Rahul Sankunni

Fantasy

3.9  

Rahul Sankunni

Fantasy

ജാതകം

ജാതകം

2 mins
494


        


യുക്തിവാദികളുടെ മീറ്റിങ്ങിൽ നിന്നിറങ്ങി വീട്ടിലെത്തിയ ചെറുപ്പക്കാരൻ ആദ്യം ചെയ്തത് കത്തിച്ചു കളയാനായി സ്വന്തം ജാതകം തപ്പിയെടുക്കുകയാണ് . കത്തിക്കുന്നതിനു മുൻപ് വെറുതെ ഒന്നു നോക്കിയതും യുവാവ് ഞെട്ടി .അതുവരെ ജീവിതത്തിൽ നടന്നതും നടത്തിയതുമെല്ലാം ജാതകത്തിലുണ്ട് . പരീക്ഷയിൽ തോറ്റതും പാമ്പു കടിച്ചതും മുതൽ ആദ്യമായി വേശ്യയെ കാണാൻ പോയതു വരെ. എല്ലാം നാഴിക,വിനാഴിക കൃത്യമായി .ജാതകം അവസാനിക്കുന്നത് 'ജാതകന് പത്തൊമ്പതു വയസ്സും പത്തു മാസവും ആറു ദിവസവും മൂന്നു നാഴികയും ഏഴു വിനാഴികയും പ്രായമാകുമ്പോൾ ഈ ജാതകം തപ്പിയെടുത്തു വായിക്കും . ശേഷം ഭ്രമാത്മകം.' എന്ന വാചകങ്ങളോടെയാണ് .


മരണഭീതി ചെറുപ്പക്കാരനെ ഗ്രസിച്ചു . ഇതിൻറെ പൊരുളറിയണം . ജാതകം എഴുതിയ ആളിനെ കണ്ടെത്തിയേ മതിയാകൂ . അയാൾ തിരഞ്ഞു പുറപ്പെട്ടു . ഏറെക്കാലം കഴിഞ്ഞിട്ടും ജ്യോതിഷിയെ കണ്ടെത്താൻ അയാൾക്കു കഴിഞ്ഞില്ല . അലഞ്ഞലഞ്ഞ് അയാൾക്കു താടിയും മുടിയും വളർന്നു. അപ്പോഴേക്കും അയാൾക്കു കുറച്ചു സമാധാനം കൈവന്നിരുന്നു .കുറേക്കൂടി പാകതയും. മരണഭയവും അയാളെ വിട്ടുപോയി. സ്വന്തം സ്ഥലത്തേക്ക് അയാൾ മടക്കയാത്ര തുടങ്ങി.ഇടയ്ക്ക് ഒരു ഗ്രാമത്തിൽ വച്ച് ജാതക രചയിതാവിനെക്കുറിച്ചു അയാൾക്കു സൂചന ലഭിച്ചു.


അയാൾ കണ്ടെത്തുമ്പോൾ പടുവൃദ്ധനായി കഴിഞ്ഞിരുന്നു ജ്യോതിഷി. വലിയ ഒരു പട്ടിക്കൂട്ടിൽ അടയ്ക്കപ്പെട്ട് ,ഇടതു കാലിൽ ഒരു ചങ്ങലയാൽ ബന്ധിതനായ അവസ്ഥയിലായിരുന്നു അയാൾ . ചങ്ങലമുറിവിൽ പുഴുക്കൾ നുരക്കുന്നുണ്ടായിരുന്നു.

പരിസരത്തെങ്ങും ആരെയും കാണാനില്ല. വൃദ്ധൻറെ അവസ്ഥയിൽ യുവാവിനു വലിയ ദുഃഖം തോന്നി. "അങ്ങേക്ക് ഞാൻ എന്താണു ചെയ്തു തരേണ്ടത്?" അയാൾ ചോദിച്ചു. എന്തു ചെയ്തു കൊടുക്കാനും അയാൾ ഒരുക്കമായിരുന്നു. ഒന്നും വേണ്ടെന്നു വൃദ്ധൻ ആംഗ്യം കാട്ടി.യുവാവ് നിർബ്ബന്ധിച്ചപ്പോൾ പുച്ഛത്തോടെ പറഞ്ഞു "എങ്കിൽ ഇടതു കാലിലെ ചങ്ങല അഴികൾക്കുള്ളിലൂടെ അഴിച്ചു വലതു കാലിൽ കെട്ടൂ ".

അതു ചെയ്തുകഴിഞ്ഞു യുവാവ് പറഞ്ഞു :" ഞാൻ വൈകിയാണ് ജാതകം വായിച്ചത്. അങ്ങയെ കണ്ടെത്താനും വൈകി".

"നീ കൃത്യ സമയത്തു തന്നെയാണു വന്നിരിക്കുന്നത് ",വൃദ്ധൻ പറഞ്ഞു." പക്ഷെ ഒരു കാര്യം നിന്നെ ഓർമ്മപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഒരുപാടു ചോദ്യങ്ങൾ നിൻറെ മനസ്സിൽ ഉണ്ടെന്നെനിക്കറിയാം. പക്ഷെ ഒരേയൊരു ചോദ്യത്തിനു മാത്രമേ എനിക്ക് ഉത്തരം തരാൻ കഴിയൂ. അര നാഴിക മാത്രമേ നാം തമ്മിൽ സംവാദമുണ്ടാകുകയുള്ളൂ .അതുകൊണ്ട് ഏതു ചോദ്യം വേണമെന്ന് ആദ്യം തീരുമാനിക്കൂ"


യുവാവിന് അതു സ്വീകാര്യമായിരുന്നില്ല . അയാൾക്കു കുറെയേറെ കാര്യങ്ങൾ അറിയാനുണ്ട്. എങ്ങനെയാണ് തൻറെ ജീവിതം കൃത്യമായി രേഖപ്പെട്ടത്?, മനുഷ്യജീവിതം തീർത്തും വിധിക്കു വിധേയമാണോ?,.തൻറെ ഇനിയുള്ള ജീവിതം എന്താണ്,എങ്ങനെയാണ് വൃദ്ധന് ഈ അവസ്ഥ വന്നുചേർന്നത് ? ഇതിൽ ഒരു ചോദ്യവും അയാൾക്ക് ഒഴിവാക്കാൻ ഒക്കുന്നതായി തോന്നിയില്ല.എങ്കിലും അവയിൽ ഒരു തെരഞ്ഞെടുപ്പിനായി ശ്രമിച്ചപ്പോൾ ഒരു ചോദ്യവും പ്രാധാന്യമുള്ളതായും അയാൾക്കു തോന്നിയില്ല. അയാൾക്ക്‌ അതു വെളിച്ചത്തിൻറെ നിമിഷമായിരുന്നു . ചോദ്യങ്ങളിൽ നിന്നെല്ലാം അയാൾ എന്നെന്നേക്കുമായി മോചിതനായി.


ഒടുവിൽ വൃദ്ധൻ തന്നെ സംസാരിച്ചു ." നമ്മുടെ സമയം കഴിയുകയാണ്. നീ ചോദ്യങ്ങളൊന്നും ചോദിക്കില്ലെന്നതും നിശ്ചയിക്കപെട്ടതാണ്. നീ ഏതു ചോദ്യം ചോദിച്ചിരുന്നെങ്കിലും കാലത്തിലൂടെ മുന്നോട്ടു പോകുന്ന വിദ്യ എനിക്കു നിന്നെ അഭ്യസിപ്പിക്കേണ്ടി വന്നേനെ ".

യുവാവിനു നഷ്ടബോധം തോന്നി. അതേസമയം വൃദ്ധൻ അസൂയ സ്ഫുരിക്കുന്ന മുഖത്തോടെ തന്നെ നോക്കുന്നത് അയാൾ കണ്ടു. "നീ ഭാഗ്യവാനാണ്. നിനക്കു പട്ടിക്കൂട്ടിൽ കിടക്കേണ്ടി വരില്ല".

ഇതു പറഞ്ഞതും വൃദ്ധൻറെ ശരീരം ഒന്നു കിടുങ്ങി നിശ്ചലമാകുന്നത് അയാൾ കണ്ടു.

----------------------------------------------------


Rate this content
Log in

Similar malayalam story from Fantasy