വാഗ്ദാനവും നുണയും
വാഗ്ദാനവും നുണയും
ഹലോ ഡോക്ടർ, ഞാൻ നന്ദൻ മേനോൻ. എസ്പിയാണ്. ഡോക്ടർ എന്തിനാണ് എന്നെ കാണണം എന്നു പറഞ്ഞത്? ഉരുൾപൊട്ടൽ നടന്നിട്ട് ഒരാഴ്ചയാകുന്നു. ഒരുപാട് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തു. ഇതിൽ മൂന്ന് ഗർഭിണികൾ ഉണ്ടായിരുന്നു. ഒരാൾ പൂർണ്ണ ഗർഭിണി ആയിരുന്നു. അവരുടെ ഇരട്ട കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ഞങ്ങളുടെ ടീമിന് കഴിഞ്ഞു.
വെൽഡൻ ഡോക്ടർ.
ഡോക്ടർ ഒരു നിമിഷത്തിനുശേഷം തുടർന്നു. ഗർഭിണി ആയിരുന്ന 25 കാരിയായ പെൺകുട്ടിയെക്കുറിച്ച് എനിക്ക് ചില സംശയങ്ങൾ ഉണ്ട്. എനിക്ക് ചില ദുരൂഹതകൾ തോന്നി. ഈ പരിസരത്ത് മറ്റു ആശുപത്രികൾ ഇല്ല. 9 കിലോമീറ്റർ ചുറ്റളവിൽ ഒരേ ഒരു ആശുപത്രിയെ ഉള്ളൂ.
ഡോക്ടർ എന്താണ് പറഞ്ഞുവരുന്നത്? എസ്പി ഇടയ്ക്കു കയറി ചോദിച്ചു.
അഞ്ചുമാസം ഗർഭിണിയായിരുന്ന ആ കുട്ടി ഇവിടുത്തെ ഗൈനക്കോളജിസ്റ്റിനെ കണ്ടിട്ടില്ല.ഇതിൽ എനിക്ക് എന്തോ പന്തികേട് തോന്നുന്നു. അതുകൊണ്ടാണ് താങ്കളെ വിവരം അറിയിച്ചത്. ഞാൻ അന്വേഷിക്കാം ഡോക്ടർ. എസ് പി അങ്ങനെ പറഞ്ഞു അവിടെനിന്ന് ഇറങ്ങി.ആ നിമിഷം തൊട്ട് അന്വേഷണം ആരംഭിച്ചു. അന്വേഷണം അദ്ദേഹത്തെ ഹരിയിൽ കൊണ്ടെത്തിച്ചു.
ഹരി മാധവ്, നാട്ടിൽ ഒറ്റപ്പാലം. ഹരി 9 വർഷമായി കുവൈറ്റിൽ ആണ്. കല്യാണം കഴിഞ്ഞിട്ടു എട്ടുവർഷം. ഉരുൾപൊട്ടലിൽ മരിച്ച ഭാര്യയുടെ സംസ്കാര ചടങ്ങിനായി നാട്ടിലെത്തിയ ഹരിയെ എസ്പി ചെന്നു കാണുന്നു. ഡോക്ടർ പങ്കുവെച്ച കാര്യങ്ങൾ ഹരി മാധവിനെ അറിയിക്കുന്നു. ഹരിയുടെ വിഷമവും ഞെട്ടലും ഒരു തുള്ളി കണ്ണീരായി ഭൂമിയിൽ വീണു. ഈ കാര്യങ്ങൾ പുറംലോകം അറിയരുതെന്ന് ഹരി അപേക്ഷിച്ചു.
തനിക്ക് ഭാര്യയോട് ദേഷ്യവും വെറുപ്പും തോന്നുന്നില്ലേ?
ഇല്ല സാർ.
ഹരി നൽകിയ മറുപടി എസ് പി യിൽ അമ്പരപ്പ് ഉണ്ടാക്കി . താൻ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല, ഹരി.
സാർ ഒരു ദാമ്പത്യ ബന്ധത്തിൽ ഭർത്താവും ഭാര്യയും പരസ്പരം "വാഗ്ദാനം" ചെയ്യുന്നു. 'ഒരിക്കലും ചതിക്കില്ല എന്ന്' അവൾ ചതിവ് കാണിച്ചു. "നുണകൾ" പറഞ്ഞു,, "കള്ളത്തരം" ചെയ്തു. ഞാൻ എന്റെ വാഗ്ദാനത്തിൽ ഉറച്ചു നിൽക്കുന്നു, അത്രയേ ഉള്ളൂ സാർ.
സഹതാപത്തിനപ്പുറം എനിക്ക് തന്നോട് ബഹുമാനം തോന്നുന്നു, ഹരി.
ഞാൻ പോകുന്നു. എസ് പി പറഞ്ഞു.
"വാഗ്ദാനങ്ങളുടെയും നുണകളുടെയും ഒരു പോര് തന്റെ ഉള്ളിൽ നടക്കുകയാണെന്ന് ഹരി തിരിച്ചറിഞ്ഞു. "
