ്... അവളുടെ കൂട്ടുകാരി ആണ് പറഞ്ഞത്, ഇനി പരീക്ഷ എഴുതാൻ മാത്രമേ വരുന്നുള്ളു എന്ന്... പിന്നീട് കുറച്ചു ദിവസം അവധി ആയിരുന്നത് കൊണ്ട് നാട്ടിലേക്ക് പോയി...

അതിന് മുൻപ് അവളെ ഒന്ന് കാണണം എന്ന് തോന്നി... അതിനായിട്ടായിരുന്നു അമ്പലത്തിൽ പോയത് തന്നെ... കാണും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നത് കൊണ്ടാണ് ആ വരമ്പത്തു അങ്ങനെ കുറച്ചു സമയം നിന്നതും... പക്ഷെ, വന്നില്ല...

എന്തോ കണ്ണുകൾ നിറഞ്ഞിരുന്നു... തിരിഞ്ഞു നോക്കി കൊണ്ടായിരുന്നു ഓരോ ചുവടുകൾ വച്ചതും... മറക്കണം എന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നത് പോലെ... കഴിയുമോ എനിക്കതിന്...


നാട്ടിലെത്തി അമ്മയുടെ നിർബന്ധമായിരുന്നു ആ പെണ്ണ് കാണൽ പോലും... ശ്രീപ്രിയ... ഡിഗ്രി ഒന്നാം വർഷമാണ് എന്നാണ് പറഞ്ഞേ... അച്ഛന്റെ സുഹൃത്തിന്റെ മകൾ... ഒരു പാവം പെണ്ണ്...

അമ്മയാണ് എന്റെ മനസ്സറിഞ്ഞതും... ഉത്തരയെ മറക്കണമെന്നും,ഞാൻ കാരണം അവൾ വിഷമിക്കരുത് എന്നും...

ശരിയാണ്... അമ്മ പറഞ്ഞതും ശരിയാണ്... ഈ വർഷം കൂടി കഴിഞ്ഞാൽ അവിടെ നിന്നും ഇറങ്ങണം എന്ന് കരുതിയത്‌ ആയിരുന്നു... അവളും ഇല്ലാത്തൊരിടം... ആ ഓർമ്മകൾ വല്ലാതെ മദിക്കും എന്നറിയാം... ഗസ്റ്റ് പോസ്റ്റ്‌ ആയിരുന്നു... അതൊക്കെ കൊണ്ട് തന്നെ പരീക്ഷ കഴിഞ്ഞാൽ അവിടെ നിന്നും ഇറങ്ങണം...


ശ്രീപ്രിയയെ ഇഷ്ടം ആയെന്ന് പറയുമ്പോഴും ആ മഞ്ഞനിറത്തിന്റെ കൂട്ടുകാരി തന്നെയായിരുന്നു മനസിൽ... പ്രിയയ്ക്ക് എന്തൊക്കെയോ ജാതകദോഷങ്ങൾ ഉണ്ടെന്നത് കൊണ്ട് തന്നെ മൂന്നാഴ്ചയ്ക്കുള്ളിൽ വിവാഹം വേണമെന്നും... പ്രിയയെ താലി കെട്ടുമ്പോഴും മനസ്സിൽ ഉത്തര മാത്രം... അവൾ എങ്ങനെ പ്രതികരിക്കും എന്ന് പോലും അറിയില്ല... വിഷമം ആകില്ലേ...? ആ കണ്ണുകൾ നിറയില്ലേ...? അവളുടെ ഹൃദയം കരയില്ലേ എന്നൊക്കെ.. 

പ്രിയയോട് അവളെ കുറിച്ച് പറഞ്ഞിരുന്നു... എന്നെ എന്നേക്കാൾ ഏറെ സ്നേഹിക്കുന്ന ഒരുവളെ കുറിച്ച്... അവളും കണ്ണുകൾ നിറച്ചു... എന്തിന്...


രണ്ട് ദിവസങ്ങൾക്ക് ശേഷം പ്രിയയെയും കൊണ്ടാണ് ഉത്തരയുടെ നാട്ടിലേക്ക് മടങ്ങിയത്‌... രണ്ട് ദിവസം കഴിഞ്ഞാൽ കോളേജിൽ പോകണം...ആരോടും പറഞ്ഞിട്ടില്ല വിവാഹകാര്യവും... നേരിട്ട് പരിചയപെടുത്താം എന്ന് കരുതി...

പ്രിയയുമായി ഒരകലം വച്ചിരുന്നു... ഉത്തര ഹൃദയത്തിൽ നിറഞ്ഞു നിൽക്കുമ്പോൾ പ്രിയയോട് എങ്ങനെ നീതി കാണിക്കും....

രണ്ട് ദിവസം കഴിഞ്ഞ് പ്രിയയെയും കൊണ്ടാണ് കോളേജിലേക്ക് പോയത്... എല്ലാവരെയും പരിചയപ്പെടുത്തി... കണ്ണുകൾ തിരഞ്ഞത് അവളെയായിരുന്നു... കണ്ടില്ല...

"ആ കുട്ടി എവിടെ...? ഒന്ന് കാണാൻ ആയിരുന്നു..."

പ്രിയയാണ്... അവൾക്കെന്തൊ സങ്കടം പോലെ...

"വന്നില്ല..."

അത്രമാത്രം പറഞ്ഞു കൊണ്ട് അവളെയും കൊണ്ട് ഇറങ്ങി... അന്ന് വൈകുന്നേരം വരെ അവൾ എന്റെ മുന്നിലേക്ക് വന്നില്ല... ഞാൻ മുറിയിൽ ആയിരുന്നു... പ്രിയ കൂടി വന്നതോടെ ആ സാർ മാറി താമസിക്കാൻ തയ്യാറായിരുന്നു... കുറച്ചു ദിവസത്തേക്ക് അല്ലേ... അദ്ദേഹം അതിന് തയ്യാറും ആയിരുന്നു....


അടുക്കളയിൽ എന്തോ ശബ്ദം കേട്ടാണ് പെട്ടന്ന് എഴുന്നേറ്റത്... പ്രിയ... ദൈവമേ... ഓടി ചെന്നപ്പോൾ അവൾ കയ്യിൽ ഒരു പാത്രവുമായി എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്... അടുക്കള വാതിലിലേക്ക് എന്നിൽ നിന്നും ആ നോട്ടം പറിച്ചു നട്ടപ്പെട്ടപ്പോൾ ആണ് അവിടേക്ക് നോക്കിയതും...

ഉത്തര...

പ്രിയ ഒരു ഞെട്ടലോടെ എന്റെ കൈകൾ മുറുക്കെ പിടിച്ചിരുന്നു.... പക്ഷെ, എന്റെ കണ്ണുകൾ തേടിയത് അവളെയായിരുന്നു... എന്റെ ഉത്തരയെ... അല്ല... ഉത്തരയെ...

ആകെ ക്ഷീണിച്ചിരിക്കുന്നു... കണ്ണുകളിൽ നനവ് മാത്രം... ആ ചുരുണ്ട മുടിയിഴകൾ ആകെ പാറി പറന്നു കൊണ്ട് അവളുടെ മുഖമാകെ വീണിട്ടുണ്ട്... മഞ്ഞയിൽ കറുപ്പ് പൂക്കളുള്ള പാവാടയും ബ്ലൗസുമാണ് വേഷം...

യാചിക്കുക ആയിരുന്നു അവൾ... ദയനീയമായി... എന്നോട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്... കഴിയുന്നില്ല...

"മാഷേ..."

ചിതറിതെറിച്ച വാക്കുകൾ... മുഖം അമർത്തി കൊണ്ട് അവൾ അടുക്കളപടിയിൽ പടിഞ്ഞിരുന്നു...

"എനിക്ക് ഇഷ്ടാണ് മാഷേ, ഒത്തിരി ഒത്തിരി ഇഷ്ടാണ്... എന്റെ പ്രാണനേക്കാൾ "...

ഇടയ്ക്കിടെ ഏങ്ങലടിച്ചു കൊണ്ട് അത് തന്നെ പറയുന്നുണ്ട്... ചേർത്ത് പിടിക്കണം എന്നുണ്ട്... കഴിയുന്നില്ല... ഞാൻ... ഞാൻ കാരണം മുറിവേറ്റവൾ...

എന്തിനാ കൃഷ്ണ നീ ഇങ്ങനെ....നീറി നീറി മരിക്കാൻ ആണോ...

"ഉത്തര..."

"മാഷേ..."

ആ വിളിയിൽ എന്നെ ആവാഹിക്കുന്നത് പോലെ... അത്രമേൽ ആർദ്രമായി അവളെന്നെ ഇതുവരെ വിളിച്ചിട്ടില്ല...


"എനിക്ക് ഇഷ്ടാണ് മാഷേ, ഒത്തിരി ഒത്തിരി ഇഷ്ടാണ്... എന്റെ പ്രാണനേക്കാൾ "...

പിന്നെയും അത് തന്നെ ആവർത്തനം... അവൾക്കടുത്തേക്ക് കുനിഞ്ഞിരുന്നു കൊണ്ട് ആ കൈകൾ പിടിച്ചു പോയിരുന്നു... പ്രിയ ഒരേങ്ങലോടെ ഞങ്ങളെ തന്നെ നോക്കുന്നുണ്ട്... എന്റെ നെഞ്ചിലേക്ക് വീണു കൊണ്ട് ഉത്തര കരയുമ്പോൾ ചേർത്ത് പിടിക്കാൻ ഉയർന്ന കൈകൾ താനെ താണ് പോയിരുന്നു...

ഒത്തിരി നേരം എന്റെ നെഞ്ചിൽ ഇടിച്ചു കൊണ്ടവൾ കരഞ്ഞു... പിന്നെ പതം പറഞ്ഞു കൊണ്ട് എന്നിൽ നിന്നും മാറി പ്രിയയുടെ അടുത്തേക്ക് ഓടി... അവളൊന്ന് ഭയന്നു കൊണ്ട് പുറകിലേക്ക് മാറിയിരുന്നു...

ഇനിയെങ്ങാനും കൊല്ലാൻ ഉള്ള പ്ലാൻ ഉണ്ടോ എന്ന് ഭയന്നു പോയ്‌ക്കാണും...

"ശ്രീപ്രിയ അല്ലേ...? പേടിക്കണ്ട... ഞാൻ... ഞാൻ ഒന്ന് കാണണം എന്നെ കരുതിയുള്ളൂ... ഒത്തിരി ഒത്തിരി സ്നേഹിച്ചു പോയ്‌... മനസിനെ പറഞ്ഞു നിർത്താൻ കഴിയുന്നില്ല...

ഞാൻ... ഞാൻ ശപിക്കില്ല കേട്ടോ... പക്ഷെ... പക്ഷെ, ഇനിയോരോ ജന്മവും എന്റെ മാഷിനെ എനിക്ക് തന്നെ തന്നേക്കണേ പ്രിയ... ഈ... ഈ ജന്മം മാത്രം ഞാൻ വിട്ടു തരുവാ...

ശാപം... ശാപം കിട്ടിയ ജന്മം ആയിപ്പോയി എന്റേത്..."


മുഖം അമർത്തി തുടച്ചു കൊണ്ട് പ്രിയയുടെ താലി എടുത്തു നോക്കുന്നുണ്ട്... കൈ നിവർത്തി പ്രിയയുടെ കൈയിലേക്ക് എന്തോ വച്ച് കൊടുത്തു... ആദ്യം അവളും വാങ്ങാൻ കൂട്ടാക്കിയില്ല... പിന്നെ നിർബന്ധിച്ചു പിടിപ്പിച്ചു കൊടുത്തു...

കൃഷ്ണന്റെ ഒരു ചെറിയ ലോക്കറ്റ്... അവൾ പണ്ടെങ്ങോ എനിക്കായി വാങ്ങിയത് ആയിരുന്നു പോലും... ഇനിയവൾക്ക് അത് വേണ്ടെന്ന്...

അന്ന് കരഞ്ഞു കൊണ്ട് ഇറങ്ങി പോയവൾ ആയിരുന്നു പിന്നീട് ഒരിക്കലും കണ്ടില്ല... പ്രിയയ്ക്ക് എല്ലാം അറിയാം... അതുകൊണ്ട് തന്നെ ക്ഷമിക്കാൻ അവളും തയ്യാറായിരുന്നു...

ആ നാട്ടിൽ നിന്നും പോകുമ്പോൾ ഇനിയും കാണരുതേ എന്നായിരുന്നു പ്രാർഥനയും... പിന്നീട് ആയിരുന്നു ഗസ്റ്റ് പോസ്റ്റ്‌ സ്ഥിരമായതും, പ്രിയയുമായുള്ള ജീവിതവും ഒക്കെയും... മോന് രണ്ട് വയസ് ആയപ്പോൾ ആയിരുന്നു പ്രിയയും പോയത്...

ആക്സിഡന്റ് ആയിരുന്നു... ടൗണിൽ വച്ച്... ബസ് മറിഞ്ഞത് ആയിരുന്നു... അതിൽ പ്രിയയും എന്നോട് യാത്ര പറഞ്ഞു... പിന്നീട് അങ്ങോട്ട് അപ്പുവിന് വേണ്ടിയായിരുന്നു ജീവിതം തന്നെയും...

ഒന്നും ഓർക്കാൻ ഇഷ്ടപെട്ടില്ല... ഒന്നും തന്നെ... എന്തിന് വേണ്ടി...? അതും ഒരു ചോദ്യമായിരുന്നു... ഞാനായി തട്ടി കളഞ്ഞതൊക്കെയും ഇനിയും എന്നിലേക്ക് വേണ്ടെന്നൊരു തോന്നലിൽ...


തുടരും...


Rate this content
Log in

More malayalam story from Charu Varna

Similar malayalam story from Drama