ആത്മാവ് പാടുമ്പോൾ
ആത്മാവ് പാടുമ്പോൾ
രവി,
കാരണങ്ങളില്ലാത്ത വേദനയുടെ കാലം കഴിഞ്ഞുവെന്ന് കരുതിയതാണ്. പക്ഷേ തെറ്റി. ഇന്ന് അതെന്നെ വീണ്ടും കെട്ടിമുറുക്കി ശ്വാസം മുട്ടിക്കുന്നു. കാര്യങ്ങൾ കുത്തിയിരുന്ന് വിശകലനം ചെയ്യാൻ ഇനി ഞാൻ മുതിരുന്നില്ല. മടുത്തു. വെട്ടിയറഞ്ഞ് പുറത്തിട്ടാലും ഒന്നും തന്നെ മാറാനില്ല എന്നൊരു തോന്നൽ.
പതിവു പോലെ ഒരാശ്വാസത്തിനാണ് ഈ കത്ത്. മനസ്സ് തുറന്ന് ഒന്ന് പരാതി പറയാൻ, കുറ്റസമ്മതങ്ങൾ നടത്താൻ, അങ്ങനെ ഒടുവിൽ സ്വയം ഉത്തരങ്ങൾ തടയും എന്ന് പ്രതീക്ഷ വയ്ക്കാൻ. ഇത്തവണയെങ്കിലും നിൻ്റെ മറുപടി ഉണ്ടാവുമോ? പരിഹാരങ്ങളില്ലെങ്കിലും 'സുഖം. നിനക്കോ' എന്ന് ഒരു വരിയെങ്കിലും ഇടയ്ക്കെങ്കിലും നീ എഴുതിയിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അത് ഇത്തവണയെങ്കിലും നീ ഇവിടേയ്ക്ക് അയക്കില്ലേ, രവി.
>
ഈയാഴ്ച വീണ്ടും നാട്ടിലേയ്ക്ക് പോണുണ്ട്. സമാധാനം തേടിയുള്ള യാത്രയാണ്. പക്ഷേ അത് അവിടെയും കിട്ടുമോ എന്നറിഞ്ഞ് കൂടാ. ഒരു പക്ഷേ സുപരിചിതമായ മണങ്ങളും, രുചികളും, ഓർമ്മകളും എന്നെ തുണച്ചെങ്കിലോ എന്ന തോന്നാലാവാം എന്നെ പിന്നെയും നാട്ടിലേയ്ക്ക് വലിച്ചടിപ്പിക്കുന്നത്. അതോ നീയെന്നെങ്കിലും തിരിച്ചുവരും എന്ന പ്രതീക്ഷയോ.. അറിയില്ല.
പിന്നെ തൊടിയിലെ മാവ് പൂത്തുന്ന് ബാലുവേട്ടൻ പറഞ്ഞു.
നീ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ....
വരില്ലേ.?!
വരണം...
പഴയ നാലുമണി വർത്തമാനങ്ങളിലേയ്ക്ക്...
കെട്ട് പൊട്ടിച്ചോടുന്ന ചിന്തകളിലേക്ക്...
വരണം.
മടങ്ങി വരണം,
കമല