Maya Vinayak

Drama Romance

3  

Maya Vinayak

Drama Romance

ഒരു മന്ദാരപ്പൂവിന്റെഓർമയ്ക്

ഒരു മന്ദാരപ്പൂവിന്റെഓർമയ്ക്

6 mins
180


അസ്വസ്ഥത കൂടിയപ്പോൾ അയാൾ ഇറങ്ങി നടന്നു. ഇടവഴിയിലൂടെ കഴിയുന്നത്ര വേഗത്തിൽ.


"നീയിതെങ്ങോട്ടാ.. ഓടുന്നത്?" പിന്നിൽ ശരത്ത്.


"അത്.. ഞാൻ വെറുതെ.. വെറുതെ നടക്കാനിറങ്ങിതാണ്."


"ആണോ!.. ഞാൻ കരുതി നീ ഒളിമ്പിക്സ്നു ഓടാൻ പോയതാന്ന്.!.എന്തുവാട നീ വാ നമുക്ക് അവള്ടെ വീട്ടിൽ ഒന്ന് പോയിട്ട് വരം "


"എടാ.. നീയെന്താ ഈ പറയുന്നേ നാളെ അവള്ടെ കല്യാണാണ്. അതിനിടയ്ക് ഞാൻ.. അതൊന്നും ശരിയാവില്ല. ഞാൻ അങ്ങോട്ട് പോകാൻ ഇറങ്ങിതുമല്ല."


"ഓ.. ആയിക്കോട്ടെ.. ഞാൻ അങ്ങോട്ട.വൈകിട്ട് ഇറങ്ങണന്നു വേണു പ്രത്യേകം പറഞ്ഞതല്ലേ. നീ അവനെ ഓർത്തു വാ.."


എടാ എനിക്ക് വയ്യ..അവളെ കാണാൻ... നീ പോയിട്ട് വാ.. അവനോട് ഞാൻ വന്നോളും വീട്ടിൽ ആരെങ്കിലും ഗസ്റ്റ് വന്നെന്നോ എന്തെങ്കിലും പറ.. അവൻ ചോദിച്ചാൽ മാത്രം."


"ശരി.. അവൾ ചോദിച്ചാൽ?


"അവളൊന്നും ചോദിക്കില്ല."


"ആര് പറഞ്ഞു?"


"ഞാൻ പറയുന്നു. നീ പോയിട്ട് വാ"


"നിന്നെക്കൊണ്ട് ചെല്ലംന്നു ഞാൻ അവൾക്കു വാക്ക് കൊടുത്തു. നീ വരണം."


"എപ്പോ?! നീ നുണ പറഞ്ഞെന്നെ കൊണ്ടുപോകേണ്ട"


"എടാ സത്യം.."


അവൻ പോക്കെറ്റിൽ കയ്യിട്ടു ഒരു കുറിപ്പെടുത്തു എനിക്ക് നേരെ നീട്ടി.


കാണണം.. സ്വന്തം ചാരു.


സ്വന്തം..ഇന്നും കൂടി മാത്രം ആയുസ്സുള്ളൊരു വാക്ക്..


"നീ ഇനിം എന്താലോചിക്കുവാ വാ.. ഇപ്പോ വിശ്വസം ആയില്ലേ.. നടക്കങ്ങോട്ട്. നീ കൂടുതൽ ഒന്നും ആലോചിക്കേണ്ട ഒന്ന് പോയി അവളെ കാണാൻ ഇന്നൂടി അല്ലെ പറ്റുള്ളൂ.. അതോർക്ക്"


പോകാതിരിക്കാനോ പോകാനോ വയ്യാത്ത... എന്തൊരു അവസ്ഥ.. ചങ്കിൽ ഒരു കല്ലെടുത്തു വെച്ചപോലുണ്ട്.. "നീ എന്താ എന്നോട് നേരത്തെ പറയാഞ്ഞത്.. അവൾ കുറിപ്പ് തന്നെന്നു.."


"ഇപ്പോ അതാണോ കാര്യം ഞാൻ വൈകിട്ടവിടെ പോയിരുന്നു വേണു വിളിച്ചിട്ട് അപ്പോളാ അവളെ കണ്ടത്..അപ്പൊ തന്നു. പാവം.. അതിനു നിന്നെ ഒന്ന് കണ്ടാമതി.. ആകെ വിഷമിച്ചിട്ടുണ്ട്".


"എനിക്കും ഇല്ലേ വിഷമം...ഞാൻ ഇവിടെ ഉരുകി തീരുവാണ്.. വീട്ടിൽ ഇരുന്നാൽ ഒരു സ്വൈര്യം ഇല്ല അതാ ഇറങ്ങി നടന്നത്.."


"ങ്മ്മ.. എങ്ങനെ സ്വൈര്യം വരാനാ.. പോട്ടെ.. നീ നടക്ക്.. ഇതും അങ്ങു കഴിഞ്ഞു പോകും.. രണ്ടാളും നന്നായി ആലോചിച്ചു വേണ്ടാന്നു വെച്ചതല്ലേ?.. പോട്ടെ.. ഇതൊക്കെ കടന്നു പോകും..


വീടടുക്കുന്തോറും നെഞ്ചിൽ ഒരു പഞ്ചാരിമേളം നടക്കുന്നത് അയാൾ അറിഞ്ഞു. മുഖത്ത് ഒരു ഭാവവ്യത്യാസം പോലും ഉണ്ടാവാൻ പാടില്ല. അവൾ അതുകണ്ടു വിഷമിക്കും.ഈശ്വരാ.. എന്റെ കൂടെ ഉണ്ടാവണെ.. അയാൾ പ്രാർത്ഥനയോടെ നടന്നു.


നീ പുറകോട്ടാണോ നടക്കുന്നെ! ശരത്തിന്റെ ചോദ്യം.


ഇവനെ ഞാനിന്നു ശരിയാക്കും.


ചെന്ന് കയറുന്നത് മാധവട്ടന്റെ മുന്നിലേക്കാണ്


" ആഹാ, ഇപ്പോളാണോ രണ്ടാളും കൂടി വരുന്നത്.. നല്ല കൂട്ടുകാരാ വേണു അന്വേഷിക്കുന്നുണ്ടായിരുന്നു നിങ്ങളെ കാണാഞ്ഞിട്ട്.."


"അത് മാധവേട്ടാ ഇവന്റെ വീട്ടിൽ കുറച്ചു പണിയുണ്ടാർന്നു.. അതാ താമസിച്ചേ "


ആദി ശരത്തിനെ നോക്കി പറഞ്ഞു.


ആടാ എല്ലാം എന്റെ തലേലേക് വെക്ക് എന്ന ഭാവത്തിൽ ശരത്തും


"ഉം.. ചെല്ല് ചെല്ല് ഇവിടേം നമ്മക് പണിയുണ്ട് ട്ടോ.".നിറഞ്ഞ ചിരിയോടെ മാധവട്ടൻ.


"അച്ഛാ...


ആദിയുടെ ഉള്ളൊന്നു കാളി .. ചാരു മാധവട്ടന്പി ന്നിൽ.. കണ്ടിട്ട് രണ്ടാഴ്ച എങ്കിലും ആയിട്ടുണ്ട്.


"അച്ഛനെ അമ്മ വിളിക്കുന്നുണ്ട്.."


സെറ്റുസാരി ഉടുത്ത് മുല്ലപ്പൂ ഒക്കെ വെച്ച് സുന്ദരികുട്ട്യായിട്ട് നിൽക്കുന്നു.. എന്റെ പെണ്ണ്..

ആദിയെങ്ങനെ നോക്കിനിന്നു. ഒരുപാട് ഓർമ്മകൾ.. ഒന്നിച്ചു വന്നു നിറയും പോലെ..അവളുടെ കണ്ണിൽ കണ്ണുടകിപ്പോ അറിയാതെ കണ്ണ് നിറഞ്ഞു.. അവളാകെ തകർന്ന പോലൊരു നോട്ടം..


. "നീയെന്താടാ ഇങ്ങനെ അവളെ നോക്കുന്നെ?..ഞാൻ പറയട്ടെ നീ എന്താ ആലോചിച്ചെnന്ന് ?


ദൈവമേ ഇങ്ങേരു പോയില്ലാരുന്നോ.. മാധവേട്ടനാണ്.


"വീട്ടിലുള്ള നിന്റെ പെങ്ങളേം ഇങ്ങനെ ഒരു ദിവസം ഒരുക്കി ഇറക്കി വിടണ്ടേ എന്നല്ലേ?"!


"ഹ്മ്മ്‌.. കറക്റ്റാ ചേട്ടാ.. അവനത് തന്നെ ഓർത്താ കറന്റടിച്ച പോലെ നിന്നത്"


ശരത്തിന്റെ വക കമെന്റ്.


ഹാ... അത് തന്നെ.. മാധവേട്ടാ.. എന്നു പറഞ്ഞു ആദി ചാരൂനെ നോക്കി ചിരിച്ചെന്നു വരുത്തി വീടിന്റെ പിന്നിലേക്ക് നടന്നു..


"ഡാ അവളോട് ന്തേലും മിണ്ടാരുന്നു നീയെന്താ ഇങ്ങനെ?.. പാവം അവിടെ തന്നെ നിക്കുവാ.." ശരത് പിന്നാലെ വന്നു പറഞ്ഞൂ.


"ഞാൻ.. ഞാൻ എന്ത് പറയാനാടാ.?. അതും അവിടെ ആ തിരക്കിനിടെ അവളെ എല്ലാവരും ശ്രദ്ധിക്കില്ലേ..? ഞാൻ ആയിട്ട് ഒരു കുഴപ്പവും അവൾക് ഉണ്ടാവേണ്ട..


"ഉം.. ശെരി വാ.. നമ്മടെ ടീം എല്ലാരും അവിടെയുണ്ട്."


വേണും കൂട്ടരും കാത്തിരിക്കുന്നുണ്ടായിരുന്നു. 


കല്യാണവീട്ടിലെ തലേന്നത്തെ തിരക്കുകൾ.. ആളും ബഹളവും പൊട്ടിച്ചിരികളും.. ഓടിനടക്കുന്ന കുട്ടികളും.. എല്ലാം കൊണ്ടും ആഘോഷം. രണ്ട് മനസുകൾ മാത്രം വേദനിക്കുന്നത് ആരറിയാനാണ്.. ഈശ്വരനല്ലാതെ .എല്ലാരുടെയും ഒപ്പം എന്നാൽ വേറേതോ ലോകത്ത് തനിയെ.. അങ്ങനെ ആയിരുന്നു ആദി അപ്പോളൊക്കെ.തന്റെ തോളിൽ കൈയിട്ടു തമാശ പറഞ്ഞു ചിരിക്കുന്ന വേണുനെ കാണുമ്പോ ഒരു ആശ്വാസം.. അവനു ഒരു സങ്കടം ഉണ്ടാകാതെ നോക്കാൻ തനിക്ക് സാധിച്ചു.. അവന്റെ ആഗ്രഹം പോലെ ഒരു ഗൾഫ്‌കാരനെ തന്നെ അവന്റ അനിയത്തിക്ക് കിട്ടി.. അവനും ഇനി വിദേശത്ത് പോകാനുള്ള ചാൻസ് ഉണ്ടാകും എന്നും പറഞ്ഞു കേട്ടു.


"എന്റെ ചാരൂന്റെ ഭാഗ്യടാ.. അവൾ പോയി രക്ഷപെടട്ടെ.. ഞങ്ങടെ കഷ്ടപ്പാടൊക്കെ തീരാനവും ഈ ബന്ധം... അവളെ കണ്ടിഷ്ടപ്പെട്ട് കല്യാണം വരെ എത്തിയതും ഒക്കെ ഒരു യോഗമാണ്." വേണു അത് പറയുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറയുന്നുണ്ടായിരുന്നു.


തന്നെപോലൊരു സ്ഥിരജോലി ഇല്ലാത്തവന് അവളെ ഏല്പിച്ചു കൊടുക്കാൻ ഏത് ആങ്ങളയാണ് തയ്യാറാവുന്നത്.. ഒക്കെ അവൾക്കു നല്ലതായിട്ട് വരട്ടെ..ആദി നെടുവീർപ്പിട്ടു.


"ഡാ മൈലാഞ്ചി തുടങ്ങാൻ പോവാ.. ആദി നീ കുറച്ചു ഫോട്ടോസ് എടുത്തു തരണേ. അല്ലാതെ വീഡിയോ ഒന്നും എടുക്കുന്നില്ല. നാളെയെ ഉണ്ടാവുള്ളു.."


വേണുവാണ്.


".. ഡാ.. ശരത്തിനെ ഏല്പിക്കാം.ഞാൻ ഇവിടെ നിന്നെ സഹായിക്കാം.."


ഒഴിവാകാൻ ഒരു ശ്രമം നടത്തി നോക്കി.


"നീയല്ലേടാ നമ്മുടെ കൂട്ടത്തിൽ ബെസ്റ്റ് ഫോട്ടോഗ്രാഫർ.. നീ എടുത്ത മതി.. എന്റെ ചാരുന്റെ നല്ല ഫോട്ടോസ് കിട്ടണം കെട്ടോ "


അവൻ ക്യാമറ എടുക്കാൻ ഓടിക്കഴിഞ്ഞു.


"മൈലാഞ്ചി കഴിഞ്ഞിട്ട് ഒന്ന് കാണണം എന്നു ചാരു പറഞ്ഞെടാ "ശരത്താണ്.


"എന്തിനാടാ.. അതൊന്നും വേണ്ട.. ആരെങ്കിലു കണ്ടാൽ അതൊക്കെ പ്രശ്നം ആവും.. അവള്ടെ വീട്ടുകാര് മുഴവൻ ഉള്ള നേരത്ത്. നീ പറ അതൊക്കെ കുഴപ്പമാകുംന്ന് . വേണു ആണെങ്കിൽ എന്നോട് ഫോട്ടോ എടുത്തു കൊടുക്കണം എന്നും പറഞ്ഞു പോയിട്ടുണ്ട് "..


"ഡാ ഞാൻ പറഞ്ഞതാ.. അവളെ നിർബന്ധിക്കാൻ വയ്യ.ഇന്നും കൂടി ഈ ഒരു സഹായം കൂടി.. എന്നൊക്കെ പറഞ്ഞു പാവം..

ഞാൻ നോക്കട്ടെ എന്തേലും വഴിയുണ്ടോന്ന്.നീ എന്തായാലും ചെല്ല്.. ഫോട്ടോ എടുത്ത് കൊടുക്ക്.. നിനക്ക് അവളെ കാണാനും പറ്റുമല്ലോ.."


ശെരിയാണ്.. അവളെ കാണാം. ആർക്കും സംശയം തോന്നാതെ ക്യാമെറയിലൂടെ നോക്കി നിക്കാം.. എന്റെ ചാരൂ..എന്റെ ഒരു ഗതികേട്.. നീ പൊറുക്ക് എന്നോട്....


നീണ്ട വരാന്തയിലേക്ക് അമ്മായിമാർ ചേർന്ന് ചാരുവിനെ കൊണ്ടുവന്നു എല്ലാവരുടേം ഇടയിൽ തിളങ്ങുന്ന ഒരു കുഞ്ഞുനക്ഷത്രം പോലെ അവൾ.. ആൾക്കൂട്ടത്തിൽ അവളുടെ കണ്ണുകൾ തന്നെയാവും തിരയുന്നത്. വേണു കൊടുത്ത കാമറയുമായി ചാരൂന്റെ മുന്നിലേക്ക്..


"എല്ലാവരും ചേർന്ന് ഇരുന്നേ.. ചാരൂ..നന്നായൊന്നു ചിരിച്ചു കൊടുത്തേ.."ശരത് വിളിച്ചു പറഞ്ഞു. അവനെന്റെ രക്ഷകനാണ്.. വായിന്നു ഒരു വാക്ക് പോലും പുറത്തേക് വരാതെ ക്യാമറയും പിടിച്ചു നിന്നു വിഷമിച്ചപ്പോളാണ് അവനത് പറഞ്ഞത്.ചാരൂന്റെ മുഖത്ത് വിളറിയ ഒരു ചിരി മാത്രം... അവൾ ക്യാമറയ്ക്കു അപ്പുറം തന്റെ മനസ്സിലേക്ക് നോക്കുന്നത് പോലെ... "ചാരൂ ചിരിക്ക് മോളെ..നല്ല ഫോട്ടോ കിട്ടട്ടെ.. നന്നായി ചിരിച്ചേ .."അമ്മയാണ്. ചാരൂന്റെ അമ്മ രാധമ്മ.അമ്മയ്ക്കറിയാം ചാരൂനെയും തന്നെയും.. അമ്മയ്ക്കിഷ്ടവുമാണ്.. പക്ഷെ മകൾക്ക് ഒരു നല്ല ഭാവി ഉണ്ടാകുമ്പോൾ. അവർ അതിനൊപ്പം അല്ലെ നിക്കുള്ളു..


എല്ലാവർക്കും വേണ്ടി ചാരു ചിരിച്ചെന്നു വരുത്തി ഇരിക്കുന്നുണ്ട്.പാവം ഉള്ളു നീറുന്നുണ്ട്..എങ്ങനെ ഒക്കെയോ കുറച്ചു ഫോട്ടോസ് എടുത്തു.. അവസാനം ശരത്തിനെ ഏല്പിച്ചു അവിടെ നിന്നു മാറി ഇരുന്നു. തന്റെ സാന്നിധ്യം അവൾക്കു കൂടുതൽ വിഷമം ആകുന്നെ ഉള്ളു ആദി മനസ്സിലോർത്തു. ഒന്നടുത്തു കാണാനും മിണ്ടാനും ഒക്കെ തോന്നുന്നുണ്ട്..അവൾ അകന്നു പോവാണ്.. നാളെ മുതൽ അവൾക്കു മറ്റൊരു ജീവിതം.. കുടുംബം.. എന്തിനും കൂടെ ഉണ്ടായിരുന്നവൾ.. എന്നും കൂടെയുണ്ടാവും എന്നു കരുതിയവൾ.. അവൾ.. പോകുന്നു എന്റെ ജീവിതത്തിൽ നിന്നും ഒരുപാട് ദൂരേക്ക്ന്നി..ഒന്നിനും യോഗമില്ല തനിക്ക്..


"ഡാ.. എന്തോർക്കുവാ.. ചടങ്ങൊക്കെ കഴിഞ്ഞു. അവൾക്കു എടുത്ത ഫോട്ടോസ് കാണിച്ച കൊടുക്കാൻ ഞാൻ അകത്തേക്കു പോകുന്നുണ്ട് നീയും വാ.എങ്ങനേലും സംസാരിക്കാം.. എല്ലാരും കഴിക്കാൻ ഒക്കെ പോകുന്ന തിരക്കിലാ. ഇപ്പോളെ നടക്കുള്ളു"


ശരത് മറുപടി കാത്തു നിക്കുന്നു.. ഒന്നും മിണ്ടാതെ ആദി കൂടെ ചെന്നു.അവളുടെ റൂമിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു .. ചാരു . ശരത്തും ആദിയും കയറിവരുന്നതുകണ്ടു അവൾ ഒപ്പമിരുന്ന ബന്ധുക്കളെയൊക്കെ ഭക്ഷണം കഴിക്കാൻ ആയി പറഞ്ഞയച്ചു.. ആളോതുങ്ങുന്ന വരെ അവർ കാത്തുനിന്നു.. 


ശരത് ക്യാമറ ചാരൂന്റെ കയ്യിൽ കൊടുത്തു " ദാ ഞാൻ കൊണ്ടുവന്നിട്ടുണ്ട്.. വേഗം സംസാരിക്ക് രണ്ടാളും " ചാരു മുഖമുയർത്തി ആദിയെ തന്നെ നോക്കി .. അവളുടെ കണ്ണ് നിറഞ്ഞൊഴുകി .. " ആദി..എനിക്ക് താങ്ങാൻ പറ്റുന്നില്ല ഈ സങ്കടം.. വിചാരിക്കുന്നപോലെ പെരുമാറാൻ എനിക്ക് പറ്റുന്നില്ല... എനിക്ക്.. നീ.. ഇല്ലാതെ പറ്റില്ലാന്ന്.." അവൾ പറയാൻ വാക്കുകൾ ഇല്ലാതെ അവന്റെ കയ്യിൽ പിടിച്ചു വിതുമ്പി..


ആദിയാകെ വിഷമിച്ചു 

"എന്റെ ചാരൂ .. നീ കരയല്ലേ .. നീ വേണ്ടാതെ ഒന്നും ആലോചിക്കല്ലേ.. ഇതെല്ലാം നിന്റെ നല്ലതിന് വേണ്ടിയാ നടക്കുന്നെ അല്ലെ ..? വേണും അച്ഛനും അമ്മേം ഒക്കെ എത്ര സന്തോഷത്തിലാ.. അതൊക്കെ കളഞ്ഞിട്ട്... നമുക്കൊന്നും വേണ്ട... അല്ലെ..?. നമ്മളൊക്കെ തീരുമാനിച്ചതല്ലേ..?


" ഒക്കെ ശെരിയാ... എനിക്ക് പറ്റണ്ടേ... ആദി.. എനിക്ക്.. എനിക്ക് നിന്നെ കാണാതിരിക്കാൻ ഒന്നും പറ്റുന്നു തോനുന്നില്ല.. അങ്ങനെ ഓർക്കുംമ്പോ ഞാൻ മരിച്ചു പോകുന്നപോലെ... വല്ലാത്ത വിഷമം... എന്നെകൊണ്ട്.. പറ്റുന്നില്ല..വയ്യാതാവുന്നു .. ഈ ഒരു ജീവിതം അല്ലെ നമുക്കുള്ളു.. സ്നേഹിക്കുന്നയാളുടെ കൂടെ ജീവിക്കാൻ പറ്റിയില്ലെങ്കിൽ... പിന്നെ... എനിക്കൊന്നും സഹിക്കാൻ പറ്റുന്നില്ല.... എനിക്ക്...


ശരത്തും ആദിയും ഒരു നിമിഷം ഒന്നും മിണ്ടാനാവാതെ നിന്നുപോയി ആ സങ്കടകടൽ കണ്ട്.


"നമുക്ക് അധികനേരം ഇങ്ങനെ നിക്കാനാവില്ല ആദി നീ എന്തേലും പറഞ്ഞു ഇവളെ സമാധാനിപ്പിക്ക്.. ഞാൻ ആരെങ്കിലും വരുന്നുണ്ടോ നോക്കാം" എന്നു പറഞ്ഞു ശരത് വാതുൽക്കലേക് പോയി.


ആദി ചാരൂന്റെ കയ്യെടുത്ത് തന്റെ നെഞ്ചോടു ചേർത്ത് വെച്ചു.. ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു"എന്റെ പെണ്ണെ.. നീയേ ഉള്ളൂ ഈ നെഞ്ചിൽ അവസാനശ്വാസം വരെ... നിന്നെ എനിക്ക് നഷ്ടപെടുമ്പോൾ.. എനിക്ക് ശ്വാസം ഇല്ലാതാവുന്നപോലാണ്.. സഹിക്കാൻ വയ്യാത്ത നൊമ്പരം ഉണ്ട്.. പക്ഷെ... പക്ഷെ .. നിന്റെ നല്ലതിനു വേണ്ടി എന്റെ വേണുന്റെ നല്ലതിനു വേണ്ടി.. നമുക്ക്... നമുക്ക്.. പിരിഞ്ഞെ പറ്റുള്ളൂ.. നീ ഓർത്തു നോക്ക് നമ്മൾ ഇവിടുന്നോടി പോയാൽ നിന്റെ വീട്ടുകാരുടെ അവസ്ഥ.. നിനക്കെങ്ങനെ ചെയ്യാൻ പറ്റുവോ.. ഒരിക്കലുമില്ല.. നിന്റെ മനസ്സിൽ ഞാനും എന്റെ മനസ്സിൽ നീയും എന്നുമുണ്ടാവും... സുഖമായിരിക്കണം എന്നും..നന്നായി ജീവിക്കണം.. നിന്റെയാളെ നന്നായി സ്നേഹിക്കണം..എന്റെ ചാരൂനെ എന്നും എനിക്ക് സ്നേഹവും കരുതലും ആയി കൂടെ നിന്ന.. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ ഒരു കാലത്തും ഈ ആദി മറക്കില്ല.. ആരൊക്കെ ഇനി എന്റെ ജീവിതത്തിൽ വന്നാലും ഇല്ലെങ്കിലും.. നീയാണെന്റെ പെണ്ണ്..നിന്റെ കണ്ണ് നിറയരുത്.. എനിക്കത് സഹിക്കില്ല..സന്തോഷമായിരിക്കണം.. ദൂരെ മാറിനിന്നു ഞാനത് കണ്ടോളാം.നിന്റെ കൂടെയുണ്ട് എപ്പോളും എന്നു തന്നെ ഓർക്കണം.. ഒരാവശ്യം വന്നാൽ ഞാനുണ്ടാവുക തന്നെ ചെയ്യും.നീ കണ്ണ് തുടച്ചേ.."


പറഞ്ഞു നിർത്തുമ്പോളേക്ക് 

ആദിയുടെ കണ്ണുനീർ വീണവളുടെ മൈലാഞ്ചിക്കൈകൾ നനഞ്ഞു..


"മതി.. ആദി..ഇനിയൊന്നും പറയണ്ട... ഞാൻ.. ഞാൻ ..ഇനി കരയില്ല.."പതിയെ അവൾ ആ കൈ പിൻവലിച്ചു. മുഖം തുടച്ച് കുനിഞ്ഞു ആദിയുടെ കാലിൽ തൊട്ടു.. ആദിയുടെ വിരലുകൾ അവളുടെ നെറുകിലാമർന്നു..


നിനക്ക് എല്ലാ ഐശ്വര്യങ്ങളും വന്നു ചേരട്ടെ .. ദീർഘസുമംഗലി ആയിരിക്കട്ടെ...


തിരിഞ്ഞു നോക്കാതെ ആദി ശരത്തിന്റെ അടുത്തേക്ക് നടന്നു "പോകാം.."


"സമാധാനിപ്പിച്ചോ നീ... അവൾ ..?


"ഉം....ഞാൻ വീട്ടിൽ പോവാണ്.." പടിയിറങ്ങി ആദി നടന്നു..


"ഞാനും വരാടാ.."


"വേണ്ട നീയിവിടെ നിക്ക്.. വേണു അന്വേഷിക്കും.. ഞാൻ എന്തേലും തിരക്കായിട്ട് പോയെന്നു പറയ്"


"ഡാ എങ്കിലും.. കഴിച്ചിട്ട് എങ്കിലും പോ"


"എനിക്കൊന്നും ഇറങ്ങില്ല.."

ആദി വേഗത്തിൽ നടന്നു.


ഓർമ്മകളെ ചവിട്ടിമേതിച്ചു നടന്നപ്പോൾ വഴികൾ നീളം കുറഞ്ഞതുപോലെ..


വീട്ടിലെത്തിയതും മുറിയിൽ കയറി കതകടച്ചു.. തല പെരുക്കുന്നപോലെ.. മുന്നിലും പിന്നിലും എല്ലാം ചാരുന്റെ മുഖം.. സൂക്ഷിച്ചു വെച്ച അവളുടെ ഒരു നൂറു കത്തുകൾ മേശവലിപ്പിൽ ഉണ്ട്.. എല്ലാം തുടങ്ങുന്നത് ചാരുന്റെ ആദിക്ക് എന്നും പറഞ്ഞു ആയിരുന്നു.. അവസാനിക്കുന്നത് സ്വന്തം ചാരു.. എന്നും.. കത്തുകളിൽ മാത്രം അവൾ എന്നും എന്റെ സ്വന്തമായിരിക്കട്ടെ...


 അവസാനത്തെ കത്ത് ആദി ഒരിക്കൽ കൂടി വായിച്ചു.


ചാരൂന്റെ ആദിക്ക്...


ഇന്നും കൂടി അങ്ങനെ ഞാൻ എഴുതും ... നീയെന്റെ ആരെല്ലാം ആയിരുന്നെന്നു എനിക്കറിയില്ല . സ്നേഹവും സൗഹൃദവും പ്രണയവും ധൈര്യവും.. കരുതലും.. എല്ലാം ചേർന്ന ഇതുപോലെ ഒരു ബന്ധം... ഇത്രയും മനോഹരമായത്... അത്രയേറെ എനിക്ക് പ്രിയപ്പെട്ടത്..ഇനിയുണ്ടാവില്ല ആദി..നിന്നെക്കുറിച്ചുള്ള ഓർമ്മകളുടെ പൂക്കാലം ആരും കാണാതെ ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചോളാം.....വേദനിപ്പിച്ചു കടന്നു പോകുന്ന ഈ കൂട്ടുകാരിയോട് പൊറുക്കണം..... എന്നും എപ്പോളും നീ എന്നിലുണ്ടാവും... മറക്കില്ല.. അതിനൊന്നും കഴിയില്ല.. നീ പറഞ്ഞപോലെ.. നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടി.. കുടുംബത്തിന് വേണ്ടി... വഴി മാറി നടന്നു തുടങ്ങാം... അടുത്ത ജന്മത്തിൽ എങ്കിലും നിന്റെ കൂടെയായിരിക്കാൻ.... ഒത്തിരി ആഗ്രഹത്തോടെ...... നിന്റെ..

സ്വന്തം ചാരു...



കത്തും നെഞ്ചോട് ചേർത്ത് എത്ര കരഞ്ഞെന്നറിയില്ല... ദൈവമേ എന്തിനാണ് ഇങ്ങനെ പിരിയാൻ വേണ്ടി ബന്ധങ്ങൾ ഉണ്ടാവുന്നത്.... മറക്കില്ല ചാരൂ... നീ കൂടെ ഉണ്ടായിരുന്ന നാളുകൾ.. നീ തന്നൊരു കരുതലും സ്നേഹവും കുറുമ്പും കുഞ്ഞു പിണക്കങ്ങളും..ഒന്നും മറക്കാൻ ആവില്ല ഒരു നാളിലും ..ഒരു ദീർഘ നിശ്വാസത്തോടെ അല്ലാതെ നിന്നെയോർക്കാൻ ഇനിയാവില്ല .. ചാരുന്റെ കത്ത് തന്റെ കണ്ണീർ വീണു  നനഞ്ഞു മഷി പടർന്നു... നിധി പോലെ സൂക്ഷിക്കണം..ഇനിയൊരിക്കലും തന്നെ തേടിവരാത്ത നിധി..തിരികെ ഭദ്രമായ വെക്കുമ്പോളാണ് ഒരു കുഞ്ഞു പൊതികെട്ടു മേശവലിപ്പിൽ കണ്ടത്. കത്ത് തന്നപ്പോൾ കൂടെ തന്നതാകുമോ..നോക്കാൻ മറന്നതാവും... ആദി മെല്ലെയത് എടുത്തു നോക്കി.. മന്ദാരത്തിന്റെ അഞ്ചാറു വിത്തുകൾ.. ചാരൂന്റെ വീട്ടിലെ മഞ്ഞമന്ദാരം, എപ്പോളും തരാമെന്നു പറഞ്ഞു മറക്കാറുള്ളത്.. അരുമയോടെ അത് തന്റെ  നെഞ്ചോട് ചേർക്കുമ്പോൾ ആദി മനസ്സിൽ ആ വരികളോർമിച്ചു..



" എന്റെ ഓർമ്മയിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ ...

എന്നിൽ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ... "











Rate this content
Log in

Similar malayalam story from Drama