V T S

Drama Romance Classics

4  

V T S

Drama Romance Classics

ആനി 6

ആനി 6

3 mins
19



ഗ്രീഷ്നയുടെ ചോദ്യത്തിനു മുന്നിൽ അശോക് ഒരുനിമിഷം പതറി.

"പിന്നെ ഒന്നു ചിരിച്ചു.

ഉംം. ഇവൾ തന്നെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടാണ് ഓരോന്നുചോദിക്കുന്നത്. എന്താവും ഇവളുടെ ലക്ഷ്യം . എന്തൊക്കെ അറിഞ്ഞിട്ടുണ്ടാവും . സൂക്ഷിച്ചു മറുപടി കൊടുത്തില്ലേൽ കുഴപ്പമാകും . "

" കാവ്യ എൻ്റെ ഫ്രണ്ട് ആണ്."

" ജസ്റ്റ് ഫ്രണ്ട് ..അത്രേ ഉള്ളോ.."

" എന്നെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടാണല്ലോ ചോദിക്കുന്നത്.. ഗ്രീഷ്ന ഡോക്ടറോ അതോ ഡിക്റ്റടീവോ.. ഇതൊക്കെ സ്വയം അന്വേഷിച്ചു കണ്ടുപിടിച്ചതോ അതോ . മറ്റാരെങ്കിലും പറഞ്ഞറിഞ്ഞതോ.."

" അതെന്തുമാകട്ടെ കാവ്യ അശോകിനെ ഫ്രണ്ടായിട്ടാണോ കാണുന്നത്. അതോ "

" അവൾ എങ്ങനെ കാണുന്നു എന്നത് എൻ്റെ കാര്യമല്ല. പ്ലീസ് ..മറ്റെന്തെങ്കിലും ചോദിക്കൂ ഞാൻ പറയാം ." അശോക് അസ്വസ്ഥതയോടെ പറഞ്ഞു.

" എനിക്ക് കാവ്യേക്കുറിച്ച് അറിയണം. അതും അശോകിൽ നിന്നും "

" ഗ്രീഷ്ന ഞാൻ ഇത്രയും പറഞ്ഞതുതന്നെ പരിചയക്കാർ എന്നതിനാലാണ്.എന്നോട് കാണണം എന്നുപറഞ്ഞത് എന്തിനാണ്. സീരിയസ് മാറ്റർ എന്നല്ലേ പറഞ്ഞത്."

" അതാണ് പറഞ്ഞുവരുന്നത്. അശോക് ആനിയെ സ്നേഹിക്കുന്നുണ്ടെങ്കിൽ ആനിയെ നിങ്ങൾക്ക് ജീവിതത്തിലേയ്ക്ക് കൂട്ടണമെങ്കിൽ എനിക്ക് കാവ്യയെപ്പറ്റി അറിയണം. "

" ആനിയെ പരിചയം ഉണ്ടോ .." അശോക് ചോദിച്ചു.

" ഉണ്ട് . അവൾ നിങ്ങൾക്കുവേണ്ടി മരിക്കാനും തയ്യാറായി നടക്കുകയാണ്. "

" അവൾ അങ്ങനെ പറഞ്ഞോ .?

" പറഞ്ഞു. അശോക് ഞാൻ പറയുന്നത് അതിൻെറ ഗൗരവത്തിൽ കാണണം. ആനി വല്ലാത്ത അവസ്ഥയിൽ ആണ് .

കഴിഞ്ഞദിവസം എന്നെ കാണാൻ വന്നിരുന്നു." 

" അവൾ എന്തിനു ഇവിടെ വന്നു. ?"

" എന്തിനെന്ന് അശോക് അറിയണം. നിങ്ങൾ രണ്ടുപേരും സന്തോഷത്തോടെ ജീവിക്കുന്നതിന് .. ആനിയുടെ മനസ്സിൽ നിന്ന് അശോകും അശോകിനെ സംബന്ധിക്കുന്ന എല്ലാ ഓർമ്മകളും മാറ്റിത്തരേണമെന്ന് പറയാൻ.  നിങ്ങളുടെ ഓർമ്മകളുമായി ജീവിക്കുമ്പോൾ . .. മുന്നോട്ടു പോകാൻ ആവില്ലെന്ന്. നിങ്ങളെകണ്ടാൽ അവൾക്ക് തിരിച്ചറിയാൻ കഴിയരുതെന്ന്. ഇത്രയും പോരെ അവൾ എത്രമാത്രം വേദനിക്കുന്നുണ്ടെന്ന് അറിയാൻ. മാനസികനിലപോലും തകരാറിലാവും .."

ഇതെല്ലാം കേട്ട് അശോക് സ്തംബ്ദ്ധനായി ഇരുന്നു.

"അവൾ കരുതുന്നുണ്ടോ താൻ കാവ്യയെ കല്യാണം കഴിക്കുമെന്ന്. തൻെറ ആനിയെ മറന്നൊരു ജീവിതം ഈ അശോകിനില്ല . "

" അശോക് പറയൂ ..ആനിയെ തിരിച്ചു കൊണ്ടുവരണം. പറയൂ .. കാവ്യയും അശോകും തമ്മിലുള്ള ബന്ധം. "

" ഞങ്ങൾ തമ്മിൽ എന്തുബന്ധം എന്നുചോദിച്ചാൽ . അവൾ എൻ്റെ നല്ല ഫ്രണ്ട്സിൽ ഒരാൾ ആയി ഞാൻ കരുതി . പരിചയപ്പെട്ട നാൾ മുതൽ ഇന്നുവരെ .എനിക്കങ്ങനയേ കാണാൻ പറ്റൂ.

മിക്കവാറും വിളിക്കും ഞാൻ വിളിക്കാൻ താമസിച്ചാൽ അവൾ എന്നെ വിളിക്കും . എന്നാൽ ഞാൻ കരുതിയപോലെ ആയിരുന്നില്ല കാവ്യ എന്നെ കണ്ടിരുന്നത് എന്ന് മനസിലാക്കാൻ വൈകി.ആനി പലതവണ പറഞ്ഞു. കാവ്യ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് .സൂക്ഷിക്കണം എന്ന്. അപ്പോൾ ഒക്കെ ഞാൻ അവളെ കുറ്റപ്പെടുത്തി. ഒന്നുരണ്ടും പറഞ്ഞ് ഞങ്ങൾ പിണങ്ങി .ആനിയോട് പിണങ്ങിയതിനാൽ കാവ്യയേയും ഞാൻ വിളിച്ചില്ല. പിന്നീട് നടന്നതൊക്കെ സമനില തെറ്റിക്കുന്ന കാര്യങ്ങളാണ്. "

" കാവ്യയുടെ വീട്ടുകാർ എത്രയും പെട്ടെന്ന് കല്യാണം നടത്താനുള്ള ആലോചനയിലും .

ആനി കരുതുന്നു ഞാൻ കാവ്യയെ സ്നേഹിക്കുന്നു എന്ന് . അവൾ കാവ്യയെ കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നു. ഒരാൾക്ക് എങ്ങനെ രണ്ടുപേരെ സ്നേഹിക്കാൻ പറ്റും .  പ്രണയം ഒരാളോടെ തോന്നൂ . ഇതൊക്കെ പറഞ്ഞാൽ ആനിക്കു മനസിലാവേണ്ടേ . കുറച്ചു ദിവസമായി അവളെ ഫോണിൽ കിട്ടുന്നുമില്ല. ഗ്രീഷ്ന അവളെ പറഞ്ഞു മനസിലാക്കണം .ഈ അശോകിന് അവളെ അല്ലാതെ മറ്റൊരാളെ ലൈഫ്പാർട്ണർ ആയി വേണ്ടെന്ന് . വിവാഹജീവിതം ഉണ്ടെങ്കിൽ അത് അവളോടൊപ്പംമാത്രം . കാലം എത്ര മാറിയാലും ഒരു ആണും പെണ്ണും തമ്മിലുള്ള സൗഹൃദം ശരിയല്ല എന്ന കാഴ്ചപ്പാട് മാറില്ല. അതെന്താ ഒരു പുരുഷന് ഒരുസ്ത്രീയെ സുഹൃത്തായി കണ്ടുകൂടെ ..." പറഞ്ഞു പറഞ്ഞ് അശോകിൻ്റെ വാക്കുകൾ ഗൗരവം പൂണ്ടു.

" അശോക് കൂൾഡൗൺ .. ഇവിടെ സംഭവിച്ചത് മാത്രം ഒന്നുചിന്തിക്ക് .അശോക് നല്ലൊരു സൗഹൃദം എന്നുകരുതി എന്നാൽ കാവ്യയോ .. ? അശോകിനെ സുഹൃത്തായാണോ കണ്ടത്. അല്ല . അവിടാണ് പാളിയത് .ഒരുപോലെ ചിന്തിക്കുന്നവർ തമ്മിലാവണം സൗഹൃദം.

അതുപോട്ടെ .കാവ്യയുടെ വീട്ടുകാരോട് സംസാരിക്കണം .ആനിയും അശോകും തമ്മിലുള്ള ബന്ധം അവർ അറിയണം. "

" പറയണം ..ഇല്ലേൽ ആനിയെ എനിക്ക് നഷ്ടപ്പെടും ..ഗ്രീഷ്ന എനിക്കും ആനിക്കുംവേണ്ടി ഒന്നുസംസാരിക്കൂ..ഞാനോ ആനിയോ അവളോട്‌ ഇതേപ്പറ്റി പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വഷളാവും .പ്ലീസ്‌.. "

" ആനി അറിയാൻ പാടില്ല അശോക് . ആനി അറിഞ്ഞാൽ ഒരിക്കലും സമ്മതിക്കില്ല. അവൾ അത്രയ്ക്കും നിങ്ങളെ സ്നേഹിക്കുന്നുണ്ട്. "

" ഗ്രീഷ്ന പറഞ്ഞത് ശരിയാണ് . അവൾ ഞാൻ കാവ്യേ കല്യാണം കഴിക്കണം എന്നതിൽ ഉറച്ചുനിൽക്കയാണ്. "

മുന്നോട്ടുള്ള കാര്യങ്ങൾ എങ്ങനെ എന്നറിയാതെ അശോക് ആലോചനയിലാണ്ടു. അധികം താമസിയാതെ അശോക് യാത്ര പറഞ്ഞു.

   ******   ******    *******     *******

തിരികെ ബൈക്ക് ഓടിക്കുമ്പോളും അശോകിന് ഒരേഒരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ." എങ്ങനെ കാവ്യയിൽ നിന്നും രക്ഷപെടും.. എങ്ങനെ..

ഏതു ശപിക്കപ്പെട്ട നിമിഷമാണോ അവളുമായി സൗഹൃദത്തിലായത്. എഫ്ബി ഫ്രണ്ട് . അങ്ങനെ പരിചയപ്പെട്ടു .ആ പരിചയം ഫോൺവിളിയിലായി. നല്ലൊരു ഫ്രണ്ട് അതിനപ്പുറം അവളെ താൻ കണ്ടിട്ടില്ല. .അധികംനാൾ ആയിട്ടുംഇല്ല. ഫോൺ വിളി തുടങ്ങിയിട്ട്. അതിങ്ങനൊരു വഴിത്തിരിവാകുമെന്ന് സ്വപ്നേപി വിചാരിച്ചില്ല.കാവ്യയോട് പറഞ്ഞാലോ താനും ആനിയും സ്നേഹത്തിലാണെന്ന്. താൻ ആനിയെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന്. യേസ് അതാണു ശരി. പറയുകതന്നെ.  എത്രയും പെട്ടെന്ന് ആനിയുടെ കാര്യം വീട്ടിൽ പറയണം. രജിസ്റ്റർ മാര്യേജെങ്കിൽ അങ്ങനെ .വീട്ടിലെത്തിയിട്ട് കാവ്യേ വിളിക്കാം." അശോക് സമാധാനത്തോടെ ബൈക്ക് ഓടിച്ചു.

അശോക് വീട്ടിൽ എത്തുമ്പോൾ അച്ഛനും അമ്മയും സഹോദരിയും ഉമ്മറത്തുണ്ട് .മൂവരും എന്തോ ചർച്ചയിൽ ആണ് .ബൈക്കിൻ്റെ ശബ്ദം കേട്ടിട്ടാവാം സംസാരം നിർത്തി . മുറ്റത്തെത്തി ബൈക്ക് സ്റ്റാൻറ്റിൽ വച്ച് അശോക് ഉമ്മറത്തേക്ക് കയറി .

" നീ ഇന്നെന്നാ നേരത്തെ വരുന്ന സമയം ആയില്ലല്ലോ. " ശാരദാമ്മ ചോദിച്ചു.

" ഇന്നുനേരത്തെ ഇറങ്ങി. അല്ല ഇവിടെ എന്തോ കാര്യമായ ചർച്ചയിലാണല്ലോ . എന്തേ നിർത്തിയത് . "

" കാര്യമായ ചർച്ചയാണ് .ഒരു കല്യാണക്കാര്യം ." ശാരദാമ്മ പറഞ്ഞു.

" ആർക്ക് ഇവൾക്കോ.. അല്ലേൽ തന്നെ ജോലി എന്നുകിട്ടുമെന്നു വച്ചാ. കല്യാണം നടത്തിവിടാം. അതാ നല്ലത്. എന്നിട്ടുവേണം എൻ്റെ കാര്യം നോക്കാൻ ." അശോക് ചെറുചിരിയോടെ പറഞ്ഞു.

" നീ പറഞ്ഞത് ശരിയാ. പക്ഷെ അവൾക്ക് ആലോചന വരേണ്ടേ. . നിൻെറ കല്യാണക്കാര്യമാ ഞങ്ങൾ പറഞ്ഞോണ്ടിരുന്നത്. "

" ഞാനും അതെപ്പറ്റി സംസാരിക്കണം എന്നുകരുതിയാ നേരത്തെ വന്നത്. "

" ആഹാ .. അപ്പോൾ നീ എല്ലാം ആലോചിച്ചു തീരുമാനിച്ചു അല്ലേ. " പ്രഭാകരൻ ചോദിച്ചു.

" അച്ഛാ ..പെണ്ണിനെ ഇവിടെ എല്ലാവരും അറിയും. "

" അതേത് .. അവർ കാണിച്ച ഫോട്ടോയിൽ കണ്ട കുട്ടിയെ ഞങ്ങൾ ആദ്യം കാണുകയാ.. നീ ആരുടെ കാര്യമാ പറയുന്നത്. " ശാരദാമ്മ പറഞ്ഞു.

" ഏതു ഫോട്ടോ. ആരുടെ ഫോട്ടോ ..ആരു കാണിച്ചു. .." അശോകിന് കാര്യം മനസിലായില്ല.

            തുടരും...



Rate this content
Log in

Similar malayalam story from Drama