വൈഗ വസുദേവ്

Tragedy Children

4  

വൈഗ വസുദേവ്

Tragedy Children

ഭ്രാന്ത്

ഭ്രാന്ത്

3 mins
166


മാളൂൻ്റെ ഇരിപ്പു കണ്ടിട്ട് സുജാമ്മയ്ക്ക് സഹിച്ചില്ല. കുറെനേരം ആയി ഒരേ ഇരിപ്പ്. നോട്ടം ഒരിടത്തും ഉറയ്ക്കാത്ത പോലെ.


" ഈശ്വരാ .. എന്താവും എൻ്റെ കുട്ടിയെ വീണ്ടും അലട്ടുന്നത്? ൻ്റെ ദേവി ൻ്റെ കുട്ടിയെ പരീക്ഷിച്ചു നിനക്കു മതിയായില്ലെ...! ൻ്റെ കുട്ടി നരകിക്കണത് കാണാനാണോ നീ എന്നെ ഇട്ടിരിക്കുന്നത്? എൻ്റെ ദേവീ... ഒരമ്മയുടെ മനസ്സല്ലേ...? തെറ്റാണു പറഞ്ഞെങ്കിൽ പൊറുക്കണേ ..." സുജാമ്മ നിറഞ്ഞ കണ്ണുകൾ സാരിയുടെ മുന്താണി കൊണ്ട് തുടച്ചു.


"മാളൂ... മോളേ..." സുജാമ്മ വിളിച്ചത് മാളു അറിഞ്ഞില്ല.

സുജാമ്മ അടുത്തു ചെന്നു.

"മാളൂ...മോളേ...എന്തിരിപ്പാ ഇത്? എണീക്ക് ...വാ, അമ്മ ചായ എടുത്തു."

നിർവ്വികാരമായി മാളു സുജാമ്മയുടെ മുഖത്തു നോക്കി 

" വാ, അമ്മ ചായയെടുത്തു."

ഒരക്ഷരം പോലും മിണ്ടാതെ മാളു സുജാമ്മയ്ക്കൊപ്പം നടന്നു.


ചായ കുടിച്ചെണീറ്റ മാളുവിന് ഗുളിക എടുത്തു കൊടുക്കുമ്പോൾ സുജാമ്മ മാളുവിൻ്റെ മുഖം ശ്രദ്ധിച്ചു... വല്ലാത്ത ഭാവം, തന്നെപ്പോലും കണ്ടിട്ടില്ലാത്ത ഭാവത്തിൽ ആണ്.


യാതൊരു ഏതിർപ്പും പറയാതെ ഗുളിക കഴിച്ചു. സുജാമ്മയ്ക്ക് സമാധാനമായി. സാധാരണ ഇങ്ങനെയുള്ള സമയത്ത് ഗുളിക കഴിക്കില്ല.

കയ്യിൽ പിടിച്ചോണ്ടിരിക്കും.


അവളെ മുറിയിൽ കൊണ്ടു ചെന്നു കിടത്തി.

" ഒന്നു ഉറങ്ങ്. അമ്മ ഇപ്പോൾ വരാം."


മാളു സുജാമ്മയുടെ കണ്ണിലേയ്ക്ക് തന്നെ നോക്കാൻ ശ്രമിച്ചു. പക്ഷെ സാധിച്ചില്ല. കൺപോളകൾക്ക് ഭാരം... പതിയെ പതിയെ അവൾ ഉറക്കത്തിലേയ്ക്ക് ...


മാളുവിൻ്റെ ദേഹത്ത് പുതപ്പെടുത്ത് ഇട്ടു. കതകു ചാരി. സുജാമ്മ പുറത്തിറങ്ങി.


രണ്ടു വർഷം മുമ്പുവരെ എത്ര സന്തോഷമായി കഴിഞ്ഞ വീടാണ്. കളിയും ചിരിയും പാട്ടും ഒക്കെയായി. മറ്റുള്ളവർക്ക് കുശുമ്പു തോന്നുന്ന ജീവിതം. യു.പി.സ്കൂൾ അദ്ധ്യാപകൻ്റെ ചെറിയ വരുമാനത്തിൽ സന്തോഷത്തോടെ കഴിഞ്ഞ വീട്. ഇപ്പോൾ മരണവീടിൻ്റെ പ്രതീതി. 


സുജാമ്മ മുറിയുടെ മുന്നിൽ അവൾക്ക് കാവലെന്നോണം ഇരുന്നു. കഴിഞ്ഞതിൻ്റെ മുന്നത്തെ ഓണത്തിന് ഡ്രസ് എടുക്കാൻ പോയതാണ്.

ഓർമ്മകൾക്ക് കടിഞ്ഞാണിടാൻ സുജാമ്മയ്ക്കായില്ല. 


" അമ്മേ...അച്ഛൻ എന്നാ താമസിക്കുന്നത്..?" മാളു അക്ഷമയായി.

" എടാ നീ ഒന്നു വിളിച്ചേ... അച്ഛൻ എവിടെത്തി എന്നറിയാലോ...?" മാളു സജീവനോട് വിളിച്ചു പറഞ്ഞു.

" വരും എന്നു പറഞ്ഞാൽ വരും. നീ ബഹളം വയ്ക്കേണ്ട..."

" ഓ... നിന്നോടു പറഞ്ഞ എന്നെ വേണം തല്ലാൻ."


മാളു പിന്നെയും എന്തൊക്കയൊ തന്നത്താൻ പറഞ്ഞു.

" അമ്മേ. അമ്മയൊന്നു വിളിച്ചേ..."

" എൻ്റെ മാളു, വരാന്നു പറഞ്ഞ സമയം ആകുന്നതല്ലേ ഉള്ളൂ..."

" വേണ്ട, ആരും വിളിക്കേണ്ട. എനിക്കറിയാം ..."


മാളു ഫോൺ എടുത്തതും കയ്യിലിരുന്ന് ഫോൺ ബെല്ലടിക്കാൻ തുടങ്ങി.

" അമ്മേ... അച്ഛൻ വിളിക്കുന്നു."

" ഹലോ... അച്ഛാ... എപ്പോൾ വരും?"

" നിങ്ങൾ റെഡിയായി നിന്നോ, ഞാൻ ഇപ്പോൾ എത്തും." കോൾ കട്ടായി.

" എടാ വേഗം റെഡിയാവ്... അച്ഛൻ ഇപ്പോൾ എത്തും..." 


" ഞാൻ എപ്പോളെ റെഡി..." സജീവ് അവളുടെ മുന്നിലെത്തി.

" ഇതെന്തു കോലം...? മുടി നന്നായി ചീകിവെക്ക്."

" എൻ്റെ തല, എൻ്റെ മുടി, എൻ്റെ ഇഷ്ടം. നീ ഇടപെടേണ്ട."

"അമ്മേ, നോക്ക് ഇവൻ്റെ കോലം..."


" എന്താ മാളൂ...? അവൻ അവൻ്റെ ഇഷ്ടത്തിനു ചീകിവെയ്ക്കട്ടെ..."

" അമ്മയാ ഇവനെ വഷളാക്കുന്നത് ..."

ഈ ബഹളത്തിനിടയിൽ കാറിന്റെ ശബ്ദം കേട്ടില്ല.മുറ്റത്ത് വന്നു കഴിഞ്ഞാണ് മാളു കണ്ടത്...


" ആഹാ, റെഡിയായില്ലേ രണ്ടുപേരും?" കാറിൽ നിന്നും ഇറങ്ങുന്നതിനിടയിൽ ബാബു ചോദിച്ചു.

" മോളേ, ഇത് അമ്മേടെ കയ്യിൽ കൊടുക്ക്." 

ബാബുസാർ ഒന്നുരണ്ടു കവരുകൾ മാളുവിൻ്റെ കയ്യിൽ കൊടുത്തു. അവൾ അതു വാങ്ങി സുജാമ്മയുടെ കയ്യിൽ കൊടുത്തു.


" ങും... മനസ്സിലായി... അമ്മയ്ക്കുള്ള ഓണക്കോടി..." 

സുജാമ്മയ്ക്കറിയാം ഇത് തനിക്കുള്ള ഓണക്കോടിയാണെന്ന്. ഇത്രയും വർഷമായിട്ടും ഒരിക്കൽ പോലും കൂടെ പോയിട്ടില്ല ഓണക്കോടിഎടുക്കാൻ. എന്നാലും തനിക്കിഷ്ടപ്പെടുന്നതേ വാങ്ങൂ.


"സുജേ, വേഗം വരാം. വിശക്കുന്നുണ്ട്...വന്നിട്ടു കഴിയ്ക്കാം... " ബാബുസാർ പറഞ്ഞു.

കാർ കണ്ണിൽ നിന്നും മറയും വരെ സുജ അവിടെ നിന്നു.


°°°°°°  °°°°°°°°  °°°°°°°°  °°°°°°°°


"അച്ഛാ, ഞാൻ ഓടിക്കാം..." മാളു പറഞ്ഞു.

"വേണ്ട, ഇന്ന് നല്ല തിരക്കല്ലേ...? തിരക്കില്ലാത്തപ്പോൾ ഓടിച്ചാൽ മതി..." 

"പ്ലീസ്... അച്ഛാ..." മാളു ചിണുങ്ങി... 

"വേണ്ടച്ഛാ. അവൾ ഓടിക്കേണ്ട, അച്ഛൻ ഓടിച്ചാ മതി..." സജീവ് പറഞ്ഞു.

" പോടാ..." മാളു സജീവിനെ ഗോഷ്ടി കാട്ടി.


" നിനക്കിട്ടു ഞാൻ വെച്ചിട്ടുണ്ട് ...വീട്ടിൽ ചെല്ലട്ടെ. " 

" അച്ഛാ, ഞാൻ ഓടിക്കട്ടെ..."

" ശരി. സൂക്ഷിച്ചു ഓടിക്കണം കേട്ടോ...?"

മാളു തലയാട്ടി.


മാളൂ സൂക്ഷിച്ചു ഓടിച്ചു...

" അച്ഛാ ...നാളെ നമുക്ക് ഫിലിം കാണാൻ പോകാം." സജീവ് പറഞ്ഞു.

" വേണ്ടച്ഛാ, നമുക്ക് അമ്മവീട്ടിൽ പോകാം ..." മാളു പറഞ്ഞു.

" വേണ്ട ഫിലിം മതീ," അരിശം വന്ന സജീവ് മാളൂൻ്റെ തലയ്ക്കിട്ട് കൊട്ടി.

മാളൂന് നന്നായി വേദനിച്ചു.


"എടാ..." എന്നും വിളിച്ച് സജീവിൻ്റെ നേരെ തിരിഞ്ഞതും എതിരെ വന്ന ടോറസുമായി ഇടിച്ചതും ഒരുമിച്ച്. 


ഒരു നിമിഷത്തെ അശ്രദ്ധ. അച്ഛനും മോനും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. മാളു രക്ഷപെട്ടെങ്കിലും ആ ആക്സിഡന്റ് അവളുടെ മാനസിക നില തകർത്തിരുന്നു.


ഒരു വർഷത്തോളം മെൻ്റൽ ഹോസ്പിറ്റലിൽ. പൂർണമായും ഭേദമായില്ല. മരുന്ന് മുടങ്ങാതെ കൊടുക്കണം. ഇല്ലെങ്കിൽ... മൗനമായുള്ള ഇരിപ്പും പതറിയ നോട്ടവും കാണുമ്പോഴേ അറിയാം, മാനസിക നില തെറ്റിയെന്ന് ... 


സുജാമ്മ കതക് പതിയെ തുറന്നു. തൽക്കാലം ശാന്തമാണ്. എണീക്കുമ്പോൾ എന്താവും കാട്ടിക്കൂട്ടുക. സുജാമ്മ നെഞ്ചുരുകി പ്രാർത്ഥിച്ചു.


കതകു പുറത്തു നിന്നും പൂട്ടി. ഉണരാൻ സമയമായി. 

"ആ... അയ്യോ..." ഒരു അലർച്ച.

"ഓടിവായോ..."

പൊട്ടിച്ചിരിയും തുടങ്ങി...


ഇനി അച്ഛനും സജീവും മാളുവും മാത്രമുള്ള ലോകം. മാളുവിൻ്റെ ലോകം. 

"എടാ വഴക്കുണ്ടാക്കാതെ...അച്ഛാ ...ഇവൻ വഴക്കാണേ..."

"ഞാൻ ഓടിച്ചോളാം..."

"വേണ്ട എനിക്കോടിക്കണം..."

"അയ്യോ... ഓടിവായോ..."

"എന്നെയും കൊണ്ടുപോ... ഞാനും വരുന്നൂ..."

ഭ്രാന്തെടുത്ത് മാളു പറയുന്നതെല്ലാം കേട്ടുകൊണ്ട് കരയാൻ മാത്രമേ സുജാമ്മയ്ക്കായുള്ളൂ.


Rate this content
Log in

Similar malayalam story from Tragedy