വൈഗ വസുദേവ്

Drama Tragedy Children

4  

വൈഗ വസുദേവ്

Drama Tragedy Children

ദേവൂട്ടി - ഒന്നാം ഭാഗം

ദേവൂട്ടി - ഒന്നാം ഭാഗം

6 mins
229


 ഛിൽ... ഛിൽ... ഛിൽ... അണ്ണാറക്കണ്ണൻമാരുടെ മത്സര ഓട്ടം കണ്ട് സ്വയം മറന്നിരുന്നു ദേവൂട്ടി.


"ദേവൂട്ട്യേ... ഒന്നിങ്ങു വരൂ..."എന്ന നീട്ടിയ വിളി കേട്ട് ദേവൂട്ടി ഞെട്ടിപ്പോയി. 


ഗീതച്ചിറ്റയാണ്... ദേവൂട്ടിയുടെ അമ്മയുടെ നേരെ ഇളയ അനിയത്തി. ഈ വീട്ടിൽ ദേവൂട്ടിയോട് ദയ കാണിക്കുന്നവരിൽ ഒരാൾ. 


 "എന്തോ...? ദാ...വന്നു..." വിളികേട്ടു കൊണ്ട് ദേവു... ഓടിച്ചെന്നു.

 "എന്താ... ചിറ്റേ...?" ദേവു ചോദിച്ചു.


വിങ്ങി തുടുത്തിരിക്കുന്ന ദേവൂട്ടിയുടെ മുഖം കണ്ട ഗീതയ്ക്ക് ഇന്നും ആരോ ദേവൂട്ടിയെ വഴക്കു പറഞ്ഞു എന്നു മനസ്സിലായി.


"നീ എന്തിനാ കരഞ്ഞത്...? ആരാ വഴക്ക് പറഞ്ഞത്...?" ഗീത ചോദിച്ചു.

 "ഇല്ല ചിറ്റേ... ആരും വഴക്കു പറഞ്ഞില്ല..." ദേവു പറഞ്ഞു. 

"ദേവൂട്ടി... നീ എന്നോട് കള്ളം പറയേണ്ട..." ഗീതച്ചിറ്റ അത് വിടാനുള്ള ഭാവം ഇല്ല. ഗീതച്ചിറ്റ അങ്ങനാണ്.


"ദേവൂ... ഇവിടാരും ഇല്ല. നീ പേടിക്കേണ്ട, പറയ് ചിറ്റയോട്... ങും... ആരാ ൻ്റെ... കുട്ട്യേ... കരയിച്ചത്...? പറയ്..." ഗീതച്ചിറ്റ ചോദ്യം ആവർത്തിച്ചു.

"അത് ചിറ്റേ... ദേവു..." ചുറ്റും നോക്കി... ആരും ഇല്ല എന്നുറപ്പിക്കും പോലെ..


"ചിറ്റേ..." ദേവു പറയാൻ മടിച്ചു വിങ്ങിപ്പൊട്ടി നിന്നു. കരച്ചിലിൻ്റെ വക്കിൽ എത്തി നിൽക്കുന്ന ദേവൂട്ടിയെ തൻെറ അടുത്ത് പിടിച്ചിരുത്തി...

ഗീതയ്ക്ക് അറിയാം ദേവൂട്ടിയുടെ മനസ്സ്... തൻെറ മുന്നിൽ മാത്രമേ ദേവൂട്ടി അവളുടെ സങ്കടങ്ങൾ പറയൂ...


ആ കുഞ്ഞുനെറ്റിയിൽ വീണുകിടന്ന മുടി ഒതുക്കി ഗീത ഒരു ഉമ്മ കൊടുത്തു. 

"സാരമില്ല... കരയാതെ... സാരമില്ല..." ദേവൂട്ടിയുടെ കണ്ണുനീർ തുടച്ചു കൊണ്ട് ഗീത പറഞ്ഞു.

"ചിറ്റയില്ലേ... ദേവൂട്ടിക്ക്...? പറയൂ... ദേവൂട്ടി..."


പെട്ടെന്ന് ഗീതച്ചിറ്റയെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു കൊണ്ട് ദേവൂട്ടി ചോദിച്ചു...

"എൻ്റെ തല കണ്ടിട്ടാണോ...ചിറ്റേ... എൻ്റെ അമ്മയ്ക്ക് ഈ ഗതി വന്നത്...?പറയ് ചിറ്റേ..." ദേവൂട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

"ഈശ്വരാ... എന്താ ൻ്റെ ദേവൂട്ടി... ഇങ്ങനെ ചോദിക്കാൻ...?"

ദേവൂട്ടിയുടെ ചോദ്യം... ഗീതയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഏഴു വയസ്സുകാരിയായ ദേവൂട്ടിയോട് എന്തു പറയണം എന്നറിയാതെ ഗീത വിഷമിച്ചു. 


"സാരമില്ല... ദേവൂട്ടി ... അയ്യേ, നല്ല കുട്ടികൾ കരയില്ല..."എന്നു പറഞ്ഞു ആശ്വസിപ്പിച്ചു. അവളുടെ ചോദ്യത്തിൻ്റെ അർത്ഥം എത്ര വലുതാണെന്ന് അവൾക്കറിയില്ലല്ലോ...


   *************************


എട്ട് വർഷം മുമ്പ്  


കാരണാട്ട് മാധവൻ്റെ മകൾ രാധാമണിക്ക് വയലുങ്കൽ രാജൻ്റെ ആലോചന വന്നപ്പോൾ എല്ലാവരും വളരെയധികം സന്തോഷിച്ചു. ഇളയ മോൻ. രണ്ടു സഹോദരികളെയും വിവാഹം ചെയ്തയച്ചു. ബാധ്യത ഒന്നുമില്ല. നല്ല രീതിയിൽ തന്നെ വിവാഹം നടത്തി.


സന്തോഷകരമായ രാധാമണിയുടെ ജീവിതം നരകതുല്യമാവാൻ അധികം വേണ്ടി വന്നില്ല. അവൾ ഗർഭിണിയായി. സന്തോഷിക്കേണ്ട നാളുകൾ... പക്ഷെ രാധാമണിക്ക് അതിനായില്ല. മറിച്ച് കുറ്റപ്പെടുത്തലും അധിക്ഷേപവും തുടർക്കഥയായി. 


ഇതൊന്നും സ്വന്തം വീട്ടിൽ അറിയിക്കാതെ രാധാമണി ഏഴുമാസവും ഭർത്തൃവീട്ടിൽ നിന്നു. ഏഴാം മാസം ആചാരം അനുസരിച്ച് അവളെ കൂട്ടിക്കൊണ്ടു വന്നു. 


രാധാമണി പ്രസവിച്ചു, പെൺകുട്ടി. ഭർത്താവിന്റെ വീട്ടിൽ നിന്നും ആരും കുഞ്ഞിനെ കാണാൻ വന്നില്ല . 


"ഭവാനീ... അവർ എന്താ കുഞ്ഞിനെ കാണാൻ വരാത്തത്...?" അമ്മയോടാണ്...

അച്ഛൻ്റെ ചോദ്യത്തിന് അമ്മ എന്ത് ഉത്തരം കൊടുത്തു എന്നറിയില്ല... അമ്മ മൂളിയതു മാത്രമേ കേട്ടുള്ളൂ...


പിറ്റേന്ന്. 

"ദേ നിങ്ങൾ ഒന്നു ചെന്നു പറയ്... ഇനി അതായിട്ടു കുറയ്ക്കേണ്ട..." അമ്മ പറഞ്ഞു.

"ങും..." അച്ഛൻ ഒന്നു ഘനത്തിൽ മൂളി. 


ഗീതയ്ക്ക് കാര്യം മനസ്സിലായി... ചേട്ടന്റെ വീട്ടിൽ പോകാനാണ് അമ്മ പറഞ്ഞത് എന്ന്. അമ്മയോട് എങ്ങനെ പറയും അവിടെ പോകരുത് എന്ന്. ഇതുവരെ തന്നോടല്ലാതെ ആരോടും ഒന്നും പറഞ്ഞിട്ടില്ല... പാവം ചേച്ചി. കല്യാണം നടന്നമാസം ഗർഭിണിയായതിനാൽ ഇത് അവരുടെ കുട്ടിയല്ല എന്നാണ് പറയുന്നത്.


"അറിവില്ലായ്മ ഇവിടം വരെ എത്തുമെന്ന് അറിഞ്ഞില്ല."

ഗീത മനസ്സിൽ പറഞ്ഞു." ഈ കുഞ്ഞിനെ കണ്ടാൽ മതീല്ലോ സുന്ദരിക്കുട്ടി... ദേവിക. ദേവൂട്ടി..." ഗീത പേരും ഇട്ടു...


പിറ്റേന്ന് പോയി വന്ന അച്ഛൻ ഉറഞ്ഞു തുള്ളി.

"എടീ... രാധേ..."

ചേച്ചി വിറച്ചു എത്തി; പ്രസവം കഴിഞ്ഞിട്ട് എട്ടു ദിവസമേ ആയുള്ളൂ... 

ഗീത ഓടിയെത്തി ... രാധയുടെ അടുത്തായി നിന്നു. അടുക്കളയിൽ നിന്ന് ഭവാനിയും..


"എന്താ...?" ഭവാനി ആധിയോടെ ചോദിച്ചു.

"എന്താന്നോ... നിനക്കറിയില്ലേ...? ഇവൾ നിന്നോട് ഒന്നും പറഞ്ഞിട്ടില്ലേ...? ഒക്കെയും അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ ഇന്നു നാണംകെടേണ്ടി വരമായിരുന്നോ?" മാധവൻ... ഭവാനിയുടെ നേരെ കയർത്തു.

"ഇല്ല, എന്താന്നുവച്ചാൽ പറയ് ... എന്തിനാ രാധേ വിളിച്ചത്...?" ഭവാനി ചോദിച്ചു. 

"അവളും കേൾക്കട്ടെ, അതാ വിളിച്ചത്..."


മാധവൻ തടർന്നു...

"ഈ കുഞ്ഞ് അവരുടെതല്ല പോലും... അതാ അവർ കാണാൻ വരാത്തത്...

കല്ല്യാണം കഴിഞ്ഞിട്ട് ഒമ്പത് മാസമേ ആയുള്ളൂ... അതാ അവർ പറയുന്ന കാരണം." മനസ്സിലെ ഭാരം ഇറക്കി വച്ചതു പോലെ മാധവൻ കസേരയിൽ ചാഞ്ഞിരുന്നു

"എൻ്റെ ഈശ്വരാ..." അത്രയുമേ ഭവാനി പറഞ്ഞുള്ളൂ.


അച്ഛൻ പറഞ്ഞതു കേട്ട രാധാമണി ഒന്നും മിണ്ടിയില്ല. അന്നു മുതൽ ആ കുടുംബവുമായി യാതൊരു ബന്ധവുമുണ്ടായിട്ടില്ല. രാധാമണി മുറിവിട്ട് പുറത്തിറങ്ങാതായി. അതിനു ശേഷം കുറെനാൾ ചോദിക്കുന്നതിനു മാത്രം മറുപടിയുണ്ടായിരുന്നു. പിന്നീട് അതും ഇല്ലാതായി. 


മാധവനും ഭവാനിക്കും ആ കുഞ്ഞിനോടും രാധാമണിയോടും വെറുപ്പായി... വൈരാഗ്യമായി... കാലം പോകുംതോറും ദേവൂട്ടിയോടുള്ള സമീപനത്തിൽ, സംസാരത്തിൽ ഒക്കെ വെറുപ്പ് പ്രകടിപ്പിക്കാൻ തുടങ്ങി. 

ഗീതയാണ് ഏക ആശ്വാസം രണ്ടുപേർക്കും. ഗീത തയ്ക്കാൻ പോയാൽ പിന്നെ വരും വരെ ദേവൂന്ന് ശാപവാക്കുകൾ മാത്രമാകും കൂട്ട്.


  **********************


 "ചിറ്റേ... ചിറ്റേ... പറയ്... എന്തിനാ അമ്മമ്മ എന്നോട് ഇങ്ങനെ പറയുന്നത്...?" ദേവൂട്ടി ചോദ്യം ആവർത്തിച്ചു. 

"ഇന്ന് എന്താ ഉണ്ടായത്? ദേവൂട്ടി പറയ് ... ദേവൂട്ടി. ...എന്തു ചെയ്തു...? അതു പറയ്..." ഗീത ചോദിച്ചു.


"ഞാൻ ഒന്നും ചെയ്തില്ല, ചിറ്റേ. വിശന്നപ്പോൾ രണ്ടാമതും അമ്മമ്മയോട് ചോറു ചോദിച്ചു ... അപ്പോൾ അമ്മമ്മ പറഞ്ഞു അങ്ങനെ തിന്നാൻ നിൻ്റെ അപ്പൻ ഇവിടെ ഒന്നും കൊണ്ടത്തന്നിട്ടില്ലാന്ന്... എനിക്ക് വല്ലാതെ വിശന്നു, ചിറ്റേ. അതാ ഞാൻ ചോദിച്ചേ," ദേവു പിന്നെയും കരയാൻ തുടങ്ങി.

"അമ്മമ്മ വഴക്കു പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു, അപ്പോൾ പിന്നെയും ചോറു തന്നു. എന്നിട്ട് എന്നോടു പറഞ്ഞതാ... നിൻ്റെ തല കണ്ടപ്പോൾ തുടങ്ങിയതാ രാധമ്മയ്ക്ക് ഈ ഗതി എന്ന്... ചിറ്റേ... ഞാൻ എന്തു തെറ്റാ ചെയ്തേ...?" ദേവൂട്ടി പറഞ്ഞു നിർത്തി...


 "ദേ...ചിറ്റേ... തുമ്പി... ഞാനിപ്പ...വരാം ..." എന്നു പറഞ്ഞതും ഗീതയുടെ കൈ വിടീച്ച് തുമ്പിയുടെ പിറകെ ദേവൂട്ടി... ഒറ്റ ഓട്ടം...

 "ദേവൂട്ടീ...വീഴാതെ..." ഗീത വിളിച്ചു പറഞ്ഞതൊന്നും ദേവൂ കേട്ടില്ല... 

കുറച്ചു മുമ്പ് തൻ്റെ മുന്നിൽ കരഞ്ഞു നിന്ന ദേവൂട്ടിയല്ല ...  

"ൻ്റെ... കൃഷ്ണ ൻ്റെ ദേവൂട്ടിയെ കാത്തോളണെ..." ഗീത ഉള്ളുരുകി... ഭഗവാനെ വിളിച്ചു... 


"അമ്മേ...അമ്മേ..." ഗീത ഭവാനിയമ്മയെ തിരഞ്ഞ് അടുക്കളയിൽ എത്തി.

"ങും... ന്താടീ... വന്നത്...? ആ അസത്ത് എന്നെപ്പറ്റി... എന്തു വേണ്ടാതീനമാ ... പറഞ്ഞ് കേൾപ്പിച്ചത്...?" ഭവാനിയമ്മ ചോദിച്ചു...

"എൻ്റെ അമ്മേ... അവൾ അമ്മയുടെ കൊച്ചുമോൾ അല്ലേ...? ഇത്തിരി ദയ... അല്പം മനസ്സാക്ഷി ഒക്കെ കാണിച്ചൂടെ അതിനോട്...?" ഗീത പൊന്തിവന്ന ദേഷ്യവും സങ്കടവും അടക്കി ചോദിച്ചു...


"ദേ... ഗീതെ... ഒരു കാര്യം ഞാൻ പറഞ്ഞേക്കാം... ആ അസത്ത്... പറയുന്നതും കേട്ട് എന്നോട് മെക്കിട്ടു കേറാൻ വന്നേക്കരുത്..." ഭവാനിയമ്മ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു...

"ഹോ... ൻ്റെ ... ഈശ്വരാ... ഈ... അസത്ത് ... കാരണം എൻ്റെ മക്കളും എന്നോട് കയർക്കുന്നല്ലോ...?" ഭവാനിയമ്മ സ്വന്തം നെഞ്ചിൽ ആഞ്ഞിടിച്ചു.

 "എന്താ അമ്മേ ഈ കാണിക്കുന്നത്...?"എന്നു പറഞ്ഞ് ഗീത ഭവാനിയമ്മയുടെ കയ്യിൽ പിടിച്ചു...


"അമ്മേ... അമ്മ സിന്ധുവിന്റെ മക്കളെ എങ്ങനെ കാണുന്നു... അതുപോലെ ദേവൂട്ടിയും അമ്മയുടെ കൊച്ചുമോളല്ലെ...? അവൾക്ക് നമ്മളല്ലാതെ ആരാ ഉള്ളത്...? അമ്മ ഒന്നു ചിന്തിക്ക്... അമ്മ ഈ പറയുന്നതെല്ലാം രാധേച്ചി കേൾക്കുന്നുണ്ട്... അവൾ പ്രതികരിക്കുന്നില്ലാന്നെ ഉള്ളൂ... എല്ലാം മനസ്സിലാവുന്നുണ്ട്... രാധേച്ചി അമ്മയുടെ മൂത്ത മോളാ... ഒരുകാലത്ത്... പുന്നാര മോളായിരുന്നു..." ഗീത പറഞ്ഞു നിർത്തി... 

ഭവാനിയമ്മയ ഒരക്ഷരം മറുത്തു പറഞ്ഞില്ല... മിണ്ടാതിരുന്നു...

 "ങും ...കാട്ടിക്കൊടുക്കാം ഞാൻ..." അവർ മനസ്സിൽ പറഞ്ഞു... "കുഞ്ഞാണേലും വള്ളിപുള്ളി വിടാതെ പറഞ്ഞു കേൾപ്പിച്ചിരിക്കുന്നു..."


"രാധേച്ചി... രാധേച്ചി..." എന്നു നീട്ടി വിളിച്ചു കൊണ്ട് ...മുറിയിലേക്ക് ചെന്നു... വാതിൽ കടന്നതേ കണ്ടു ... രാധേച്ചിയുടെ ദയനീയ നോട്ടം... കണ്ണുകൾ നിറഞ്ഞൊഴുകിയിരിക്കുന്നു... അമ്മ പറഞ്ഞതെല്ലാം... രാധേച്ചി ... കേട്ടിരിക്കുന്നു... 


 "രാധേച്ചി... കരയാതെ... സാരമില്ല... ഞാനുണ്ടല്ലോ ദേവൂട്ടിക്ക്...? എന്നും ഞാനുണ്ടാവും... വിഷമിക്കല്ലേ... ഇപ്പോൾ ദേവൂട്ടി... കേറി വന്നാൽ... അവൾക്ക് സങ്കടമാവില്ലേ...? കരയാതെ..." ഗീത രാധയുടെ കണ്ണുനീർ തുടച്ചു കൊടുത്തു...


"ഞാനിപ്പോൾ വരാം രാധേച്ചി... ദേവൂട്ടി... തുമ്പിയുടെ പിറകെ... ഓടിയിട്ടുണ്ട്... നോക്കട്ടെ..." ഗീത... പുറത്തേക്കിറങ്ങി...

രാധേച്ചിയുടെ അടുത്ത് ഇനിയും നിന്നാൽ താനും കരഞ്ഞു പോകും ...


"ഈശ്വരാ എൻ്റെ... രാധേച്ചിയേം... ദേവൂനേം... കാത്തോളണേ... അവർക്ക് ഞാനും നീയുമേ ഉള്ളൂ."


  *********  *********** ********


ഗീത വേഗം നടന്നു ... കല്യാണ തയ്യൽ വന്നതിനാൽ... അളവെടുത്തും ഒക്കെ താമസിച്ചു... ഓടിയും നടന്നും വീടെത്തി... 


"നല്ല ബഹളം കേൾക്കുന്നുണ്ടല്ലോ...? സിന്ധു എത്തിയിട്ടുണ്ടല്ലോ... എൻ്റെ... ദേവൂട്ടിയുടെ...കഷ്ടകാലവും." ഗീത മനസ്സിൽ പറഞ്ഞു...


ഗീതയെ കണ്ടതേ സിന്ധുവിന്റെ മക്കളായ ദേവനന്ദയും വിഷ്ണുദത്തും ഓടി വന്നു.

"ചിറ്റ വന്നേ... ചിറ്റ വന്നേ..." അവർ വിളിച്ചു കൂകി... എന്നാൽ അവരുടെ കൂട്ടത്തിൽ ദേവൂട്ടിയില്ല...

"മക്കളെ...എവിടെ... ദേവൂട്ടി...?" ഗീത ചോദിച്ചു...

"ചിറ്റേ...ദേവൂട്ടി... അപ്പുറത്തെ...മാവിന്റെ ചോട്ടിൽ... ഇരിപ്പുണ്ട്... കരയുവാ..." ദേവനന്ദ...എന്ന...നന്ദൂട്ടി...പറഞ്ഞു..."


"ങേ...എന്തിന്...?" ഗീത... ആധിയോടെ ചോദിച്ചു...

"അത്... അത്..." നന്ദൂട്ടി... തപ്പിത്തടഞ്ഞു... "അത്... ചിറ്റേ... അമ്മമ്മ... ദേവൂട്ടിയെ... കൊല്ലാൻ ...കഴുത്തേൽ...കത്തിവെച്ചു. അതാ..." 

നന്ദൂട്ടി... ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

"ങേ... എവിടെ എൻ്റെ കുട്ടി...?" ഗീതയ്ക്ക് സഹിക്കാനായില്ല...അവൾ കണ്ടു, മാവിൻ ചുവട്ടിൽ കരഞ്ഞു തളർന്നിരിക്കുന്ന ദേവൂട്ടിയെ...


 "ദേവൂട്ടീ..." ഗീത... അടുത്തു ചെന്നു.

ഗീതയെക്കണ്ടതും "ചിറ്റേ ... നമുക്ക് എവിടേലും ... പോകാം... അമ്മമ്മ വരാത്തിടത്ത് ... ഇല്ലേൽ അമ്മമ്മ ...എന്നെ... കൊല്ലും... എനിക്ക്... പേടിയാ ... ചിറ്റേ... എന്നെ... അമ്മമ്മ കൊല്ലും... ചിറ്റേ... നമുക്ക് പോവാം..." എന്നു പറഞ്ഞ് ദേവൂട്ടി... പ്രതീക്ഷയോടെ...ഗീതയെ കെട്ടിപ്പിടിച്ചു നിന്നു.


"ഉംം... നമുക്ക് പോകാം... ദേവൂട്ടി കരയാതെ..." നിറഞ്ഞൊഴുകുന്ന തൻെറ കണ്ണുകൾ തുടച്ച്... ദേവൂട്ടിയെ നെഞ്ചോടു ചേർത്ത് ...അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു കൊണ്ട്... ഗീത പറഞ്ഞു... 

"ഇനി എൻ്റെ ദേവൂട്ടിയെ... അമ്മമ്മ എന്നല്ല ആരും വിഷമിപ്പിക്കില്ല... ഇതു... ഗീതച്ചിറ്റയുടെ...വാക്കാണ്." 


"നന്ദൂട്ടീ...ഇങ്ങുവരൂ..." ഗീത വിളിച്ചു... ദേവൂട്ടിയെയും നന്ദൂട്ടിയെയും വിഷ്ണു ദത്തിനെയും കൂട്ടി ഗീത ...ഭവാനിയമ്മയുടെ... അരികിലെത്തി... 

ഭവാനിയമ്മയും സിന്ധുവും ഗീതയെ കണ്ടതോടെ...പെട്ടെന്ന് സംസാരം നിർത്തി... എന്തായാലും രണ്ടുപേരുടെയും സംസാര വിഷയം ദേവൂട്ടിയാണ് ...ഗീത ഉറപ്പിച്ചു... സിന്ധുവിനെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ ഗീത ഭവാനിയമ്മയോടു ചോദിച്ചു... 


"അമ്മ ഇന്നു... ദേവൂട്ടിയെ കൊല്ലാൻ ചെന്നോ...എന്തിന്...?"

"ആരാ... ഈ... ഇല്ലാ വചനം... നിന്നോടു പറഞ്ഞത്..." ഭവാനിയമ്മ... ദേവൂട്ടിയെ നോക്കിക്കൊണ്ട് ... ഗീതയോടു ചോദിച്ചു.

"അമ്മയെന്തിന്... അവളെ നോക്കുന്നു... പറഞ്ഞത്... ദേവൂട്ടിയല്ല... ദേ... ഈ നിൽക്കുന്ന... അമ്മയുടെ പുന്നാര കൊച്ചുമോൾ ആണ്..." ഗീത നന്ദൂട്ടിയെ ചൂണ്ടിപ്പറഞ്ഞു...


"നന്ദൂട്ടിയോ...?" സിന്ധു ഇടയിൽ കേറി പറഞ്ഞു.

"നീ എന്തിനാ നന്ദൂട്ടി... ഗീതച്ചിറ്റയോട് കള്ളം പറഞ്ഞത്...? ഇങ്ങോട്ടു വാടീ... നിന്നെ ഇന്നു ഞാൻ... ദേവൂട്ടിയുടെ കൂടെകൂടി... കള്ളം പറയാനും തുടങ്ങിയോ?" 

സിന്ധു ... നന്ദൂട്ടിയെ കൂട്ടി പുറത്തേക്കിറങ്ങാൻ...തുടങ്ങി... ഇതു മനസ്സിലായ ഗീത... 

"സിന്ധു... നിൽക്ക്... സത്യം എന്താന്ന്... അറിയണല്ലോ... നന്ദൂട്ടി... പറയ്." ഗീത ...നന്ദൂട്ടിയോട് പറഞ്ഞു...


"ചിറ്റ ദേവൂട്ടിക്ക് വാങ്ങി ക്കൊടുത്ത ബാലരമ...ഞാൻ... എടുത്തു... അപ്പോൾ... ദേവൂട്ടി പറഞ്ഞു ... അവൾ വായിച്ചില്ല എന്ന്... ഞാൻ അത്... ദേവൂട്ടിക്ക് കൊടുക്കാതെ...എടുത്തോണ്ട്...ഓടി... ദേവൂട്ടി പിറകെ ഓടി വന്ന് ബാലരമയിൽ... പിടിച്ചു... അന്നേരം മുറ്റത്ത്... നിൽക്കാരുന്ന... അമ്മമ്മ... ആ കൊച്ചു തിണ്ണയിൽ... കിടന്ന വാക്കത്തി... എടുത്തോണ്ട്... ഓടി വന്നു... എന്നിട്ട്...ദേവൂട്ടിയുടെ... കയ്യിൽ നിന്നും...ബാലരമ വാങ്ങി എനിക്ക് തന്നു..." 

ബാക്കി... പറഞ്ഞാൽ... നന്ദൂട്ടി.... സിന്ധുവിൻ്റെയും ഭവാനിയമ്മയുടെയും... മുഖത്ത്... മാറിമാറി... നോക്കി...


ഇതു കണ്ട ഗീത... "നന്ദൂട്ടി... പേടിക്കേണ്ട... സത്യം... പറയുന്നവരെയാ... ദൈവത്തിനിഷ്ടം...പറയ്...അമ്മമ്മ...എന്തുചെയ്തു?" 

"അമ്മമ്മ ...ആ വാക്കത്തി... ദേവൂട്ടിയുടെ...കഴുത്തിൽ വെച്ചു എന്നിട്ട്... പറയുവാ...നിന്നെ... ഞാനിന്നു കൊല്ലുമെടീ...ന്ന്... നിൻ്റെ... തല കണ്ടേപ്പിന്നെ... എൻ്റെ മോളുടെ... കണ്ണീർ ... തോർന്നിട്ടില്ലാന്ന്... പിന്നെയും... എന്തോക്കയോ... പറഞ്ഞു."


നന്ദൂട്ടി പറഞ്ഞത് ...കേട്ടിട്ട്... ഭവാനിയമ്മ...ഇത്രയും പറഞ്ഞു.

"ജനിച്ചപ്പോഴേ...ഇതങ്ങ് ചത്തു പോയിരുന്നെങ്കിൽ...എത്ര നന്നായേനെ..." 

ഇതു കേട്ട...ഗീത...പറഞ്ഞു.

"അമ്മേ... അമ്മ... ഈ... പറയുന്നതും ചെയ്യുന്നതുമെല്ലാം ഈശ്വരൻ... കാണുന്നുണ്ട്."

"സിന്ധു... സത്യം പറയാൻ മനസ്സു കാണിച്ച... നിൻ്റെ മകളെ... കണ്ട്... പഠിക്ക്... നിനക്ക്... ഗുണം ചെയ്യും..." 


ഇതെല്ലാം കേട്ട് പേടിച്ചു നിന്ന...ദേവൂട്ടിയോട്... ഗീത പറഞ്ഞു...

 "വാ... നമുക്ക്... രാധമ്മയുടെ... അടുത്ത് പോകാം..." 

"രാധേച്ചീ...രാധേച്ചീ..."എന്നു വിളിച്ച്... ചാരിയിട്ടിരുന്ന... വാതിൽ തുറന്ന... ഗീത... ഒന്നേ നോക്കിയുള്ളൂ... ഒരുമുഴം... കയറിൽ...തൻെറ രാധേച്ചി...


******  ********   *********


ചടങ്ങുകൾ എല്ലാം... കഴിഞ്ഞു... വന്നവർ... ഓരോരുത്തരായി... പടിയിറങ്ങി...


പഠിക്കൽ... ഒരു... കാറിന്റെ ശബ്ദം കേട്ടിട്ടാവണം... ഗീത... തൻ്റെയും ദേവൂട്ടിയുടെയും സാധനങ്ങൾ... അടുക്കിയ ബാഗ്... എടുത്തു...

ദേവൂട്ടിയെയും കൂട്ടി... ഇറങ്ങി.


ഇതുകണ്ട ഭവാനിയമ്മ... ഓടി വന്നു. "ഗീതേ... എവിടെ പോണു... ഇതിനെയും കൊണ്ട്...?" 

"പോകുന്നു... അമ്മേ...ദേവൂട്ടിക്ക്... ഈ വീടുമായുള്ള... ബന്ധം... രാധേച്ചി ആരുന്നു... ഇപ്പോൾ രാധേച്ചി... ഇല്ല... എൻ്റെ ജീവിതം... എൻ്റെ ദേവൂട്ടിക്ക്... വേണ്ടിയാ...ഞങ്ങൾ... പോകുന്നു... നമുക്ക് പോകാം ദേവൂട്ടി... നമ്മുടെ ലോകത്ത്..." 


"ചിറ്റേ...സത്യാണോ...? ഇനി നമ്മൾ... ഇങ്ങോട്ട് വരില്ലേ...?" ദേവൂട്ടി വിശ്വാസം വരാത്ത പോലെ... ചോദിച്ചു...

"വരണം... എന്നെങ്കിലും..." ഗീത പറഞ്ഞു.


കാറിന്റെ നീട്ടിയ ഹോണടി.

"ദേവൂട്ടി... വാ...പോകാം."

അങ്ങനെ... എൻ്റെ ദേവൂട്ടിയും അവളുടെ... ചിറ്റയും... പുതിയ ലോകത്തേക്ക്...


××××  ×××××  ×××××  ××××××


ആദ്യഭാഗം ഇവിടെ തീരുന്നു. 


(ദേവൂട്ടിയുടെ കഥ ഇവിടെ തീരുന്നില്ല...വീണ്ടും. വരും...

ഞാൻ ദേവൂട്ടി...)


Rate this content
Log in

Similar malayalam story from Drama