Subi gopi

Tragedy Crime Children

4  

Subi gopi

Tragedy Crime Children

നെറിയില്ലാത്ത കാമം.

നെറിയില്ലാത്ത കാമം.

4 mins
432


" mr ചിത്രഗുപ്തൻ...ഇന്നത്തെ വിധി തീർപ്പക്കാനുള്ള കേസുകൾ ഏതൊക്കെയാണ്...?? " കാലൻ ചോദിച്ചു..


" ഇന്നൊരു കേസ് മാത്രേ ഉള്ളൂ.. മറ്റേ ആ പോക്കണം കോഡ് കേസ്.... " 


" അതേതു കേസ് ??? " കാലൻ ഗൗരവത്തോടെ ചോദിച്ചു..


" കോടതി വിളിക്കുമ്പോ കേൾക്ക്.." ചിത്രഗുപ്തന് കാലന്റെ attitude അത്ര പിടിച്ചില്ല..!!


" താങ്കൾ സുപ്പീരിയർ ഓഫീസരോടാണ്‌ സംസാരിക്കുന്നതെന്നുള്ള ഓർമ വേണം.. "


" ഒഞ്ഞു പോടോ ഹേ..ഒരു ചുപ്പീരിയർ ഓഫീസർ..ഒന്നൂല്ലേലും തന്നെക്കാൾ ബെറ്റർ പേരെങ്കിലും എനിക്കുണ്ട്..പിന്നെ ഞാൻ തന്റെ കീഴിലൊന്നുമല്ല ..എന്നെ തമ്പുരാൻ ഏൽപ്പിച്ച ജോലി ചെയ്യുന്നു അത്ര മാത്രം !!! ചിത്ര ഗുപ്തൻ കാലനെ പുച്ഛിച്ചു..ജീവനുണ്ടാർന്നേൽ ഇപ്പൊ തന്നെ നിന്നെ ഞാനെന്റെ വണ്ടീടെ കൊമ്പിൽ തീർത്തേനേടാ എന്ന മട്ടിൽ കാലനൊന്നു നോക്കി.. ചിത്രഗുപ്തൻ വീണ്ടും "ഫീലിങ് പുഛം".

കോടതി കൂടി.. കേസ് നമ്പർ ....../..../..../ ഹഷ്ഫി ഖാദർ ഹാജറുണ്ടോ.

ഹാജറുണ്ടോ ഹാജറുണ്ടോ..


വെള്ള പൂക്കൾ നിറഞ്ഞ ചുവന്ന പാവടയും പച്ച ബ്ലോസുമിട്ടൊരു കൊച്ചു സുന്ദരി വിധി കൂട്ടിൽ കേറി.. അവളാകേ പേടിചരണ്ടിരിക്കുന്നു...പാൽമണം വിട്ടുമാറാത്ത ചുണ്ടുമായി നിൽക്കുന്ന 4 വയസ്സുകാരിയെ ദൈവം കനിവോടെ നോക്കി.. വെളുത്തു വെളുത്തു വെള്ളിയും കഴിഞ്ഞു വെട്ടി തിളങ്ങുന്ന രൂപമാണ് ദൈവമെന്നു 'അമ്മ പറഞ്ഞുറക്കിയ കഥകളിൽ നിന്ന് വെത്യസ്തനായിരുന്നു തനിക്ക് മുന്പിലെ സാധാരണക്കാരിൽ സാധാരണക്കാരനായ മനുഷ്യമുഖത്തോടു സാമ്യമുള്ള വൃദ്ധനെന്നു ഹഷ്‌ഫിയോർത്തു.. 


" കുട്ടിക്ക് വക്കീലുണ്ടോ??? കാലൻ ഗൗരവത്തോടെ ചോദിച്ചു. 

ഹഷ്‌ഫിയുടെ കണ്ണുകൾ നിറഞ്ഞു.. ചുണ്ടുകൾ വിതുമ്പി.. 


" താനെന്താടോ കാല ഇങ്ങനെ., കുഞ്ഞാണെന്ന ബോധമെങ്കിലും വേണ്ടേ,?? "

ചിത്രഗുപ്തൻ കാലനെ ശാസിച്ചു.. ഹഷ്‌ഫിയപ്പോളും വിതുമ്പി കൊണ്ടിരിക്കുകയാണ്.. ചിത്രഗുപ്തൻ കനിവോടെ അവളെ നോക്കി.. എന്നിട്ട് ചോദിച്ചു 


"കുഞ്ഞിനു വക്കീൽ അങ്കിൾ ഉണ്ടോ ".. കാലൻ ചുണ്ടുകൾ കോച്ചിപ്പിടിച്ചോണ്ട് ചിത്രഗുപ്തനെ നോക്കി 


" ഞാനും വക്കീലെന്നു തന്നെയല്ലെടോ ഗുപ്തന്റെ മോനെ ചോയിച്ചേ " ശരിയാണല്ലോ എന്ന ഭാവത്തിൽ ചിത്രഗുപ്തൻ ഇളിച്ചു പോയി.. 


" മോളു വിഷമിക്കണ്ട.. മുത്തച്ഛൻ, ഐ mean ഉപ്പാപ്പ മോൾടെ കേസ് വാദിക്കാൻ ആളെ ശരിയാക്കാം.. "

ചിത്രഗുപ്തൻ കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. 

" നിച്ചു ഇനി ബല്ല്യ വക്കീലാവാൻ പറ്റില്ലേ??? " അവൾ തേങ്ങലോടെ ചിത്രഗുപ്തനോട് ചോദിച്ചു.. 


" വക്കീലാവാനായിരുന്നോ ഇഷ്ടം??? "ചിത്രഗുപ്തൻ ചോദിച്ചു. 


" മ്മ്മ്,, ബല്ല്യ ബക്കീലാവണം, എന്നിട്ട് ദ്രോഹം ചെയ്യണോരെ ശിച്ചിക്കാന് പടച്ചോനെ സഗായിക്കണം... ഉമ്മാനെ പണിക്ക് ബിടാതെ എല്ലാസോം ബിരിയണിം കോയിക്കറീം കൊടുക്കണം... നിച്ചു ഇനി ബക്കീലാവാൻ പറ്റോ മാമ,, " 


" മോൾക്ക് അച്ഛനില്ലേ.. " ചിത്രഗുപ്തൻ ചോദിച്ചു 


" ആ ബെസ്റ്റ്, ഖാദറിനെ നാലു കൊല്ലം മുൻപ് ഞാനിങ് കൊണ്ട് ബന്നു,, ശേ വന്നു... " കാലൻ പറഞ്ഞു 


" ഏത് ഖാദർ നമ്മുടെ,  മറ്റേ വിശപ്പ് സഹിക്കാഞ്ഞു സവാളേം ഉള്ളീം മോഷ്ടിച്ചതിന് നാട്ടുകാര് തല്ലിക്കൊന്ന ഖദാരോ,,??? " ചിത്രഗുപ്തൻ സംശയത്തോടെ ചോദിച്ചു.. 


" ആടോ,, പുള്ളി അന്ന് മോളെ ബക്കീൽ.. കോപ്പ്, വക്കീൽ ആക്കണമെന്ന് ഇവിടെ വെച്ച് ആഗ്രഹം പറഞ്ഞത് താൻ മറന്നോ.. ഇപ്പൊ മോഷണക്കുറ്റത്തിന് നരകത്തിൽ കിടന്നുരുകനുണ്ട്, ഹു ഹു ഹു " കാലൻ ചിരിച്ചുകൊണ്ട് പറഞ്ഞു.. ചിത്രഗുപ്തന് ആ ചിരി തീരെ ദഹിച്ചില്ല, അയാൾ രൂക്ഷമായി കാലനെ നോക്കി. 


" എന്നെ നോക്കി ദഹിപ്പിക്കണ്ട mr.. നിയമം വിട്ടൊന്നിനും ഞാൻ കൂട്ട് നിൽക്കില്ല.. കളവ് കളവാണ്.. സാഹചര്യം നോക്കി കളവു ന്യായീകരിക്കാൻ എനിക്കറിയില്ല.. " 

കാലൻ അഹങ്കാരത്തോടെ പറഞ്ഞു.. 


" ഈ പറയുന്ന ഖാദറിന്റെ തലയിൽ ദാരിദ്ര്യം എഴുതിയതും അങ്ങ് തന്നെയല്ലേ?? "  

കാലൻ മറുപടി പറഞ്ഞില്ല.. ചിത്രഗുപ്തൻ വീണ്ടും ഹഷ്‌ഫിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. 


"മോളെങ്ങനെയാ ഇങ്ങോട്ടേക്കു വന്നേ.. എങ്ങനെയാ പ്രാണൻ ദേഹം വെടിഞ്ഞത്??? "


" ഹായ് നല്ല ബാസ.. " കാലൻ ചിത്രഗുപ്തനെ പരിഹസിച്ചു.. 


ചിത്രഗുപ്തൻ തന്റെ ക്ഷമയുടെ നെല്ലിപ്പലകയും അതിന്റെ താഴോട്ടുള്ള പലകകളും കണ്ടിരുന്നു. 


" ദൈവമേ.. വക്കീലില്ലാത്തോണ്ട് ഞാൻ തന്നെ വാദിക്കാനാണ് ഉദ്ദേശിക്കുന്നത്.. അതുകൊണ്ട് ഈ പണ്ടാരകാലനോട് ഒന്ന് മിണ്ടാതിരിക്കാൻ പറയണമെന്ന് അപേക്ഷിക്കുന്നു.. " 


ദൈവം മറുപടി പറയാതെ മറ്റെന്തോ ശ്രദ്ധിക്കുന്നത് ചിത്രഗുപ്തന്റെ ശ്രദ്ധയിൽപെട്ടു.. 


" താൻ പറഞ്ഞിട്ട് കാര്യമില്ല.. 10000 രൂപ അടച്ചു പുള്ളിയെ ഓൺലൈൻ ആയി സന്ദർശിക്കുന്ന ഭക്തരെ ശ്രദ്ധിക്കുകയാണ് പുള്ളി.. "


" എന്തിനു.. "


" വമ്പൻ സ്രാവുകളും നീല തിമിംഗലവുമൊക്കെ ഇണ്ടാവും ഗാങ്ങിൽ.. ആ തരത്തിൽ ബന്ധങ്ങളൊക്ക്വയുണ്ടെങ്കിലേ ഭൂമിയിൽ രക്ഷയുള്ളൂ.. താൻ പേടിക്കണ്ട,, ആരെങ്കിലും കടക്ക് പുറത്ത് പറയണതിനു മുൻപ് പുള്ളി വരും..   എന്തായാലും ഞാനിനി മിണ്ടണില്ല.. തന്റെ വാദം നടക്കട്ടെ.. "


ചിത്രഗുപ്തൻ നിരാശയോടെ ഹഷ്‌ഫിയെ നോക്കി... കുഞ്ഞു കണ്ണിൽ നിന്നപ്പോഴും വെള്ളം വറ്റിയിട്ടില്ല.. 


"മോളു പറഞ്ഞില്ലല്ലോ.. എങ്ങനെയാ ഇവിടെയെത്തിയത്... " 


" നിച്ചറിയില്ല... നിച്ചൊന്നും ഓർമയില്ല.. "


" അവസാനം ഹഷ്‌ഫി മോൾക്ക് ഓര്മയിലെന്താ ഉള്ളത്??? " 


" വീടിനടുത്തുള്ള മാമൻ എന്നെ അമ്പലത്തിൽ കിടത്തിയിട്ട് കാലു വിടർത്തി വെച്ചത്.. "


ചിത്രഗുപ്തന്റെയും കാലന്റേയും ഉള്ളം പിടഞ്ഞു.. ദൈവം ഹഷ്‌ഫിയെ നോക്കി തല കുനിച്ചു.. കുഞ്ഞിനോട് ഇനിയെന്ത് ചോതിക്കണമെന്നറിയാതെ ചിത്രഗുപ്തൻ പരിഭ്രമിച്ചു.. കാലന്റെ മുഖത് ആദ്യമായി ചിത്രഗുപ്തൻ നിസഹായത കണ്ടു.. കാലനും ചിത്രഗുപ്തനും ദൈവത്തെ നോക്കി.. 


" വാദം തുടരട്ടെ.. " ഇടറിയ ശബ്ദത്തോടെ ദൈവം പറഞ്ഞു.. ഒരു നിമിഷം എന്തോ ആലോചിച്ചതിനു ശേഷം നെടുവീർപ്പോടെ ചിത്രഗുപ്തൻ ഹഷ്‌ഫിയെ നോക്കി.. 


" മോളുടെ ആരാണ്, ആ മാമൻ.. മോളെന്തിനാ ആ മാമന്റെ അടുത്ത് പോയത്.. " 


" നിച്ചു വിശന്നിട്ടു... പാപ്പം മേടിച്ചു തരാറുണ്ട് എപ്പളും.. മടിയിലിരുത്തി എനിച്ചു വാരി തരും... ഉമ്മാക്ക് പനിച്ചിട്ട് കിടന്നപ്പോ.. കായില്ലാണ്ട്.. അരി തരില്ല്യ പറഞ്ഞു.. പൈപ്പിന്റെ അവിടെയുള്ള കടയിലെ മാമൻ.. വാപ്പനെ കട്ട കുറ്റത്തിന് തച്ചു കൊന്നോണ്ട്, ഞാൻ വേറെ വീട്ടിൽ പോയാൽ,, ഇഷ്ടല്ല അവർക്ക്.. ഈ മാമൻ പക്ഷെ പാവണ്.. കൊറേ മുട്ടായീം ചോറും നിച്ചു മേടിച്ചു തരും.. ഉമ്മാക്ക് ഇസ്താല്ല.. കയിക്കരുത് പറയും.. പച്ചേ പയിച്ചിട്ട് കണ്ണ് തെളിയാണ്ടാവുമ്പോ കയിച്ചു പോവും.. അങ്ങനെ പാപ്പം കയിച്ചാൻ കൊണ്ടോയത ആ മാമൻ..എന്നെ ഒത്തിരി ഇഷ്ടാണ്.. കയ്യിൽ ബല്ല്യ കമ്പി ഇണ്ടാർന്നു.. ചോയിച്ചപ്പോ നിച്ചു പട്ടിനെ പേടിയായുണ്ട് തച്ചു കൊല്ലാനാണെന്ന പറഞ്ഞെ..  പിന്നെയൊന്നും എനിച്ചു ഓർമയില്ല..... " ഹഷ്‌ഫിയുടെ വാക്കുകളിൽ ഹൃദയം നുറുങ്ങി മരവിച്ചു നിന്നു കോടതിയാകെ.. 


കള്ളം മനസ്സിലാക്കാനുള്ള പ്രായം പോലുമില്ലാത്ത നിന്നോടെങ്ങനെയാ കുഞ്ഞേ അയാൾക്കിത് ചെയ്യുവാൻ സാധിച്ചേ.. ചിത്രഗുപ്തൻ മനസ്സിൽ തേങ്ങി.. 


നിറ കണ്ണുകളോടെ അയാൾ ദൈവത്തെയും കാലനേയും നോക്കി.. തല കുനിച്ചു കൊണ്ട് കാലൻ ചോദിച്ചു 


" സാക്ഷിയുണ്ടോ ഈ സംഭവത്തിനു???? അതായത് കുട്ടിയെ അയാൾ അമ്പലത്തിലേക്ക് കൊണ്ടുപോവുന്നത് കണ്ടവരുണ്ടോ 

..??  


ഹഷ്‌ഫി തന്റെ ചൂണ്ടുവിരൽ ദൈവത്തിനു നേരെ ചൂണ്ടി... നിറ കണ്ണുകളോടെ ദൈവം അവളെ നോക്കി.. 


സ്വാതി കണ്ണ് തുറന്നു.. കണ്ട സ്വപ്നത്തിന്റെ നീറ്റൽ ഉള്ളിലപ്പോഴുമെരിയുന്നുണ്ടായിരുന്നു.. ഊണുമേശയിലിരുന്നു പത്രം വായിക്കുന്ന അച്ഛനരികിലായി അവളിരുന്നു.. നാലു വയസ്സുകാരിയെ അമ്പലത്തിൽ വെച്ച് പീഡിപ്പിച്ചു കൊന്ന വാർത്ത തന്നെയായിരുന്നു പത്രത്തിലെ പ്രധാന കോളം ,, നാടിനെ മൊത്തം നടുക്കിയ വാർത്ത പ്രൈമറി സ്കൂൾ ടീച്ചറായിരുന്ന തന്നെയും വല്ലാതെയുലച്ചിരിക്കുന്നുവെന്നു സ്വാതി ഓർത്തു.. 


" ഈശ്വരന്മാർ ദുഷ്ടന്മാരാണോ അച്ഛാ,, അതോ ഈശ്വരന്മാരില്ലേ..??? , " സ്വാതി ചോദിച്ചു.. ദിവാകരൻ പത്രം താഴ്ത്തി കണ്ണടകൾക്കിടയിലൂടെ മകളെ നോക്കി.. 


" ന്തേ ഇപ്പൊ അങ്ങനെയൊരു ചോദ്യം...??? "


" വാർത്ത കണ്ടില്ലേ അച്ഛാ... ന്റെ മോൾടെ പ്രായമുള്ള കുഞ്ഞിനെയാണ്...... സ്ത്രീകൾക്ക് പെരുമാറ്റ ചട്ടയിൽ വിധിച്ചിട്ടുള്ള ഏതു നിയമം ലംഘിച്ചിട്ടാണ് ആ കുഞ്ഞിനെ ആ നശിച്ചവൻ.... കാമമുണർത്തുന്ന എന്ത് അങ്കലാവണ്യമാണച്ച ആ കുഞ്ഞിലവൻ കണ്ടത്... നിമിഷ നേരം കൊണ്ട് അവനുവേണ്ടി വാദിക്കാൻ കൊടി കുത്തിയ വക്കീലന്മാർ തയ്യാറാവുന്നത് ഈശ്വരന്മാർ കണ്ണടക്കുന്നത് കൊണ്ടല്ലേ...??? "


ദിവാകരൻ പത്രം മടക്കി മേശപ്പുറത്തു വെച്ചു.. 


" വിധി നിശ്ചയിക്കുന്നത് മനുഷ്യരല്ലല്ലോ കുഞ്ഞേ.. മനുഷ്യരുടെ കോടതിക്കും മുകളിൽ ആർക്കുമറിയാത്ത ആരും കാണാത്ത ഒരു കോടതിയുണ്ട്.. അവിടെ ശിക്ഷയനുഭവിക്കുമെല്ലാവരും..... അതിൽ നിന്നാർക്കും രക്ഷ നേടാൻ പറ്റില്ല......ഈ വക നികൃഷ്ട ജീവികളൊക്കെ അനുഭവിച്ചേ മരിക്കൂ.. നരകിച്ചേ മരിക്കൂ.. കേട്ടിട്ടില്ലേ പണ്ടൊരാൾ ഒരിക്കലും മരിക്കാതെയിരിക്കുവാനുള്ള വരം ചോദിച്ചു....ദൈവമതു സമ്മതിക്കുകയും ചെയ്തു.. എന്നിട്ടെന്തേ ഉണ്ടായേ... കാലങ്ങളോളം ഉറ്റവരും ഉടയവരും മരിച്ചതിനു ശേഷവും,, മാംസം വറ്റി തൊലി ചുളുങ്ങി, കാഴ്ചയും കേൾവിയും പോയ ശേഷവും അയാൾ മരിച്ചില്ല.. ഒടുവിൽ മരിക്കാൻ വേണ്ടി വീണ്ടും കഷ്ടപ്പെട്ട് ദൈവത്തെ വിളിക്കേണ്ടി വന്നുവെന്നാണ് കഥ.... ഈശ്വരന്റെ കണക്കു കൂട്ടലിനു മുന്നിൽ.. അല്ലെങ്കിൽ അതിനപ്പുറം ചിന്തിക്കാനൊന്നും നമുക്കാവില്ല സ്വാതി.. ന്തു സംഭവിക്കുമ്പോളും അതിനൊരു മറുവശം ഭഗവാൻ നിശ്ചയിച്ചിട്ടുണ്ടാവുമെന്ന് മനസ്സിനെ മനസ്സിലാക്കുക.. വിശ്വസിക്കുക.. ആയിരം അശ്വമേധയാഗങ്ങളും സത്യവും ദേവന്മാർ തൂക്കി നോക്കിയപ്പോൾ സത്യത്തിന്റെ തട്ട് തന്നെയാണ് താന്നിരുന്നത്.. അതോണ്ട് ഈശ്വരൻ സത്യത്തിനൊപ്പം എന്നുമുണ്ടാവും എന്നുള്ള കാര്യത്തിൽ നീ സംശയിക്കരുത്...."

ദിവാകരൻ മകളെ തലോടിക്കൊണ്ട് ഊണുമേശയിൽ നിന്നെഴുന്നേറ്റു ഹാളിലേക്ക് പോയി.. ഉറക്കച്ചടവിൽ കണ്ണ് തിരുമ്മിക്കൊണ്ട് തന്റെ മടിയിലിരുന്നു നെഞ്ചോടു ചാഞ്ഞുറങ്ങുന്ന കുഞ്ഞിന്റെ നെറുകയിൽ സ്വാതി ചുംബിച്ചു.. അവളെ ഇറുക്കി പിടിച്ചു.. ഒരിക്കൽ കൂടി തന്റെ ഗർഭപാത്രത്തിലവൾക്കായി ലോകമൊരുക്കാൻ, സുരക്ഷയൊരുക്കാൻ കഴിഞ്ഞെങ്കിലെന്നു സ്വാതി ആശിച്ചു.. പ്രാർത്ഥിച്ചു. 

              ***************



Rate this content
Log in

Similar malayalam story from Tragedy