റിമോട്ട് കണ്ട്രോൾ കാർ
റിമോട്ട് കണ്ട്രോൾ കാർ
ഒരു റിമോട്ട് കണ്ട്രോൾ കാർ വാങ്ങിച്ചു കൊണ്ടാണ് ഞാൻ അന്ന് വീട്ടിലേക്ക് ചെന്നത്. എന്റെ കയ്യിൽ ഇരിക്കുന്ന കവർ കണ്ടു കൊണ്ടുവന്ന ഭാര്യ എന്നോട് ചോദിച്ചു
"കവർ ഒക്കെ ആയിട്ടാണല്ലോ എന്താ വാങ്ങിയത് ? "
ഞാൻ ഒന്ന് പുഞ്ചിരിച്ചു
"ഒരു റിമോട്ട് കാർ ആണ്".
(ഹോ ഈ മനുഷ്യനെ കൊണ്ട് തോറ്റല്ലോ എന്ന ഭാവത്തിൽ എന്നെ നോക്കി)
"ഇവിടെ ഇപ്പോൾ തന്നെ അഞ്ചാറ് കാർ ഉണ്ടല്ലോ റിമോട്ട് ഉപയോഗിച്ച് ഓടിക്കുന്നത്"
"അതിന് അതിന്റെ ഒന്നും റിമോട്ട് വർക്ക് ചെയ്യുന്നില്ലല്ലോ ?"
ഞാൻ ചോദിച്ചു.
"ഇല്ല വർക്ക് ചെയ്യുന്നില്ല എങ്ങനെ ഇതൊക്കെ വർക്ക് ചെയ്യാതെ ആയി ?"
എന്റെ ചോദ്യത്തിനുത്തരമായി അവളുടെ മറുചോദ്യം വന്നു.
"നീയൊന്നു പോയെ... ഡാ മോനെ ! അച്ഛൻ എന്താ വാങ്ങിച്ചോണ്ട് വന്നിരിക്കുന്നത് നോക്കിയേ "
ഞാൻ മോനെ അവിടെയൊക്കെ നോക്കി
"അവന് വാങ്ങിച്ചു കൊടുത്ത് ഒരു റിമോട്ട് കാറും റിമോട്ട് ഉപയോഗിച്ച് ഓടിക്കുന്നത് ഞാൻ കണ്ടിട്ടില്ല, റിമോട്ട് എങ്ങോട്ടെങ്കിലും വലിച്ചെറിയും,അല്ലെങ്കിൽ അതിന്റെ കമ്പില് പിടിച്ചു കറക്കി അതു ഊരിയെടുക്കും അതു കേടാവും എന്നിട്ട് കൈവെച്ച് വെറുതെ ഓടിക്കും".
"അതൊക്കെ കേടായതു കൊണ്ടാണ് ഞാൻ പുതിയത് വാങ്ങിച്ചു കൊണ്ട് വന്നത് "
"അതിനു അവന് ഇഷ്ടം കുഞ്ഞു കാറുകളാണ്. പുറകിലോട്ട് വലിച്ചിട്ട് വിടുന്ന ടൈപ്പ് കാറുകൾ അത് ഏതെങ്കിലും ഒരെണ്ണം വാങ്ങിച്ച് കൊടുത്താൽ പോരെ ?".
"നീയൊന്നു മിണ്ടാതിരുന്നേ ,എന്തായാലും വാങ്ങിച്ചു അവൻ കളിക്കട്ടെ.ഈ പ്രായത്തിൽ അല്ലാതെ പിന്നെ ഏതു പ്രായത്തിൽ കളിക്കാനാ ഇതൊക്കെ വച്ചു ?".
ഒരു നീരസത്തോട് ആണ് ഞാൻ അതു പറഞ്ഞു നിർത്തിയത് എന്ന് അവൾക്കു മനസിലായി.
"ഏതു പ്രായത്തിലാണെന്നു പറയട്ടെ ? "
"മം ഏതു പ്രായത്തിലാ? നീ പറഞ്ഞെ"
"പറയട്ടെ ?..... ഞാൻ പറയട്ടെ? "
അവൾ അടുത്തേക്ക് അടുത്തേക്ക് വന്നു.
"ഈ പ്രായത്തത്തില് "
എന്റെ നെഞ്ചിൽ വിരല് കൊണ്ട് കുത്തി ഒരു തള്ള് തന്നു കൊണ്ടവൾ പറഞ്ഞു. എന്റെ മുഖത്ത് ഒരു ചമ്മിയ ചിരി പടർന്നു.
" മുതുക്കൻ ആയി.... ഇപ്പോഴും അവന്റെ കാറും വെച്ച് കളിച്ചോണ്ട് ഇരിക്കുകയാണ്
ഇഷ്ടം,നാണമില്ലലോ അയ്യയ്യേ ! "
ചുണ്ടത്ത് വിരൽ വച്ചെന്നേ എന്നെ കളിയാക്കി
"ഞാൻ ചായ എടുക്കാൻ പോവാ... അതൊക്കെ അവിടെ വച്ചിട്ടു പോയി വേഷം മാറി വാ "
അവൾ അടുക്കളയിലേക്ക് പോയി
"അവൻ എന്ത്യേടി ? "
"അവൻ ഇവിടെ ഇല്ല അപ്പുറത്ത് കളിക്കാൻ പോയേക്കുവാ "
ഞാൻ സോഫയിൽ ഇരുന്നു പതുക്കെ കവറിൽ നിന്നും റിമോട്ട് കാറിന്റെ ബോക്സ് പുറത്തെടുത്തു. അതിൽ നിന്നും കാറും റിമോട്ടും പുറത്തെടുത്തു അകത്ത് ബാറ്ററി ഉണ്ടായിരുന്നു അകത്തുപോയി ഒരു ചെറിയ സ്ക്രൂഡ്രൈവർ കൊണ്ടുവന്ന കാറിന്റെയും റിമോട്ടിന്റെയും ബാറ്ററി ഇടുന്ന സ്ഥലത്തെ സ്ക്രൂ ഊരി,രണ്ടിലും ബാറ്ററി ഇട്ടു, സ്ക്രൂ ടൈറ്റ് ചെയ്തു.കാർ താഴെ വച്ചു പതുക്കെ ഓടിക്കാൻ തുടങ്ങി.
" ശരിയാണ് റിമോട്ട് കാർ നോടുള്ള ഭ്രമം അവനെക്കാൾ എനിക്കായിരുന്നു.വാങ്ങിച്ച് കാറുകൾ ഒക്കെയും ഏറെ സമയം ഓടിച്ചതും ഞാൻ തന്നെയായിരുന്നു. നമ്മുടെ ബാല്യകാലത്ത് കണ്ടിട്ടുപോലും ഇതുപോലെ ചില വസ്തുക്കളോട് നമ്മളിൽ കുറച്ചു പേർക്കെങ്കിലും ഒരു ഇഷ്ടം തോന്നാം. ഒരു "കുഞ്ഞു"മനസ്സിന്റെ ഇഷ്ടം"
കസേര കാലുകൾക്കിടയിലൂടെ അതിവിദഗ്ധമായി ആ കാർ ഞാൻ പായിച്ചു കൊണ്ടേയിരുന്നു, ഒരു ജേതാവിനെ പോലെ
"ഇനി ഇന്നു മുഴുവൻ ആ കാറും ഓടിച്ചു കൊണ്ടിരിക്കാൻ പോവുകയാണോ ?, പോയി ഡ്രസ്സ് മാറ്റിയിട്ടു വാ ഞാൻ ചായ എടുത്തു"
അടുക്കളയിൽ നിന്ന് അവൾ വിളിച്ചു പറഞ്ഞു.
