ചാന്ദ്രദിനം
ചാന്ദ്രദിനം
മനു ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ , സ്‌കൂൾ ഹാളിൽ വച്ച് ചാന്ദ്രദിനത്തിനോടനുബന്ധിച്ചുള്ള പരിപാടി നടക്കുകയായിരുന്നു..
ഒരുപാട് കുട്ടികൾ അന്യഗ്രഹ ജീവിയെ കാത്തിരിക്കുകയായിരുന്നു.. അതെ അദ്ദേഹം അവിടെ സ്റ്റൂളിൽ ഇരിക്കുന്നുണ്ട്.. കുട്ടികൾ ചുറ്റും നോക്കി കൊണ്ടിരിക്കുന്നു..അങ്ങനെ വിനോദ് മാഷ് വേദിയിലേക്ക് വന്നു കയറുന്നു..
" പ്രിയപ്പെട്ട വിദ്യാർത്ഥികളെ.. ഇന്ന് ചാന്ദ്രയാൻ ദിനത്തിന്റെ ഭാഗമായി നമ്മൾ ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്..അതെ നമ്മളെ കാണാൻ വേണ്ടി ബഹിരാകാശത്തുനിന്നും ഒരു ബഹിരാകാശ സഞ്ചാരി ഇവിടെ എത്തിച്ചേർന്നിരിക്കുകയാണ്..നിങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും ചോദ്യങ്ങൾ അദ്ദേഹത്തിനോട് ചോദിക്കണമെങ്കിൽ ചോദിക്കാം..അതിനായി ഞാൻ അദ്ദേഹത്തെ ഈ വേദിയിലേക്ക് ക്ഷണിക്കുന്നു.."
റോബോട്ട് വരുന്നത് പോലെയാണ് നടന്നു വരുന്നത്..കണ്ണുകളുടെ സ്ഥാനത്ത് എൽ.ഇ. ഡി ബൾബ് ആണോ എന്തോ തോന്നുന്നു..ആരൊക്കെയോ പിടിച്ചു പിടിച്ചാണ് വരുന്നത്..നിൽക്കാൻ വയ്യാതെ വേദിക്ക് മുകളിൽ നിന്ന് ആടിക്കൊണ്ടിരിക്കുകയാണ്..എല്ലാവരും അത്ഭുതത്തോടെ നോക്കി കൊണ്ടിരിക്കുകയാണ്..മൂന്ന് നാല് ചോദ്യങ്ങൾ ചോദിക്കാനായി കുട്ടികൾ വേദിയിൽ നിൽപ്പുണ്ട്.. അവർ ചോദ്യങ്ങൾ ചോദിച്ച് തുടങ്ങി..അത് വിനോദ് മാഷ് ഇംഗ്ലീഷിലോ മറ്റെന്തോ ഭാഷയിലൂടെയോ അന്യഗ്രഹ ജീവിക്ക് പറഞ്ഞു കൊടുക്കും..അതിനുള്ള മറുപടിയും കൊടുക്കും.. മനുവിന് ഒരത്ഭുതം.. മാഷുമാർ എങ്ങനെ ഈ അന്യഗ്രഹ ജീവിയെ ഇവിടേക്ക് കൊണ്ടുവന്നുവെന്ന് ആലോചിച്ചു..മറുപടി പറഞ്ഞ അന്യഗ്രഹ ജീവിയുടെ ആ ശബ്ദം കേട്ടപ്പോൾ ചില ചങ്ങാതിമാർക്ക് കാര്യം പിടികിട്ടി..അവർ ഹർഷൻ സാറെ ഹർഷൻ സാറെ എന്ന് വിളിക്കാൻ തുടങ്ങി.. അത് കേട്ട് വിനോദ് മാഷും മറ്റ് അധ്യാപകരും അവരെ ഒതുക്കി നിർത്തി..അപ്പോഴും മനുവിന് ഒരു സംശയം.. ഇനി ഹർഷൻ മാഷെങ്ങാനും ബഹിരാകാശത്തു നിന്ന് വന്നതാണോ..ഇനി അഥവാ ഹർഷൻ മാഷ് വേഷം കെട്ടിയതാകുമോ.. അങ്ങനെയെങ്കിൽ ഈ വേഷവിധാനങ്ങൾ എങ്ങനെയാണ് ഇങ്ങനെ..?
എന്തായാലും ചോദ്യം ചോദിക്കലിൽ ഒരു കുട്ടി ചോദിച്ച ചോദ്യം വേദിയാകെ ഇളക്കി മറിച്ചു..
" ബഹിരാകാശത്ത് ശൗചാലയ സംവിധാനങ്ങൾ ഉണ്ടോയെന്ന്.. " ഇന്ന് അതിന് ഉത്തരങ്ങൾ ഉണ്ടെങ്കിലും അന്ന് അത് ഉത്തരം മുട്ടിക്കുന്ന ചോദ്യം ആയിരുന്നു.. ഈ ചോദ്യത്തിന് ശേഷം വിനോദ് മാഷ് ചെറുതായി ഒന്ന് ദേഷ്യപ്പെട്ടു..ഇതുപോലെയുള്ള ചോദ്യങ്ങൾ ആരും ചോദിക്കരുതെന്ന് പറഞ്ഞുകൊണ്ട് നിർത്തി.. വീണ്ടും ചോദ്യങ്ങൾ തുടർന്നു..
ചങ്ങാതിമാർ പരിപാടികഴിഞ്ഞയുടനെ അന്യഗ്രഹ ജീവിയുടെ അടുത്തെത്തി.. അപ്പോഴേക്കും മറ്റ് മാഷുമാരെല്ലാം കൂടെ അദ്ദേഹത്തിനെ ഹാളിന് പുറത്തേക്ക് കൊണ്ട് പോയി.. പരിപാടി കഴിഞ്ഞ് മനു ചങ്ങാതിമാരുടെ കൂടെ ഓഫീസിലേക്ക് ചെന്നു..അവർ ആ രഹസ്യം കാണിച്ചു തന്നു.. അവിടെ ഓഫീസിൽ അന്യഗ്രഹ ജീവിയുടെ വേഷവിധാനങ്ങൾ കാണുന്നുണ്ട്.. അതിനടുത്ത് വിയർത്തു കുളിച്ച് ഫാനുമിട്ട് കസേരയിൽ ഇരിക്കുന്ന ഹർഷൻ മാഷും..എന്തായാലും സംഗതി ഏതാണ്ട് എല്ലാവർക്കും മനസ്സിലായി..
