പാതിരായാത്ര
പാതിരായാത്ര
' ഈ പാതിരാത്രിയിലോ?'
ഒരു നൈറ്റ്‌ഡ്രൈവിന് പോയാലോ എന്നാ ചോദ്യത്തിന് ഈ ലോകത്തു ഇതുവരെ സംഭവിക്കാത്ത ഒരു കാര്യം കേട്ടത് പോലെ ആയിരുന്നു ഭാര്യയുടെ ചോദ്യം.ആ ചോദ്യത്തിൽ ഞാൻ എന്തോ വല്യ തെറ്റ് പറഞ്ഞപോലെ എനിക്ക് അനുഭവപ്പെട്ടു.
' പാതിരാത്രിയോ?'
അല്പം അശ്ചര്യത്തോടെ ഉള്ള എന്റെ ആ ചോദ്യത്തിന് സമയം ഏറെ വൈകിയതാണ് കാരണം എന്ന് മറുപടിയിൽ ഞാൻ ചുവരിലുള്ള ക്ലോക്കിൽ നോക്കി.
സമയം 7.30.വീണ്ടും ആ മുഖത്തേക്ക് നോക്കിയ എനിക്കറിയാൻ കഴിഞ്ഞത് ആ ഭാഗത്തൊക്കെ 8.30 ആവുമ്പോളേക്കും എല്ലാരും ഭക്ഷണം ഒക്കെ കഴിഞ്ഞു കിടക്കുമത്രേ.
കല്യാണം കഴിഞ്ഞു പുറത്തു പോവാൻ പറ്റിയിരുന്നില്ല വെള്ളം മാറി കുളിച്ചത് കൊണ്ടാകാം അവൾ പനിപിടിച്ചു കിടപ്പിലായി. തിരികെ അവളുടെ വീട്ടിൽ നിൽക്കാൻ വരുമ്പോൾ മനസ്സിൽ വിചാരിച്ച ഒരു കാര്യമായിരുന്നു രാത്രി ആവളെയും കൊണ്ടു ആ നാട്ടിലൂടെ ഒരു ഡ്രൈവ്, തുറന്നിരിക്കുന്ന തട്ടുകടകളിൽ നിന്നും ഭക്ഷണം.
മുമ്പ് പലതവണ ആ നാട്ടിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്, മങ്ങിയ വെളിച്ചത്തിൽ കത്തുന്ന വഴിവിളക്കുകൾക്കിടയിലൂടെ,കോടമഞ്ഞിറങ്ങിയ വഴികളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട് അപ്പോളൊക്കെ അതിലൂടെ പോകുന്ന ദൂരേദേശ യാത്രക്കാർക്കു വേണ്ടി തുറന്നു വച്ചിരിക്കുന്ന തട്ട് കടകളിൽ നിന്നും ഭക്ഷണം കഴിച്ചിട്ടും ഉണ്ട്.
അതൊക്കെ ഓർത്തപ്പോൾ ആണ് അവളെയും കൊണ്ട് ഒന്ന്
കറങ്ങിയാലോ എന്ന് കരുതിയത്.
ഇതിപ്പോൾ 8.30ക്ക് കിടക്കുമത്രേ !
എനിക്കാണെങ്കിൽ 1 മണിക്കല്ലാതെ കിടന്നു ഒരു ശീലവുമില്ലതാനും. അവള് പറഞ്ഞപോലെ തന്നെ 8.30ക്ക് ആ വീട്ടിലെ ലൈറ്റുകൾ എല്ലാം അണഞ്ഞു ആ പ്രദേശം നിശബ്ദമായി.എന്റെ ആരുകിലായി എല്ലാം മറന്നു ഉറങ്ങുന്ന ഭാര്യയെ നോക്കി ഞാൻ നെടുവീർപ്പെട്ടു.
വെറുതെ ഒന്ന് പുറത്തു ഇറങ്ങിയാലോ എന്ന് വിചാരിച്ചു മുറിയുടെ വാതിലെന്റെ ലോക്ക് എടുത്തപ്പോൾ തന്നെ അവളുടെ അമ്മ മുന്നിലെത്തിയിരുന്നു.
'അല്ല അമ്മേ ഉറക്കം വരണില്ല, വെറുതെ മുറ്റത്തു ഒന്ന് നടന്നാലോ എന്ന് '
മുഴുവൻ പറയാൻ അനുവദിച്ചില്ല
'വേണ്ട വേണ്ട ഇഴജന്തുക്കൾ ഒക്കെ ഉള്ളത മോൻ പോയികിടന്നോ '
പിറ്റേന്ന് കണ്ണുതുറക്കുമ്പോൾ പരിഭവമുഖത്തോടെ ഇരിക്കുന്ന ഭാര്യയെ ആണ് കണ്ടത്.ഇവൾക്കിതു എന്ത് പറ്റി കണ്ണൊക്കെ തിരുമി ഞാൻ എഴുന്നേറ്റിരുന്നു.
'രാത്രി എന്തിനാ പുറത്തേക്കു പോവാൻ പോയത്?'
കാര്യം പിടികിട്ടി,അവളോട് അമ്മ എല്ലാം പറഞ്ഞിരിക്കുന്നു.ഒന്ന് ചിരിച്ചു.
വീട്ടിൽ എങ്ങനെ ഒക്കെ നിൽക്കണം എന്നുള്ള നീണ്ട ക്ലാസും പ്രഭാത ഭക്ഷണവും കഴിഞ്ഞു നാട്ടു വഴിയിലൂടെ പല ബന്ധു മിത്രാദികളുടെ അടുത്തേക്ക് പോകുമ്പോൾ എല്ലാം എന്റെ മനസ്സിൽ വേഗം വീട്ടിൽ തിരിച്ചെത്താൻ ഉള്ള വ്യഗ്രത ആയിരുന്നു.
'എന്ത് രസാ ഏട്ടാ, ഇങ്ങനെ ഒന്നും ഞാൻ എവിടേം പോയിട്ടില്ല'
ദിവസങ്ങൾ കഴിഞ്ഞു ഒരു രാത്രി എന്നെയും കെട്ടിപിടിച്ചു ബൈക്കിന്റെ പിറകിൽ ഇരുന്നു അവൾ സന്തോഷത്തോടെ പറഞ്ഞു. നഗരത്തിലെ കാഴ്ചകൾ അവളെ ആനന്ദം കൊള്ളിക്കുന്നതായി ഞാൻ തിരിച്ചറിഞ്ഞു.
പലവിധം സ്വാദുകൾ അവളുടെ രസമുകുളങ്ങളെ കവർന്നെടുക്കുന്നതായി എനിക്കനുഭവപ്പെട്ടു.
കോർണിഷിലൂടെ, പാർക്കിലൂടെ,
ഫുട്ട്പാത്തിലൂടെ ഞാൻ കൈകോർത്തു നടന്നു.
' അന്ന് വീട്ടിൽ നിന്നപ്പോൾ നന്നായി ബോറടിച്ചു അല്ലെ?'
സന്ദേഹത്തോടെ അവൾ ചോദിച്ചപ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത്. ബോർ അടിച്ചു എന്നുള്ളത് ശരിയാണ് പക്ഷെ സ്നേഹം കൊണ്ടു മനസിനെ കീഴടക്കാൻ അവരെല്ലാം മിടുക്കരായിരുന്നു. തെറ്റുകൾ ഏറ്റു പറയാനും മാപ്പ് ചോദിക്കാനും മടിയില്ലാത്തവർ.
ആരോടും ദേഷ്യം തോന്നിയില്ല. ഞാൻ ചിരിച്ചു.
പലതും പറഞ്ഞും കൈകോർത്തു പിടിച്ചു കണ്ണെത്താ ദൂരത്തോളം നിവർന്നു കിടക്കുന്ന വാക്ക് വേയിലൂടെ ഞങ്ങൾ നടന്നു.
'ഏട്ടാ മതി നമ്മുക്ക് തിരിച്ചു പോകാം'
ബ്രേക്ക് ഇട്ടപോലെ നിന്നിട്ടായിരുന്നു അവളത് പറഞ്ഞത്.കൂർപിച്ചുള്ള നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല.
'ഹ ഹഹഹ'
ഇടക്കൊക്കെ ഞങ്ങളുടെ അഭിമുഖമായി വന്നിരുന്നു ചില സുന്ദരി പെൺകുട്ടികളിൽ എന്നെ കണ്ണുകൾ ഉടക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു എന്ന കാര്യം മനസിലായപ്പോൾ എനിക്കു ചിരി വന്നു.
'ചിരിക്കണ്ട... ഹയ്യട... വാ വന്നേ'
ബൈക്കിൽ തിരിച്ചു വീട്ടിലേക്കു പോകുമ്പോൾ എന്നെ ശ്വാസം മുട്ടിക്കും വിധത്തിൽ അവൾ എന്നെ ചുറ്റിപിടിച്ചു.
സൂക്ഷിച്ചാൽ ദുഖിക്കേണ്ട!.
മനസ്സിൽ ഓർത്തു ബൈക്ക് അൽപ്പം വേഗത്തിൽ വിട്ടു.
'ഹോ ഇവിടെ ഈ പെൺകുട്ടികൾക്കൊന്നും രാത്രി ഉറക്കോം ഇല്ലേ '
എന്തൊക്കെയൊ പിറുപിറുപ്പ് കേട്ട് ബൈക്ക് ഒന്ന് സ്ലോ ആക്കി. കാറ്റു കാരണം കേൾക്കാൻ സാധിച്ചില്ല എന്ന് പറഞ്ഞപ്പോൾ. പോകാം എന്ന് മറുപടി വന്നു. വീട്ടിലെത്തി എന്നെ തറപ്പിച്ചു നോക്കി തലവെട്ടിച്ചു അകത്തേക്ക് കയറുമ്പോൾ.അവൾ വിളിച്ചു പറഞ്ഞു
'ഇനി മുതൽ ഈ വീട്ടിൽ എല്ലാവരും 8.30ക്കു കിടക്കും'
ഒരു കല്പന പോലെ !
അതും പറഞ്ഞു വെട്ടിതിരിഞ്ഞു അവൾ അകത്തേക്ക് കയറിയപ്പോൾ,ഒരു ചിരി എന്നിൽ മിന്നിമാഞ്ഞു പോയത് ഞാൻ അറിഞ്ഞു. ഏറെ സന്തോഷം നൽകിയ ആ രാത്രിയോടെ നന്ദി പറഞ്ഞു ഞാനും അകത്തേക്ക് കയറി.
Roopesh
