ശ്യാമയുടെ ഓണം
ശ്യാമയുടെ ഓണം
ശ്യാമേ... ശ്യാമേ... നീ എന്താണ് ആലോചിക്കുന്നത്? പ്രത്യേകിച്ച് ഒന്നുമില്ല ഇന്ദു. ഒഴിഞ്ഞുമാറാൻ നോക്കണ്ട ശ്യാമേ. ചിറ്റമ്മ പറയുന്നതിന് അപ്പുറം അച്ഛന് ഇല്ല. അമ്മ ന്യൂമോണിയ ബാധിച്ച് എന്നെ വിട്ടു പോയത് എന്റെ ഒന്നര വയസ്സിൽ ആണ്. ശ്യാമ തന്റെ പ്രയാസങ്ങൾ തുടർന്നു. ഓണത്തിന് ഓണക്കോടിയോ വിഷുവിന് കൈനീട്ടമോ കിട്ടിയിട്ട് വർഷം 20 കഴിഞ്ഞു. വീട്ടിൽ വളർത്തുന്ന പശുക്കളെയും കോഴികളെയും അച്ഛൻ
ശ്രദ്ധിക്കുന്നുണ്ട്. ഒച്ചിനെയും പാറ്റയെയും വരെ അച്ഛൻ ശ്രദ്ധിക്കുന്നുണ്ട്. അച്ഛൻ ഈ പ്രപഞ്ചത്തിൽ പ്രാധാന്യം കൊടുക്കാത്തതായിട്ട് ഒരേ ഒരാളെ ഉള്ളൂ. അച്ഛന്റെ മകളായ ഞാൻ.
നിനക്ക് ഇപ്പോൾ ഉണ്ടായ പ്രയാസം എന്താണ്? ഇന്ദു ചോദിച്ചു. ചിറ്റമ്മയുടെ മകൻ നിഖിൽ വന്നിട്ടുണ്ട്.
ഇന്ദു: നിഖിലോ?
ശ്യാമ: അതെ.
ഇന്ദു : അതിന് നിനക്ക് എന്താ പ്രശ്നം? ശ്യാമ :ഒറ്റയ്ക്കല്ല.നാലഞ്ച് കൂട്ടുകാരും ഉണ്ട്. ഒരുമിച്ചിരുന്നു പഠിക്കാൻ വന്നതാ.
ഇന്ദു : പഠിച്ചിട്ട് പോട്ടെ. അതിന് നിനക്കെന്താ പ്രശ്നം?
ശ്യാമ: ഇതിൽ ഒരുത്തന്റെ നോട്ടവും പ്രവൃത്തിയും ശരിയല്ല. ഇന്നലെ ചിറ്റമ്മ എന്നെയും അവന്മാരെയും ചേർത്ത് അനാവശ്യം പറഞ്ഞു. അവർക്ക് അതിന് ഒട്ടും മടിയില്ല ഇന്ദു. ഇത്രയും കേട്ടിട്ട് പോലും അച്ഛൻ ഒരക്ഷരം മിണ്ടിയില്ല.
ഇന്ദു :അദ്ദേഹം എന്ത് മനുഷ്യനാടീ? രണ്ട് ദിവസം കഴിഞ്ഞാൽ ഓണം ആണ്. നീ സന്തോഷമായിട്ടിരിക്ക്.
ഓണവും ആയിട്ട് രാവിലെ എങ്ങോട്ടാണ് മെമ്പറേ? തന്റെ അച്ഛന്റെ സുഹൃത്തായ ബാലകൃഷ്ണനോട് ഇന്ദു കുശലം ചോദിച്ചു.
കുട്ടീ നീ അറിഞ്ഞില്ലേ? നിന്റെ കൂട്ടുകാരി ശ്യാമ ആസിഡ് കുടിച്ചു. പ്രേത പരിശോധനയ്ക്കു കൊണ്ടുപോകുവാ.
ഇന്ദു ആ നാടുമുഴുവൻ നടന്ന് തുമ്പപ്പൂക്കൾ ശേഖരിച്ചു. ശ്യാമയ്ക്ക് ഒത്തിരി ഇഷ്ടമുള്ള തുമ്പപ്പൂക്കൾ ഉപയോഗിച്ച് ഇന്ദു ഒരു റീത്ത് ഉണ്ടാക്കി. ശ്യാമയെ കാണാൻ എത്തിയ ഇന്ദു റീത്ത് സമർപ്പിച്ചിട്ട് ഉറക്കെ പറഞ്ഞു
"ശ്യാമേ ഈ ഓണം എന്തുകൊണ്ടും നല്ലതാ. നിനക്ക് ഓണക്കോടി കിട്ടിയിരിക്കുന്നു. ജീവിച്ചിരുന്നപ്പോൾ ശ്രദ്ധിച്ചിട്ടില്ലെങ്കിലും നിന്റെ അച്ഛൻ നിന്നെ ഓർത്ത് കരയുന്നു. അദ്ദേഹത്തിന്റെ സ്നേഹവും വാത്സല്യവും ഈ ഓണത്തിന് നിനക്ക് ലഭിച്ചിരിക്കുന്നു".
