മൗനം
മൗനം
പുലർച്ചെയായപ്പോഴേക്കും അമ്മയുടെ ശകാരവും മുറുമുറുപ്പും കെട്ടാണ് അവൾ ഉണർന്നത്... മുറിയുടെ ജനലിൽ പുറത്തെ ബൾബിലെ അരണ്ട വെളിച്ചം അവൾ കണ്ടു... അപ്പുറം തൊഴുത്ത് ആണ്...
നീളൻ മുടി വാരിക്കെട്ടി അവൾ എഴുന്നേറ്റു...
അപ്പുറത്തെ മുറിയിൽ ചാരിയിട്ട വാതിലിനിടയിലൂടെ അനിയന്റെ പാദങ്ങൾ കാണാം...
" അച്ഛൻ തിരക്കുന്നുണ്ട്... അങ്ങട് ചെല്ല്... " അമ്മ പറഞ്ഞു... അവളുടെ കണ്ണുകൾ അനിയന്റെ മുറിയിലേക്ക് പാഞ്ഞു...
" അവനെ നോക്കണ്ട... പാതിരാക്ക് കേറി കിടന്നതാ... അവൻ ഉറങ്ങട്ടെ... " അമ്മ പറഞ്ഞു
" പാതിരാക്ക് കൂട്ടുകാർടെ കൂടെ ഊര് ചുറ്റാൻ പോയെ അല്ലെ? നാളെ മുതൽ ഞാനും പോവാ... അന്നേരത്ത് കേറി വന്നാ പോരെ?? " അവൾ ചോദിച്ചു
അമ്മയുടെ കൃഷ്ണമണികൾ മേല്പോട്ട് ഉരുണ്ടു കയറുന്നത് അവൾ കണ്ടു...
"നീ പെണ്ണാണ്... പിന്നെ... ആരോടാ നിനക്ക് പോര്?? കൂടെപിറപ്പിനോടോ?? അവനെക്കൊണ്ട് വേണോ ഇനി അടുക്കളപ്പണി എടുപ്പിക്കാൻ?? നീ ഒരു കാര്യം ചെയ്യ്... പോയി കിടന്നോ... ഈ വീട്ടിലെ പണി ചെയ്യാനും വിഴുപ്പ് അലക്കാനും ഞാൻ ഉണ്ടല്ലോ... "
" സ്വന്തം വിഴുപ്പ് സ്വയം അലക്കിക്കൂടെ അമ്മേ?? " മുൻപും അവളത് ചോദിച്ചിട്ടുണ്ട്... എന്നത്തേയും പോലെ കണ്ണുരുട്ടി അവളെയൊന്നു നോക്കി ദഹിപ്പിച്ചുകൊണ്ട് അമ്മ അടുക്കളയിലേക്ക് നടന്നു...
" സ്വന്തംന്ന് പറയാൻ അവനെ ഉള്ളൂ എന്ന് മറക്കണ്ട... നാളെ ഒരു ആവശ്യത്തിന് അവനെ കാണൂ... " അമ്മയുടെ ശബ്ദം അടുക്കളയിൽ നിന്നും കേൾക്കാം...
അവൾക്ക് തല പെരുത്തു... ആവശ്യത്തിന് കാണും... നമുക്കല്ല... അവന്റെ വല്ല സുഹൃത്തുക്കൾക്കൊ നാട്ടുകാർക്കോ കാണും...
ഇന്നലെ രാത്രി ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ നേരം വൈകുമെന്ന് പറഞ്ഞിട്ടും തന്നെ കാത്ത് ടൗണിൽ നിൽക്കാൻ അവന് നേരം ഉണ്ടായില്ല... മറന്നത്രെ...
വണ്ടിയൊന്നെയുള്ളൂ... അതാണേൽ അവന് വേണം...
വിളിച്ചപ്പോൾ അവന്റെ കൂട്ടുകാരന്റെ ആവശ്യത്തിന് പോയതാണ് പോലും...
രാത്രിയിൽ നായകളുടെ കടിപിടിയൊച്ചകളും വഴിയേ പോയ നാലുകാലികളുടെ നോട്ടവും മുരടനക്കുകളുമെല്ലാം നമുക്കെ അറിയൂ...
വീട്ടിൽ കിട്ടാത്ത സ്വാതന്ത്ര്യവും കരുതലും റോഡിൽ കിട്ടുമോ??? രാത്രി പെണ്ണിന് പറഞ്ഞതല്ലല്ലോ....
അടുക്കളയിലെ പണികൾ എല്ലാം ഒരുക്കി അവൾ കുളിക്കാൻ കയറി... എന്നത്തേയും പോലെ ആഹാരം കഴിക്കാതെ ബാഗുമെടുത്ത് ഓടി... അവൻ ഉണർന്നിട്ടില്ല... വണ്ടിയെടുക്കാൻ തനിക്ക് അവകാശവുമില്ല...
ക്ലാസ്സിൽ ഇരിക്കുമ്പോൾ തന്നെ അവൾക്ക് വല്ലാത്ത ക്ഷീണം തോന്നി... തലക്ക് ഒരു പെരുപ്പം പോലെ... ചെവിയിൽ നിന്നും പല്ലിലെക്ക് ഒരു കുത്തൽ.... തലക്കനം.... ഉച്ചയോടെ വയറുവേദനയും തുടങ്ങിയതോടെ അവൾ വീട്ടിലേക്ക് പോന്നു...
ബസ്സിൽ ഇരിക്കുമ്പോഴും തല പൊളിയുന്ന പോലെ തോന്നി....
അതിനിടയിലാണ് പിന്നിലെ സീറ്റിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒരു കുട്ടി അവളുടെ മുടി പിടിച്ചു വലിച്ചത്....
ദേഷ്യം വന്നു... എങ്കിലും കടിച്ചു പിടിച്ചു....
അപ്പോഴതാ സീറ്റിനു അടിയിലെ വിടവിലൂടെ പുറകിൽ നടുവിന് ചവിട്ടുന്നു....
കണ്ണുരുട്ടി ഒന്ന് തിരിഞ്ഞു നോക്കി.... പക്ഷെ അതിന് വലിയ ഭാവമാറ്റം ഒന്നുമില്ല... കല്പിച്ചു തന്നെ പിന്നെയും ചവിട്ടി...
വേദനിച്ചിട്ടല്ല... പക്ഷെ ദേഷ്യവും തല വേദനയും ആ കുട്ടീടെ ചവിട്ടലും റോഡിലെ ബഹളവുമെല്ലാമായപ്പോൾ അവൾക്ക് പ്രാന്ത് പിടിച്ചു...
പെട്ടന്ന് ഡ്രൈവർ ഒന്നാഞ്ഞു ബ്രെക്ക് ചവിട്ടി.... മുന്നിലേക്ക് ഒരു കുതിപ്പ് ആയിരുന്നു....
അടിവയറ്റിൽ എന്തോ ഒരു സ്ഫോടനം പോലെ....
" അയ്യോ... ഇതെന്താ കുഞ്ഞിന്റെ കാലിൽ ചോര? " പെട്ടന്ന് പുറകിൽ നിന്നും ആ സ്ത്രീ ചോദിക്കുന്നത് കണ്ടു... ബ്രെക്ക് ചവിട്ടിയ സമയം മനഃപൂർവം ഒരു നുള്ള് വച്ചു കൊടുത്തിരുന്നു...
ഈശ്വരാ... പണിയായോ?? അവൾ ഓർത്തു....
അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ ഉള്ളതാണ്... അവൾ പെട്ടന്ന് എഴുന്നേറ്റു...
അപ്പോഴാണ് ശ്രദ്ധിച്ചത്... ഇരുന്നിടത്തെ നനവ്... ചുവപ്പുകറ....
ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞു... യൂണിഫോമിലാണ്... കണ്ണ് നിറഞ്ഞു....
ബസ് നിന്നതും ചാടിയിറങ്ങി...
ആരൊക്കെയോ അവളെ നോക്കുന്നുണ്ട്... കണ്ണുകൾ കലങ്ങിയത് കൊണ്ട് ആളുകളുടെ മുഖം വ്യക്തമല്ല...
ബസ് സ്റ്റോപ്പിലേക്ക് കയറി മൂലക്കലേക്ക് നിന്നു...
അവിടെ നിന്നൊരു കിളവൻ അവളെ തുറിച്ചു നോക്കി...
ഫോൺ എടുത്ത് അനിയന്റെ നമ്പറിലേക്ക് വിളിച്ചു... അവൻ വീട്ടിൽ കാണും...
പക്ഷെ അവൻ ഫോൺ എടുക്കുന്നില്ല... പിന്നെയും പിന്നെയും വിളിച്ചപ്പോൾ ഫോണിന്റെ മറുതലക്കൽ നിരാശയും ദേഷ്യവും കലർന്ന ശബ്ദം കേട്ടു...
" ഞാൻ തിരക്കിലാ... "
" എടാ ഒന്ന് വാ... ഞാൻ ഇവിടെ അങ്ങാടീല്ണ്ട്... "
" ഓഹ്... നടന്നു പോരെ... എനിക്ക് മേലാ "
കാൾ കട്ടായി...
ശരീരത്തിൽ ചുവപ്പ് പടരുന്നത് അവൾ അറിഞ്ഞു... ഹൃദയത്തിൽ ഇരുട്ടും.... കണ്ണുകൾ നിറഞ്ഞൊഴുകിയത് വേദനകൊണ്ടാണ്...
ഹൃദയവേദന...!!
കണ്ണുനീർ കാഴ്ച മറച്ചപ്പോൾ പെട്ടന്ന് മുന്നിൽ വന്നു നിന്ന വണ്ടി ഒന്ന് അമറി... ഒന്നു ഞെട്ടി...
കൺകോണിൽ തങ്ങി നിന്ന മിഴിനീർകണങ്ങൾ പുറത്തേക്ക് പൊട്ടി വീണു...
" കേറുന്നോ?? "
കാലിയോട്ടോ ആണ്... അവൾ ഒന്ന് മടിച്ചു നിന്നു...
പിന്നിലേക്ക് കൈചേർത്തു യൂണിഫോം ഉടുപ്പിൽ മുറുകെ പിടിച്ചു...
നനവുണ്ട്...
" കേറുന്നുണ്ടോ കൊച്ചേ?? " ഓട്ടോക്കാരൻ പിന്നെയും ചോദിച്ചു...
ഇത്തവണ അവൾ പെട്ടന്ന് ഓട്ടോയിലേക്ക് കയറി... പോകുന്ന വഴിയിലെ ഓരോ കുഴിയും കയറി ഇറങ്ങിയ കല്ലുകളും എല്ലാം അവൾ അറിഞ്ഞുകൊണ്ടിരുന്നു...
അടക്കി പിടിച്ച ശ്വാസവും കരച്ചിലും ഒരുപോലെ സമ്മർദ്ദത്തിലാഴ്ത്തി....
വീടിന് മുൻപിലായി ഓട്ടോ നിറുത്തി.... ഉമ്മറത്തു കാലും കയറ്റി വച്ചിരിക്കുന്ന അനിയനെ കണ്ടു...
ഫോണിൽ എന്തോ ഗെയിം കളിക്കുന്ന തിരക്കിലാണ്....
അവളെ കണ്ട് കണ്ണുയർത്തി ഒന്ന് നോക്കി... പിന്നെയും ഫോണിലേക്ക് തല പൂഴ്ത്തി....
ഓട്ടോയിൽ നിന്നും ഇറങ്ങി കയ്യിൽ ചുരുട്ടി പിടിച്ച പത്തുരൂപ നോട്ട് അയാൾക്ക് നീട്ടിയപ്പോൾ അയാൾ പുഞ്ചിരിയോടെ അവളെ നോക്കി.
പിന്നെ ഓട്ടോ തിരിച്ചു....
അയാളുടെ വണ്ടിയിലും ചുവപ്പ് കലയുണ്ടായിരുന്നു... അയാൾ അത് കണ്ടിരുന്നോ...
അവൾ മെല്ലെ അകത്തേക്ക് നടന്നു....
" ഓട്ടോയിൽ ഒക്കെ വരാൻ നീ ആരാ?? നടന്നു വരാൻ മെലെ?? " അവൻ ഫോണിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു...
അവൾ കണ്ണുരുട്ടി അവനെ നോക്കി നിന്നു....
" എടാ... അനൂ... രേഖ അങ്ങാടീല് കാത്തു നിക്കാ... ഇയ്യൊന്ന് പോയി കൂട്ടിക്കൊണ്ടൊരോ?? " അപ്പുറത്ത് നിന്നും വല്യമ്മ വിളിച്ചു ചോദിച്ചു...
അവൻ ചേച്ചിയെ ഒന്ന് നോക്കി...
" ആ... പോവാ.... " അവൻ കസേരയിൽ നിന്നും എഴുന്നേറ്റു...
അവൾക്ക് ഒന്നും പറയാൻ ഉണ്ടായില്ല.... കണ്ണുകൾ നിറച്ച് അവനെ നോക്കുമ്പോൾ എന്തിനാണ് ഇത്ര വേദനയെന്ന് മനസ്സിലായില്ല....
അവൾ അകത്തേക്ക് കയറിപ്പോയി....
അപ്പോഴാണ് അവനും കണ്ടത്... ചേച്ചിയുടെ ഉടുപ്പിലെ ചുവന്ന ചിത്രങ്ങൾ.... അവളുടെ അവനു മനസ്സിലായി....
" വേഗം പോടാ " വല്യമ്മയുടെ ശബ്ദം പിന്നെയും ഉയർന്നു...
" ആഹ്... ഇറങ്ങായി... " തിണ്ണക്ക് മുകളിൽ ഇരുന്ന താക്കോലുമെടുത്ത് അവൻ പുറത്തേക്ക് ഇറങ്ങി...
പുറത്ത് വണ്ടി അമറുന്ന ശബ്ദം അവൾ കേട്ടു...
വേണ്ടാ... ഒന്നും മിണ്ടണ്ട... മിണ്ടിയാലും തന്റെ ശബ്ദം ഇവിടെ ആർക്കും മനസ്സിലാവില്ല....
മൗനമാണല്ലോ സ്ത്രീക്ക് സ്വാതന്ത്ര്യം...!!
