ഇന്നൊന്നിച്ചുറങ്ങാം
ഇന്നൊന്നിച്ചുറങ്ങാം
ഇങ്ങനെ കിടന്നിട്ടെത്രയോ നാളുകളായിരിക്കുന്നു...
അമ്മയുടെയുമച്ഛന്റെയും ഇടയിൽ കിടക്കണമെന്ന് എത്രയോ നാളുകാളായ് കൊതിക്കുന്നു.. അവരുടെ ഇടയിൽ കിടന്നുറങ്ങിയ നാളുകൾ മറവി കട്ടെടുത്തിരിക്കുന്നു..
സ്ഥിരം അവരുടെ കണ്ണിന്നു പൊഴിയുന്ന കണ്ണുനീര് എന്തിനെന്നറിയാതിരിക്കുവാനാകും അവനെ അടുത്ത മുറിയിലെ ഏകാന്തത സമ്മാനിച്ചതവർ... കിടക്കയ്ക്കരികിലെ ആ കറങ്ങുന്ന ലൈറ്റ് എത്രയോ രാത്രികൾ പേടി കൊണ്ട് അവന്റെ ഉറക്കം കളഞ്ഞിരിക്കുന്നു...
അപ്പോഴെല്ലാം അമ്മയുടെയും അച്ഛന്റെയും പതുങ്ങിയുള്ള ശബ്ദം കേൾക്കാം...
കട്ടിലിൽ മൂന്നാൾക്ക് കിടക്കാൻ സ്ഥലമില്ലെന്നു പറഞ്ഞതു കൊണ്ട് മാത്രമാ ഇന്ന് അവൻ അച്ഛനെക്കൊണ്ട് നല്ല വീതിയുള്ള ഒരു പായ വാങ്ങിയത്... ഇതിൽ മൂന്നാൾക്ക് നന്നായി കിടക്കാം...
അകത്ത് സ്ഥലം ഇല്ലാത്തോണ്ട് നീണ്ട വരാന്തയില് അവർ മൂന്നുപേരും കൂടി കിടക്കുവാ...
അല്ല നാലുപേര്...
അവൻ തലയെടുത്ത് അമ്മയുടെ വയറിൽ ചേർത്തു വച്ചു ശ്രദ്ധിച്ചു...
"അച്ഛാ അച്ഛൻ അല്ലേ എപ്പഴും പറയുന്നത് വാവ അനങ്ങുന്നു ചവിട്ടുന്നു എന്നൊക്കെ.... ഞാനിപ്പൊ ചെവിവച്ചപ്പൊഴും ഒന്നും കേട്ടില്ല.
അച്ഛൻ പറയുമ്പോലെ എന്നോട് ഇഷ്ടമില്ലാത്തോണ്ടാണാ ?"
"എന്ത് തണുപ്പാ ഇവിടൊക്കെ...
നിങ്ങൾ രണ്ടു പേരും പുതപ്പ് എടുത്ത് എന്നോട് എടുക്കാൻ പറഞ്ഞില്ലാല്ലോ...
നിങ്ങൾ കിടക്ക് ഞാൻ പോയി പുതപ്പെടുത്തോണ്ട് വരാം.."
അവൻ ഓടിപ്പോയി അലമാര തുറന്ന് ഏറ്റവും വലതു നോക്കി അവനിഷ്ടമുള്ള കുറേ ചുവന്ന റോസാപ്പൂക്കളുള്ള ആ മൂടപ്പുതപ്പ് എടുത്തു കൊണ്ടു വന്ന് അമ്മയ്ക്കും അച്ഛനും നന്നായി മൂടിക്കൊടുത്തു... പുതപ്പിന്റെ തുമ്പുകളെടുത്ത് അവരുടെ കാലൊന്നും കാണാത്ത വിധം മൂടി...
എന്നീട് താഴെ നിന്ന് അവർക്കിടയിലേയ്ക്ക് അച്ഛനെപ്പൊഴും പറയുന്ന പോലെ വാവയ്ക്ക് ഒന്നും പറ്റാതെ നോക്കി ഇടയിൽ കിടന്നു...
അവന് തണുപ്പു മാറുന്നില്ല... രണ്ടാളെയും കൂടുതൽ കെട്ടിപ്പിടിച്ചു കിടന്നു....
എന്നിട്ട് അവൻ ചിന്തിച്ചു. ഇന്നന്നലെയും എന്നെ ആ കറങ്ങണ ലൈറ്റ് പേടിപ്പെടുത്തി... പക്ഷെ ഇന്നലെ അച്ഛനും അമ്മയും സംസാരിക്കുന്നത് കേട്ടില്ല...
അവൻ എഴുന്നേറ്റ് നേരം വെളുത്തോ എന്ന് ചുറ്റും നോക്കി ... ഏതാണ്ട് വെളുക്കാറായി... കറണ്ടില്ലാത്തോണ്ടാവും ഇന്നലെ കത്തിച്ചുവെച്ച വിളക്ക് എണ്ണ തീർന്ന് അണയാറായിരിക്കുന്നു... കൊതുകു കടിക്കാതിരിക്കാനാകും കത്തിച്ചു വച്ചിരുന്നു ആ ശാമ്പ്രാണിത്തിരിയെ തീ വിഴുങ്ങിത്തീരാറായിരിക്കുന്നു...
ഇന്ന് ഞങ്ങളെ ഈ വീട്ടീന്ന് ഇറക്കിവിടുമെന്നു പറഞ്ഞ ചെട്ടിയാര് പുറത്തു വന്നു നില്പുണ്ട്...
"അച്ഛനും അമ്മയും ഉണർന്നാൽ ഞങ്ങളെ ഇറക്കിവിടുമായിരിക്കും...
ഇല്ലായിരിക്കും.. ഇന്ന് എന്നത്തെ ദേഷ്യം ആ മുഖത്തില്ല..."
അവൻ പെട്ടെന്ന് എഴുന്നേറ്റ് കാറിൽ വന്നിറങ്ങിയ ചെറിയമ്മയേയും ചെറിയച്ഛനേയും നോക്കി..
അവരോട് ഇത്തിരി പണം ചോദിച്ചോണ്ട് ഇനി ഈ പടി കയറില്ലെന്ന് പറഞ്ഞ് പോയതാ...
അവനോടിപ്പോയി ചെറിയച്ഛനോടു പറഞ്ഞു...
" ചെറിയച്ഛാ അമ്മയും അച്ഛനും ഉണർന്നിട്ടില്ല.. നമുക്ക് പണ്ടത്തെപോലെ അവരെ പേടിപ്പിച്ച് ഉണർത്തിയാലോ..."
ഒന്നും പറയുവാൻ വാക്കില്ലായിരുന്നതിനാലാകും അവനെ എടുത്ത് തോളിൽ കിടത്തി അവന്റെ തോളിൽ തട്ടിയത്... ഒന്നും മനസ്സിലാകാത്ത പോലെ അവൻ തോളിൽ കിടന്ന് ബാക്കി ഉറക്കമുണ്ടോ എന്ന് കണ്ണുകളടച്ച് തപ്പി...
എന്തോ നനവ് കുറുക്കിൽ പറ്റിയെന്ന് തോന്നി അവൻ എഴുന്നേറ്റു നോക്കുമ്പോൾ അവന്റെ ചെറിയച്ഛന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു... വരാന്തയുടെ വലത്തേ മൂലയിൽ അമ്മുമ്മ ഇരുന്നു കരയുന്നു...
ആരോ അവൻ അമ്മയേയും അച്ഛനേയും പുതപ്പിച്ച ആ റോസാപൂക്കളുള്ള പുതപ്പു മാറ്റി... അവർ രണ്ടു പേരും ഒരു പോലുള്ള വെള്ള പുതപ്പു മൂടിയിരിക്കുന്നു... ഒരുങ്ങാൻ ഇഷ്ടമില്ലാത്ത അമ്മയുടെ മുഖത്ത് നിറയെ പൗഡറിട്ടിക്കണ കണ്ട് ചിരി വന്ന അവൻ ചെറിയച്ഛന്റെ കൈയിൽ നിന്നിറങ്ങി അവരുടെ മുഖത്തെ പൗഡർ തുടച്ചു കൊടുത്തു..
ഒരിക്കൽ കൂടി അമ്മയുടെ വയറ്റിൽ ചെവി വച്ചു.. ഇപ്പഴും അവന് മാത്രം ഒരു ശബ്ദവും കേട്ടില്ല...
പക്ഷെ അമ്മുമ്മയുടെ കൈയിൽ, ചെടിയ്ക്കടിയ്ക്കുന്ന മരുന്നാണ് എന്ന് പറഞ്ഞ് മുമ്പ് അച്ഛൻ വാങ്ങി വച്ച ആ കുപ്പി ഇരുപ്പുണ്ട്... മുമ്പ് അതിൽ നിറയെ മരുന്നായിരുന്നു.. ഇപ്പൊ അതിൽ ഒരു തുള്ളി പോലും ഇല്ല...
