V T S

Drama Romance Classics

4  

V T S

Drama Romance Classics

ഒമ്പത്

ഒമ്പത്

3 mins
6


##    ആനി   ##

        ഒമ്പത്

       

" എന്താ സംഭവിച്ചത് . എവിടെ ഏതു ഹോസ്പിറ്റലിൽ . ഇത് ആരാണ് സംസാരിക്കുന്നത് ." അശോക് ഒറ്റശ്വാസത്തിനു ചോദിച്ചു.

" ഓക്കെ ശരി ഞാൻ ഉടനെ എത്താം ." അശോക് കോൾ കട്ട് ചെയ്തു.

എത്രയും വേഗം ഹോസ്പിറ്റലിൽ എത്തണം .അശോക്  വണ്ടിക്ക് സ്പീഡ് കൂട്ടി.

           ******  %%%%   *******

ത്രേസ്യാമ്മ വൈകുന്നേരത്തെ ചായയും കുറച്ചു ചിപ്സും എടുത്ത് മേശപ്പുറത്ത് വച്ചു.

" എടാ ജോണിക്കുട്ടീ ..ആനീ ...ദാ ചായയെടുത്തു വച്ചു. തണുക്കുന്നതിനുമുമ്പ് വന്നു കുടിക്ക് . തണുത്താൽ ചൂടാക്കാൻ പറഞ്ഞേക്കല്ല്. ഗ്യാസിന് പൊന്നിനേക്കാൾ വിലയാ . കേട്ടല്ലോ.. "

ത്രേസ്യാമ്മ അതിൽനിന്ന് ഒരു ഗ്ളാസ് ചായ എടുത്ത് ഹാളിലേക്ക് നടന്നു.

" ഇന്നാ ഇച്ചായാ .." ഹാളിലിരുന്ന് കണക്കെഴുതുകയായിരുന്ന അവിരാച്ചൻ്റെ നേരെ ചായ ഗ്ളാസ് നീട്ടി.

" നീ അതവിടെ വെക്ക് ഞാൻ ഒരുപണി ചെയ്യുന്ന കണ്ടില്ലേ..?

" ഇത് കുടിക്ക് ..എപ്പോൾ തുടങ്ങിയ കുത്തിക്കുറിക്കലാ. ചൂടോടെ കുടിക്കിച്ചായാ.." ത്രേസ്യാമ്മ സ്നേഹപൂർവ്വം പറഞ്ഞു.

" ഉംം. " അവിരാച്ചൻ ചായ വാങ്ങി ഒരിറുക്ക് കുടിച്ചിട്ട് ഗ്ളാസ് ടീപ്പോയിൽ വച്ചു.

" എടീ കഴിഞ്ഞ മാസത്തേലും വരവ് കുറവാണ് ചിലവാണേൽ കൂടുതലും . ഇങ്ങനെ പോയാൽ കുത്തുപാള എടുക്കേണ്ടി വരും . നീ ഒന്ന് പിടിച്ചു ചിലവാക്ക് ."

" പിന്നെ.. ഇച്ചായൻ എന്തിനാ ഇങ്ങനെ പിശുക്കുന്നത് ."

" പിശുക്കാതെ ഒക്കത്തില്ലെടി. ഇന്നത്തെ ക്കാലത്ത് ഒരു കല്യാണമൊക്കെ എന്നാ ചിലവാ .. എല്ലാവരും ആർഭാടമായിട്ടാ കല്യാണം നടത്തുന്നത്. എല്ലാവരും പ്രൗഢി കാണിക്കുന്നത് കല്യാണത്തിനാ. അറിയോ നിനക്ക് . ബാങ്കിൽ നിന്നും വായ്പയെടുത്താണേലും കല്യാണം പൊടിപൊടിക്കും. എൻ്റെ ആനിക്കൊച്ചിൻ്റെ കല്യാണം ആർഭാടമായി നടത്തണം .കുടുമക്കാരുപറയണം . അവിരാച്ചൻ്റെ മോടെ കല്യാണം ഗംഭീരമായിരുന്നെന്ന്. അതെൻ്റെ സ്വപ്നമാ. എൻ്റെ ആനിക്കൊച്ച് വിവാഹവേഷത്തിൽ എനിക്ക് സ്തുതി തരുന്നത്. ഇപ്പോൾ പകൽപോലും ഒന്നുകണ്ണടച്ചാൽ കാണുന്നത് അതാണ്. " അവിരാച്ചൻ്റെ മുഖത്ത് സന്തോഷം പ്രകടമായി.

" എൻ്റെ ഇച്ചായാ ഇച്ചായൻ ആഗ്രഹിക്കുംപോലെ എല്ലാം നടക്കും . അതല്ലെ നമ്മൾ നിർബന്ധിക്കാതെ തന്നെ അവൾ ജോലിയും റിസൈൻചെയ്തു വന്നിരിക്കുന്നത് ."

" അല്ലെടി എന്താവും അവൾ ജോലി കളഞ്ഞു പെട്ടെന്ന് വരാൻ കാരണം. നീ ചോദിച്ചോ. ജോലി അവളുടെ സ്വപ്നമായിരുന്നില്ലേ..ആദ്യം അവൾ ജോലി റിസൈൻചെയ്തു എന്നു പറഞ്ഞപ്പോൾ എനിക്കൊട്ടും വിശ്വാസം വന്നില്ല. മാത്രമല്ല അവളുടെ മുഖത്തെ ഭാവം എനിക്കൊട്ടും പിടിച്ചുമില്ല. എന്തൊക്കയോ വിഷമങ്ങൾ അവളെ അലട്ടുന്നുണ്ട്. അതെൻ്റെ മനസ്സിൽ ദഹിക്കാത്ത ചോദ്യമായി കിടക്കുവാ. ഞാൻ നിന്നോടു പറഞ്ഞില്ലെന്നേ ഉള്ളൂ.."

" ഇച്ചായാ ആവശ്യമില്ലാതെ ഒന്നും ആലോചിച്ചു കൂട്ടേണ്ട. അവൾ സ്വമേധയാ വന്നല്ലോ. പിന്നെ എനിക്കും ഈ വരവിൽ എന്തോ പന്തികേടു തോന്നിയതാ. അതും പറഞ്ഞ് ഇച്ചായനെ വിഷമിപ്പിക്കേണ്ടാന്നു കരുതി പറഞ്ഞില്ലെന്നേ ഉള്ളൂ."

" ഉംം... തൽക്കാലം ഇത് അവൾ അറിയേണ്ട. കേട്ടല്ലോ. " അവിരാച്ചൻ പറഞ്ഞു.

" ഞാൻ അടുക്കളേലോട്ടു ചെല്ലട്ടെ ..." ത്രേസ്യാമ്മ എണീറ്റു.

" ആനി വന്നിട്ട് ഇന്ന് അഞ്ചുദിവസമായി. മുറിക്ക് പുറത്തിറങ്ങുന്നത് വല്ലതും കഴിക്കാൻ മാത്രം. അതും സമയത്തിനു കഴിപ്പുമില്ല. ഏതെങ്കിലും സമയത്ത്. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് അല്ലാതെ ജോലി റിസൈൻചെയ്യില്ല. എങ്ങനെ ചോദിച്ചറിയും താൻ ചോദിച്ചാൽ അവൾ പറയില്ല. എൻ്റെ കർത്താവേ .. അരുതാത്ത ചിന്തയൊന്നും ഉണ്ടാക്കരുതേ.. " ത്രേസ്യാമ്മ കുരിശുവരച്ചു.

ത്രേസ്യാമ്മ ആനിയുടെ മുറിയിൽ ചെന്നു നോക്കി. ആനി ഏതോ ബുക്ക് വായിച്ചുകൊണ്ട് കിടക്കുന്നു.

" ആനീ...ആനീ.. ചായ തണുക്കും.. "

വായിച്ചുകൊണ്ടിരുന്ന ബുക്ക് അടയാളം വച്ച് മടക്കി കട്ടിലിൽ തന്നെ വെച്ച് ആനി എണീറ്റു.

" ഈ വായന മാത്രം മതിയോ നിനക്കൊന്ന് കുളിച്ചൂടാരുന്നോ.. "

" കുളിക്കണം.. ഇത് വായിച്ചാൽ ഇടയ്ക്ക് നിർത്താൻ തോന്നില്ല. "

" ഓഹോ ..അതേതാ നോവൽ "

" ഒരു ഹിന്ദി നോവലിൻ്റെ മലയാള പരിഭാഷയാ .അപരാധിയായ ദേവൻ. "

" ഉംം... വന്നു ചായ കുടിക്ക് . "

" ഞാൻ കുടിച്ചോളാം അമ്മേ.. "

" അവനേയും കൂടി വിളിച്ചോണ്ടു വാ.. "

ത്രേസ്യാമ്മ അടുക്കളയിലേയ്ക്ക് പോയി.

ആനി ജോണിയെ വിളിക്കാൻ ചെന്നു .കുളിമുറിയിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടു .

" ജോണിച്ചായാ ചായ എടുത്തു വെച്ചു വേഗം കുളിച്ചിട്ടുവാ .."

മറുപടി പ്രതീക്ഷിക്കാതെ തിരിഞ്ഞു നടന്നു.

ചായ കുടിക്കുമ്പോഴും ആനിയുടെ മനസ് അവിടല്ലാരുന്നു.

"നീ എന്താ ആലോചിക്കുന്നത്.. " അങ്ങോട്ടുവന്ന ജോണി ആനിയുടെ ഇരിപ്പുകണ്ട് ചോദിച്ചു.

" ഏയ്.. ഒന്നുമില്ല.. " പെട്ടെന്ന് ചായ കുടിച്ച് ആനി എണീറ്റു.

മുറിയിലെത്തിയ ആനിക്ക് വായിക്കാൻ തോന്നിയില്ല.

" മനസ് നിറയെ അശോക് ആണ് .തൻെറ വിവരം അറിയാതെ ഒരുപാട് വിഷമിക്കുന്നുണ്ടാവും . സത്യത്തിൽ എന്തിനുവേണ്ടി തൻ്റെ ജീവനെ മറ്റൊരാൾക്ക് വിട്ടുകൊടുക്കണം. തനിക്ക് ക്ഷമിച്ചുകൂടെ അശോകിനോട്. കാവ്യ അശോകിനെ സ്നേഹിച്ചതിന് അശോക് എന്തു പിഴച്ചു. സൗഹൃദത്തെ സ്നേഹമായി തെറ്റിദ്ധരിച്ചത് കാവ്യയല്ലേ. തനിക്ക് തൻെറ അശോകിനെ വിട്ടുതരേണ്ടത് കാവ്യയല്ലേ. അതെ അതാണ് ശരി. സത്യം എന്തെന്ന് അവളോട് പറയ്കതന്നെ. അവളുടെ അപ്പോളത്തെ അവസ്ഥ കണ്ടപ്പോൾ തൻെറ മനസിൽ അവളെ ഈ അവസ്ഥയിൽ എത്തിച്ചത് അശോക് ആണെന്നു തോന്നി.  പാവം അശോക് തൻെറ നിർബന്ധത്തിനു വഴങ്ങി അവളെ കല്യാണം കഴിച്ചാൽ ആ ജീവിതം നരകതുല്യമാവില്ലേ.. എൻ്റെ മാതാവെ അവളെ വേദനിപ്പിക്കാതെ അശോകിനെ എനിക്ക് തരേണമേ.. " ആനി മനമുരുകി പ്രാർത്ഥിച്ചു.

ആനി കുളിമുറിയിൽ കയറി മനസിൻ്റെ മുറുക്കം കുറയും വരെ കരഞ്ഞു.

കുളിച്ചിറങ്ങിയ ആനി ബാഗിൽ നിന്നും ഊരി വച്ചിരുന്ന സിം എടുത്ത് ഫോണിൽ ഇട്ടു.

" അശോക് വിളിച്ചാലോ.. പരസ്പരം കാണരുത് എന്നൊക്കെ പറയാനല്ലേ പറ്റൂ .  അഞ്ചു ദിവസമായി കാവ്യയുടേയോ അശോകിൻ്റെയോ വിവരം അറിഞ്ഞിട്ട്.  അശോകിനെ എങ്ങനെ വിളിക്കും .വാശിക്ക് എടുത്തില്ലെങ്കിലോ.. വേണ്ട ..വിളിക്കേണ്ട. കാവ്യയെ വിളിക്കാം . അതാ നല്ലത്. "

ആനി കാവ്യയെ വിളിച്ചു ഫോൺ ചെവിയോടു ചേർത്തു പിടിച്ചു.

" സമാധാനമായി. ബെല്ലടിക്കുന്നുണ്ട് .. എടുക്ക് കാവ്യേ.. " ആനി പറഞ്ഞു. എന്നാൽ ആരോ കോൾ കട്ട് ചെയ്തു.

" ശ്ശെ.. അവൾ കട്ട് ചെയ്തല്ലോ..

ഒന്നുകൂടി വിളിക്കാം .. "

ആനി വീണ്ടും കോൾകൊടുത്തു .കാതോർത്തു..

                തുടരും...

                 



Rate this content
Log in

Similar malayalam story from Drama