കാതോരം
കാതോരം
ഗീത റോഡിലേയ്ക്ക് മിഴി നട്ട് ഇരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി.
മനസ്സിൽ കടലോളം ദുഖം ആർത്തലച്ച് പെയ്യുന്നുണ്ട്. മടുത്തു, ഒറ്റയ്ക്ക് ഈ തോണി തുഴഞ്ഞു മടുത്തു. തൻ്റെ കഷ്ടപ്പാടു കണ്ട് തൻ്റൊപ്പം അവനും ഉണ്ടാവും എന്നു കരുതി ഇരുന്ന താനാണ് മണ്ടി. ഗീത കണ്ണുകൾ ഇടയ്ക്കിടെ തുടച്ചു.
കംബൈൻഡ് സ്റ്റഡി എന്നു പറഞ്ഞ് ഇറങ്ങിയാൽ പിന്നെ തോന്നുമ്പോൾ ആണ് വരവ്. ഇങ്ങു വരട്ടെ രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം.
"അമ്മേ... ചേട്ടായിയെ വഴക്കൊന്നും പറയേണ്ട. ആ ജോലിക്ക് പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടാവും..." മാളു പറഞ്ഞു.
ഗീത മാളുവിനെ തറച്ചു നോക്കി.
"നീ മിണ്ടരുത്. എന്തിനും ഏതിനും അവന് സൈഡ് നിന്നോ. ഞാൻ മാത്രം നോക്കിയാൽ ഈ കടമെല്ലാം തീരില്ല. ഇരുപത്തിനാല് വയസുള്ളവനാണ്. ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ നടക്കുന്നത്. ഇനിയും ഇങ്ങനെ വിട്ടാൽ പറ്റില്ല. കുടുംബം നോക്കാൻ പ്രാപ്തനായി."
ഉണ്ണി ദൂരേന്നെ കണ്ടു തിണ്ണയിൽ ഗീത ഇരിക്കുന്നത്. ഉണ്ണി വരുന്നത് ഗീതയും കണ്ടു. അടുത്തെത്തിയിട്ടും ഉണ്ണി ഗീതയെ ഗൗനിക്കാതെ മുറിയിലേക്ക് പോകാൻ തുടങ്ങി.
"ഉണ്ണീ..."
ഉണ്ണി അവിടെത്തന്നെ നിന്നതല്ലാതെ വിളി കേട്ടില്ല.
"നിനക്ക് ചെവി കേട്ടൂടെ...?"
"കാര്യം എന്താച്ചാ പറ..."
"നീ ഷോപ്പിൽ പോകുന്നില്ലേ...?"
"ഇല്ല."
"എന്താ കാര്യം?"
"ഇഷ്ടമല്ല, അത്ര തന്നെ."
"നിൻ്റെ ഇഷ്ടം മാത്രം നോക്കിയാൽ ഇവിടുത്തെ കാര്യം എന്താവും...?"
"എന്താവാൻ? ഇവിടെ അഞ്ചുകറി കൂട്ടിയല്ലേ എന്നും ഊണ്...?" ഉണ്ണി അവജ്ഞയോടെ പറഞ്ഞു.
"അഞ്ചു കറിയില്ലേലും പട്ടിണിക്കിടുന്നില്ലല്ലോ...?"
"ഓ... വല്യകാര്യായി..."
"അത് കുറഞ്ഞു പോയെങ്കിൽ നീ നികത്ത്, അതല്ലേ അതിൻെറ ശരി...? ഉണ്ണീ... നീയൊരു കാര്യം ഓർക്കണം.അച്ഛൻ ഉണ്ടായിരുന്നപ്പോൾ നിങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ചെയ്തിട്ടുണ്ട്. ആ സാഹചര്യമല്ല ഇപ്പോൾ. ഇന്നിപ്പോൾ നമ്മുടെ കിടപ്പാടം പോലും പണയത്തിലാണ്. അതോർക്കണം. ഞാൻ നോക്കിയാൽ വീടു കഴിഞ്ഞു പോകും. കടംകൂടി വീട്ടാൻ എൻ്റെ ശമ്പളം തികയില്ല. അതറിയോ നിനക്ക്? നിൻ്റെ കൂടി വരുമാനം ആകുമ്പോൾ നമുക്ക് വീടിന്റെ കടംതീർക്കാനും മാളൂനുള്ളത് കുറച്ചെങ്കിലും ഉണ്ടാക്കാനും പറ്റും."
"ഇതൊക്കെ എത്ര നാളുകൾ കൊണ്ടാണ് സാധിക്കുക? ആയുഷ്കാലം ഞാൻ ഈ പണി തന്നെ ചെയ്യേണ്ടി വരും. നിസ്സാര തുകയ്ക്കു വേണ്ടി എൻ്റെ ജീവിതം അവിടെ തളച്ചിടാൻ ഞാൻ തയ്യാറല്ല."
"ഉണ്ണീ... മാളുവിന് വയസ് പതിനെട്ടു കഴിഞ്ഞു. അവളെ കെട്ടിച്ചു വിടേണ്ടേ...? ഉള്ളതെല്ലാം അച്ഛനു വേണ്ടി എടുത്തു. ഇനി ഒന്നേന്നു തുടങ്ങണം. ഈ വീടും കൂടി നഷ്ടപ്പെട്ടു റോഡിലേയ്ക്ക് ഇറങ്ങേണ്ട അവസ്ഥ ആവരുത്. എൻ്റെ മോനെ, നീയിങ്ങനെ അമ്മെ തീതീറ്റിക്കരുത്." ഗീതയുടെ വാക്കുകൾ ഇടറി.
"ഇതാ ഞാൻ ഇവിടേയ്ക്ക് വരാൻ ഇത്രയും താമസിക്കുന്നത്. എന്നെ കാണുമ്പോളെ തുടങ്ങും കടത്തിൻ്റെയും ഇല്ലായ്മയുടേയും കണക്ക് വിളമ്പാൻ. ഒരു കാര്യം പറഞ്ഞേക്കാം, ഈ കടമൊന്നും എനിക്കു വേണ്ടി ചിലവാക്കിയതിൻ്റെ അല്ലല്ലോ? എൻ്റെ ഉത്തരവാദിത്വവുമല്ല. എൻ്റെ ലൈഫ് നിങ്ങൾക്കു വേണ്ടി കളയാനുളളതല്ല. എൻ്റെ ജീവിതം എൻ്റെ ഇഷ്ടത്തിന് ജീവിക്കാനാണ്. അല്ലാതെ അമ്മയ്ക്കും പെങ്ങൾക്കും വേണ്ടി കളയാനുള്ളതല്ല..." ഉണ്ണി അറുത്തു മുറിച്ചു പറഞ്ഞു.
"നീ... നീയെന്താ പറഞ്ഞത്...? എനിക്ക് മനസിലായില്ല... ഉണ്ണീ... നീയെന്താ പറഞ്ഞതെന്ന്..?" ഗീത ഉണ്ണിയുടെ കരണക്കുറ്റി നോക്കി ഒരെണ്ണം കൊടുത്തു.
"ഒന്നു കൂടെ പറയെടാ..." ഗീതയുടെ തലയ്ക്കുള്ളിൽ മരവിപ്പു പടരുന്ന പോലെ.
"ഒന്നല്ല, എത്ര തവണ വേണേലും പറയാം. നിങ്ങൾക്കു വേണ്ടി എൻ്റെ ലൈഫ് കളയാൻ ഞാൻ ഒരുക്കമല്ല." ഉണ്ണിയുടെ വാക്കുകൾ ഉറച്ചതായിരുന്നു.
അതെ താൻ കേട്ടത് ശരിയായിരുന്നു. ഗീത തലയ്ക്ക് കൈകൊടുത്ത് അടുക്കളയുടെ വാതിൽപ്പടിയിൽ ഇരുന്നു. കണ്ണും കരളുമായി രണ്ടു മക്കളെയും തലയ്ക്ക് മീതെ കടവും തന്നിട്ട് രാജേട്ടൻ രക്ഷപ്പെട്ടു പോയി. രാജേട്ടന് പിന്നാലെ പോകാൻ എത്രയോ വട്ടം ചിന്തിച്ചതാണ്. മക്കളെ ഓർത്തപ്പോൾ ജീവിക്കാൻ തീരുമാനിച്ചു. ആ തീരുമാനം തെറ്റായിപ്പോയി എന്ന് ഇപ്പോൾ അറിയുന്നു. തനിക്കും മാളൂനും ആശ്രയമാവേണ്ടവൻ്റെ വായിൽ നിന്നാണ് നിങ്ങൾക്കു വേണ്ടി കളയാൻ ലൈഫ് ഇല്ല എന്ന് വാക്കുകൾ കേട്ടത്. ഗീതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ണൊന്നു തുടയ്ക്കാനോ, കണ്ണൊന്ന് ചിമ
്മാനോ ആവാത്ത അവസ്ഥയിൽ ആയിരുന്നു ഗീത.
അമ്മയുടെയും ചേട്ടായിയുടേയും സംസാരമെല്ലാം ശ്രദ്ധിച്ചു നിന്ന മാളുവിനും സങ്കടം സഹിക്കാനായില്ല. മാളു ഏങ്ങലടിക്കുന്നത് ഉണ്ണി കേട്ടു.
"ഇവിടെ ആരേലും ചത്തോ ഇത്രമാത്രം കരയാൻ? ഞാൻ എൻ്റെ കാര്യമാണ് പറഞ്ഞത്. അച്ഛൻ വരുത്തിവെച്ച കടംതീർക്കാനും മാളൂനെ കെട്ടിച്ചുവിടാനും ആണോ എന്നെ വളർത്തിയത്? ആണോ? കടവുംവീട്ടി മാളൂൻ്റെ കാര്യങ്ങളും കഴിയുമ്പോൾ എൻ്റെ ജീവിതം പകുതി കഴിയും. എനിക്ക് എൻ്റേതായ സ്വപ്നങ്ങളുണ്ട്. സർക്കാർ ജോലി, അതാണ് എൻ്റെ ലക്ഷ്യം. അല്ലാതെ നക്കാപ്പിച്ച കാശിനു വേണ്ടി ദിവസവും പതിനെട്ട് മണിക്കൂർ കഷ്ടപ്പെടാൻ ഞാൻ തയ്യാറല്ല." ഉണ്ണി കൈകൾ കൂട്ടിത്തിരുമി മുറിയിൽ കൂടി അങ്ങുമിങ്ങും നടന്നു.
"ചേട്ടായീടെ ഇഷ്ടം പോലെ ചെയ്യൂ. എന്നാലും അമ്മയോട് ഇങ്ങനൊന്നും പറയരുതായിരുന്നു." മാളു ഉണ്ണിയുടെ അടുത്തെത്തി പറഞ്ഞു.
"പറയിപ്പിച്ചതല്ലേ? എനിക്കിഷ്ടമില്ലാത്ത ജോലിക്ക് പോകാൻ നിർബന്ധിക്കുന്നതെന്തിന്? ഈ വീട്ടിൽ ആകെ ഒരേ ഒരു കാര്യമേ പറയാനുള്ളൂ. അവിടെ രൂപ കൊടുക്കാനുണ്ട്, ഇവിടെ രൂപ കൊടുക്കാനുണ്ട്. ഇതല്ലാതെ മറ്റൊന്നും ഇല്ല, മടുത്തു." ഉണ്ണി പല്ലുകൾ കൂട്ടി കടിക്കുന്ന ശബ്ദം മാളു കേട്ടു.
"ചേട്ടായിക്ക് അറിയില്ലേ നമുക്ക് കടം ഉള്ള കാര്യം? അമ്മ വരുത്തിവെച്ചതല്ലല്ലോ? ഈ പുരയ്ക്കു വേണ്ടിയും അച്ഛൻ്റെ ചികിത്സയ്ക്കു വേണ്ടിയും എടുത്തതല്ലേ? അച്ഛൻ ഉണ്ടായിരുന്നേൽ ചേട്ടായിയോട് കടം വീട്ടാൻ അമ്മ ആവശ്യപ്പെടുമോ, ഇല്ലല്ലോ? അമ്മയുടെ ചെറിയ വരുമാനത്തിൽ മാത്രം തീരുന്നതല്ല ഈ കടങ്ങൾ. എന്നെപ്പറ്റി ചേട്ടായി ചിന്തിക്കേണ്ട. കെട്ടിക്കാനുള്ള കാശുണ്ടാക്കാൻ ചേട്ടായിയുടെ ലൈഫ് കളയേണ്ട." അത്രയും പറഞ്ഞ് മാളു അടുക്കളയിൽ എത്തി. അപ്പോളും ഗീത അതേ ഇരിപ്പുതന്നെ. പ്രതിമയെപ്പോലെയുള്ള
ആ ഇരിപ്പു കണ്ടപ്പോൾ മാളുവിന് നെഞ്ചു പൊട്ടുന്ന വേദന തോന്നി.
"അമ്മേ... കരയാതമ്മേ... ചേട്ടായിക്ക് അരിശം വന്നാൽ വായിൽ വരുന്നതെല്ലാം പറയുമെന്ന് അമ്മയ്ക്കറിയില്ലേ...? ഇതും അങ്ങനെ കരുതിയാൽ മതി. എണീക്ക് വാ." മാളു ഗീതയെ സമാധാനിപ്പിക്കാൻ നോക്കി.
"അതെ... അരിശംവരുമ്പോൾ പറയേണ്ട കാര്യമാണ്. പറയാനുള്ള അവസരം നോക്കിയിരുന്നതാണ്. ഈ അവസരം അവൻ വിനിയോഗിച്ചു എന്നു മാത്രം." മാളുവിന് മാത്രം കേൾക്കാവുന്ന പതിഞ്ഞ ശബ്ദത്തിൽ ഗീത പറഞ്ഞു.
അന്ന് ആരും അത്താഴം കഴിച്ചില്ല.
°°°°°° °°°°° °°°°°°
മരണക്കിടക്കയിൽ വച്ചും രാജേട്ടൻ പറഞ്ഞത് ഗീതേ നിന്നേയും മാളൂനേയും ഉണ്ണി നോക്കിക്കോളും എന്നാണ്. ആ ഒരു വിശ്വാസം രാജേട്ടന് ഉണ്ടായിരുന്നു.
"രാജേട്ടാ, നമ്മുടെ ഉണ്ണി.., അവൻ ആകെ മാറി." ഗീതയുടെ ആത്മഗതം അരികിൽ കിടക്കുകയായിരുന്ന മാളു കേട്ടു.
"അമ്മേ... എനിക്ക് വലിയ സ്വപ്നങ്ങളോ മോഹങ്ങളോ ഒന്നുമില്ല. എൻ്റെ അമ്മയുടെ കൂടെ സന്തോഷത്തോടെ കഴിഞ്ഞാൽ മതി. ആരും വേണ്ട നമുക്ക്. ചേട്ടായിയെ നിർബന്ധിക്കുകയും വേണ്ട. അമ്മയും പെങ്ങളും ഭാരമാവുന്നു എന്ന് തോന്നിത്തുടങ്ങിക്കാണും. "
രാവിലെ ചായയെടുത്ത് ഗീത മേശപ്പുറത്ത് വച്ചു.
"മാളൂ, ഉണ്ണിയെ വിളിക്ക്."
"ആം വിളിക്കാം..."
അത്യാവശ്യം പണിയൊക്കെ തീർത്തിട്ടു വേണം പോകാൻ. ഗീത പണിയിൽ മുഴുകി.
ഉണ്ണി എണീറ്റ് മുഖം കഴുകി വന്ന് ചായയെടുത്ത് തിണ്ണയിൽ വന്നിരുന്ന് പത്രം നോക്കാൻ ഇരുന്നു.
"അമ്മേ..."
"എന്നാടീ...?"
"അമ്മ പറഞ്ഞ ഷോപ്പിൽ അക്കൗണ്ടിൻ്റെ ഒഴിവുണ്ടെന്നല്ലേ?"
"അതെ..."
"ആ ജോലിക്ക് ഞാൻ പോകാം. ഇന്ന് ചെല്ലാൻ അല്ലേ പറഞ്ഞത്?"
"മാളൂ... നീ..." ഗീതയ്ക്ക് വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.
"സാരമില്ലമ്മേ ... ആർക്കും ഭാരമാവാതെ ജീവിക്കണം. ഈ വീട് അച്ഛൻ്റെ സ്വപ്നമാണ്. അത് നഷ്ടപ്പെടുത്താൻ പറ്റില്ല. അമ്മ വേഗം റെഡിയാക്. നമുക്ക് പോകാം... ഞാനും റെഡിയാവട്ടെ..." ആത്മവിശ്വാസത്തോടെ മാളു പറഞ്ഞു.
സന്തോഷം കൊണ്ടോ എന്തോ ഗീതയുടെ കണ്ണുകൾ നിറഞ്ഞു.
പത്രം വായിക്കുകയായിരുന്ന ഉണ്ണിയുടെ മനസ്സിൽ ഭാവിയിൽ കിട്ടാൻ പോകുന്ന സർക്കാർ ജോലി മാത്രമായിരുന്നു.
( ആൺകുട്ടികളിൽ മാത്രം പ്രതീക്ഷയർപ്പിക്കുന്ന എല്ലാ മാതാ പിതാക്കൾക്കും വേണ്ടി. )
Pic courtesy google