Saleena Salaudeen

Others

2.2  

Saleena Salaudeen

Others

ലിംഫോമ

ലിംഫോമ

6 mins
192



ക്രിസ്റ്റിയും അനിതയും ഒരുമിച്ചു പഠിച്ചവരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരുമാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതലേ പ്രണയിച്ചു നടന്ന അവർ ജോലി കിട്ടിയിട്ട് വിവാഹം കഴിക്കാമെന്ന ധാരണയിലായിരുന്നു.


വിഭിന്ന മത വിഭാഗമായതിനാൽ ഇരു വീട്ടുകാരും അവരുടെ വിവാഹത്തിന് ആദ്യം എതിർപ്പായിരുന്നു. എന്നാൽ രണ്ടു പേർക്കും ജോലി കിട്ടിയപ്പോൾ വിവാഹ കാര്യം വീട്ടിൽ പറഞ്ഞു അവരുടെ സമ്മതം കൂടി വാങ്ങി ക്രിസ്ത്യൻ പള്ളിയിൽ വെച്ച് വളരെ ലളിതമായി വിവാഹം നടന്നു.


ക്രിസ്റ്റിക്കു രണ്ടു ചേട്ടന്മാർ ആണുള്ളത്. അലക്സും ആന്റണിയും വിവാഹം കഴിഞ്ഞു അമേരിക്കയിൽ ആണ്. ക്രിസ്റ്റിയുടെ അമ്മയും അപ്പച്ചനും കുടുംബ വീട് ക്രിസ്റ്റിയുടെ പേർക്കാണ് എഴുതി വെച്ചിരിക്കുന്നത്. അതുകൊണ്ട് ക്രിസ്റ്റിയോട് നാട്ടിൽ തന്നെ ജോലി ചെയ്താൽ മതിയെന്ന് അപ്പച്ചൻ പറഞ്ഞു.


ക്രിസ്റ്റികും നാട്ടിൽ ജോലി ചെയ്യുന്നതിനോടാണ് താല്പര്യം. പക്ഷെ ഒരു വർഷം കഴിഞ്ഞു അനിതക്ക് കമ്പനിയിൽ നിന്ന് അയർലന്റിൽ പോകാനുള്ള ഒരു ഓഫർ വന്നപ്പോൾ അനിതക്ക് നാട്ടിൽ നില്ക്കാൻ താല്പര്യം ഇല്ലാതായി.


അവൾ അയർലന്റിൽ പോകാനുള്ള തയ്യാറെടുപ്പുമായി മുന്നോട്ടു പോയി. ക്രിസ്റ്റി എതിർത്തിട്ടും അനിത വഴങ്ങിയില്ല. അനിതയുടെ കൂടെ ക്രിസ്റ്റി വരില്ലെന്ന് പറഞ്ഞിട്ടും അവൾ അനുസരിച്ചില്ല.


ഇത്രയും നാള് സ്നേഹിച്ചിട്ടും നീ എന്നെ മനസ്സിലാക്കിയില്ലല്ലോ എന്ന് വിഷമത്തോടെ ക്രിസ്റ്റി പറഞ്ഞപ്പോൾ, എന്റെ കരിയർ കളയണം എന്നാണോ ക്രിസ്റ്റി പറയുന്നത്. ക്രിസ്റ്റിക്കു അപ്പനെയും അമ്മയെയും ഒറ്റക്ക് ആക്കിയിട്ടു എന്റെ കൂടെ വരാൻ താല്പര്യം ഇല്ലാന്ന് പറഞ്ഞാൽ മതിയല്ലോ.


നിനക്ക് ഞാൻ പറയുന്നത് അനുസരിക്കാൻ വയ്യെങ്കിൽ നിന്റെ ഇഷ്ടം പോലെ ചെയ്യൂ അനിത. നിന്റെ കരിയറിന് ഞാനൊരു തടസ്സം ആകുന്നില്ല.


ക്രിസ്റ്റിയുടെ ചേട്ടന്മാരും ചേട്ടത്തിമാരും അപ്പനെയും അമ്മയെയും നോക്കാതെ അമേരിക്കയിൽ പോയിട്ടും ക്രിസ്റ്റി എന്തിനാ ഇവിടെ കടിച്ചു തൂങ്ങി നിൽക്കുന്നത്. ക്രിസ്റ്റിക്കു എന്റെ കൂടെ വരാൻ താല്പര്യം ഇല്ലാന്ന് പറഞ്ഞാൽ മതിയല്ലോ.


അനിതാ, നിനക്കു ഇഷ്ടമുള്ളത് പോലെ ചെയ്യൂ, എനിക്ക് ഇഷ്ടമില്ലാത്ത കാര്യം പറഞ്ഞു വെറുതെ സമയം കളയല്ലെ.


അനിത കമ്പനിയിൽ വിസക്ക് അപ്ലൈ ചെയ്തു, പോകാനുള്ള തയ്യാറെടുപ്പും തുടങ്ങിയിരുന്നു.


ക്രിസ്റ്റിയുടെ അപ്പച്ചൻ പറഞ്ഞു, മോനെ നീയും അവളുടെ കൂടെ പോകണം. അവളുടെ ആഗ്രഹമല്ലേ, ഇവിടെ ഞങ്ങളെ നോക്കാൻ ഒരു ഹോം നഴ്സിനെ വെച്ചാൽ മതിയല്ലൊ മോനെ.


അപ്പച്ചൻ എന്തറിഞ്ഞിട്ടാ ഈ പറയുന്നത്, എനിക്ക് ഇവിടെ നാട്ടിൽ ജോലി ചെയ്യുന്നതാണ് താല്പര്യം. എനിക്കും അമേരിക്കയിൽ പോകാനുള്ള ഓഫർ വന്നിട്ട് ഞാൻ പോകാത്തതല്ലേ.


ഞാൻ ഇതെല്ലം നേരത്തെ അനിതയോടു പറഞ്ഞിട്ടുള്ളതാണ്. പക്ഷെ അവൾക്കു താല്പര്യം എങ്കിൽ പോകട്ടെ അപ്പച്ചാ, ഞാൻ സമ്മതിച്ചല്ലോ.


അതല്ല മോനെ അവളുടെ കൂടെ നീ പോയില്ലെങ്കിൽ അവളും പറയില്ലേ അമ്മയെയും അപ്പച്ചനെയും നോക്കാൻ വേണ്ടീട്ടാണ് നീ ഇവിടെ നിൽക്കുന്നതെന്ന്.


അങ്ങനെ പറയുന്നതിൽ എനിക്ക് സന്തോഷം തന്നെയാണ് അമ്മച്ചി . എന്നാലും എനിക്ക് താല്പര്യം ഇല്ലാത്ത കാര്യം ചെയ്യാൻ ഞാനില്ല. അവളെ തന്നെ കല്യാണം കഴിക്കണം എന്നത് എന്റെ താല്പര്യം ആയിരുന്നു. അത് കൊണ്ട് അവളുടെ ഇഷ്ടങ്ങളെ ഞാൻ നിരസിക്കുന്നതു ശരിയല്ലല്ലോ .

ഇനി ഇതിനെ കുറിച്ചൊരു ചർച്ച വേണ്ട അമ്മെ.


പോകുന്നതിനു വേണ്ടി മെഡിക്കൽ ചെക്കപ്പിന് അനിത അപ്ലൈ ചെയ്തു, ഹോസ്പിറ്റലിൽ റിസൾട്ടിന് വേണ്ടി വെയ്റ്റ് ചെയ്തു ഇരുന്നിട്ട് കുറെ നേരമായി. അവളുടെ കൂടെ വന്നവരെല്ലാം മെഡിക്കൽ കഴിഞ്ഞു സർട്ടിഫിക്കറ്റ് വാങ്ങി പോയിട്ടും തന്റെ പേര് വിളിക്കാത്തതെന്തെന്നു അവൾ ആലോചിച്ചിരുന്നപ്പോൾ അനിതയുടെ പേര് സിസ്റ്റർ വിളിച്ചു.


അനിതയുടെ കൂടെ ആരാണ് വന്നത്. ആരും ഇല്ല ഞാൻ ഒറ്റക്കാണ് വന്നത് സിസ്റ്റർ. 

അനിത പോയിട്ടു നാളെ വരൂ. നാളെ വരുമ്പോൾ വീട്ടിൽ നിന്നും ആരെങ്കിലും കൂടെ വിളിച്ചോളൂ.


നാളെ ഒരു പതിനൊന്നു മണിക്ക് വന്നോളു, ഒരു മെഡിക്കൽ ചെക്കപ്പ് കൂടി നാളെ ചെയ്യാം.


ശെരി സിസ്റ്റർ.

അനിത അവിടുന്ന് ഇറങ്ങി നേരെ അവളുടെ വീട്ടിൽ പോയി.

അവളുടെ അമ്മയെയും അച്ഛനെയും കണ്ടു അയർലന്റിൽ പോകുന്ന കാര്യമെല്ലാം പറഞ്ഞു.


ക്രിസ്റ്റിക്‌ താല്പര്യം ഇല്ലാതെയാണ് പോകുന്നത്,നാളെ അച്ഛൻ എന്റെ കൂടെ ഹോസ്പിറ്റലിൽ ഒന്ന് വരണം.


ഇന്ന് മെഡിക്കൽ എടുക്കാൻ പോയപ്പോൾ എന്റെ റിസൾട്ട് കിട്ടിയില്ല , നാളെ ചെല്ലാൻ പറഞ്ഞു. കൂടെ വീട്ടിൽ നിന്നും ആരെങ്കിലും വരണമെന്ന് പറഞ്ഞു.


ക്രിസ്റ്റിക്ക്‌ ഇഷ്ടമില്ലാതെ മോള് പോകുന്നത് തന്നെ ശരിയല്ല. 

എന്തായാലും നാളെ അവനെ കൂടെ വിളിച്ചു കൊണ്ട് പോകുന്നതാണ് മോളെ നല്ലത്.


ക്രിസ്റ്റി വരില്ല അമ്മെ.

നീ വിളിച്ചു നോക്ക് അവൻ വരും.

നിന്നെ തന്നെ കല്യാണം കഴിക്കണമെന്നു അവൻ അവന്റെ വീട്ടുകാരോട് വാശി പിടിച്ചത് നീ മറന്നു പോയോ. 

അവൻ നന്മയുള്ളവനാ മോളെ. അതുകൊണ്ടാ അവന്റെ അപ്പനെയും അമ്മയെയും അവൻ സ്നേഹിക്കുന്നത്.


അപ്പനെയും അമ്മയെയും ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കണം, അതവന് നന്നായി അറിയാം. 

കൊട്ടാരം പോലെ ഒരു വീടും നല്ലൊരു ജോലിയും അവനുണ്ട്. 

പിന്നെ പണമെന്നു പറഞ്ഞു ബന്ധങ്ങൾ ഇല്ലാതാക്കുന്നത് ശരിയാണോ മോളെ.


അമ്മ എന്നെ കുറ്റപ്പെടുത്തുകയാണോ?

കുറ്റം പറഞ്ഞതല്ല മോളെ, കാര്യം പറഞ്ഞതാണ്.

നീ ഇവിടെ വന്നത് അവനോടു പറഞ്ഞിട്ടാണോ?

അതെന്തിനാ എന്റെ വീട്ടിൽ വരുന്നത് ഞാൻ ക്രിസ്റ്റിയോട് പറയുന്നത്?


അത് വേണം മോളെ, നീ പറഞ്ഞാൽ അവൻ വേണ്ടെന്നു പറയുമോ!

നിന്റെ അച്ഛനോട് പറയാതെ ഞാൻ എവിടെയും പോകില്ലല്ലോ,

അത് നിനക്കു അറിയില്ലേ?

നിന്റെ അച്ഛൻ പോകണ്ടാന്നു പറഞ്ഞാൽ ഞാൻ പോകില്ല മോളെ.


അതുകൊണ്ട് ഇപ്പോൾ തന്നെ ക്രിസ്റ്റിയെ വിളിച്ചു നീ ഇവിടെ ഉണ്ടെന്നു പറയു മോളെ...

ശരി അമ്മെ , ഇനി അമ്മ പറഞ്ഞത് കേട്ടില്ലെന്നു വേണ്ട.

ക്രിസ്റ്റി, ഞാൻ എന്റെ വീട്ടിൽ നിൽക്കുവാണ്,

നീ ഒന്ന് ഇതുവരെ വരുമോ ?

പെട്ടെന്ന് വീട്ടിൽ എന്തു വിശേഷം ?

വിശേഷം ഒന്നുമില്ല .

ഞാൻ മെഡിക്കൽ ചെക്കപ്പിനു പോയിട്ട് നേരെ ഇങ്ങു പോന്നു.

എനിക്ക് അച്ഛനെയും അമ്മയെയും കാണണമെന്ന് തോന്നി.

ശരി , നീ ഇന്ന് അവിടെ നിന്നിട്ടു നാളെ വന്നാൽ മതി.

ഇല്ലെടാ എനിക്ക് ഇന്ന് തന്നെ വരണം .

നീ എന്നെ വിളിക്കാൻ വരുമോ?

ഇന്ന് എനിക്ക് വരാൻ പറ്റില്ല. അപ്പച്ചനെ ആശുപത്രിയിൽ ചെക്കപ്പിന് കൊണ്ട് പോകണം.

നീ നാളെ വന്നാൽ മതി. ഇന്ന് നീ അമ്മയുടെ അടുത്ത് കിടന്നു ഉറങ്ങിക്കോ.

ക്രിസ്റ്റി നാളെ എന്റെ കൂടെ ഒരിടത്തു വരുമോ ?

എവിടെ?

ഞാൻ ഇന്ന് മെഡിക്കലിന് പോയിട്ടു സർട്ടിഫിക്കറ്റ് കിട്ടിയില്ല , 

നാളെ ഒരു ചെക്കപ്പ് കൂടിയുണ്ടെന്ന് ഡോക്ടർ പറഞ്ഞു.

കൂടെ ആരെങ്കിലും വേണമെന്ന് പറഞ്ഞു.

ശരി ഞാൻ കൂടെ വരാം.

ഞാൻ പറയാതെ വന്നതിനു എന്നോട് ദേഷ്യം ഉണ്ടോ ക്രിസ്റ്റി.

ദേഷ്യം ഒന്നിനും പരിഹാരം അല്ല മോളെ.


പിറ്റേന്ന് രാവിലെ തന്നെ അനിത ക്രിസ്റ്റിയുടെ വീട്ടിൽ എത്തി.

 അമ്മച്ചിയോടു പറഞ്ഞു ഞാൻ അയർലൻഡിൽ പോകുന്നില്ല അമ്മച്ചി.

അതെന്താ മോളെ ,നിന്റെ ആഗ്രഹമല്ലേ മോള് പോയിട്ട് വാ.


ക്രിസ്റ്റിയില്ലാതെ ഞാൻ പോകുന്നില്ല.

അത് മോള് കാര്യമാക്കണ്ട ,ഞാൻ അവനോടു പറഞ്ഞു മനസ്സിലാക്കാം.

മോള് മെഡിക്കലിന് പോയിട്ടു വാ.


ആഹാരം കഴിക്കാതെ അവൾ ക്രിസ്റ്റിയോടൊപ്പം മെഡിക്കലിന് പോയി.

നീ എന്താ ഭക്ഷണം കഴിക്കാത്തത്.

എനിക്ക് കഴിക്കാൻ തോന്നിയില്ല ക്രിസ്റ്റി.


ആശുപത്രിയിൽ പോയി മെഡിക്കൽ എടുത്തു കഴിഞ്ഞപ്പോൾ ഡോക്ടർ ക്രിസ്റ്റിയെ മാത്രം അകത്തു വിളിച്ചു.

നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി ?

ഒരു വർഷം കഴിഞ്ഞു.

ശരി ,അനിതക്ക് ചില ചെക്കപ്പുകൾ കൂടി ചെയ്യാനുണ്ട്. അതുകൊണ്ട് ഞാൻ കാൻസർ സെന്ററിലേക്ക് റഫർ ചെയ്തു ലെറ്റർ തരാം.


അനിതക്ക് എന്താ ഡോക്ടർ?

എന്തെങ്കിലും പ്രശ്നമുണ്ടോ ഡോക്ടർ?

ചെറിയൊരു സംശയം കാണുന്നു , അതൊന്നു ക്ലിയർ ചെയ്തേക്കു.

പേടിക്കാനൊന്നുമില്ല, ഇന്ന് തന്നെ പോയി കാണിക്കു.


ക്രിസ്റ്റി പുറത്തിറങ്ങി അനിതയെ വിളിച്ചു, വാ പോകാം.

എന്താ ക്രിസ്റ്റി സർട്ടിഫിക്കറ്റ് തരാത്തത്.

നീ വരൂ, ചില ടെസ്റ്റുകൾ കൂടി ചെയ്യാനുണ്ട്.

അനിത ക്രിസ്റ്റിയുടെ പിറകെ നടന്നു.

പെട്ടെന്ന് അവൾക്കു തലകറങ്ങുന്നതു പോലെ തോന്നി.

ക്രിസ്റ്റീ.... അനിത വിളിച്ചു.

ക്രിസ്റ്റി തിരിഞ്ഞു നോക്കുമ്പോൾ അവൾ തറയിൽ കുഴഞ്ഞു വീണിരുന്നു.


അവൻ പെട്ടെന്ന് അവളെ പൊക്കിയെടുത്തു ഉച്ചത്തിൽ വിളിച്ചു.

ഉടനെ തന്നെ സെക്യൂരിറ്റി ഓടി വന്നു, സ്‌ട്രെച്ചർ എടുത്തു കൊണ്ട് വന്നു അനിതയെ കിടത്തി നേരെ ഡോക്ടറുടെ റൂമിലേക്ക് കയറ്റി.

ഡോക്ടർ നോക്കിയിട്ടു പെട്ടെന്ന് തന്നെ ഓക്സിജൻ കൊടുത്തു ആംബുലൻസ് ഏർപ്പാടാക്കി നേരെ ക്യാൻസർ സെന്ററിലേക്ക് കൊണ്ട് പോകാൻ പറഞ്ഞു.


ആംബുലൻസിലേക്കു അനിതയോടൊപ്പം ക്രിസ്റ്റിയും കയറി അവളെ തന്നെ നോക്കിയിരുന്നു.

ക്യാൻസർ സെന്ററിൽ അവളുടെ രോഗനിർണ്ണയത്തിനുള്ള പരിശോധനകൾ ഓരോന്നായി കഴിഞ്ഞു കൊണ്ടിരുന്നു.


സമയം ഏറെ കഴിഞ്ഞു ഡോക്ടർ ക്രിസ്റ്റിയെ അകത്തു വിളിച്ചു.

ക്രിസ്റ്റി സമാധാനത്തോടെ കേൾക്കണമെന്ന് ഡോക്ടർ ആദ്യമേ പറഞ്ഞു.

 അനിതയുടെ പരിശോധനയിൽ ലിംഫാറ്റിക്ക് സിസ്റ്റത്തില്‍ വരുന്ന കാന്‍സര്‍ ആയ ലിംഫോമ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.


അവളുടെ രക്തത്തിലെ പ്ലേറ്റ്ലറ്റ് കൌണ്ട് കുറഞ്ഞു പോയി കൊണ്ടിരിക്കുവാണ്. ഇപ്പോൾ തന്നെ കൗണ്ട് 30 ആണ്.

ഇനിയുള്ള ദിവസങ്ങളിൽ ദിവസവും പ്ലേറ്റ്ലറ്റ് അടയ്ക്കണം. കീമൊതെറാപ്പി ചികിത്സ ഉടനെ സ്റ്റാർട്ട് ചെയ്യണം.

അനിതയെ ഇവിടെ അഡ്മിറ്റ് ചെയ്യുകയാണ്. ദിവസവും പ്ലേറ്റ്ലറ്റ് അടക്കാനുള്ള സംവിധാനം കണ്ടെത്തണം.

ബ്ലഡ് ഡോണേഴ്സ് കേരളയുമായി ബന്ധപ്പെട്ടാൽ ദിവസവും ബ്ലഡ് ഡോണറെ കണ്ടെത്താൻ കഴിയും.


ക്രിസ്റ്റി ആകെ തകർന്നു എന്തു ചെയ്യണമെന്ന് അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

ഉടനെ തന്നെ അനിതയുടെ വീട്ടിൽ വിളിച്ചു അവളുടെ അച്ഛനോട് കാര്യം പറഞ്ഞു. 

പിന്നെ അവന്റെ വീട്ടിൽ വിളിച്ചു അപ്പച്ചനോടും കാര്യം പറഞ്ഞു.


അനിതയുടെ അച്ഛനും അമ്മയും കുറെ കഴിഞ്ഞു വന്നു. അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ടു അവിടെ ഇരിക്കാൻ പറഞ്ഞിട്ട് ക്രിസ്റ്റി പുറത്തിറങ്ങി ബ്ലഡ് ഡോണേഴ്സ് കേരളയെ ബന്ധപ്പെട്ടു. അവർ ആവശ്യമായ ബ്ലഡ് ഡോണറെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞു.


പിറ്റേന്ന് മുതൽ അനിതക്ക് പ്ലേറ്റലെറ്റ്‌ കയറ്റി തുടങ്ങി. അനിത ബോധം വീണ്ടെടുത്തതിന് ശേഷം കീമോതെറാപ്പിയും സ്റ്റാർട്ട് ചെയ്തു.

അവളുടെ 'അമ്മയും ക്രിസ്റ്റിയും മാറി മാറി അവളുടെ അടുത്ത് ഇരിക്കും.


ക്രിസ്റ്റി അവളെ എപ്പോഴും സമാധാനിപ്പിക്കാൻ നോക്കും. എന്നാലും അവൾ കരഞ്ഞു കൊണ്ടിരിക്കും.


നിന്നെ വിട്ട് ഞാൻ പോകുവാൻ നോക്കിയതിന് ദൈവം എനിക്ക് നൽകിയ ശിക്ഷയാണ് ക്രിസ്റ്റി എനിക്ക് ഈ ക്യാൻസർ വാർഡിലെ ജീവിതം.


അനിതാ, ഈ സമയത്ത് മനസ്സിൽ നല്ല കാര്യങ്ങൾ ചിന്തിക്കൂ. ദൈവം ആരെയും ശിക്ഷിക്കാറില്ല.


നീ ഇവിടെയൊന്ന് കണ്ണ് തുറന്നു നോക്കൂ...

എത്ര പേരാണ് വേദന സഹിച്ച് നമുക്ക് ചുറ്റും ജീവിക്കുന്നതെന്ന് കണ്ടില്ലേ..

നമ്മൾ എപ്പോഴെങ്കിലും ഇങ്ങനെയൊരു ഭീകരമായ അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കണ്ടിട്ടുണ്ടൊ?

നമ്മുടെ മുന്നിൽ വന്നപ്പോഴാണ് ഇങ്ങനെയും ഭൂമിയിൽ ജന്മങ്ങളുണ്ടെന്ന് മനസ്സിലായത്.

നമ്മൾ സുഖ സൌകര്യങ്ങൾക്ക് പിന്നാലെ പായുമ്പോൾ പണത്തിന് പിന്നാലെ ഓടുമ്പോൾ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ദുരിതം അനുഭവിക്കുന്നവരെ കാണാറില്ല.


പണം കൊണ്ട് പരിഹരിക്കാൻ കഴിയാതെ വേദന അനുഭവിക്കുന്നവരെ കാണാനുള്ള ഒരു അവസരം ദൈവം നൽകിയതാണെന്ന് മാത്രം നീ കരുതിയാൽ മതി.നിന്റെയൊപ്പം ഞാൻ ഉണ്ടാകും. എന്തു ചെയ്തിട്ടാണെങ്കിലും നിന്നെ ഞാൻ സംരക്ഷിക്കും മോളേ..

വിഷമിക്കാതെ സമാധാനമായിരിക്ക്...


ഒരു മാസത്തെ ചികിത്സ കഴിഞ്ഞു അനിതയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഡോക്ടർ പറഞ്ഞു, ഇനി വീട്ടിൽ പോയി വിശ്രമിക്കുക.

എല്ലാ ദിവസവും ഇവിടെ വന്ന് പ്ലേറ്റ്ലറ്റ് കയറ്റണം. അതുപോലെ ആഴ്ച്ചയിൽ രണ്ട് ദിവസം കീമൊ തെറാപ്പിയും ചെയ്യണം.

അവളുടെ ചികിത്സയുടെ സൌകര്യത്തിന് വേണ്ടി ആശുപത്രിയുടെ അടുത്ത് തന്നെ അവൻ ഒരു വീട് നേരത്തെ വാടകയ്ക്ക് എടുത്തിരുന്നു.


അവിടെയാണ് ഇപ്പോൾ അവന്റെ അപ്പച്ചനും അമ്മച്ചിയും അവനും താമസിക്കുന്നത്. അതിനടുത്ത് തന്നെ അവന്റെ ജോലിയും ട്രാൻസ്ഫർ ചെയ്തു വാങ്ങിയിരുന്നു. വീട്ടിൻ അമ്മച്ചിയെ നോക്കാനും ആശുപത്രിയിൽ അനിതയെ നോക്കാനും അവൻ ഹോംനഴ്സിനെ ഏർപ്പാടാക്കിയിരുന്നു.


ഓരോ ദിവസവും ആശുപത്രിയുടെ കൂറ്റൻ കെട്ടിടത്തിന്റെ പടികെട്ടുകൾ കയറി ബ്ലഡ് ബാങ്കിന് മുന്നിൽ എത്തുന്നവരെ പ്രതീക്ഷിച്ചു ക്രിസ്റ്റിയും ഉണ്ടാകും.എന്നും രാവിലെ തന്നെ ക്രിസ്റ്റിയുടെ ഫോണിലേക്കു വിളിക്കുന്ന ഡോണറെയും പ്രതീക്ഷിച്ച് ബ്ലഡ് ബാങ്കിനടുത്തു അവൻ കാത്തിരിക്കും.


ആ ചെറുപ്പക്കാരന്റെ മുഖത്തെ ദൈന്യത കണ്ടപ്പോൾ അന്ന് ബ്ലഡ് കൊടുക്കാൻ വന്ന സ്ത്രീ, ക്രിസ്റ്റിയോട് ആരാ അകത്ത് കിടക്കുന്നതെന്ന് ചോദിച്ചു. എന്റെ ഭാര്യയാണ് അയാൾ പറഞ്ഞു.

എവിടെയാ നാട്, തൊടുപുഴയാണ്.

ഇവിടെ തിരുവനന്തപുരത്ത് റീജിയണൽ ക്യാൻസർ സെന്ററിൽ പതിനേഴ് മാസമായി ചികിത്സയിലാണ്.


പക്ഷേ ഇപ്പോഴും അവളുടെ രക്തത്തിലെ പ്ലേറ്റ്ലറ്റ് കൌണ്ട് കുറഞ്ഞു പോകുന്നുവെന്ന് വിഷമത്തോടെ അവൻ പറഞ്ഞു.

ഇവിടെ ചികിത്സക്ക് വരുമ്പോൾ കൌണ്ട് 30 ആയിരുന്നത് ഇപ്പോൾ വീണ്ടും 18 ആയി കുറഞ്ഞു പോയി. ദിവസവും പ്ലേറ്റ്ലറ്റ് അടച്ചു കൊണ്ടിരിക്കണം.


ലിംഫാറ്റിക്ക് സിസ്റ്റത്തില്‍ വരുന്ന കാന്‍സര്‍ ആയ ലിംഫോമ ആണെന്ന് അവൻ ആ സ്ത്രീയുടെ ചോദ്യങ്ങൾക്ക് ഉത്തരമായി പറഞ്ഞു കൊണ്ടിരുന്നു. മനുഷ്യശരീരത്തിന്റെ രോഗപ്രതിരോധ സം‌വിധാനത്തിന്റെ ഭാഗമായ ലിംഫോസൈറ്റുകൾ എന്ന ശ്വേതരക്താണുക്കളെ കാർന്നു തിന്നുന്ന രക്താർബൂദമായ ലിംഫോമയാണ് ആ പെൺകുട്ടിക്കെന്ന് അവർക്കു മനസ്സിലായി.


അവരുടെ ധൗത്യം പൂർത്തിയാക്കി ഇറങ്ങുമ്പോൾ പിറകെ

പടികെട്ടുകൾ ഇറങ്ങി വന്ന ക്രിസ്റ്റിയോട്ഞാൻ ഈ സിറ്റിയിൽ തന്നെയാണ് താമസം എന്ന് അവർ പറഞ്ഞു.


എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ ക്രിസ്റ്റി വിളിച്ചോളൂ. എന്റെ നമ്പർ കൈയ്യിലുണ്ടല്ലൊ. ഞാൻ ഇവിടെ സിറ്റിയിൽ കാൻസർ രോഗികൾക്ക് വേണ്ടി ഒരു സന്നദ്ധ പ്രവർത്തനം നടത്തുന്ന ടീമിലെ അംഗമാണ്.


നിർദ്ധരർക്ക് സൗജന്യമായി ചികിത്സയും താമസവും മരുന്നും ഏർപ്പാടാക്കി കൊടുക്കുന്നുണ്ട്. അതിനു വേണ്ടി ഞാനിവിടെ ആഴ്ചയിലൊരിക്കൽ സന്ദർശിക്കാറുണ്ട്. എല്ലാ മനുഷ്യരും ഒരു പ്രാവശ്യമെങ്കിലും ക്യാൻസർ വാർഡിലെ ജീവിതം കണ്ടിരുന്നെങ്കിൽ മനുഷ്യ മനസ്സിലെ ചിന്തകൾക്ക് മാറ്റമുണ്ടാകുമായിരുന്നു.


ഇനിയും ആവശ്യമുള്ള രക്തം ഏർപ്പാടാക്കി കൊടുക്കാമെന്ന് പറഞ്ഞ് ഒരു മാലാഖയെ പോലെ അവർ പടിക്കെട്ടുകൾ ഇറങ്ങി കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നപ്പോൾ അവന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ നേർത്തൊരു തിളക്കമുണ്ടായി.



Rate this content
Log in