ഏഴ്
ഏഴ്


" പറയ് അമ്മേ ആരാ ഇവിടെ വന്നത്
അതും ഞാനറിയാതെ .."
" നിന്നോട് പറയാതെയാണോ വന്നത്. പെണ്ണിൻ്റെ അച്ഛനും അമ്മയും. അവർക്ക് ഇങ്ങോട്ടുള്ള വഴി പറഞ്ഞുകൊടുത്തത് നീയല്ലേ.. ഞങ്ങൾ നീയാണെന്നുകരുതി .
നീയും അവരുടെ മകളും തമ്മിൽ സ്നേഹമാണെന്നും അത് നടത്താൻ അവർക്ക് താൽപര്യമാണെന്നും പറഞ്ഞു. ഫോട്ടോ കണ്ടിട്ട് നല്ല ഭംഗിയാ. കാവ്യ എന്നാണ് പേരുപറഞ്ഞത്. എന്തായാലും ഞങ്ങൾക്ക് ഇഷ്ടമായി. എത്രയും വേഗം മറ്റുകാര്യങ്ങൾ നീക്കണം . അവർക്കും ഇഷ്ടപ്പെട്ടാപോയത്.അടുത്ത ദിവസം അങ്ങോട്ടുചെല്ലാമെന്നു പറഞ്ഞു. എന്തായാലും നീ നോക്കീംകണ്ടുമാണ് സ്നേഹിക്കാൻ പോയത്. കാണാൻ മിടുക്കി .. അദ്ധ്യാപിക..ഒറ്റമോൾ ..ഉംം... കൊള്ളാം." ശാരദാമ്മ ചിരിയോടെ പറഞ്ഞു.
കാര്യങ്ങൾ കൈവിട്ടു പോയെന്ന് അശോകിനു മനസിലായി .
" അമ്മേ. എനിക്ക് ആകുട്ടിയെ അറിയാം എന്നേ ഉള്ളൂ .. അല്ലാതെ ..."
" അതുകൊള്ളാം .. നീ അവിടെ ചെന്നിട്ടുണ്ടെന്ന് പറഞ്ഞല്ലോ .."
" അത് അവിടെ അടുത്ത് എൻ്റെ ഒരു സുഹൃത്തുണ്ട് അവനെ കാണാൻ ചെന്നപ്പോൾ കേറിയതാ . "
" പോടാ... ആ ഇനി ഞങ്ങൾ വാക്കുകൊടുത്തു.
എത്രയും പെട്ടെന്ന് നടത്തണം . അറിയാലോ അച്ഛൻ്റെ അവസ്ഥ. ഇനി നിൻ്റെ കഴിഞ്ഞിട്ടുമതി ഇവളുടെ. .ചായ എടുക്കാം പോയി ഡ്രസ് മാറി വാ." ശാരദാമ്മ അടുക്കളയിലേയ്ക്ക് നടന്നു.
അശോക് എന്തു പറയണം എന്നറിയാതെ ഇരുന്നു.
" എന്താടാ..നിനക്കൊരു സന്തോഷമില്ലാത്തെ ..നിൻ്റെ അമ്മച്ചിക്ക് അവരെ വല്ലാതെ പിടിച്ചുപോയി. എനിക്കും നമുക്കുചേരും പൊങ്ങച്ചക്കാരല്ലെന്ന് അവരുടെ സംസാരത്തിൽ നിന്നും മനസിലാവും ഇനി നീ സ്നേഹിക്കുന്നില്ലാരിക്കാം ആ കുട്ടിക്ക് നിന്നെ മതീ എന്നാ പറയുന്നത്. എടാ നമ്മൾ സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരെയാണ് വേണ്ടത്. "
" പക്ഷെ അച്ഛാ ഞാൻ.."
" നീയിനി മുടക്കമൊന്നും പറയേണ്ട. നിന്നെ മതീ എന്നു ആകുട്ടി പറയുമ്പോൾ അവൾ എത്രമാത്രം നിന്നെ സ്നേഹിക്കുന്നുണ്ടാവും. അതൊരു ഭാഗ്യമാടാ. എല്ലാം നല്ലതിനാണെന്ന് ചിന്തിക്ക്. ചെല്ല് പോയി ഡ്രസ് മാറി വാ" .പ്രഭാകരൻ വാത്സല്യത്തോടെ പറഞ്ഞു.
മറുത്തൊന്നും പറയാതെ അശോക് എണീറ്റു.
അശോകിൻ്റെ മുഖഭാവത്തിൽ നിന്നും ആശയ്ക്ക് മനസിലായി എന്തൊക്കയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് .
മുറിയിലെത്തിയ അശോക് ഡ്രസ്മാറാതെ കിടന്നു.
" നാളെത്തന്നെ ആനിയെ കാണണം..ഇനിയും നീട്ടിക്കൊണ്ടുപോയാൽ ആനിയെ തനിക്കു നഷ്ടപ്പെടും . കാവ്യയുടെ വീട്ടുകാർ തൻെറ വീട്ടിൽ വന്നത് ആനി അറിഞ്ഞാൽ പിന്നെ എല്ലാം തീർന്നു. മറ്റുള്ളവരുടെ ഇഷ്ടത്തിന് തട്ടാനുള്ളതല്ല തൻെറ ലൈഫ്. ആനിയെ മറന്നൊരു ജീവിതം . അതോർക്കാൻകൂടി വയ്യ. " അശോകിന് തന്റെ നെഞ്ചിൽ ഭാരം കയറ്റിവച്ചപോലെ തോന്നി.
അശോകിൻ്റെ പിറകെ വന്ന ആശ കണ്ടു ഡ്രസ്പോലും മാറാതെ കിടക്കുന്ന അശോകിനെ
" കൊച്ചേട്ടാ..
എനിക്കൊരു കാര്യം ചോദിക്കാനുണ്ട് .. "
" ഉംം എന്തുകാര്യം .. "
" കൊച്ചേട്ടാ.. എന്താ ഇതൊക്കെ.. ആനിയെ മറന്നോ .അവർ പറഞ്ഞതൊക്കെ നേരാണോ.. ആനിക്ക് അറിയാമോ ..അതോ നിങ്ങൾ തമ്മിൽ പിണങ്ങിയോ .നിങ്ങളുടെ ഇടയിൽ കാവ്യ എങ്ങനെ വന്നുപെട്ടു. "
അശോക് കട്ടിലിൽ എണീറ്റിരുന്നു.
" എങ്ങനെ എന്ന് എനിക്കും അറിയില്ല. ആനിയെ മറന്ന് ഒന്നും ചിന്തിച്ചിട്ടില്ല. നാളെ ആനിയെ കാണണം ബാക്കിയൊക്കെ പിന്നീട്. "
" ആനിക്ക് അറിയാമോ. ഈ കാര്യം ."
" അറിയാം. രണ്ടുപേരും ഒരേ സ്കൂളിലാണ് ജോലി ചെയ്യുന്നത് താമസം ഒരേ റൂമിലും. "
" കാവ്യയ്ക്ക് അറിഞ്ഞൂടെ നിങ്ങൾ തമ്മിൽ സ്നേഹത്തിലാണെന്ന് ".
" ഇല്ല. ആനി പറഞ്ഞിട്ടില്ല. ഒന്നാമത് അവൾ അങ്ങനെയൊന്നും കോൾ ചയ്യുകയോ മെസ്സേജ് ഇടുകയോ ചെയ്യില്ല. ഞാൻ വിളിച്ചാൽ മാത്രം . എന്നാൽ കാവ്യ അങ്ങനെ അല്ല . അവളോട് സംസാരിച്ചാൽ കോൾ നിർത്താൻ തോന്നില്ല. "
" ചേട്ടായി എന്തിനാ അവളോട് മിണ്ടാൻ പോയത് . ആദ്യമേ പറയാരുന്നില്ലേ ആനിയെപ്പറ്റി. അതല്ലേ ഇങ്ങനൊക്കെ ആയത്. ആനിയോട് സംസാരിച്ച് അവളുടെ തെറ്റിദ്ധാരണ നീക്കണം . അവൾ ഇത് എങ്ങനെ സഹിക്കും . പാവം ആനി.
ചായ കുടിക്കാൻ വാ.. " ആശ എണീറ്റു .
" ആനിയോട് എങ്ങനെപറയും കാവ്യയുടെ വീട്ടുകാർ വന്നതും എല്ലാം. .വേണ്ട ഫോണിൽ കൂടി പറയേണ്ട. നേരിൽകണ്ട് പറയണം. നാളെത്തന്നെ രജിസ്റ്റർ നടത്തണം. ഫ്രണ്ട്സിനെ വിളിച്ചു കാര്യം പറയണം അവർ വേണ്ടത് ചെയ്തോളും . " അശോക് നാളെ ചെയ്യേണ്ടതെല്ലാം ഓർത്ത് കിടന്നു.
***** ***** ****** ***** ******
അൽഫോൻസാ ലേഡീസ് ഹോസ്റ്റലിൻ്റെ മുന്നിൽ ബൈക്ക് നിർത്തി അശോക് വാച്ചിൽ നോക്കി. ഒമ്പതുമണി .നേരെ വാർഡൻ്റെ അടുത്തെത്തി.
ആർക്കും ബഹുമാനം തോന്നുന്ന വ്യക്തിത്വം. ഒറ്റനോട്ടത്തിൽ അശോകിന് അങ്ങനെ തോന്നി.
" ഗുഡ്മോർണിംഗ് മാഡം."
" യേസ് ..ഗുഡ്മോർണിംഗ് "ഫയലിൽ എന്തോ എഴുതുകയായിരുന്ന അവർ മുഖമുയർത്തി.
പറയൂ ..എന്താണ്.. ? ആരേക്കാണാനാണ് ..?
" ആനി..ആനി ക്ലീറ്റസ് .."
" ആനിടീച്ചർ ഇവിടെ നിന്നും പോയി."
തുടരും...