റെയിൻകോട്ട്
റെയിൻകോട്ട്
മഴയുടെ ആദ്യകണങ്ങൾ ഭൂമിയിൽ പതിക്കവേ, അവളൊന്നു നെടുവീർപെട്ടു. തന്റെ പ്രിയപ്പെട്ടവനിലേക്ക് തിരികെ എത്താൻ പോകുന്ന സന്തോഷത്തിലും ഒരു പരിഭവം അവളിൽ നിഴലിച്ചിരുന്നു.
വേനലിൽ തന്നെ ഉപേക്ഷിച്ചുപോയ, തനിക്കായി ഒരു നോട്ടം പോലും മാറ്റിവെക്കാത്ത, തന്റെ പ്രിയപ്പെട്ടവനോട് കുറച്ചു പരിഭവമൊക്കെ ആകാം എന്നു അവളും കരുതി.
"എത്ര നാളായി ഒന്ന് തിരിഞ്ഞു നോക്കിയതുപോലും ഇല്ല..."
മുറിയുടെ ഒരു വശത്തുള്ള അഴയിൽ പഴന്തുണികൾക്കിടയിൽ കിടന്ന് അവൾ ആത്മഗതം പറഞ്ഞു.
വർഷം അഞ്ചു കഴിഞ്ഞിരിക്കുന്നു. തന്റെ പ്രിയപ്പെട്ടവനെ ആദ്യമായി കണ്ടത് അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു. സോഹറ എന്ന സ്ഥലത്തു വച്ചായിരുന്നു അത് — അവിടെ തന്നെ തൂക്കിയിട്ടിരുന്ന കടയിലേക്ക് അവൻ ആദ്യമായി വന്നതും, ആദ്യകാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടതും, അവളുടെ ഓർമ്മയിൽ മിന്നിമാഞ്ഞു. ആ ദിവസം മുതൽ അവന്റെ ദേഹത്ത് പറ്റിച്ചേർന്നു കിടന്നതും, ബൈക്കിൽ യാത്രകൾ ചെയ്തതും ഓർക്കവേ അവളുടെ ഉള്ളം നാണത്താൽ നിറഞ്ഞു.
അവധിക്കു നാട്ടിൽ പോകുന്ന സമയ- മായിരുന്നു ഏറ്റവും കഠിനം. ഒരു മാസമൊക്കെ നീണ്ടുനിൽക്കുന്ന അവധി ദിവസങ്ങൾ ഓർത്തെടുക്കുമ്പോൾ തന്നെ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു.
"എന്തെ എന്നെ കൂടി കൂട്ടിയില്ല..."
ഓരോ ദിവസവും തന്നോട് തന്നെ ചോദ്യങ്ങളുമായി കഴിഞ്ഞതും, തിരികെ വരുമ്പോൾ ഏറെ സന്തോഷിച്ചതും എല്ലാം...
വർഷങ്ങൾ കഴിഞ്ഞു, ജോലിയെല്ലാം തീർത്തു, തിരികെ നാട്ടിൽ സെറ്റിൽ ചെയ്യാനാണ് അവന്റെ പരുപാടി എന്നു കേട്ടപ്പോൾ, ഒരു ആന്തലായിരുന്നു ഉള്ളിൽ.
"എന്ന് ഉപേക്ഷിച്ചു പോകരുത്..."
മനസ്സുകൊണ്ട് പലവട്ടം അവനോട് യാചിച്ചു. പക്ഷെ തന്റെ ആശങ്കകൾ തെറ്റായിരുന്നു എന്നു പിന്നീട് മനസ്സിലായി.
എന്നെ അവന്റെ സുഹൃത്തിനു കൊടുത്തിട്ട് പോകുമോ എന്ന ചോദ്യത്തിന് "പറ്റില്ല" എന്നു മറുപടി പറഞ്ഞ നിമിഷം...
അതെ, അവനു എന്നെ ഒത്തിരി ഇഷ്ടമാണ്. മഴയിൽ കുളിർന്ന യാത്രകളിൽ എന്റെ ചൂട് അവന്നു ആവോളും നൽകിയിട്ടുണ്ട്
എന്നെ മറക്കാൻ, ഉപേക്ഷിക്കാൻ അവനു കഴിയില്ല.
പക്ഷെ...!
"ആ അമ്മേ, റെയിൻകോട്ട് എടുക്കുന്നുണ്ട്!"
മുറിയിലേക്ക് അടുത്ത് വരുന്ന അവന്റെ കാൽപെരുമാറ്റം അവളുടെ നെഞ്ചിടിപ്പുകൾ ഉയർത്തുന്നുണ്ടായിരുന്നു. തന്റെ നേർക്കു നീളുന്ന കയ്യുകളെ അവൾ ആവേശത്തോടെ നോക്കി.
"ഹോ... മൊത്തം പൊടിയാണല്ലോ"
അവൻ പിറുപിറുക്കുന്നത് കേട്ട് അവൾക്കു പരിഭവം തോന്നി.
"ഒന്ന് തിരിഞ്ഞു നോക്കിയതുപോലും ഇല്ലല്ലോ... പൊടിയാണത്രെ... ഹും..."
തന്നെ കയ്യിലെന്തി നിൽക്കുന്ന അവനെ നോക്കി അവളും പിറുപിറുത്തു.
അഴയിൽ കിടന്നിരുന്ന തുണിയെടുത്തു അവൻ അവളുടെ പൊടിയെല്ലാം തുടച്ചു കളഞ്ഞു.
"ഹാ... ഇപ്പൊ കൊള്ളാം."
അവന്റെ വാക്കുകൾ കേട്ട് അവൾ പ്രണയർദ്രയായി.
അവനോടു തോന്നിയ പരിഭവങ്ങളൊക്കെ മണ്ണിനെ പുണരുന്ന മഴത്തുള്ളികളെ പോലെ അലിഞ്ഞില്ലാതെയാകുന്നത് അവൾ അറിഞ്ഞു.
ആദ്യമായി ഈ വീട്ടിൽ വന്നു കയറുമ്പോൾ, അവനെ ശീരീരത്തിൽ ഒട്ടിച്ചേർന്നു കിടക്കുകയായിരുന്നു അവൾ. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു അത്.
വീട്ടിലേക്കു കയറിവരുമ്പോൾ അമ്മ ഉണ്ടായിരുന്നു ഉമ്മറത്ത്.
"എടാ, ഈ റെയിൻകോട്ട് കാണാൻ നല്ല രസമുണ്ടല്ലോ..."
അമ്മയുടെ ആ വാക്കുകളിൽ മതിമറന്നു ആഹ്ലാദിച്ച നിമിഷം.
അവനും അത് ഇഷ്ടമായി.
"പിന്നെ രസമില്ലാതെ നല്ല പൈസ കൊടുത്തു മേടിച്ചതാ..."
അവൻ അവളെ മുറുകെ ചേർത്തു പിടിച്ചു.സോഹറയിൽ ഉള്ളപ്പോൾ, എപ്പോഴും അവൻ അങ്ങനെ ചെയ്യുമായിരുന്നു.തന്റെ ചൂട് കൂടുതൽ ആഗ്രഹിക്കുമ്പോളായിരുന്നു അതെല്ലാം.അത് നൽകാനായി കാത്തിരിപ്പോടെ താനും...
പിന്നീടുള്ള കുറച്ചു ദിവസങ്ങൾ, ഒരുമിച്ചുള്ള യാത്രകൾ...
പക്ഷെ!
തന്നെ മറക്കാൻ കഴിയില്ല എന്നത് സത്യം തന്നെയോഎന്നു തോന്നിത്തുടങ്ങിയ ദിവസങ്ങൾ...
"ചൂടുള്ള ദിവസങ്ങളാണത്രേ...വേനലെന്നാ വിളിക്കണേ...."
അതുകൊണ്ട് എന്നെ വേണ്ടപോലും. കാറിലാണ് ഇനിയുള്ള യാത്രകൾ എന്നു അറിഞ്ഞപ്പോൾ വിഷമം തോന്നി.
മുറിയുടെ ഒരു വശത്തുള്ള അഴയിലേക്ക് എടുത്തെറിയപ്പെട്ടു.
"അപ്പോൾ അന്ന്, ആർക്കും കൊടുക്കില്ല എന്നു പറഞ്ഞത് ഇതുപോലെ ഉപേക്ഷിക്കാനായിരുന്നോ?"
അഴയിലെ പഴയ തുണികളുടെ കൂടെ.. ചില ദിവസങ്ങളിൽ തന്റെ ദേഹത്തേക്ക് വലിച്ചെറിയുന്ന അവന്റെ മുഷിഞ്ഞ തുണികളുടെ ഗന്ധംപേറി..
അങ്ങനെ തന്റെ എതിർവശത്തുള്ള ജനാലയിൽ കൂടി പുറത്തേക്കു കണ്ണെറിഞ്ഞു കഴിച്ചുകൂട്ടിയ ദിവസങ്ങൾ അവളുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു.
"ഒരു മഴപെയ്ത്തിരുന്നെങ്കിൽ... തണുപ്പാൽ ഈ ഭൂമി ഒന്ന് മൂടപ്പെട്ടിരുന്നെങ്കിൽ..."
അതൊരു പ്രാർത്ഥനയായിരുന്നു — തന്നെ മറന്ന തന്റെ പ്രിയനിലേക്ക് എത്തിച്ചേരാനുള്ള പ്രാർത്ഥന.
മഴയുടെ ആദ്യകണങ്ങൾ ഭൂമിയിൽ പതിക്കവേ, തന്റെ പ്രാർത്ഥന സ്വീകരിച്ച ദൈവത്തെ സ്തുതിച്ചു, ഒന്ന് നെടുവീർപ്പെട്ടു.
റൈൻകോട്ടും കയ്യിലെന്തി പുറത്തേക്കിറങ്ങുന്ന അവനോടു, പിറകിൽ നിന്നും ഒരു ചോദ്യമുയർന്നു.
"ഈ മഴയത്ത് ആ കാറും കൊണ്ടു പോയപ്പോരെ, ബൈക്കിൽ പോയി നനയണോ?"
ആ പുരുഷ ശബ്ദത്തിന് അവൻ എന്തു ഉത്തരം നൽകും എന്നോർത്ത അവൾ ആശങ്കയിലായി.
"ഞാനില്ലാതെ പോകരുത്..."
അവൾ മന്ത്രിച്ചുകൊണ്ടേയിരുന്നു.
"അച്ഛാ, എല്ലായിടത്തും ട്രാഫിക് ബ്ലോക്കാണ്. ബൈക്കിൽ ആണെങ്കിൽ എങ്ങനെങ്കിലും എത്താം. പിന്നെ, ദേ, റെയിൻകോട്ടുണ്ടല്ലോ... ഒട്ടും നനയൂല്ല."
അച്ഛന്റെ നേർക്കു തന്നെ എടുത്തുയർത്തി അവൻ പറയുന്ന വാക്കുകൾ കേട്ട്, അഭിമാനിതയായി പോയ നിമിഷങ്ങൾ ആയിരുന്നു അത്.
ബൈക്കിൽ അവന്റെ ശരീരത്തിൽ ഒട്ടിച്ചേർന്നു പോകുമ്പോൾ, എന്റെ മനസ്സ് കണ്ടെന്നോണം മഴ കൂടുതൽ ശക്തിയിൽ പെയ്യാൻ തുടങ്ങി.
വണ്ടി ഒരു കടയുടെ വശത്തായി ഒതുക്കി, എന്നെ കൂടുതൽ ഇറുകെ പുണർന്ന അവനു, തന്റെ ചൂട് അവൾ ആവോളും പകർന്നു നൽകി.
യാത്രയുടെ അവസാനം തിരികെ വീട്ടിൽ എത്തുമ്പോൾ, അവൾ ഏറെ സന്തോഷവതിയായിരുന്നു.
തന്നെ അവന്റെ ശരീരത്തിൽ നിന്നും അഴിച്ചു മാറ്റവേ, ഇതുവരെ കാണാത്ത കാഴ്ച കണ്ടു അവൾ കണ്ണുകൾ മിഴിച്ചു.
"ഉടുപ്പൊക്കെ നനഞ്ഞല്ലോ... നിന്നോട് കാറിൽ പോകാൻ പറഞ്ഞതല്ലേ?"
അവന്റെ ഉടുപ്പ് നനഞ്ഞിരിക്കുന്നത് കണ്ടു അവൾ സ്ഥബ്ധയായി നിന്നു.
"ഇല്ല... ഞാൻ... ഞാൻ..."
വാക്കുകൾ കിട്ടാതെ, ഉള്ളിൽ ഒരു വിങ്ങലോടെ അവൾ അവനെ നോക്കി.
"വർഷം അഞ്ചായില്ലേ, അച്ഛാ... ഉപയോഗിച്ച് ചീത്തയായി കാണും."
അവന്റെ വാക്കുകളിലെ വിരക്തത, അവളെ ഏറെ വേദനിപ്പിച്ചു.
തന്നെ അവൻ ഉപേക്ഷിക്കുമോ എന്ന ചിന്തയിൽ ഭ്രാന്തമായി അവൾ ഒഴുകി.
"എടാ ദേ വഴിവക്കത്തു, നൂറു രൂപയ്ക്ക് വിൽക്കുന്ന റെയിൻകോട്ട് കിട്ടും. ഇതുപോലെ വലിയ സ്റ്റൈൽ ഒന്നും അല്ല... പക്ഷേ, മഴ നനയില്ല."
അച്ഛന്റെ വാക്കുകളുടെ ധ്വനി ഊഹിച്ചെടുക്കാൻ അവൾക്കു അധിക സമയം വേണ്ടിവന്നില്ല.
"താൻ ഉപേക്ഷിക്കപ്പെടാൻ പോകുന്നു..."
ഞെട്ടലോടെ അവൾ അവനെ നോക്കി.
അവൻ തന്നെ ഒന്ന് നോക്കിയിരുന്നെങ്കിൽ എന്നവൾ ആശിച്ചു.
"ആ ഞാൻ കണ്ടു... കളർ ഒക്കെ ഒരു മാതിരിയാണ്..."
അവനും അത് ശ്രദ്ധിച്ചിരിക്കുന്നു.
"അതൊക്കെ ശരി തന്നെ... പക്ഷെ, ഉപയോഗിച്ച് ചീത്തയായാൽ കളഞ്ഞിട്ട് വേറെ മേടിക്കാല്ലോ. ഇവിടെ നാട്ടിൽ അതൊക്കെ മതി. ഇനിയിപ്പോ നീ വല്ല റൈഡ് ഒക്കെ പോകുന്നുണ്ടെങ്കിൽ, ഇപ്പോളുള്ളപ്പോലത്തെ വേറൊരണ്ണം മേടിച്ചാൽ പോരെ?."
കുറച്ചു നാൾ ഉപയോഗിച്ച് കളയാവുന്നതു... അങ്ങനെ എത്രെണ്ണം?
ഒന്ന് മാറി മറ്റൊന്ന്... അതുമാറി മറ്റൊന്ന്...
ദിവസങ്ങളോ അല്ലെങ്കിൽ മാസങ്ങളോ നിലനിൽക്കുന്ന ബന്ധം, അതുമല്ലെങ്കിൽ എന്നെപോലെ തന്നെ വേറൊരണ്ണം..
എന്നാലത് എന്റെ പോലെ ആവുമോ?
ചിന്തകളുടെ തിരയിലകപ്പെട്ട് അവൾ, കരയിലെത്താൻ ആവാതെ തളർന്നിരുന്നു.
താഴെ കിടന്ന അവളെ എടുത്തത് അവന്റെ അമ്മയായിരുന്നു...
"ഇത് ഇവിടെ പ്ലാസ്റ്റിക് പെറുക്കാൻ വരുന്ന ഒരു പയ്യനല്ലേ... അവനു കൊടുക്കാം. അവൻ തുന്നിയോ കെട്ടിയോ ഉപയോഗിച്ചോട്ടെ..."
നടന്നു പോകുന്ന അമ്മയുടെ കയ്യിൽ കിടന്നു അവളെ അവനെ നോക്കി.
അവളെ ശ്രദ്ധിക്കാതെ മൊബൈലിൽ എന്തോ തിരിയുന്ന അവനെ കണ്ടു അവളുടെ ഉള്ളൊന്നു വിങ്ങി.
നിമിഷങ്ങൾക്കകം വീടിനു പുറത്തെ അഴയിൽ അവൾ തൂങ്ങി കിടന്നു.
രാത്രിയുടെ ശബ്ദങ്ങൾ അവളെ പേടിപ്പെടുത്തുന്നുണ്ടായിരുന്നു.
നിനക്കായി കൊണ്ട മഴയും, മഞ്ഞും...
നിനക്കായി പകർന്ന ചൂടും, നിന്നിലെ ഗന്ധവും, ഇനി എനിക്ക് അന്യമാണ്.
ഈ കാലമത്രയും നിന്റെ കൂടെ കഴിയാൻ സാധിച്ചതിൽ ഞാൻ ധന്യയാണ്.പരിഭങ്ങളില്ല, സ്നേഹമാത്രം..."
പുറത്തെ ലൈറ്റ് അണയവേ, ഒരു തേങ്ങൽ ഉയർന്നു.മഴ ശക്തിയോടെ താഴേക്കു പെയ്തിറങ്ങി.

