STORYMIRROR

Subi gopi

Romance

3  

Subi gopi

Romance

യോഗം

യോഗം

6 mins
206

നടത്തം കുറച്ചധികമുണ്ട്... വേണമെങ്കിൽ ഒരു ഓട്ടോ വിളിക്കാവുന്നതാണ്... പക്ഷെ വേണ്ടായെന്നു വെച്ചു. പ്രായം നാല്പതിനോടടുത്തു.. കുറച്ചു വ്യായാമമൊക്കെ ചിലപ്പോൾ ആയുസ്സ് നീട്ടിയാലോ.. സുകുവേട്ടൻ അറിഞ്ഞാൽ ചീത്ത പറയും..

" ആർക്കുവേണ്ടിയാ നീയീ പിശുക്കുന്നത്... ആവശ്യത്തിനുള്ളത് നമ്മൾ സമ്പാദിക്കുന്നില്ലേ... ആസ്വദിച്ചു ജീവിക്കെന്റെ ഭാര്യേ.. ". പിശുക്കുന്നതല്ല... വിയർത്തു നേടിയത് ആവശ്യമില്ലാതെ കളയണോ... അല്ലേൽ തന്നെ ഈ വാഹനങ്ങളൊക്കെ വന്നിട്ട് എത്രായെന്നാ.. പണ്ട് msw പഠിക്കുന്ന കാലത്ത് കോളേജിൽ പോലും വന്നത് നടന്നിട്ടാണ്... പിന്നെയാണ് ഈ പ്രായത്തിൽ. ഹോസ്പിറ്റലിൽ എത്തി. ഒരു മിനിറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിട്ടില്ല.. 9.30.. കൃത്യനിഷ്ഠയും വാശികളിൽ ഒന്നാണ്!!


" ആഹ് എത്തിയല്ലോ... എന്റെ മാഡം ഇങ്ങള് എങ്ങനെയാണ് ഈ മാജിക്‌ കാണിക്കണത്.. "


ഉഷയുടെ സ്ഥിരം ചോദ്യമാണത്... ഉദ്ദേശിക്കുന്നത് തന്റെ 9.30 തെറ്റാതെയുള്ള വരവിനെയാണ് എന്നാലും വെറുതെ ചോദിച്ചു..


" എന്ത് മാജിക്‌...??? "


" ഇതന്നെ... ഇന്നേവരെ എന്റെ കണക്കിൽ ഇങ്ങള് വൈകി വന്നിട്ടില്ല.. നേരത്തെയും വന്നിട്ടില്ല... കറക്റ്റ് സമയം.. ആ മാജിക്‌ "


ഞാൻ ചിരിച്ചു..


" ശീലന്നെ ഉഷേച്ചി......,!!! എന്റെ റൂം കഴിഞ്ഞതാണോ " ഉഷ മോപ്പിംഗ് വടിയുടെ അറ്റത്തെ തുണി ശക്തമായി പിഴിഞ്ഞു. കൈവിരലുകളുടെ ഇടുക്കിലൂടെ അഴുക്കുവെള്ളം കൈത്തണ്ടയിലേക്കും ബക്കറ്റിലേക്കും ഗതിമാറി ഒഴുകി. കണ്ണുകൾ അത് ശ്രദ്ധിച്ചത് ഉഷ മനസ്സിലാക്കി കാണണം.


" ഈ കുന്ത്രാണ്ടം കേടാണ് മാഡം.. വെള്ളം പിഴിയണമെങ്കിൽ ഇങ്ങനെന്നേ പറ്റൂള്ളൂ. " ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.


" റൂം ഒന്നോടിച്ചൊന്നു തുടച്ചിട്ടുണ്ട്... അത്ര തന്നെ വേണ്ടീരുന്നുള്ളൂ.. മാഡത്തിന്റെ മുറിയിലാണ് എനിക്കു പണി കുറവ് "


കറുത്ത ചുണ്ടുകൾ അവർ കവിളറ്റം വരെ നീട്ടി. ഞാനാ മറുപടിയിൽ തൃപ്തയായിരുന്നില്ല.. ശരിയെന്ന മട്ടിൽ തോളിലെ ബാഗ് ഒന്നുക്കൂടെ നേരെയാക്കിയിട്ട് കോണിപ്പടികൾ കേറി..ലിഫ്റ്റ് സർവീസ് ഉണ്ട്... പക്ഷെ എന്തോ പണ്ടുമുതലേ അതിനുള്ളിൽ പോവുന്നത് പേടിയാണ്.. ഇതന്നെ ഭേദം.

തിരക്ക് തന്നെ..!!!  ആശുപത്രിയിൽ അതിനു കുറവില്ലല്ലോ.. കോണിപ്പടിയറ്റം ബ്ലോക്ക്‌ ബി. എന്റെ സാമ്രാജ്യം. താൽക്കാലികമാണ്.. അപ്പോൾ താൽക്കാലിക സാമ്രാജ്യം എന്നു വേണമെങ്കിൽ പറയാം. വിയർക്കുന്നുണ്ട്.. സാരിതലപ്പു കൊണ്ട് കഴുത്തു തുടച്ചു. ഡോർ ചാരിയിട്ടിരിക്കുകയാണ്.. തുറന്നു.. ഫിനോയിലിന്റെ രൂക്ഷമായ മണം. ഉഷ ചേച്ചിയോട് പണ്ടേ പറഞ്ഞിട്ടുള്ളതാണ്... ഇത്ര കണ്ടിത് ചേർക്കരുതെന്നു... ആര് കേൾക്കാൻ!!! അടിച്ചുവാരാതെയുള്ള തുടക്കലിന്റെ വൃത്തിയില്ലായ്മ അങ്ങനെ തന്നെയുണ്ട് റൂമിൽ. തോമസ് സാർ ഉള്ളപ്പോൾ ആയിരുന്നേൽ ഇതുമതി ഇന്നത്തേക്ക്!!! സൈക്കോളജിസ്റ് ആണെന്ന് പറഞ്ഞിട്ടെന്താ... ദേഷ്യന്നെ ദേഷ്യം!!


ഫോൺ റിങ് ചെയ്തു.


" മാഡം... ആ കുട്ടി നാളെ ഡിസ്ചാർജ് ആവുകയാണ്... മറ്റേ സൂയിസൈഡ്...!!! കൗൺസിലിംഗ് പറഞ്ഞിരുന്നല്ലോ "


" ആഹ് വരാൻ പറഞ്ഞോളൂട്ടോ " ഞാൻ ഫോൺ വെച്ചു. കൈത്തണ്ട മുറിച്ചു രണ്ട് ദിവസം മുൻപേ ഒരു 17 കാരിയെ അഡ്മിറ്റ് ആക്കിയിട്ടുണ്ടെന്നു അറിഞ്ഞിരുന്നതാ... സുകുവേട്ടന്റെ കാര്യങ്ങളുടെ തിരക്കിൽ കൂടുതൽ അന്വേഷിക്കാൻ വിട്ടു പോയി. തോമസ് സാറിന്റെ കേസ് ആണ്‌.. സാറില്ലാത്ത സ്ഥിതിക്ക് എനിക്കു വന്നതാണ്. അവര് വരുന്നതിനു മുൻപേ മുറിയിലെ വൃത്തിയില്ലായ്മ ഒന്നു കുറക്കട്ടെ.. ജനാലകൾ തുറന്നിട്ടു.. മേശയൊന്നൂടെയൊന്നു ഒതുക്കി.. എന്തൊക്കെയോ കാട്ടിക്കൂട്ടി.. ഉഷേച്ചി പറഞ്ഞ പണിക്കുറവ് നേരെന്നെയാ... ഇവിടിപ്പോൾ എന്താ അവര് ചെയ്തിരിക്കണേ.... നനഞ്ഞ തുണി കൊണ്ട് നാല് വര!!!! കുറച്ചടുപ്പം കാണിച്ചത് അബദ്ധം ആയീന്നു തോന്നി തുടങ്ങിയിരിക്കുന്നു..!!!


കഥകിൽ നാല് കൊട്ട്.


" കയറിക്കോട്ടെ... "


ഒരു ഉമ്മച്ചി കുട്ടിയാണ്... കൈത്തണ്ട വെളുത്ത തുണിയിൽ പൊതിഞ്ഞിട്ടുണ്ട്.. അതിൽ മരുന്നുകളുടെ കറ കാണാം.. ആളെ മനസ്സിലാക്കാൻ ആ അടയാളം തന്നെ ധാരാളം.


" അതിനെന്താ കേറി വരൂ.. മോള് ഒറ്റയ്ക്കെ ഉള്ളോ?? "


"ഇല്ല.. വാപ്പിച്ചി... "


അവൾ പറഞ്ഞുകൊണ്ട് പുറകിലേക്ക് നോക്കി.


ആമീൻ...!!!! മനസ്സ് അറിയാതെ പറഞ്ഞു...! അയാൾക്ക് എന്നെയും മനസ്സിലായിരിക്കുന്നു. മനസ്സ് ഒത്തിരി പുറകിലേക്ക് പോയി... ഒത്തിരിയൊത്തിരി പുറകിലേക്ക് .. വയസ്സ് എനിക്കും 17....!!! ഡിഗ്രിക്ക് പഠിക്കുമ്പോൾ കൂടെയുണ്ടായിരുന്ന 44 മുഖങ്ങളിൽ ഒന്ന് ആമീൻടേതാണ്.. അന്നു താടി ഇത്രയ്ക്കില്ല... വണ്ണവും ഇതിന്റെ പാതിയെ ഉള്ളൂ.. നിഷ്കളങ്കമായ മുഖവും ചിരിയും.. കണ്ണുകളും...!!! അന്നത്ര ശ്രദ്ധിച്ചിട്ടില്ല... പൊതുവേ നിശബ്ദനായിരുന്നു. ശ്രദ്ധിച്ചു തുടങ്ങിയത് അതിനു ശേഷമാണ്.. പഠിപ്പിന്റെ ഗുണം കൊണ്ട് ഡിഗ്രിക്ക് തോറ്റ വിഷയങ്ങൾ എണ്ണാൻ കയ്യിലെ വിരലുകൾ പോരാത്തൊരു കാലം.  കൂടെയുള്ളതിൽ പെണ്ണായിട്ട് ഞാൻ തന്നേ എഴുതി പാസ്സ് ആവാൻ നോക്കിയിരുന്നുള്ളൂ... അച്ഛനെ അത്രക്ക് പേടിയായിരുന്നു. പിന്നെ ആമീൻ ഉണ്ടായിരുന്നു... വിനീത്,... അലൻ...!!!.. അങ്ങനെയാരൊക്കെയോ....!!! ആമീനോട് അടുത്തത്.. അന്നും ഇന്നും അത്ഭുതം തന്നെയാണ്.. അത്രമാത്രം താനൊരിക്കലും സുകുവേട്ടനെ പോലും സ്നേഹിച്ചിരുന്നില്ല.... അല്ലെങ്കിൽ തന്നെ സുകുവേട്ടനെ താൻ സ്നേഹിച്ചിട്ടുണ്ടോ... മറുപടിക്ക് വേണ്ടി കൂടുതൽ ആലോചിക്കുന്നില്ല.. കാരണം അതിനുത്തരം ഒരിക്കലും ഉണ്ട് എന്നതിൽ ചെന്നു നിൽക്കില്ല. ലോകത്തിൽ താൻ താനായിരുന്നത് ആമീനോട്‌ മാത്രമാണ്... എന്തും സംസാരിക്കാമായിരുന്നു... എന്തിനെക്കുറിച്ചും സംസാരിക്കാമായിരുന്നു... ഒന്നും ആലോചിക്കേണ്ട... മറച്ചു വെക്കേണ്ട...


എന്ത് വിചാരിക്കുമെന്ന് കരുതേണ്ട... എന്നാലും ഒന്നിക്കാൻ ദൈവം വിധി തന്നില്ല. അല്ല.. കൂടുതൽ നീറാൻ ദൈവം അവസരമൊരുക്കിയില്ല. കുഞ്ഞി കണ്ണായിരുന്നു ആമീന്റേത്.. അതിൽ നിഷ്കളങ്കതയുടെ തിളക്കമാണ് താനെന്നും ശ്രദ്ധിച്ചത്. ഇന്നത് കണ്ണടയുടെ കറുത്ത ഫ്രയിം കൊണ്ട് മറച്ചിട്ടുണ്ട്.


തുടക്കത്തിൽ വെറുമൊരു സൗഹൃദം... കൂടുതൽ അടുത്തത് ഡിഗ്രിക്ക് ശേഷമാണ്... എപ്പോളോ ഒരിക്കൽ


" ധന്യേ.. നിനക്കെന്നോട്... എന്നെ ഇഷ്ടമാണോ??? " അതായിരുന്നു തുടക്കം. അച്ഛന്റെ മുഖമാണ് ഓർമ്മ വന്നത്...


"നീയെന്താ പറയുന്നത്.... ശേ... നീയെന്നെ അങ്ങനെയാണോ കാണുന്നത്... ഞാൻ നിന്നെ അടുത്തൊരു സുഹൃത്ത് എന്ന നിലയ്ക്കപ്പുറം മറ്റൊരു തരത്തിൽ കണ്ടിട്ടില്ല." നുണ... കണ്ണുവെട്ടിക്കാതെ മുഖത്തു നോക്കി പറഞ്ഞ കല്ലുവെച്ച നുണ. ഹൃദയമിടിപ്പ് പോലും ആമീൻ എന്നായിരുന്നു.. എങ്കിലും ഞാൻ നുണ പറഞ്ഞു.. പ്രേമബന്ധം അശ്ലീലമായി കാണുന്ന കാലഘട്ടത്തിൽ ആയിരുന്നു.. പോരാത്തതിന്


" ആൺകുട്ടികൾ പെണ്ണുങ്ങളെ കുടുക്കാൻ പല തന്ത്രവും പറയും.. ഇഷ്ട്മാണെന്നുവരെ പറയും. അത്‌ കേട്ട് മയങ്ങുന്ന പെണ്ണുങ്ങളെ ചീത്ത സ്ത്രീകളായെ അവര് പോലും കണക്കാക്കൂ.. മറിച്ചു പറഞ്ഞാലോ... അവരുടെ തന്ത്രങ്ങളിൽ വീഴുന്ന പെണ്ണല്ല എന്ന ബഹുമാനവും ഉണ്ടാകും "


അച്ഛമ്മ വേദം!!!!.


പിന്നീട് പാലക്കാട്ടുള്ള രേവതിയൊരിക്കൽ വീട്ടിൽ വന്നപ്പോൾ... അടുത്ത സുഹൃത്താണല്ലോ.. പറഞ്ഞുപോയി. അവളത് മനസ്സിൽ വെയ്ക്കുമെന്ന് കരുതി.. വിശ്വാസം തെറ്റി.. അവളത് അവനോട് നേരിട്ട് കളിയായി ചോദിച്ചു ... രേവതിയുടെ കല്യാണത്തിന് കണ്ടപ്പോൾ ആമീൻ ചോദിച്ചു..


" നിന്നെ ഞാനെപ്പോളാടി പ്രൊപ്പോസ് ചെയ്തത്... എന്നെപോലുള്ളവർ.. നിന്നെ പോലൊരു തൊലിഞ്ഞ പെണ്ണിനെ സ്നേഹിക്കുക എന്നൊക്കെ വേറെയാരെങ്കിലും അറിഞ്ഞാൽ എന്റെ ഗതിയെന്താണ്..??? അങ്ങനെ വല്ല സ്വപ്നവും കണ്ടിട്ടുണ്ടെൽ നീ ആള് ചില്ലറക്കാരിയല്ലല്ലോ.. " ഇതായിരുന്നു ചോദ്യം. മനസ്സ് ആഴത്തിൽ മുറിവേറ്റിരുന്നു. ആരോ കത്തിക്കൊണ്ട് തുരു തുരാ നെഞ്ചിൽ ഓങ്ങിയടിക്കുന്നുവെന്നു തോന്നി. 


" തമാശ പറഞ്ഞാൽ തമാശയായെടുക്കണം.. അല്ലാതെ നാട്ടുകാരെ അറിയിക്കുകയല്ല വേണ്ടത് " പറഞ്ഞു നിറുത്തിയതിൽ ഇതുകൂടെ ചേർത്താണ് അന്ന് ആമീൻ നടന്നു പോയത് . മറക്കാൻ ശ്രമിച്ചു.. കഴിഞ്ഞില്ല.... കാരണം തനിക്കറിയാവുന്ന... സ്നേഹിച്ചിരുന്ന ആമീന് അങ്ങനെയൊരു മുഖമുണ്ടെന്നു മനസ്സ് സമ്മതിക്കുന്നില്ലായിരുന്നു. 


രേവതിയോട് പിന്നെയൊന്നും പറഞ്ഞില്ല. അവളെ വിശ്വാസമില്ലാഞ്ഞിട്ടല്ല... എന്തോ കഴിഞ്ഞില്ല.. പക്ഷെ അവിചാരിതമായി ആമീനെ വീണ്ടും കണ്ടു!! മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി ജോലി തുടങ്ങിയ കാലത്ത് ടീം ലീഡർ ആമീൻ ആയത് വിധിയുടെ മറ്റൊരു നേരമ്പോക്ക്.. അന്ന്

ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടിയ രണ്ട് വ്യക്തികൾ അതിനപ്പുറമുള്ള പരിചയമൊന്നും ഇരുഭാഗത്തു നിന്നും ഉണ്ടായില്ല. ഒരിക്കൽ എന്നെ വിളിപ്പിച്ചു. ഞാൻ ഡോർ തുറന്നു അകത്തേക്ക് കയറി. മുന്നിലുള്ള കസേരയിലേക്ക് കൈ ചൂണ്ടി, ഇരിക്കുവാൻ പറഞ്ഞു.


" ദേഷ്യമാണോ?? "


" എന്തിനു....???? "


" എന്തിനെങ്കിലും...3 കൊല്ലം ഒരുമിച്ചു പഠിച്ചതിന്റെ യാതൊരു പരിചയവുമില്ലല്ലോ മുഖത്തു???? "


മറുപടി പറഞ്ഞില്ല...!


പിന്നെ എന്തൊക്കെയോ ചോദിച്ചുള്ളൊരു ഓർമ പുതുക്കൽ. വീട്ടുകാര്യവും നാട്ടുകാര്യവും.. ഒക്കെ പറഞ്ഞു.. മനസ്സ് ഒത്തിരി സന്തോഷിച്ചു.


" താനെങ്ങനെയാ പോവുന്നത്...??? "


" നടക്കും..!!!!"


" വീട് വരെയോ??? "


അതേയെന്നു ചിരിച്ചു.


" ഞാൻ കൊണ്ടുപോയി ആക്കട്ടെ ഇന്ന്.."


" വേണ്ട.... Thanks "


" വേണം... വേണം ധന്യേ... " കണ്ണുകളിലെവിടെയോ ഒരു കുറ്റബോധം തോന്നി. മറുത്തൊന്നും പറഞ്ഞില്ല.


എല്ലാം വീണ്ടും പഴയതുപോലെയായി... ആരും കാണാതെ സംസാരിക്കുന്നതിലും... കുത്തിക്കുറിച്ച പേപ്പറുകൾ കൈമാറുന്നതിലുമെല്ലാം തനിക്കും ആവേശമായിരുന്നു.. പരസ്പരം പറയാതെ സ്നേഹിക്കുന്നതിന്റെ സുഖം. നാല് വർഷങ്ങൾ കടന്നുപോയി... സന്തോഷത്തേക്കാൾ ആമീൻ സങ്കടപ്പെടുത്തിയിട്ടേയുള്ളൂ പലപ്പോളുമെന്നു തോന്നിയിട്ടുണ്ട്. അമീന്റെ ജീവിതത്തിൽ തന്റെ സ്ഥാനം എവിടെയാണെന്ന് പലപ്പോളും തലപ്പുകച്ചിട്ടുണ്ട്... ഒഴിഞ്ഞുമാറാൻ സമ്മതിച്ചിരുന്നില്ല. അകന്നുമാറാൻ ശ്രമിക്കുമ്പോളൊക്കെ കൂടുതൽ അടുപ്പിച്ചിട്ടേയുള്ളൂ അയാൾ... എന്നാൽ തന്നെക്കുറിച്ച് യാതൊരു തരത്തിലും ബോധവാനായിരുന്നതായും തോന്നിയില്ല. ഒരിക്കൽ ഓമനിച്ചു വളർത്തിയ പൂച്ചക്കുട്ടി മരിച്ച സങ്കടം ഓടിച്ചെന്നു പറഞ്ഞു.


" തന്റെ പേർസണൽ കാര്യങ്ങൾ ചർച്ച ചെയ്യാനല്ല ഞാനിവിടെയിരിക്കുന്നത്... തന്ന സ്വാതന്ത്ര്യം മുതലെടുക്കരുത്. " നിറഞ്ഞ കണ്ണുകളോടെ കാബിനിൽ നിന്നിറങ്ങുമ്പോൾ നെഞ്ച് വിങ്ങുകയായിരുന്നു. എന്നാൽ അതേ ദിവസം ഉച്ചയ്ക്ക് കാബിനിൽ ഒരു ബിരിയാണി പാർസൽ എത്തി. കഴിക്കാതെ മടക്കിയപ്പോൾ നിർബന്ധിച്ചു കഴുപ്പിച്ചതും ആമീൻ തന്നെയായിരുന്നു.  


ആമീൻ ആഗ്രഹിക്കുമ്പോൾ മാത്രം കൂടെ വേണം.  രേവതിയോട് ഒരിക്കൽ കത്തിൽ സൂചിപ്പിച്ചപ്പോൾ " സൂക്ഷിക്കുക... ആണുങ്ങൾക്ക് ചിലപ്പോൾ എല്ലാമൊരു നേരമ്പോക്കാണ്.. " എന്നായിരുന്നു മറുപടി.

ആ മറുപടിയിലും താൻ തൃപ്തിപ്പെട്ടില്ല..കാരണം അറിയില്ല.... മനസ്സുകൊണ്ടടുത്തുപോയത് കൊണ്ട് തന്റെ ശരീരത്തെ അയാളൊരിക്കലും മുതലെടുത്തിരുന്നില്ല.. അത്‌ തന്നെയായിരിക്കണം പ്രധാന കാരണം. റമദാൻ നോമ്പിനു മുൻപ് പറ്റുന്നത്ര സമയം കൂടെയിരിക്കും... സംസാരിക്കും ... കാരണമുണ്ടാക്കി സംസാരിക്കും.. നോമ്പ് തുടങ്ങിയാൽ താനൊഴികെ ഓഫീസിലുള്ളവരോട് മുഴുവൻ സംസാരിക്കും... തന്നെയെത്രകണ്ടു അവഗണിക്കാമോ.. അത്രയും അവഗണിക്കും.. നോമ്പ് തീരുന്ന അന്ന് ഒന്നും സംഭവിക്കാത്ത പോലെ ഹോസ്റ്റൽ ഗേറ്റ് ന്റെ പുറത്ത് കാറിലുണ്ടാവും.. ഇറങ്ങിചെല്ലുന്നത് വരെ കാറിന്റെ ഹോൺ ചെവിതല കേൾപ്പിക്കില്ല. അതിനെ ചൊല്ലി വാർഡൻ ചീത്ത പറഞ്ഞതിന് കയ്യും കണക്കുമില്ല... എന്തുകൊണ്ടോ അവരത് വീട്ടിലറിയിച്ചിട്ടില്ല ഒരിക്കലും. ഒരുപക്ഷെ പരിഷ്കാരം കുറഞ്ഞ ഹോസ്റ്റല് ഉപേക്ഷിച്ചു മറ്റെവിടേക്കെങ്കിലും താൻ പോയാലോ എന്നു കരുതിയിട്ടാവും.. അന്തേവാസികൾ മറ്റു ഹോസ്റ്റലുകളെ അപേക്ഷിച്ചു നന്നേ കുറവായിരുന്നു അവിടെ.


ചീത്ത കേട്ട് ഗതികെട്ട് ഇറങ്ങിചെല്ലുമ്പോൾ ചിരിച്ചുകൊണ്ട് മുന്നിലുണ്ടാവും.. കാറിൽ നിന്ന് എവിടെ നിന്നൊക്കെയോ വാങ്ങിയ പലഹാരങ്ങൾ എടുത്തു നീട്ടും.. ഒരിക്കൽ വാങ്ങാൻ കൂട്ടാക്കിയില്ല... സങ്കടവും ദേഷ്യവും കൊണ്ട് കണ്ണും നെഞ്ചും പുകയുന്നുണ്ടായിരുന്നു...


" നോമ്പായിരുന്നില്ലേ.... അതല്ലേ ഞാൻ.. പോട്ടെ... നാളെ ഞാൻ വരാം വിളിക്കാൻ.. നമുക്ക് ഒരുമിച്ചു പോവാം ഓഫീസിലേക്ക് "


"എന്തിനു....???"


" വാശിയാണോ...??? "


ഞാൻ മിണ്ടിയില്ല...


" ഞാനല്ലേ ധന്യേ.....??? "


തേനൂറും ആ വിളിയിൽ... സകല സങ്കടവും അമർഷവും അണപൊട്ടിയൊഴുകും.. എന്തിനു വേണ്ടി ഇയാൾ തന്നെയിങ്ങനെ ശിക്ഷിക്കുന്നുവെന്നു പലപ്പോളും ചിന്തിച്ചിട്ടുണ്ട്... ഉത്തരം കിട്ടിയിട്ടില്ല... അന്നും പിന്നീടൊരിക്കലും. 


താനായിട്ടൊരിക്കലും ഇഷ്ടം പറയില്ല എന്നത് വാശി തന്നെയായിരുന്നു.. വാശിയേക്കാളേറെ പേടിയായിരുന്നെന്നു പറഞ്ഞാലും തെറ്റില്ല... ആ വാശിയിലും പേടിയിലും വർഷങ്ങൾ വീണ്ടും പോയി.. 2 കൊല്ലം.. വീട്ടിൽ നിന്ന് വന്നിരുന്ന കല്ല്യാണലോചനകളൊക്കെ എന്തൊക്കെയോ പറഞ്ഞൊഴുവാക്കി..ആമീന്റെ സ്വഭാവത്തിനോട് പതിയെ പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു.. എല്ലാം തന്റെ അമിത പ്രതീക്ഷകൊണ്ട് തോന്നുന്നതാണ് എന്നു സ്വയം പറഞ്ഞു പഠിപ്പിച്ചു...


ഒരിക്കൽ പതിവ് പോലെ കാബിനിലേക്ക് വിളിപ്പിച്ചു...


" ഒരു സർപ്രൈസ് ഉണ്ട്... "


" എന്താണാവോ.... "


മേശ വലിപ്പിൽ നിന്നൊരു കവർ എടുത്തു തന്നു...


AMEEN WEDS FOUSIYA.


" വല്ല്യ കാര്യമായൊന്നും നടത്തണില്ല... നിക്കാഹ് കഴിഞ്ഞതാ... ഇത് പരിചയക്കാർക്ക് വേണ്ടി JUST ഒരു റിസപ്ഷൻ... കോളേജ് മുഴുവൻ ഉണ്ട്... ഇവിടെ ആദ്യത്തെ ഇൻവിറ്റേഷൻ നിനക്കാണ്... ഒരു എസ്ക്യൂസും പറയണ്ട വരണം. എന്നാൽ ശരി ചെല്ല്... എനിക്കൊരു മീറ്റിംഗ് ഉണ്ട്.. " ഒന്നും പറയാതെ ആമീൻ മുറിയിൽ നിന്ന് പുറത്തു പോയി... മരവിപ്പായിരുന്നു ആകെ.. എന്തു പറഞ്ഞു കരയണമെന്ന് പോലുമറിയാത്ത അവസ്ഥ..


പടച്ചവനെ.... നീയെന്തിനു എന്നോടിത് ചെയ്തെന്നു ചങ്ക് തകർന്നു ഏങ്ങി..... അന്നത്തെ ആ പിടപ്പ് ഇന്നും നെഞ്ചിനുള്ളിൽ വിങ്ങുന്നുണ്ട്... ഒന്നും പറയാതെ resignation ഇട്ടിട്ട് ഇറങ്ങി... ആമീൻ ഹോസ്റ്റലിൽ വന്നു കാരണം തിരക്കിയാൽ പറയാനുള്ള പ്രസംഗം വരെ തയ്യാറാക്കി വെച്ചു. പക്ഷെ വന്നില്ല... തിരികെ നാട്ടിലേക്ക് വന്നത് ചത്ത മനസ്സ് മാത്രമായാണ്... എന്ത് ലാഭമവനു കിട്ടി.. ഒരുതരത്തിലും താൻ ദ്രോഹിക്കാത്തൊരാൾക്ക് എങ്ങനെ തന്നോടിങ്ങനെ ദ്രോഹം ചെയ്യാനാവും എന്നൊക്കെ കരഞ്ഞിട്ടുണ്ട്.. അന്നും പക്ഷെ ശപിച്ചിരുന്നില്ല.. ഒരു പോറല് പോലും ഏൽക്കല്ലേ എന്നു നേർന്നിട്ടേയുള്ളൂ. ആ ആളുടെ മകളാണ് കാലങ്ങൾക്കിപ്പുറം തന്റെ സഹായത്തിനായി തുന്നിക്കെട്ടിയ കൈത്തണ്ടയായി മുന്നിൽ നിൽക്കുന്നത്...


ഞാൻ കുഞ്ഞിനോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി . ആദ്യമായി തോന്നിയ പ്രണയം നിരസിച്ചതിന്റെ വേദനയാണ് അവളുടെ ഞെരമ്പുകൾക്ക് വിലയില്ലെന്നു അവൾക്ക് തോന്നിപ്പിച്ചത്.. ആമീന്റെ കണ്ണുകൾ കരയാതിരിക്കാൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു....


എന്റെ മറുപടിയുടെ നേരമായി... എന്ത് പറയും... എന്തെങ്കിലും പറഞ്ഞു പര്യവസാനിപ്പിക്കണ്ടേ... ഒന്നെങ്കിൽ ഉള്ളിൽ പണ്ടുണ്ടായിരുന്ന അമർഷവും സങ്കടവും പൊടി തട്ടിയെടുക്കാം... അല്ലെങ്കിൽ പേരിനെന്തെങ്കിലും പറഞ്ഞൊഴുവാക്കാം... ഞാനവളുടെ കണ്ണുകളിൽ കുറച്ചു നേരം നോക്കി നിന്നു... നെറുകയിൽ തലോടി...


" നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ കുഞ്ഞേ... "


അവളുടെ കണ്ണുകൾ നിറഞ്ഞു....


" അതേ... എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട... എനിക്കെന്റെ വാപ്പച്ചിയെ പോലൊരാൾ വരും... "


ഞാൻ ചിരിച്ചു.. ആമീന്റെ നോട്ടത്തിനു എന്തൊക്കെയോ അർഥങ്ങൾ...നിസഹായത... കുറ്റബോധം.. പശ്ചാത്താപം... അങ്ങനെയങ്ങനെ...


യാത്ര പറഞ്ഞാ മോള് പുറത്തേക്കിറങ്ങി.....


" പേരെന്തായിരുന്നു.... ആന്റി മറന്നു... "


" ധന്യ... " അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.


ഞാൻ ഞെട്ടലോടെ ആമീനെ നോക്കി...


പിടിച്ചുവെച്ച കണ്ണുനീർ കണ്തടം കവിഞ്ഞൊഴുകി...


" പോട്ടെ..... " ആമീൻ ചിരിക്കാൻ ശ്രമിച്ചു.


ഞാനൊന്നും പറഞ്ഞില്ല... ഫോൺ ബെല്ലടിച്ചു സുകുവേട്ടനാണ്.....ഞാൻ ആമീനെ നോക്കി. 


" ഭർത്താവ്...???? "


" ഉം....... "


നെടുവീർപ്പോടെയെന്നെ നോക്കിയിട്ട് ആമീൻ നടന്നു മറഞ്ഞു.



Rate this content
Log in

Similar malayalam story from Romance