V T S

Drama Romance Classics

4  

V T S

Drama Romance Classics

എട്ട്

എട്ട്

4 mins
12



കാവ്യ റോഡിലേയ്ക്ക് കണ്ണും നട്ട് ഇരിക്കാൻതുടങ്ങിയിട്ട് കുറെനേരമായി.

" എന്താ ഇത്ര താമസിക്കുന്നത്.വരേണ്ട സമയമായല്ലോ . അശോകിൻ്റെ വീട്ടുകാർ എന്തു പറഞ്ഞിട്ടുണ്ടാവും.  അവർക്ക് സമ്മതമല്ലെന്നു പറഞ്ഞിട്ടുണ്ടാവുമോ..എൻ്റെ ദേവീ... അവർക്ക് സമ്മതമാകണേ.." കാവ്യ മനസ്സിൽ പ്രാർത്ഥിച്ചു.

കാവ്യയുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ഒരു ഓട്ടോറിക്ഷ മുറ്റത്തുവന്നു നിന്നു.

കാവ്യ ടെൻഷൻ കൊണ്ട് ഇപ്പോൾ വീഴും എന്ന അവസ്ഥയിലെത്തി .

ഉമ്മറത്തേക്ക് കയറിയ ഗോപിയുടെ മുഖത്ത് നോക്കിയ കാവ്യയ്ക്ക് . പോയകാര്യം  വെറുതെ എന്ന തോന്നലാണ് നൽകിയത്.

അവൾ അമ്മയുടെ മുഖത്തുനോക്കി .അവിടെ യും തഥൈവ .

" അമ്മേ... അവർ എന്തു പറഞ്ഞമ്മേ.. അച്ഛൻ്റെ മുഖമെന്നാ വാടിയിരിക്കുന്നത് . അശോക് അവിടെ ഇല്ലാരുന്നോ..അശോകിൻ്റെ അച്ഛനും അമ്മയും ഇല്ലാരുന്നോ.. അവർ എന്തു പറഞ്ഞു. പറയമ്മേ..?

" എൻ്റെ കാവ്യേ നീ ഓരോന്നോരോന്നു ചോദിക്ക് .നീ വിഷമിക്കേണ്ട. അവർ അടുത്ത ആഴ്ച വരും ."

" അശോക്.. എന്തുപറഞ്ഞു."

" അവിടെ ഇല്ലാരുന്നു. അതുകൊണ്ടാ അച്ഛന് വിഷമം . അവൻ പറ്റില്ലാന്നെങ്ങാനും പറയുമോ..എന്ന്. " ശാന്ത പറഞ്ഞു.

അപ്പോഴാണ് കാവ്യയുടെ ഫോൺ ബെല്ലടിച്ചത് .

"ആരാന്ന് നോക്കട്ടെ അമ്മെ.."

കാവ്യ ഫോൺ എടുത്തു

." ഈശ്വരാ.. അശോക് .."

തൻെറ നെഞ്ചിടിപ്പ് വല്ലാതെ ഉയരുന്നത് അവൾ അറിഞ്ഞു.

കാലിൽ നിന്നും ഒരു വിറയൽ പടർന്നു കയറുന്നത് അവൾ അറിഞ്ഞു.

വിറയലോടെ കോൾ എടുത്തു .

" ഹലോ.."

" എന്നോടു പറയാതെ എൻ്റെ വീട്ടിൽ വരാൻ ആരു പറഞ്ഞു. " കാവ്യയുടെ ശബ്ദം കേട്ടതും അശോകിന് തൻെറ അരിശം നിയന്ത്രിക്കാനായില്ല .

" അത്.. അത്... " അശോകിൻ്റെ വാക്കുകേട്ട കാവ്യയ്ക്ക് കൂടുതൽ പറയാൻ കഴിഞ്ഞില്ല.തൻെറ തലയ്ക്കിട്ട് ആരോ അടിച്ച പോലെ. അവളുടെ കയ്യിൽ നിന്നും ഫോൺ താഴെ വീണു. ഫോണിനൊപ്പം അവളും.

   *******    %%%%%    *******

അൽഫോൻസാ ലേഡീസ് ഹോസ്റ്റലിൻ്റെ മുന്നിൽ ബൈക്ക് നിർത്തി അശോക് വാച്ചിൽ നോക്കി. ഒമ്പതുമണി .നേരെ വാർഡൻ്റെ അടുത്തെത്തി.

ആർക്കും ബഹുമാനം തോന്നുന്ന വ്യക്തിത്വം. ഒറ്റനോട്ടത്തിൽ അശോകിന് അങ്ങനെ തോന്നി.

" ഗുഡ്മോർണിംഗ് മാഡം."

" യേസ് ..ഗുഡ്മോർണിംഗ് "ഫയലിൽ എന്തോ എഴുതുകയായിരുന്ന അവർ മുഖമുയർത്തി.

പറയൂ ..എന്താണ്.. ? ആരേക്കാണാനാണ് ..?

" ആനി..ആനി ക്ലീറ്റസ് .."

" ആനിടീച്ചർ ഇവിടെ നിന്നും പോയി."

" ആനി പോയന്നോ..എവിടെ ...മാഡം. അവൾ എവിടെ പോയി. "

അശോക് ചോദിച്ചു.

" എന്താണ് ഈ മാഡം പറയുന്നത് അവൾ പോയെന്നോ.അവൾ എവിടെ പോകാൻ . അതും ജോലി റിസൈൻചെയ്തിട്ട് . തന്നോട് ഒരുവാക്കുപോലും പറയാതെ ." അശോക് മനസ്സിൽ ചിന്തിച്ചു.

" മാഡം.. പ്ലീസ്‌. പറയൂ..അവൾ എവിടേക്കാണ് പോയത്."

" പറയാം ആദ്യം താങ്കൾ ടീച്ചറിൻ്റെ ആരാണ് ?

" ഞാൻ അശോക് ആനിയെ വിവാഹം കഴിക്കാൻ പോകുന്നയാൾ."

" എന്നിട്ടാണോ ടീച്ചർ താങ്കളോട് പറയാതെ പോയത്‌ .."

" അത് മാഡം എൻ്റെ ഫോൺ കംപ്ലെൻ്‌ ആയിരുന്നു അതാവും "

" ഉംം എന്തോ ആവട്ടെ . ഹോസ്റ്റലിൽ നിന്നും താമസം മതിയാക്കി പോകുന്നവർ എങ്ങോട്ടാണ് പോകുന്നത് എന്ന് അന്വേഷിക്കേണ്ടകാര്യം ഉണ്ടോ .. ?  

" ഞാൻ പോകുന്നു. " അശോക് നിരാശയോടെ പറഞ്ഞു.

" നിൽക്കൂ.. ഒരു നിമിഷം. " അവർ പറഞ്ഞു.

എന്നിട്ട് അകത്തേക്ക് നോക്കി വിളിച്ചു.

" ഏലിച്ചേടത്തീ... ഏലിച്ചേടത്തീ... "

അകത്തു നിന്നും ചട്ടയും മുണ്ടും ധരിച്ച പ്രായമായ ഒരു സ്ത്രീ കടന്നു വന്നു.

" എന്താ മാഡം .. എന്നെ വിളിച്ചത്."

" എൻ്റെ മുറിയിൽ മേശപ്പുറത്ത് ഒരു കവർ ഉണ്ട് അതിങ്ങെടുത്തു വാ"

" ഇപ്പോൾ കൊണ്ടുവരാം " അവർ വേഗം അകത്തേക്ക് പോയി .കവറുമായി തിരിച്ചെത്തി.

" ദാ മാഡം ഇതല്ലേ ?

" അതെ ഇതുതന്നെ .." അവർ ആ കവർ വാങ്ങി.

" ഇനി ചേട്ടത്തി പൊക്കോളൂ.."

അശോകിൻ്റെ നേരെ ആ കവർ നീട്ടിക്കൊണ്ട് അവർ പറഞ്ഞു.

" ഇത് അശോക് വന്നാൽ കൊടുക്കണം എന്നുപറഞ്ഞ് എന്നെ ഏൽപ്പിച്ചതാണ്. ഇന്ന് അഞ്ചുദിവസമായി ടീച്ചർ പോയിട്ട്. കുറച്ചായി എന്തോ ഒരു സങ്കടത്തിലായിരുന്നു.ചോദിച്ചിട്ടും കാരണം എന്താന്നുപറഞ്ഞില്ല. പോകാൻ നേരം പറഞ്ഞു വീട്ടിൽ കല്യാണലോചന നടക്കുന്നുണ്ട് എന്ന്.  "

അശോക് കവർ വാങ്ങി .

" എന്താവും എഴുതിയിട്ടുണ്ടാവുക. ഇവിടെ വച്ച് പൊട്ടിക്കേണ്ട " അശോക് കവർ പൊട്ടിക്കാതെ ബാഗിൽ വച്ചു.അവരോട് യാത്ര പറഞ്ഞിറങ്ങി.

പുറത്തെത്തിയ അശോക് ഫോണെടുത്ത് ആനിക്ക് കോൾ കൊടുത്ത് ഫോൺ ചെവിയോടു ചേർത്തു.ഈ നമ്പർ നിലവിലില്ല എന്ന മറുപടി മാത്രം. 

ഈശ്വരാ.. അവൾ നമ്പർ മാറ്റി. എന്താ അവൾ തന്നെ മനസിലാക്കാത്തത് . അത്ര പെട്ടെന്ന് അറുത്തുകളയാവുന്നതാണോ .ആനീ... നമ്മുടെ ബന്ധം. നിൻ്റെ സ്നേഹം ഇത്രയ്ക്കേ ഉള്ളൂ. "

നിരാശയും സങ്കടവും കാരണം തൻെറ സമനില തെറ്റുന്നു എന്ന്‌ അശോകിനു തോന്നി. കുറച്ചു നേരം ആ നിൽപ്പ് നിന്നിട്ട് അശോക് ബൈക്ക് സ്റ്റാർട്ട് ചെശ്തു.

പോകും വഴി തിരക്കുകുറഞ്ഞ കോഫീഹൗസിൻ്റെ മുന്നിൽ ബൈക്ക് നിർത്തി.

അകത്തുകടന്ന് ഒഴിഞ്ഞ ഭാഗത്തായി ഇരുന്നു.

" സാർ കുടിക്കാൻ.. "വെയ്റ്റർ ചോദിച്ചു.

" ഫ്രഷ് ലൈം ജ്യൂസ് .."

അശോക് ബാഗിൽ നിന്നും കവർ എടുത്തു.

പൊട്ടിച്ച് അകത്ത് നാലായി മടക്കിയ പേപ്പർ എടുത്തു നിവർത്തി.

അശോക് ..

നമ്മൾ തമ്മിൽ ഇനി കാണില്ല. നീ ആയിട്ട് കാണാൻ ശ്രമിക്കരുത്. നിന്നോട് പിണക്കമൊന്നുമില്ല . എന്തിനു പിണങ്ങണം . എൻ്റെ മനസ് ശാന്തമാണ് . ഞാൻ എൻ്റെ വീട്ടിലേയ്ക്കാണ് പോകുന്നത്.  നിൻ്റെ കയ്യിൽ ഈ കത്തുകിട്ടുമ്പോൾ നിങ്ങളുടെ വിവാഹം ഏകദേശം ഉറപ്പിച്ചിട്ടുണ്ടാവും . കാവ്യയുടെ അച്ഛനും അമ്മയ്ക്കും നിൻ്റെ വീട്ടിലേയ്ക്കുള്ള വഴി പറഞ്ഞുകൊടുത്തത് ഞാനാണ്. ഇപ്പോൾ നിനക്ക് മനസിലായി കാണും എൻ്റെ തീരുമാനം എന്താന്ന്.  കാവ്യയെ നീ വിവാഹം കഴിക്കണം . നീ എന്നെ ചതിച്ചിട്ടില്ല . ഞാനും. പിന്നെ എങ്ങനെ ഇങ്ങനൊക്കെ സംഭവിച്ചു . കാരണം ഒന്നേ ഉള്ളൂ . ഈശ്വരൻ നിങ്ങളെ തമ്മിലാണ് ചേർത്തു വച്ചത് . ഈശ്വരൻ്റെ ഇച്ഛ നടക്കട്ടെ. നിന്നെ എന്നേക്കാൾ എത്രയോ അധികമാവും അവൾ സ്നേഹിക്കുന്നത് . സ്നേഹിച്ചാൽ മാത്രം പോരാ ആ സ്നേഹം ജീവിതാവസാനം വരെ ആവണം. അതിനു ഭാഗ്യം വേണം. മരണം വരെ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചിട്ട് , ഈ വഴിപിരിയൽ പ്രതീക്ഷിച്ചതല്ലല്ലോ.  ഞാൻ ഒറ്റയ്ക്കല്ല എന്നതോന്നൽ ഉണ്ടാവാതിരിക്കാൻ വീട്ടിലേയ്ക്ക് പോകുന്നു. ഇതൊക്കെ എന്തിനാണ് പറയുന്നത് എന്നുചോദിച്ചാൽ ഞാൻ സൂയിസൈഡ് ചെയ്യുമോ എന്ന് നീ ചിന്തിക്കാതിരിക്കാൻ.

ഞാൻ ജോലി റിസൈൻചെയ്യുകയാണ്. ഫോൺ നമ്പർ മാറ്റും . ഞാൻ ജീവനോടിരിക്കണം എന്നുണ്ടെങ്കിൽ എന്നെ തിരക്കി വരരുത്. പോകുന്നു. കാവ്യയെ സങ്കടപ്പെടുത്തരുത് എൻ്റെ അപേക്ഷയാണ്. .. നിങ്ങൾ രണ്ടുപേരും എൻ്റെ മനസ്സിൽ ഉണ്ടാവും . ഒരുപാട് സ്നേഹത്തോടെ...

                     ആനി.

കണ്ണുകൾ നിറഞ്ഞതിനാൽ അശോകിന് വ്യക്തമായി വായിക്കാൻ കഴിഞ്ഞില്ല. കണ്ണുകൾ തുടച്ച് വീണ്ടും വായിച്ചു. അശോകിന് സഹിക്കാവുന്നതിലും അപ്പുറമായി. കണ്ണുനിറഞ്ഞൊഴുകി.

തന്റെ പ്രവർത്തി താനും ആനിയും സ്വപ്നം കണ്ട ജീവിതം മാറ്റിമറിച്ചു.

ഇനി എന്ത് .. കൊതിച്ചതൊന്ന് വിധിച്ചതൊന്ന്. അല്ല ഈ വിധി താനായിട്ട് വരുത്തിവച്ചതാ..

അശോക് ആ കത്തുംപിടിച്ച് പരിസരബോധം ഇല്ലാതെ ഇരുന്നു.

" സാർ..സാർ.. സാറെന്താ വല്ലാതെ ഇരിക്കുന്നത് . സാറിൻ്റെ കണ്ണു നിറഞ്ഞിരിക്കുന്നു. " വെയ്റ്റർ പറഞ്ഞത് കേട്ട് അശോക് പെട്ടെന്ന് മുഖം ടവ്വൽ കൊണ്ട് തുടച്ചു. കത്ത് മടക്കി ബാഗിൽ വച്ചു.

" ഏയ് ഒന്നുമില്ല. .. "

" സാർ ബിൽ.. വെയ്റ്റർ ബിൽ നീട്ടി.

ബില്ലുംവാങ്ങി അശോക് കൗണ്ടറിലേയ്ക്ക് നടന്നു.

ബിൽ കൊടുത്തിറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.

" ആരാവും നിഷയാവും ആനിയെ കണ്ടോ ..അവൾ എന്തുതീരുമാനിച്ചു എന്നറിയാനാവും . അവളോട് എന്തു പറയും . വേണ്ട എടുക്കേണ്ട. "

അശോക് കോൾ എടുത്തില്ല. വണ്ടി ഓടിക്കുമ്പോഴും ഫോൺ നിർത്താതെ റിംഗ് ചെയ്തുകൊണ്ടേ ഇരുന്നു. 

അശോക് നിവൃത്തിയില്ലാതെ ഫോൺ എടുത്തു .

" ങേ ഇത് കാവ്യയുടെ നമ്പരാണല്ലോ..എന്തിനാവും .. "

കോൾ എടുത്തു.

" ഹലോ.. "

മറുവശത്തുനിന്നും കേട്ട വാക്കുകൾ അശോകിൻ്റെ സമാധാനം നഷ്ടപ്പെടുത്തുന്നതായിരുന്നു.

                തുടരും...

             



Rate this content
Log in

Similar malayalam story from Drama