ദത്തനും രേണുകാവർമ്മയും പിന്നെ
ദത്തനും രേണുകാവർമ്മയും പിന്നെ


#ദേവദത്തനും_രേണുകാവർമ്മയും_പിന്നെ_ചിലരും....
(കഥ)
രേണു സുന്ദരിയാണ്.
ഉദ്യോഗസ്ഥയാണ് .
വാക്കും സാമർത്ഥ്യവും അവളെ പലരുടേയും കണ്ണിലെ കരടാക്കി മാറ്റി.
ഭർത്താവ് ഉപേക്ഷിച്ചവൾ
മക്കളും ഇല്ല.
ഒറ്റയ്ക്ക് താമസിക്കുന്നവൾ.
അഹങ്കാരി ..
അങ്ങനെ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീക്ക് എന്തോക്കെ ദോഷാരോപണം നടത്താമോ അതെല്ലാം അന്നാട്ടുകാർ അവൾക്ക് ചാർത്തികൊടുത്തു
രേണുവിന്റെ സംസാരത്തിലും വ്യക്തിത്വത്തിലും മതിപ്പുള്ള നല്ല സൗഹൃദങ്ങൾ അവർക്കുണ്ടായിരുന്നു.
അതിൽ ഒരാളായിരുന്നു ദേവദത്ത്. സഹപ്രവർത്തകൻ.
ദത്തന്റെ ആഗ്രഹപ്രകാരം അവനെ തന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ ക്ഷണിക്കാൻ അവൾ തീരുമാനിച്ചു.
തിരക്കൊഴിഞ്ഞ സമയം രേണു ദത്തനടുത്തെത്തി.
ദത്താ...
Ys പറയ് ..ദത്തന്റെ കണ്ണുകൾ കമ്പ്യൂട്ടറിൽ ആയിരുന്നു.
നിനക്ക് ഇഷ്ടമെങ്കിൽ എന്റെ വീട്ടിൽ വരാം.
രേണു മറ്റുള്ളവർ ശ്രദ്ധിക്കാതിരിക്കാൻ ശബ്ദം താഴ്ത്തി പറഞ്ഞു.
ങേ.. അവിശ്വസനീയമായ വാക്കുകൾ കേട്ടപോലെ പ്രതികരിച്ചു. തിരിഞ്ഞ് രേണുവിനെ നോക്കി.
നീയെന്താ ഇങ്ങനെ നോക്കുന്നത്. മറ്റാരുടെയും വീട്ടിൽ നീ പോയിട്ടില്ലെ..
ഉണ്ട് ഒരുപാട് പേരുടെ വീട്ടിൽ പോയിട്ടുമുണ്ട് ഭക്ഷണം കഴിച്ചിട്ടുമുണ്ട്. ചിലരുടെ വീട്ടിൽ ഒരദിവസം തങ്ങിയിട്ടോമുണ്ട്.അല്ല പെട്ടെന്ന് ഈ മാറ്റം അതാണ് എനിക്ക് ....?
അതെന്തേലുമാവട്ടെ.
വരും എന്നാണെന്ന് പറയില്ല നിനക്കൊരു സർപ്രൈസ് ആവും .ദത്തൻ രേണുനോട് പറഞ്ഞു.
ഒരു ഞായറാഴ്ച
ദത്തൻ കാർ സാവധാനം ഓടിച്ചു. തിരക്കില്ലാത്ത റോഡ്.
ഗ്രാമപ്രദേശം
ആരോട് ചോദിക്കും . ഈ വഴി പരിചയവും ഇല്ല. തല പുറത്തേയ്ക്കിട്ട് നോക്കി.
ഒന്നുരണ്ട് കടകളും മറ്റും ഉണ്ട് .
ദത്തൻ ഒരു കടയോടുചേർത്ത് കാർ നിർത്തി.
കടയുടെ തിണ്ണയിൽ ഇരുന്ന പ്രായമായവർ കാറിൽ ആരെന്നറിയാൻ കണ്ണുചിമ്മാതെ നോക്കി.അത് ആരെന്നറിയാൻ അവർ ഓർമ്മയിൽ പരതി. തങ്ങളുടെ ഓർമ്മയിൽ ആ മുഖം ഇല്ല എന്ന തിരിച്ചറിവ് വന്നയാൾ ആരെന്നറിയാനുള്ള ആകാംക്ഷയ്ക്ക് ആക്കംകൂട്ടി.
ചേട്ടാ.. മേടയിൽ രേണുവർമ്മയുടെ വീട് ഇവിടെ അടുത്താണോ...ദത്തൻ കാറിൽനിന്ന് ഇറങ്ങാതെ ചോദിച്ചു.
തിണ്ണയിൽ ഇരുന്നവരുടെ കണ്ണുകളിൽ ആകാംക്ഷ മാറി അമ്പരപ്പും തുടർന്ന് അരുതാത്തതെന്തോ കേട്ടഭാവമായി.
രണ്ടു പേർ എണീറ്റ് കാറിനടുത്തെത്തി.
അല്ല എന്താ ചോദിച്ചത്. കാറിനടുത്തേയ്ക്കുവന്നതിൽ പ്രായം കുറഞ്ഞയാൾ ചോദിച്ചു.
ബാങ്കിൽ വർക്ക് ചെയ്യുന്ന രേണുവർമ്മ ഇവിടല്ലെ താമസം .
ഓഹോ...അവളുടെ വീടുതപ്പി ഇറങ്ങിയതാണല്ലെ..ഒരുമാതിരി അവജ്ഞയോടെ പ്രായം കൂടുതൽ ഉള്ളയാൾ ചോദിച്ചു.
അതെ ചേട്ടാ... ഇവിടെ എവിടാണ്..
അതുപറയാം ..ആദ്യം അവളുടെ ആരാണെന്ന് പറഞ്ഞിട്ടാവാം വീട് കാട്ടിത്തരുന്നത്..
ദത്തന് പന്തികേടുതോന്നി.ഇവർ എന്താ ഇങ്ങനെ സംസാരിക്കുന്നത്. മാനേഴ്സ് ലവലേശമില്ലാത്തവർ .എന്തായലും അറിഞ്ഞിട്ടു തന്നെ കാര്യം. ദത്തൻ ഉറപ്പിച്ചു.
രേണുമാഡം എന്നെ അവരുടെ വീട്ടിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
" അത് വീടെവിടേന്ന് ചോദിച്ചതേ മനസിലായി."കാർന്നോർ വിടാനുള്ള ഭാവമില്ല.
അവൻ വിളിച്ചിട്ട് തന്നെയാണോ അതോ...
കടയിൽ ഇരുന്ന മറ്റുള്ളവരും കാറിനടുത്തെത്തി.
ചേട്ടാ അവർ വിളിച്ചിട്ടുതന്നെയാണ്.പറയാൻ പറ്റില്ലെങ്കിൽ നിർബന്ധിക്കുന്നില്ല. ഇതെന്തൊരു നാട്..
ദത്തൻ കാർ സ്റ്റാർട്ട് ചെയ്തു.
വന്നവഴി തിരികെ പോയാൽ ഉള്ള മാനം കയ്യിലിരിക്കും.സാറിനെ കണ്ടപ്പോൾ നല്ലകുടുംബത്തിൽ പിറന്നതവും എന്നുകരുതി പറയുകയാണ്.എന്തോ വലിയ കാര്യം ചെയ്തമട്ടിൽ കാർന്നോർ ചുറ്റുമുള്ളവരുടെ മുഖത്തുനോക്കി .
അവളുടെ സ്വഭാവം ശരിയല്ല .
ഇത്രയും പറഞ്ഞിട്ടും കാർന്നോവർ നിർത്തിയില്ല,വീണ്ടും പറയാൻ ശ്രമിച്ചതും ദത്തൻ പറഞ്ഞു
എന്തായാലും വന്നതല്ലെ കണ്ടിട്ടെ പോകുന്നുള്ളൂ..
കാർ മുന്നോട്ടെടുത്തു .കുറച്ചു മാറ്റി നിർത്തി. കാറിൽ നിന്നും പുറത്തിറങ്ങി. റോഡിൽ നിന്നും ഉള്ളിലേയ്ക്ക് മാറി രണ്ടു വീടുകൾ കണ്ടു.
സർപ്രൈസ് ആവട്ടെ തന്റെ ഈ വരവ് എന്ന് ചിന്തിച്ചതേ തെറ്റ്.
കാറിന്റെ ഡാഷ് ബോർഡിൽ നിന്നും ഫോണെടുത്ത് രേണുവിന്റെ നമ്പരിൽ കോൾ കൊടുത്തു.
മൂന്നുതവണ ബെല്ലടിച്ചതെ രേണു കോൾ എടുത്തു.
നിന്റെ വീടെവിടാണ്. കവലയ്ക്ക് അടുത്താണല്ലെ പറഞ്ഞത് ഞാൻ ഈ കവലയിൽ എത്തി.
അൽപ്പ സമയത്തിനകം അടുത്തുകണ്ട രണ്ടാമത്തെ വീട്ടിൽ നിന്നും രേണു ഇറങ്ങി വന്നു.
ദത്തനെ കണ്ടതും കൈകാട്ടി വിളിച്ചു.
ദത്തൻ കാർ ആ വീട്ടിലേയ്ക്ക് ഓടിച്ചു കയറ്റി.
കയറി വാ...
ദത്തൻ കടയിരുന്ന ഭാഗത്തേയ്ക്ക് നോക്കി.
തന്നെനോക്കി അവിടെ അവർ നിൽക്കുന്നത് ദത്തൻ കണ്ടു.
എന്തേ ദത്താ...ആരേയാ നോക്കുന്നത്
ദത്തന്റെ നോട്ടം കണ്ടിട്ടാവണം രേണു ചോദിച്ചു
ഏയ് ഈ പ്രദേശത്തിന്റെ ഭംഗി നോക്കിയതാണ്. ചെറുചിരിയോടെ ദത്തൻ പറഞ്ഞു.
രേണു നീയെന്തിനാ ഈ നാട്ടിൽ നിൽക്കുന്നത് . തനിനാട്ടിൻ പ്രദേശം .
ജോലിക്ക് പോകാനും വരാനും സൗകര്യം നോക്കി താമസിച്ചുകൂടെ."ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ചോദിച്ചു
ഇവിടം വിട്ടു പോകാൻ മനസു സമ്മതിക്കില്ല ദത്ത്.
നാട്ടുകാരൊക്കെ എങ്ങനെ ..നല്ല സ്നേഹവും കരുതലും ഉള്ളവരാണോ..
ആരുമായും വലിയ സഹകരണമില്ല. അല്ലേൽ തന്നെ എവിടെ സമയം..രേണു എങ്ങുംതൊടാത്ത മട്ടിൽ മറുപടി കൊടുത്തു
രേണു .. എന്തൊക്കെയോ നീ മനസിൽ ഒളിപ്പിച്ചാണ് സംസാരിക്കുന്നത്. നിനക്ക് എന്നെ എത്രമാത്രം വിശ്വാസം ഉണ്ടെന്നെനിക്കറിയില്ല. ചിലകാര്യങ്ങൾ എനിക്ക് മനസിലായി. ഒരാൾ ഇല്ലായെന്ന് വെച്ച് ജീവിതം തീരില്ല. നിന്റെയും. ഒറ്റയ്ക്കുള്ള ഈ ജീവിതം മതിയാക്കി മറ്റൊരു ജീവിതം തുടങ്ങൂ. ഇവിടുള്ളവർ നിന്നെ ഇങ്ങനെ ജീവിക്കാൻ അനുവദിക്കില്ല.
ദത്തനോട് ആരെങ്കിലും ...രേണൂന് ദത്തന്റെ സംസാരത്തിൽ സംശയം തോന്നി.
ഉം.. നിനക്ക് സർപ്രൈസ് തരാൻ വന്നതാണ്. വീടറിയാൻ കവലയിലുള്ള കടയിൽ ചോദിച്ചു. വേണ്ടായിരുന്നു. എന്ന് തോന്നിപ്പോയി.
രേണുവിന്റെ കണ്ണുനിറഞ്ഞു.
ഇവരുടെ സ്വഭാവം മനസിലാക്കിയിട്ടും ഇവിടെ തന്നെ ജീവിക്കുന്ന നീ എന്തിനാ കരയുന്നത് .ഞാനറിഞ്ഞതിനോ..മനസിനെ കല്ലാക്കി ജീവിക്കുന്നതിനും ധൈര്യം വേണം .അതുനിനക്ക് വേണ്ടുവോളം ഉണ്ടുതാനും. ആരേയും വീട്ടിലേയ്ക്ക് ക്ഷണിക്കാത്തത് ഇക്കാരണങ്ങളാൽ ആണല്ലെ.
രേണു അതെ എന്ന അർത്ഥത്തിൽ തലയാട്ടി.
രേണു...സ്വന്തം വീട്ടിൽ ആരൊക്കെയുണ്ട്
എല്ലാവരും..
എന്നുവെച്ചാൽ
അച്ഛൻ അമ്മ രണ്ട് അനിയന്മാരും
അവരുമായി..?
യാതൊരു കോൺടാക്ടും ഇല്ല.
അവർക്ക് ഞാൻ മരിച്ചവൾ ആണ്. ആരുടെകൂടെയാണോ ഞാൻ ജീവിതം സ്വപ്നം കണ്ടിറങ്ങിവന്നത് അയാൾ ഇന്ന് മറ്റൊരാൾക്കൊപ്പം സന്തോഷമായി ജീവിക്കുന്നു.
പ്രണയം തലയ്ക്കു പിടിച്ചപ്പോൾ ബന്ധങ്ങൾക്ക് വിലകൽപിച്ചില്ല. ജോലികിട്ടി ഒരുവർഷത്തിനകം ഞങ്ങൾ ഈ വീടുവാങ്ങി. എല്ലാവരുടേയും സമ്മത്തോടെ വിവാഹം നടക്കില്ല എന്നതിനാൽ നേരത്തെ അതിനുള്ള തയ്യാറെടുപ്പ് നടത്തി.
എങ്ങനയോ ഇത് അയാളുടെ വീട്ടിൽ അറിഞ്ഞു പ്രശ്നം ആയി. ഞങ്ങൾക്ക് വീടുവിട്ടിറങ്ങേണ്ടിവന്നു.
പിറ്റേന്ന് തന്നെ രജിസ്റ്റർ ചെയ്യണമെന്ന് തീരുമാനിച്ചു. ഇവിടെ വന്ന അന്ന് അയാളുടെ അമ്മയ്ക്ക് അറ്റാക്ക് ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയെന്നുപറഞ്ഞ് സുഹൃത്ത് വിളിച്ചു പറഞ്ഞു.
മോനെ വരുത്താനുള്ള അടവായിരുന്നു എന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. അയാൾ തിരിച്ചു വന്നില്ല.
പകരം സുഹൃത്തുക്കളും സ്വന്തക്കാരും വന്നു.
അയാളെ വിട്ടു കൊടുക്കണമെന്ന് പറയാൻ.
അയാളുടെ ആളുകൾ ഇതേ ആവശ്യമുന്നയിച്ച് വരാൻ തുടങ്ങി. അതൊക്കെ കണ്ടിട്ടാവണം ഇനി നാട്ടുകാർക്ക് ഞാൻ സ്വഭാവദൂഷ്യക്കാരിയാണെന്ന് തോന്നിയത്.
നിയമപരമായി ഞാൻ അയാളുടെ ആരുമല്ല. മനസുകൊണ്ട് എല്ലാം ആണ്. .
ആ ചിന്തയാൽ ഇവിടെ കയറിവന്നവന്റെ ചെവിക്കല്ലിനിട്ട് ഞാൻ കൊടുത്തു. ആ നാണക്കേടു തീർക്കാൻ അയാളും ഒരൊന്ന് പറഞ്ഞുപരത്തി. ഇത്രയും മതിയില്ലെ മോശക്കാരിയാകാൻ
നിനക്കൊരുജീവിതം വേണ്ടെ...
ജീവിക്കുകയാണ് ഞാൻ. വിട്ടുപോകുന്നവരെ തടയാൻ പറ്റില്ല എങ്കിലും ഈ ജീവിതം ഞാൻ മനസുകൊണ്ട് അംഗീകരിച്ചതാണ്.
ഈ വീട്...?.
ഞങ്ങളുടെ രണ്ടുപേരുടേയും പേരിലായിരുന്നു ഈ വീടും സ്ഥലവും.കുറ്റബോധം കൊണ്ടോ എന്തോ ..
അയാളുടെ അവകാശം എനിക്ക് എഴുതി തന്നു. അയാളുടെ ദയ എനിക്കുവേണ്ട. അയാളുടെ അവകാശത്തിന്റെ വില ഞാൻ കൊടുത്തു. അയാൾ എന്നു പറയുന്നത് വെറുപ്പോ അരിശമോ ഉണ്ടായിട്ടില്ല. മറ്റൊരാളുടെ മുന്നിൽ ആ പേരുപറഞ്ഞുപോലും ദുഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
നാളെ ലീവൊന്നുമല്ലല്ലോ
അല്ല
ഓക്കെ നാളെ കാണാം.. ദത്തൻ യാത്ര പറഞ്ഞിറങ്ങി.
തിരികെ കവലയിൽ എത്തിയപ്പോൾ ചെറിയ ആൾക്കൂട്ടം. കുറെപ്പേർ റോഡിൽ നിരന്നു നിന്നു.ദത്തൻ കാർ അവർക്കടുത്ത് നിർത്തി.
ഇറങ്ങി വന്നാട്ടെ...ഒരാൾ ഡോർ തുറക്കാൻ ശ്രമിച്ചു.
കാണേണ്ടയാളെ കണ്ടു ...പിന്നെ എന്റെ വഴിതടയാൻ എനിക്ക് നിങ്ങളാരുമായും മുൻ പരിചയമോ കടബാധ്യതയോ ഇല്ല.
ദത്തൻ കാറിന്റെ സൈഡ് ഗ്ലാസ് താഴ്ത്തിക്കൊണ്ട് പറഞ്ഞു.
ഇറങ്ങിവാ.... അതിലേതോ ഒരുത്തൻ കാറിന്റെ ഡോറിനിട്ട് തട്ടിക്കൊണ്ട് പറഞ്ഞു.
ഇവരോടു തർക്കുത്തരം കൊടുത്തോണ്ടിരുന്നാൽ ഉടനെ പോകാൻ പറ്റുമെന്നു തോന്നുന്നില്ല. ദത്തൻ മനസിൽ പറഞ്ഞു.
കാറിന്റെ ഡോർ തുറന്നിറങ്ങി
എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് ഡോറിൽ തട്ടിയവന്റെ ഒരു കൈ കൈയിൽ മുറുകെ പിടിച്ച് പറഞ്ഞു,
നിങ്ങൾക്ക് ഇപ്പോൾ കൈയടിക്കാൻ കഴിയുമോ?
ഒരു കൈ കൊണ്ട് എങ്ങനെ അടിക്കും അയാൾ പറഞ്ഞു.
ഇത് കേട്ട് ദത്തൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, "ഒരു കൈകൊണ്ട് കൈയടിക്കാൻ കഴിയില്ല, പിന്നെ ഒരു പുരുഷൻ അവളെ സ്വഭാവരഹിതയാകാൻ നിർബന്ധിച്ചില്ലെങ്കിൽ ഒരു സ്ത്രീക്ക് എങ്ങനെ സ്വഭാവമില്ലാത്തവളാകാൻ കഴിയും. സ്വഭാവമില്ലാത്ത പുരുഷനാണ് സ്ത്രീയെ സ്വഭാവമില്ലാത്തവളാക്കിത്തീർക്കുന്നത്.
"പുരുഷാധിപത്യ സമൂഹം" എന്ന് വിളിക്കപ്പെടുന്ന ഈ സമൂഹത്തിന്റെ അഹങ്കാരത്തിൽ, പുരുഷൻ തന്റെ തെറ്റായ അഹങ്കാരത്തിനായി, സ്ത്രീയെ തന്റെ ഉപഭോഗവസ്തുവായി മാത്രം കണക്കാക്കുകയും ഒരു സ്ത്രീയെ മോശക്കാരിയാക്കിയതിന്റെ ഉത്തരവാദിത്തം തനിക്കുതന്നെയാണെന്ന് മറക്കുകയും ചെയ്യുന്നത് എത്ര വിരോധാഭാസമാണ്
ഇനി പറയ് നിങ്ങളിൽ ആർക്കൊക്കെ പറയാൻ പറ്റും അവൾ സ്വഭാവദൂഷ്യക്കാരിയാണെന്ന് ..ദത്തൻ അയാളുടെ കയ്യിലെ പിടിവിട്ടു.
അപ്പോൾ ഇനി എനിക്ക് പോകാമല്ലോ അല്ലെ..
ആരും വഴി തടഞ്ഞില്ല. ദത്തൻ കാറിൽ കയറി ഡോർ അടച്ചു. സീറ്റ് ബൽറ്റ് ഇടവെ ദത്തൻ അവരെ നോക്കി. പലരും തല താഴ്ത്തി. ഒരുമൂളിപ്പാട്ടുംപാടി വണ്ടി സ്റ്റാർട്ട് ആക്കി സ്പീഡിൽ ഓടിച്ചു.