Sheena Aami

Drama Romance

4.4  

Sheena Aami

Drama Romance

അയാളും ഞാനും തമ്മിൽ...

അയാളും ഞാനും തമ്മിൽ...

5 mins
598


ഇതൊരുപക്ഷേ ഞങ്ങളൊരുമിച്ചുള്ള അവസാനത്തെ സായാഹ്നമായേക്കാം. പക്ഷെ ഞാനങ്ങനെ ചിന്തിക്കുകയില്ല. ഈ നിമിഷം. ഇതിങ്ങനെ തന്നെ നിലനിൽക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. പക്ഷെ അതെന്റെ സഹയാത്രികന്‌ ഒരിക്കലും മനസിലാക്കാനാവില്ല. അയാളങ്ങനെയാണ്.


കടൽ തീരത്തെ ഇളം കാറ്റിൽ ഞാനയാളുടെ തോളിലേക്ക് തലചായ്ച്ചുകൊണ്ട് വെറുതെ ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. ഞങ്ങൾക്കിടയിൽ മൗനം ഒരു മതിൽ തീർത്തിരിക്കുന്നു. എങ്കിലും ഇടയ്ക്കിടെ ഞാൻ തലചെരിച്ചു അയാളെ ശ്രദ്ധിക്കുന്നുണ്ട്. അയാൾ അഗാധമായ മറ്റേതോ ചിന്തയിലാണെന്ന് എനിക്കറിയാമായിരുന്നു.


അസ്തമനസൂര്യൻ ഭാഗീഗമായും കടലിൽമുങ്ങിത്താണിരിക്കുന്നു. പൂർണമായും കടലിലൊളിക്കാനത് വെമ്പൽ കൊള്ളുകയാണെന്ന് എനിക്ക് തോന്നി. എന്നെപോലെ...


കുറച്ചപ്പുറത്ത് മണലിലൂടെ ഓടിനടക്കുന്ന രണ്ടു കുഞ്ഞുങ്ങളിലേക്ക് പലപ്പോഴായി എന്റെ നോട്ടം അറിയാതെ പാറി വീഴുന്നുണ്ട്. അവർക്ക് പിറകെ ഓടുന്ന സ്ത്രീയും പുരുഷനും. അവരുടെ കൈകളിൽ ആ കുഞ്ഞുങ്ങൾ സുരക്ഷിതരാണ്. അവരുടെ ചിരിയൊച്ചകൾ എന്തുകൊണ്ടോ എന്നെ അസ്വസ്ഥയാക്കുന്നു. ഞാനവിടെനിന്ന് ശ്രദ്ധതിരിക്കാൻ ശ്രമിച്ചു.


മറ്റുപലരും അസ്തമനസൂര്യന്റെ ഭംഗി ക്യാമറയിൽ പകർത്തുന്ന തിരക്കിലാണ്. എവിടെനിന്നൊക്കെയോ വന്ന് എങ്ങോട്ടൊക്കെയോ പോയ് മറയുന്ന, അപരിചിത മുഖങ്ങളിൽ വിരിയുന്ന കൗതുകങ്ങൾ... സ്ഥിരം കാഴ്ചകളുടെ വിരസതയല്ലാതെ എനിക്കിവിടം മറ്റ് യാതൊന്നും സമ്മാനിക്കുവാനില്ല.


നമുക്ക് വിവാഹിതരായാലോ???? നാളുകളായി ഈ ചോദ്യം എന്റെയുള്ളിൽ കിടന്ന് വീർപ്മുട്ടുകയാണ്. അതിശക്തക്തമായ, അജ്ഞാതമായ, ഏതോ വികാരത്തിന്റെയുൾപ്രേരണയാൾ ഇനിയെങ്കിലും ഞാനത് ചോദിക്കണമായിരുന്നു. മറ്റെല്ലാ ചിന്തകളേയും നിഷ്പ്രഭമാക്കുന്ന ഈ നിമിഷത്തിലെങ്കിലും. പിന്നീടൊരിക്കലും ചോദിച്ചില്ലെന്ന കുറ്റബോധം തോന്നാതിരിക്കാൻ ഒരിക്കലെങ്കിലും ഞാനത് ചോദിക്കണമായിരുന്നു.


ഞാനത് ചോദിച്ചിരുന്നുവെങ്കിൽ അയാൾ തീർച്ചയായും അമ്പരന്ന് പോയേക്കാം. ചിന്തകളുടെ അഗാധതകളിൽ നിന്ന് ഞൊടി നേരം കൊണ്ട് മോചിതനാവുകയും, ഞെട്ടലോടെ എന്റെ മുഖത്തേക്ക് നോക്കുകയും ചെയ്തേക്കാം. എന്നാൽ അയാളുടെ മുഖത്തേക്ക് നോക്കാൻ ഞാനാനിമിഷം അശക്തയായിരിക്കുമെന്ന് എനിക്കറിയാം.


അയാളുടെ മുഖത്തെ സ്തംഭനാവസ്ഥ ഏതാനും നിമിഷത്തേക്ക് അയാൾക്ക്‌ മായ്ക്കുവാനോ, മറയ്ക്കുവാനോ സാധ്യമല്ല. അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ഈ പ്രപഞ്ചത്തിലെ സകലമാന വിഷയങ്ങളും പലപ്പോഴായി ഞങ്ങളിലേക്ക് കടന്ന് വന്നിട്ടുണ്ട്. അതിൽ ഒരിക്കലും ഉൾകൊള്ളാത്ത ഒരു വിഷയമാണത്. വിവാഹം... ഒരു നിമിഷം പോലും അങ്ങനെ ഒരു കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലാത്ത രണ്ടുപേർ... അങ്ങനെ പറഞ്ഞാൽ അതൊരു വലിയ ആത്മ വഞ്ചനയാവും. വിവാഹമെന്ന് ഓർക്കുമ്പോഴെല്ലാം ഞാനയാളെ കുറിച്ച് മാത്രമേ ചിന്തിച്ചിരുന്നുള്ളു എന്നതാണ് സത്യം... മറ്റൊരു തരത്തിൽ പറഞ്ഞാൽ അയാളെന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത് മുതലാണ് ഞാൻ വിവാഹത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. എന്നാലത് അയാളോട് പങ്കുവയ്ക്കാൻ ധൈര്യമുണ്ടായിട്ടില്ല. ഒരിക്കലും...


അത്തരമൊരുപാധിയെ കുറിച്ച് സൂചിപ്പിച്ചാൽ അയാളെന്നിൽ നിന്ന് അകന്ന്പോവുമോ എന്ന ഭയം... അയാളെ എനിക്ക് നഷ്ടപെടുമോയെന്നഭയം...


ബന്ധങ്ങളോ, ബന്ധനങ്ങളോ ഇല്ലാതെ പാറിപ്പറന്ന് നടക്കാനാഗ്രഹിക്കുന്ന രണ്ടുപേർ... ദിശയില്ലാത്ത ഒരു യാത്രയിലെ ഏതോ ഒരു ബിന്ദുവിൽവെച്ചവർ കണ്ടുമുട്ടുന്നു. അന്ത്യമില്ലാത്ത ആ യാത്രയിൽ കുറച്ചുദൂരം അവർ ഒരുമിച്ചു സഞ്ചരിക്കുകയായിരുന്നു. വളരെ കുറച്ചുദൂരം... പിന്നെ ഉപാധികളില്ലതെ പിരിയുന്നു, എങ്ങോട്ടെന്നില്ലാതെ മറയുന്നു. അതിനിടയിലെ ചില സുന്ദരനിമിഷങ്ങൾ എങ്ങോവീണ് ചിതറുന്നു. പക്ഷ.... ഇടയ്ക്കെപ്പോഴോ സഹയാത്രികയുടെ ചിന്തകളിൽ സൃഷ്ടിക്കപ്പെട്ട മാറ്റങ്ങൾ അയാൾ അറിഞ്ഞിരുന്നില്ല. ഒരിക്കലും...

ഞാനൊരു സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞ ഏതോ ഒരു നിമിഷമായിരുന്നു അത്.....

ഇപ്പോഴും വ്യക്തമായ ഓർമയുണ്ട് ആ ട്രെയിൻ യാത്ര....

അച്ഛനമ്മമാർക്ക് ഞാനെന്നും ഒരതിഥിയായിരുന്നു. വെക്കേഷനുകളിൽ ബോർഡിങ്ങിൽ നിന്ന് കൃത്യമായ അനുപാതത്തിൽ ഞാനവർക്ക് വീതിച്ചുനല്കിയിരുന്ന എന്റെ ദിനങ്ങൾ... അച്ഛന്റെ ഭാര്യയുമായി എനിക്ക് കാര്യമായ അടുപ്പമൊന്നുമില്ല. എന്നാൽ അമ്മയുടെ ഭർത്താവെന്നോട് പലപ്പോഴും കാണിക്കാറുണ്ടായിരുന്ന അടുപ്പം. അതെനിക്ക് ഭയമായിരുന്നു.


തിരക്കേറിയ നഗരത്തിലെ മൾട്ടിനാഷണൽ കമ്പനിയിലെ ഉദ്യോഗം. അതാണെനിക്ക് മോചനം തന്നത്. എന്റെ ജീവിതം എന്റെ കൈകളിൽ ഒതുങ്ങാത്ത ഒന്നാണെന്ന തിരിച്ചറിവും ആ നഗരത്തിൽ നിന്നാണെനിക്ക് ലഭിച്ചത്. ചുറ്റുമുള്ളതെല്ലാം എന്നെ പെട്ടെന്ന് മടുപ്പിക്കുന്നവയായിരുന്നു. ഒന്നിനും എന്നെ ഒരിടത്തും പിടിച്ചു നിർത്താനാവുമായിരുന്നില്ല. മാറിമാറി ഞാൻ ചെയ്ത ജോലികളെല്ലാം തുടക്കം മുതലേ എന്നെ മടുപ്പിക്കുന്നതായിരുന്നു. എന്നെ പിടിച്ചു നിർത്താൻ തക്ക കാന്തീകശക്തിയുള്ള യാതൊന്നും എനിക്കെവിടെയും കണ്ടെത്താനായില്ലെന്നതാണ് സത്യം. അതിനു വേണ്ടിയുള്ള ഒരന്വേഷണമായിരിക്കാം എന്റെ ജീവിതമെന്ന് ഞാൻ കരുതി.


എത്ര തലകുത്തി നിന്നാലും ചെയ്തുതീർക്കാനാവാത്ത പെന്റിങ് പ്രോസസ്സുകൾ തലക്കകത്ത് പെരുപ്പായി പടർന്ന ആ ദിവസം ഞാനവിടെയും എന്റെ സഹനം യാതൊരുവിധ ഉപാധികളുമില്ലാതെ ഉടച്ചുകളഞ്ഞു.


പിന്നീടായിരുന്നു ആ യാത്ര... മനസിനും ശരീരത്തിനും അതത്യാവശ്യമായിരുന്നു.

ആവശ്യത്തിലധികം മുറുക്കിക്കെട്ടിയ കടിഞ്ഞാണുകളിൽ ശ്വാസം മുട്ടിപ്പിടയുന്ന ജീവിതങ്ങൾ എന്റെ കണ്ണിൽ സഹതാപമർഹിക്കുന്ന കാഴ്ചകളായിരുന്ന കാലം... ഞാനയാളെ ആദ്യമായി കണ്ടു. അയാളുടെ മുഷിഞ്ഞുലഞ്ഞ കാവി ജൂബയും, ചീകിയൊതുക്കാത്ത മുടിയും, ദിവസങ്ങളായി ഷേവ് ചെയ്യാത്ത താടിയും, അലസമായഭാവവും, സദാ ചുണ്ടിലെരിയുന്ന സിഗററ്റും എല്ലാം ആദ്യകാഴ്ചയിൽ തന്നെ എന്നെ അയാളിലേക്കാകർഷിക്കാൻ പോന്നവയായിരുന്നു.

അയാളുടെ ആഴത്തിലുള്ള കണ്ണുകളിലെയാ കാന്തീകത മറ്റുപലരെയും പോലെ എന്നേയും അയാളുടെ അടിമയാകുകയായിരുന്നോ ??? അറിയില്ല...


അയാളൊരു തുറന്ന പുസ്തകമായിരുന്നു. വളരെ പെട്ടെന്ന് അടുത്തു. ഒരു കലാകാരന്റെ എല്ലാ ബലഹീനതകളും അയാളുടെ സ്വന്തമായിരുന്നുവെന്ന് ഏതാനും ദിവസത്തെയാ യാത്രയിൽ തന്നെ തിരിച്ചറിഞ്ഞു. പക്ഷെ ഒരിക്കൽ പോലും അയാളെന്നോട് നിലവിട്ട് പെരുമാറിയില്ല. ഞാനതാഗ്രഹിച്ച് തുടങ്ങിയിരുന്നുവെങ്കിൽ പോലും...


ഞാനയാളുടെ കണ്ണുകളിലേക്ക് നോക്കാതിരിക്കാൻ പലപ്പോഴും ശ്രദ്ധിച്ചു. ഒരുപക്ഷെ അതെന്നെ ഏതോ നിലയില്ലാക്കയത്തിലേക്ക് പിടിച്ചാഴ്ത്തുമെന്ന് ഞാൻ ഭയന്നു. എന്റെയാ ഭയത്തെ പോലും അയാൾ ഒരിക്കലും തിരിച്ചറിഞ്ഞതായി തോന്നിയില്ല. അനേകമനേകം സ്ത്രീ ശരീരങ്ങളെ ആവാഹിക്കുന്നയാളിന് എന്ത്‌കൊണ്ടാണ് ഒരു സ്ത്രീയുടെ മനസ്സറിയാനാവാത്തതെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചു.


അന്ന്... കേവലമൊരു സഹയാത്രികമാത്രമാക്കിയെന്നെ മാറ്റിയിട്ട്, ആ യാത്രയുടെ ഏതോ ഒരു ബിന്ദുവിൽ അയാൾ മറഞ്ഞിരുന്നു...


അയാളുടെ കാഴ്ചപ്പാടിൽ ജീവിതം തന്നെ അയാൾക്കൊരു യാത്രയായിരുന്നു. ഏതാണ്ട് മുപ്പത്തിനാല് വർഷത്തോളം ദൈർഖ്യമുള്ള അയാളുടെയാ യാത്രയിൽ അയാൾ പിന്നീടൊരിക്കലും ഓർമിച്ചെടുക്കാൻ ശ്രമിക്കാത്ത തീരെ വിലകുറഞ്ഞ ഏതാനും ദിവസങ്ങളുടെ പേരിലാണ് ഞാനീ നഗരത്തിലെത്തിയത്.


മാസങ്ങളുടെ പരിശ്രമങ്ങൾക്കൊടുവിൽ ഞാനയാളെ കണ്ടെത്തുകയായിരുന്നു. കൃത്യമായൊരു നമ്പറോ, സ്ഥിരമായൊരു മേൽവിലാസമോ, അവകാശപ്പെടാനില്ലാതെ എനിക്കെങ്ങനെ അതിന് കഴിഞ്ഞു എന്ന് ഞാനിപ്പോൾ അമ്പരക്കുന്നു. ഒരു മനുഷ്യന്റെ ഇച്ഛാശക്തിയോളം പ്രസക്തമല്ല മുകളിൽ ഞാൻ പറഞ്ഞതൊന്നും എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം കൂടിയായിരുന്നു അത്.


മാസങ്ങളുടെ ഇടവേളകളെ തീർത്തും നിഷ്പ്രഭമാക്കിക്കൊണ്ട് സ്വതസിദ്ധമായ ആ മന്ദഹാസത്തോടെ അയാളെനിക്ക് മുന്നിൽ നിന്നു...

"എനിക്കറിയാമായിരുന്നു " എന്ന് മാത്രം അയാൾ പറഞ്ഞു.

എന്താണെന്ന് ഞാൻ ചോദിച്ചില്ല. ചോദിക്കാനാഗ്രഹിച്ചില്ല എന്നതാണ് സത്യം. അയാളുടെ വാക്കുകൾ എന്നിൽ ഉണർത്തുന്ന ചിന്തകളോളം ആഴത്തിലുള്ളതല്ല അതിലെ യാഥാർഥ്യമെങ്കിൽ ഞാനത് അറിയാനാഗ്രഹിച്ചില്ല.

പിന്നീടങ്ങോട്ട്... ഈ നഗരത്തിന്റെ തിരക്കിൽ, അയാളുടെ ഭാഷയിൽ ഒരു സഹയാത്രികയായി, അയാളോടൊപ്പം...

എന്നാൽ അയാളിൽനിന്നൊന്നും പ്രതീക്ഷിക്കാനില്ലാതെ...

ഈ നഗരമെന്നെ മടുപ്പിച്ചില്ല. ഇവിടുത്തെ തിരക്കുകളും...

അയാളുമായുള്ള ഓരോ കൂടിക്കാഴ്ചകളും എന്നിൽ ഓരോ പുതിയ എന്നെ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്നു...


അന്ന്... ഞാനയാളെ ആ ഇടുങ്ങിയ കുടുസ്സുമുറിയിൽ വെച്ച് കാണുമ്പോൾ, അയാൾ ചിതറിക്കിടക്കുന്ന മദ്യക്കുപ്പികൾക്കും ഒഴിഞ്ഞ ഗ്ളാസുകൾക്കുമിടയിൽ കുനിഞ്ഞിരുന്ന് എന്തിനെന്നറിയാതെ വിതുമ്പുന്ന ഒരു കുട്ടിയായിരുന്നു... അന്നയാളെനിക്ക് നേരെയുതിർത്ത നിസ്സഹായതയുടെ നോട്ടമെന്നെ അയാൾക്ക്‌ ബാല്യം നഷ്ടമാക്കിയ അയാളുടെ അമ്മയാക്കി മാറ്റുകയായിരുന്നു...


എന്റെ ഉദരത്തിലേക്ക് മുഖം ചേർത്ത് അയാൾ ഒരു കുഞ്ഞിനെപ്പോലെ വിതുമ്പിയപ്പോൾ, എന്തിനെന്നറിയാത്ത ഒരു ഭയമെന്നെ ഞാനയാൾക്ക് ജന്മം നല്കിയിട്ടില്ലായെന്ന് ഓർമിപ്പിച്ചുകൊണ്ടിരുന്നു... അന്ന് ഞാൻ എന്നിലെ പെൺകുട്ടിയെ മറികടന്ന് ഒരു സ്ത്രീയായി മാറുകയായിരുന്നു.


പിന്നീടൊരിക്കൽ അയാളുടെ മുറിക്ക് മുന്നിൽ ഞാനക്ഷമയോടെ കാത്തുനിന്ന ആ ദിവസം തുറക്കപ്പെട്ട വാതിലിന് മുന്നിൽ ഭാവഭേദമില്ലാത്ത പതിവ് ചിരിയെനിക്ക് സമ്മാനിച്ച അയാളുടെ മുഖത്തുനിന്നും, അഴിഞ്ഞുലഞ്ഞ മുടി കെട്ടിവെക്കാൻ ശ്രമിക്കുന്ന, നെറ്റിയിൽ കുങ്കുമം പടർന്ന ഒരു സ്ത്രീരൂപത്തിലേക്ക് എന്റെ നോട്ടം പാളിവീണ ആ നിമിഷത്തിൽ, എന്നെ നോക്കിയ അവളുടെ കണ്ണുകളിലെ അവജ്ഞ തിങ്ങിയ ഭാവം എനിക്കുത്തരം കിട്ടാത്ത എന്റെയുള്ളിലെ മുറിപ്പാടാവുകയായിരുന്നു.


ഞാനെന്നോടുതന്നെ യുദ്ധം ചെയ്ത കുറേ നാളുകൾ....

എന്റെ മനസിലെ, എന്നെ കുറിച്ചുള്ള ചിന്തകളുടെ, ആകുലതകളുടെ, അവസാനത്തെ കണികയും ഉടച്ചുകളഞ്ഞ അന്ന് ഞാനാദ്യമായി അയാളുടെ കണ്ണുകളെ നേരിട്ടു. അതെന്നെ ഏതോ നിലയില്ലാ കയത്തിലേക്ക് എടുത്തെറിയുമെന്ന്

അറിഞ്ഞുകൊണ്ട് തന്നെ...

എനിക്കാ അഗാധതയിൽ മുങ്ങിത്താഴാണമായിരുന്നു, ശ്വാസമില്ലാതെ പിടയണമായിരുന്നു. അന്നാദ്യമായി അയാളെന്നെ സ്പർശിച്ചു. ഒരു ചെറുചലനം കൊണ്ട് പോലും ഞാനയാളെ തടയാനാഗ്രഹിച്ചില്ല. ഞാനെന്നെ അയാൾക്ക്‌ സമർപ്പിക്കുകയായിരുന്നു. ഉപാധികളേതുമില്ലാതെ...

സ്ത്രീയെന്ന നിലയിൽ ഞാനന്ന് പൂർണത നേടുകയായിരുന്നു. അയാൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആദ്യത്തെ പുരുഷനായിരുന്നു. എന്നാൽ ഞാൻ അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്ന, കൃത്യമായി ഒരു നമ്പർ അയാൾക്ക്‌ ഓർത്തെടുക്കാനില്ലാത്ത എത്രാമത്തെയോ സ്ത്രീയായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു... എങ്കിലും ഞാനയാളെ ഒരുപാട് സ്നേഹിക്കുകയായിരുന്നു. ഉപാധികളേതുമില്ലാതെ...


പിന്നീടെപ്പോഴാണ് അയാളിലെ അവസാനത്തെ സ്ത്രീയാവാൻ ഞാനാഗ്രഹിച്ചു തുടങ്ങിയതെന്ന് എനിക്കറിയില്ല. അയാളുടെ ശ്വാസത്തിൽ കലരുന്ന മറ്റൊരു സ്ത്രീയുടെ ഗന്ധം അസഹ്യമായി തോന്നുന്ന ഒരു സാധരണ പെണ്ണാവുകയായിരുന്നു ഞാനപ്പോൾ.


അയാളെന്നിൽനിന്നകലുന്ന നാളെന്നെ ഭയപ്പെടുത്തി. എനിക്കയാളെ വേണമായിരുന്നു. അയാളുടെ ജീവനെ എനിക്കെന്റെ ഉദരത്തിൽ സൂക്ഷിക്കണമായിരുന്നു. അയാളെന്നെയൊന്ന് കെട്ടാതെ കെട്ടിയിട്ടിരുന്നെങ്കിലെന്ന് ഞാനാഗ്രഹിച്ചു...


അയാളുടെ ഭാഷയിൽ സാമ്പ്രദായിക ജീവിതത്തിന്റെ മുഷിഞ്ഞു നാറിയ മേലുടുപ്പൂരിയെറിഞ്ഞ സ്വതന്ത്രനായ അയാളതിന് തയാറാവില്ലെന്നറിഞ്ഞിട്ടും ആകാശത്തോളം മോഹിച്ചു. അവിടത്തെ അനേകായിരം നക്ഷത്രങ്ങളിലൊരുവളാണെന്ന് അറിയാമായിരുന്നിട്ടും... പൈതങ്ങൾ അമ്പിളിമാമന്‌ വേണ്ടി വാശിപിടിക്കുന്നത് പോലെ... പറയാതെ ഞാൻ പറഞ്ഞതൊന്നും ഒരുനാളും അയാൾ അറിഞ്ഞതായി തോന്നിയില്ല.


അയാളുടെ കാഴ്ചപ്പാടിൽ അയാളുടെ വ്യക്തിത്വത്തെ മാനിക്കുന്ന, അയാളുടെ സ്വതന്ത്ര്യത്തിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കാത്ത ഒരേയൊരു സ്ത്രീയായ എനിക്ക് അയാളെ നിരാശനാക്കാനാവുമായിരുന്നില്ല. ഒരിക്കലും... സ്വയമൊരു കർപ്പൂരമാവുമ്പോഴും അയാളുടെ കണ്ണുകളിൽ ആ പ്രകാശം സൂക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു.


അയാളോടൊപ്പം ആ കടൽക്കരയിൽ നിന്ന് തിരികെ നടക്കുമ്പോൾ ഞാൻ മനസ് ശാന്തമാക്കാൻ ശ്രമിക്കുകയായിരുന്നു...

ഇതുവരെ അടുത്തറിഞ്ഞ സ്ത്രീശരീരങ്ങൾ മനം മടുപ്പിക്കുന്ന ഒരു നാൾ അയാളിൽ ഉണ്ടാവുകയാണെങ്കിൽ, അയാളെ അറിഞ്ഞ ഒരേയൊരു സ്ത്രീ മനസിന്‌ മുന്നിൽ വിധി അയാളെ കൊണ്ടെത്തിക്കുമെന്ന് എനിക്കറിയാമായിരുന്നു.

എന്റെ കണ്ണുകളിലെ ഒരിക്കലും മരിക്കാത്ത പ്രണയം തേടി അയാൾക്ക്‌ ഒരിക്കൽ വരാതിരിക്കാനാവില്ല. അയാളിലെ അവസാനത്ത സ്ത്രീയാവണമെന്നത് വിധിയോടുള്ള എന്റെ യാചനയാണ്.


എനിക്ക് വേണ്ടി മാത്രമായി അയാൾ എന്റെ മുന്നിൽ വന്ന് നിൽക്കുന്ന ആ നിമിഷം, ഞാനയാൾക്ക് വേണ്ടി മാത്രമായി കാത്തിരിക്കുകയാണെന്ന തിരിച്ചറിവിൽ, അയാൾ വീണ്ടുമെന്നെ നോക്കി ഇങ്ങനെ പറയണമെന്ന് ഞാനാഗ്രഹിക്കുന്നു.

"എനിക്കറിയാമായിരുന്നു". അന്നും ഞാനയാളോട് ചോദിക്കുകയില്ല

എന്താണെന്ന്...


Rate this content
Log in

Similar malayalam story from Drama