Maya Vinayak

Comedy Horror Thriller

3.0  

Maya Vinayak

Comedy Horror Thriller

പുതപ്പ്

പുതപ്പ്

2 mins
203


നല്ല ഉറക്കത്തിനിടയിലാണ് ജനൽപ്പാളിക്കിടെ ഒരു കിരു കിരാ ശബ്ദം.. ബോധത്തിനും, അബോധത്തിനുമിടയിൽ കണ്ണു തുറക്കാനാവാതെ വീണ്ടും സുഖസുഷുപ്തിയിലേക്ക്.പക്ഷെ.. ശബ്ദം കൂടിവരുന്നപോലെ. ഈർച്ചവാൾ വെച്ച് തടിയിറക്കുന്നതുപോലെ.. ഹൗ..! ഇതെന്താണ്.. ഒരുവിധം കണ്ണു വലിച്ചു തുറന്നു നോക്കുമ്പോൾ ഒരു തരി വെട്ടമില്ല. കറന്റ്‌ പോയിരിക്കുന്നു. പൊതുവെ ഇരുട്ടിനെ പേടിയാണെനിക്ക്. കറന്റ്‌ പോകുമ്പോ ഞെട്ടിയെണീറ്റ് നിലവിളിക്കുന്നതിനു അമ്മേടെ കൈയിന്നു അടീം കിട്ടാറുണ്ട്! ഇന്നെന്താണ്.. കറന്റ്‌ പോയത് ഞാനറിയാഞ്ഞത്?.. അതോ ഇപ്പോ പോയതേയുള്ളോ..

ഹാ .. അതൊന്നുമല്ലല്ലോ ഇപ്പോ പ്രശ്നം. നേരത്തെ കേട്ട കിരുകിര ശബ്ദം. അതിപ്പോ നിന്നിരിക്കുന്നു. ജനൽപ്പാളിയിലേക്ക് സൂക്ഷിച്ചു നോക്കി.ഒരനക്കവും കാണുന്നില്ല! ഒച്ചയും കേക്കുന്നില്ല! ചുമ്മാ മനുഷ്യന്റെ ഉറക്കം കളയാനായിട്ട്!!വല്ല സ്വപ്നവും കണ്ടതാവും. ഹൊ... ഇനിയൊന്നുറങ്ങാനാ പാട്!.. വീണ്ടും മൂടിപ്പുതച്ചു കിടന്നു. വിയർത്തു കുളിക്കുന്നുണ്ട്. പുതപ്പ് മാറ്റാനും പേടിയാ. പുതപ്പിനകത്തു ഒരു സുരക്ഷിതത്വം തോന്നും.. ഇത്തിരി വിയർത്താലെന്താ.! ചുരുണ്ടുകൂടി ഒന്നുകൂടി ഉറങ്ങാനുള്ള ശ്രമം... ദാ വരുന്നു വീണ്ടും കിരുകിര ശബ്ദം " ഇത്തവണ കൂടുതൽ അടുത്തേക്ക് വരുന്നപോലെ!!..

എന്തോ ഒരു ഭയം ഉള്ളിൽ നിറഞ്ഞു. പേടി കാരണം പുതപ്പ് മാറ്റി നോക്കാനും തോന്നുന്നില്ല..മുറിയിൽ തന്നെ മറ്റൊരു കട്ടിലിൽ ചേച്ചി ഉറങ്ങുന്നുണ്ട്. എണീറ്റു അവളുടെ അടുത്ത് പോയാലോ എന്നായി അടുത്ത ചിന്ത.. പക്ഷെ കട്ടിലിന്നു താഴെ ഇറങ്ങിയാൽ കട്ടിലിനു കീഴെ ഇരിക്കുന്ന ഭൂതം കാലിൽ പിടിച്ചു വലിച്ചാലോ?!! രാത്രി കാലങ്ങളിൽ കട്ടിലിനടിയിൽ ഭൂതം ഇരിക്കാറുണ്ടെന്ന എന്റെ കുട്ടിക്കാലം മുതലുള്ള സങ്കല്പം എന്നെ അതിനും അനുവദിക്കുന്നില്ല!! ( വല്ല ഇഴജന്തുക്കളും ഉണ്ടോന്നു എല്ലാ ദിവസവും അമ്മേടെ വക ചെക്കിങ് ഉള്ളപ്പോ എവിടിരിക്കാനാണ് ഭൂതം!)


ഓ...ഹ്.. വീണ്ടും കാര്യത്തിന്നു പോയല്ലോ!.. കിരു.. കിരാ..!.. വീണ്ടും കേൾക്കുന്നുണ്ട്..അവസാനം ധൈര്യം സംഭരിച്ച് , പുതപ്പ് മാറ്റി എണീറ്റിരുന്നു.കട്ടിലിനോട് ചേർന്നാണ് ജനൽ.. പുറത്ത് നല്ല നിലാവുണ്ട്. അകത്തു കണ്ണിൽ കുത്തിയാൽ അറിയില്ല അത്രയും ഇരുട്ടും..ഒന്നുകൂടി ജനൽപ്പാളിയിലേക്ക് സൂക്ഷിച്ചു നോക്കി.. നിലാവിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു!!! വ്യക്തമായി തന്നെ കണ്ടു!!

ഒരാൾ രൂപം!!!

 കയ്യിലുള്ള എന്തോ സാധനം വെച്ച് അയാൾ ജനൽപാളി അകത്തിമാറ്റുന്നു!!!

പേടിച്ചിട്ട് ഒന്നനങ്ങാൻ പോലും പറ്റുന്നില്ല.!!. ഒരു വാക്ക് പോലും പുറത്താക്കും വരുന്നില്ല..!! ഭയത്തിന്റെ പാരമ്യം!

പെട്ടെന്ന് എല്ലാ ശബ്ദവും അവസാനിച്ചു.. നിഴൽ വെളിച്ചത്തിൽ അയാളുടെ കൈകൾ ജനൽ വിടവിലൂടെ അകത്തേക്ക്!!!....

സകല ശക്തിയും എടുത്ത് ഉറക്കെ വിളിച്ചു.

"അമ്മേ…..! അമ്മേ..!!!..... അമ്മേ…!!

മുഖത്തേക്ക് വെളിച്ചമടിച്ചതും ഒരൊറ്റയടി കിട്ടീതും ഒരുമിച്ചായിരുന്നു!


"നിനക്കെന്തിന്റെയാ എന്റെ കൊച്ചേ ഇതുപോലെ കിടന്നു നിലവിളിക്കുന്നെ!? കറന്റ്‌ പോയാൽ ഇതുപോലുണ്ടോ ബഹളം!!"

ടോർച്ചും തെളിച്ചു പിടിച്ചു കണ്ണുരുട്ടി അമ്മ നിക്കുന്നു 


ഓ... ഹ്!...കണ്ടതൊക്കെ അപ്പോ.. സ്വപ്നമാരുന്നോ.. ജനലിലേക്ക് നോക്കി ചില്ലോന്നും പൊട്ടീട്ടില്ല. നേരം വെളുത്തു വരുന്നു.

  

"അതമ്മേ… ഞാനൊരു സ്വപ്‌നം കണ്ടതാ..."

ഞാൻ ഇളിഭ്യച്ചിരി ചിരിച്ചു


"നിന്റെയൊരു സ്വപ്നം!!! എണീറ്റോ ഇനി നേരം വെളുത്തതാ. ഇന്ന് പരീക്ഷയുള്ളതല്ലേ '

എന്നും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി


"മനുഷ്യനെ കിടത്തിയുറക്കുവേം ഇല്ല ' ചേച്ചി പിറുപിറുത്തോണ്ട് പിന്നേം തിരിഞ്ഞു കിടന്നു.


ശ്ശോ..എന്നാലും ശെരിക്കും പേടിച്ചുപോയി.. ചങ്കിടിച്ചു ചാവാഞ്ഞത് ഭാഗ്യം!

ഹ്മ്മ്‌.. ഓരോരോ സ്വപ്‌നങ്ങൾ മനുഷ്യനെ പേടിപ്പിക്കാനായിട്ട്!

എണീറ്റെക്കാം ഇനി കിടന്നാലും ഉറക്കം വരില്ല..


മനസ്സൊക്കെ ഒന്ന് സ്വസ്ഥമാക്കി വല്ലതും പഠിച്ചേക്കാം എന്നോർത്തു പുസ്തകം കയ്യിൽ എടുത്തതെയുള്ളൂ. കോഴിക്കൂടു തുറക്കാൻ പോയ അമ്മ നൂറേൽ വരുന്നുണ്ട്. വല്ല പാമ്പിനേം കണ്ടോ ആവോ?!


അമ്പരപ്പും പേടിയും കൂടിച്ചേർന്ന മുഖത്തോടെ അമ്മ പറഞ്ഞു 

 " എന്റെ കൊച്ചേ.. നീ ഇന്നലെ സ്വപ്നം തന്നെയാണോ കണ്ടത്!! നമ്മടെ മേരിച്ചേച്ചിടെ വീട്ടിലെ ജനൽപ്പാളി ഇളക്കി മാറ്റി കള്ളൻ മാലേം കൊണ്ട് പോയെന്നു!! "


എന്റെയുള്ളിലൊരു വെള്ളിടി വെട്ടി!



Rate this content
Log in

Similar malayalam story from Comedy