അവളുടെ കയ്യിലെ കത്തി
അവളുടെ കയ്യിലെ കത്തി
കറുത്ത പിടിയുള്ള ഒരു നീളൻ കത്തി.
വേറെയും രണ്ടുമൂന്ന് കത്തികൾ ഉണ്ടെങ്കിലും ഈ നീളൻ കത്തിക്കാണ് ഡിമാൻഡ് കൂടുതൽ.
രാവിലെ പ്രതിലിപി തീം കണ്ടു ഇൻട്രോ എഴുതിക്കൊണ്ട് ഇരിക്കുമ്പോൾ ആയിരുന്നു, "അതെ, സവാള ഒന്ന് അരിഞ്ഞു വക്കണം, ഞാൻ കുളിച്ചിട്ടു വരാം," എന്നു ഭാര്യ വന്നു പറഞ്ഞിട്ട് പോയത്. കട്ടിലിൽ സ്വസ്‌ഥമായി കിടന്നു എഴുതിക്കൊണ്ട് ഇരുന്ന എന്നോട് പണിയെടുക്കാൻ പറഞ്ഞപ്പോൾ ഒരു മടി, എന്നാലും പയ്യെ എഴുന്നേറ്റു. അടുക്കളയിലേക്ക് നടന്നു.
അടുക്കളയിൽ ചെന്നപ്പോൾ ആ കത്തിയുടെ അപ്പോൾത്തെ ഉടമസ്ഥ അനിയത്തിയാണെന്ന് മനസ്സിലായി. കട്ടിങ് ബോർഡിന്റെ അടുത്തായി ഒരു കൂട്ടം ബീൻസും. അത്യാവിശം സമയം എടുത്തു ജോലികൾ ചെയ്യുന്ന അവൾ നല്ല തഞ്ചത്തിലും താളത്തിലും ഓരോ ബീൻസും എടുത്തു അരിഞ്ഞോണ്ടിരിക്കുന്നു. ഇയർപോഡ്സ് ഒക്കെ വച്ചിട്ടുണ്ട് — എപ്പളും കാണാം ചെവിയിൽ. ചോദിച്ചാൽ,
"ഇതൊക്കെ ക്ലാസ്സാണ്, ദേ നോക്കിയേ."
യൂട്യൂബ് ചാനലിൽ ഉള്ള എന്തൊക്കെയോ ക്ലാസുകൾ കാണിച്ചു തരും.
"ആഹാ, ഓക്കെ."
കൂടുതൽ ചോദിച്ചാൽ, എന്റെ സ്കൂൾകാലഘട്ടം മുതലുള്ള വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങൾ ഞാൻ വിശദീകരിക്കേണ്ടി വരും. ഓരോന്നും കുത്തി കുത്തി ചോദിക്കാനും അതുപോലെ പറയാനും മിടുക്കിയാണ്.
അവൾ ബീൻസ് അരിയുന്നതും, അവളെയും മാറി മാറി നോക്കുന്നത് കണ്ട് അവൾ അരിയൽ നിർത്തി, കത്തി കട്ടിങ് ബോർഡിന് മുകളിൽ വച്ചു.
"എന്താ... എന്താ... എന്താ..."
എന്ന് പുരികങ്ങൾ കൊണ്ടു ഞങ്ങൾ പരസ്പരം സംസാരിച്ചു. അവളെ പറ്റിക്കാനായിട്ട് ഞാൻ വെറുതെ ചുണ്ടുകൾ അനക്കികൊണ്ടിരുന്നു.
"ടോ.. ചേട്ടാ.. അഭിനയിച്ചു കഷ്ടപെടണ്ട, ഇയർപോഡ്സ് ഓഫ് ആണ്.."
"ശേ! ഇയർപോഡ്സ് ഓഫ് ആയിരുന്നത്ര".
സാധാരണ ഇത് പോലെ അവൾ ഇയർപോഡിസോ, ഇയർ ഫോൺസോ ഒക്കെ വച്ചു നിൽക്കുമ്പോൾ ചുമ്മാ ചെന്നു ഇത് പോലെ ചുണ്ടനക്കും.
"എന്താ പറഞ്ഞെ?"
ഇയർപോഡ്സ് ചെവിയിൽ നിന്നും എടുതിട്ട് അവൾ ചോദിക്കും,
"ഒരു കാര്യം ഒരു തവണയെ ഞാൻ പറയു... പറയുമ്പോൾ കേൾക്കണം."
"ഓഹ്..." എന്നൊരു മറുപടിയും തന്നു, ചിലപ്പോൾ അവിടെ തന്നെ നിൽക്കും, അല്ലെങ്കിൽ "തനിക്കൊന്നും ഒരു പണിം ഇല്ലെടോ?" എന്ന ഭാവത്തിൽ എന്നെ ഒന്ന് നോക്കി അവിടെ നിന്നും പോകും.
എന്നാൽ ഇത്തവണ അതൊന്നും സംഭവിച്ചില്ല.
ഞാൻ പുഞ്ചിരിച്ചു, അവളും പുഞ്ചിരിച്ചു, ഞാൻ രണ്ടുപേരും മൊത്തം പത്തു പ്രാവിശ്യം പുഞ്ചിരിച്ചു.
"എന്താടോ... പുഞ്ചിരി മത്സരൊ?"
സഹിക്കെട്ടു അവൾ ചോദിച്ചു. ഒരു വട്ടം കൂടി അവസാനമായി പുഞ്ചിരിതൂകി.
"അല്ല, കത്തി..."
എന്ന് അവളുടെ കയ്യിൽ ഇരിക്കുന്ന കത്തി ചൂണ്ടി ഞാൻ പറഞ്ഞു.
"എന്തിനാ?"
"സവാള അരിയാൻ."
"ആര്... ചേട്ടനോ?"
"Yes!... നോം തന്നെ."
"മ്മം..."
പുച്ഛിച്ചു കൊണ്ടു ഒന്ന് ഇരുത്തിമൂളി. വീണ്ടും ഒരു ബീൻസ് എടുത്തു വച്ചു അരിയാൻ തുടങ്ങി.
"ഒരു പത്ത്പതിനഞ്ചണ്ണം എടുത്തു ഒരുമിച്ച് അരിയെടി..."
അരിയൽ പകുതിക്ക് നിർത്തി എന്നെ ഒന്ന് തറപ്പിച്ചു നോക്കി.
"അല്ലെങ്കിലേ, ഇത് പത്ത്പതിനഞ്ചണ്ണമൊള്ളൂ."
"ആ... അപ്പോ സുഖായില്ലേ? ഒരുമിച്ചു അരിഞ്ഞാൽ പോരെ?"
കത്തി ബോർഡിൽ കുറച്ചു ശക്തിയിൽ വച്ച് രണ്ടും പക്കിലും, ചുരുട്ടി പിടിച്ച മുഷ്ടി കുത്തി എന്നെ തറപ്പിച്ചു നോക്കി.
"നിന്റെ... കഴിഞ്ഞെങ്കിൽ ഞാൻ തുടങ്ങട്ടെ?"
നാടകീയമായ ശബ്ദത്തോടെ ഞാൻ ചോദിച്ചതും, കട്ടിങ് ബോർഡിൽ നിന്നും കത്തി എടുത്തു എന്റെ നേർക്കു നീട്ടി.
"ദേ... തന്നോടല്ലെടോ പറഞ്ഞെ, ഇപ്പൊ പറ്റൂല്ല എന്നു... വേറെ എത്ര കത്തി ഉണ്ടങ്കിലും, എല്ലാർക്കും ഇതുമതി."
"ശോ... കഷ്ടം!"
അവളെ നോക്കി തല മെല്ലെ ചലിപ്പിച്ചു കൊണ്ട് പറഞ്ഞു. അവളെ കൂടുതൽ വയലന്റ് ആക്കുക അത്രേ ഒള്ളു. എന്നാലും പെണ്ണിന്റെ കയ്യിൽ കത്തിയാണ്. മിക്കവാറും കുത്തി കഴിഞ്ഞിട്ടേ സോറി പറയുള്ളു.
"എന്നെ ഞാൻ തന്നെ കാത്തോളണേ..."
എന്നോട് ഞാൻ തന്നെ പ്രാർത്ഥിച്ചു.
"പോയെ പോയെ..."
കത്തി എന്റെ നേർക്കു പിടിച്ചു കൈകുഴ കറക്കി കൊണ്ടവൾ പറഞ്ഞു. എന്തായാലും എന്റെ പ്രാർത്ഥന ഞാൻ കേട്ടു. ഞാൻ എന്നെ കാത്തു.
"എടി, ചേച്ചി പറഞ്ഞിട്ടാണ്..."
"ആര് പറഞ്ഞാലും... എന്റെ ജോലി തീരുമ്പോൾ ഞാൻ കത്തി തരും കേട്ടല്ലോ."
ഇനി ഇവിടെ നിന്നു കറങ്ങീട്ടു കാര്യമില്ല. വായനദിനമല്ലേ? എങ്കിൽ പിന്നെ എന്തെങ്കിലും രണ്ടക്ഷരം വായിക്കാം. മൊബൈലും നോക്കി റൂമിലേക്ക് തന്നെ നടന്നു.
"താഴേ നോക്കി നടക്കടോ..."
"താഴെ തന്നെയാ നോക്കണേ... മൊബൈൽ ഫ്രന്റ് ക്യാം ഓൺ ആണ്."
അവളെ നോക്കാതെ പറഞ്ഞു കൊണ്ടു ഞാൻ നടന്നു.
"ഹോ..."
ചത്താലും തനിക്കു ആ മൊബൈൽ ഇല്ലാതെ പറ്റൂല്ലലെ എന്നൊരു ടോൺ ആയിരുന്നു അതിനു.
തൊട്ടു പുറകെ തലയിൽ എന്തോ വന്നു വീണു.
"ചീഞ്ഞ ബീൻസ്."
പിറുപിറുത്തു കൊണ്ടു തിരിഞ്ഞു നോക്കുമ്പോൾ, അവൾ ഒന്നും അറിഞ്ഞെട്ടേയില്ല എന്ന ഭാവം.
"ഇന്നാ, നീ തന്നെ വച്ചോ?"
തിരിച്ചു അവൾക്കിട്ട് തന്നെ ഒരേറും വച്ചു കൊണ്ടു മുറിയിലേക്ക് ഓടി.
"ടോ..." എന്നെ അലർച്ച കേട്ട് കട്ടിലിലേക്ക് ചാടി കിടന്നു ചിരിച്ചു.
വായനാദിനമായിട്ടു വായിച്ച കുറച്ചു പുസ്തങ്ങളെ കുറിച്ച് ഒരു സ്റ്റാറ്റസ് ഇടാം എന്നു കരുതി. വായിച്ചാലും, ഏറെ നാളൊന്നും ഓർമയിൽ നിലക്കാത്ത ആളാണ് ഞാൻ. ചില ആളുകൾ ബുക്ക്കളിലെ സംഭാഷണങ്ങൾ quote ചെയ്യുമ്പോൾ അത്ഭുതം തോന്നാറുണ്ട്.
അവർ എത്രത്തോളം ആഴത്തിൽ കഥയിലേക്കും, കഥ പാത്രങ്ങളിലേക്കും ഇറങ്ങി ചെന്നിട്ടുണ്ടാകും? വായന ചെറുപ്പം മുതൽ തന്നെ ശീലിച്ചു പോകണ്ട ഒന്നാണെന്നു എപ്പോഴും തോന്നിയിട്ടുണ്ട്.
"ആട് ജീവിതം" ആണ് ആദ്യമായയിട്ടു വായിച്ചത്.
അത് കഴിഞ്ഞു ആ ഒരു ത്രില്ലിൽ "രണ്ടാമൂഴം",
"യക്ഷി", "മഞ്ഞ്", "മയ്യഴിപുഴയുടെ തീരങ്ങളിൽ", "അർദ്ധനാരീശ്വരൻ"... പിന്നെ "ഖബർ"... വേറെയുമുണ്ട്, ഓർമ്മ വരുന്നില്ല.
അപ്പോ പറഞ്ഞു വന്നത് വായനശീലത്തെ കുറിച്ചാണ്.
കുറെ പുസ്തകങ്ങൾ വാങ്ങിക്കൂട്ടി എന്നല്ലാതെ അതിൽ മുക്കാൽഭാഗവും വായിച്ചിട്ടില്ല.
എന്നാലും ഞാൻ മേടിച്ചുകൊണ്ടേയിരിക്കും, എന്നെങ്കിലും ഒരു ദിവസം ഞാൻ ആ പുസ്തകങ്ങളിലേക്ക് എത്തുമെന്ന് എനിക്കുറപ്പുണ്ട്.
"അയ്യോ... എന്റെ സവാള!"
പുസ്തകത്തെ കുറച്ചു പറഞ്ഞപ്പോളാ, സവാളേടെ കാര്യം ഓർത്തെ.
"അതും മേടിച്ചു കൂട്ടിട്ടുണ്ടേ..."
എന്തായാലും ഇപ്പൊ അതിനെ കുറിച്ച് ഓർത്തത് നന്നായി. ഇല്ലെങ്കിൽ അടുത്ത അവതാരം ഭാര്യയുടെ ആയിരിക്കും.
"ബീൻസിന്റെ കാര്യം എന്തായെന്തോ..."
അടുക്കളയിലേക്ക് നടക്കുമ്പോൾ മനസ്സിൽ പറഞ്ഞു.
"ശ്ശെടാ... ദേ, നിൽക്കുന്നു ഒരുത്തി ബീൻസും കൊണ്ട്. ഇത് ഇതുവരെ തീർന്നില്ലേ?"
ഇത്തവണ എനിക്ക് നല്ല ദേഷ്യം വന്നു.
"ടി... ഇത് ഇന്നെങ്ങാനും തരുമോ?"
ഞാൻ അലറി.
"പക്ഷെ!"
നിങ്ങൾ കേൾക്കണം...
അവള് ഒന്ന് ഞെട്ടിയത് പോലും ഇല്ല.
"എന്തായിരിക്കും കാര്യം?", ചിന്തായിലാണ്ടു
"Yes... പിടികിട്ടി!"
"അതെ. സംഭവം എന്താന്ന് വച്ചാൽ, അവൾ ഇയർപോഡ്സ് വച്ചിട്ടുണ്ട് ".
ചില സമയങ്ങളിൽ ഇയർ പോഡ്‌സിൽ കേൾക്കുന്ന പാട്ടോ, സിനിമ സംഭാഷണങ്ങളൊ, തമാശയൊക്കെ പുറത്തു നിൽക്കുന്നവർക്ക് വരെ കേൾക്കാം.അപ്പൊ തട്ടിട്ടു പറയും ഒച്ച കുറച്ചു വക്കാൻ.
"ഉത്തരവ്", അതാവും മിക്കവാറും മറുപടി.
ഇപ്പോൾ പറഞ്ഞതും മിക്കവാറും കെട്ടിട്ടുണ്ടാവില്ല.
"എന്നാ പിന്നെ ചവുട്ടി പൊളിച്ചു മുന്നിൽ പോയി നിന്നാലോ?"
മനസ്സ് ചോദിച്ചു.
"പോവാല്ലേ?"
വീണ്ടും ചോദിച്ചു.
പോയി; നിന്നു; അവൾ എന്നെ നോക്കി.
"എന്താ?"
ഞാൻ മിണ്ടിയില്ല. അവളെ കൂടുതൽ കടുപ്പിച്ചു നോക്കിക്കൊണ്ട് നിന്നു.
"ഞാൻ കേട്ടു അലറിയത്..."
അവൾ അത് പറഞ്ഞത് കേട്ട് എന്റെ കടുപ്പം അത്യാവിശം കുറഞ്ഞു.. കുറഞ്ഞു.. ലൈറ്റ് ആയി.
"സവാള അരിയണം..."
കുറച്ചു സംഭാഷണ.. കുറച്ചധികം ആശ്വാസം.. അതാണ് നല്ലതു എന്നു തോന്നി.അതുകൊണ്ട് സ്വരം ഒന്ന് മയപെടുത്തിയാണ് ഞാൻ എന്റെ ആവിശ്യം പറഞ്ഞതും.
"മ്മം..."
ഒന്ന് മൂളി, കട്ടിങ് ബോർഡിന്റെ അപ്പുറത്ത് ഇരിക്കണ പാത്രം എടുത്തു മൂടി തുറന്നു.
"ഹായ്... സവാള അരിഞ്ഞത്!"
മനസ്സ് രഹസ്യമായി പറഞ്ഞതാണെങ്കിലും, സ്ഥലം അടുക്കള ആയതു കൊണ്ടാവും അത് അങ്ങാടിയിൽ എത്തിയില്ലെങ്കിൽ പോലും അവളുടെ ചെവിയിൽ എത്തി.
എന്നെയൊന്നു തറപ്പിച്ചു നോക്കി.
"തേങ്ക്സ്!"
ചെയ്ത് തന്ന ഉപകാരത്തിന് നന്ദി പറഞ്ഞില്ലെങ്കിൽ അത് തെറ്റല്ലേ?
എന്നാൽ, അങ്ങനെ ഒന്ന് ഞങ്ങൾക്കിടയിൽ ഇല്ല.
"വല്യ ഉപകാരം." ടേപ്പ് ചെയ്തു വച്ചിരിക്കുന്ന വാചകം.അത് ഇപ്പൊ ചെയ്തു കൊടുക്കുന്ന കാര്യത്തിനായാലും, ഇവിടുന്നു പോയി താരാണെങ്കിലും, ഞങ്ങൾ അതെ പറയു.ഒരു ടോണിൽ അതങ്ങനെ പറഞ്ഞു പോയിട്ടുണ്ടാകും.
ഇതിപ്പോ അവൾക്കും പരിചിതമില്ലാത്ത ഒരു...
"തേങ്ക്സേ!"
വല്യ വിലയൊന്നും തരാതെ മറുപടിയായി..
"മ്മം..." എന്നൊരു മൂളൽ മാത്രം.
അവൾ ബാക്കിയുള്ള ബീൻസിൽ നിന്നും ഒരെണ്ണം എടുത്തു അരിയാൻ തുടങ്ങി, ഇനി ഒരു എഴെട്ടെണ്ണം കാണും
"നിനക്ക് അത് ഒരുമിച്ചരിഞ്ഞൂടെ, ഓരോന്നും വച്ചോണ്ടിരിക്കാതെ?
ഞാൻ അരിഞ്ഞിരുന്നെങ്കിൽ, ദേ, ഈ കാണുന്ന ബീൻസ് ഇപ്പൊ തോരനായി പാത്രത്തിൽ ഇരുന്നേനെ."
"ഒരു വുഷ് സൗണ്ട് ".
തുണി ശക്തിയിൽ ചുഴറ്റുമ്പോൾ ഉണ്ടാകുന്ന ഒരു ഒച്ചയില്ലെ.. അതുതന്നെ.കൃഷ്ണമണിക്ക് അരയിഞ്ചു വ്യതാസത്തിൽ കത്തിയുടെ മുന.
"എടി... ഉണ്ണിയാർച്ചെ!"
ഞാൻ അലറി. അതുപോലെ അല്ലെ, ആ കത്തിമുന, കണ്ണിന്റെ മുന്നിൽ വന്നു നിന്നത്.
"ഹഹഹ... എപ്പോഴും തെറ്റിക്കൊള്ളണം എന്നില്ല.. കേട്ടല്ലോ..."
അവൾ പറഞ്ഞത് ആദ്യം മനസ്സിലായില്ല.
"അവൾക്കു തെറ്റി പോയതാണ്... അപ്പൊ ശരിക്കും..."
മനസ്സിൽ ഒന്നുകൂടി ആലോചിച്ച ശേഷം ആയിരുന്നു ഞാൻ ശരിക്കും ഞെട്ടിയത്.
"ടി... അപ്പൊ ശരിക്കും, കണ്ണിൽ കുത്താനായിരുന്നോ നിന്റെ പ്ലാൻ?"
"Offcourse, that was my plan!"
ഒരു കൂസലുമില്ലാതെ അവൾ അത് പറയുന്നത് കേട്ടു, ഞാൻ അറിയാതെ പറഞ്ഞു:
"സൈക്കോ!"
അത് കേട്ടു എന്നെ നോക്കി പുഞ്ചിരി തൂകി, എന്റെ കവിളിൽ തട്ടി, അവളും പറഞ്ഞു:
"വേഗം പൊയ്ക്കോ!"
