Swathy Krishna

Others Children

4.5  

Swathy Krishna

Others Children

പൂവൻ

പൂവൻ

4 mins
334


മുറ്റത്തു നിന്നും കോഴിയുടെ കരച്ചിലും ചിറകടിക്കലും കെട്ടാണ് കുട്ടൻ കണ്ണ് തുറന്നത്... ആകെക്കൂടെ കിട്ടുന്ന അവധിയാണ്... ഉറങ്ങാനും വിടില്ല....

പുറത്ത് മാമന്റെ ശബ്ദം കൂടെ കേട്ടപ്പോൾ പിന്നെ ഉറങ്ങാൻ തോന്നിയില്ല... പുതപ്പ് മാറ്റി ചാടി എഴുന്നേറ്റു.

അമ്മയും മാമനും ഉമ്മറത്തുണ്ട്. എന്തൊക്കെയൊ സംസാരിക്കുന്നു... പക്ഷെ കുട്ടന്റെ കണ്ണിൽ ഉടക്കിയത് മുറ്റത്ത് നിന്നു ചിക്കി ചികയുന്ന പൂവൻ കോഴിയെ ആണ്...

ചുവന്ന തൂവലുകൾ സൂര്യപ്രകാശമേറ്റ് തിളങ്ങി നിന്നു... അപ്പോഴും അതിന്റെ അഴക് എടുത്തു കാണിച്ചത് മുനുസമുള്ള കറുപ്പ് നിറമാണ്...


കുട്ടൻ മാമന്റെ അരികിൽ പോയി ഇരുന്നു... കയ്യിലെ ചായ കപ്പ് തിണ്ണക്ക് മുകളിൽ വച്ചു മാമൻ കുട്ടനെ ചേർത്തു പിടിച്ചു...


" നന്നായി നോക്കിയേക്കണെടാ... " മാമൻ പറഞ്ഞപ്പോൾ കുട്ടൻ അയാളെ നോക്കി...

എന്തൊക്കെയൊ ചോദ്യങ്ങളും സംശയങ്ങളും ഉണ്ടായിരുന്നു... പക്ഷെ ഒന്നും പുറത്തു വന്നില്ല...

പെട്ടന്ന് ഒരു സുപ്രഭാതത്തിൽ തന്റെ വീടിനു മുന്നിൽ പ്രത്യക്ഷപ്പെട്ട ആ പക്ഷിയെ കൗതുകത്തോടെ അവൻ നോക്കി ഇരുന്നു....


പിറ്റേന്ന് സ്കൂളിൽ പോകാൻ ഇറങ്ങിയതാണ്... മുറ്റത്ത് വീടിനോട് ചേർന്ന് ഒരു കൂട് കൂടെ പ്രത്യക്ഷപ്പെട്ടു...

അതിനുള്ളിൽ തന്നെ കോഴിക്ക് കുടിക്കാൻ വെള്ളവും ധാന്യവും ഒരുക്കി വച്ചിട്ടുണ്ട്....


" ഭാഗ്യവാൻ... സ്കൂളിലും പോണ്ടാ... എന്തൊരു സുഖാ... " കുട്ടൻ ഓർത്തു...

അപ്പോഴേക്കും സ്കൂളിൽ മണി മുഴങ്ങണ ശബ്ദം മനസ്സിലേക്ക് ഓടി എത്തി... അവൻ ബാഗുമെടുത്ത് ഓടി....


സ്കൂളിൽ നിന്നും വരുമ്പോൾ ആണ് കുട്ടൻ അത് കണ്ടത്... കോഴിക്കൂടിനടുത്ത് തക്കം പാർത്തു നിൽക്കുന്ന ഒരു തെരുവ് നായ.


" അമ്മേ.... " കുട്ടൻ പെട്ടന്ന് അമ്മയെ വിളിച്ചു... അവന്റെ ശബ്ദം കേട്ട് നായ പിൻവശം വഴി ഓടി...


" എന്താടാ?? " അമ്മ ഉമ്മറത്തേക്ക് വന്നു ചോദിച്ചു


" ഒരു നായ... മ്മളെ കോഴിനെ പിടിക്കാൻ വന്നതാ " കുട്ടൻ പറഞ്ഞപ്പോൾ അമ്മ ഇടുപ്പിൽ കൈവച്ചുകൊണ്ട് അവനെ നോക്കി...


" ഹോ... ന്റെ കുട്ടാ... അതങ്ങ് കൂട്ടിൽ അല്ലെ... നീ ആളെ പേടിപ്പിച്ചു കളഞ്ഞു " അമ്മ അതും പറഞ്ഞു അകത്തേക്ക്‌ നടന്നു...


അമ്മക്ക് അങ്ങനെ പറയാം... മാമൻ നോക്കാൻ ഏല്പിച്ചത് തന്നെയല്ലേ...!!


ബാഗ് ഉമ്മറത്തെ വരാന്തയിലേക്ക് വച്ച് കുട്ടൻ കോഴിക്കൂടിന് അടുത്തേക്ക് ചെന്നു...

വെള്ളം നിറച്ചു വച്ച പാത്രം താഴെ തട്ടി മറഞ്ഞു കിടപ്പുണ്ട്....


കുട്ടൻ കൂട് തുറന്നു പാത്രം കൈ നീട്ടി എടുത്തു...

പക്ഷെ കൂട്ടിൽ കിടന്ന കോഴി അവന്റെ കയ്യിൽ ആഞ്ഞു കൊത്തുമെന്ന് പ്രതീക്ഷിച്ചില്ല.... 


" അമ്മേ.... " കുട്ടൻ അലറി കരഞ്ഞു...


" എന്താടാ?? " അമ്മയുടെ ശബ്ദം അടുക്കളയിൽ നിന്നും കേട്ടു...

നിമിഷങ്ങൾക്കകം അമ്മ അങ്ങോട്ട് പാഞ്ഞെത്തി... പക്ഷെ ഈ തക്കത്തിന് കോഴി കൂട്ടിൽ നിന്നും ചാടിപോയി...


" ദേ കോഴി... " വേദനയുണ്ടെങ്കിലും ചാടി പോയ കോഴിയെ ആണ് കുട്ടൻ ആദ്യം അമ്മക്ക് കാണിച്ചു കൊടുത്തത്....


" ന്റെ കുട്ടാ.... നിന്നെക്കൊണ്ട്... " അമ്മ അവനെ ശകാരിച്ചുകൊണ്ട് കോഴിക്ക് പുറകെ പാഞ്ഞു...


" കോഴി... ബ്ബ... ബ്ബാ... ബ്ബ.... " അമ്മയെ ഒട്ടും വെല്ലാതെയാണ് ആ ജീവി കൊക്കി കരഞ്ഞുകൊണ്ട് ഓടുന്നത്... നേരം സന്ധ്യ ആയി കഴിഞ്ഞിരുന്നു....

ഇരുട്ട് വീഴാൻ ഒരുമ്പി നിൽക്കും പോലെ....


" എടാ സുമേഷേ... നിന്റെ കോഴി... " വേലി കടന്നു വന്ന മാമനെ നോക്കി അമ്മ പറയുന്നത് കേട്ടു....

വേലിക്ക്‌ ഇടയിലൂടെ പുറത്തേക്ക് ചാടാൻ നോക്കിയ കോഴിയെ മാമൻ ചാടി പിടിച്ചു....


ദേഹത്തു മുഴുവൻ പറ്റി പിടിച്ച മണ്ണും പൊടിയുമായി നിലത്തു നിന്ന് എഴുന്നേൽക്കുമ്പോൾ മാമന്റെ കയ്യിൽ പെട്ടു പിടയുകയായിരുന്നു അത്....


അങ്ങനെ കോഴി വീണ്ടും കൂട്ടിൽ....!!! കുട്ടന് സന്തോഷമായി....


" ഇനി നീ അതിന്റെ അടുത്തിക്ക് പോണ്ട ട്ടാ " മുറിവ് പരിശോധിക്കവേ അമ്മ ശാസനയുടെ സ്വരത്തിൽ പറഞ്ഞു...

കുട്ടൻ മിണ്ടിയില്ല...


" ആ കോഴിക്ക് ഒന്നും പറ്റിക്കൂടാ... അതുകൊണ്ടാ... " മാമൻ കൂട്ടിച്ചേർത്തു...

കുട്ടൻ ഒന്ന് മൂളി... പിന്നെ എഴുന്നേറ്റു അകത്തേക്ക് പോയി...


പഠിക്കാൻ എന്ന വ്യാജെന പുസ്തകം എടുത്തു വച്ചിരുന്നപ്പോൾ പുറത്ത് നിന്നും അവരുടെ സംസാരം കേട്ടു....


" പോയെന്ന് കരുതി ഞാൻ... " അമ്മയാണ്...

" ഏയ്യ്... അങ്ങനെ പോവത്തില്ല... ദൈവത്തിന് ഉള്ളതല്ലേ " മാമൻ പറഞ്ഞത് അവന് മനസ്സിലായില്ല....


" നീ എന്തിനാ അതിനെ ഇവിടെ കൊണ്ടന്നാക്കിയേ...?? " അമ്മ ചോദിച്ചു


" ഓഹ്... അവിടെ വളർത്തിയാ... അത് ശരിയാവത്തില്ല ചേച്ചി... കണ്മുന്നിൽ വളർന്നിട്ട്... കണ്മുന്നിൽ വച്ചു തന്നെ അറക്കുന്നത് കാണാൻ വയ്യാ.... " മാമൻ പറഞ്ഞപ്പോൾ അവൻ ഒന്ന് ഞെട്ടി...

അറക്കാനോ??


" പിന്നെ... കുട്ടന് നേർന്നതല്ലേ... " മാമൻ കൂട്ടിച്ചേർത്തു...


" നല്ലൊരു തുകയാവില്ലേടാ... കരിങ്കാളി കെട്ടലും... ഒരുക്കങ്ങളും... അങ്ങനെ കൊറേ ചെലവാവൂലെ?? " അമ്മ ചോദിച്ചു....


" ഓഹ്... കുട്ടന് അന്ന് ശ്വാസം മുട്ടലും വന്നപ്പോൾ നേർന്നതല്ലെ... സാരല്യ... ഭഗവതി കൂടെ ണ്ടാവും " മാമൻ കൂട്ടിച്ചേർത്തു....

കുട്ടന് കാര്യം മനസ്സിലായി...


അന്ന് തീരെ വയ്യാതെ കുറേ ദിവസം ആശുപത്രിയിൽ കിടന്നത് കുട്ടൻ ഓർത്തു... കഴിഞ്ഞ വർഷം ഉത്സവം കാണാൻ കഴിഞ്ഞില്ല... പക്ഷെ അതിനു മുൻപൊക്കെ അവൻ കണ്ടിട്ടുണ്ട്... കോഴിയെ കഴുത്തറത്തു ചോര കുടിച്ചു തുള്ളുന്ന കരിങ്കാളിയെ...


പേടിയാണ്... ചിലത് ഓടി വന്നു പേടിപ്പിക്കും... അലറി ശബ്ദമുണ്ടാക്കും.... കൊട്ടും മേളവും കൊഴുക്കുമ്പോൾ മതി മറന്നു ആടി തിമിർക്കുന്ന കരിങ്കാളിയുടെ വായിൽ കടിച്ചു പിടിച്ചിരുന്ന കോഴികളെ ഓർമ്മ വന്നു....

ഓർക്കുമ്പോൾ തന്നെ നെഞ്ചു പിടക്കുന്നു...


അവൻ തിരികെ കട്ടിലിൽ വന്നു കിടന്നു... മനസ്സിന് വല്ലാത്ത ഒരു കലക്കം... എന്തോ ഒരു വിഷമം...

വേദനിപ്പിച്ചെങ്കിലും കഷ്ടപ്പെടുത്തി എങ്കിലും അവന് അതിനോട് അലിവ് തോന്നി...

നമ്മൾ അതിനോട് ചെയ്യുന്നത്ര ക്രൂരതയൊന്നും അത് ചെയ്തില്ലല്ലോ...


അല്പം കഴിഞ്ഞപ്പോൾ അമ്മ അകത്തേക്ക് വന്നു കതക് അടച്ചു... മാമൻ പോയെന്ന് മനസ്സിലായി...

രാത്രി ഉറക്കം ഉണ്ടായില്ല... കരിങ്കാളിയും പൂവനും ചെണ്ട മേളവും ചിത്രങ്ങളായി വന്നു ഉറക്കം കെടുത്തി....


പുലർച്ചെ ആയപ്പോൾ അവൻ എഴുന്നേറ്റു... അമ്മ ഇപ്പോഴും ഉറക്കം തന്നെ... കട്ടിലിൽ നിന്നും ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു മുറ്റത്തേക്ക് നടന്നു....


പുലരി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നു.... കുട്ടൻ മെല്ലെ കോഴിക്കൂടിന് അടുത്തേക്ക് നടന്നു...

പാതി അടഞ്ഞ കണ്ണുകളോടെ പൂവൻ അവനെ നോക്കി....


അവൻ കൂടുതൽ ഒന്നും ആലോചിച്ചില്ല.... കോഴിക്കൂട് തുറന്ന് വിട്ടു.... അത് കണ്ട് പകപ്പോടെയൊ അമ്പരപ്പോടെയൊ പൂവൻ അവനെ നോക്കി...


പിന്നെ മെല്ലെ പുറത്തേക്ക് ചാടി ഇറങ്ങി... പൂവൻ വേലി കടന്ന് ഓടുന്നത് കണ്ടാണ് കുട്ടൻ അകത്തേക്ക് വന്നത്....


മുറിയിലെക്ക്‌ ചെന്നു കട്ടിലിൽ ചെന്നു കിടന്നു ഉറക്കം നടിച്ചു... എപ്പോഴോ മയങ്ങിപ്പോയി...


" കുട്ടാ.... എഴുന്നേൽക്ക്.... " അമ്മ തട്ടി വിളിച്ചപ്പോൾ അവൻ ഉറക്കച്ചടവോടെ അമ്മയെ നോക്കി...പെട്ടന്ന് ചാടി എഴുന്നേറ്റു...

പൂവൻ പോയൊ?? അതോ കണ്ടത് സ്വപ്നം ആയിരുന്നോ???


" എടാ നമ്മുടെ പൂവനെ നായ പിടിച്ചടാ... " അമ്മ പറഞ്ഞപ്പോൾ അവനൊന്നു ഞെട്ടി.... കട്ടിലിൽ നിന്നും എഴുന്നേറ്റു പുറത്തേക്ക് പാഞ്ഞു...

മുറ്റത്ത് മാമൻ അതിനെ മൂടാനുള്ള കുഴി വെട്ടുന്നത് കണ്ടു....


അതിനടുത്ത് ഒരു ചാക്കിൽ മുറിവേറ്റ് ജീവനറ്റു കിടക്കുന്ന പൂവനെ അവൻ കണ്ടു...

ഏറെ നേരം അത് നോക്കി നിൽക്കാൻ അവന് കഴിഞ്ഞില്ല... മിഴികോണിൽ ഒരു വലിയ കണ്ണുനീർ തുള്ളി തങ്ങി നിന്നു...

പക്ഷെ പുറത്തേക്ക് വീണില്ല....


അല്പം കഴിഞ്ഞപ്പോൾ എന്നത്തേയും പോലെ കുളിച്ചു ബാഗുമെടുത്ത് സ്കൂളിലേക്ക് നടന്നു... അന്നേരം കണ്ടു വീടിന്റെ മൂലയിൽ ഒരു ഒഴിഞ്ഞ കൂട്... 




Rate this content
Log in